ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഡെറി : തങ്ങളുടെ കൺമുന്നിൽ കളിച്ചു വളർന്ന രണ്ട് കുട്ടികൾ പൊടുന്നനെ ഇല്ലാതായതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഡെറിയിലെ മലയാളികൾ. വടക്കൻ അയർലെൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിലാണ് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസ് (അജു) – വിജി ദമ്പതികളുടെ മകൻ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ (16), കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളിൽ ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളേജിലെ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. സ്‌കൂൾ അവധി ആയതിനാൽ എട്ട് പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയതായിരുന്നു. പോകും വഴി തടാകത്തിലെ വെള്ളത്തിലേക്കിറങ്ങിയ റുവാൻ മുങ്ങിയതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ ജോസഫും അപകടത്തിൽപെടുകയായിരുന്നു.

എമർജൻസി സർവീസുകളും ഫോയിൽ സെർച്ചും റെസ്‌ക്യുവും പൊലീസ് ഡൈവേഴ്‌സും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെള്ളത്തിലെ ചെളിയിൽ കാലുകൾ പൂണ്ടുപോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. മരിച്ച ജോസഫിന്റെ മാതാപിതാക്കൾ 2005 മുതൽ അയർലൻഡിലാണ് താമസിക്കുന്നത്. 2020ൽ ആണ് അവസാനമായി കുടുംബസമേതം നാട്ടിലെത്തിയത്. അടുത്തവർഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു ഇവർ. പിതാവ് സെബാസ്റ്റ്യൻ ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നേഴ്‌സുമാണ്. സഹോദരങ്ങളായ ജൊഹാന, ക്രിസ് എന്നിവർ അയർലൻഡിൽ സ്‌കൂളിൽ വിദ്യാർത്ഥികളാണ്.
റുവാന്റെ മാതാവ് സാലി.സഹോദരൻ – എവിൻ. കഴിഞ്ഞ മാസം ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഇപ്പോൾ മരണത്തിലും ഒരുമിച്ച് തന്നെ.

ഇരുവരുടെയും മൃതസംസ്കാരം താഴെ പറയുന്ന വിധം നടത്തപെടുന്നതാണ്
ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞു 2 മണി മുതൽ 7 മണി വരെയും, വ്യാഴം (01.09.2022) രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെയും പൊതുദർശനത്തിനായി സെന്റ്. കോളംബ്സ് ചർച്ച് ചാപ്പൽ റോഡ്, BT47 2BB ൽ വെയ്ക്കുന്നതാണ്. തുടർന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് സെന്റ്.മേരീസ് ചർച്ച് , 49 ആർഡ്മോർ റോഡ് , ഡെറി, BT47 3QP യിൽ സംസ്കാരം വിശുദ്ധ കുർബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയിൽ എത്തി സമാപന കർമങ്ങൾ നടത്തുമെന്ന് ഇടവക വികാരിമാർ അറിയിച്ചു.
ജോപ്പുവിൻെറയും റുവാൻെറയും അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : അടുത്ത മഹാമാരിയ്ക്ക് കാരണമാകുന്ന വൈറസ് ബ്രിട്ടനിൽ പടരുന്നതായി റിപ്പോർട്ടുകൾ. ഏവിയൻ ഫ്ലൂ എന്ന വൈറസാണ് ഇപ്പോൾ വീണ്ടും ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. രാജ്യത്തെ കോഴികളിലും താറാവുകളിലുമാണ് വൈറസ് ആദ്യം പിടിപ്പെട്ടത്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ ഏവിയൻ ഫ്ലൂ വ്യാപിക്കുന്നെന്നാണ് വിദഗ്ധർ പറയുന്നത്.

മൃഗങ്ങളിൽ പടരുന്നതിനനുസരിച്ച് വൈറസ് മനുഷ്യരിലേക്കും പടരുമെന്നും ഇത് കോവിഡിനേക്കാൾ മാരകമായ ആഗോള പ്രതിസന്ധിക്ക് കാരണമാകുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2021 സെപ്തംബർ മുതൽ ആഗോളതലത്തിൽ 22 ദശലക്ഷത്തിലധികം പക്ഷികളിലും കോഴികളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് മുൻ വർഷത്തെ കണക്കുകളെക്കാൾ ഇരട്ടിയാണ്.

