Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ആവേശം അതിരുവിട്ടാൽ പണി കിട്ടുമെന്ന് ബ്രിട്ടീഷ് പോലീസ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുസ്ലിം ഭൂരിപക്ഷമായ ഖത്തറിൽ വിവാഹത്തിന് പുറത്തുള്ള ലൈംഗികത നിയമവിരുദ്ധമാണ്. വിവാഹിതരല്ലാത്ത ലിവിംഗ് ടുഗതറിൽ ജീവിക്കുന്ന സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് നടത്തുന്ന സ്നേഹപ്രകടനങ്ങൾ വരെ അറസ്റ്റിലേക്ക് നയിച്ചേക്കാം.

ലോകകപ്പ് ആഘോഷങ്ങളിൽ എത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ഖത്തറിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് ആശങ്കയിലാണ്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഭാര്യഭർത്താക്കന്മാരല്ല വരുന്നതെങ്കിൽ സെക്സിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ സ്വവർഗ ലൈംഗികതയും നിയമവിരുദ്ധമാണ്. അതും ജയിൽവാസത്തിന് ഇടയാക്കും.

ലോകകപ്പിന് മുന്നോടിയായി ആരാധകർക്ക് പ്രായോഗിക ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമെന്ന് കോമൺവെൽത്ത് ഡെവലപ്മെൻറ് ഓഫീസ് അറിയിച്ചു. 2022ലെ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് തങ്ങളുടെ ആരാധകരിൽ അവബോധം വളർത്താൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പന്ത്രണ്ട് വയസുകാരിയായ ബ്രൂക്ക്ലിൻ നാഷിനെ സൗത്ത്പോർട്ടിലെ വീട്ടിൽ നിന്ന് കാണാതായിരിക്കുന്ന സംഭവത്തിൽ പോലീസ് അനേഷണം പുരോഗമിക്കുകയാണ് . ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സൗത്ത്പോർട്ടിൽവെച്ചാണ് ബ്രൂക്ക്ലിൻ നാഷിനെ അവസാനമായി കണ്ടത്. 24 മണിക്കൂറിലേറെയായതിനാൽ കുട്ടിയുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയിലാണ് ബന്ധുക്കൾ.

പെൺകുട്ടിയെ കാണാതായ സമയം ഗ്രേ ഹൂഡിയും കറുത്ത ലെഗീൻസും എയർ ജോർദാൻ ട്രെയിനേഴ്‌സുമാണ് ധരിച്ചിരുന്നത്. 5 അടി, 5 ഇഞ്ച് ഉയരവും തവിട്ടുനിറത്തിലുള്ള മുടിയും വെളുത്ത നിറവുമാണ് പെൺകുട്ടിക്കുള്ളത് . മാഞ്ചസ്റ്റർ ഏരിയയിലേക്കും ലിവർപൂൾ സിറ്റി സെന്റർ ഏരിയയിലേക്കും വില്യംസൺ സ്‌ക്വയർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ബ്രൂക്ക്ലിൻ പോകാനുള്ള സാധ്യതകളെക്കുറിച്ചുള്ള അനേഷണം നടക്കുന്നുണ്ട് . ബ്രൂക്ക്ലിനെ കാണുന്നവർ ഉടൻ തന്നെ 101 എന്ന നമ്പറിൽ മെർസിസൈഡ് പോലീസുമായി ബന്ധപ്പെടണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലോകം മുഴുവൻ പിതൃദിനം ആഘോഷിച്ച ഇന്ന് തികച്ചും വ്യത്യസ്തമായ ജീവിതകഥ പങ്കുവെക്കുകയാണ് ഒരു അമ്മയും കുഞ്ഞും. 33 വയസുകാരിയായ ലാരൻ മാക്ഗ്രെഗോർ ഐവിഎഫ് (കൃത്രിമബീജസങ്കലനം) എന്ന ആധുനിക ശാസ്ത്രവിദ്യയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിക്കുന്നതിനു രണ്ട് വർഷങ്ങൾക്ക് മുൻപ് അവളുടെ ഭർത്താവ് ക്രിസ് മരിച്ചു. ബ്രെയിൻ ട്യൂമർ ആയിരുന്നു മരണകാരണം. അയാളുടെ ബീജം ആധുനിക വൈദ്യശാസ്ത്ര സഹായത്തോടെ സൂക്ഷിച്ചു വെക്കുകയും തുടർന്ന് കൃത്രിമബീജസങ്കലനത്തിലൂടെ ലാരൻ ഗർഭിണിയാകുകയും ചെയ്തു. “സെബ് ജനിച്ചതിനു ശേഷം, ക്രിസ് അവനെ എനിക്ക് മറ്റൊരു ലോകത്ത് നിന്നും തന്നതുപോലെ തോന്നുന്നു.” ലാരൻ പറഞ്ഞു.

