ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13കാരിയുടെ തിരോധാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. എന്നാൽ സംഭവം നടക്കുന്നതിനു മുൻപ് പെൺകുട്ടി റീഡിംഗിലേക്ക് ട്രെയിൻ കയറിയതായി സംശയിക്കുന്നു എന്നുള്ള നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഡിസംബർ 21 ബുധനാഴ്ച 21:57 നാണ് ലൈല ലയ്ക് എന്ന പതിമൂന്നുകാരി റീഡിങ്ങിലേക്ക് ട്രെയിൻ കയറിയതെന്നും, സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അധികാരികൾ പറഞ്ഞു. ലൈലയെ പറ്റി എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യപ്പെടുന്നവർ ദയവായി മുൻപോട്ട് വരണമെന്നും ലൈലയുടെ സഹോദരനും ഒളിമ്പിക് അത്ലറ്റുമായ മോർഗൻ ലയ്ക്ക് ആവശ്യപ്പെട്ടു. 5 അടി 6 ഇഞ്ച് ഉയരവും, ഇരുനിറവും,നീണ്ട തവിട്ട് മുടിയുമുള്ള അവൾ കാണാതായ ദിവസം കറുത്ത പഫർ ജാക്കറ്റും ചാരനിറത്തിലുള്ള ജോഗിംഗ് ബോട്ടുമാണ് ധരിച്ചിരുന്നത്.

ഏറ്റവും ഒടുവിൽ ഹംപ്ഷെയർ പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യമനുസരിച്ച് ലൈല, റീഡിങ്ങിലേക്ക് ട്രെയിൻ കേറാൻ സ്റ്റേഷനിൽ നിൽക്കുന്നതാണ്. സിമ്മൺസ് വാക്കിലെ വീടിനടുത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് ഇത്. ലൈലയെ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും, കുടുംബത്തിനോടൊപ്പമാണ് അന്വേഷണസംഘമെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് ഇൻസ്‌പെക്ടർ ഡേവ് സ്റ്റോറി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ ബൈക്ക് മോഷണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ലണ്ടൻ, തേംസ് വാലി, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ താമസിക്കുന്ന സൈക്ലിസ്റ്റുകൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022ൽ മാത്രം ഇംഗ്ലണ്ടിൽ 72,445 ബൈക്കുകൾ മോഷണം പോയെന്നുള്ളതാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളിൽ മോഷണം റിപ്പോർട്ട് ചെയുന്നുണ്ടെങ്കിലും ലെസ്റ്റർഷെയറിൽ താരതമ്യേനെ കൂടുതലാണെന്നാണ് അധികൃതർ പറയുന്നത്. ലണ്ടനിൽ മാത്രം കണക്കുകൾ പ്രകാരം 22,818 ബൈക്കുകൾ മോഷണം പോയി. ഓക്‌സ്‌ഫോർഡ്, മിൽട്ടൺ കെയ്‌ൻസ്, സ്ലോ എന്നിവ ഉൾപ്പെടുന്ന തേംസ് വാലിയിൽ ബൈക്ക് മോഷണ സാധ്യത പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 4460 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 4,354 ബൈക്ക് മോഷണങ്ങൾ പ്രവചിക്കപ്പെട്ട ഗ്രേറ്റർ മാഞ്ചസ്റ്റർ നിലവിൽ മൂന്നാം സ്ഥാനത്താണ്. കെയിംബ്രിഡ്ജ്, സസ്സെക്സ് എന്നിവിടങ്ങളിൽ കേസുകൾ കുറവാണ്.

മോഷണത്തിൽ നിന്നും വാഹനം സംരക്ഷിക്കാൻ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
* ഡബിൾ ലോക്ക് സിസ്റ്റം ആക്ടിവേറ്റ് ചെയ്യുക. വാഹനത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലെ ലോക്ക് സിസ്റ്റത്തിനു പുറമെ ഇത് ചെയ്യുന്നത് സുരക്ഷ വർധിപ്പിക്കും.
* സുരക്ഷിതമായ ഇടങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക. മോഷണ സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിൽ കഴിവതും പാർക്ക് ചെയ്യാതിരിക്കുക.
* നാഷണൽ സൈക്കിൾ ഡാറ്റ ബേസിൽ വാഹനം രജിസ്റ്റർ ചെയ്യുക. മോഷണം ഉണ്ടായാൽ വാഹനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. ഈ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് സമരങ്ങളുടെ പെരുമഴയാണ്. ബോർഡർ ഫോഴ്സ് ജീവനക്കാർ പുതുവത്സരരാവ് ആരംഭിക്കുന്നത് വരെയുള്ള സമരം തുടങ്ങിക്കഴിഞ്ഞു . ഇത് അവരുടെ രണ്ടാമത്തെ പണിമുടക്കാണ്. കൂടുതൽ യാത്രക്കാർ എത്തുന്ന ക്രിസ്മസ് അവധിക്കാലത്ത് ഇത് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതുകൂടാതെയാണ് പിസിഎസ് അംഗങ്ങൾ ഡിസംബർ 28 മുതൽ 31 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമരം. ഇവരിൽ പലരും പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സമരം പലരുടെയും യാത്രയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ശമ്പള വർദ്ധനവ് സംബന്ധിച്ച് സർക്കാർ ക്രിയാത്മകമായ ചർച്ചകൾ നടത്തിയില്ലെങ്കിൽ സമരങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