വൈറസ് വേഗത്തിൽ പടരുകയും മരണം സംഭവിപ്പിക്കാൻ വരെ ഇവയ്ക്ക് ശേഷിയുണ്ടെന്നും ഇതുവരെയുള്ളതിൽ ഏറ്റവും മാരകമായ വകഭേദമാണിതെന്നും ഡോക്ടർമാർ പറയുന്നു. യുകെയിൽ, സ്‌കോട്ട്‌ലൻഡിലും പക്ഷികൾ ചത്തു വീഴുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണിത്. രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളിൽ നിന്നും ആളുകൾ അകന്നു നിൽക്കണമെന്നും ‘ഒരു സാഹചര്യത്തിലും മൃഗങ്ങളെ തൊടരുതെന്നും’ കോൺവാൾ വൈൽഡ് ലൈഫ് ട്രസ്റ്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെൽഫാസ്റ്റിൽ മരണമടഞ്ഞ ഡയാന സണ്ണിക്ക് ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. ഇന്നലെ വൈകിട്ട് 4 മണി മുതൽ 8 മണി വരെ നടന്ന പൊതു ദർശനത്തിൽ ഒട്ടേറെ പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത് . ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയും പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. റാവെൻഹിൽ റോഡിലെ റാവെൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിലാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 9. 30ന് സ്വഭവനത്തിലാണ് മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നത്. തുടർന്ന് ബാംഗോര്‍ സെന്റ് കോംഗാൽസ് സെമിത്തേരിയിലാണ് ഡയാനയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. മൃതസംസ്കാര ചടങ്ങുകൾക്ക് ഫാ. ജോസ് തെക്കുനിൽക്കുന്നത്തിൽ, ഫാ. പോൾ മോർലി എന്നീ വൈദികർ നേതൃത്വം നൽകും .
ഡയാനയുടെ അന്ത്യകർമ്മം നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിലാസം താഴെ ചേർത്തിരിക്കുന്നു.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Ravenhill Funeral Directors, 334 Ravenhill Road, Belfast BT6 8GL
ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St Comgall’s Church, Bangor, BT23 3DS
സെമിത്തേരിയുടെ വിലാസം
Clandeboye Cemetery, 300 Old Belfast Road, Bangor, BT19 1RH
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിനിയായ ഡയാനയുടെ മരണത്തിന്റെ ആഘാതത്തിലാണ് കുടുംബം . ബെൽഫാസ്റ്റിൽ താമസിക്കുന്ന സണ്ണി തയ്യിലിൻെറയും ആൻസിയുടെയും മകളായ ഡയാന ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണമടഞ്ഞത്.
ഡെന്നിസ്, മെർലിൻ എന്നിവരാണ് ഡയാനയുടെ സഹോദരങ്ങൾ .
യുകെയിലെ വിഗാനിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞ മലയാളി നേഴ്സ് സിനി ജോബിക്ക് ( 41 ) നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. സിനിയുടെ ഭർത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷയിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചേതനയറ്റ അമ്മയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മകനെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ദുഃഖത്തിലായിരുന്നു എല്ലാവരും . 41 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയ മകളുടെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം ഹൃദയഭേദകമായിരുന്നു.

യുകെയിൽ നിന്ന് നാട്ടിലെത്തുമ്പോൾ എല്ലാവരോടും സൗഹൃദ ഭാവത്തോടെ പെരുമാറുകയും ബന്ധുവീടുകളിൽ ഓടിയെത്തുകയും ചെയ്യുന്ന സിനി ഏവർക്കും വേണ്ടപ്പെട്ടവളായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഓടിയെത്തിയത്. രോഗം പൂർണമായി ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുമ്പ് സിനി തന്റെ കുടുംബാംഗങ്ങളെ നാട്ടിലെത്തി സന്ദർശിച്ചിരുന്നു. അതുകൊണ്ടുതന്നെ സിനിയുടെ മരണം ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചത് ചെങ്കൽപൂർ രൂപതയുടെ ബിഷപ്പായ അഭിവന്ദ്യ മാർ ജോസഫ് കൊല്ലപറമ്പിൽ പിതാവാണ്. ഒട്ടേറെ വൈദികരും സന്യസ്തരും സിനിയുടെ ഭർത്താവ് ജോബിയെയും ഏക മകൻ ഒൻപത് വയസ്സുകാരനായ ആൽബിനെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ യുകെയിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.


ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധിയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ റെസ്ക്യൂ പദ്ധതിയുമായി ലിസ് ട്രസ്. ഇതിന്റെ ഭാഗമായി ആദായനികുതി പരിധി ഉയർത്തുമെന്നും വാറ്റ് അഞ്ച് ശതമാനം കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്തു. മൂല്യവർധിത നികുതി നിരക്കിൽ 5 ശതമാനം താൽക്കാലികമായി വെട്ടിക്കുറയ്ക്കാനുള്ള ന്യൂക്ലിയർ ഓപ്ഷനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

അതേസമയം, ഋഷി സുനക് അവതരിപ്പിച്ച ഊർജ ബിൽ കിഴിവ് നേതൃത്വം തള്ളിക്കളഞ്ഞതായാണ് വാർത്താ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പകരം പെൻഷൻകാർക്ക് ശീതകാല ഇന്ധന അലവൻസ് വർദ്ധിപ്പിക്കുക, ക്രെഡിറ്റിലുള്ളവരെ സഹായിക്കുക എന്നിങ്ങനെയുള്ള തീരുമാനങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത. ദേശീയ ഇൻഷുറൻസ്, കോർപ്പറേഷൻ ടാക്‌സ് എന്നിവയുൾപ്പെടെ ഋഷി സുനക് ചുമത്തിയ ചില നികുതി വർദ്ധനകൾ മാറ്റാൻ അടുത്ത മാസം അടിയന്തര ബജറ്റ് നടത്തുമെന്ന് ലിസ് ട്രസ് പറഞ്ഞു.

പണപ്പെരുപ്പം 10.1 ശതമാനത്തിലെത്തുകയും അടുത്ത വർഷം ഇരട്ടിയാകുമെന്ന് ചിലർ പ്രവചിക്കുകയും ചെയ്തതോടെ, വലിയ തുകകൾ സമാഹരിക്കാനും ദശലക്ഷക്കണക്കിന് ആളുകളെ കൂടുതൽ നികുതി അടയ്ക്കുന്നതിലേയ്ക്ക് കൊണ്ടുവരാനുമാണ് ശ്രമം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലീഡ്‌സ് : മയക്കുമരുന്ന് ദുരന്തത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതിനിടെ ലീഡ്സ് ഫെസ്റ്റിവലിൽ ആൺകുട്ടി മരിച്ചു. മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫെസ്റ്റിവലിൽ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചെന്നാണ് സംശയം. 16 വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫെസ്റ്റിവലിൽ വെച്ച് ഇയാൾ എംഡിഎംഎ കഴിച്ചതാകാമെന്നാണ് സംഭവത്തിൽ വെസ്റ്റ് യോർക്ക്ഷെയർ പോലീസ് പറയുന്നത്. സമീപ വർഷങ്ങളിൽ ഇത്തരം ഫെസ്റ്റിവലുകളിൽ എംഡിഎംഎയുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ അടുത്ത രണ്ട് വർഷത്തേയ്ക്ക് വീടുകളുടെ വിലയിൽ സാരമായ ഇടിവുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 7 ശതമാനം വരെ വിലയിടിഞ്ഞേക്കാമെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിനോടൊപ്പം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 3.75 ശതമാനമായി ഉയർത്തിയേക്കാം എന്ന വിലയിരുത്തലും വീടുകളുടെ വിലയിൽ പ്രതിഫലിക്കും.

മോർട്ട്ഗേജിൽ തിരിച്ചടവ് കൂടുന്നത് ജനങ്ങളുടെ ജീവിത ചിലവിൽ വൻവർദ്ധനവിന് കാരണമാകും. ഊർജ്ജബില്ലുകളിലെ വർദ്ധനവും പണപ്പെരുപ്പവും മൂലം ഇപ്പോഴെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിയിരിക്കുന്ന ജനങ്ങൾക്ക് ഇത് ഇരുട്ടടിയാകും. വീടുകളുടെ വില ഇടിയുന്നത് സ്വന്തമായി വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപിച്ചവരെ സംബന്ധിച്ചിടത്തോളം വീടുകളുടെ വിലയിടിയുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കും. വീടുകളുടെ വിലയിടിവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ്. ലണ്ടനിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വീടുകളുടെ വിലയിൽ 12 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് പ്രവചനങ്ങൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈ വർഷം ഇതുവരെ 25000 – ത്തിലധികം അഭയാർത്ഥികൾ ചാനൽ കടന്ന് എത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. മറ്റ് മാർഗങ്ങളിലൂടെ രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. ഇന്നലെ 915 പേർ ചെറിയ ബോട്ടുകളിലായി ചാനൽ കടന്നെത്തിയതായി മിനിസ്ട്രി ഓഫ് ഡിഫൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ആഗസ്റ്റ് 22 -ന് 1295 പേരാണ് ചാനൽ കടന്നെത്തിയത്. ഇത് അടുത്തകാലത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ്. ചാനൽ കടന്നെത്തുന്നവരെ പിന്തിരിപ്പിക്കാനായി റുവാണ്ടയിലേയ്ക്ക് കുടിയേറ്റക്കാരെ അയക്കാനുള്ള പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മുന്നോട്ട് വച്ചിരുന്നു . എന്നാൽ അതിനുശേഷവും 19878 പേർ ചാനൽ കടന്ന് യുകെയിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫ്രാൻസിൽ നിന്ന് ചെറു ബോട്ടുകളിലായി യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അടുത്ത കാലത്തായി വളരെ വർധിച്ചിട്ടുണ്ട്. റഷ്യ ഉക്രൈൻ സംഘർഷത്തിന്റെ ഫലമായി ഒട്ടേറെ പേർക്ക് യുകെ അഭയം നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു എസ് :- ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ്ജെൻഡർ മോഡലായി മാറിയിരിക്കുകയാണ് ട്രാൻസ് ദമ്പതികളുടെ മകളായ 10 വയസ്സുകാരി നോയല്ല മക്മഹർ. നോയല്ലയുടെ ബയോളജിക്കൽ മാതാവ് ഇപ്പോൾ ഒരു ട്രാൻസ് പുരുഷനാണ്. കഴിഞ്ഞദിവസം ന്യൂയോർക്കിൽ നടന്ന ഒരു ഫാഷൻ ഷോയിലാണ് ആദ്യമായി നോയെല്ല റാമ്പിലൂടെ നടക്കുന്നത്. നോയല്ലയ്ക്ക് രണ്ടര മൂന്നു വയസ്സുള്ളപ്പോഴാണ് ആദ്യമായി ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിയുന്നതെന്ന് അവളുടെ ബയോളജിക്കൽ മാതാവായ 35 വയസ്സുള്ള ഡി വ്യക്തമാക്കി. ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവർ നോയെല്ലയോട് നീ ഒരു സുന്ദരനായ ആൺകുട്ടിയാണ് എന്ന് പറയുമ്പോൾ തന്നെ, താൻ ആൺകുട്ടിയല്ല, മറിച്ച് പെൺകുട്ടിയാണെന്ന് അവൾ തിരിച്ച് പ്രതികരിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. എന്നാൽ നോയല്ലയുടെ അമ്മ മനഃപ്പൂർവ്വം അവളെ ട്രാൻസ് ആകുവാൻ പ്രേരിപ്പിക്കുകയാണെന്ന വിമർശനങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ നടന്ന ഫാഷൻ ഷോയിൽ റാമ്പിലൂടെ നടന്ന ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ് മോഡൽ എന്ന ലേബലിലൂടെയാണ് അവൾ പത്രങ്ങളുടെ ശ്രദ്ധ നേടിയത്. നോയല്ല ഇത്തരത്തിലുള്ളവർ ഉയർന്നു വരാനുള്ള ഭാവിയിലെ പ്രതീക്ഷയാണ് സൂചിപ്പിക്കുന്നതെന്ന് പ്രശസ്ത ഹോളിവുഡ് ഏജന്റിൽ ഒരാൾ വ്യക്തമാക്കി.

വളരെയധികം ആത്മവിശ്വാസം ഉള്ള ഒരാളാണ് നോയെല്ല. അതിനാൽ തന്നെ അടുത്ത ഒരു വർഷം കൊണ്ട് തന്നെ നോയെല്ലയ്ക്ക് ഒന്നു മുതൽ രണ്ട് മില്യൻ ഡോളർ വരെ സമ്പാദിക്കാൻ ആകുമെന്ന് ഹോളിവുഡ് വക്താക്കൾ പറഞ്ഞു. എന്നാൽ നോയെല്ലയുടെ ബയോളജിക്കൽ പിതാവ് ഇത്തരത്തിലുള്ള ട്രാൻസ്ജെൻഡർ ചിന്താഗതിക്ക് എതിരാണ്. ചിക്കാഗോയിലെ ശാസ്ത്രജ്ഞനായ അദ്ദേഹം നോയെല്ലയെ ആൺകുട്ടി ആക്കി തന്നെ വളർത്തുവാൻ ശാരീരിക ഉപദ്രവം വരെ ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡി വിവാഹം ചെയ്തിരിക്കുന്നത് 32 വയസ്സുകാരനായ ട്രാൻസ്ജെൻഡർ റേയെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വില്യം രാജകുമാരനും ഹാരി രാജകുമാരനും ഡയാന രാജകുമാരിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികം ഒരുമിച്ച് ആഘോഷിക്കുകയില്ല. ഇരുവരും തമ്മിൽ സ്വരചേർച്ചയിൽ അല്ലാത്ത സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്. 40കാരനായ കേംബ്രിഡ്ജിലെ ഡ്യൂക്കും 37 കാരനായ സസെക്സിലെ ഡ്യൂക്കും പൊതു അനുസ്മരണങ്ങൾ അവസാനിപ്പിച്ച് സ്വന്തം കുടുംബത്തോടൊപ്പം അമ്മയെ അനുസ്മരിക്കും എന്നറിയിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിനുശേഷം ഇരുവരും നേരിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല.

ഡയാന രാജകുമാരിയുടെ ലണ്ടനിലെ വസതിയായ കെൻസിംഗ്ടൺ പാലസിലെ സുങ്കൻ ഗാർഡനിൽ അവരുടെ സ്മരണയ്ക്കായി പണിത പ്രതിമയുടെ അനാച്ഛാദനത്തിനായി ഇരുവരും തങ്ങളുടെ ബന്ധത്തിലുള്ള അസ്വാരസ്യം മാറ്റിവെച്ച് പങ്കെടുത്തിരുന്നു. 2017ൽ ഡയാന രാജകുമാരിയുടെ ഇരുപതാം ചരമവാർഷികത്തിൽ കെൻസിംഗ്ടൺ കൊട്ടാരത്തിൽ ഒരു സ്മാരക പൂന്തോട്ടം സൃഷ്ടിച്ച വില്യം രാജകുമാരനും ഹാരി രാജകുമാരനും ഒരു ഡോക്യുമെൻററിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഡയാന രാജകുമാരിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികമാണ്. എന്നാൽ ഈ അവസരത്തിൽ സഹോദരങ്ങൾ പൊതുപരിപാടികൾ ഒഴിവാക്കി സ്വകാര്യമായി ആയിരിക്കും ചിലവഴിക്കുക എന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം തൻറെ അമ്മയുടെ അവിശ്വസനീയമായ പ്രവർത്തികളുടെ ഓർമ്മകളും അവർ മറ്റുള്ളവർക്ക് നൽകിയ സ്നേഹവും ലോകത്തോട് വിളിച്ചോതുന്ന ഒരു ദിവസമായി ഇത് മാറണം എന്ന് താൻ ആഗ്രഹിക്കുന്നതായി ഹാരി രാജകുമാരൻ പറഞ്ഞു.