ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലേർണർ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾസ് സ്റ്റാൻഡേർഡ്സ് ഏജൻസി അറിയിച്ചിരിക്കുകയാണ്. ഒരു ഡ്രൈവിംഗ് ടെസ്റ്റിനു വേണ്ടി ലേർണർ ഡ്രൈവറുമാരുടെ പക്കൽ നിന്നും 200 പൗണ്ടിലധികം തുകയാണ് കമ്പനികൾ ഈടാക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് സാധാരണ ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ്. കോവിഡ് മൂലം ഉണ്ടായ ബാക്ക് ലോഗ് മൂലം നിരവധിപേർക്കാണ് ടെസ്റ്റ് നടക്കാനായിട്ടുള്ളത്. ഈ സാഹചര്യം മുതലെടുത്ത് കമ്പനികൾ കൂടുതൽ പണം ഈടാക്കി പെട്ടെന്ന് തന്നെ ടെസ്റ്റ് നൽകുമെന്ന വാഗ്ദാനമാണ് നൽകുന്നത്. ബ്രിട്ടനിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഔദ്യോഗികമായി നടത്തുന്നത് ഡ്രൈവിംഗ് ആൻഡ് വെഹിക്കൾസ് സ്റ്റാൻഡേർഡ്സ് ഏജൻസി ആണ്. ഡി വി എസ് എ യുടെ ബുക്കിംഗ് സംവിധാനത്തിൽ ഒരു പ്രത്യേക സിസ്റ്റം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്കായി നിലവിലുണ്ട്. ഇത് ഇത്തരം ഇൻസ്ട്രെക്ടറുമാർ ദുരുപയോഗം ചെയ്യുന്നതായി ഡി വി എസ് എ കണ്ടെത്തിയിട്ടുണ്ട്.
നിലവിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരനടപടികൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡി വി എസ് എ ചീഫ് എക്സിക്യൂട്ടീവ് ലവ്ഡെ റയ്ഡർ വ്യക്തമാക്കി. പുതിയ രജിസ്ട്രേഷനുകൾ വളരെയധികം ശ്രദ്ധിച്ചു മാത്രമേ ഇനി സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അവസരങ്ങൾ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിൽ പതിനൊന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുകെയിലുള്ള കേസുകളുടെ എണ്ണം 207 ആയെന്ന് പുതിയതായി കണ്ടെത്തിയ രോഗികളെ കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വെളിപ്പെടുത്തുന്നതോടൊപ്പം മിക്ക കേസുകളും സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരിലാണെന്നും കണ്ടെത്തിയതായി പറഞ്ഞു. ഇത്തരത്തിലുള്ള പുരുഷന്മാരിൽ എന്തെങ്കിലും തരത്തിലുള്ള മുറിവോ തിണർപ്പോ ചൊറിച്ചിലോ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു ലൈംഗികാരോഗ്യ ക്ലിനിക്കുമായി ബന്ധപ്പെടേണ്ടതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ആളുകളിലാണ് രോഗം സാധാരണയായി കണ്ടെത്തിയത്. ഇപ്പോൾ ഇത് രണ്ടു ഡസൻ രാജ്യങ്ങളിൽ കാണപ്പെടുന്നുണ്ട്. എന്നാൽ നിലവിലെ പൊട്ടിത്തെറിക്ക് കാരണം എന്താണെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും അറിയില്ല. ഇന്നലെ രാത്രി യു.കെ.എച്ച്.എസ്.എ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുകെയിലെ കേസുകളുടെ എണ്ണം കൂടുതലായി ഗേ ബാറുകൾ, സോനകൾ, ഡേറ്റിംഗ് ആപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് നടന്ന അണുബാധകളിൽ 60 ശതമാനത്തിലേറെയും സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരുടെയും ഇടയിലാണ്. ഇതിൽ 86 ശതമാനത്തിലധികം ജനങ്ങൾക്കും രോഗം പിടിപ്പെട്ടത് ലണ്ടനിലാണ് . രണ്ട് കേസുകൾ മാത്രമാണ് സ്ത്രീകളിൽ റിപ്പോർട്ട് ചെയ്തത്.