ട്രെയിൻ യാത്രക്കാർ നേരിടുന്ന തടസ്സം ഇന്നും നാളെയും തുടരും. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയിലെയും വെസ്റ്റ് മിഡ്ലാൻഡ്സ് ട്രെയിനുകളിലെയും സാങ്കേതിക സുരക്ഷാ വിഭാഗ ജീവനക്കാർ പണിമുടക്കിലായതിനാലാണിത്. ഹീത്രു, ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ, ബര്‍മിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്ഗോ എന്നീ വിമാനത്താവളങ്ങളിലും ന്യൂഹാവർ തുറമുഖങ്ങളിലെയും ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങളെ നേരിടാൻ സൈനിക ഉദ്യോഗസ്ഥരോടൊപ്പം സിവിൽ സർവൻ്റും അണിചേരുന്നുണ്ട്. അതേസമയം യുകെയിലുടനീളമുള്ള 250 ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിലുകളിലായി ഡ്രൈവിംഗ് എക്‌സാമിനർമാരും റൂറൽ പേയ്‌മെന്റ് ഓഫീസർമാരും നടത്തുന്ന സമരം ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി കാത്തിരിക്കുന്ന അനേകരെ ദുരിതത്തിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കോവിഡിന് ശേഷം കുതിച്ചുയർന്ന വീട് വിലകൾ കുറയുകയാണ്. കോവിഡ് പ്രതിസന്ധിയും പണപെരുപ്പവും റഷ്യ – യുക്രൈൻ യുദ്ധവുമാണ് വീട് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് കാരണം. 2019 മുതൽ യുകെയിലെ ചില പ്രദേശങ്ങളിൽ വീടുകളുടെ വില 20 ശതമാനം വരെ ഉയർന്നിട്ടുണ്ട്. റൈറ്റ്‌മൂവ് കണ്ടെത്തൽ പ്രകാരം ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവുമധികം ഉയർച്ചയുണ്ടായത്. അതേസമയം, ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം 2024 മൂന്നാം പാദത്തോടെ വീട് വിലയിൽ ഒമ്പത് ശതമാനം ഇടിവ് ഉണ്ടായേക്കും എന്നാണ്. ഇതോടെ ആദ്യമായി വീടുവാങ്ങിയവർ പ്രതിസന്ധിയിലാകും.

2020ലും 2021ലും വീട് വാങ്ങിയവർക്കാണ് ഈ തിരിച്ചടി. അവർ വീട് വാങ്ങാൻ ചിലവഴിച്ച തുകയേക്കാൾ കുറവാണ് അടുത്ത വർഷത്തെ വില. നെഗറ്റീവ് ഇക്വിറ്റിയിൽ വീണതിനാൽ ആദ്യമായി വീട് വാങ്ങിയ 90,000 ഉടമകൾക്ക് അവരുടെ വീടുകൾ റീമോർട്ട്ഗേജ് ചെയ്യാനുള്ള സൗകര്യം നഷ്ടമാകും. തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരുന്നു വീടുവിലയിലെ ചാഞ്ചാട്ടം ഏറ്റവുമധികം. 2019-ല്‍ ഒരു വീടിന്റെ ശരാശരി വില 2,94,000 പൗണ്ട് ആയിരുന്നത് 20 ശതമാനം ഉയര്‍ന്ന് 3,53,852 പൗണ്ടായി. തെക്ക് കിഴക്കന്‍ മേഖലയിൽ ശരാശരി വില 4,03,980 പൗണ്ടായിരുന്നത് 18 ശതമാനം വര്‍ദ്ധിച്ച് 4,78,188 പൗണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി വീട് വില സെൻട്രൽ ലണ്ടനിലായിരുന്നു. വീട് വിലയിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായി. 2024-ന്റെ മൂന്നാം പാദത്തോടെ ഒമ്പത് ശതമാനം ഇടിവ് ഉണ്ടാകുമ്പോൾ വീടിന്റെ ശരാശരി വില ഏകദേശം 268,450 പൗണ്ടിലേക്ക് താഴും. 2024 വേനൽക്കാലത്ത് വിലയിൽ 26,550 പൗണ്ട് കുറവുണ്ടാകുമെന്ന് ഒ ബി ആർ പറയുന്നു. നവംബറിലെ ശരാശരി വീടിന്റെ വില ഇതിനകം 1.4 ശതമാനം കുറഞ്ഞു – 2020 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്.
ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.
എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.
എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ. യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.
ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.
ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്
ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്രിസ്മസ് തലേന്ന് പാക് പബ്ബിൽ ബ്യൂട്ടീഷനായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എല്ലെ എഡ്വേർഡ് എന്ന യുവതിയാണ് മരിച്ചത്. ലിവർപൂളിന് സമീപമുള്ള ഗ്രാമമായ വാലസെയിലെ ലൈറ്റ്ഹൗസ് ഇന്നിൽ സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടയിൽ രാത്രി 11.50 നാണ് വെടിയേറ്റത്.

