Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫെബ്രുവരി 15 തിങ്കളാഴ്ച മുതൽ രാജ്യത്ത് കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ 65 -നും 69 -നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന് തുടക്കംകുറിക്കും. ഫെബ്രുവരി 15ന് മുമ്പ് മുൻഗണനാക്രമത്തിൽ ഉള്ള നാല് ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് രാജ്യം ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ യുകെയിൽ 14.5 ദശലക്ഷത്തിലധികം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

65 വയസിന് മുകളിലുള്ള ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പിനായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അറിയിപ്പ് ലഭിച്ചവർക്ക് നൂറിലധികം ഉള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നോ ഇരുന്നൂറോളം ഉള്ള ഫാർമസികളിൽ നിന്നോ പ്രതിരോധകുത്തിവെയ്പ്പ് എടുക്കാനാകും.

ഇതിനിടെ കോവിഡിനോട് അനുബന്ധമായുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മാസത്തോടെ പിൻവലിക്കണമെന്ന് ടോറി എംപിമാർ ആവശ്യപ്പെട്ടു. 9 മുൻഗണന ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന് ലോക്ക്ഡൗൺ-സ്കെപ്റ്റിക് കോവിഡ് റിക്കവറി ഗ്രൂപ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജാഗ്രതയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമഗ്രമായ രൂപരേഖ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതിനെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ക്യാപിറ്റോൾ ബിൽഡിങ്ങിൽ നടന്ന കലാപത്തിന്റെ സൂത്രധാരൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന ആരോപണത്തിൽ, അദ്ദേഹത്തിനെതിരെ സെനറ്റിൽ നടന്ന ട്രയലിൽ 57 പേർ അദ്ദേഹം കുറ്റക്കാരനാണെന്ന ആരോപണത്തെ പിന്തുണച്ചു. 43 പേർ മാത്രമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. എന്നാൽ അദ്ദേഹത്തിനെതിരായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തത്തിനാൽ, അദ്ദേഹം കുറ്റവിമുക്തനായിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളായ ഏഴ് പേർ അദ്ദേഹത്തിനെതിരായി വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ബെൻ സസ്സേ, പാറ്റ് ടൂമി, മിറ്റ് റോമ്നി തുടങ്ങിയവരൊക്കെയാണ് അദ്ദേഹത്തിനെതിരെ വോട്ടു ചെയ്തത്. 67 വോട്ടുകൾ കൂടി അധികം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തെ കുറ്റക്കാരൻ ആക്കാൻ സാധിക്കുകയുള്ളൂ.

നിരവധി കലാപ പ്രർത്തനങ്ങളാണ് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സെനറ്റ് മൈനൊരിറ്റി ലീഡർ മിച്ച് മക്ഗോനാൽ വ്യക്തമാക്കി. സെനറ്റിലെ സ്പീക്കറെ ഉപദ്രവിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ വൈസ് പ്രസിഡന്റിനെ കൊല്ലണം എന്ന മുദ്രാവാക്യവും അവർ മുഴക്കി. ഇവരിലേക്ക് ഇത്തരം നുണകളും മറ്റും പ്രചരിപ്പിച്ചത് മുൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് മക്ഗോനാൽ കുറ്റപ്പെടുത്തി.

ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ച ഒരു വിധിയാണ് ഇപ്പോൾ സെനറ്റിൽ നടന്നത്. എന്നാൽ സെനറ്റിൽ നടന്നത് തികച്ചും നാടകമാണെന്ന് ഡൊണാൾഡ് ട്രംപിന്റെ അഡ്വക്കേറ്റ് കുറ്റപ്പെടുത്തി. ഇത് ട്രംപിന്റെ തിരിച്ചുവരവായും ചിലർ വിലയിരുത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വ്യാഴാഴ്ച തേംസ് നദിയുടെ മിക്കഭാഗങ്ങളും ഒഴുക്കു നിലച്ച് തണുത്തുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ബീസ്റ്റ് ഓഫ് ദ ഈസ്റ്റ് 2 ഡാർസി കൊടുങ്കാറ്റിന്റെ വരവോടെ അന്തരീക്ഷ മാപിനികൾ കുത്തനെ താഴോട്ടാണ്. ബാൾട്ടിക്കിൽ നിന്നുള്ള തണുപ്പ് മൂലം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ടെഡിംഗ്ടണിൽ പലഭാഗങ്ങളിലും നദി ഉറഞ്ഞു. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില ആയ മൈനസ് 20 ഡിഗ്രി സെൽഷ്യസ് പലയിടത്തും രേഖപ്പെടുത്തി. സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയ -23.03 ആണ് 1995ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില.