യുകെയിൽ റിപ്പോർട്ട് ചെയ്ത അണുബാധകളിൽ 87 ശതമാനവും 20 നും 49 നും ഇടയിൽ പ്രായം ഉള്ളവരിലാണ്. കൂടാതെ 111 കേസുകൾ പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരിൽ ആണെന്നും കണ്ടെത്തിയിരുന്നു. യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം രോഗികളിലും വിദേശത്തെക്കാൾ കൂടുതൽ യുകെയിൽ വെച്ച് തന്നെ വൈറസ് പിടിപ്പെട്ടവരാണ്. ഗേ ബാറുകൾ, സോനകൾ, യുകെയിലും വിദേശത്തുമുള്ള ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം’ എന്നിവയുമായി കോൺടാക്റ്റ് ട്രെയ്‌സിംഗ് ടീമുകൾ അണുബാധയുടെ പകർച്ചയെ ബന്ധപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്വവർഗ്ഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പായ ഗ്രൈൻഡർ കുരങ്ങുപനി ലക്ഷണങ്ങളുള്ള ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ലോകത്താകമാനം ഏകദേശം 617 കുരങ്ങുപനി കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. യുകെയ്ക്ക് പിന്നാലെ സ്പെയിൻ (156) പോർച്ചുഗൽ (138) കാനഡ (54) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചിട്ടുള്ളത്.
ലണ്ടൻ : ബ്രിട്ടന്റെ രാജസിംഹാസനത്തിൽ പ്രൗഢിയോടെ 70 വർഷം പൂർത്തിയാക്കുകയാണ് എലിസബത്ത് രാജ്ഞി. ഇത്രയുംകാലം ഒരു നാട്ടില്‍ ഒരു രാജാവോ റാണിയോ അധികാരത്തിലിരുന്നിട്ടില്ല. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയുള്ള വലിയ കുടുംബത്തിന്റെ നാഥയാണ് എലിസബത്ത് രാജ്ഞി. വിമർശനങ്ങൾ കൂരമ്പ് പോലെ തനിക്ക് നേരെ വന്നിട്ടും, പ്രായത്തിന്റെ അവശതകൾ ശരീരത്തെ ക്ഷീണിപ്പിച്ചിട്ടും, കൊട്ടാരത്തിനകത്തു തന്നെ പ്രശ്നങ്ങൾ ഉടലെടുത്തപ്പോഴും, പ്രിയ ഭർത്താവ് വിട്ടുപിരിഞ്ഞപ്പോഴും അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും എല്ലാത്തിനെയും നേരിടുകയും തലയുയര്‍ത്തിനില്‍ക്കുകയും ചെയ്തയാളാണ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാലുദിവസം നീണ്ടുനില്‍ക്കുന്നതാണ്.
ട്രൂപ്പിംഗ് ദി കളര്‍ എന്ന പരേഡോടുകൂടി ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ പത്തു മണിക്കാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ട്രൂപ്പിംഗ് ദി കളര്‍ ആരംഭിച്ചത്. 1,500 ഉദ്യോഗസ്ഥരും സൈനികരും ഒപ്പം 350 കുതിരകളും അണിനിരന്ന പരേഡിൽ പത്തരയോടെ രാജകുടുബം എത്തി. ചാൾസ് രാജകുമാരനും വില്യം രാജകുമാരനും കുതിരപ്പുറത്താണ് എത്തിയത്. രാജ്ഞിക്ക് വേണ്ടി ചാൾസ് രാജകുമാരൻ സൈനികരിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് രാജകുടുംബം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ രാജ്ഞിക്കൊപ്പം നിന്ന് പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. ചാള്‍സിനും കാമിലയ്ക്കും ഒപ്പം വില്യമും കെയ്റ്റും അവരുടെ മൂന്നു മക്കളും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു. പരേഡിന്റെ അവസാനത്തിൽ സൈനികർ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്തപ്പോൾ, ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് രാജ്ഞി പ്രത്യക്ഷപ്പെട്ടത്. 2019 ന് ശേഷം രാജകുടുംബം ഇതാദ്യമായാണ് കൊട്ടാരം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത്.
രാജപദവികള്‍ വഹിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ബാല്‍ക്കണി പ്രവേശനം ചുരുക്കിയതിനാൽ ആന്‍ഡ്രൂ രാജകുമാരനും ഹാരിയും മേഗനും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നില്ല. നിരവധി ഇടങ്ങളില്‍ ഇന്ന് വൈകിട്ട് ആഘോഷ പരിപാടികള്‍ അരങ്ങേറും. നാളെ രാജകുടുംബാംഗങ്ങള്‍ സെന്റ് പോള്‍സ് കത്തീഡ്രലിലെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കും. യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ചത്തെ ഡെര്‍ബിയിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ഹാരിയുടെ മകള്‍ ലിലിബെറ്റിന്റെ ആദ്യ ജന്മദിനമാണ് ശനിയാഴ്ച. അതിനാൽ രാജ്ഞി ലിലിബെറ്റിനൊപ്പം അന്ന് ചിലവഴിക്കും. വൈകിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിലെ മൂന്ന് വേദികളിലായി ബി ബി സി യുടെ പാര്‍ട്ടി അറ്റ് ദി പാലസ് ആരംഭിക്കും. 22,000 പേര്‍ക്ക് നേരിട്ട് കാണാവുന്ന പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. യുകെയിൽ 2 ലക്ഷത്തിലധികം തെരുവു വിരുന്നുകളാണ് ഞായറാഴ്ച ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വംശജനായ നടൻ അജയ് ഛബ്ര ബോളിവുഡ് ശൈലിയിൽ ഒരുക്കിയ ‘വെഡിങ് പാർട്ടി’ കലാമേള ഞായറാഴ്ച നടക്കും. 250 നർത്തകർ അരങ്ങേറും. 1947 ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ വിവാഹച്ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന വെഡിങ് പാർട്ടിക്കായി 4 മീറ്റർ ഉയരമുള്ള കേക്കും തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ 5 ന് ജൂബിലി പേജന്റോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.
•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.
• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.
• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.
ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?
20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കടുത്ത മൈഗ്രേനും വിഷാദ രോഗവും മൂലം മുന്നൂറിലധികം സിക്ക് ലീവുകൾ എടുത്ത മുതിർന്ന നഴ്സിനെ തെറ്റായി പിരിച്ചുവിട്ടതായി അന്വേഷണത്തിനൊടുവിൽ ട്രൈബ്യൂണൽ കണ്ടെത്തി. കരോലിൻ മക്കെൻസിയെന്ന ലെസ്റ്ററിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിനെയാണ് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് മുന്നറിയിപ്പുകൾക്ക് ശേഷം പിരിച്ചുവിട്ടത്. എന്നാൽ മൈഗ്രേൻ, വിഷാദം എന്നിവ നഴ്സിനെ അലട്ടിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭാഗികമായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണങ്ങളാലാണ് ജോലി നഷ്ടപ്പെട്ടതെന്ന് ജഡ്ജി പറഞ്ഞു. മാർച്ചിൽ എംപ്ലോയ്മെൻറ് ജഡ്ജിയായ സലിം അഹമ്മദാണ് ട്രൈബ്യൂണലിന് നേതൃത്വം വഹിച്ചത്. വൈകല്യ വിവേചനം, അന്യായമായ ക്രമീകരണങ്ങൾ വരുത്തുന്നതിൽ പരാജയം, അന്യായമായ പിരിച്ചുവിടൽ എന്നീ പരാതികളുമായാണ് മക്കെൻസി കോടതിയെ സമീപിച്ചത്.
2010 നവംബറിൽ എൻഎച്ച്എസ് ട്രസ്റ്റിൻെറ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് മക്കെൻസി ജോലിക്ക് പ്രവേശിച്ചത്. മൈഗ്രൈൻ, വിഷാദം തുടങ്ങിയ രണ്ട് അവസ്ഥകൾ അവർക്ക് ഉണ്ടായിരുന്നു. ഇവ രണ്ടും വൈകല്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന രോഗങ്ങളാണ്. ജോലിസമയത്ത് പതിവായി മൈഗ്രേൻ ആക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും സാധാരണയായി ഇവ ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്നതായും ട്രൈബ്യൂണൽ കണ്ടെത്തി. പലതരം മരുന്നുകൾ രോഗത്തിനായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും രോഗം നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. 2010 -ൽ ആരംഭിച്ച ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന തൻെറ കരിയറിൽ നിരവധിതവണ ലീവ് എടുക്കുന്നതിനെ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നു. 2013 -ൽ ആദ്യം രേഖാമൂലം മുന്നറിയിപ്പ് ലഭിക്കുകയും പിന്നീട് 2019 -ൽ ഇത് നടപ്പിലാക്കുകയുമായിരുന്നു. ഒടുവിൽ 2020 ഓഗസ്റ്റിൽ മക്കെൻസിയെ പിരിച്ചുവിടുകയായിരുന്നു.
സുരേഷ് കുമാർ
നോർത്താംപ്ടണിൽ നിര്യാതനായ ജെയ്മോൻ പോളിന് (42 വയസ്സ്) ആദരാഞ്ജലികൾ അർപ്പിക്കാനായി നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ മലയാളികൾ ഒത്തുചേരും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 11 . 30 വരെ ജെയ്മോൻ പോളിൻെറ ഭൗതികശരീരം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. വിവിധ വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയും ഉണ്ടായിരിക്കും. അതിനു ശേഷം കിംഗ്സ്തോർപ്പ് സെമിത്തേരിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതായിരിക്കും.
