Main News

ലണ്ടൻ : പ്രധാനമന്ത്രിയായാൽ എനർജി ബില്ലുകൾക്കായി കൂടുതൽ പണം നൽകുമെന്ന് ഋഷി സുനക്കിന്റെ വാഗ്ദാനം. എന്നാൽ, കൃത്യമായ തുക ഇതുവരെ നിശ്ചയിച്ചിട്ടില്ല. അത് ഊർജ്ജ വില പരിധിയിലെ വർദ്ധനവിനെ ആശ്രയിച്ചിരിക്കും. എനർജി റെഗുലേറ്റർ ഓഫ്‌ജെം ഓഗസ്റ്റ് 26-ന് വില പരിധിയിലെ വർദ്ധനവ് പ്രഖ്യാപിക്കും. വിതരണക്കാർക്ക് ഒരു യൂണിറ്റിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി തുകയാണ് ഇത്. “കൂടുതൽ പിന്തുണ ആവശ്യമായി വരുമെന്നതിൽ യാതൊരു സംശയവുമില്ല. ബില്ലുകൾ ഉയരുന്നതിനനുസരിച്ച് എന്റെ പ്രവർത്തനവും കൂടും.” സുനക് പറഞ്ഞു.

പണപ്പെരുപ്പം ഈ വർഷം 13 ശതമാനത്തിലെത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. അതേസമയം, സെപ്തംബർ ആദ്യം ഓഫീസ് വിടുന്നതിന് മുമ്പ് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് വലിയ നികുതിയും ചെലവ് നടപടികളും അവതരിപ്പിക്കാൻ ജോൺസണിന് പദ്ധതിയില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.

ഒക്ടോബറിലെ ഊർജ വില വർധന പിൻവലിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇതിനകം പ്രഖ്യാപിച്ച പിന്തുണയിൽ എൺപത് ലക്ഷം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് £650 പേയ്‌മെന്റ്, പെൻഷൻകാർക്ക് അധികമായി £300, എല്ലാ കുടുംബങ്ങൾക്കും £400 എന്നിവ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ ബന്ധുക്കളെ കാണാനെത്തിയ ബ്രിട്ടീഷ് യുവതി വെടിയേറ്റ് മരിച്ചു. ലെസ്റ്റർഷെയറിൽ കഴിയുന്ന ഫാത്തിമ ഇസയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം രണ്ടാഴ്ചയോളം ചെലവഴിക്കാൻ ഭർത്താവ് ഫയാസിനൊപ്പമാണ് ഫാത്തിമ എത്തിയത്. ജോഹന്നാസ്ബർഗിലെ ഗേറ്റഡ് മെയേർസൽ വ്യൂ എസ്റ്റേറ്റിലെ വസതിയിൽ താമസിക്കുമ്പോഴാണ് വെടിയേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ബന്ധുവിന്റെ കയ്യിൽ നിന്നാണ് വെടിയേറ്റത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റ ഫാത്തിമ തൽക്ഷണം മരിച്ചു.

നാല് കുട്ടികളുടെ അമ്മയാണ് ഫാത്തിമ. പാരാമെഡിക്കുകൾ എത്തി ഫാത്തിമയെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൂർണ്ണമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പോലീസ് വക്താവ് പറഞ്ഞു. ഫയാസിനെ സഹായിക്കാനായി ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ലെസ്റ്ററിലെ പ്രാദേശിക വൃത്തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

ഫാത്തിമയുടെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ദി സിറ്റി ഓഫ് ലെസ്റ്റർ കോളേജിലെ സഹപ്രവർത്തകർ. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണ് ജോഹന്നാസ്ബർഗ്. ദക്ഷിണാഫ്രിക്കയിൽ പ്രതിദിനം 58 കൊലപാതകങ്ങളും 150 ബലാത്സംഗങ്ങളും എണ്ണമറ്റ സായുധ കവർച്ചകളും കാർ കടത്തലും നടക്കുന്നതിനാൽ, നിരവധി താമസക്കാർ ആയുധധാരികളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് വൈകിട്ട് കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങുകൾ അരങ്ങേറുമ്പോൾ ഇന്ത്യൻ ടീം അംഗങ്ങൾ അതിൽ പങ്കെടുക്കാനുണ്ടാകില്ല. കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്ന മിക്കവരും ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ബാഡ്മിന്റൻെറയും ഹോക്കിയിലെയും ടീമംഗങ്ങൾക്ക് ഇന്ന് കളിയുള്ളതുകൊണ്ട് പോയിട്ടില്ല . ഇത്ര തിരക്ക് പിടിച്ച് എന്തുകൊണ്ടാണ് ഇന്ത്യൻ ടീം നാട്ടിലേയ്ക്ക് മടങ്ങിയതിൻെറ കാരണമറിയില്ലെന്ന് കോമൺവെൽത്ത് ഗെയിംസുമായി സഹകരിക്കാൻ അവസരം കിട്ടിയ ഒരു യുകെ മലയാളി രോഷത്തോടെ മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചു.

11 ദിവസത്തെ കായിക മാമാങ്കത്തിന് സമാപനം കുറിച്ചുള്ള പരിപാടികൾ അരങ്ങേറുന്നത് ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിലാണ്. ഉദ്ഘാടനത്തിലെന്നപോലെ ബർമിംഗ്ഹാമിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ കാണികളുടെ മനം കുളിർപ്പിക്കും . 30,000 പേരടങ്ങുന്ന സദസ്സാണ് പരിപാടികളിൽ വീക്ഷിക്കാൻ തൽസമയം ഉണ്ടാവുക. അതുകൂടാതെ ലോകമെങ്ങുമുള്ള ഒട്ടേറെ കലാ കായിക പ്രേമികൾ സമാപന ചടങ്ങുകൾ ദൃശ്യ മാധ്യമങ്ങളിലൂടെ വീക്ഷിക്കും. സമാപന ചടങ്ങിൽ 2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന് ഔപചാരികമായ കോമൺവെൽത്ത് പതാക കൈമാറ്റം നടത്തപ്പെടും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വാട്ടർ പാർക്കിൽ ജന്മദിനം ആഘോഷിക്കാനെത്തിയ പതിനൊന്നു വയസുകാരി മുങ്ങിമരിച്ചു. ബെർക്‌ഷെയറിലെ ലിക്വിഡ് ലെഷറിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ജന്മദിന പാർട്ടിയോട് അനുബന്ധിച്ച് 10 സുഹൃത്തുക്കളുമായി ശനിയാഴ്ച 3 മണിക്ക് വാട്ടർ പാർക്കിൽ എത്തിയതാണ് കെയ്റ. എന്നാൽ 3.40ന് കുട്ടിയുടെ പേര് പറഞ്ഞു അമ്മ അലറി കരഞ്ഞതോടെയാണ് കെയ്റയെ കാണാതായെന്ന് മനസിലായത്. എന്നാൽ, അപകടത്തെ നേരിടാൻ കൗമാരക്കാരായ ലൈഫ് ഗാർഡുകൾ തയ്യാറായിട്ടില്ലായിരുന്നുവെന്ന് ദൃക്സാക്ഷികൾ കുറ്റപ്പെടുത്തി.

ഇത് വാട്ടർ പാർക്കിന്റെ വീഴ്ചയാണെന്നും അവർ പറഞ്ഞു. ഇൻഫ്‌ലാറ്റബിൾ സെഷനിൽ നിന്ന് കെയ്റ തിരിച്ചെത്തിയില്ല. ഫ്ലാറ്റബിളുകൾക്ക് കീഴിൽ തിരയാൻ ഡൈവിംഗ് ഉപകരണങ്ങൾ ഇല്ലാതിരുന്നത് തിരിച്ചടിയായി. 3.55 ന് അടിയന്തര സേവനങ്ങളെ വിളിച്ചു. എന്നാൽ 20 മിനിറ്റിന് ശേഷമാണ് തിരച്ചിൽ ആരംഭിച്ചതെന്ന് അമ്മ കുറ്റപ്പെടുത്തി.

പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തുന്നതിന് മുൻപ് തിരച്ചിൽ ആരംഭിച്ചു. എന്നാൽ 5.10നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ വെക്‌സാം പാർക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിർമിങ്ഹാം : 4×400 മീറ്റർ റിലേയിൽ ഇംഗ്ലണ്ടിന് കടുത്ത നിരാശ. ഏറ്റവും കടുപ്പമേറിയ ഫിനിഷിംഗ് നടത്തി ഒന്നാമതെത്തിയെങ്കിലും ലെയ്ൻ ലംഘനം ( lane infringement) നടത്തിയെന്ന് ഉദ്യോഗസ്ഥർ വിധിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിന് സ്വർണം നിഷേധിക്കപ്പെട്ടു. ഓടുന്നതിനിടയിൽ മറ്റൊരാളുടെ പാതയിലേക്ക് കടക്കുന്നതിനെയാണ് ലെയ്ൻ ഇൻഫ്രിഞ്ച്മെന്റ് എന്ന് പറയുന്നത്.

കാനഡയുടെ കൈറ കോൺസ്റ്റന്റൈനേക്കാൾ ഒരു മില്ലി സെക്കന്റ്‌ വ്യത്യാസത്തിൽ ഇംഗ്ലണ്ടിന്റെ ജെസ്സി നൈറ്റ് ഫിനിഷ് ചെയ്തെങ്കിലും ഭാഗ്യം തുണച്ചില്ല. ഇംഗ്ലണ്ട് 3:25:83, കാനഡ 3:25:84 എന്നീ സമയത്തിലാണ് ഫിനിഷ് ചെയ്തത്. എങ്കിലും ഇംഗ്ലണ്ട് ടീം അയോഗ്യരാക്കപ്പെട്ടു. ബാറ്റൺ സ്വീകരിക്കുമ്പോൾ ജോഡി വില്യംസിന്റെ കാൽ തൊട്ടടുത്ത ലെയ്നിലേക്ക് തെന്നിമാറിയതാണ് കാരണം.

ഇതോടെ കാനഡ സ്വർണം നേടി. ജമൈക്ക വെള്ളിയും സ്കോട്ട്ലൻഡ് വെങ്കലവും കരസ്ഥമാക്കി. വിക്ടോറിയ ഒഹുറൂഗു, വില്യംസ്, അമാ പിപ്പി എന്നിവരെല്ലാം മികച്ച പ്രകടനം നടത്തി. ഫോട്ടോഫിനിഷിൽ ഇംഗ്ലണ്ട് സ്വർണത്തിലേക്ക് എത്തിയെങ്കിലും വിധി മറ്റൊന്നായിരുന്നു. അയോഗ്യരാക്കിയതോടെ ടീം ഏറ്റവും അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പടിഞ്ഞാറൻ ലണ്ടൻ നഗരത്തിൽ വൻ തീപിടുത്തം. ഫെൻത്തമിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് രണ്ട് മൈലിൽ താഴെ മാത്രമാണ് വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഗ്നിബാധ ഉണ്ടായ സ്ഥലത്തിന് അടുത്ത് താമസിക്കുന്ന ചിലർ വലിയ ഒരു സ്ഫോടനം കേട്ടതായി സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തു.

അഗ്നിബാധയെ തുടർന്ന് ഇതുവരെ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 60 ഓളം ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 70 ഓളം അഗ്‌നി ശമന സേനാംഗങ്ങളും പോലീസും ആണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഫയർഫോഴ്സിന്റെ കഠിനാധ്വാനം 30 ഓളം വീടുകളെ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടുത്തിയതായി സ്റ്റേഷൻ കമാൻഡർ ടാമർ ഓസ്‌ഡെമിർ പറഞ്ഞു. അഗ്നിബാധയുടെ ദൃശ്യങ്ങൾ വിമാനത്തിലിരുന്ന യാത്രക്കാർ പകർത്തിയതാണ് വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഗ്രാമീണ പാതകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി പ്രകാരം ലണ്ടന് സമീപമുള്ള കൺട്രി റോഡുകളിൽ ഇനി ഡ്രൈവർമാർ വേഗത കുറയ് ക്കേണ്ടി വരും. സറേ ഹിൽസിലെ വേഗ പരിധി 60എംപിഎച്ചിൽ നിന്ന് മുതൽ 20/ 30 എംപിഎച്ച് വരെ കുറയ്ക്കുമെന്ന് കൗണ്ടി കൗൺസിൽ അറിയിച്ചു. 2011-ൽ, റോഡപകട മരണങ്ങളിൽ പകുതിയിലേറെയും 60 മൈൽ വേഗപരിധിയുള്ള ഗ്രാമീണ റോഡുകളിലാണ് സംഭവിച്ചതെന്ന് ഡിഎഫ് ടി പറയുന്നു. ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് ബ്രിട്ടീഷ് റോഡുകളിലെ മരണങ്ങളിൽ ഭൂരിഭാഗവും (57 ശതമാനം) ഗ്രാമപ്രദേശങ്ങളിലാണ് സംഭവിക്കുന്നത്.

2021-ൽ യുകെയിലെ റോഡ് അപകടങ്ങളിൽ 1,560 പേർ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ വേഗത 20 മൈലായി കുറച്ചത് അസാധാരണമാണെന്നും പ്രധാന പാതകളിൽ അപകടം കൂടി വരികയാണെന്നും പാർലമെന്ററി അഡ്വൈസറി കൗൺസിൽ ഫോർ ട്രാൻസ്‌പോർട്ട് സേഫ്റ്റി (പാക്‌ടിഎസ്) ഡയറക്ടർ ഡേവിഡ് ഡേവീസ് പറഞ്ഞു.

സറേ, സസെക്‌സ് പോലീസ് ഈ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്. ദേശീയ വേഗ പരിധിയിൽ നിന്ന് വ്യത്യസ്തമായ വേഗ പരിധി ആവശ്യമെങ്കിൽ കൗൺസിലുകൾക്ക് തീരുമാനം എടുക്കാമെന്ന് ഗതാഗത വകുപ്പ് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം നികുതി കുറയ്ക്കുകയാണെന്ന് ലിസ് ട്രസ്. ഉയർന്ന എനർജി ബില്ലുകൾ മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കും. നികുതി കുറയ്ക്കുന്നത് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നും ട്രസ് പറഞ്ഞു. നാഷണൽ ഇൻഷുറൻസ് വർദ്ധന ഒഴിവാക്കുമെന്നും അവർ ഉറപ്പ് നൽകി. ഒക്ടോബറിൽ എനർജി ബില്ലുകൾ വീണ്ടും ഉയരുമെന്നിരിക്കെ കുടുംബങ്ങളെ എങ്ങനെ സഹായിക്കുമെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് പലിശ എത്തിയതിനാൽ രാജ്യം മാന്ദ്യത്തിലേക്ക് വീഴുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പണപ്പെരുപ്പ തോത് ഉയരാതെ പിടിച്ചുനിർത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് ഋഷി സുനക് പറഞ്ഞു.

ലിസ് ട്രസിന്റെ പദ്ധതികൾ പെൻഷൻകാരെയും കുറഞ്ഞ വരുമാനമുള്ളവരെയും സഹായിക്കില്ലെന്ന് സുനക് കുറ്റപ്പെടുത്തി. പണപ്പെരുപ്പം വേഗത്തിൽ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ടോറി പാർട്ടിയുടെ അവസ്ഥ പരുങ്ങലിലാകുമെന്ന് സുനക് മുന്നറിയിപ്പ് നൽകി. വിലക്കയറ്റം തുടരുന്നതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുരങ്ങുവസൂരി കേസുകൾ രാജ്യത്തെ എല്ലാ മേഖലകളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും വൈറസിനെതിരായ വാക്സിനേഷൻ ക്യാമ്പയിനുകൾ ഇതുവരെയും ഊർജിതമാക്കിയിട്ടില്ല എന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ശരീരത്തിൽ വേദനാജനകമായ കുമിളകൾക്ക് കാരണമാകുന്ന വൈറസ് മെയ് മാസം യുകെയിൽ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഭൂരിഭാഗം അണുബാധ കേസുകളും രേഖപ്പെടുത്തിയത് ലണ്ടനിലാണ്. നിലവിൽ 2,800 -ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ മൂന്നിലൊന്നും ലണ്ടണിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നാണ്. നിലവിൽ രോഗികളുടെ എണ്ണം കൂടുതലായി രേഖപ്പെടുത്തിയത് സൗത്ത് ഈസ്റ്റിലും നോർത്ത് വെസ്റ്റിലും ആണ്. സൗത്ത് ഈസ്റ്റിൽ 230 കേസുകൾ രേഖപ്പെടുത്തിയപ്പോൾ നോർത്ത് വെസ്റ്റിൽ 150 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