റെസ്ക്യൂ ടീമിന് നദിയിൽ എത്തണമെങ്കിൽ ആദ്യം ഒരു ചെറിയ ബോട്ട് പോയി മഞ്ഞു പൊട്ടിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ആർഎൻഎൽഐ ഉദ്യോഗസ്ഥ പറഞ്ഞു. “തേംസ് തണുത്തുറയുന്നത് ആദ്യത്തെ അനുഭവമല്ല, ഇങ്ങനെയുള്ളപ്പോൾ ഞങ്ങൾ ഡി ക്ലാസ്സ് ലൈഫ് ബോട്ടുകൾ അത്യാവശ്യഘട്ടങ്ങളിൽ ഐസ് പൊട്ടിക്കാൻ ഉപയോഗിക്കാറുണ്ട്. 13 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. പക്ഷേ ഇത്തവണത്തെ കാഴ്ച ഇതാദ്യമാണ്. 1963 ലാണ് തേംസ് നദി ഇതിനുമുൻപ് പൂർണമായി തണുത്തുറഞ്ഞത് .

നാഷണൽ ക്ലൈമറ്റ് റിസർച്ച് സെന്റർ തലവനായ ഡോക്ടർ മാർക്ക് മക്കാർത്തി പറയുന്നത് 2010 ന് ശേഷമുള്ള ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത് എന്നാണ്.

ഡോ. ഐഷ വി

” പ്രാവേ പ്രാവേ പോകരുതേ വാവാ കൂട്ടിനകത്താക്കാം
പാലും പഴവും പോരെങ്കിൽ ചോറും കറിയും നൽകാം ഞാൻ”
എന്ന പാഠം ശകലം പഠിച്ചതു മുതൽ പ്രാവിനോടൊരിഷ്ടം തുടങ്ങിയതാണ്. പച്ച പയർ പൊളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിൽ അമ്മാമ്മ കുറച്ച് പയർ എടുത്ത് വറുക്കാൻ അമ്മയോട് പറഞ്ഞു, ഞാൻ അമ്മയുടെ പിന്നാലെ അടുക്കളയിലേയ്ക്ക് കയറി. പയർ വറുക്കാനേൽപ്പിച്ച അമ്മ പ്രാവ് വന്ന് നോക്കിയപ്പോൾ പ്രാവിൻ കുഞ്ഞ് വറുത്തു വച്ച പയറിന്റെ അളവ് കുറവായതുകൊണ്ട് അമ്മ കുഞ്ഞിനെ കൊത്തി കൊന്ന കവിതയായിരുന്നു അപ്പോൾ മനസ്സിൽ. അവസാനം പച്ചപ്പയർ വറുത്താൽ അളവിൽ കുറയുമെന്ന് ബോധ്യപ്പെട്ട അമ്മ പ്രാവ് ” ഇരുമണി പയറിന് കുഞ്ഞിനെ കൊന്നേനുലകത്തിലെന്തിനീ ഞാനിരിപ്പൂ” എന്ന് തലതല്ലി കരയുന്നതും ഓർമ്മ വന്നു. അമ്മ പയർ വറുത്തു കഴിയുന്നതുവരെ ഞാനരികത്തു നിന്നു. പച്ച പയർ വറുത്താൽ അളവിൽ കുറയുന്നത് കണ്ട് ബോധ്യപ്പെട്ടു. അല്പം ഉപ്പിട്ട് വറുത്ത പയറിൽ അമ്മ ചിരകിയിട്ടിളക്കിയ തേങ്ങയും കൂട്ടി തിന്നു കഴിഞ്ഞേ ഞാൻ അമ്മയുടെ അരികത്ത് നിന്ന് മാറിയുള്ളൂ.

ചിറക്കര ത്താഴത്തെ വീട്ടിലെ തട്ടിൻപുറത്ത് ചേക്കേറാൻ ധാരാളം പ്രാവുകൾ എത്തിയിരുന്നത് എനിക്ക് സന്തോഷം നൽകിയിരുന്നു. പക്ഷേ രാവിലെ തിണ്ണ മുഴുവൻ പ്രാവിൻ കാഷ്ടം കൊണ്ട് നിറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം വരും. എന്നാലും ഓടിട്ട മേൽകൂര ടെറസ് മേൽക്കൂരയാക്കുന്ന കാലം വരെയും പ്രാവുകളെ ആരും ഓടിച്ചു വിട്ടില്ല. ” സമാധാനവും ശാന്തിയും ഉള്ളിടത്തേ പ്രാവുകൾ ചേക്കേറൂ” എന്ന് ചിലർ പറയാറുണ്ട്. വയലരികിലുള്ള വീടായതിനാൽ പ്രാവുകൾക്ക് ഭക്ഷണം വയലിൽ നിന്നും യഥേഷ്ടം ലഭിച്ചിരുന്നു. അതിനാലാവണം കൂട്ടിലടയ്ക്കാതെ തന്നെ പ്രാവുകൾ ഞങ്ങളുടെ വീട്ടിൽ ധാരാളം എത്തിയിരുന്നത്. ചാര നിറത്തിലുള്ള തൂവലും കഴുത്തിൽ തിളങ്ങുന്ന നീല വർണ്ണമുള്ള നെക്ലേസ് ഇട്ടതു പോലുള്ള ചെറു തൂവലുകളും കണ്ണിൽ അല്പം ചുവപ്പും നിറമുള്ളവയായിരുന്നു ഭൂരിഭാഗവും. ഒരു ദിവസം ചാരത്തൂവലിൽ അല്പം വെള്ള കലർന്ന നിറമുള്ള ഒരുപ്രാവ് എത്തി. പിന്നെ എതാനും ദിവസങ്ങൾ കൂടി അതിനെ കണ്ടു. ആ പ്രാവ് പക്ഷേ സ്ഥിരമായി അവിടെ തങ്ങിയില്ല. ഞങ്ങളുടെ വീട്ടിലെ അന്തേവാസികളായ പ്രാവിനെ പ്രണയിക്കാൻ വന്നതാണോ ഈ പ്രാവെന്ന് എനിയ്ക്കൊരു സംശയം. പിന്നെ അത് വന്നിട്ടില്ല. അവിടെ നിന്നും ഒരിണയുമായി കടന്ന് കളഞ്ഞതാവാനാണ് സാധ്യത. പ്രാവുകളുടെ എണ്ണക്കൂടുതൽ കൊണ്ട് കൂട്ടത്തിൽ നിന്നാരെങ്കിലും പോയോ എന്നും മനസ്സിലായില്ല.