ആശുപത്രിയിൽ തന്നെ പരിചരിച്ച ഡോക്ടർമാരെ പറ്റിയും ലാരൻ പറയുന്നുണ്ട്. – “എന്റെ ഈ അവസ്ഥ അറിഞ്ഞപ്പോൾ, ക്രിസിന്റെ ഒരു ഫോട്ടോയും, ഞങ്ങളുടെ കല്യാണ മോതിരവും, ക്രിസിന്റെ ചിതഭസ്മം സൂക്ഷിച്ചിരുന്ന മാലയും കൂടെ കരുതാൻ ഡോക്ടർമാർ അനുവദിച്ചു. അത് എനിക്ക് എന്റെ ലോകമായിരുന്നു. ആ ലോക്കറ്റിലുള്ള ക്രിസിന്റെ ചിത്രം കാണാൻ നല്ല ഭംഗിയായിരുന്നു.” മുൻകാല ബന്ധത്തിൽ നിന്നുള്ള മകൻ വെയ്‌ഡും (18) ലാരനൊപ്പമുണ്ട്. എല്ലാ വർഷവും പിതൃദിനത്തിൽ ക്രിസിന്റെ ഇഷ്ടസ്ഥലങ്ങൾ തങ്ങൾ മൂന്ന് പേരും സന്ദർശിക്കാറുണ്ട് എന്ന് ലാരൻ പറയുന്നു.

2013 ലാണ് പാർട്ടി പ്ലാന്നർ ആയിരുന്ന ലാരനും ഫോർക്ലിഫ്റ്റ് ഡ്രൈവർ ആയിരുന്ന ക്രിസും വിവാഹിതരായത്. നീണ്ട നാളത്തെ പരിചയത്തിന് ശേഷമാണ് അവർ ഒന്നിച്ചത്. എന്നാൽ മാസങ്ങൾക്ക് ശേഷം ക്രിസ് രോഗബാധിതനായി. 2014 ൽ ഒരു ശാസ്ത്രക്രിയക്ക് ശേഷം രക്ഷപ്പെട്ടെങ്കിലും,2020 ജൂലൈയിൽ ക്രിസ് ലോകത്തോട് വിട പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ദമ്പതികൾ ക്രിസിന്റെ ബീജം കേടുകൂടാതെ സൂക്ഷിച്ചു. അങ്ങനെ, 2021 മെയ്‌ 17ന് കുഞ്ഞ് സെബ് ലോകത്തേക്ക് പിറന്നുവീണു. “ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ക്രിസിനെ നഷ്ടപ്പെട്ടതാണ്. എന്നാൽ ക്രിസ് ഇല്ലങ്കിലും ഞങ്ങളുടെ സ്നേഹം നിലനിർത്താൻ ഒരു വഴി കണ്ടെത്തിയാണ് അദ്ദേഹം യാത്രയായത്.” ഒരേസമയം സന്തോഷവും ദുഃഖവും നിറഞ്ഞ വാക്കുകൾ ലാരൻ പങ്കുവെച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനം ലണ്ടൻ തെരുവിലിറങ്ങി. ട്രേഡ് യൂണിയൻ കോൺഗ്രസ്‌ (ടിയുസി) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്‌ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്‌ നടത്തിയത്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാന്യമായ ശമ്പളം നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മിനിമം വേതനം 15 പൗണ്ടായി ഉയർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ അത് ഖജനാവിന്റെ മേൽ ഭാരം കൂട്ടുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.

