ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ടാക്സുകളെ സംബന്ധിച്ചും, സർക്കാർ ചെലവുകളെ സംബന്ധിച്ചും നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടികൾ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തിയിരിക്കുകയാണ് പുതിയ ചാൻസലർ ജെറെമി ഹണ്ട്. ക്വാസി ക്വാർട്ടെങ്ങിനു പകരമായി ചാൻസലർ പദവി ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിലാണ്, നിലവിലെ സാഹചര്യം പരിഹരിക്കുന്നതിനായി ചില ടാക്സുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനോടനുബന്ധിച്ച് സർക്കാർ ചെലവുകൾ കുറയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിലവിലെ മന്ത്രിസഭയുടെ ഭാഗമാകാതിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി ഹണ്ടിനെ ചാൻസലറായി നിയമിച്ച് പ്രധാനമന്ത്രി ലിസ് ട്രസ് അവരുടെ സർക്കാരിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്. മറ്റൊരു നാടകീയ നീക്കത്തിൽ സെപ്റ്റംബർ 23 ലെ മിനി ബഡ്ജറ്റിൽ പ്രഖ്യാപിച്ച കോർപ്പറേഷൻ നികുതി മരവിപ്പിക്കാനുള്ള തീരുമാനവും റദ്ദാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച ജെറെമി ഹണ്ട്, ലിസ് ട്രസിന്റെയും ക്വാർട്ടങ്ങിന്റെയും സാമ്പത്തിക നയങ്ങളിൽ നിന്ന് വലിയൊരു മാറ്റത്തിന്റെ സൂചന നൽകിയത്. ജനങ്ങൾ പ്രതീക്ഷിച്ച അത്ര നികുതി ഇളവ് ഉണ്ടാകില്ലെന്നും, ചില നികുതികൾ വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

45 ബില്യൺ പൗണ്ടിന്റെ നികുതിയിളവുകളും മറ്റും പ്രഖ്യാപിച്ച സെപ്റ്റംബറിലെ മിനി ബഡ്ജറ്റ് സാമ്പത്തിക വിപണിയിൽ പ്രക്ഷുബ്ദതയുണ്ടാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രിയായി 39 ദിവസം മാത്രമായ ലിസ് ട്രസിനു മേൽ ഇതിനകം തന്നെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സമ്മർദ്ദം ഉയർന്നു കഴിഞ്ഞു. ലിസ് ട്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇതിനകം ചില തെറ്റായ തീരുമാനങ്ങൾ എടുത്തതായി ഹണ്ട് വ്യക്തമാക്കി. ഏറ്റവും കൂടുതൽ വരുമാനമുള്ളവർക്കുള്ള നികുതി നിരക്ക് വെട്ടിക്കുറച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതോടൊപ്പം തന്നെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ റിപ്പോർട്ടുകൾ ഒന്നും കൂടാതെ തന്നെ മിനി ബഡ്ജറ്റ് പ്രഖ്യാപിച്ചതും തെറ്റായ തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും ശരിയാക്കാനുള്ള പ്രക്രിയയിലാണ് താൻ ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ബിബിസിയുമായുള്ള അഭിമുഖത്തിൽ ഗവൺമെന്റിന്റെ മിനി-ബജറ്റിനെക്കുറിച്ച് ചാൻസലർ മറ്റ് നിരവധി പ്രസ്താവനകൾ നടത്തുകയും, അതോടൊപ്പം തന്നെ തന്റെ പുതിയ റോളിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സർക്കാർ തീരുമാനിച്ച പുതിയ പദ്ധതികൾ പ്രകാരം നിലവിലുള്ള സൗജന്യമായ എൻ എച്ച് എസ് പാർക്കിംഗ് സംവിധാനങ്ങൾ വെട്ടി കുറയ്ക്കുവാൻ തീരുമാനം ഉണ്ടാകാൻ ഇടയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ തീരുമാനം നടപ്പിലായാൽ ആശുപത്രിയിൽ എത്തുന്ന വികലാംഗർക്കും കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കുമെല്ലാം തന്നെ പാർക്കിംഗ് സൗകര്യം നഷ്ടമാകും. സൗജന്യ പാർക്കിംഗ് നൽകുന്നതിലൂടെ നിരവധി മില്യൻ പൗണ്ടുകളാണ് സർക്കാരിന് നഷ്ടം ഉണ്ടാകുന്നതെന്നും, അത് ഒഴിവാക്കാനാണ് ആരോഗ്യ സെക്രട്ടറി തെരെസ് കോഫിയുടെ ഡിപ്പാർട്ട്മെന്റിൻെറ പുതിയ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ തീരുമാനം ഡോക്ടർമാരെയും, രാത്രി ഷിഫ്റ്റുകളിലും മറ്റും ജോലി ചെയ്യുന്ന നേഴ്സുമാരെയും ബാധിക്കും എന്നുള്ളത് ആശങ്കയ്ക്ക് കാരണമാകുന്നു. ഈ തീരുമാനത്തിനെതിരെ നേഴ്സുമാരുടെ സംഘടനകൾ ഭൂരിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ പുതിയ ഈ തീരുമാനം 2019ൽ അധികാരത്തിൽ എത്തുമ്പോൾ, അത്യാവശ്യക്കാർക്ക് അന്യായമായ ഹോസ്പിറ്റൽ കാർ പാർക്കിംഗ് ചാർജുകൾ അവസാനിപ്പിക്കുമെന്ന് ടോറി ഗവൺമെന്റ് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ്. ഇംഗ്ലണ്ടിൽ നിലവിലെ ക്രമീകരണങ്ങൾ പ്രകാരം, ആശുപത്രി ട്രസ്റ്റുകൾ വികലാംഗർ, ഒരു മാസത്തിൽ കുറഞ്ഞത് മൂന്ന് ആശുപത്രി അപ്പോയിന്റ്‌മെന്റുകളുള്ള ഔട്ട്‌പേഷ്യന്റ്‌സ്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാർ, രാത്രിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന കുട്ടികളുടെ മാതാപിതാക്കൾ എന്നീ നാലു വിഭാഗങ്ങൾക്കാണ് സൗജന്യ പാർക്കിംഗ് സംവിധാനം നൽകേണ്ടത്.

ദശലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കുന്നതിനായി, രോഗികളായ കുട്ടികളുടെ മാതാപിതാക്കളുടെയും, വികലാംഗരുടെയും സൗജന്യ പാർക്കിംഗ് ഇല്ലാതാക്കാൻ ആരോഗ്യ സെക്രട്ടറി തെരേസ് കോഫിയുടെ വകുപ്പ് ശ്രമിക്കുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ മുഖത്തടിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് കുറ്റപ്പെടുത്തി. സർക്കാർ നേഴ്സുമാരെ സഹായിക്കാനാണ് ശ്രമിക്കേണ്ടതെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടിവ് പാറ്റ് ക്യൂലനും ഓർമ്മപ്പെടുത്തി. സർക്കാരിന് ഭാഗത്ത് നിന്നും അവസാനമായി എന്ത് തീരുമാനം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.
ഷെഫ് ജോമോൻ കുര്യാക്കോസ്
സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ജോമോന് മോഹൻലാൽ ഒരു അഭിനിവേശം ആണ് .ജീവിത ചക്രം മുൻപോട്ട് ചലിച്ചപ്പോൾ ആ അഭിനിവേശത്തിന്റെ ആഴവും പരപ്പും കൂടി ഷെഫ് ആയപ്പോൾ മുതൽ ജോമോന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടന് ഒരു നേരത്തെ ആഹാരം വെച്ച് വിളമ്പി കൊടുക്കണം എന്നത് . ലാലേട്ടൻ കഴിഞ്ഞ തവണ ലണ്ടനിൽ വന്നപ്പോൾ നിർഭാഗ്യവശാൽ ഈ ആഗ്രഹം സാധിക്കാൻ പറ്റിയില്ല എന്നാൽ മോഡേൺ ട്വിസ്റ്റ് ഉള്ള ഒരു 7 കോഴ്സ് മെനു ജോമോന്റെ കിച്ചണിൽ റെഡി ആയിരുന്നു . തന്റെ കൈയിൽ ഇരുന്ന മെനു ആർക്കും ഉണ്ടാക്കി കൊടുക്കുകയോ അതിന്റെ സീക്രട്ട് ചേരുവകളും പാചകം ചെയ്യുന്ന വിധവും രീതിയും ഒന്നും വെളിയിൽ വിടാതെ നിധി കാക്കുന്നതു പോലെ ജോമോൻ സൂക്ഷിച്ചു വച്ചു .