അങ്ങനെയിരിയ്ക്കെ ഒരു ദിവസം ഞങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള താവണം പൊയ്കയിലെ വല്യമ്മച്ചിയുടെ വീട്ടിൽ പോയി. അതിന് തൊട്ടടുത്തുള്ള ഒരു വീട്ടിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു. അവരുടെ മുറ്റത്ത് വിലസിയിരുന്ന ഒരു പ്രാവിനെ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ വീട്ടിൽ ഇടക്കാലത്ത് എത്തിയ വെള്ള പുള്ളിയുള്ള പ്രാവാണോ അതെന്ന് എനിക്ക് തോന്നി. കൂടെ തോളോട് തോൾ ചേർന്ന് കുറുകി നടക്കുന്ന മറ്റൊരു പ്രാവും. അത് ഞങ്ങളുടെ വീട്ടിൽ നിന്നും പോയതാകണം.
ആ വീട്ടുകാരോട് വ്യത്യസ്ഥ നിറമുള്ള ഈ പ്രാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് സ്ഥിരമായി അവിടെയുള്ളതാണെന്ന് മനസ്സിലായി.

തട്ടിൻപുറത്തെ പ്രാവിന്റെ കുറുകലിന് ഓരോ താളമുണ്ട്. റിലേ സംവിധാനത്തിൽ ഒരു പ്രാവ് കൊണ്ടുവരുന്ന കുഞ്ഞ് മരചില്ല തട്ടിൻപുറത്തിരിയ്ക്കുന്ന പ്രാവിന്റെ ചുണ്ടിലേയ്ക്ക് കൈമാറുമ്പോഴുള്ള കുറുകലിന് ഒരു താളം. ഇണയോടുള്ള കുറുകലിന് മറ്റൊരു താളം. കുഞ്ഞിന് ആഹാര സാധനങ്ങൾ കൈമാറുമ്പോൾ മറ്റൊരു താളം . അങ്ങനെ അങ്ങനെ അവരും അവരുടേതായ ഭാഷയിൽ ആശയ വിനിമയം നടത്തുന്നു. കുഞ്ഞിന് പാൽ കൊടുത്തു വളർത്തുന്ന ഒരു പക്ഷിയാണ് പ്രാവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പുസ്തകത്തിൽ ഞാൻ വായിച്ചിരുന്നു. അങ്ങനെ ഞാൻ പ്രാവുകളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. കുഞ്ഞിനായി കൊത്തികൊണ്ടുവരുന്ന ധാന്യമണികൾ അമ്മ പ്രാവിന്റെ കഴുത്തിന് താഴെയുള്ള ദ്വാരത്തിലൂടെ ഊറി വരുന്ന ദ്രാവകത്തിൽ മുക്കി നനച്ചാണ് കുഞ്ഞിന് കൊടുത്തിരുന്നത്. ഈ നനയ്ക്കൽ പ്രക്രിയ പലപ്പോഴും ഞങ്ങളുടെ കിണറ്റു കല്ലിൽ വച്ചാകും നടത്തുക. അതിന് ശേഷം പറന്നുചെന്ന് മച്ചിൻ പുറത്തിരിക്കുന്ന കുഞ്ഞിന് എത്തിക്കും. കുഞ്ഞല്പം വളർന്ന് കഴിയുമ്പോൾ ഭിത്തിയരികിലേയ്ക്കെത്തി പുറത്തേയ്ക്ക് തല നീട്ടും. വലിയ പ്രാവുകൾ രാത്രിയിരിയ്ക്കുന്നതും ഉറങ്ങുന്നതും ഭിത്തിയുടെ മുകളിൽ തന്നെ. മുട്ടയിടാനായി കൂടൊരുക്കുമ്പോഴാണ് മച്ചിനുള്ളിലേയ്ക്ക് പോവുക.