അതേസമയം, ബ്രിട്ടീഷ് സർക്കാർ എൺപത് ലക്ഷത്തോളം വരുന്ന നിർധനരായ കുടുംബങ്ങൾക്ക് നേരിട്ട് സഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. 1200 പൗണ്ടിന്റെ സഹായവും ഊർജ ബില്ലിൽ എല്ലാ കുടുംബങ്ങൾക്കും 400 പൗണ്ട് കിഴിവും നൽകുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ടി യു സി യുടെ പഠനം അനുസരിച്ച് 2008 മുതൽ തൊഴിലാളികൾക്ക് 20,000 പൗണ്ടിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്. ചെലവുകൾക്ക് ഒപ്പം വരുമാനം കൂടത്താതാണ് പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്.

പണപ്പെരുപ്പത്തിന്റെ കാരണം തൊഴിലാളികളല്ലെന്നും അവർ പണപ്പെരുപ്പത്തിന്റെ ആഘാതം അനുഭവിക്കുന്നവരാണെന്നും ടി യു സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒഗ്രാഡി ബിബിസി ന്യൂസിനോട് പറഞ്ഞു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് അധ്യാപകരും ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്തു. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാൽ, കഴിഞ്ഞ 12 വർഷത്തിനിടെ അധ്യാപകരുടെ ശമ്പളത്തിന്റെ മൂല്യം 19% കുറഞ്ഞുവെന്ന് യൂണിയൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നെറ്റ്‌വർക്ക് റെയിൽ, ട്രെയിൻ ഓപ്പറേറ്റഴ്സ്, ലണ്ടൻ അണ്ടർഗ്രൗണ്ട് എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുൻപോട്ട് പോകാൻ റെയിൽ, മരീടൈം ആൻഡ് ട്രാൻസ്‌പോർട്ട് യൂണിയൻ തീരുമാനം. നെറ്റ്‌വര്‍ക്ക് റെയിലിലും മറ്റ് 13 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളിലും സജീവമായ റെയില്‍ , മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ . എം. ടി) യൂണിയനിലെ അംഗങ്ങള്‍ വരുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും പണിമുടക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലെ സര്‍വ്വീസുകളിലും കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകും. റെയിൽ സമരം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട് ലൻഡ് എന്നിവിടങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. സമരം നിരാശജനകമാണെന്നും അത് അവസാന ശ്രമമായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഗതാഗത വകുപ്പ് തുറന്നടിച്ചു.

സമരത്തിന്റെ പ്രതിസന്ധി കുറച്ച് ദിവസം നീണ്ടു നിന്നേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം ചർച്ച തീരുന്നതിനു മുൻപേ അത് അവസാനിപ്പിച്ച യൂണിയൻ നിലപാടിനെ നെറ്റ്‌വർക്ക് റെയിൽ അപലപിച്ചു. ഇന്ന് കൂടുതൽ ചർച്ചയ്ക്ക് സാധ്യതയുണ്ട്. വേതനം കൂട്ടി നൽകുക എന്ന തീരുമാനം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു. അടുത്തിടെ, അംഗങ്ങൾക്കായി നടത്തിയ ചോദ്യോത്തര പരിപാടിയിൽ പണപ്പെരുപ്പം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആർ എം ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

അംഗങ്ങളുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും, ചെലവുകൾ ഉയരുകയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. സർക്കാർ രാജ്യത്തെ ഗതാഗത സംവിധാനത്തിലേക്ക് തുക നൽകുന്നത് കുറച്ചതിനെ ആർ എം ടി ജനറൽ സെക്രട്ടറി മൈക്ക് ലൈച് കുറ്റപ്പെടുത്തി. ഇതുമൂലം കമ്പനികൾ ജോലിക്കാരുടെ വിഹിതം വെട്ടിക്കുറച്ചെന്നും അവരെ പിരിച്ചുവിടാനുള്ള സാഹചര്യം ഉടലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശമ്പളം നൽകാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽവേ പല തസ്തികകളും പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണന്നും ആർ എം ടി പറഞ്ഞു.

