ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ന്യൂ മിൽട്ടനിൽ മരണമടഞ്ഞ നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാനെ അവസാനമായി ഒരു നോക്ക് കാണാൻ യുകെ മലയാളികൾ ഒഴുകിയെത്തി. മലയാളികളുടെ മരണ വാർത്ത തുടർച്ചയായി പുറത്തു വരുന്നതിന് പിന്നാലെയാണ് യുകെ മലയാളികൾക്ക് പ്രിയപ്പെട്ട മാഞ്ഞൂരാൻ യാത്രയായത്. ഈ മാസം മൂന്നിനായിരുന്നു അന്ത്യം. കവിതയും പാട്ടുമായി സമൂഹമാധ്യമങ്ങളിലും സൗഹൃദ സദസ്സുകളിലും നിറഞ്ഞുനിന്നിരുന്ന മാഞ്ഞൂരാൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.അനിൽ പനച്ചൂരാന്റെ കവിതയായ വയലിൽ വീണ കിളികളാണ് പോളി മഞ്ഞൂരാന് ഏറ്റവും ഇഷ്ടമുള്ള കവിത. അന്തിമ യാത്രയിൽ പ്രിയപ്പെട്ടവർ ഈ കവിത ആലപിച്ചാണ് യാത്രയാക്കിയത്.

രോഗബാധയെ തുടർന്ന് ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു . മൃതദേഹത്തിനരികിൽ കരഞ്ഞു തളർന്നു നില്ക്കുന്ന ഭാര്യയെയും മക്കളെയും നിറക്കണ്ണുകളോടെയാണ് ആളുകൾ ആശ്വസിപ്പിച്ചത് .

ക്രൈസ്റ്റ് ദി കിങ് പള്ളിയിൽ 11 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. 12.30 -ന് മിൽഫോഡ് റോഡ് സെമിത്തെരിയിൽ മൃതദേഹം സംസ്‌ക്കരിച്ചു. തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലി രേഖപ്പെടുത്തി. ഫാ. ടോമി ചിറക്കൽ, ഫാ. സ്കറിയ, ഫാ. ചാക്കോ പണിക്കത്തറ എന്നിവരാണ് ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകിയത്.