Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോക്‌ടർമാരും ആംബുലൻസ് ജീവനക്കാരും മറ്റ് എൻഎച്ച്‌എസ് ജീവനക്കാരും എമർജൻസി കെയറിലെ താമസം മൂലം വലിച്ചിഴയ്ക്കപ്പെട്ടത് വൻ ദുരിതത്തിലേയ്ക്കെന്ന് ഹെൽത്ത് സേഫ്റ്റി വാച്ച്‌ഡോഗ്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനത്തിലെ സുരക്ഷ നിരീക്ഷിക്കുന്ന ഹെൽത്ത്‌കെയർ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എച്ച്.എസ്.ഐ.ബി) ജോലി സ്ഥലങ്ങളിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു ദേശീയ അന്വേഷണത്തിനായി അഭിമുഖം നടത്തിയപ്പോൾ പല ജീവനക്കാരും വികാരനിർഭരമായാണ് അവയോട് പ്രതികരിച്ചത്. തൻെറ ജോലിയുടെ മോശമായ തലങ്ങൾ പലപ്പോഴും തന്നെ കടുത്ത സമ്മർദത്തിലാക്കുമെന്നും തനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും ഒരു പാരാമെഡിക്കൽ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ആംബുലൻസ് ജീവനക്കാരിയായി പ്രവർത്തിച്ചു വരികയായിരുന്ന ഒരാൾ തൻറെ കഴിഞ്ഞ 12 മാസങ്ങൾ താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടുള്ള നാളുകൾ ആയിരുന്നെന്ന് അഭിപ്രായപ്പെട്ടു. താൻ ഈ ശൈത്യകാലത്ത് മാത്രം ആശുപത്രികളുടെ ഇടനാഴികളിലും ആംബുലൻസുകളിലുമായി നിരവധി ഹൃദയസ്തംഭനത്തിന് സാക്ഷ്യം വഹിക്കുകയും സഹായിക്കുകയും ചെയ്‌തെന്നും അവർ പറഞ്ഞു. പലപ്പോഴും നേഴ്‌സുമാരുടെ കുറവ് മൂലം അവർക്ക് പകരമായി രോഗികളെ പരിപാലിക്കേണ്ടതായി വന്നതായും അവർ കൂട്ടിച്ചേർത്തു.

എൻഎച്ച്എസ് ജീവനക്കാരിൽ സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ വർദ്ധിച്ചതായും എച്ച്.എസ്.ഐ.ബി കണ്ടെത്തി. ഡോക്ടർമാർ നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയാണ് പഠനത്തിനായി സമീപിച്ചത്. ആംബുലൻസിനായി കാത്തിരിക്കുന്ന ആവർത്തിച്ചുള്ള കോളുകളെ കുറിച്ച് എമർജൻസി കോൾ ഹാൻഡ്‌ലർമാർ വിവരിച്ചു. അതേസമയം താങ്കളുടെ മുൻപിൽ ഇന്ന് എത്ര ജീവൻ പൊലിയും എന്ന ആശങ്കയോടെയാണ് തങ്ങൾ ഒരോ ദിവസവും എന്ന് ഡിസ്പാച്ചർമാർ പ്രതികരിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ ഗവേഷണത്തിൽ കോവിഡ് -19 വൈറസ് ഒരു ചൈനീസ് റിസർച്ച് ലാബിൽ നിന്നെന്ന് നിഗമനം. ഓഫ് നാഷണൽ ഇന്റലിജൻസിൻെറ ഡയറക്ടർ 2021 -ൽ തയാറാക്കിയ റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ റിപ്പോർട്ട് വൈറ്റ് ഹൗസ് ലോമേക്കേഴ്സിന് നൽകി. വുഹാനിലെ ഒരു ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന എഫ്ബിഐയുടെ വാദത്തോട് അനുകൂലമായാണ് എനർജി ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ നിലപാട്. എന്നാൽ മറ്റ് നാല് ഏജൻസികൾ വൈറസ് നാച്ചുറൽ സ്പിൽഓവർ’ സിദ്ധാന്തത്തെയാണ് പിൻതുണയ്ക്കുന്നത്. മീറ്റ് മാർക്കറ്റിലെ ഒരു മൃഗം വഴിയാണ് വൈറസ് രക്ഷപ്പെട്ടത് എന്നാണ് ഇവരുടെ വാദം. അതേസമയം സിഐഎ ഉൾപ്പെടെയുള്ള രണ്ട് ഏജൻസികൾ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എനർജി ഡിപ്പാർട്ട്‌മെന്റിൻറെ നിലപാട് മാറ്റം ഏറെ പ്രധാന്യം ഏറിയതാണ്. ജൈവ ഗവേഷണം ഉൾപ്പടെയുള്ളവയിൽ പേരുകേട്ട ഏജൻസിയാണ് എനർജി ഡിപ്പാർട്ട്‌മെന്റ്.

ചൈനയിലെ ഒരു ലാബിൽ നിന്ന് വൈറസ് ചോർന്നതായുള്ള നിഗമനം 2021 ൽ എഫ്ബിഐ മുന്നോട്ട് വച്ചിരുന്നെങ്കിലും. എനർജി ഡിപ്പാർട്ട്‌മെന്റ് ഈ നിലപാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനാൽ ഇപ്പോൾ രണ്ട് ഏജൻസികളും ഒരേ നിഗമനത്തിൽ എത്തിയെങ്കിലും രണ്ട് ഏജൻസികളും വ്യത്യസ്തമായ കാരണങ്ങളാണ് ചൂണ്ടികാട്ടിയതെന്ന് യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി. മൈക്രോബയോളജിസ്റ്റുകളെയും ഇമ്മ്യൂണോളജിസ്റ്റുകളെയും നിയമിക്കുന്നതിനാൽ രോഗങ്ങളെ പറ്റിയും വൈറോളജിയെക്കുറിച്ചും എഫ്ബിഐക്ക് വൈദഗ്ധ്യമുണ്ട്. എനർജി ഡിപ്പാർട്ട്‌മെന്റിൻറെ നിലപാട് മാറ്റത്തിൻെറ കാരണങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പനി കൂടിയതിനെ തുടർന്ന് മരണപ്പെട്ട ഫോര്‍ട്ട് വില്യം സ്വദേശി സുനില്‍ ജോര്‍ജ് (45) ഇനി മുതൽ വിശ്രമിക്കുക പ്രിയതമ റെയ്ച്ചലിന്റെ കല്ലറയ്ക്ക് അരികിൽ. ഭാര്യയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ട സുനിലിനെ അപ്രതീക്ഷിതമായി മരണം കവർന്നെടുക്കുകയായിരുന്നു. ക്യാൻസർ മൂലമായിരുന്നു റെയിച്ചലിന്റെ മരണം. കോവിഡ് ലോക് ഡൗണ്‍ കാലത്ത് മരണം കടന്ന് വരികയായിരുന്നു. കുട്ടികൾ ഇല്ലാതിരുന്ന ഇരുവരും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് രോഗം കണ്ടെത്തുന്നത്. തുടർന്ന് റെയിച്ചലിന്റെ ആരോഗ്യത്തെ കണക്കിലെടുത്താണ് ഇരുവരും റീഡിങ്ങിലേക്ക് താമസം മാറ്റിയത്.

എന്നാൽ പ്രിയതമയുടെ അപ്രതീക്ഷിത വേർപാടിൽ തീർത്തും ഒറ്റപ്പെട്ട സുനിൽ പിന്നീട് ഫോര്‍ട്ട് വില്യമിലേക്ക് പറിച്ചു മാറ്റപ്പെടുകയായിരുന്നു. ഇന്ത്യക്കാർ വളരെ വിരളമായിരുന്ന അവിടെയാണ് സുനിൽ ബാക്കികാലം ജീവിതം കഴിച്ചു കൂട്ടിയത്. ബ്രെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് കേന്ദ്രമായിരുന്നു സുനിലിന്റെ ഏക ആശ്രയം. അവിടെയെത്തുന്ന സഞ്ചാരികളോട് സംസാരിച്ചു തന്റെ ഏകാന്തതയെ മറികടക്കാൻ അയാൾ നിരന്തരം ശ്രമിച്ചു. അമ്മയും മറ്റു ബന്ധുക്കളുമായൊക്കെ നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന സുനില്‍ ഒരു മാസം മുന്‍പ് നാട്ടില്‍ എത്തി കാനഡയില്‍ ഉള്ള സഹോദരിയുടെ കുഞ്ഞിന്റെ മാമ്മോദീസ അടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നതുമാണ്. തുടര്‍ന്ന് യുകെയില്‍ മടങ്ങിയെത്തിയ സുനില്‍ പനി പിടിച്ചു കിടപ്പിലാവുകയായിരുന്നു. എന്നാൽ ഒരു ദിവസം രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുനിലിന് മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. യുകെ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ നേതൃത്വത്തിലാണ് സുനിലിന്റെ സംസ്‍കാരവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്തത്. പോലീസും, മലയാളികളും കാനഡയിലുള്ള അമ്മയുമായി സംസാരിച്ചിരുന്നു. മാർച്ച്‌ മാസം രണ്ടാം തീയതിയാണ് ശവസംസ്കാരം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് ജെയിംസ് പള്ളിയിലും, മൂന്നുമണിയോടെ സെമിത്തേരിയിലും ശുശ്രൂഷ നടക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് ഊർജ്ജ ചിലവ് വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവിതം കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഡിഷ് വാഷറും ടംബിൾ ഡ്രയറും പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ നിലവിൽ ഇരട്ടിയായിരിക്കുകയാണ്. മിക്ക വീട്ടുപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് 2022 മുതൽ കുതിച്ചുയർന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അനിയന്ത്രിതമായി വൈദ്യുതി വില കുതിച്ചുയരുന്നതു മൂലം ജീവിത ചിലവിൽ വൻവർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ജീവിത ചിലവിലെ വർദ്ധനവ് ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ .ഏപ്രിലിൽ ഊർജ വില വീണ്ടും കുതിച്ചുയരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത് . ഇന്ധന വില 20% വർധിക്കുമെന്ന് പറയുന്ന സാഹചര്യത്തിൽ 40 ശതമാനം ആളുകളും ഡിഷ് വാഷറിൻെറയും ടംബിൾ ഡ്രയറിൻെറയും ഉപയോഗം വെട്ടിക്കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 1200 ലധികം ആളുകളിൽ നടത്തിയ സർവേയിൽ ബഹുഭൂരിപക്ഷം പേരുടെയും പ്രതികരണം ഊർജവില വർദ്ധനവ് താങ്ങാൻ കഴിയില്ല എന്ന് തന്നെയായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം ഇങ്ങനെ ചെലവാക്കേണ്ടി വരുന്നതിൽ ദുഃഖകരമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഊർജ്ജത്തിന്റെ ചെലവ് നിലവിൽ kWh-ന് 34p ആണ്. അതേസമയം ഇത് കഴിഞ്ഞവർഷം kWh-ന് 21p ആയിരുന്നു. ഒരു വർഷം മുമ്പുള്ള ഈ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്ത വർദ്ധനവാണ് എനർജി ബില്ലിൽ ഉണ്ടായിരിക്കുന്നത്. ഏത് ഉപകാരണമാണ് ഉപയോഗിക്കുന്നത് എന്നുള്ളതിനെ ആശ്രയിച്ചാണ് പലപ്പോഴും എനർജി ബില്ലുകളിലെ ചാർജിൽ മാറ്റം വരുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിലെ വിവിധ ഇടങ്ങളിൽ അപ്രതീക്ഷിത റെയ്ഡ്. നിയമവിരുദ്ധമായ ജോലികൾക്കെതിരെയുള്ള റെയ്ഡുകൾ വർധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണിത്. ഇതോടെ 2023 ജനുവരി മുതൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഹോം ഓഫീസ് വർധിപ്പിച്ചിരിക്കുകയാണ്. ലിവർപൂളിലെ വിദ്യാർത്ഥികളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. അതിനുപിന്നാലെയാണ് യുകെയിലുടനീളമുള്ള റെസ്റ്റോറന്റുകളിൽ ഹോം ഓഫീസ് പരിശോധന നടത്തുന്നത്.

ഫെബ്രുവരി 17 ന് നെയിൽസീ ഹൈ സ്ട്രീറ്റിലെ സോമർസെറ്റ് റെസ്റ്റോറന്റിൽ നടത്തിയ റെയ്ഡിനെ തുടർന്ന് യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹോം ഓഫീസ് ഇമിഗ്രേഷൻ ഓഫീസർമാരുടെ സന്ദർശനത്തെത്തുടർന്ന് മൂന്ന് അനധികൃത തൊഴിലാളികളെ കണ്ടെത്തിയതിനെ തുടർന്നാണിത്. സംഭവത്തെ തുടർന്ന് കമ്പനിയ്ക്ക് റഫറൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് 60,000 പൗണ്ടാണ് പിഴ ചുമത്താറുള്ളതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഫെബ്രുവരി 8-ന് നടത്തിയ പരിശോധനയിൽ ലെവിഷാമിലെ ലോംപിറ്റ് വെയ്‌ലിലെ ഒരു റെസ്റ്റോറന്റിനെതിരെയും സമാനമായ രീതിയിൽ നടപടി എടുത്തിട്ടുണ്ട്. ഇമിഗ്രേഷൻ കുറ്റങ്ങൾ ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 20,000 പൗണ്ട് വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി റസ്റ്റോറന്റിന് സിവിൽ പെനാൽറ്റി നോട്ടീസ് നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ പല ഇടങ്ങളിലും തുടരുന്നതിനാലാണ് കൂടുതൽ പരിശോധനകളിലേക്ക് പോകുന്നതെന്ന് ഇമ്മീഗ്രേഷൻ ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യൂണിഫോം സംബന്ധിച്ച് വിചിത്ര നടപടി കൈകൊണ്ട മെഴ്‌സിസൈഡ് സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പെൺകുട്ടികളെയും ആൺകുട്ടികളെയും വെവ്വേറെ കാവടങ്ങളിൽ കൂടി പ്രവേശിപ്പിക്കുകയും, പെൺകുട്ടികളുടെ പാവാടയുടെ ഇറക്കം പുരുഷ അധ്യാപകർ പരിശോധിക്കുകയും ചെയ്തതിനെതിരെയുമാണ് വിദ്യാർത്ഥികൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനികളെ അപമാനിച്ച നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചില കുട്ടികളിൽ വലിയ ഞെട്ടലാണ് ഈ സംഭവം സൃഷ്ടിച്ചതെന്നും, ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നുമാണ് ഉയരുന്ന വിമർശനം.

അതേസമയം, സ്കൂളിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതും നടപ്പിലാക്കുന്നതും ജീവനക്കാർ ആണെന്നാണ് സംഭവത്തിൽ സ്കൂൾ നൽകുന്ന വിശദീകരണം. സംഭവത്തെ തുടർന്ന് സ്കൂളിന്റെ നടപടിക്കെതിരെ 1000 ത്തിലധികം ആളുകൾ ഒപ്പുവെച്ച നിവേദനം കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് കാലഹരണപ്പെട്ട നടപടിയാണെന്നും ചിലർ സ്വയം പരിഹാസ്യരാവുകയാണെന്നും വിമർശകർ കുറ്റപ്പെടുത്തി. പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയിൽ പരിശോധന നടത്തണമെങ്കിൽ അതിന് വനിതാ അധ്യാപകരെ ചുമതലപ്പെടുത്തണമെന്നും, നിലവിലെ സംഭവങ്ങൾ പല കുട്ടികളുടെയും ഉള്ളിൽ അപമാനഭാരം സൃഷ്ടിച്ചെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

സ്കൂളിന്റെ തെറ്റായ നയത്തിനെതിരെ വിദ്യാർത്ഥികൾ ബുധനാഴ്ച പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ പങ്കെടുത്ത പല കുട്ടികളെയും സ്കൂൾ അധികൃതർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. പെൺകുട്ടികൾക്ക് പിന്തുണയുമായി ആൺകുട്ടികളും എത്തിയത് സ്കൂൾ അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട്. പാന്റിന് മുകളിൽ പാവാട ധരിച്ചായിരുന്നു പ്രതിഷേധം. സുരക്ഷിതമായി ഇരിക്കാനും നടക്കാനും കഴിയുന്ന രീതിയിലുള്ള യൂണിഫോം വേണമെന്നാണ് പൊതുവിൽ ഉയരുന്ന പ്രധാന ആവശ്യം. എന്നാൽ സ്കൂൾ അധികൃതർ നിലവിലെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രവാസികൾക്ക് കനത്ത പ്രഹരവുമായി വീണ്ടും കേന്ദ്രസർക്കാർ. ഇത്തവണ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന നിർദേശമായ വിദേശത്തേക്ക് പണം അയക്കുമ്പോൾ 20% നികുതി ഈടാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. വിദേശത്തേക്ക് അയക്കുന്ന പണം, അത് ഏത് പയോഗത്തിനാണെങ്കിലും പുതിയ നികുതി നടപടി ബാധകമായിരിക്കും. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പുറം രാജ്യത്ത് കിടന്ന് കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുകളോട് സർക്കാർ കാണിക്കുന്ന നെറികേടാണിതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വർഷാവസാനം നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ മാത്രമാകും 20 ശതമാനം തുക അർഹരെങ്കിൽ തിരികെ ലഭിക്കുന്നത്.

പുതിയ നടപടി അനുസരിച്ചു പാൻ കാര്‍ഡ് ഹാജരാക്കുകയാണെങ്കില്‍ അയയ്ക്കുന്ന തുകയുടെ 20 ശതമാനവും, പാൻ കാര്‍ഡ് ഇല്ലെങ്കില്‍ 40 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമെന്ന് അറിയപ്പെടുന്ന പദ്ധതിയുടെ കീഴിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്. വിദേശത്തേക്ക് ചികിത്സ പോലുള്ള പല ആവശ്യങ്ങൾക്കും അയക്കുന്ന തുക ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനു കീഴിലാണ് വരുന്നത്. എന്നാൽ അതേസമയം, നിലവിലുള്ള നിയമപ്രകാരം ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ലായിരുന്നു. ഏഴു ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനം മാത്രമായിരുന്നു നികുതി. ഇതാണ് ഇനിമുതൽ 20 ശതമാനമായി വർദ്ധിക്കുന്നത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ഭൂരിഭാഗം സാഹചര്യങ്ങളിലും പുതിയ മാറ്റം ബാധകമാകും. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് പണമയയ്ക്കുകയോ, വിദേശത്ത് വീടോ വസ്തുവോ വാങ്ങുകയോ, ഓഹരി നിക്ഷേപം നടത്തുകയോ ചെയ്യുമ്പോഴെല്ലാം 20 ശതമാനം നികുതി നല്‍കണമെന്നാണ് പുതിയ നിയമം പറയുന്നത്. വിദേശത്തേക്ക് കുടിയേറുന്നവർ ജീവിതച്ചെലവിനായി ഒരു തുക കൈമാറ്റം ചെയ്താലും, അതിനും 20 ശതമാനം ടിസിഎസ് നല്‍കേണ്ടി വരും. വിദേശത്തു പഠിക്കുന്ന മക്കൾക്ക് ചിലവിനായി അയക്കുന്ന തുകയ്ക്ക് പോലും ഇതോടെ 20% നികുതി നൽകേണ്ടി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പഠനത്തിനായി യുകെയിലേയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നടപടികളുമായി അധികൃതർ. ഉയർന്ന ഡിഗ്രി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അവരുടെ പ്രിയപ്പെട്ടവരെ ഇനി മുതൽ യുകെയിലേക്ക് കൊണ്ടുവരാൻ ആകൂ എന്നൊരു നിയന്ത്രണത്തിലേയ്ക്ക് പോകുവാനാണ് പുതിയ നീക്കം. യുകെ ഗവൺമെന്റിന് പ്രധാനമായി കണക്കാക്കുന്ന ബിരുദങ്ങളിൽ സയൻസ് , കണക്ക്, എഞ്ചിനീയറിംഗ് എന്നിവ ഉൾപ്പെടുന്നു. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു വർഷം കൊണ്ട് തന്നെ എട്ട് മടങ്ങ് വർധനയുണ്ടായതിനെ തുടർന്നാണ് പ്രധാനമന്ത്രി റിഷി സുനക്കും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നത്.

2022-ൽ, നൈജീരിയക്കാരാണ് ഈ വർഷത്തെ പഠന വിസയുള്ള വ്യക്തികളെ അനുഗമിക്കുന്ന ആശ്രിതരുടെ എണ്ണത്തിൽ കൂടുതൽ. ഇതോടെ, 2019 നെ അപേക്ഷിച്ച് സ്‌പോൺസർ ചെയ്‌ത പഠന ഗ്രാന്റുകളിൽ ഏറ്റവും വലിയ വർദ്ധനവ് നൈജീരിയൻ പൗരന്മാരുടേതാണ്. 57,545 എന്ന സംഖ്യയിൽ നിന്ന് ഇത് വർധിച്ച് 65,929 ലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. കഴിഞ്ഞ വർഷം 490,763 വിദ്യാർത്ഥികൾക്ക് വിസ നൽകിയതായി ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് അറിയിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഇവരോടൊപ്പം 135,788 ആശ്രിതരും കുട്ടികളും എത്തിച്ചേരുന്നുണ്ട് എന്നതാണ് കണക്കിൽ പ്രധാനം. 2019 ൽ 16,047 ആയിരുന്നു. ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ പോലുള്ള ഉയർന്ന കോഴ്‌സുകൾ പഠിക്കുന്നില്ലെങ്കിൽ വിദേശ വിദ്യാർത്ഥികളെ കുടുംബങ്ങളെ കൊണ്ടുവരുന്നതിൽ നിന്നും വിലക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ട്‌ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ സർവകലാശാലകളും പാർലമെന്റ് അംഗങ്ങളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 35 ബില്യൺ പൗണ്ട് സംഭാവന ചെയ്യുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നടപടി തിരുത്തണമെന്നും ഇല്ലാത്തപക്ഷം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സിംഗ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനിടയിൽ സമരത്തിനൊരുങ്ങി ജൂനിയർ ഡോക്ടർമാരും. പണപ്പെരുപ്പവും, വർധിച്ചു വരുന്ന ജീവിത ചിലവുകളും പരിഹരിക്കുവാൻ തക്കതായ ശമ്പള വർദ്ധനവ് വേണമെന്നാണ് ഇവരുടെ ആവശ്യം. മാർച്ച് 13, 14, 15 തീയതികളിൽ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ശമ്പളം സംബന്ധിച്ച് ചർച്ച നടത്താനുള്ള യോഗത്തിൽ പങ്കെടുക്കാൻ ആരോഗ്യ സെക്രട്ടറി വിസമ്മതിച്ചതിനെ തുടർന്നാണ് പണിമുടക്കിലേക്ക് പോയതെന്നാണ് ബിഎംഎ പറയുന്നത്.

അതേസമയം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി കൊണ്ടുള്ള സമരമാർഗങ്ങൾ രാജ്യത്തിനു ഗുണം ചെയ്യില്ലെന്നും, പണിമുടക്ക് നടപടി നിരാശാജനകമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. വിശദമായ ചർച്ചകൾ പിന്നാലെ ഉണ്ടായേക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അധികാരികൾ പറയുന്നു. മൂന്ന് ദിവസമാണ് പണിമുടക്ക് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് സമരം ആരംഭിക്കും. അടിയന്തിര പരിശോധനകളും, സാധാരണ ചികിത്സകളും മാറ്റിവെച്ചാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്നാണ് യൂണിയൻ പറയുന്നത്. മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്നും പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. എന്നാൽ, എൻ എച്ച് എസ് ജീവനക്കാരെ ചുമതലപ്പെടുത്തി ജോലിയിൽ നിന്ന് വിട്ട് നിൽക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്.

ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നതിൽ 40% ത്തിൽ അധികമാളുകളും ഡോക്ടർമാരാണ്. അതുകൊണ്ട് തന്നെ പണിമുടക്കിന് ഒരുങ്ങുന്നവരിൽ പരിചയസമ്പത്ത് വളരെ കുറവുള്ള ആളുകൾ മുതൽ, ധാരാളം വർഷത്തെ അനുഭവം ഉള്ളവരും ഉണ്ട്. സമരത്തിലേക്ക് കടക്കുന്ന അഭിപ്രായ സർവേയിൽ പകുതിയിൽ അധികം ഡോക്ടർമാരും പണിമുടക്കിനെ പിന്തുണച്ചു രംഗത്ത് വന്നു. ‘കഴിഞ്ഞ നിരവധി വർഷങ്ങളായി ശമ്പള വർദ്ധനവ് ഇല്ലാത്തതിനാൽ ജീവനക്കാരിൽ ഏറെപേരും അതൃപ്തരാണ്. ജോലിയുടെ സമ്മർദ്ധവും ക്ഷീണവും വേറെയും’- യൂണിയൻ പ്രതിനിധികൾ പറഞ്ഞു. എന്തുകൊണ്ടാണ് സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങാത്തത് എന്നറിയില്ലെന്നും, ഒത്തുതീർപ്പ് ശ്രമങ്ങൾ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ആകണമെന്നും യൂണിയൻ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലിവർപൂളിലെ മലയാളി വിദ്യാർത്ഥികളെ പോലീസും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർമാരും ചേർന്ന് സന്ദർശിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് സന്ദർശനത്തിന്റെ ഭാഗമായി നാല് ഉദ്യോഗസ്ഥരാണ് വീട്ടിൽ എത്തിയത്. ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് സംഘം മടങ്ങിയത്. സന്ദർശനം അപ്രതീക്ഷിതമായിരുന്നെന്നും, എന്തെങ്കിലും നടപടി കൈകൊണ്ടിട്ടിട്ടുണ്ടോ എന്നുള്ളതിൽ വ്യക്തത ഒന്നുമില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഓരോരുത്തരോടും മണിക്കൂറുകൾ സമയമെടുത്താണ് ഉദ്യോഗസ്ഥർ സംസാരിച്ചത്. അതിനോടൊപ്പം യുകെയിൽ എത്തിയതു മുതലുള്ള എല്ലാ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ കൈവശം ഉണ്ടായിരുന്ന ചോദ്യങ്ങൾ അനുസരിച്ചായിരുന്നു കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. എപ്പോൾ എത്തി, ഇമിഗ്രേഷൻ സ്റ്റാറ്റസ്, ജോലി, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അവർ തിരക്കിയത്. ഇതിലൊന്നും ഒരു സംശയവും തോന്നുന്നില്ലെന്നും, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്ന് അറിയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം നൽകിയ മൊഴിയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ വിളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. വിദ്യാർഥികളുടെ രേഖകളുടെ ചിത്രങ്ങളും ഉദ്യോഗസ്ഥർ എടുത്തു. നിയമവിരുദ്ധമായ ജോലികൾക്കെതിരെയുള്ള റെയ്ഡുകൾ വർധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞയനുസരിച്ച് കഴിഞ്ഞ മാസം മുതൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഹോം ഓഫീസ് കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. കുടിയേറ്റം തടയുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി ജോലി ചെയുന്ന ധാരാളം വിദ്യാർത്ഥികൾ യുകെയിലുണ്ട്. അതിനെയെല്ലാം മുൻ നിർത്തിയാണ് പരിശോധന വ്യാപിപ്പിച്ചിരിയ്ക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്

RECENT POSTS
Copyright © . All rights reserved