ലാലേട്ടന്റെ ഇത്തവണത്തെ സന്ദർശനത്തിൽ അദ്ദേഹം തന്റെ ഹോട്ടലിൽ വരുന്നു എന്നറിഞ്ഞപ്പോൾ ജോമോന് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു .ആ 7 കോഴ്സ് മെനുവിൽ ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ആയ ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോണിന്റെ റെസിപ്പി ഈ വേൾഡ് ഫുഡ് ഡേയിൽ ജോമോൻ ഇന്ന് ആദ്യമായി മലയാളം യു കെയിലെ വീക്കെൻഡ് കുക്കിങ്ങിലൂടെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ആറാംതമ്പുരാൻ സിനിമയിലെ ‘ജലഗിത്താറിന്റെ ഹൃദയ തന്ത്രികൾ ഈണം ഉതിർക്കുന്ന…’ എന്ന സംഭാഷണത്തിൽനിന്നു പ്രേരണ ഉൾക്കൊണ്ടാണ് ഈ വിഭവത്തിന്റെ പ്ലേറ്റിംഗ് ജോമോൻ നടത്തിയത് .അവസാനം ജോമോനിൽ നിന്ന് ഓട്ടോഗ്രാഫും ഒപ്പിട്ട് മേടിച്ചാണ് അഭിനയത്തിന്റെ കുലപതി മടങ്ങിയത്

ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോൺ
കൊഞ്ച് -10 -15
മാരിനേഷന് വേണ്ട സാധനങ്ങൾ
ഓയിൽ -50 എംൽ
മഞ്ഞൾപൊടി -1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
പച്ച മുളക് അരിഞ്ഞത് -2 എണ്ണം
കറിവേപ്പില – 1 തണ്ട് ഇല പൊടിയായി അരിഞ്ഞത്
ഗ്‌ളൈസ് ഉണ്ടാക്കാൻ ആവശ്യം ഉള്ള സാധനങ്ങൾ
തേങ്ങാപ്പാൽപ്പൊടി – 1 കപ്പ്
ചെറു ചൂട് വെള്ളം -1 കപ്പ്
ലെമൺ ഗ്രാസ് -1 എണ്ണം
മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
പച്ചമുളക് -2 എണ്ണം
കറിവേപ്പില -1 തണ്ട്
ക്രഷ് ഡ് പെപ്പർ -1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂൺ

പാചകം ചെയ്യേണ്ട വിധം
കൊഞ്ച് നീളത്തിൽ നടുവേ മുറിച്ചു നന്നായി കഴുകി എടുക്കുക . മാരിനേഷന് പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്തെടുത്തു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.ഈ പേസ്റ്റ് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചിൽ തേച്ചു പിടിപ്പിക്കുക . സോസ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കറിവേപ്പില,വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക ,തേങ്ങാപ്പാൽ നല്ല കട്ടിയിൽ ഉണ്ടാക്കി പാനിലേയ്ക്ക് ചേർക്കുക .ഒപ്പം ലെമൺ ഗ്രാസും ചേർത്ത് ചെറു തീയിൽ സോസ് കുറുക്കി എടുക്കുക .ശേഷം ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് ഒരു ഗ്രില്ലിൽ വച്ച് (ഫ്ലഷ് മുകളിൽ വരത്തക്ക രീതിയിൽ ) കുക്ക് ചെയ്യുക .കൂടെ ഉണ്ടാക്കി വച്ചിരിക്കുന്ന ലെമൺ ഗ്രാസ് ഗ്‌ളൈസ് ഫ്ളെഷിൽ ഒഴിച്ച് ഒരു 2 മിനിറ്റു കൂടി ഗ്രില്ലിൽ വയ്ക്കുക .180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 3 -4 മിനിറ്റ് കൂടി വച്ച് പൂർണ്ണമായും കുക്ക് ചെയ്‌തെടുക്കുക .
കൊഞ്ചിൻറെ ഫ്ലെഷ് സൈഡ് എപ്പോഴും മുകളിലേയ്ക്കു വച്ചായിരിക്കണം കുക്ക് ചെയ്യേണ്ടത് .

