ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുക്രൈന് വേണ്ടി യുദ്ധം ചെയ്യാനെത്തി റഷ്യയുടെ പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കും ഒരു മൊറൊക്കൊ പൗരനും വധശിക്ഷ വിധിച്ച് കിഴക്കൻ യുക്രൈനിലെ റഷ്യൻ പ്രോക്‌സി കോടതി. ഏപ്രിലിൽ റഷ്യ മരിയുപോൾ പിടിച്ചെടുത്ത സമയത്താണ് എയ്ഡൻ അസ്ലിനും ഷോൺ പിന്നറും പിടിയിലാകുന്നത്. ഇരുവരെയും കൂലിപട്ടാളക്കാരായും തീവ്രവാദികളായും മുദ്രകുത്തിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇത് റഷ്യയുടെ മനുഷ്യത്വ വിരുദ്ധ നടപടിയാണെന്ന് ബ്രിട്ടൻ പറഞ്ഞു. ഈ നടപടി ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് ബ്രിട്ടീഷ് സർക്കാരും യുക്രൈനിലെ ഉന്നത പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടു. ജനീവ കൺവെൻഷൻ അനുസരിച്ച് യുദ്ധക്കുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.
ഇത് സംബന്ധിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി ഫോണിൽ സംസാരിക്കും. നോട്ടിംഗ്ഹാംഷെയറിലെ നെവാർക്കിൽ നിന്നുള്ള അസ്ലിൻ (28), ബെഡ്ഫോർഡ്ഷയറിൽ നിന്നുള്ള പിന്നർ (48) എന്നിവരുടെ മോചനത്തിനായി ബ്രിട്ടൻ മുൻപും ശ്രമിച്ചിരുന്നു. ശിക്ഷയ് ക്കെതിരെ മൂന്ന് പേരും ഉയർന്ന കോടതിയിൽ അപ്പീൽ നൽകും. മൊറൊക്കൻ പൗരനായ ബ്രാഹിം സൗദിനാണ് മൂന്നാമൻ.
അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലാത്ത കോടതിയാണ് മൂന്നുപേർക്കും വധശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കോടതി റഷ്യൻ പിന്തുണയുള്ള, ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഡോണ്ട്സ്കിനെ ഒരു സ്വതന്ത്ര രാജ്യമായി ലോകത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമല്ല ഈ വിധി. ഇത് ചൂണ്ടിക്കാട്ടി ബ്രിട്ടനും യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ ഇന്ധനക്ഷമത കൂട്ടാനാണ് നാം ഇപ്പോൾ ശ്രമിക്കേണ്ടത്. ഇതാ ഇന്ധനം ലാഭിക്കാന്‍ ഏതൊരാള്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍.
കൃത്യമായ ടയർ പ്രഷർ
ടയറില്‍ മര്‍ദ്ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും. ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും. കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക.
അമിതഭാരം ഒഴിവാക്കുക
വാഹനത്തിന് ഭാരം കൂടുംതോറും ഓടാന്‍ ഇന്ധനവും കൂടുതലായി വേണ്ടിവരും. ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തു സാധനവും വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക.
വേഗത കുറയ്ക്കൂ ഇന്ധനക്ഷമത കൂട്ടു
നിർമ്മാതാവ് നിർദ്ദേശിക്കുന്ന ഇക്കണോമി വേഗതയിൽ ഓടിക്കുകയാണ് ഇന്ധനക്ഷമത കൂട്ടാനുള്ള മറ്റൊരു മാർഗം. കൃത്യം 56 മൈൽ വേഗതയിൽ വാഹനമോടിക്കുന്നത് ഇന്ധനക്ഷമത കൂട്ടുമെന്ന് പലരും കരുതുന്നു. എന്നാൽ ആർഎസി പറയുന്നതനുസരിച്ച് 45-50mph വേഗതയിൽ വാഹനം ഓടിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ദൂര യാത്രകളിൽ ഒരേ വേഗത നിലനിർത്തുന്നതും ഇന്ധനക്ഷമത വർദ്ധിപ്പിക്കും.