സംഭവത്തെ തുടർന്ന് സിപിആർ നൽകാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡ്വേർഡിന്റെ സഹോദരി ലൂസി ദുബായിലാണ് വർഷങ്ങളായി താമസിക്കുന്നത്. എന്നാൽ ഇത്തവണ സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിൽ സഹോദരിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റിൽ എന്റെ എല്ലാം എല്ലാമാണ് നഷ്ടമായതെന്നും അവർ പറഞ്ഞു.

എല്ലെയുടെ കൊലപാതകത്തിൽ സംശയം തോന്നിയ ട്രാൻമേറിൽ നിന്നുള്ള മുപ്പത് വയസുകാരനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന റോക്ക് ഫെറിയിൽ നിന്നുള്ള 19 കാരിയായ യുവതിയും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പബ്ബിനുള്ളിൽ ഉണ്ടായ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും പലരും ഇതുവരെ പുറത്തുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമരത്തിന് ശേഷം ഇന്ന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും സാധാരണ രീതിയിൽ ഓടി തുടങ്ങാൻ സമയമെടുത്തേക്കും എന്ന് റിപ്പോർട്ടുകൾ . പല ട്രെയിനുകളും ഉച്ചയ്ക്ക് മുമ്പ് ഓടി തുടങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഇത് കാരണം അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം.

70 ശതമാനം സർവീസുകളും പ്രവർത്തിക്കുമെന്നാണ് നെറ്റ് വർക്ക് റെയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ട്രെയിന്റെ സമയക്രമം പരിശോധിക്കണമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. രാവിലെ 7 .15 മുതൽ ചില സേവനങ്ങൾ പുന:സ്ഥാപിക്കാൻ തുടങ്ങുമെന്നാണ് സ്കോട്ട് റെയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് മുഴുവൻ തടസ്സമുണ്ടാകാനുള്ള സാധ്യതയും അവർ അറിയിച്ചിട്ടുണ്ട്.

പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവിനായി യുകെയിലുടനീളമുള്ള റെയിൽവേ ജീവനക്കാരുടെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. 14 ട്രെയിൻ കമ്പനികളിലെ ആയിരക്കണക്കിന് ജീവനക്കാർ സമരമുഖത്ത് ഇറങ്ങിയത് ട്രെയിൻ ഗതാഗതം താറുമാറാക്കിയിരുന്നു. ക്രിസ്മസിനു മുന്നോടിയായി സമരങ്ങളുടെ പരമ്പര തന്നെയായിരുന്നു രാജ്യത്ത് അരങ്ങേറിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അടുത്തവർഷം മുതൽ കോവിഡ് സംബന്ധമായ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് രാജ്യത്ത് അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ . മൂന്നുവർഷത്തിന് ശേഷമാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. വൈറസിനൊപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പ്രസ്തുത തീരുമാനം കൈകൊണ്ടിരിക്കുന്നത്.

അടുത്തവർഷം ജനുവരി മാസം മുതൽ വൈറസ് ബാധിതരുടെ വിവരങ്ങൾ, കോവിഡ് ബാധിച്ച് ആശുപത്രിയിലായവരുടെ എണ്ണം , മരണനിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പരസ്യമാക്കേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ വാക്സിനുകളും മറ്റു ചികിത്സാരീതികളും കൊണ്ട് രാജ്യം സാധാരണ നില കൈവരിച്ചതിനാൽ ഇനി കോവിഡ് സംബന്ധമായ വിവരങ്ങൾ പുറത്തുവിടുന്നതിൽ അർത്ഥമില്ലെന്ന് ചീഫ് ഡേറ്റാ സയന്റിസ്റ്റ് ഡോ. നിക്ക് വാട്ട് കിൻസ് പറഞ്ഞു. രോഗബാധിതരായ വ്യക്തിയിൽ നിന്ന് രോഗം മറ്റുള്ളവർക്ക് എത്രമാത്രം പകരും എന്നതിനെ സൂചിപ്പിക്കുന്ന ആർ- നിരക്കും ഇനി പരസ്യപ്പെടുത്തുന്നില്ല.

രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട് മൂന്ന് വർഷത്തോളമായി. വിവരങ്ങൾ പൊതുവായി പ്രസിദ്ധീകരിക്കുന്നില്ലെങ്കിലും ഡേറ്റ അവലോകനവും നിരീക്ഷണവും വീണ്ടും ഉണ്ടാകും. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ട് തുടർനിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2021 ഒക്‌ടോബറിനും 2022 ജൂണിനുമിടയിൽ കത്തി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചുള്ള 49,991 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ക്രൈം ഡേറ്റാ പറയുന്നു. അതായത് ദൈന്യദിനം രാജ്യത്ത് 136 അക്രമസംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചുരുക്കം. മുൻ വർഷങ്ങളിലേക്കാൾ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുകയാണെന്നും ജനസംഖ്യയ്ക്ക് ആനുപാതികമായി കേസുകൾ രജിസ്റ്റർ ചെയുന്നുണ്ട് എന്നും അധികൃതർ പറയുന്നു.

ഈ കാലയളവിൽ ഇംഗ്ലണ്ടിലും വെയിൽസിലും റിപ്പോർട്ട് ചെയ്ത 679 കൊലപാതകങ്ങളിൽ 38 ശതമാനവും കത്തിപോലുള്ളവ ഉപയോഗിച്ചുള്ളതായിരുന്നു. ഈ വർഷം ജൂണിനും നവംബറിനുമിടയിൽ രജിസ്റ്റർ ചെയ്ത 6,843 കേസുകളിൽ 1973 ലധികവും മരണം സംഭവിച്ചതായിരുന്നു. സെൻട്രൽ ബറോ ഓഫ് വെസ്റ്റ്മിൻസ്റ്ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ബ്രോംലി, കിംഗ്സ്റ്റൺ, റിച്ച്മണ്ട് എന്നിവിടങ്ങളിൽ കേസുകൾ വളരെ കുറവാണ്.

മറ്റ് പ്രദേശങ്ങളിലും കേസുകൾക്ക് കുറവൊന്നുമില്ല. കെൻസിംഗ്ടണിലും ചെൽസിയിലും 89ഉം, സൗത്ത്വാർക്കിൽ 273, ഗ്രീൻവിച്ചിൽ 113, ഇസ്ലിംഗ്ടണിൽ 120 എന്നിങ്ങനെയാണ് സമീപകാലയളവിൽ രേഖപ്പെടുത്തിയ കേസുകൾ. എന്നാൽ ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതൽ ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 1,125 കേസുകൾ വന്നത് അധികൃതരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ലണ്ടനിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളിൽ പകുതിയിലധികവും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് മേയർ സാദിഖ് ഖാൻ പറയുന്നത്
നോർത്ത് വെയിൽസ്: ക്രിസ്മസ് ദിനത്തിൽ യുകെ മലയാളികൾക്ക് വേദനയായി അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പിൽ ജീജോ ജോസിന്റെ (46) മരണം. ജീവിത പ്രതീക്ഷയോടും ജീവന്റെ നിലനിൽപ്പും പ്രതീക്ഷിച്ച് യു കെ യിൽ എത്തി നാല് മാസം തികയും മുമ്പ് ആണ് മരണത്തിന്റെ രംഗപ്രവേശം. മാഞ്ചസ്റ്ററിനടുത്തു ഡൻബിഗ് ഷെയർ, ബോഡാൽവിടാൻ കമ്മ്യുണിറ്റിയിൽ ഗ്ലാൻ ഗ്ലാഡ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.
ജീജോ നാട്ടിൽ വെച്ച് തന്നെ ക്യാൻസർ രോഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം നിയന്ത്രണവിധേയം എന്ന് കരുതിയിരുന്നു. നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി കഴിഞ്ഞ വര്ഷം എത്തിയ തന്റെ ഭാര്യ നിഷയും മൂന്നു മക്കളുമായി ജീവിതം പടുത്തുയർത്തുവാനായി നാല് മാസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിച്ചേർന്നത്.
കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നി ദമ്പതികളുടെ മകനാണ് പരേതനായ സിജോ ജോസ്. സുജ, റോബിൻ എന്നിവർ സഹോദരങ്ങളും. ഭാര്യ നിഷ ജീജോ. ജോഷ്വാ (13) ജൊഹാൻ (9)ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യോപചാര ശുശ്രുഷകൾ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. പ്രാദേശിക മലയാളി അസോസിയേഷനും ബന്ധു മിത്രാദികളും കൂട്ടുകാരും കുടുംബത്തിന് ആശ്വാസമായി ഒപ്പം ഉണ്ട്.
ജീജോ ജോസിന്റെ അകാല വേർപാടിൽ മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖിതരായ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.