Church Address :
St Gregory the Great RC Church
22 Park Ave North, Northampton NN3 2HS
Viewing Time : 10 to 11:30
Service : 11:30 to 1 pm.
Funeral : 1:30
Cemetery Address:
Kingsthorpe Cemetery,
Harborough Road North
Boughton
NN2 8LU
42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോൾ മെയ് മാസം പതിമൂന്നാം തീയതിയാണ് മരണമടഞ്ഞത് . ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജെയ്മോൻ 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൻറെ ആദ്യകാല മെമ്പറായിരുന്നു . കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാൽ ആണ് ജെയ്മോൻെറ സ്വദേശം . സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ജെയ്മോൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാൽസാൽ : വാട്സ്ആപ്പിലൂടെ വംശീയ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ച വാൽസാൽ മേയർക്ക് സസ്പെൻഷൻ. കൺസർവേറ്റീവ് പാർട്ടി വാൽസാൽ കൗൺസിലറായ റോസ് മാർട്ടിനെയാണ് പാർട്ടി ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വാട്സ്ആപ്പിലൂടെ വംശീയ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചുവെന്നതാണ് കുറ്റം. അഞ്ച് കറുത്ത വർഗ്ഗക്കാരായ കുട്ടികൾ ഒരു വെളുത്ത കുട്ടിയെ നോക്കുന്ന ചിത്രത്തിന് കീഴിൽ “സൗത്ത് ലണ്ടനിലെ യുക്രേനിയൻ അഭയാർഥി കുട്ടി ആദ്യമായി സ്കൂളിലേക്ക്” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. വാട്ട്‌സ്ആപ്പ് പോസ്റ്റ് കണ്ട ഒരാൾ ദേശീയ തലത്തിൽ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി. ഇത് ഔദ്യോഗിക അന്വേഷണത്തിലേക്ക് നയിച്ചു. തുടർന്നായിരുന്നു സസ്പെൻഷൻ.
എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റോസ് മാർട്ടിൻ പ്രതികരിച്ചു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. സസ്‌പെൻഷനെതിരെ അപ്പീൽ സമർപ്പിക്കാൻ മാർട്ടിന് സാധിക്കും. അന്വേഷണ ഫലത്തെപറ്റിയുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് വാൽസാൽ കൗൺസിലിന്റെയും ടോറി ഗ്രൂപ്പിന്റെയും നേതാവായ മൈക്ക് ബേർഡ് പറഞ്ഞു.
പാർട്ടി ബോർഡിനോട് ക്ഷമാപണം നടത്താനും റോസിനോട് നിർദേശിച്ചിട്ടുണ്ട്. മേയ് 23-നാണ് റോസ് മേയർ പദവിയിലെത്തിയത്. ഈ പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തെങ്കിലും പെൽസാൽ വാർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇവർക്ക് തുടരാൻ കഴിയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെൽഫാസ്റ്റ് : വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല സന്ദേശങ്ങളും വംശീയ സന്ദേശങ്ങളും പങ്കുവെച്ച് നോർത്തേൺ അയർലൻഡ് പോലീസ് ഉദ്യോഗസ്ഥർ. 20 ലധികം പിഎസ്എൻഐ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥരെ കുറിച്ച് മോശമായ വാക്കുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സഹപ്രവർത്തകരായ സ്ത്രീകളുടെ മുഖത്ത് സെക്‌സ് ടോയ്‌സിന്റെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് ഗ്രൂപ്പിൽ പങ്കുവെച്ചു. 11 മാസ കാലയളവിൽ അയച്ച നൂറിലേറെ സന്ദേശങ്ങൾ ബിബിസി എൻഐ സ്പോട്ട്ലൈറ്റ് പരിശോധിക്കുകയുണ്ടായി. അറബിക്, ഇസ്ലാമിക് വംശജരെ പരിഹസിക്കുന്ന സന്ദേശങ്ങളും മുതിർന്ന വനിതാ ഓഫീസർമാരുടെ വിജയത്തെ ലൈംഗിക പ്രവർത്തികളുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ച സന്ദേശങ്ങൾ പൂർണ്ണമായും അസ്വീകാര്യമാണെന്ന് ചീഫ് കോൺസ്റ്റബിൾ സൈമൺ ബൈർൺ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധമായ, ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ഉണ്ടാവുമെന്നാണ് സൂചന.