നിലവിൽ കുരങ്ങ് വസൂരി പ്രധാനമായും ബാധിച്ചിരിക്കുന്നത് സ്വവർഗ്ഗ അനുരാഗികളായ പുരുഷന്മാരിലാണ്. ഇവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത് കർശനമാക്കുമ്പോൾ അപകട സാധ്യതയുള്ള പുരുഷന്മാർക്ക് ഇവ സ്വീകരിക്കുവാൻ കഴിയാതെ വരാം എന്ന് ലൈംഗിക ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. വസൂരിയുടെ വൈറസുകളുമായി കുരങ്ങ് വസൂരിയുടെ വൈറസിന് സാമ്യമുള്ളതിനാൽ നിലവിൽ വസൂരിയുടെ വാക്സിനേഷൻ ആണ് നൽകുന്നത്. വാക്സിനേഷൻ ക്യാമ്പയിനുകൾ ഉടനെ തന്നെ നടത്തണമെന്നും വൈറസ് കുട്ടികളിലേയ്ക്കോ ഗർഭിണികളിലേയ്ക്കോ എത്തിയാൽ അത് മാരകമായി അവരെ ബാധിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച 6,600 -ലധികം കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎസിൽ പൊതുജനങ്ങളുടെ ആരോഗ്യത്തെ കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇവിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ അഞ്ചു കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒന്നും തന്നെ ജീവന് ഭീഷണിയായ രീതിയിൽ രോഗം മൂർച്ഛിച്ചിട്ടില്ലെങ്കിലും ലോകത്താകമാനം ഈ രോഗം മൂലം പത്ത് പേർ മരണപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോമൺവെൽത്ത് ഗെയിമിൽ മത്സരിക്കുന്ന ഇംഗ്ലണ്ട് വനിതാ കായികതാരങ്ങളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ജർമ്മനിക്കെതിരെ യൂറോ വിജയം നേടാനായി ടീമിൽ ഉൾപ്പെടുന്നവരും കോമൺവെൽത്ത് ഗെയിമിൽ പങ്കെടുക്കുന്നവരുമായ വനിതാ കായിക താരങ്ങൾ ഉണ്ട് . പലരുടെയും ദൃശ്യങ്ങൾ അവരുടെ സമ്മതമില്ലാതെ വ്യാപകമായി വാട്സ്ആപ്പ് വഴി പങ്കുവയ്ക്കപ്പെടുന്നതായാണ് കണ്ടെത്തിയത്.

എല്ലാ ഫോട്ടോഗ്രാഫികളും ഹോട്ടൽ മുറികളിലും ഷവർ ഏരിയകൾ പോലെ കാണപ്പെടുന്ന സ്ഥലത്തുവച്ചാണ് എടുത്തിരിക്കുന്നത്. മത്സരരംഗത്ത് ഉജ്ജല ഫോമിൽ നിൽക്കുന്ന കളിക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അവരെ മാനസികമായി തകർക്കാനാണെന്നാണ് കരുതുന്നത്. ഫോട്ടോകൾ പ്രചരിപ്പിക്കുകയും പങ്കിടുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്.

Copyright © . All rights reserved