പകുതിയോളം റെയിൽ ഗതാഗതം അടച്ച സാഹചര്യത്തിൽ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അടുത്താഴ്ച ട്രെയിൻ യാത്ര നടത്താവു എന്ന് നെറ്റ്‌വർക്ക് റെയിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, കോവിഡ് സമയത്തുൾപ്പെടെ സർക്കാർ 16 ബില്യൺ പൗണ്ട് റെയിൽവേയിലേക്ക് ചെലവഴിച്ചെന്ന് ഗതാഗത മന്ത്രാലയം വക്താവ് അറിയിച്ചു. സമരം തുടർന്നാൽ ഭാവിയിൽ ജനം റെയിൽവേ യാത്രകളെ ആശ്രയിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി. സമരത്തിന് പോകാതെ അവസാന നിമിഷമെങ്കിലും ചർച്ച നടത്താൻ ലേബർ പാർട്ടി നേതാവ് സെർ കെയൻ സ്റ്റാർമർ ആഹ്വാനം ചെയ്തു. എന്നാൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സ്കൂൾ ടേം സമയത്ത് മക്കളെ കൂട്ടി അവധിക്കാലം ആഘോഷിക്കാൻ പോകുന്ന രക്ഷിതാക്കൾക്ക് ഇനി പിഴ ചുമത്താൻ സർക്കാർ. ക്ലാസില്‍ ഹാജരാകാതെ മാതാപിതാക്കളോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കി രാജ്യത്ത് മുഴുവന്‍ ഏകീകരിച്ച നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടേം സമയത്ത് മക്കളുമായി അവധി ആഘോഷിക്കാൻ പോകുന്ന മാതാപിതാക്കള്‍ക്ക് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കാനാണ് സർക്കാർ തീരുമാനം. ഒരു ടേമില്‍ അഞ്ച് തവണ വൈകിയെത്തുന്ന വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്കും പെനാല്‍റ്റി നോട്ടീസ് ലഭിക്കും.

മതിയായ കാരണമില്ലാതെ അഞ്ച് തവണ ഹാജരാകാതിരിക്കുക, ടേം സമയത്ത് ഹോളിഡേയ്ക്ക് പോകുക, ക്ലാസില്‍ എത്താതെ അഞ്ച് ദിവസം പൊതുസ്ഥലത്ത് ഉണ്ടാവുക എന്നിവയെല്ലാം കുറ്റകരമായി കണക്കാക്കി രക്ഷിതാക്കൾക്ക് പിഴ ചുമത്തും. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു കൺസൾട്ടേഷനിൽ, വിദ്യാർത്ഥികളുടെ രജിസ്റ്ററുകൾ ഇലക്ട്രോണിക് ആയി സൂക്ഷിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. അതേസമയം പ്രാദേശിക കൗൺസിലുകൾക്ക് അവരുടെ പ്രദേശത്തെ സ്കൂളുകളിലെ എല്ലാ ഹാജർ ഡാറ്റയും ആക്സസ് ചെയ്യാൻ കഴിയും.