എസിയുടെ ഉപയോഗം
എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നഗരങ്ങളിലൂടെ വിന്റോകൾ തുറന്നിട്ട് ഓടിക്കുന്നത് അത് സുഖകരമല്ലെങ്കിലും പരമാവധി എസിയുടെ ഉപയോഗം കുറയ്ക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. ഓട്ടോമൊബൈൽ അസോസിയേഷന്റെ അഭിപ്രായ പ്രകാരം എസി ഓണാക്കി യാത്ര ചെയ്താൽ ഇന്ധന ഉപഭോഗം 10% വരെ വർധിക്കും. അതേസമയം, എൺപത് കിലോമീറ്ററിൽ അധികം വേഗതയിൽ പോകുമ്പോൾ ചില്ലുകൾ ഉയർത്തി എസിയിട്ട് യാത്ര ചെയ്യുക, കാരണം വിൻഡോകൾ താഴ്ത്തി, ഉയർന്ന വേഗതയിൽ പോകുമ്പോൾ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് മൂലം ഇന്ധനക്ഷമത വളരെ കുറയും.
കോസ്റ്റിംഗ് ഇന്ധനം ലാഭിക്കുമോ?
നിങ്ങൾ കാർ ന്യൂട്രലായി അല്ലെങ്കിൽ ക്ലച്ച് പെഡൽ അമർത്തിപ്പിടിച്ച് ഡ്രൈവ് ചെയ്യുന്നതാണ് കോസ്റ്റിംഗ്. ഇത് സുരക്ഷിതമല്ലെന്ന് മാത്രമല്ല, ഇന്ധനം ലഭിക്കാനും ഇതിലൂടെ കഴിയില്ലെന്ന് ഔട്ടോമൊബൈൽ അസോസിയേഷൻ പറയുന്നു.
ക്രൂയിസ് കൺട്രോൾ ഇന്ധനം ലാഭിക്കുമോ?
ആക്സിലറേറ്റർ പെഡൽ ഉപയോഗിക്കാതെ തന്നെ കാറിനെ സ്ഥിരമായ വേഗതയിൽ നിലനിർത്തുന്ന ഒരു ഉപകരണമാണിത്. അനാവശ്യമായ ആക്സിലറേഷനും ബ്രേക്കിംഗും ഒഴിവാക്കുന്നതിനാൽ, ഇന്ധനം ലാഭിക്കുന്നതിനുള്ള ഒരു മാർഗമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ മോട്ടോർവേ ഡ്രൈവിംഗിന്റെ കാര്യത്തിൽ മാത്രമേ ഇത് ശരിയാകൂ. കയറ്റങ്ങൾ ഉള്ള റോഡിൽ ഈ സംവിധാനത്തിലൂടെ വാഹനം ഓടിച്ചാൽ ഇന്ധന ഉപഭോഗം വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാസങ്ങൾക്കു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രാ ഫ്ലൈറ്റുകളാണ് റദ്ദാക്കിയതുമൂലം മുടങ്ങുക. കുറെനാളുകളായി ബ്രിട്ടനിലെ വ്യോമഗതാഗതം താറുമാറായതിൻറെ നേർക്കാഴ്ചയാണിത്. നാണക്കേടിന്റെ പുതുചരിത്രം കുറിച്ച് എല്ലാദിവസവും ഫ്ലൈറ്റുകൾ റദ്ദാക്കിയതിന്റെ വിവരങ്ങളാണ് യാത്രക്കാരെ തേടിയെത്തുന്നത്. യാത്ര മുടങ്ങിയവരിൽ ഒട്ടേറെ യുകെ മലയാളികളും ഉണ്ട് .
ഇന്നലെ തന്നെ ബ്രിട്ടീഷ് എയർവെയ്സ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള 124 ഹ്രസ്വദൂര വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ ഹീത്രൂവിൽ നിന്ന് ആംസ്റ്റർഡാമിലേയ്ക്കുള്ളതുൾപ്പെടെ 106 അന്താരാഷ്ട്ര ഫ്ലൈറ്റുകളും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ബ്രിട്ടീഷ് എയർവെയ്സിനു പുറകെ യുകെയിലെ ഏറ്റവും വലിയ ജെറ്റ് എയർലൈനായ ഈസി ജെറ്റ് ദിനംപ്രതി ഒട്ടേറെ ഫ്ലാറ്റുകളാണ് റദ്ദാക്കുന്നത്. ഇന്നലെ തന്നെ ഈസി ജെറ്റ് കുറഞ്ഞത് 60 ഫ്ലൈറ്റ് സർവീസുകളെങ്കിലും റദ്ദ് ചെയ്തിട്ടുണ്ട്. കോവിഡാനന്തരമുള്ള ജീവനക്കാരുടെ അഭാവമാണ് ബ്രിട്ടീഷ് എയർവെയ്സും ഈസി ജെറ്റും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുന്നതിന് കാരണമായി പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്യത്തെ ഇന്ധന വില വർധന കുടുംബങ്ങളെ കനത്ത പ്രതിസന്ധിയിലാക്കുന്നു. 55 ലിറ്റർ ടാങ്ക് നിറയ്ക്കുന്നതിനുള്ള തുക പെട്രോളിന് 100.27 പൗണ്ടും ഡീസലിന് 103.43 പൗണ്ടുമായി ഉയർന്നു. ഇപ്പോൾ തന്നെ ജീവിതചെലവ് പ്രതിസന്ധിയിൽ കഴിയുന്ന ശരാശരി കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുകയാണ് ഇന്ധന വില വർധന. ഇന്ധന തീരുവ കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നു. അതേസമയം, ജീവിതച്ചെലവ് പ്രതിസന്ധി മറികടക്കാൻ 37 ബില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ട്രഷറി അറിയിച്ചു.
ഊർജ്ജ ബില്ലുകളും ഭക്ഷ്യ വിലയും ഇപ്പോൾ തന്നെ ഉയർന്ന നിരക്കിലാണ്. യുക്രൈൻ – റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് എണ്ണ വില കുത്തനെ ഉയർന്നത്. അടുത്തിടെ ഇന്ധന തീരുവയിൽ 5 പെൻസ് കുറച്ചെങ്കിലും പെട്രോൾ റീട്ടെയിലർമാർ ഉപഭോക്താക്കൾക്ക് ഇത് കൈമാറുന്നില്ലെന്ന് ആശങ്കയുണ്ട്. ഒരു ലിറ്റർ അൺലെഡ് പെട്രോളിന്റെ ശരാശരി പമ്പ് വില ഇപ്പോൾ 182.31 പെൻസ് ആണ്. ഡീസൽ വില 188.05 പെൻസ്. ഇത് ഉടൻ തന്നെ ലിറ്ററിന് £2 ആയി ഉയരുമെന്ന് പല മോട്ടോർ ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകി.
ഒരു കാറിന്റെ ടാങ്ക് നിറയ്ക്കുന്നതിനുള്ള ചെലവ് ഇതാദ്യമായാണ് 100 പൗണ്ട് കടക്കുന്നത്. വാഹനമോടിച്ച് ഉപജീവനം കഴിക്കുന്നവരെ ഇരുട്ടിലാക്കുന്ന തരത്തിലുള്ള ഇന്ധന വില വർധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ആർഎസി ഇന്ധന വക്താവ് സൈമൺ വില്യംസ് പറഞ്ഞു. ഇന്ധന തീരുവ ലിറ്ററിന് 10 പെൻസ് കുറയ്ക്കണമെന്ന് ഓട്ടോമൊബൈൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിലെ റോഡുകളിൽ ലേണർ ഡ്രൈവർമാർ നിയമം പാലിക്കുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 76,000 ലേണർ ഡ്രൈവർമാർക്ക് അവരുടെ പ്രൊവിഷണൽ ലൈസൻസിൽ പെനാൽറ്റി പോയിന്റുകൾ ലഭിച്ചിട്ടുണ്ട്. റോഡിൽ പ്രധാനപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ടെസ്റ്റ് പാസ്സ് ആകുന്നതിന് മുൻപ് തന്നെ പല ലേണർ ഡ്രൈവർമാർക്കും നിരോധനം നേരിടേണ്ടതായി വരും. 61 ശതമാനം പേർക്കും ആറ് മുതൽ 10 വരെ പെനാൽറ്റി പോയിന്റുകൾ ഉണ്ട്.
ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 33,000 പേർക്ക് പെനാൽറ്റി പോയിന്റ് ലഭിച്ചു. സൂപ്പർവൈസറില്ലാതെ വാഹനമോടിച്ചതിന് 13,000 പേർക്ക് പിഴ ചുമത്തിയതായും കണക്കിൽ പറയുന്നു. ലേണർ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളിൽ എൽ-പ്ലേറ്റുകൾ ശരിയായി പ്രദർശിപ്പിക്കാത്തതാണ് പിഴ ചുമത്താനുള്ള മറ്റൊരു കാരണം.
റോഡ് നിയമം കർശനമാകുന്നതിനാൽ ലേണേഴ്സ് ലഭിച്ചവരും അടുത്തിടെ ലൈസൻസ് ലഭിച്ച ഡ്രൈവർമാരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് വെയ്‌ഗോയുടെ സിഇഒ ജെയിംസ് ആംസ്ട്രോങ് പറഞ്ഞു. ടെസ്റ്റ് പാസായി രണ്ട് വർഷത്തിനുള്ളിൽ 6 പെനാൽറ്റി പോയിന്റുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ അനേകം ലേണർ ഡ്രൈവർമാരാണ് കാത്തിരിക്കുന്നത്. മിക്കവരുടെയും കാത്തിരിപ്പ് 2023 വരെ നീളും. കോവിഡ് മൂലം ഡ്രൈവിംഗ് ടെസ്റ്റിൽ ഉണ്ടായ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- രാജ്യത്താകമാനമുള്ള എൻ എച്ച് എസ് ആശുപത്രികളിലെ പ്രതിസന്ധി വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എസ്സെക്സിലെ ഒരു ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ രോഗികളോട് 13 മണിക്കൂറോളം കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്ന നേഴ്സിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ ബെഡ്ഡുകൾ ഒന്നുംതന്നെ കാലിയായിട്ടില്ലെന്നും, അതോടൊപ്പം തന്നെ ഏകദേശം 90 രോഗികൾ ഡോക്ടറിനെ കാണാൻ കാത്തിരിക്കുകയാണെന്നും ഈ വീഡിയോയിൽ നേഴ്സ് വ്യക്തമാക്കുന്നുണ്ട് . നിലവിൽ ഒരു ഡോക്ടറെ കാണാനുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം ഏഴര മണിക്കൂർ ആണെന്നും, ഇത് 12 മുതൽ 13 മണിക്കൂർ വരെ നീളാൻ സാധ്യതയുണ്ടെന്നും നേഴ്സ് പറയുന്നു. എൻഎച്ച്എസ് ആശുപത്രിയിലെ മാത്രം അവസ്ഥയല്ലെന്നും, ഭൂരിഭാഗം ആശുപത്രികളിലും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് മൂലം ഉണ്ടായ വ്യത്യസ്ത പ്രതിസന്ധി ഇതുവരെയും പരിഹരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഭൂരിഭാഗം ആശുപത്രികളിലും രോഗികളുടെ നീണ്ട നിരയാണ് അതിനാൽ കൃത്യസമയത്ത് ഡോക്ടറെ കാണുവാൻ ഇവർക്കൊന്നും തന്നെ സാധിക്കുന്നില്ല. ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദും വീഡിയോയോട് പ്രതികരിച്ചു. നിലവിലെ സാഹചര്യം മോശമാണെന്നും ഉടൻതന്നെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെക്സിലെ ഹാർലൊയിൽ നിന്നുള്ള പ്രിൻസസ്സ് അലക്ക് സാൻഡ്രാ ആശുപത്രിയിൽനിന്നുള്ള നേഴ്സിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൂടുതൽ പ്രതിസന്ധികൾ ഉണ്ടെങ്കിൽ മാത്രമേ ആക്സിഡന്റ് എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്താവു എന്ന നിർദ്ദേശം ആശുപത്രി അധികൃതർ നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡും വർക്ക് ഫ്രം ഹോമും പുതിയ ഒരു തൊഴിൽ സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലിയുടെ ഭാഗമായി ഓഫീസുകളിൽ പോകുന്നതിന് പലർക്കും താത്പര്യമില്ല . ലണ്ടനിലെ പോളിസി ഇൻസ്റ്റിറ്റ്യൂഷനും കിങ്സ് കോളേജും സംയുക്തമായി നടത്തിയ ഒരു സർവ്വേ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴിൽ ജീവിതം ഉടനെയൊന്നും കോവിഡിനു മുമ്പുള്ള അവസ്ഥയിലേയ്ക്ക് മാറാൻ സാധ്യതയില്ലെന്നാണ്.
സർവ്വേയിൽ പങ്കെടുത്ത നാലിൽ മൂന്ന് പേരും ഫുൾടൈം ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ താത്‌പര്യമുള്ളവരല്ല. 60 ശതമാനം തൊഴിലാളികളും ആഴ്ചയിൽ ഒരിക്കലെങ്കിലും വർക്ക് ഫ്രം ഹോം വഴിയാണ് തങ്ങളുടെ ഓഫീസ് ജോലികൾ ഇപ്പോഴും ചെയ്യുന്നത്.
തിരക്കുള്ള സമയങ്ങളിലെ ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭിക്കാനായാണ് പലരും വർക്ക് ഫ്രം ഹോമിനെ ഒരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് . ഈ ആഴ്ചയിലും മാർച്ച് മാസത്തിലും നടന്ന ട്യൂബ് സ്ട്രൈക്ക് ആണ് ഇതിന് ഉപോദ്ബലകമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം യാത്രാ ചെലവിനായുള്ള പണം ലഭിക്കാമെന്നുള്ളതും പലരെയും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. മെയ് അവസാനം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ പഠനത്തിൽ 10 ബ്രിട്ടീഷുകാരിൽ ഒരാൾ മാത്രമേ വർക്ക് ഫ്രം ഹോം ഒഴിവാക്കി മുഴുവൻ സമയവും ഓഫീസിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കേംബ്രിഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ജയന്‍ കരുമാത്തില്‍ (42 ) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹെവെർ ഹിൽ പാലത്തിനടുത്തു നിന്ന ജയനോട് പോലീസ് സംസാരിച്ചിരുന്നെന്നും അദ്ദേഹത്തെ അവിടെനിന്നും തിരിച്ചയച്ചിരുന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിനുശേഷം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ജയൻ പാലത്തിൽ നിന്ന് വീണു മരിച്ചതായുള്ള സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ഈ സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ജയൻ തന്റെ സഹോദരിയുടെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. അല്പകാലമായി ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലുമായിരുന്നു . തന്റെ രണ്ടാമത്തെ വീടിന്റെ താക്കോൽ ഇന്ന് കൈപ്പറ്റാനിരിക്കെ ഉണ്ടായ മരണം കുടുംബത്തെയും കേംബ്രിഡ്ജ് മലയാളികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ജയന്‍ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു ജയൻ. സി എം എ യുടെ ആരംഭ ഘട്ടത്തില്‍ ജയന്‍ ഭരണ സമതി അംഗമായിരുന്നു.
കേംബ്രിജിന് സമീപം ഹാവെര്‍ഹില്ലിലാണ് ജയൻ കുടുംബസമേതം താമസിച്ചിരുന്നത്. അങ്കമാലി സ്വദേശിയായ ഭാര്യ ആദം ബ്രോക് ഹോസ്പിറ്റലില്‍ തന്നെ സീനിയര്‍ നേഴ്സായി ജോലി ചെയ്യുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള ഒരു വിഭാഗം എംപിമാരുടെ കുറ്റപ്പെടുത്തലുകളെ അതിജീവിച്ച് പാർട്ടിയുടെ വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിജയിച്ചു. എന്നാൽ തന്നെയും അദ്ദേഹത്തിന് നേരിടാനുള്ള പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 359 എം പി മാരിൽ 41 ശതമാനത്തോളം പേർ ബോറിസ് ജോൺസനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്തു. ബോറിസ് ജോൺസനെ നീക്കം ചെയ്യേണ്ടത് ക്യാബിനറ്റ് ആണെന്നും, എന്നാൽ ക്യാബിനറ്റിനെ അദ്ദേഹം മുതലെടുക്കുകയാണെന്നും ഒരു വിമത എംപി കുറ്റപ്പെടുത്തി. 1922 ലെ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഇനിയൊരു അവിശ്വാസ വോട്ടെടുപ്പിന് ഒരു വർഷത്തെ കാലാവധി ആവശ്യമാണ്. എന്നാൽ ഈ ഒരു കാരണം കൊണ്ട് മാത്രം ബോറിസ് ജോൺസൺ സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മറ്റൊരു എം പി വ്യക്തമാക്കി. ഈ നിയമം മാറ്റാൻ കമ്മിറ്റി ചെയർമാനായ സർ ഗ്രഹാം ബ്രാഡിയുടെ മേൽ വൻ സമ്മർദങ്ങൾ ഉണ്ടാകുമെന്നും വിമത എംപിമാരിൽ ഒരാൾ വ്യക്തമാക്കി.
23 ന് വെസ്റ്റ് യോർക്ഷെയറിലെ വെയ്ക്ഫീൽഡിലും, ഡെവോണിലെ ടിവർടൺ & ഹോനിടണിലും നടക്കുന്ന ബൈ ഇലക്ഷനുകളുടെ വിധി പ്രഖ്യാപനവും ബോറിസ് ജോൺസന്റെ ഭാവിയെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ മൂലം ഈ രണ്ടിടത്തും തോൽക്കാൻ സാധ്യതയുണ്ടെന്ന് സീനിയർ ടോറി നേതാക്കൾ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പംതന്നെ പാർട്ടി ഗേറ്റ് വിവാദത്തെ സംബന്ധിച്ചുള്ള അന്വേഷണം പൂർണമായും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വരാനിരിക്കെ , ബോറിസ് ജോൺസന്റെ ഭാവി നിർണ്ണായകമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉക്രൈൻ :- ഉക്രൈൻ യുദ്ധത്തിനിടെ റഷ്യ അറസ്റ്റ് ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഡോനെറ്റ്സ്ക് കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട്. നോട്ടിങ്ഹാംഷെയറിൽ നിന്നുള്ള ഇരുപത്തെട്ടുകാരനായ ഐഡൻ അസ്‌ലിൻ, ബെഡ്ഫോർഡ്ഷെയറിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ ഷൗൺ പിന്നർ എന്നിവരെയാണ് റഷ്യ അറസ്റ്റ് ചെയ്തതത്. ഇവർ ഉക്രൈൻ മിലിറ്ററിയുടെ ഭാഗമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഉക്രൈനിൽ തന്നെ റഷ്യയെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയാണ് ഡോനെറ്റ്സ്ക്. അന്താരാഷ്ട്ര അംഗീകാരമില്ലാത്ത ഇവിടുത്തെ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുമോ എന്ന ഭയവും നിലവിലുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവർക്കുമെതിരെ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ട്രെയിനിങ്ങിന് വിധേയമാക്കപ്പെട്ടു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവർക്കും തങ്ങൾ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിന്റെ വ്യക്തമായ ചിത്രം ഇല്ല എന്നാണ് പ്രാഥമിക നിഗമനം.
2014 ലാണ് ഉക്രൈനിൽ തന്നെയുള്ള റഷ്യൻ വിമതർ ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിക്കുന്നത്. റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ടുകൾ പ്രകാരം സ്ഥലത്തെ കോടതിയിൽ ഇരുവരെയും വിചാരണയ്ക്ക് വിധേയരാക്കും എന്നാണ് വ്യക്തമാക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം ഇരുവരും ഉക്രൈൻ മിലിറ്ററി അംഗങ്ങൾ ആണെന്നും , അല്ലാതെ സ്വയമേവ യുദ്ധത്തിൽ പങ്കെടുത്തവരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും ഉക്രൈനിൽ താമസിക്കുന്നവരുമാണ്.