Main News

സ്വന്തം ലേഖകൻ

കൊറോണ രോഗ തീവ്രതയിൽ ബുദ്ധിമുട്ടുന്ന ബ്രിട്ടനിൽ ഇരുട്ടടിയായി ക്രിസ്റ്റഫ് കൊടുങ്കാറ്റ് ആഞ്ഞു വീശിയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. കൊടുങ്കാറ്റ് കാരണം കടുത്ത മഞ്ഞുവീഴ്ചയും പേമാരിക്കും ഇംഗ്ലണ്ടും വെയിൽസും സാക്ഷ്യംവഹിച്ചത്. വ്യാപകമായ വെള്ളപ്പൊക്കത്തിനെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്ററിലെ ഡിഡ്‌സ്ബറി, നോർത്ത്‌ഹെൻഡൻ പ്രദേശങ്ങളിലും, റൂത്തിൻ, ബാംഗൂർ-ഓൺ, നോർത്ത് വെയിൽസ്, മെർസീസൈഡിലെ മാഗൾ എന്നിവിടങ്ങളിൽ 2000 ഭവനങ്ങളിൽ നിന്നുള്ള ജനങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടതായി വന്നു.

കൊടുങ്കാറ്റ് മൂലമുള്ള ദുരിതങ്ങൾ കൂടുതലായേക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. രണ്ട് മാസം കൊണ്ട് പെയ്യേണ്ട മഴയാണ് കഴിഞ്ഞ 36 മണിക്കൂർ കൊണ്ട് യുകെയിൽ പെയ്തിറങ്ങിയതാണ് പ്രളയം രൂക്ഷമാകാൻ കാരണം. യുകെയിലെ പല നദികളിലും അപകടകരമായ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിരോധകുത്തിവെയ്പ്പ് ഉൾപ്പെടെയുള്ള കൊറോണയ്ക്കെതിരായ പ്രവർത്തനങ്ങളെ പ്രകൃതി ദുരന്തം ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിൽ നിന്ന് നോർത്ത് വെയിൽസിലെ റെക്സാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വാക്സിൻ സൈറ്റ് സംരക്ഷിക്കുന്നതിനായുള്ള നടപടികൾ അടിയന്തിരമായി കൈകൊണ്ടിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി-അസ്ട്രാസെനെക്ക വാക്‌സിൻ നിർമ്മിക്കുന്നതിനായി 400 പേരാണ് അവിടെ ജോലി ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഇന്നലെ 1820 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട തിന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ മരണ നിരക്കാണ് ഇത് . ആരോഗ്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം ഈ വർഷം തുടങ്ങി 20 ദിവസത്തിനുള്ളിൽ ഇതുവരെ 20000 കോവിസ് – 19 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് മരണങ്ങൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി .

ഇതിനിടെ മരണനിരക്ക് ഉയർന്ന തോതിലാണെങ്കിലും ലോക്ക് ഡൗണിന്റെ ഫലമായി രോഗവ്യാപന തീവ്രത കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ 38905 പുതിയ കോവിഡ്-19 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇതേ അവസരത്തിൽ കഴിഞ്ഞ ആഴ്ച ഇതേ ദിവസം മരണനിരക്ക് 47525 ആയിരുന്നു. കഴിയുന്ന അത്ര വേഗത്തിൽ രാജ്യത്തൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവൺമെൻറ്. ദുഃഖവെള്ളിയാഴ്ചയോടെ ലോക്കഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികളാണ് ഗവൺമെൻറ് തയ്യാറാക്കുന്നത് എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിൽ മുൻഗണനാക്രമത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്തെ വാക്സിൻ വിതരണം നടത്തുന്നത് . എന്നാൽ യോഗ്യതയില്ലാത്ത പലർക്കും അനർഹമായി വാക്സിൻ   ലഭിച്ചെന്നുള്ള വിവരങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

യു എസ്‌ :- പുതുതായി ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഉച്ചയ്ക്ക് ആദ്യമായി ഓവൽ ഓഫീസിലെത്തി പുതിയ എക്സിക്യൂട്ടീവ് ഓഡറുകളിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിനായി എഴുതി വച്ച കത്തും ബൈഡൻ വായിച്ചു. എന്നാൽ കത്തിലെ വിശദാംശങ്ങളൊന്നും തന്നെ പുറത്തു വിടുവാൻ അദ്ദേഹം തയ്യാറായില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി ട്രംപ് ആകെ നടത്തിയ പരിശ്രമമാണ് തന്റെ പിൻഗാമിക്കായി എഴുതിയ ഈ കത്ത്. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയോ, ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ബൈഡൻ മാസ്ക്ക് ധരിച്ചാണ് തന്റെ ഓഫീസിലേക്ക് എത്തിയത്. ഇതിൽ തന്നെ തന്റെ മുൻഗാമിയുമായി ബൈഡൻ വ്യത്യസ്തത പുലർത്തി. ട്രംപ് ഒരിക്കൽ പോലും പൊതുവായ ചടങ്ങുകളിൽ മാസ്ക് ധരിച്ചിരുന്നില്ല.

മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ആണ് ബൈഡൻ ഒപ്പിട്ടത്. ഇതിൽ പാരിസ് കാലാവസ്ഥ കരാറിൽ യുഎസ് തിരിച്ചു ചേരുന്നത് സംബന്ധിച്ച ഫയലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളിൽ അദ്ദേഹം ഒപ്പിടും. അതിനുശേഷം അദ്ദേഹം ആയിരത്തോളം ഫെഡറൽ അപ്പോയിന്റികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. പരസ്പരമുള്ള ബഹുമാനവും വിശ്വാസവും ആണ് എല്ലാവർക്കും ആവശ്യമെന്ന് ബൈഡൻ അവരെ ഓർമ്മപ്പെടുത്തി. ഭാര്യ ജിൽ ബൈഡനൊപ്പം വൈറ്റ് ഹൗസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷമാണ് പ്രസിഡന്റ് തന്റെ ഓഫീസിലെത്തിയത്.

ഉച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സൈനികരുടെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നു. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ട്രംപ് മാത്രം ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പുതിയ പ്രസിഡന്റിന്റെ ഭരണ മാറ്റങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണവൈറസ് വ്യാപന തീവ്രത വർദ്ധിച്ചതോടെ യുകെയിൽ ഉടനീളം സ്കൂളുകൾ പ്രവർത്തനം ഈ മാസം തുടക്കത്തിലെ നിർത്തിവെക്കാൻ ഗവൺമെൻറ് തീരുമാനിച്ചിരുന്നു. വിദ്യാർത്ഥികൾ ഇപ്പോൾ വീടുകളിൽ ഇരുന്ന് ഓൺലൈൻ പഠനം മാധ്യമങ്ങളിലൂടെയാണ് ക്ലാസുകളിൽ സംബന്ധിക്കുന്നത്. ഈ അവസരത്തിലാണ് ബർമിങ്ഹാമിലെ ആയിരക്കണക്കിന് കുട്ടികൾ ലാപ്ടോപ്പുകൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല എന്ന ദുഃഖകരമായ വാർത്ത പുറത്തുവന്നിരിക്കുന്നത്. ബർമിങ്ഹാമിൽ അയ്യായിരത്തോളം കുട്ടികൾക്കാണ് കമ്പ്യൂട്ടറുകൾ ഇല്ലാത്തതിനാൽ പഠനം തടസ്സപ്പെടുന്നത് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വീടുകളിൽ പഠനം സാധിക്കാത്ത ഈ കുട്ടികൾ തങ്ങളുടെ സഹപാഠികളേക്കാൾ പഠനകാര്യത്തിൽ വളരെ പിന്നിൽ ആകും എന്ന് വിലയിരുത്തപ്പെടുന്നു.

. ബെർമിങ്ഹാം സിറ്റിയിലെ കുട്ടികളുടെ പഠന സൗകര്യത്തെ കുറിച്ച് നടത്തിയ പഠനത്തിൽ ഒരു സ്കൂൾ ഒഴിച്ച് ബാക്കി എല്ലാവർക്കും കൂടുതൽ പഠനോപകരണങ്ങൾ വേണമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിച്ചത് . ഒന്നിൽ കൂടുതൽ കുട്ടികൾ ഓൺലൈൻ പഠനം നടത്തേണ്ട സാഹചര്യത്തിൽ വീട്ടിലുള്ള കമ്പ്യൂട്ടർ പങ്കിട്ട് ഒരേസമയം ഉപയോഗിക്കേണ്ടി വരുന്നതിൻെറ പ്രായോഗിക ബുദ്ധിമുട്ടുകൾ പല വീടുകളിലും ഉണ്ട്. മാതാപിതാക്കളും വർക്ക് ഫ്രം ഹോം ആണെങ്കിൽ സ്ഥിതി വീണ്ടും ദുഷ്കരം ആവുകയും ചെയ്യും.

മതിയായ സൗകര്യമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം ബുദ്ധിമുട്ടിലായ കുട്ടികൾക്ക് ബെർമിങ്ഹാം ഡിജിറ്റൽ എഡ്യൂക്കേഷൻ പാർട്ട്ണർഷിപ്പ് സഹായഹസ്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. സുമനസ്സുകൾക്ക് പണമായോ കമ്പ്യൂട്ടറുകൾ നൽകിയോ കുട്ടികളെ സഹായിക്കാൻ ആവും.

പണമോ ലാപ്ടോപ്പുകളോ നൽകി സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിക്കാം

Donate money here 

Donate a laptop here

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലൂടെ യുകെ ഭൂഖണ്ഡത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വളരെ വേഗത്തിലും ഫലപ്രദവുമായാണ് നീങ്ങുന്നത്. ലോകത്തെ ഏറ്റവും മോശം കോവിഡ് മരണനിരക്ക് ബ്രിട്ടനിൽ ആണെന്ന് പറയുമ്പോഴും വാക്സിൻ വിതരണത്തിൽ ബഹുദൂരം മുന്നിലാണ് രാജ്യം. ഫ്രാൻസിനേക്കാൾ പത്തിരട്ടി ആളുകൾക്ക് എൻ എച്ച് എസ് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. എല്ലാ മുതിർന്നവർക്കും സെപ്റ്റംബറോടെ വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമെന്ന് ഡൊമിനിക് റാബ് വെളിപ്പെടുത്തി. രോഗപ്രതിരോധ നടപടികളുമായി എൻ എച്ച് എസ് മുന്നിൽ തന്നെയുള്ളത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസം തന്നെയാണ്. 1945 ന് ശേഷം യൂറോപ്പ് മുഴുവൻ സ്വകാര്യ സമ്പത്തിനെ അടിസ്ഥാനമാക്കാതെയുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചു. നിർബന്ധിത ഇൻഷുറൻസ് പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളവയാണ് മിക്കതും.

എൻ‌എച്ച്എസ് ബജറ്റ് വർദ്ധിപ്പിക്കുമെന്ന് 2000 ൽ ടോണി ബ്ലെയർ പ്രഖ്യാപിച്ചിരുന്നു. ട്രഷറി ബ്ലെയറിനെ തടയാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം തന്റെ നിയോ – ലിബറൽ പ്രത്യയശാസ്ത്രത്തിലൂടെ ശക്തി പ്രാപിച്ചു. ഒരു ദശകത്തിലേറെയായി സൗകര്യങ്ങളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും വലിയ പുരോഗതി ഉണ്ടായി. എന്നാൽ ബ്രിട്ടീഷ് ഡോക്ടർമാർക്കും നേഴ്സുമാർക്കും പരിശീലനം നൽകുന്നതിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയനിൽ നിന്ന് അതിനകം പരിശീലനം നേടിയ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കാൻ ട്രഷറി ഒരുങ്ങി. സൈമൺ സ്റ്റീവൻസിനെ 2014 ൽ എൻ‌എച്ച്എസിന്റെ ചുമതല ഏല്പിച്ചു. അദ്ദേഹം എൻ‌എച്ച്‌എസിനെ രാജ്യത്തിനായി സംരക്ഷിച്ചു. സ്വകാര്യ ലാഭം നല്ലതാണെന്നും പൊതുസേവനം കാലഹരണപ്പെട്ടതാണെന്നും സമീപകാല ദശകങ്ങളുടെ അനുഭവത്തിലൂടെ ബ്രിട്ടൻ പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നലെ മാത്രം ബ്രിട്ടനിൽ 1610 പേരാണ് കോവിഡ് ബാധിച്ചുള്ള മരണത്തിന് കീഴടങ്ങിയത്. കൊറോണ മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണ് ഇത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് മരണങ്ങൾ 90000 -ത്തിന് മുകളിലെത്തി. ഇന്നലെ രേഖപ്പെടുത്തിയ കോവിഡ് ബാധിതരുടെ എണ്ണം 33,355 ആണ്. ഇത് ഏറ്റവും കൂടുതൽ രോഗ തീവ്രത രേഖപ്പെടുത്തിയ ദിവസത്തേക്കാൾ പകുതി മാത്രമേ ഉള്ളൂ എന്നത് ആശ്വാസകരമാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ഏറ്റവും കൂടിയ രോഗ വ്യാപനം രേഖപ്പെടുത്തിയ ജനുവരി 8 -ന് 68,053 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. രാജ്യം കൈകൊണ്ട കർശന നിയന്ത്രണങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നതിൻെറ സൂചനകൾ കാണുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. എന്നിരുന്നാലും കർശന നടപടികൾ തുടർന്നാൽ മാത്രമേ കോറോണയെ തുടച്ചുനീക്കാൻ കഴിയുകയുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈസ്റ്ററിനപ്പുറവും തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ദുഃഖവെള്ളിയാഴ്ചയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നത്. ഇസ്റ്ററിനെങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള കൂടിചേരൽ സാധ്യമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതി തയ്യാറാക്കുന്നത്. എന്നിരുന്നാലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രോഗവ്യാപന തീവ്രത കുറയുന്നതും അതോടൊപ്പം എത്രപേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചു എന്നതിന് അടിസ്ഥാനമാക്കിയിട്ടായിരിക്കും . ഇംഗ്ലണ്ടിലെ സ്കൂളുകൾ മേഖലാടിസ്ഥാനത്തിൽ രോഗതീവ്രതയുടെ തോത് അനുസരിച്ചായിരിക്കും തുറക്കപ്പെടുക എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

സ്വന്തം ലേഖകൻ

ആസ്മ മൂർച്ഛിച്ചു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുന്ന വ്യക്തിയായ സ്റ്റീഫൻ ലിഡൽ (47)മാർച്ച് മുതൽ ഏകാന്തവാസത്തിൽ ആണ്. ജോലിയില്ല, കുടുംബം ഇല്ല, സർക്കാരിൽ നിന്ന് യാതൊരു വിധത്തിലുള്ള ധനസഹായവും ഇല്ല, രോഗബാധിതനാണ്, എന്നിട്ടും സ്റ്റീഫന് ലോകത്തോട് ചോദിക്കാൻ ഒന്നേയുള്ളൂ, ഒരല്പം സ്നേഹം, ഒരാലിംഗനം. ഒരു ദിവസം ആറു ബുക്കിംഗ് എങ്കിലും ലഭിച്ചിരുന്ന ടൂർ ഗൈഡ് ആയ സ്റ്റീഫന് ശമ്പളം ലഭിച്ചിട്ട് 49 ആഴ്ചയായി. ഡിപ്രഷനോടും ആത്മഹത്യാ പ്രവണതയോടും മല്ലടിച്ച് ഇത്ര ദൂരം എത്തി. ഈ രാജ്യത്തെ പൗരനാണെന്ന് തോന്നൽ പോലും ഇപ്പോൾ തനിക്ക് ഇല്ലന്നാണ് അദ്ദേഹം പറയുന്നത്.

ഹെർട്ട്ഫോർഡ്ഷെയറിലെ വീട്ടിൽ ലോകത്തോട് ബന്ധമില്ലാതെ കഴിയുകയാണ് ഇദ്ദേഹം. ഈ വർഷം തുടങ്ങിയതിൽ പിന്നെ ആരെയും കണ്ടിട്ടില്ല. മാർച്ചിൽ വാക്സിൻ സ്വീകരിക്കാൻ സമയമാകുമ്പോൾ ആവും ഇനി ആരെയെങ്കിലും കാണുക. ഒരൊറ്റ നേരമാണ് ഭക്ഷണം കഴിക്കാനുള്ളത്. അതും കഞ്ഞി മാത്രം. സുമനസ്സുകളുടെ സഹായത്താലാണ് ഇത്രയും നാൾ ആഹാരം കഴിച്ചത്. താമസിക്കുന്ന വീടിന് ധാരാളം അറ്റകുറ്റപ്പണികൾ ഉണ്ട്, കാറിന്റെ ബാറ്ററി നശിച്ചു. പതിനൊന്ന് മാസമായി സ്ഥിരവരുമാനം ഇല്ല. പാലുൽപ്പന്നങ്ങൾ അലർജിയാണ്. രോഗം വരും എന്ന് ഉറപ്പുണ്ടെങ്കിലും വിശപ്പ് കാരണം ഇത് കഴിക്കും.

പതിനൊന്ന് മാസമായി വേതനമോ യാതൊരു വിധ സഹായങ്ങളും ലഭിക്കാത്ത 3 മില്യൺ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇത്തരക്കാർക്ക് സഹായം ലഭ്യമാക്കാനായി വാദിക്കുന്ന എക്സ്ക്ലൂഡഡ് യുകെ എന്ന സംഘടന പറയുന്നത് ഇത്തരക്കാരിൽ 14 ശതമാനം പേർക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ്. ഒരു ഡസനോളം വ്യക്തികളാണ് ആത്മഹത്യ ചെയ്തത്.