അങ്ങനെയിരിക്കേ വീട്ടിൽ അച്ഛനുമമ്മയും ഇല്ലാതിരുന്ന ദിവസം അനുജൻ തട്ടിൻപുറത്തേയ്ക്ക് ഏണി വച്ച് കയറി. സാധരണ ചാക്കിൽ കെട്ടിയ നെല്ലോ തേങ്ങയോ മറ്റത്യാവശ്യമില്ലാത്ത സാധനങ്ങളോ ആണ് അമ്മ തട്ടിൻപുറത്ത് ഇടാറ്. അനുജൻ ഏണിയിൽ കയറി നിന്ന് തട്ടിന്റെ അടപ്പിന്റെ കൊളുത്തെടുത്ത് തട്ട് തുറന്ന് മുകളിലേയ്ക്ക് കയറിയപ്പോൾ ഞാനും പുറകേ കയറി. അവിടെ ധാരാളം പ്രാവിൻ കൂടുകൾ . ചില്ലകൾ കൊണ്ട് മെനഞ്ഞ് അകം അർദ്ധഗോളാകൃതിയിൽ വരത്തക്കവിധമാക്കി അതിനകത്ത് പഞ്ഞി ചകിരിനാര് എന്നിവയടുക്കി കുഞ്ഞ് മുട്ടകളിടാൻ മെത്തയൊരുക്കിയിരിക്കുകയാണ്. പല കുടുംബങ്ങളുടേതാകണം ധാരാളം കൂടുകളുണ്ട്. ചിലതിൽ 3 മുട്ടകൾ ചിലതിൽ 4 മുട്ടകൾ ചിലതിൽ 5 മുട്ടകൾ . അനുജൻ മുട്ടകളുടെ എണ്ണം കൂടുതലുള്ള കൂടുകളിൽ നിന്നും രണ്ട് മൂന്ന് മുട്ടകൾ കരസ്ഥമാക്കി തട്ടിറങ്ങി. പുറകേ ഞാനും. അനുജൻ നേരെ അടുക്കളയിലെത്തി. ഒരു ചട്ടി അടുപ്പത്ത് വച്ച് ബുൾസൈ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഞാനും അനുജത്തിയും പുറകേ ചെന്നു. കോഴി മുട്ടയക്കാൾ വളരെ ചെറിയ മുട്ടയാണ് പ്രാവിന്റേത്. കോഴി മുട്ടയുടെ മഞ്ഞക്കരുവിന് മഞ്ഞനിറമാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. ബുൾസൈ തയ്യാറായപ്പോൾ ഞാനും അനുജത്തിയും അതിന്റെ പങ്ക് പറ്റി. പിന്നെയും പല ദിവസങ്ങളിലും അനുജൻ ഇതാവർത്തിച്ചു.

പ്രാവിന് മുട്ടയുടെ എണ്ണമോ മനുഷ്യ ഗന്ധമോ തിരിച്ചറിയാൻ കഴിയില്ലെന്ന് വേണം കരുതാൻ. പ്രത്യേകിച്ച് ശബ്ദ കോലാഹലങ്ങളൊന്നുമില്ലാതെ അവർ സാധാരണ പോലെ കഴിഞ്ഞ് പോന്നു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്ന് പുറത്തു പോകാൻ തുടങ്ങുമ്പോൾ കൂടിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി ഭിത്തിയരികിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിന്റെചില്ലകൾ താഴെ തിണ്ണയിലേയ്ക്ക് തള്ളിയിടും. കൂട് അടുത്ത മുട്ടക്കാലത്തേയ്ക്ക് കരുതി വയ്ക്കുന്ന കാര്യമില്ല. അന്ന് പുതിയ കൂടൊരുക്കും.

പ്രാവ് സമാധാനത്തിന്റെ പ്രതീകമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുദ്ധങ്ങൾക്കെതിരായുള്ള ജാഥയിൽ കേട്ടതിങ്ങനെ.” സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പീരങ്കികൊണ്ട് തകർത്തിടല്ലെ”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിൻെറ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആദ്യകാല കോവിഡ് -19 നെ കുറിച്ചുള്ള പൂർണവിവരങ്ങൾ ചൈന നൽകിയില്ലെന്ന് വെളിപ്പെടുത്തൽ. ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തിലുള്ള ശാസ്ത്രജ്ഞനാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ആരോപണം ഉയർത്തിയിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിൽ കൊറോണാ വൈറസ് വ്യാപിച്ചതിൻെറ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 174 രോഗികളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും പൂർണ്ണ വിവരങ്ങൾക്ക് പകരം ഒരു സംഗ്രഹം മാത്രമേ ചൈനീസ് അധികൃതരുടെ ഭാഗത്തുനിന്ന് ലഭ്യമായുള്ളൂ എന്ന് അന്വേഷണ സംഘത്തിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയർ പറഞ്ഞു.