ആഭ്യന്തര അന്വേഷണങ്ങൾ നടക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് അഭിപ്രായം പറയാൻ അനുവാദമില്ല. ചില സന്ദേശങ്ങൾ പരിശോധിച്ച മുൻ പോലീസ് ഓംബുഡ്‌സ്മാൻ ബറോണസ് നുവാല ഒ ലോൺ, പോലീസ് സംസ്‌കാരത്തെക്കുറിച്ച് കൂടുതൽ ആശങ്ക ഉന്നയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ജി പി (ജനറൽ പ്രാക്ടീഷ്ണേഴ്സ്) കമ്മറ്റിയുടെ ആദ്യ വനിത നേതാവ് യൂണിയനിലെ ലിംഗ അസമത്വങ്ങൾ മൂലം സിക്ക് ലീവിൽ ആണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 2021 ലാണ് നൂറ് വർഷത്തിനിടെ കമ്മറ്റിയുടെ ആദ്യത്തെ വനിത നേതാവായി ലണ്ടനിലെ കാംഡെനിൽ നിന്നുള്ള ഡോക്ടറായ ഫറ ജമീൽ തിരഞ്ഞെടുക്കപ്പെട്ടത്. ഡോക്റ്റേഴ്സ് മാസികയായ പൾസിന്റെ റിപ്പോർട്ട് പ്രകാരം കമ്മറ്റിയിൽ നിലനിൽക്കുന്ന മോശമായ സംസ്കാരം മൂലമാണ് ഫറ മാർച്ച് മുതൽ ലീവ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കാതിരിക്കുകയും അവർക്ക് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്ന ഒരു പുരുഷസമൂഹം കമ്മറ്റിയിൽ പ്രബലമാണെന്ന ആരോപണം ശക്തമാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ മുൻ നേതാവായിരുന്ന ഒരു വനിതാ ഡോക്ടറും ഇത്തരത്തിൽ അസോസിയേഷനിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങൾ മൂലമാണ് സംഘടന വിട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജി പി കമ്മിറ്റിയുടെ തലപ്പത്തിരുന്ന സമയത്ത് ഡോക്ടർ ഫറ ജമീലിന് നിരവധി ലിംഗ അസമത്വങ്ങൾ വ്യക്തമാക്കുന്ന നിരവധി വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ടെന്ന് പൾസ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന നിരവധിപേർ ഫറയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജനറൽ പ്രാക്ടീഷണർ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളുടെ തൊഴിലിനെ കുറച്ചു കാണുന്ന ഇത്തരത്തിലുള്ള സമീപനം തികച്ചും അസംബന്ധമാണെന്ന് നിരവധിപേർ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പുതിയ കോവിഡ് വകഭേദങ്ങൾക്ക് കൂടുതൽ വ്യാപന ശേഷിയുള്ളതായി കണ്ടെത്തൽ . ജനസംഖ്യയുടെ 97% പേർക്കും ആൻറിബോഡികൾ ഉണ്ടായിട്ടും ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അഞ്ചാം തരംഗം ഉണ്ടായതാണ് കൊറോണാ വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് ആശങ്ക ഉളവാക്കിയിരിക്കുന്നത്. സ്റ്റെല്ലൻബോഷ് യൂണിവേഴ്സിറ്റിയുടെ ഡിഎസ്ടി-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആൻഡ് അനാലിസിസ്, ദക്ഷിണാഫ്രിക്കൻ നാഷണൽ ബ്ലഡ് സർവീസ് എന്നിവയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
വാക്സിനേഷനിലൂടെയോ രോഗം ബാധിച്ചു കിട്ടുന്നതോ ആയ പ്രതിരോധശേഷിയെ മറികടക്കാൻ ഒമിക്രോണിന്റെ പുതിയ വേരിയന്റുകളായ BA. 4, BA. 5 എന്നിവയ്ക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. രോഗവ്യാപനം കടുത്തപ്പോഴും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും മരണനിരക്കും മുൻപുള്ളതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയതെന്ന ആശ്വാസമുണ്ട്.
ദക്ഷിണാഫ്രിക്കയിൽ 100,000 -ത്തിലധികം കോവിഡ് മരണങ്ങൾ ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയിൽ കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒമിക്രോണിൻറെ വിവിധ വകഭേദങ്ങളും ആദ്യം തിരിച്ചറിയപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്.