ശരത്കാലത്തെ ടേമോടെ സ്‌കൂളുകളിലെ ഹാജര്‍ നില നൂറ് ശതമാനം ആക്കണമെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ റേച്ചല്‍ ഡിസൂസ ആവശ്യപ്പെട്ടു. പുതിയ നിയമങ്ങള്‍ പ്രകാരം ഒരു സ്‌കൂള്‍ വർഷം രക്ഷിതാക്കള്‍ക്ക് രണ്ട് പിഴ വരെ ലഭിക്കാം. അതുപോലെ, ആരോഗ്യപരമായ കാരണങ്ങളാൽ പതിനഞ്ചോ അതിൽ കൂടുതലോ ദിവസം ഹാജരാകാത്ത വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനും കൂടുതൽ പിന്തുണ ലഭിക്കാൻ പ്രാദേശിക കൗൺസിലിനെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മന്ത്രിസഭ പുനസംഘടിപ്പിച്ചു നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനുള്ള ശ്രമം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെങ്, ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ, പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് എന്നിവരുടെ പേരുകളാണ് കസേര നഷ്ടപ്പെടുന്ന മന്ത്രിമാരുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്.

ഒരുപക്ഷേ ചാൻസിലർ ഋഷി സുനക്കിനും തൻറെ സ്ഥാനം തെറിച്ചേക്കാം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചാൻസിലറുടെ ചില നടപടികൾ മന്ത്രിസഭയുടെ പ്രതിഛായയെ ബാധിച്ചതായി പ്രധാനമന്ത്രി വിശ്വസിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവി ഒഴിയേണ്ട സാഹചര്യം വന്നാൽ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഋഷി സുനക്കിന്റെ പേര് മാധ്യമങ്ങൾ ഉയർത്തി കാട്ടിയിരുന്നു.

സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള ഒരു വിഭാഗം എംപിമാരുടെ കുറ്റപ്പെടുത്തലുകളെ അതിജീവിച്ച് പാർട്ടിയുടെ വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിജയിച്ചിരുന്നു . എന്നാൽ തന്നെയും അദ്ദേഹത്തിന് നേരിടാനുള്ള പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ട് ചെയ്തത് . 359 എം പി മാരിൽ 41 ശതമാനത്തോളം പേരാണ് ബോറിസ് ജോൺസനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്തത് . 23 ന് വെസ്റ്റ് യോർക്ഷെയറിലെ വെയ്ക്ഫീൽഡിലും, ഡെവോണിലെ ടിവർടൺ & ഹോനിടണിലും നടക്കുന്ന ബൈ ഇലക്ഷനുകളുടെ വിധി പ്രഖ്യാപനവും ബോറിസ് ജോൺസന്റെ ഭാവിയെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ മൂലം ഈ രണ്ടിടത്തും തോൽക്കാൻ സാധ്യതയുണ്ടെന്ന് സീനിയർ ടോറി നേതാക്കൾ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പംതന്നെ പാർട്ടി ഗേറ്റ് വിവാദത്തെ സംബന്ധിച്ചുള്ള അന്വേഷണം പൂർണമായും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വരാനിരിക്കെ , ബോറിസ് ജോൺസന്റെ ഭാവി നിർണ്ണായകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രസീൽ : ആമസോൺ മഴക്കാടുകളിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങളിൽ ഒന്ന് ബ്രിട്ടീഷ് പരിസ്ഥിതി മാധ്യമപ്രവർത്തകൻ ഡോം ഫിലിപ്സിന്റേതാണെന്ന് സ്ഥിരീകരിച്ച് ബ്രസീലിയൻ പോലീസ്. രണ്ടാമത്തെ മൃതദേഹം ബ്രസീലിലെ ഗോത്രവർഗ വിദഗ്ധനായ ബ്രൂണോ പെരേരയുടേതാണെന്ന് വിശ്വസിക്കുന്നു. ബ്രസീലിലെ ജാവേരി താഴ്‌വരയ്ക്ക് അടുത്ത് നദിയിൽ യാത്ര ചെയ്യുമ്പോൾ ജൂൺ 5 നാണ് ഇരുവരെയും കാണാതായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി ഈ ആഴ്ച ആദ്യം ഒരാൾ വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ പേര് അമറിൽഡോ ഡാ കോസ്റ്റ ഡി ഒലിവേര എന്നാണെന്നു പോലീസ് പറയുന്നു.