ഷെഫ് ജോമോൻ കുര്യാക്കോസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന് മുന്നോടിയായിട്ടുള്ള പ്രസ്റ്റൺ റീജിയണൽ ബൈബിൾ കലോത്സവം ലിവർപൂളിൽ പുരോഗമിക്കുന്നു. അത്യന്തം വാശിയേറിയ മത്സരം അഞ്ച് സറ്റേജുകളിലായിട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദിമാതാപിതാക്കൾ മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള സംഭവ കഥയുടെ ദൃശ്യാവിഷ്കാരങ്ങൾ ഓരോ സ്റ്റേജിലും മാറി മറിയുന്ന കാഴ്ചയാണിപ്പോൾ. സംഘാടക മികവുകൊണ്ട് കൃത്യ സമയത്ത് തന്നെ എല്ലാ സ്റ്റേജിലും മത്സരം പൊടിപൊടിക്കുകയാണ്.

മത്സരങ്ങളുടെ ആദ്യ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി. പതിവ് തെറ്റിക്കാതെ ലീഡ്സ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് ഇടവക പോയിൻ്റ് വേട്ട തുടങ്ങി.

പ്രസ്റ്റൺ റീജിയനു പുറത്തു നിന്നുമുള്ള കാണികളടക്കം വലിയ ജന തിരക്കാണനുഭവപ്പെടുന്നത്.
സ്റ്റേജ് നമ്പർ 2 വിൽ സീനിയേഴ്സിൻ്റെ ഗ്രൂപ്പ് സോങ്ങും സ്റ്റേജ് നമ്പർ 1 ൽ മാർഗ്ഗംകളിയും നടക്കുകയാണിപ്പോൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അതിരൂപതാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ഐ പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവത്തിന് ഇന്ന് ലിവർപൂളിൽ തിരി തെളിഞ്ഞു . ലിവർപൂൾ മർച്ചന്റ് ടെയ്‌ലർ ബോയ്സ് സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. നാനൂറോളം മത്സരാർഥികളാണ് വിവിധ വേദികളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

പ്രെസ്റ്റൻ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ ഉള്ള മത്സരാർഥികൾ ആണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവർത്തിച്ചു വരുന്നത് . റെവ ഫാ ആൻഡ്രൂസ് ചെതലന്റെ നേതൃത്വത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ഇടവകയാണ് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത് .

ലിവർപൂളിൽ നടക്കുന്ന റീജിയൻ ബൈബിൾ കലോത്സവത്തിൻെറ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാൻ വിപുലമായ സജ്ജീകരങ്ങളാണ് മലയാളംയുകെ ന്യൂസ് ടീം ഒരുക്കിയിരിക്കുന്നത്.













ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: റോയൽ മെയിലിൽ തൊഴിൽ അവസരങ്ങൾ വെട്ടികുറയ്ക്കാനൊരുങ്ങി അധികൃതർ. അടുത്ത ഓഗസ്റ്റിൽ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 6,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

പിരിച്ചുവിടലുകൾക്ക് പുറമേ, പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ധാരാളം വെട്ടി ചുരുക്കലുകൾ ഉണ്ടാകും. മുഴുവൻ വർഷവും നഷ്ടം 350 മില്യൺ പൗണ്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയൽ മെയിൽ പറഞ്ഞു. എട്ട് ദിവസത്തെ വ്യാവസായിക പ്രവർത്തനത്തിന്റെ നേരിട്ടുള്ള ആഘാതവും പോസ്റ്റ് ചെയ്യുന്ന പാഴ്സലുകളുടെ കുറഞ്ഞ അളവും ഇതിൽ ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

എന്നാൽ തൊഴിലാളി സമരത്തെ തുടർന്ന് കമ്പനിയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും ഇതിനെ മറികടക്കാൻ വേറെ നടപടി ഒന്നുമില്ലെന്നുമാണ് നൽകുന്ന വിശദീകരണം. തൊഴിലാളികളെ പിരിച്ചു വിടുന്നതിൽ സങ്കടം ഉണ്ടെന്നും, കമ്പനിയുടെ നിലവിലെ അവസ്ഥ മോശമായതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും റോയൽ മെയിലിന്റെ ചീഫ് എക്സിക്യൂട്ടീവ് സൈമൺ തോംസൺ പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എം പി മാരിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ട് ലിസ് ട്രസ്. ചാൻസലറെ പുറത്താക്കുകയും ഒരു പ്രധാന സാമ്പത്തിക നയത്തിൽ പിന്നോട്ട് പോവുകയും ചെയ്തതിന് ശേഷമാണിത്. ലിസ് ട്രസിന് ഇങ്ങനെ തുടരാനാവില്ലെന്നാണ് ഒരു മന്ത്രി വിഷയത്തിൽ പ്രതികരിച്ചത് . പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം പാർട്ടി നിരാശയുടെ അവസ്ഥയിലാണെന്ന് മറ്റൊരു ടോറി എംപി പറഞ്ഞു.

എന്നാൽ ട്രസ് അനുകൂല എം പി മാരും വിഷയത്തിൽ പ്രതികരണം നടത്തുന്നുണ്ട്. ട്രസ് പിന്തുണക്കാരനായ ക്രിസ്റ്റഫർ ചോപ്പ് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രി പദവി അവൾക്ക് നന്നായി കൈകാര്യം ചെയ്യാൻ അറിയാമെന്നും അതിനു ആരുടേയും അഭിപ്രായം ആവശ്യമില്ലെന്നും പറഞ്ഞു. അവളുടെ സ്ഥാനം സുരക്ഷിതമാക്കാൻ അവൾക്കറിയാമെന്നും ഇല്ലാത്തപക്ഷം അത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിസ് ട്രസിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷവിമർശനം ഉയരുന്നതിനിടയിലാണ് എം പിമാരുടെ വാക്കുകൾ ചർച്ചയാകുന്നത്.

ലിസ് ട്രസ് ചാൻസലർ ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കുകയും കോർപ്പറേഷൻ നികുതി 19% ൽ നിന്ന് 25% ആക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്തിരുന്നു. ഈ മാസമാദ്യം ആദായനികുതിയുടെ ഉയർന്ന നിരക്ക് ഒഴിവാക്കാനുള്ള തന്റെ പദ്ധതി ലിസ് ട്രസ് റദ്ദാക്കിയതിന് ശേഷമുള്ള മിനി-ബജറ്റിലെ പ്രഖ്യാപനം പിന്നോട്ട് പോകുന്നതിനെ സൂചിപ്പിക്കുന്നു എന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഹാരി പോട്ടർ സിനിമകളിൽ ഹാഗ്രിഡായി വേഷമിട്ട പ്രമുഖ നടൻ റോബി കോൾട്രെയിൻ (72) അന്തരിച്ചു. ഹാരി പോട്ടർ സിനിമകൾക്ക് പുറമേ, ഐറ്റിവിയിലെ ഡിറ്റക്ടീവ് ഡ്രാമ ആയിരുന്ന ക്രാക്കറിലും, ജെയിംസ് ബോണ്ട് സിനിമകളായ ഗോൾഡൻഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. സ്കോട്ട്ലൻഡിലെ ഫാൽകിർക്കിനടുത്തുള്ള ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന് മരണമെന്ന് റോബിയുടെ വക്താവ് അറിയിച്ചു. മൂന്നുവർഷം അടുപ്പിച്ച് മികച്ച നടനുള്ള ബാഫ്റ്റാ അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഹാരി പോർട്ടർ രചയിതാവ് ജെ കെ റൗലിങ്, എമ്മ വാട്സൺ ഉൾപ്പെടെയുള്ളവർ ദുഃഖം രേഖപ്പെടുത്തി. സ്കോട്ട്ലാൻഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും അദ്ദേഹത്തിന്റെ മരണത്തിലുള്ള ദുഃഖം അറിയിച്ചു.

വളരെയധികം പ്രതിഭാശാലിയായ ഒരാളായിരുന്നു റോബിയെന്ന് ജെയിംസ് ബോണ്ട് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രതികരിച്ചു. ആന്റണി റോബർട്ട് മക് മില്യൻ എന്ന പേരിൽ 1950 ൽ സൗത്ത് ലങ്കാഷെയറിലാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനും പിയാനിസ്റ്റുമായ ജീൻ റോസിന്റെയും ജനറൽ പ്രാക്ടീഷണറായ ഇയാൻ ബാക്സ്റ്റർ മക് മില്ലന്റെയും മകനായിരുന്ന കോൾട്രെയ്ൻ. 1979-ൽ പ്ലേ ഫോർ ടുഡേ എന്ന ടിവി സീരീസിലൂടെയാണ് നടന്റെ കരിയർ ആരംഭിച്ചത്, എന്നാൽ ബിബിസി ടിവി കോമഡി സീരീസായ എ കിക്ക് അപ്പ് ദ എയ്റ്റീസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്, അതിൽ ട്രേസി ഉൾമാൻ, മിറിയം മാർഗോളീസ്, റിക്ക് മയൽ എന്നിവരും അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി പേരാണ് തങ്ങളുടെ ദുഃഖം അറിയിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടെങിനെ പുറത്താക്കിയതായുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രെസ്സ്. അതോടൊപ്പം സാമ്പത്തിക രംഗത്തെ ഉദ്ദേജിപ്പിക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ച ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലുള്ള സാമ്പത്തിക രംഗത്തെ ഉത്തേജിപ്പി ക്കുന്നതിനായി സെപ്റ്റംബർ 23 നാണ് ധനമന്ത്രിയായിരുന്ന ക്വാർട്ടെങ്ങ് ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തോട് വാണിജ്യ സമൂഹവും വിപണിയും ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കൈവരിക്കുന്നതിനു വേണ്ടിയുള്ള തന്റെ ദൗത്യം നിറവേറ്റുവാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രെസ്സ് ഉറപ്പിച്ചു പറഞ്ഞു. യുഎസ് ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്വാസി ക്വാർട്ടെങിനെ സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷമാണ് എട്ട് മിനിറ്റ് നീണ്ട വാർത്താ സമ്മേളനം നടത്തിയത്. ചില ടോറി എംപിമാർ തന്നെ വാർത്താ സമ്മേളനത്തെത്തുടർന്ന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ആരോഗ്യമന്ത്രിയായിരുന്ന ജെറെമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും പുതിയ സാമ്പത്തിക പദ്ധതികൾ ഈ മാസം അവസാനം പുതിയ ചാൻസലർ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുറ്റകൃത്യ നിരക്കിൽ കേരളം ഒന്നാമത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ നടത്തിയ പഠനത്തിലെ കണക്കുകൾ പ്രകാരമാണിത്. കേരളത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ കൊച്ചിയിലാണ്. സമീപകാലത്ത് നടന്ന പല സംഭവങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യ നിരക്ക് 421.4 ആണ്.

ഉത്തർപ്രദേശ് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് കേരളം ഒന്നാമത് എത്തിയത്. സമീപകാലത്തായി ഏറെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. രാഷ്ട്രീയപരമായതുൾപ്പെടെ പല കാരണങ്ങളും അതിനു പിന്നിലുണ്ട്.
കൊച്ചിയിലെ ക്രൈം റേറ്റ് 1879.8 ആണ്. ഇത് മറ്റേത് നഗരത്തിലേക്കാളും വളരെ കൂടുതലാണ്. കലൂരിൽ ഈ അടുത്ത് ആവർത്തിച്ചു കൊലപാതകങ്ങൾ നടന്നിരുന്നു. പുറത്ത് വന്ന കണക്കുകൾ ഏറെ പേടിപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും നാട് കടന്നു പോകുന്നത് ഭീകരമായ സാഹചര്യത്തിലേക്കാണ്.