2021 പ്രതീക്ഷയുടെ വർഷമാണെന്ന് പലരും പറയുന്നുണ്ട്, എന്നാൽ 3 മില്യണോളം വരുന്ന ഇത്തരക്കാർക്ക് ഭാവി ഇപ്പോഴും ഇരുളടഞ്ഞത് തന്നെയാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സ്കൂളുകൾ മേഖലാടിസ്ഥാനത്തിലായിരിക്കും വീണ്ടും തുറക്കുകയെന്ന് ഗവൺമെൻറ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജെന്നി ഹാരിസ് പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ രാജ്യത്തുടനീളം വ്യത്യസ്ത തോതിലുള്ള രോഗതീവ്രതയായിരിക്കും ഉണ്ടായിരിക്കുന്നത് എന്ന് കോമൺസ് എഡ്യൂക്കേഷൻ കമ്മറ്റിയിൽ സംസാരിക്കവെ ഡോ. ജെന്നി ഹാരിസ്അഭിപ്രായപ്പെട്ടു. ഓരോ സ്ഥലത്തിൻെറയും രോഗവ്യാപനതീവ്രതയുടെ തോത് അനുസരിച്ച് അതത് പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

കോവിഡ് -19 ൻെറ രോഗവ്യാപനം തടയുന്നതിനായി ജനുവരി തുടക്കം മുതൽ രാജ്യത്തെ സ്കൂളുകൾ അടച്ചിരുന്നു. കീ വർക്കേഴ്സിൻെറ മക്കൾക്കും ദുർബലരായ കുട്ടികൾക്കും വേണ്ടി സ്കൂളുകൾ തുറക്കുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ വഴിയാണ് പഠനം പുരോഗമിക്കുന്നത്. ഇനി ഏതാനും ആഴ്ചകൾ കൂടി സ്കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് കോമൺ എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ റോബർട്ട് ഹാൽഫോൺ അഭിപ്രായപ്പെട്ടു. സ്കൂളുകൾ പ്രവർത്തിക്കുകയാണെങ്കിൽ കോവിഡ്-19 രോഗികളുടെ എണ്ണം കൈകാര്യംചെയ്യാൻ എൻഎച്ച്എസിനെ കഴിയില്ലെന്ന് മെഡിക്കൽ, സയൻസ് അഡ്വൈസേഴ്സ് ക്രിസ്മസിന് മുമ്പ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗണും പ്രാദേശിക നിയന്ത്രണങ്ങളുമായി കോവിഡിനെ പ്രതിരോധിക്കാൻ യുകെ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വീടുകളിൽ തന്നെ തുടരാനും സാധ്യമെങ്കിൽ വർക്ക് ഫ്രം ഹോം വഴിയായി ജോലിചെയ്യാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ   ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പല സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലിചെയ്യാൻ തങ്ങളുടെ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. വളരെ ദുർഘടകമായ പരിസ്ഥിതിയിൽ ജോലി ചെയ്യേണ്ടതായി വന്ന് കോവിഡ് പിടിപ്പെട്ട അനുഭവം വളരെ ഏറെ പേർക്ക് യുകെയിൽ ഉണ്ടായിട്ടുണ്ട്.

ഓക്സ്ഫോർഡ് ഷെയറിൽ ഒരു സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്ററായി ജോലിചെയ്യുന്ന ജെയിനിന് ലോക്ക്ഡൗണിൻെറ സമയത്തുപോലും ഓഫീസിൽ ജോലി ചെയ്യേണ്ടതായി വന്ന ദുരനുഭവം ആണ് ഉള്ളത്. ഓഫീസ് വളരെ ചെറുതായതിനാൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമായിരുന്നു എന്നാണ് അവർ ഒരു പ്രമുഖ മാധ്യമത്തോട് വിവരിച്ചത്. ജെയിനിന് അസുഖം വന്ന് പോയതിനു ശേഷവും തൻറെ ബോസും സ്ഥാപനവും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ഒന്നും പാലിച്ചില്ല എന്ന ഗുരുതരമായ ആരോപണവും ജെയിൻ പങ്കുവെച്ചു. ഓഫീസിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരോട് ഒറ്റപ്പെടലിന് വിധേയമാകാനുള്ള ഒരു നിർദ്ദേശം നൽകപ്പെട്ടില്ലെന്ന് അവൾ പറഞ്ഞു. കമ്പ്യൂട്ടറും ഫോണും ഉപയോഗിച്ച് തൻെറ ജോലി വർക്ക് ഫ്രം ഹോമിൻെറ ഭാഗമായി വീട്ടിലിരുന്ന് ചെയ്യുകയായിരുന്നെങ്കിൽ ഒരു പക്ഷേ തനിക്കും തൻറെ സഹപ്രവർത്തകർക്കും കോവിഡിന് കീഴടങ്ങേണ്ടി വരില്ലായിരുന്നു എന്നതാണ് ജെയിനിൻറെ അഭിപ്രായം.

RECENT POSTS
Copyright © . All rights reserved