പ്രതിയുടെ കുറ്റസമ്മതത്തിന് ശേഷം ഹൃദയം തകർന്ന അവസ്ഥയിലാണ് തങ്ങളെന്നു ഡോം ഫിലിപ്സിന്റെ കുടുംബം പറഞ്ഞു. തിരച്ചിലിൽ പങ്കെടുത്ത എല്ലാവരോടും തദ്ദേശീയരായ ആളുകളോടും ഫിലിപ്സിന്റെ ഭാര്യ അലസാന്ദ്ര സാമ്പായോ നന്ദി പറഞ്ഞു. 15 വർഷങ്ങളോളമായി ആമസോൺ കാടുകൾ സന്ദർശിക്കുന്ന വ്യക്തിയാണ് ഫിലിപ്സ്. അടുത്തിടെ ഗോത്രസമൂഹങ്ങളെപ്പറ്റിയും അവരുടെ പോരാട്ടങ്ങളെക്കുറിച്ചും ഒരു പുസ്തകമെഴുതാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതിനായാണ് 57 കാരനായ ഡോം ഫിലിപ്സ് വീണ്ടും ഇവിടെയെത്തിയത്.

ലോകത്തിലെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിലൊന്നാണ് ബ്രസീൽ–പെറു അതിർത്തിക്കടുത്തുള്ള ജാവേരി താഴ്‌വര. റോഡുകളോ മറ്റു ഗതാഗത സംവിധാനങ്ങളോ ഇവിടെയില്ല. 19 തദ്ദേശീയ ഗോത്രവിഭാഗങ്ങൾ ഈ കൊടുംകാട്ടിൽ കഴിയുന്നു. അനധികൃത ഖനനം, തടിയെടുപ്പ്, മത്സ്യബന്ധനം എന്നിവ ഇവിടെ തുടർന്നുവന്നിരുന്നു. ഇതിന് കൃത്യമായ നടപടി എടുക്കാത്തതിന്റെ പേരിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൽസൊനാരോക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഡോം ഫിലിപ്സിനെയും ഫെരേരയെയും കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ബ്രസീലിലും ബ്രിട്ടനിലും പ്രകടനങ്ങൾ നടന്നിരുന്നു. 2009 മുതൽ 2020 വരെയുള്ള കാലയളവിൽ ആമസോണുമായി ബന്ധപ്പെട്ടുള്ള 139 പ്രകൃതി സംരക്ഷണ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പെട്രോൾ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കൂടുതൽ ആളുകളെ ഇലക്ട്രിക് കാറുകൾ വാങ്ങാനുള്ള തീരുമാനത്തിലേയ്ക്ക് നയിക്കുന്നുണ്ട്. നിലവിൽ തന്നെ 5 ലക്ഷത്തോളം ഇലക്ട്രിക് കാറുകൾ ബ്രിട്ടനിൽ നിരത്തിലുണ്ട്. 2030 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന ഉണ്ടാവുകയില്ലെന്ന് ഗവൺമെന്റ് മുൻപുതന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ അടുത്തിടെ ഗവൺമെന്റ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അധിക ഗ്രാന്റ് പിൻവലിച്ചിരുന്നു. ഗ്രാന്റ് നൽകിയിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കാര്യമായ തോതിൽ വർധിക്കുന്നില്ല എന്നതായിരുന്നു കാരണം. സാധാരണ ഒരു കാറിന്റെ 47 ലിറ്റർ ടാങ്ക് നിറയ്ക്കുവാൻ പെട്രോളിന് 85 പൗണ്ടും, ഡീസലിന് 88 പൗണ്ടും തുകയാകും. ഇതേസമയം ഇലക്ട്രിക് കാർ ഇതേ മൈലേജിൽ വീട്ടിൽ ചാർജ് ചെയ്യാൻ പകുതി തുകയായ 41 പൗണ്ട് മാത്രമേ ചെലവുള്ളൂ. എന്നാൽ സാധാരണയായി ഡ്രൈവർമാർ 70% ചാർജ് വീടുകളിലും, ബാക്കി 30 ശതമാനം പബ്ലിക് ചാർജിങ് പോർട്ടുകളിലും ചെയ്യാറാണ് പതിവെന്ന് എനർജി സേവിങ് ട്രസ്റ്റ് വ്യക്തമാക്കുന്നുണ്ട്. പബ്ലിക് ചാർജിങ് പോർട്ടുകളിൽ തുക വ്യത്യാസപ്പെടുന്നുണ്ടെങ്കിലും , ഈ രീതിയിലും മൊത്തം തുക 48 പൗണ്ട് മാത്രമേ ചിലവുള്ളൂ.