ഡൊമിനിക് ഡ്വെയർ

ആദ്യകാല 174 കേസുകളിൽ പകുതി മാത്രമാണ് വുഹാൻ മാർക്കറ്റിൽനിന്ന് വൈറസ് ബാധിച്ചതായി കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ രോഗികളെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമാകുന്നത് വൈറസിൻെറ ഉത്ഭവത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം പുറത്തുവരുന്നതിന് ആവശ്യമാണെന്നാണ് ഡൊമിനിക് ഡ്വെയർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ആദ്യകാല പഠനത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ അടുത്ത ആഴ്ച പുറത്തുവിടുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. വുഹാനിലെ ലബോറട്ടറിയിൽ കോവിഡ് -19 സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ലന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത് വളരെയേറെ ചർച്ചാവിഷയമായിരുന്നു.

അയർക്കുന്നം: യുകെ മലയാളിയുടെ നാട്ടിലെ അയർക്കുന്നം ചേന്നമറ്റത്തുള്ള വീട്ടിൽ ഉണ്ടായ മോഷണത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചു നാടോടി കഥയെ വെല്ലുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുമ്പോൾ സത്യം എന്താണ് എന്ന് അറിയുവാനുള്ള യുകെ മലയാളികളുടെ താല്പര്യത്തെ മുൻനിർത്തി മലയാളം യുകെ, എന്താണ് സത്യത്തിൽ ഉണ്ടായത് എന്ന് വെളിപ്പെടുത്തുന്നു.

പ്രസ്‌തുത സംഭവത്തിൽ ഉൾപ്പെട്ട യുകെ മലയാളിയെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും അവരുടെ അഭ്യർത്ഥന മാനിച്ചുമാണ് മലയാളം യുകെ വാർത്ത കൊടുക്കാതിരുന്നത്. കാരണം വാർത്തയെ തുടർന്നുണ്ടാകുന്ന ഫോൺ കോളുകൾക്ക് എല്ലാം മറുപടി പറയാൻ തക്ക മാനസികാവസ്ഥയിൽ അല്ല അവർ എന്ന് അറിവുള്ളതും കൊണ്ടും കൂടിയാണ്. അവർക്കുണ്ടായ നഷ്ടത്തെക്കാളേറെയായി അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വാർത്ത ഒഴിവാക്കിയപ്പോൾ അവിടെയും ഇവിടെയും കേട്ടത്‌ വച്ച് വാർത്തകൾ ചിലർ പരമ്പരയാക്കിയതുകൊണ്ടാണ് ഇത് ഇപ്പോൾ പുറത്തുവിടുന്നത്.

സംഭവം ഇങ്ങനെ.. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെ ആണ് സംഭവം.. സ്വകര്യ ആവശ്യങ്ങൾക്കായി വീട്ടുടമസ്ഥൻ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടത്തിന് ശേഷമാണ് ഉണ്ടാകുന്നത്. ഈ സമയം യുകെ മലയാളിയുടെ ‘അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാസ്ക് വച്ച് വീട്ടിൽ കയറിവന്ന മുപ്പതിന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തുകയാണ്. സർക്കാർ നടപ്പാക്കുന്ന വാക്‌സിൻ സംബന്ധമായിട്ടാണ് ഞാൻ വരുന്നതെന്നും ഫോൺ തന്നാൽ ആപ്പ് ഡൗൺ ലോഡ് ചെയ്‌തു ബുക്ക് ചെയ്‌തു തരാമെന്നും പറയുകയായിരുന്നു. എന്നാൽ ഇവിടെ ആർക്കും കൊറോണ ഇല്ലെന്നും ഭർത്താവ് തിരിച്ചുവരുമ്പോൾ വേണ്ടത് ചെയ്തുകൊള്ളുമെന്നും പറഞ്ഞ് യുകെ മലയാളിയുടെ ‘അമ്മ അവരെ മടക്കി വിടാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ അല്പം തണുത്ത വെള്ളം തരുമോ എന്നായി കയറിവന്ന യുവാവിന്റെ ആവശ്യം. നന്നായി ഡ്രസ്സ് ചെയ്ത് നിൽക്കുന്ന ആളെ സംശയക്ക തക്ക ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് ‘അമ്മ അകത്തുപോയി വെള്ളം ഫ്രിഡ്ജിൽ നിന്നും കള്ളനായ യുവാവ് കൊടുത്ത കുപ്പിയിൽ വെള്ളം എടുത്തുനൽകിയത്.

കുപ്പിയിൽ കൊടുത്ത തണുത്ത വെള്ളം കള്ളൻ കുടിച്ചത് തിരിഞ്ഞു നിന്നതിന് ശേഷം മാസ്ക് മാറ്റിയായിരുന്നു. തിരിച്ചു മാസ്ക് ഇട്ടശേഷമാണ്  അമ്മക്ക് അഭിമുഖമായി യുവാവ് തിരിഞ്ഞത്. അതുകൊണ്ട് അമ്മക്ക് യഥാർത്ഥ മുഖം കാണുവാനുള്ള സാഹചര്യം ഇല്ലാതാക്കുക ആയിരുന്നു കള്ളനായ യുവാവിന്റെ ലക്ഷ്യം. വീണ്ടും കുറച്ചുക്കൂടി തണുത്ത വെള്ളം കുപ്പിയിൽ ആവശ്യപ്പെടുകയും, കൊറോണയുടെ പടർച്ച തുടരുന്ന കേരളത്തിൽ സ്വയം സംരക്ഷണം എന്ന രീതിയിൽ മുറ്റത്തുള്ള ടാപ്പ് ‘അമ്മ  കാണിച്ചു കൊടുക്കുകയും ചെയ്‌തു.

എന്നാൽ വീണ്ടും തണുത്ത വെള്ളം എന്ന ആവശ്യം ഉന്നയിക്കുകയും, കുപ്പിയിൽ തിരിച്ചും തണുത്ത വെള്ളം നിറച്ചു കൈപ്പറ്റിയശേഷം കള്ളൻ പുറത്തേക്ക് നടക്കുന്നതും കണ്ടിട്ടാണ് ‘അമ്മ വീടിനുള്ളിൽ കടന്നു കതക് അടച്ചശേഷം ടീവി കാണുവാനായി ഇരുന്നത്. ടി വി യിലെ പരസ്യത്തെ തുടർന്ന് അടുക്കളയിലേക്ക് പോയ ‘അമ്മ പാത്രം കഴുകുന്നതിനിടയിൽ പുറകിൽ ആരോ വന്ന് നിൽക്കുന്നത് കാണുന്നത്. പോയി എന്ന് കരുതിയ യുവാവ്, പൂട്ടാതെ കിടന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.

നിനക്ക് വെള്ളം തന്നതല്ലേ പിന്നെ എന്തിനാണ് ഉള്ളിൽ വന്നത് എന്ന് ‘അമ്മ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.. ഞാൻ വെള്ളം കുടിക്കാൻ വന്നതല്ലെന്നും മോഷ്ടിക്കാൻ ആണ് വന്നതെന്നും പറയുകയുണ്ടായി. തോക്കെടുത്തു കാണിച്ച ശേഷം ഒച്ച വച്ചാൽ കൊന്നുകളയുമെന്നും ഭീഷണപ്പെടുത്തി.

ഇതിനിടയിൽ അടുക്കള വാതിലിലൂടെ രക്ഷപെടുവാൻ ശ്രമിച്ച അമ്മയുടെ കഴുത്തിനാണ് കള്ളൻ പിടുത്തമിട്ടത്. കൂടുതൽ ഭീഷണികൾ മുഴക്കിയ കള്ളൻ തുടന്ന് അമ്മയുടെ കൈകൾ തുണിയെടുത്തു കൂട്ടി കെട്ടുകയും ചെയ്‌തു. അമ്മയുടെ നെറ്റിയുടെ നേരെ തോക്ക് ചൂണ്ടിയാണ് മറ്റു മുറികളിലേക്ക് അമ്മയെ കൊണ്ടുപോയത്.

ഇതിനോടകം കഴുത്തിൽ കിടന്ന മാല ആവശ്യപ്പെട്ട കള്ളൻ അത് ബലമായി ഊരി എടുത്തിരുന്നു. തുടർന്ന് ഓരോ മുറികളിലും അമ്മയെ കൊണ്ടുപോവുകയും അവസാനം കയറിയ മുറിയിലെ അലമാരയിൽ താക്കോൽ കിടക്കുന്നതും അതിൽ ഉണ്ടായിരുന്ന സ്വർണ്ണം അടങ്ങുന്ന പെട്ടി കൈയിലാക്കുകയും ചെയ്‌തു. ഡയമണ്ട് മോതിരം ഉൾപ്പെടെയുള്ള പെട്ടിയാണ് നഷ്ടപ്പെട്ടത്.

പണം ഉണ്ടായിരുന്ന ഒരു ബാഗ് കള്ളന്റെ കണ്ണിൽ പെട്ടെങ്കിലും കുലുക്കിനോക്കി തിരികെ വയ്ക്കുകയാണ് ചെയ്‌തത്.

ഇതിനിടെ പുറത്തു കിടന്ന കാറിന്റെ കീ ചോദിച്ചെങ്കിലും അത് ചങ്ങനാശ്ശേരിക്ക് പോയ ഭർത്താവിന്റെ കൈയിലാണ് എന്ന് പറയുകയും ചെയ്‌തു. വീട്ടിൽ ഉണ്ടായിരുന്ന കീ കള്ളൻ കാണാത്തതുകൊണ്ട് കാർ എടുക്കാൻ സാധിച്ചില്ല.

തുടർന്ന് അമ്മയുടെ വായിൽ തുണി തിരുകി വയ്ക്കുകയും, തോർത്ത് കൊണ്ട് പുറമെ കെട്ടുകയും ചെയ്‌തശേഷം  മുറിയിൽ ആക്കി പുറത്തുനിന്നും പൂട്ടിയ ശേഷം കള്ളൻ കടന്നു കളയുകയാണ് ഉണ്ടായത്. വളരെ പരിശ്രമിച്ചാണ് ‘അമ്മ കൈയിലെ കേട്ട് അഴിച്ചത്. ജനാല വഴിയുള്ള ഉച്ചത്തിലുള്ള വിളി കേട്ട അടുത്ത് താമസിച്ചിരുന്ന ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആണ് ഓടിയെത്തി വീട് തുറന്നത്. പിന്നീട് എത്തിയ നാട്ടുകാർ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ട് പാതി വഴിക്ക് എത്തിയ കുടുംബനാഥനെ വിവരം  അറിയിക്കുന്നത്.

അറിയിച്ചതനുസരിച്ചു അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോഷണം നടത്തിയത് നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ആളാണെന്നു ‘അമ്മ പോലീസിന്  മൊഴി നൽകിയിട്ടുണ്ട്.

വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെട്ട അവരുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ദുഃഖിതരായ യുകെ മലയാളി കുടുംബത്തെ നമ്മൾ നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുപ്പിനായി വിളിച്ചു ശല്യപ്പെടുത്താതെ സഹകരിക്കുക. നാട്ടിൽ ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ വാർത്ത ഉപകാരപ്പെടെട്ടെ എന്നും മുൻകരുതൽ എടുക്കുന്നതിൽ സഹായിക്കട്ടെ എന്നും ആശിക്കുന്നു. അതുപോലെ തന്നെ യുകെയിലെ മലയാളികളുടെ ഇടയിലേക്ക് ഇട്ടുകൊടുക്കുന്ന ഊതിപ്പെരുപ്പിച്ച ‘പരമ്പര’ വാർത്തകൾക്ക് വിരാമമാകുമെന്നും പ്രതീക്ഷിക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യ ആസ്ഥാനമായുള്ള 103 ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പിരിച്ചുവിട്ട് ജർമൻ എയർലൈൻസ് ഗ്രൂപ്പ് ആയ ലുഫ്താൻസ. ജർമൻ എയർലൈൻസ് ഗ്രൂപ്പ് രണ്ട് വർഷത്തേക്ക് ശമ്പളമില്ലാതെ അവധി വാഗ്ദാനം ചെയ്തപ്പോൾ മാനേജ്‌മെന്റിൽ നിന്ന് “തൊഴിൽ ഉറപ്പ്” ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ ജീവനക്കാർ എയർലൈനുമായി ഒരു നിശ്ചിതകാല കരാറിലാണ് പ്രവർത്തിച്ചിരുന്നത്. അവരിൽ ചിലർ 15 വർഷത്തിലേറെയായി കമ്പനിയിൽ പ്രവർത്തിച്ചു വന്നവരാണ്. കൊറോണ വൈറസ് ഏല്പിച്ച കടുത്ത സാമ്പത്തിക ആഘാതം മൂലം വിമാനക്കമ്പനിയെ പുനഃസംഘടിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അതിന്റെ ഭാഗമായി “ഡൽഹി ആസ്ഥാനമായുള്ള ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ സ്ഥിരകാല തൊഴിൽ കരാറുകൾ വിപുലീകരിക്കില്ലെന്നും ലുഫ്താൻസ വക്താവ് പറഞ്ഞു.

“കനത്ത നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ലോകമെമ്പാടുമുള്ള എല്ലാ എയർലൈനുകളെയും പോലെ ലുഫ്താൻസയും അതിന്റെ ഭാവി സുരക്ഷിതമാക്കാൻ നടപടിയെടുക്കേണ്ടതുണ്ട്.” പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ സർക്കാർ നിയന്ത്രണങ്ങളുടെ ഫലമായി രാജ്യാന്തര വിമാന യാത്ര കുറഞ്ഞുവരുന്നതിനാൽ ക്യാബിൻ സ്റ്റാഫിന് കാര്യമായ ജോലി അവശേഷിക്കുന്നില്ല. “ഇന്ത്യൻ യൂണിയനുമായി ഞങ്ങൾ രണ്ടുവർഷത്തെ ശമ്പളമില്ലാത്ത അവധി നൽകുന്നതിന് ഒരു കരാറിൽ ഒപ്പുവെച്ചു. എൻറോൾ ചെയ്ത കുടുംബാംഗങ്ങൾക്ക് പോലും ലുഫ്താൻസ പ്രാദേശിക ആരോഗ്യ ഇൻഷുറൻസ് നൽകുന്നത് തുടരുന്നു.” പ്രസ്താവനയിൽ പറയുന്നു

എന്നാൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ദീർഘകാല കരാറുകളിൽ ഒറ്റരാത്രികൊണ്ട് മുൻ‌കൂട്ടി അറിയിപ്പ് നൽകാതെ തന്നെ സേവനങ്ങൾ അവസാനിപ്പിച്ചതായി വൃത്തങ്ങൾ ആരോപിച്ചു. ഈ പുനഃസംഘടന ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും വലിയ അളവിൽ ആഭ്യന്തര വിപണികളെ, പ്രത്യേകിച്ച് ജർമ്മനിയും ഉൾപ്പെടുന്നുവെന്നും മനസ്സിലാക്കണമെന്ന് കമ്പനി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിൽ 2020 ൽ യുകെയിലെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞതിൻെറ നേർകാഴ്ചകൾ പുറത്തുവന്നു. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സിൻെറ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം യുകെ സമ്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയ ഇടിവ് 9.9 ശതമാനമാണ്. ഇത് നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിൻെറ ഇരട്ടിയോളം വരുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിനെ പ്രതിനിധീകരിച്ച് ജോനാഥൻ അത്തോ പറഞ്ഞു. നവംബറിൽ 2.3 ശതമാനമായി വളർച്ചാനിരക്ക് കുറഞ്ഞിരുന്നു. എന്നിരുന്നാലും ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഡിസംബറിൽ അത് 1.2 ശതമാനമായി.

മഹാമാരിയുടെ ഫലമായി ലോകമൊട്ടാകെ എല്ലാ രാജ്യങ്ങളിലും സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധി നേരിടുന്നതായി ചാൻസലർ റിഷി സുനക് പറഞ്ഞു. ഇപ്പോഴത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിരവധി ആളുകളെയും ബിസിനസിനെയും സാരമായി ബാധിക്കുന്നുണ്ടെങ്കിലും ശൈത്യകാലത്ത് സമ്പദ് വ്യവസ്ഥയുടെ പുനസ്ഥാപനത്തിൻറെ ചില നല്ല സൂചനകൾ കാണുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. കോവിഡ് -19 നിയന്ത്രണങ്ങൾ വസന്തത്തിൻെറ തുടക്കം വരെ നീണ്ടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം ഏതാനും മാസങ്ങൾ കൂടി നീണ്ടു നിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ലോകം മുഴുവൻ സമസ്തമേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധികൾ വളരെ ഗുരുതരമായിരുന്നു. എന്നാൽ കോവിഡ്-19 മൂലം ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളെ നേരിട്ട ഒരു മേഖല വിദ്യാഭ്യാസ രംഗമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വീട്ടിൽ അടച്ചിരുന്ന് ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ പുറത്തു വന്നിരുന്നു. ഇതിൽ യുകെയിലെ വിദ്യാഭ്യാസ മേഖലയിൽ കോവിഡ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനം അനുസരിച്ച് മഹാമാരി ഏറ്റവും കൂടുതൽ ഇയർ വൺ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഏകദേശം 1.47 ദശലക്ഷം കുട്ടികളെ പരിശീലിപ്പിക്കുന്ന 6,000-ത്തിലധികം പ്രൈമറി സ്കൂളുകളിൽ നിന്നുള്ള അധ്യാപകരുടെ വിലയിരുത്തലുകൾ വിദ്യാഭ്യാസ ഗവേഷകർ പരിശോധിച്ചത്തിൽനിന്നാണ് കണ്ടെത്തലുകൾ.  മഹാമാരിയുടെ സമയത്ത് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ പിന്നോക്കം പോയതായി പഠനം സൂചിപ്പിക്കുന്നു.    പഠന നിലവാരം ഏറ്റവും പ്രതിസന്ധിയിലായ വിഷയങ്ങളിൽ ഗണിതശാസ്ത്രമാണ് മുന്നിൽ. സെപ്റ്റംബറിൽ സ്കൂളുകളിൽ തിരിച്ചെത്തിയതിന് ശേഷവും തങ്ങളുടെ പഠന നിലവാരത്തിൻെറ പൂർവ്വസ്ഥിതിയിലെത്താൻ വളരെയേറെ സമയം വേണ്ടിവന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ദരിദ്ര പശ്ചാത്തലത്തിലുള്ള വിദ്യാർഥികളുടെ നിലവാരം ഒന്നുകൂടി പുറകിലായതിൻെറ തെളിവുകളും പുറത്തു വന്നിട്ടുണ്ട്. മതിയായ സൗകര്യമില്ലാതെ ഓൺലൈൻ പഠനം ബുദ്ധിമുട്ടിലായ കുട്ടികളെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബ്രിട്ടണിൽ മരിച്ചു. അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആൻറണിയുടെ ഭാര്യ മോളി (57) ആണ് മരണമടഞ്ഞത്. ലിവർപൂളിലെ വീഗൽ സ്വദേശിയായ മോളി കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മെർലിൻ, മെർവിൻ എന്നിവരാണ് മക്കൾ . കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മോളി ചികിത്സയിലായിരുന്നു.

പരിചയപ്പടുന്ന എല്ലാവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ലിവർപൂൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ജോസ് കണ്ണങ്കര മരണമടഞ്ഞതിന് തുടർന്നുള്ള ദുഃഖം മാറുന്നതിനു മുൻപാണ് മലയാളി കമ്മ്യൂണിറ്റിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന മോളി ആൻറണിയുടെ വിയോഗം സൃഷ്ടിച്ച വേർപാട്.

മോളി ആൻറണിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved