Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നേഴ്സുമാർക്ക് ശമ്പള വർധന നൽകാൻ സർക്കാർ തീരുമാനം. നേഴ്‌സുമാർ, പാരാമെഡിക്സ്, മിഡ്‌വൈഫ്‌സ് എന്നിവരുൾപ്പെടെ പത്തു ലക്ഷത്തിലധികം എൻ എച്ച് എസ് ജീവനക്കാർക്ക് 1,400 പൗണ്ട് ശമ്പള വർധന ലഭിക്കും. യോഗ്യരായ ദന്തഡോക്ടർമാർക്കും ഡോക്ടർമാർക്കും 4.5% ശമ്പള വർധന ലഭിക്കും. എൻഎച്ച്എസ് പേ റിവ്യൂ ബോഡികളിൽ നിന്നുള്ള ശുപാർശകൾ പൂർണമായി സ്വീകരിച്ചെന്ന് സർക്കാർ പറയുന്നു. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്ക് 9.3% വരെ വർധന ലഭിക്കും.

പുതിയ തീരുമാനത്തിലൂടെ നേഴ്‌സുമാരുടെ ശരാശരി അടിസ്ഥാന ശമ്പളം 35,600 പൗണ്ടിൽ നിന്ന് ഏകദേശം 37,000 പൗണ്ടായി ഉയരും. ഒപ്പം, പുതിയ നഴ്‌സുമാരുടെ അടിസ്ഥാന വേതനം 5.5% വർദ്ധിക്കും. കഴിഞ്ഞ വർഷത്തെ 25,655 പൗണ്ടിൽ നിന്ന് 27,055 പൗണ്ടായി ഉയരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അതേസമയം, പണപെരുപ്പ തോത് 9.1 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ ഈ ശമ്പള വർധന അപര്യാപ്തമാണെന്ന് യൂണിയനുകൾ പ്രതികരിച്ചു.

ഇംഗ്ലണ്ടിലെ അധ്യാപകർക്ക് 5% മുതൽ 8.9% വരെ ശമ്പള വർധനയും യുകെയിലുടനീളമുള്ള സായുധ സേനയിലെ അംഗങ്ങൾക്ക് 3.75% വർധനയും നൽകിയിട്ടുണ്ട്. വിലക്കയറ്റത്തിന് അനുസൃതമായി ശമ്പളം ഉയർത്തില്ലെന്നും അങ്ങനെ ചെയ്താൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രിമാരുടെ വാദം. പണപെരുപ്പത്തിന് താഴെയുള്ള വർധന, ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണെന്ന് യുണൈറ്റഡ് യൂണിയൻ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ആരോപിച്ചു. ആയിരക്കണക്കിന് നേഴ്‌സിംഗ് തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിലും വസ്തുതകള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ നേഴ്സുമാരെ പ്രതിസന്ധിയിലാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉഷ്ണ തരംഗത്തിൽ വെന്തുരുകയാണ് ബ്രിട്ടൻ . ചൂട് ക്രമാതീതമായി ഉയർന്നതു മൂലം ബ്രിട്ടനിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും തീപിടുത്തം രൂക്ഷമായി . മുൻകരുതലിന്റെ ഭാഗമായി പലയിടങ്ങളിലും ഫയർ എൻജിനുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു.

40 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് ചൂടിനാണ് ലണ്ടൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത ചൂടിൽ അക്ഷരാർത്ഥത്തിൽ ജനജീവിതം താറുമാറായി. ഉഷ്ണതരംഗം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.

ഫ്രാൻസ്, പോർച്ചുഗൽ , സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കടുത്ത ചൂടിനെ തുടർന്ന് ഈ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സ്പെയിൻ പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീയിൽപ്പെട്ട് രണ്ടുപേർ മരിക്കുകയും ചെയ്തു. ഫ്രാൻസിൽ പല സ്ഥലങ്ങളിലും കാട്ടുതീ ഇതുവരെ അണയ്ക്കാനായിട്ടില്ല . ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബിബിസി പ്രഖ്യാപിച്ച ടിവി ചാനൽ മാറ്റം ഫ്രീവ്യൂ, സ്കൈ, വിർജിൻ മീഡിയ ഉപയോക്താക്കളെ ബാധിക്കും. 2023-ൽ ടിവി ന്യൂസ് ചാനൽ ലയനത്തിന് ബിബിസി പദ്ധതിയിടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിബിസി ന്യൂസ്‌, ബിബിസി വേൾഡ് ന്യൂസ്‌ എന്നീ ചാനലുകൾ അടുത്ത ഏപ്രിലിൽ ഒറ്റ ചാനലായി മാറും. ബിബിസി ന്യൂസ്‌ എന്നാണ് പുതിയ ചാനലിന്റെ പേര്. ലയനത്തിന്റെ ഫലമായി യുകെയിൽ എഴുപതോളം ബിബിസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. എന്നാൽ വാഷിംഗ്ടൺ ഡിസിയിൽ 20 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിലവിൽ, ജനങ്ങൾ വാർത്തകൾ ഏറ്റെടുക്കുന്ന രീതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബിബിസി ന്യൂസ് ഡിജിറ്റൽ ഡയറക്ടർ നജ നീൽസൺ പറഞ്ഞു.

ലൈവ് കവറേജിലേക്ക് എത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. പുതിയ നീക്കത്തിലൂടെ ലൈസൻസ് ഫീസ് അടയ്ക്കുന്നവർക്ക് അന്താരാഷ്ട്ര വാർത്തകൾ പരസ്യരഹിതമായി കാണാനും സാധിക്കും. പകൽ സമയത്ത് ലണ്ടനിൽ നിന്നാണ് ബിബിസി ന്യൂസ് പ്രക്ഷേപണം ചെയ്യുക. മറ്റ് സമയങ്ങളിൽ സിംഗപ്പൂരിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ നിന്നും സംപ്രേഷണം ചെയ്യും.

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമാണ് ഈ നീക്കം. ജനുവരിയിൽ, കൾച്ചർ സെക്രട്ടറി നദീൻ ഡോറിസ് ബിബിസി ലൈസൻസ് ഫീസ് രണ്ട് വർഷത്തേക്ക് £159 ആയി മരവിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. രണ്ട് വാർത്താ ചാനലുകൾ ലയിപ്പിക്കുന്നതിനൊപ്പം, പരമ്പരാഗത പ്രക്ഷേപണ ചാനലുകളായി സിബിബിസി, ബിബിസി ഫോർ സംപ്രേഷണം നിർത്തും. ഓക്‌സ്‌ഫോർഡിലെയും കേംബ്രിഡ്ജിലെയും പ്രാദേശിക ടിവി വാർത്താ പരിപാടികൾ നിർത്തലാക്കുമെന്നും അവർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്താനുള്ള സാധ്യത ഉയരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 115 വോട്ടുകളുമായി ഋഷി സുനക് ഒന്നാമതെത്തി. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട് 82 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ, മുൻ റൗണ്ടിനെ അപേക്ഷിച്ച് മോർഡൌണ്ട് നേടിയത് കുറഞ്ഞ വോട്ടുകളാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകൾ നേടി മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള മുൻ മന്ത്രി കെമി ബാഡെനോക്ക് 58 വോട്ടുകൾ നേടി. കഴിഞ്ഞ റൗണ്ടിനെക്കാൾ ഒൻപത് വോട്ടുകൾ കൂടി നേടാൻ ബാഡെനോക്കിനായി. അതേസമയം, 31 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തായ ടോം തുഗെന്ധത് മത്സരത്തിൽ നിന്ന് പുറത്തായി.

ശേഷിക്കുന്ന നാല് സ്ഥാനാർഥികൾക്കായി ഇന്ന് വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ചയോടെ മത്സരരംഗത്ത് അവശേഷിക്കുന്ന രണ്ട് പേർ ആരൊക്കെയാണെന്ന് അറിയാൻ കഴിയും. അവസാന രണ്ടിലെത്താൻ കടുത്ത മത്സരമാണ് നടക്കുന്നത്. ഋഷി സുനക്, മോർഡൗണ്ട്, ലിസ് ട്രസ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം. സുനക്കും ട്രസും പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇന്ന് നടത്താനിരുന്ന സ്കൈ ന്യൂസ് ഡിബേറ്റ് റദ്ദാക്കി.

കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ സർവ്വേയിലും ഋഷി സുനകിന് വലിയ പിന്തുണയാണ് ലഭിച്ചത്. 48 ശതമാനം പേരാണ് ഋഷി സുനകിനെ പിന്തുണച്ചത്. അതേസമയം, ഹൗസ് ഓഫ് കോമൺസിൽ രാത്രി വൈകി നടന്ന വിശ്വാസവോട്ടെടുപ്പിൽ 238നെതിരെ 349 വോട്ടുകൾക്ക് ബോറിസ് ജോൺസൻ സർക്കാർ വിജയിച്ചു. ജോൺസന്റെ കീഴിലുള്ള സർക്കാരിൽ എംപിമാർക്ക് ഇപ്പോഴും വിശ്വാസമുണ്ടോ എന്നറിയാനാണ് വിശ്വാസവോട്ടെടുപ്പുമായി ലേബർ പാർട്ടി എത്തിയത്. എന്നാൽ വോട്ടെടുപ്പിൽ കരകയറിയതോടെ പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത ഏഴാഴ്ചത്തേക്ക് ജോൺസണ് തന്റെ ചുമതലയിൽ തുടരാം.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയും, മാതാവിനെ കുത്തിപരുക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്ത മാനസിക അസ്വാസ്ഥ്യമുള്ള മകനെ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം മാനസിക ആരോഗ്യ ക്ലിനിക്കൽ പൂർണമായും തടവിൽ ആക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് കോടതി. ഇരുപത്തിമൂന്നുകാരനായ ഗാർവേ ഗെയിൽ ആണ് പിതാവ് മൈക്കിൾ ഗെയിലിനെ കൊലപ്പെടുത്തുകയും , മാതാവ് അമാൻഡ ബ്രൂക്സിനെ കുത്തിപ്പരുക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തത്. 2020 ഒക്ടോബറിലാണ് കാർഡിഫിലെ വീട്ടിൽ വെച്ച് പിതാവിനെ ഇയാൾ കൊലപ്പെടുത്തിയത്. മെന്റൽ ഹെൽത്ത് ആക്ടിലെ 37,41 എന്നീ സെക്ഷനുകൾ പ്രകാരം സൗത്ത് വെയിൽസിലെ കാസ്വെൽ ക്ലിനിക്കിൽ പൂർണ്ണമായും ഇയാളെ തടവിലാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാർഡിഫ് ക്രൗൺ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. സ്കീസോഫ്രീനിയ എന്ന രോഗം മൂലമുള്ള മാനസിക ആസ്വാസ്ഥ്യമാണ് ഗാർവേയെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് കോടതി വിലയിരുത്തി.


പിന്നിട്ട മൂന്ന് വർഷങ്ങൾ ഒരു ഹൊറർ സിനിമയെക്കാൾ ഭീകരമായിരുന്നു എന്ന് ഗാർവേയുടെ സഹോദരിമാർ കോടതിയിൽ വ്യക്തമാക്കി. സ്വന്തം സഹോദരന് ഇത്തരം ഒരു വിധി ഉണ്ടായതിൽ സങ്കടം ഉണ്ടെന്നും, എന്നാൽ വർഷങ്ങളായി ലഭിക്കേണ്ടിയിരുന്ന കൃത്യമായ ചികിത്സാരീതികൾ ഇനി മുതൽ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും സഹോദരി മരിസിയ ഗെയിൽ വ്യക്തമാക്കി. തങ്ങൾക്ക് പിതാവിനെ നഷ്ടമായതും, അമ്മയ്ക്ക് സ്വന്തം ഭർത്താവിനെ നഷ്ടമായതും ഒരിക്കലും നികത്താൻ ആവാത്തതാണെന്നും അവർ പറഞ്ഞു. കോടതിയുടെ വിധി അംഗീകരിക്കുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പൊതുമേഖലാ തൊഴിലാളികൾക്കുള്ള ഈ വർഷത്തെ ശമ്പള കരാർ സർക്കാർ ഉടൻ പുറത്തിറക്കും. ഏകദേശം 2.5 മില്യൺ പൊതുമേഖലാ തൊഴിലാളികളാണ് സർക്കാരിൻറെ പുതുക്കിയ ശമ്പള സ്കെയിലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. നേഴ്സുമാർ , ഡോക്ടർമാർ അധ്യാപകർ, പോലീസിലെയും സായുധസേനയിലെയും ജീവനക്കാർ എന്നിവർക്കാണ് പുതുക്കിയ ശമ്പള സ്കെയിലിന്റെ ആനുകൂല്യം ലഭിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാകയാൽ നേഴ്സുമാർക്കുള്ള ശമ്പള പരിഷ്കരണത്തെ വളരെ ആകാംക്ഷയോടെയാണ് യുകെ മലയാളികൾ ഉറ്റുനോക്കുന്നത്.