ഇലക്ട്രിക് കാറുകളും സാധാരണ കാറുകളും തമ്മിലുള്ള വില വ്യത്യാസവും കുറഞ്ഞുവരുന്നുണ്ട്. കുറച്ചുകാലം കൂടി കഴിയുമ്പോൾ ഈ വില വ്യത്യാസം പൂർണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇലക്ട്രിക് കാറുകൾക്ക് സാധാരണ പെട്രോൾ, ഡീസൽ കാറുകളെക്കാൾ വില കൂടുതലാണ്. എന്നാൽ വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകൾ ഇപ്പോൾ ധാരാളമായി ലഭ്യമാകുന്നുണ്ട്. ഇലക്ട്രിക് കാറുകൾക്ക് വെഹിക്കിൾ ടാക്സിലും ഇളവുകൾ ലഭ്യമാകുന്നുണ്ട്. സാധാരണ വീട്ടിലെ ചാർജിങ് സംവിധാനം കൊണ്ട് ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ചാർജ്ജ് ചെയ്യുവാൻ സമയമെടുക്കുമെങ്കിലും, പബ്ലിക് ചാർജർ ഉപയോഗിച്ച് 20 മുതൽ 40 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ ബ്രിട്ടനിൽ 30, 373 പബ്ലിക് ചാർജറുകൾ ഉണ്ട്. പെട്രോൾ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധിപ്പേർ ഇലക്ട്രിക് കാറുകൾ എന്ന ഓപ്ഷനിലേക്ക് തിരിയുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ കോവിഡിന്റെ പുതിയ തരംഗത്തിനുള്ള തുടക്കമാകുകയാണോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ . കഴിഞ്ഞയാഴ്ച മാത്രം ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ 40 ശതമാനമാണ് ഉയർന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ 1.13 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായാണ് കണക്കാക്കുന്നത് . ജനസംഖ്യയുടെ 50-ൽ ഒരാൾക്ക് വൈറസ് ബാധ ബാധിച്ചതിൻെറ സൂചനയാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഡിസംബർ കഴിഞ്ഞിട്ടുള്ള ഏറ്റവും കൂടിയ രോഗവ്യാപന നിരക്കാണിത്.

വെയിൽസിലും വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം BA.4, BA.5 സബ്‌വേരിയന്റുകളാണ് പുതിയ തരംഗത്തിലേക്ക് നയിക്കുന്നത്‌ . രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന് പങ്ക് വഹിച്ചെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

കെയർ ഹോമുകളിൽ കോവിഡ് കുതിച്ചുയരുന്നതും ആശുപത്രികളിലേയ്ക്കുള്ള പ്രവേശനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ആരോഗ്യ സേവനത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയെകുറിച്ചുള്ള ഔദ്യോഗികകണക്കുകൾ ഒഎൻഎസ് സർവേയിലൂടെയാണ് സർക്കാർ ശേഖരിക്കുന്നത്. ഇതിൻെറ ഭാഗമായി ഓരോ ആഴ്ചയും പതിനായിരക്കണക്കിന് ആളുകളെയാണ് പരിശോധിക്കുന്നത്.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം വ്യാപനം ഓരോ ആഴ്ചയും ഇരട്ടിയായി കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ 85 വയസ്സിനു മുകളിലുള്ളവരുടെ ആശുപത്രി പ്രവേശനം തുടർച്ചയായി രണ്ടാം ആഴ്ചയും വർദ്ധിച്ചത് ആരോഗ്യ മേഖലയിൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved