ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന സെപ്റ്റംബർ 19 തിങ്കളാഴ്ച ജോൺ ലൂയിസ്, വെയ്ട്രോസ്, ആൽഡി, ലിഡൽ തുടങ്ങിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ എല്ലാം തന്നെ തങ്ങളുടെ സ്റ്റോറുകൾ അടച്ചിടുമെന്ന് അറിയിച്ചിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ശവസംസ്കാര ദിനത്തിൽ തങ്ങൾ കടകൾ അടയ്ക്കുന്നതെന്ന് അവർ അറിയിച്ചു. തന്റെ മാതാവിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസം യുകെയിൽ ഉടനീളം ബാങ്ക് അവധിയ്ക്കും ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകിയിട്ടുണ്ട്. ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹരോഡ് സും അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹോംബേസ്, ഡബ്ലിയു എച്ച് സ്മിത്ത്, ബി & ക്യു, പ്രിമാർക്ക്, ടെസ്കോ, സെയിൻസ്ബറീസ്, അർഗോസ്, ഐകിയ, ബ്ലൂ ഡയമണ്ട് ഗാർഡൻ എന്നിവരും തങ്ങളുടെ സ്റ്റോറുകൾ അതേദിവസം അടയ്ക്കുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. എല്ലാ ജോൺ ലൂയിസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും, വെയ്‌ട്രോസ് ഷോപ്പുകളും ശവസംസ്‌കാര ദിവസം അടച്ചിടും. എന്നിരുന്നാലും ശവസംസ്കാരയാത്ര നടക്കുന്ന വഴിയിലുള്ള ചെറിയ എണ്ണം വെയ്‌ട്രോസ് സ്റ്റോറുകൾ തുറന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡയും തിങ്കളാഴ്ച സ്റ്റോറുകൾ അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിരവധി നോൺ റീട്ടെയിൽ ബിസിനസുകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം 400 ഓളം പബ്ബുകൾ ഉള്ള ഫുള്ളേഴ്‌സ് ഗ്രൂപ്പ് തിങ്കളാഴ്ച തങ്ങളുടെ പബ്ബുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും രാജ്യത്തുടനീളം കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്ഞിയുടെ മരണത്തിൽ ദുഃഖം ആചരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്ഞിയെ ഒരു നോക്ക് കാണുവാൻ നീണ്ട നിരയാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിന് മുൻപിൽ. ശവശരീരം ബുധനാഴ്ച വൈകിട്ട് എത്തിക്കാനാണ് തീരുമാനമെങ്കിലും ഇപ്പോൾ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യത്തെയാൾ ഹാളിനുമുൻപിൽ എത്തി. വരും ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം എന്ന് കരുതി ഇത് ഒഴിവാക്കാനാണ് ആളുകൾ നേരത്തെ എത്തുന്നത്.

തിരക്കുകൾ കാരണം പലയാളുകളും കുഴഞ്ഞു വീഴുന്ന സാഹചര്യം വരെ നിലവിലുണ്ട്. തിരക്ക് നിയന്ത്രണ വിധേയമാകാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നും, പ്രവേശന കവാടം സ്ഥാപിക്കണമെന്നും ഹാരോയിൽ നിന്നുള്ള വനേസ നാഥകുമാരൻ പറഞ്ഞു. ഇവരാണ് ആദ്യം എത്തിയത്.

താൻ 10 വയസുള്ളപ്പോൾ മുതൽ രാജകുടുംബത്തെ ആരാധിക്കാൻ തുടങ്ങിയതാണെന്നും എല്ലാകാലവും അവരോട് ബഹുമാനമുണ്ടെന്നും പറഞ്ഞു. രാജ്ഞിയുടെ വേർപ്പാട് ആകസ്മികമാണെന്നും അതിൽ ദുഃഖമുണ്ടെന്നും, യു കെ യിൽ പഠിക്കാൻ എത്തുന്നതിനു മുൻപേയുള്ള സ്നേഹബന്ധമാണിതെന്നും ശ്രീലങ്കൻ സ്വദേശിയായ അവർ കൂട്ടിച്ചേർത്തു. ആളുകൾക്കു ക്യൂ നിന്ന് കാണാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശവസംസ്കാര ദിവസം രാവിലെ 6.30 വരെ വെസ്റ്റ്മിൻസ്റ്റർ ഹാൾ 24 മണിക്കൂറും തുറന്നിരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വില്യമും ഹാരിയും തമ്മിലുള്ള അകൽച്ച നീങ്ങുവാൻ ഇരുവരുടെ മനോഭാവങ്ങളിൽ ശക്തമായ മാറ്റം വേണമെന്ന് മുന്നറിയിപ്പുകൾ വിദഗ്ധർ നൽകി കഴിഞ്ഞിരിക്കുകയാണ്. രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും തമ്മിൽ നിലവിലുള്ള താൽക്കാലിക സന്ധി ഉണ്ടാവുകയില്ല എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ശനിയാഴ്ച വിൻഡ്സർ കാസ്റ്റിലിൽ വെച്ച് ജനക്കൂട്ടത്തെ കാണാൻ എത്തിയപ്പോൾ ഇരുവരും തങ്ങളുടെ ഭാര്യമാരോടൊപ്പം ഒരുമിച്ചായിരുന്നു എത്തിയത്. തുടർന്നുള്ള മരണാനന്തര ചടങ്ങുകളിലും ഇരുവരും ഒരുമിച്ചു പങ്കെടുക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് മാത്രം ഉണ്ടായ ഒരു ബന്ധമാണ് ഇരുവരും തമ്മിൽ ഉള്ളതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഹാരിയുടെ ഭാര്യ മേഗൻ തന്റെ സ്പോട്ടിഫൈ പോഡ്കാസ്റ്റുമായും, ഹാരി തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു സമാധാന സന്ധി ഇരുവരും രാജകുടുംബവുമായി ഉണ്ടാക്കുവാൻ സാധ്യത കുറവാണ്. സെപ്റ്റംബർ 19ന് നടക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ഘോഷയാത്രയിൽ ഇരുവരും മൃതദേഹത്തിന് അരികിലൂടെ ഒരുമിച്ച് നടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞി കഴിഞ്ഞ വ്യാഴാഴ്ച സ്കോട്ട്ലൻഡിലെ ബാൽമോറലിലുള്ള തന്റെ വേനൽക്കാല വസതിയിൽ വെച്ച് തൊണ്ണൂറ്റിയാറാം വയസ്സിലാണ് മരണപ്പെട്ടത്.

എന്നാൽ നിലവിലെ സമാധാന സന്ധി തുടർന്ന് ഉണ്ടാവുകയില്ല എന്ന മുന്നറിയിപ്പുകളാണ് വിദഗ്ധരെല്ലാം തന്നെ നൽകുന്നത്. ഇരുവരും ഒരുമിച്ച് ചടങ്ങുകളിൽ പങ്കെടുക്കുന്ന വാർത്ത പ്രമുഖ മാധ്യമങ്ങളിലെല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അമ്മ ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായി സ്‌മാരകം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് വില്യമും ഹാരിയും ഒരുമിച്ച് പൊതുവേദികളിൽ പങ്കെടുക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുന്ന പുതിയ മാർഗം വികസിപ്പിച്ചതിന് പിന്നാലെ അന്തരീക്ഷത്തിലെ വായുവിൽ പ്രവർത്തിക്കുന്ന കാർ വൈകാതെ വിപണിയിൽ ലഭ്യമായേക്കും. വൈദ്യുതിയും വെള്ളവും ഉപയോഗിച്ച് ഇലക്ട്രോലൈസർ ഉല്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ആയിരിക്കും ഇന്ധനമായി ഉപയോഗിക്കുക. എന്നാൽ നിലവിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ചില അപൂർവ്വ ലോഹങ്ങളും, ശുദ്ധജലവും ആവശ്യമാണ്. ശുദ്ധജലത്തിന് ക്ഷാമമുള്ള സാഹചര്യത്തിൽ ഇത് ഒരു വെല്ലുവിളിയാണ്. എന്നാൽ ശാസ്ത്രജ്ഞർ തയ്യാറാക്കിയ പുതിയ പ്രോട്ടോടൈപ്പ് ദ്രാവകജലത്തിന് പകരം ഈർപ്പമുള്ള വായുവിൽ ആവും പ്രവർത്തിക്കുക. ഇതുവഴി ശേഖരിച്ച ജലത്തെ ഹൈഡ്രജനും ഓക്‌സിജനും ആയി വിഭജിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഹൈഡ്രജൻ വിജയകരമായി പ്രവർത്തിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.

പുതിയ കണ്ടെത്തൽ വൻ വിജയമാണെന്ന് മെൽബൺ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ ലക്ചറർ ഗാങ് കെവിൻ ലി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയ്ക്ക് വായുവിൽ നിന്നും സ്വയം ഈർപ്പം വേർതിരിച്ചെടുക്കാനുള്ള ശേഷിയുണ്ട്. ഇലക്ട്രോലൈസിസ് സാധാരണ ദ്രാവക ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും ശേഖരിക്കാനാണ് ഉപയോഗിക്കുന്നത്.രണ്ട് ഇലക്‌ട്രോഡുകൾ വെള്ളത്തിൽ സ്ഥാപിച്ച് അതിലൂടെ വൈദ്യുത പ്രവാഹം കടത്തിവിട്ടാണ് ഇത് പ്രവർത്തിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തൻറെ അമ്മ എലിസബത്ത് രാജ്ഞിയുടേത് പോലെ തന്നെ നിസ്വാർത്ഥ സേവനം താനും നടത്തുമെന്ന് ഹൗസ് ഓഫ് പാർലമെൻറിലെ ആദ്യ പ്രസംഗത്തിൽ ചാൾസ് മൂന്നാമൻ രാജാവ്. ജനാധിപത്യത്തെ എന്നും ജീവനുള്ളതാക്കുന്നത് പാർലമെൻറ് ആണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമൺസ് ആൻഡ് ലോർഡ്‌സിലെ സ്പീക്കർമാരുടെ അനുശോചനത്തിനെ തുടർന്നാണ് അദ്ദേഹം പാർലമെന്റിനെ അഭിസംബോധന ചെയ്തത്. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ തുടങ്ങിയ ആളാണ് എലിസബത്ത് രാജ്ഞി എന്നും രാജ്യത്തിൻറെ സുസ്ഥിര നടത്തിപ്പിന് വേണ്ടി ഭരണഘടന നിലനിർത്താൻ അവർ എന്നും ജാഗ്രത പുലർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

1097ൽ പണികഴിപ്പിച്ച വെസ്റ്റ്മിൻസ്റ്റർ ഹാൾ ബ്രിട്ടീഷ് ചരിത്രത്തിലെ പല സുപ്രധാന ചടങ്ങുകൾക്കും പങ്കുവഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടന്ന വെസ്റ്റ്മിൻസ്റ്റർ സന്ദർശനത്തിൽ സഭകളിലെ അംഗങ്ങൾ പുതിയ രാജാവിനോടുള്ള തങ്ങളുടെ വിശ്വസ്തത പ്രതിജ്ഞ ചെയ്യുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ പ്രതിബദ്ധത, ദയ, നർമ്മം, ധൈര്യം, വിശ്വാസം എന്നിവ താൻ എന്നും ഓർക്കുമെന്നും രാജ്ഞിയുടെ ജീവിതം തനിക്കെന്നും വഴികാട്ടി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാൾസ് മൂന്നാമനെ രാജാവായി സ്വാഗതം ചെയ്യുന്നതിലുള്ള സന്തോഷം ഹാളിൽ ഉണ്ടായിരുന്നവർ പ്രകടിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനൊഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. പൂച്ചെണ്ടുമായി രാജ്ഞിയെ ഒരു നോക്ക് കാണുവാനാണ് ഏറെ പേരും എത്തുന്നത്. നിറകണ്ണുകളോടെ യാത്രയയപ്പ് നൽകുന്നു. എന്നാൽ നിലവിൽ പൂച്ചെണ്ടുകൾ കുമിഞ്ഞുകൂടി അത് നീക്കം ചെയ്യാൻ പ്രയാസപ്പെടുകയാണ് ജോലിക്കാർ. കളിപ്പാട്ടങ്ങൾ, മെഴുകുതിരികൾ, കാർഡുകൾ എന്നിങ്ങനെ പലവിധ വസ്തുക്കൾ രാഞ്ജിയെ കാണാൻ എത്തുന്നവരുടെ കൈവശമുണ്ട്.

എന്നാൽ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുവാൻ ജോലിക്കാരെ സഹായിക്കുവാൻ ജനങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. ഇതേ തുടർന്ന് സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണവർ.

രാജ്ഞിയുടെ വേർപാടിനെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണ ദിനത്തിൽ മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടി 175 മൈൽ താണ്ടി ആറ് മണിക്കൂർ യാത്ര ചെയ്ത് എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. മകൾ ആനി, രാജകുമാരി റോയൽ എന്നിവരും യാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ എത്തിയ ചാൾസ് മൂന്നാമൻ രാജാവിനെ ആയിരക്കണക്കിന് പേർ സ്വാഗതം ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബാൽമോറലിൽ നിന്ന് മടങ്ങിയെത്തിയ ചാൾസ് രാജാവിനെ കണ്ടുമുട്ടിയപ്പോൾ പ്രധാനമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചതായി ആക്ഷേപം. കൊട്ടാരത്തിലെ പുതിയ രാജാവുമായുള്ള ആദ്യ സദസ്സിലാണ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടുള്ള ലിസ് ട്രസിന്റെ ഇടപെടൽ. എന്നാൽ ഇത് പിന്നീട് പ്രശംസയ്ക്ക് കാരണമായി. സംസാരിക്കുമ്പോൾ രാജാവിന്റെ ഇടതു കൈ മുറുകെ പിടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. റോയൽ പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി രാജാവിന്റെ കയ്യിൽ ഇപ്രകാരം പിടിക്കരുതെന്നാണ്. എന്നാൽ അമ്മയുടെ വിയോഗത്തിൽ ദുഃഖിച്ചിരിക്കുന്ന രാജാവിനോട് അനുകമ്പാപൂർണ്ണമായ സമീപനമാണ് ട്രസ് നടത്തിയത്.

രാജകുടുംബമാണ് ബന്ധം ആരംഭിക്കേണ്ടത്. നിങ്ങൾ ഒന്നും ചെയ്യരുതെന്ന് പ്രോട്ടോകോളിൽ പറയുന്നു. രാജാവിനെ കണ്ട് ലിസ് അനുശോചനം രേഖപ്പടുത്തി. തന്റെ അമ്മയുടെ മരണമാണ് ഏറ്റവും ഭയപ്പെട്ടിരുന്ന നിമിഷം എന്ന് രാജാവ് തുറന്നുപറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ കൈയിൽ സ്പർശിച്ച് പ്രോട്ടോക്കോൾ ലംഘിച്ചപ്പോൾ, രാജാവ് കാര്യമാക്കിയില്ലെന്ന് ചരിത്രകാരൻ ഹ്യൂഗോ വിക്കേഴ്‌സ് പറഞ്ഞു.

ട്രസിന്റെ ദയാപൂർവമായ ആംഗ്യം രാജാവിനെ വിഷമിപ്പിക്കില്ലായിരുന്നുവെന്ന് ഉറപ്പായിരുന്നു. “ഇത് വളരെ മാനുഷിക നിമിഷമായിരുന്നു – അമ്മയെ നഷ്ടപ്പെട്ട ഒരു മകനോട് തന്റെ അഗാധമായ അനുശോചനം പ്രകടിപ്പിക്കാൻ ലിസ് ആഗ്രഹിച്ചു.” എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുതിച്ചുയരുന്ന പണപെരുപ്പത്തെ നേരിടാൻ വീണ്ടും പലിശ നിരക്ക് ഉയർത്തേണ്ടി വന്നേക്കാമെന്ന് യുഎസ് ഫെഡറൽ ഗവർണർ ക്രിസ്റ്റഫർ വാലർ മുന്നറിയിപ്പ് നൽകി. പലിശ നിരക്ക് വീണ്ടും 0 . 75 ശതമാനം ഉയരാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പണപെരുപ്പത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നേരത്തെ ഉയർത്തിയിരുന്നു . അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്. 1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി രാജ്ഞിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയിൽ പാതയോരങ്ങളിൽ അകമ്പടിയായി നിരവധി ആളുകൾ. സെപ്റ്റംബർ 19ന് നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായാണ് ശരീരം എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നത്. സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്നത് കേൾക്കാനും ജനങ്ങൾ തടിച്ചുകൂടി.സെന്റ് ഗൈൽസ് കത്തീഡ്രലിന് അടുത്തുള്ള റോയൽ മൈലിലും വെയിൽസിലെ കാർഡിഫ് കാസിലിലും കൗണ്ടി ഡൗണിലെ ഹിൽസ്ബറോ കാസിലിലുമായി ചടങ്ങുകൾ നടന്നു.

രാജ്ഞിയുടെ മകൾ പ്രിൻസസ് റോയൽ തൻറെ ഭർത്താവ് വൈസ് അഡ്മിറൽ സർ ടിം ലോറൻസിനൊപ്പം വൈകാതെ കൊട്ടാരത്തിൽ എത്തും. ശവമഞ്ചം ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം വൈകുന്നേരം നാലുമണിക്ക് എഡിൻബർഗിൽ എത്തിച്ചേരും എന്നാണ് കണക്കുകൂട്ടൽ. ശവമഞ്ചത്തിന് മുകളിലായി വെച്ചിരിക്കുന്ന റീത്തുകൾ രാജ്ഞിയുടെ പ്രിയപ്പെട്ട പൂക്കളെയാണ് സൂചിപ്പിക്കുക. ഇവയെല്ലാം തന്നെ എസ്റ്റേറ്റിൽ നിന്ന് എടുത്തവയാണ്. വൈറ്റ് ഹെതർ, ഡാലിയാസ്, സ്വീറ്റ് പീസ്, ഫ്ലോക്സ്, പൈൻ ഫിർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ശവമഞ്ചം സെന്റ് ഗൈൽസ് കത്തീഡ്രലിലേക്ക് രാജാവിന്റെയും മറ്റു കുടുംബങ്ങളുടെയും അകമ്പടിയോടെ കൊണ്ടുപോകും.
മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലോഗോയുടെ പ്രകാശനം നടന്നു. മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ആണ് സമ്മാനാർഹമായ ലോഗോ പ്രകാശനം ചെയ്തത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടർമാരായ ബിനു മാത്യു, ജിമ്മി മൂലംകുന്നേൽ, എൽ കെ സി സെക്രട്ടറി അജീഷ് കൃഷ്ണൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നിരവധി ലോഗോകളിൽ നിന്നും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുത്തത് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ്. ചിത്രകാരൻ കൂടിയായ യുകെ മലയാളി ഫെർണാണ്ടസ് വർഗീസ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.

ഒന്നാം സമ്മാനാർഹമായ ലോഗോ
ഒക്ടോബർ എട്ടിന് കീത്തിലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ ഇത് വരെ നിരവധി എൻട്രികൾ ലഭിച്ച് കഴിഞ്ഞു. 1001 പൗണ്ട് ഒന്നാം സമ്മാനമായും 751 പൗണ്ട് രണ്ടാം സമ്മാനമായും 501 പൗണ്ട് മൂന്നാം സമ്മാനമായും പ്രഖ്യാപിച്ചിരിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ ഏതു ടീമിനും പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിലെ വിജയിക്ക് ബോളിവുഡ് മത്സര വേദിയിൽ വച്ച് സമ്മാനം നൽകും. 101 പൗണ്ട് ആണ് ലോഗോ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത്. ലോഗോ മത്സരത്തിലേക്ക് ലഭിച്ച നിരവധി എൻട്രികളിൽ നിന്നും പന്ത്രണ്ട് വയസ്സുകാരൻ സച്ചിൻ ജോർജ്ജ് ഡാനിയേൽ ഡിസൈൻ ചെയ്ത ലോഗോ പ്രോത്സാഹന സമ്മാനത്തിനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ
യുറോപ്പ് മലയാളികൾ അവതരിപ്പിക്കുന്ന ബോളിവുഡ് മഹാത്ഭുതം ആസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും മലയാളം യുകെ ന്യൂസ് യോർക്ഷയറിലെ കീത്തിലിയിലേയ്ക്ക് ക്ഷണിക്കുകയാണ്.
മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277