40 വർഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. അതുകൊണ്ടുതന്നെ കടുത്ത ജീവിതചലവിനെ പിടിച്ചുനിർത്താൻ നല്ലരീതിയിൽ ഉള്ള കൂടിയ ശമ്പള പരിഷ്കരണം വേണമെന്നുള്ള സമ്മർദ്ദമാണ് യൂണിയനുകൾ ഉയർത്തുന്നത്. ശമ്പളപരിഷ്കരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാജ്യത്തെ പ്രമുഖ യൂണിയനുകൾ ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഇന്ന് 100 ബില്യൺ പൗണ്ടിന്റെ പൊതുമേഖല ശമ്പള ശുപാർശകൾ സർക്കാർ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ . പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയായി കഴിയുന്ന ബോറിസ് ജോൺസന്റെ പ്രധാന തീരുമാനങ്ങളിലൊന്നായിരിക്കും ഈ വർഷത്തെ ശമ്പള പരിഷ്കരണം. ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് മികച്ച പരിഗണന ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസിലെ സ്റ്റാഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പൊതുമേഖലാ യൂണിയനായ യൂണിസെൻ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശനിരക്ക് അടുത്തവർഷം രണ്ട് ശതമാനമോ അതിൽ കൂടുതലോ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. പണപെരുപ്പ തോത് നിയന്ത്രിക്കാനായി പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് ഔട്ട്ഗോയിംഗ് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം മൈക്കൽ സോണ്ടേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ പലിശ നിരക്ക് 0.1% ൽ നിന്ന് 1.25% ആയി ഉയർത്തിയിട്ടുണ്ട്. ജൂണിൽ നടന്ന മീറ്റിംഗിൽ നിരക്ക് 1.5% ആയി വർധിപ്പിക്കാൻ സോണ്ടേഴ്‌സ് വോട്ട് ചെയ്തിരുന്നു.

പണപ്പെരുപ്പം ഇതിനകം 9.1 ശതമാനമായിരിക്കെ വർഷാവസാനത്തോടെ 11 ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം. അതിനാൽ, പലിശനിരക്കുകൾ 2 ശതമാനമോ അതിലധികമോ ആയി ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും സോണ്ടേഴ്‌സ് പറഞ്ഞു. പലിശ നിരക്ക് കുത്തനെ ഉയര്‍ന്നാല്‍ മോര്‍ട്ട്ഗേജ് ചെലവ് കുതിച്ചുയരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

ആഗോള വിതരണ പ്രശ്‌നങ്ങളിലോ ഊർജ വിലയിലോ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് യാതൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട ഒറ്റത്തവണ പലിശ നിരക്കിൽ മാറ്റം വരുത്താൻ കഴിയും. അടിസ്ഥാന നിരക്ക് 2 ന് മുകളില്‍ എത്തുക എന്നു പറഞ്ഞാല്‍ അത് പ്രതികൂലമായി ബാധിക്കുക മോര്‍ട്ട്‌ഗേജ് ഉള്ളവരേയും മറ്റു തരത്തിലുള്ള ബാങ്ക് വായ്പകള്‍ എടുത്തവരെയുമായിരിക്കും. മലയാളികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാകും. ഉപഭോക്താക്കൾ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും തുടർച്ചയായുള്ള നിരക്ക് വർധന മോർട്ട്ഗേജ് മാർക്കറ്റിന് ആക്കം കൂട്ടുന്നുവെന്നും മണിഫാക്ടിലെ സാമ്പത്തിക വിദഗ്ധയായ റേച്ചൽ സ്പ്രിംഗാൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം കടുക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇന്നലെ അഞ്ചു സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത ടിവി ഡിബേറ്റ് ഒരുക്കിയ ലീഡേഴ്‌സ് ഡിബേറ്റിൽ നേതാക്കൾ പരസ്പരം കൊമ്പുകോർത്തു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുൻ ചാൻസലർ ഋഷി സുനകിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചു. സുനക്, 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് നികുതി ഉയർത്തിയെന്നും ഇത് സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും കുറ്റപ്പെടുത്തി. അതേസമയം, പകർച്ചവ്യാധി സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്ന് സുനക് വ്യക്തമാക്കി. ഇത് വെറും സാമ്പത്തിക ശാസ്ത്രമല്ല എന്ന് അദ്ദേഹം തിരിച്ചടിച്ചു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എങ്ങനെ നിയന്ത്രണത്തിലാക്കാം എന്നതായിരുന്നു തർക്കവിഷയം.

അതേസമയം, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് പുതിയ കാബിനറ്റിൽ സ്ഥാനം നൽകുമെങ്കിൽ കൈ ഉയർത്താൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന ആൾ മത്സരത്തിൽ നിന്നും പുറത്താകും. ജൂലൈ 21ന് മുൻപ് മത്സരം രണ്ട് പേരിലേക്ക് ചുരുങ്ങും. ജെന്‍ഡര്‍ സെല്‍ഫ് ഐഡന്റിഫിക്കേഷൻ സംബന്ധിച്ച് പെന്നി മോർഡൗണ്ടും കെമി ബാഡെനോക്കും തമ്മിൽ വാക്കുതർക്കമുണ്ടായി. ജെന്‍ഡര്‍ സെല്‍ഫ് ഐഡന്റിഫിക്കേഷനെ താന്‍ പിന്തുണക്കുന്നില്ല എന്ന നിലപാടിൽ പെന്നി ഉറച്ചുനിന്നു.

സുനക് തന്റെ ഭാര്യ അക്ഷതയുടെ നികുതി നിലയെയും കുടുംബ സമ്പത്തിനെയും ന്യായീകരിച്ചു. ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത് ഇരിക്കുമോ എന്ന ചോദ്യത്തിന്, ലിസ് ട്രസ് ഒഴികെയുള്ളവർ മറുപടി നൽകിയില്ല. ഒപ്പം, 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള യുകെയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് എല്ലാ സ്ഥാനാർത്ഥികളും പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കിഴക്കൻ ലണ്ടനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഹാവെറിംഗിൽ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഹിന ബഷീറിനെ (21) ഇൽഫോർഡിൽ നിന്ന് കാണാതായിരുന്നു എന്ന് മെറ്റ് പോലീസ് പറഞ്ഞു . ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലന്നും , എന്നാൽ ഇരുപത്തിയൊന്നുകാരിയുടെ കുടുംബത്തെ വിവരം അറിയിച്ചതായും മെറ്റ് പോലീസ് അറിയിച്ചു.

മകളുടെ വിയോഗത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തിന് എല്ലാ പിന്തുണയും തങ്ങൾ നൽകുമെന്ന് പോലീസ് അറിയിച്ചു . കേസന്വേഷണം അതിവേഗം പുരോഗമിക്കുന്നുണ്ട് . ഇപ്പോൾ ഒരാൾ അറസ്റ്റിലാണെന്നും മെറ്റിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡിൽ നിന്നുള്ള ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഡേവ് വെല്ലംസ് പറഞ്ഞു . അന്വേഷണത്തിലൂടെ ഹിനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുവാൻ സാധിക്കുമെന്നുo അദ്ദേഹം കൂട്ടിച്ചേർത്തു . കേസിൽ സഹായിക്കാൻ കഴിയുന്ന വിവരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ നൽകാൻ സാധിക്കുന്നവർക്ക് 101 (റഫറൻസ് 2674/14JUL) എന്ന നമ്പറിൽ പോലീസിനെയോ അല്ലെങ്കിൽ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്‌സ് സെല്ലിലേയ് ക്കോ വിളിച്ച് വിവരങ്ങൾ നൽകാനായിട്ട് സാധിക്കും .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നായിരിക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. കടുത്ത ചൂട് ജീവന് അപകടമുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനാൽ ആളുകൾക്ക് വീട്ടിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ഉയർന്ന താപനില പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈസ്റ്റ് കോസ്റ്റ് മെയിൻലൈനിലെ 184 മൈൽ ട്രാക്ക് ചൊവ്വാഴ്ച അടയ്ക്കാൻ നെറ്റ്‌വർക്ക് റെയിൽ തീരുമാനിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രെയിൻ യാത്ര ഒഴിവാക്കണം. റോഡിൽ ചൂട് കൂടുമെന്നും ടയറുകൾ പൊട്ടാൻ സാധ്യത ഉള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ബ്രിട്ടനിൽ ഇന്ന് ഡൽഹിയേക്കാളും സഹാറ മരുഭൂമിയേക്കാളും ചൂട് അനുഭവപ്പെടും. പീറ്റർബറോയിൽ 37 ഡിഗ്രി സെൽഷ്യസും മിൽട്ടൺ കെയിൻസ്, നോർവിച്ച്, ലിങ്കൺ എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസുമായി ചൂട് ഉയരും. ലണ്ടനിൽ ചൊവ്വാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്താം. കനത്ത ചൂട് ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കും. ശിശുക്കൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പോർച്ചുഗലിലെയും സ്പെയിനിലെയും ഉഷ്ണതരംഗം മൂലം ഇതുവരെ 1,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ കാലാവസ്ഥാ ഏജൻസികളുടെ കണക്ക് പ്രകാരം, വ്യാഴാഴ്ച മാത്രം 440 മരണങ്ങൾ രേഖപ്പെടുത്തി. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി യൂറോപിന്‍റെ തെക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗം ആഞ്ഞ് വീശുകയാണ്. ഇതിന്‍റെ ഫലമായി ജലാശയങ്ങളും നദികളും വറ്റിവരണ്ടു. യൂറോപിലാകമാനം ആയിരക്കണക്കിന് പ്രദേശങ്ങളില്‍ ശക്തമായ കാട്ട് തീ ആളിപ്പടരുകയാണ്. ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved