ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഗവേഷണ പഠനങ്ങൾക്കായി കേരളത്തിൽ എത്തിയ പ്രമുഖ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അധികൃതർ തടഞ്ഞു ബ്രിട്ടനിലേക്ക് മടക്കി അയച്ചു. മാർച്ച് 24 നാണ് കേരളത്തിന് തന്നെ അപമാനമായ ഈ സംഭവം അരങ്ങേറിയത്. യൂണിവേഴ്സിറ്റി ഓഫ് സസ്സെക്സിലെ നരവംശശാസ്ത്രജ്ഞനായ ഒസെല്ല കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ സന്ദർശനം നടത്തി വരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണങ്ങളും കേരളവുമായി ബന്ധപ്പെട്ടവയുമാണ്. തീരദേശ സമൂഹങ്ങളെ കുറിച്ചുള്ള ദ്വിദിന സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഒസെല്ല. വിമാനം ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തി തന്നെ കൊണ്ടുപോയി തന്റെ ചിത്രം എടുക്കുകയും തന്റെ വിരലടയാളം ശേഖരിക്കുകയും ചെയ്തതായി ഒസെല്ല വ്യക്തമാക്കി. അതിനുശേഷം തന്നെ മടക്കി അയയ്ക്കുകയാണെന്ന് മാത്രമാണ് അവർ തന്നോട് വിശദീകരിച്ചതെന്നും ഒസെല്ല പറഞ്ഞു. എന്ത് കാരണം മൂലമാണ് തന്നെ മടക്കി അയച്ചതെന്ന് തനിക്കറിയില്ലെന്നും ഒസെല്ല പറഞ്ഞു.
ദുബായിലേക്കുള്ള അടുത്ത വിമാനത്തിൽ തന്നെ ഒസെല്ലയെ യാത്രയാക്കുകയും പിന്നീട് വിവിധ വിമാനത്താവളങ്ങളിൽ സമയം ചെലവിട്ടാണ് ഒസെല്ലയ്ക്ക് ലണ്ടനിൽ എത്തിച്ചേരാൻ സാധിച്ചത്. ഒസെല്ലയെ തിരിച്ചയച്ച സംഭവം ഇന്ത്യയിൽ മുഴുവൻ വിവാദമായി. തനിക്ക് പിന്തുണ അറിയിച്ച് നാനൂറോളം ഇ-മെയിലുകളും മെസ്സേജുകളും ലഭിച്ചതായും ഒസെല്ല വ്യക്തമാക്കി. ഇന്ത്യയിലുള്ള തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ പോലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ അനുവദിച്ചില്ലെന്ന് ഒസെല്ല എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ ബാഗിൽ നിന്നും രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ എടുക്കണം എന്ന ആവശ്യമുന്നയിച്ചപ്പോഴും തന്നോട് അപമര്യാദയായി പെരുമാറുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിസർച്ച് വിസയിലാണ് അദ്ദേഹം കേരളത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻപുള്ള തന്റെ യാത്രയിൽ ഒസെല്ല തന്റെ വിസ ദുരുപയോഗം ചെയ്തതായും അതാകാം അറസ്റ്റിനുള്ള കാരണമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഗവൺമെന്റ് ഒഫീഷ്യൽ വ്യക്തമാക്കി. എന്നാൽ തന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ലെന്നാണ് ഒസെല്ല വ്യക്തമാക്കിയത്.
2019 ൽ കേരളത്തിലെത്തിയപ്പോൾ തനിക്ക് കോൺഫറൻസ് വിസ ഉണ്ടായിരുന്നതായും, അതിനുശേഷം കഴിഞ്ഞ സെപ്റ്റംബറിൽ എത്തിയപ്പോൾ ഗവേഷണത്തിന്റെ ഭാഗമായതിനാൽ റിസർച്ച് വിസ ഉണ്ടായിരുന്നതായും ഒസെല്ല വ്യക്തമാക്കി. എന്താണ് യഥാർത്ഥ കാരണം എന്ന് ഇതുവരെയും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. കേരളത്തിലെ വിവിധ മതാചാരങ്ങൾ, ക്ഷേത്ര ഉത്സവങ്ങൾ എന്നിവയെല്ലാം തന്നെ ഗവേഷണം ചെയ്ത വ്യക്തിയാണ് ഒസെല്ല. തനിക്ക് ഇനിയും കേരളത്തിലേക്ക് വരുവാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒസെല്ല വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വെസ്റ്റ്മിൻസ്റ്റർ ആബേയിൽ നടന്ന ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് എലിസബത്ത് രാജ്ഞി. ആൻഡ്രൂ രാജകുമാരനോടൊപ്പം വിൻഡ്‌സർ കാസിലിൽ നിന്ന് കാറിൽ യാത്ര ചെയ്താണ് 95 കാരിയായ രാജ്ഞി ചടങ്ങിനെത്തിയത്. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും പ്രിയ ഭർത്താവിന്റെ ഓർമ ദിനത്തിൽ പങ്കുചേരാൻ രാജ്ഞി എത്തുമെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. മുപ്പതോളം വിദേശ രാജകുടുംബങ്ങളില്‍ നിന്നുള്ളവര്‍, ഫിലിപ്പ് രാജകുമാരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും, വിവിധ ചാരിറ്റി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി ആകെ 1,800 ലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
പ്രായാധിക്യം കാരണം ചടങ്ങിൽ നിന്ന് മാറി നിൽക്കാൻ രാജ്ഞി ആദ്യം തീരുമാനിച്ചിരുന്നു. മാര്‍ച്ച് 14 ന് നടന്ന കോമണ്‍വെല്‍ത്ത് ഡേ സര്‍വ്വീസിൽ രാജ്ഞി പങ്കെടുത്തിരുന്നില്ല. ഫെബ്രുവരിയിൽ കോവിഡ് ബാധിതയുമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്റെ 99-ാം വയസ്സിലായിരുന്നു ഫിലിപ്പ് രാജകുമാരന്‍ മരണമടഞ്ഞത്. രാജ്യം കോവിഡ് നിയന്ത്രണങ്ങളിലായിരുന്നതിനാല്‍ രാജകുമാരന്റെ സംസ്കാര ചടങ്ങുകളിൽ 30 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ നേതാവ് കെയർ സ്റ്റാർമർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും അനുസ്മരണ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആയിരുന്നു. അമേരിക്കന്‍ കോടതിയിലെ ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കിയ ആന്‍ഡ്രൂ രാജകുമാരനും ചടങ്ങിൽ പങ്കെടുത്തു. ഹാരിയും മേഗനും ഇതില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് രാജകുടുംബത്തിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 1 -ന് ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് ഹാരി അവസാനമായി ബ്രിട്ടനിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈസ്റ്റ് ഹാം : വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല റസ്റ്ററന്റില്‍ നടന്ന കത്തിക്കുത്തില്‍ ഇരയായത് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനിയെന്ന് സ്ഥിരീകരണം. ഈ ഫെബ്രുവരിയിൽ മാസ്റ്റേഴ്സ് ചെയ്യാനായി ലണ്ടനിലെത്തിയ സോനാ ബിജു (22)വിനാണ് കുത്തേറ്റത്. അക്രമിയും ഇതേ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്. “മാർച്ച് 25 വെള്ളിയാഴ്ച ഹൈദരാബാദ് വാല റസ്റ്ററന്റിൽ നടന്ന സംഭവത്തിൽ ഞങ്ങളുടെ രണ്ട് വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസുമായി സഹകരിക്കുന്നവർക്ക് ഞങ്ങൾ പിന്തുണ നൽകുന്നു.” – ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
സോനയെ റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംബർല (23) യ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച ഈസ്റ്റ് ലണ്ടനിലെ തേംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഏപ്രിൽ 25ന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാകണം.
റസ്റ്ററന്റിലെ സിസിടിവിയിൽ നിന്നുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചു. റസ്റ്ററന്റിൽ ഇരുന്ന ഒരാൾ യുവതിയെ കടന്നുപിടിക്കുന്നത് കാണാം. ഭയന്ന് പോയ യുവതിയുടെ കൈകള്‍ ചുറ്റിപ്പിടിച്ച് കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു. നിലത്തു വീഴുന്നതിന് മുമ്പ് യുവതിയുടെ കഴുത്തിലും ശരീരത്തിലും മുറിവേല്പിച്ചു. റസ്റ്ററന്റിൽ ഇരുന്ന മറ്റാളുകൾ അക്രമിയെ കീഴ് പ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തറയിൽ കിടന്ന യുവതിയെ വീണ്ടും മുറിവേല്പിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി. കുത്താനുപയോഗിച്ച കത്തിയടക്കമുള്ള തെളിവുകള്‍ പൊലീസിന് സംഭവ സ്ഥലത്തു നിന്ന് തന്നെ ലഭിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : റഷ്യ-യുക്രൈൻ സമാധാന ചർച്ചകളിൽ പങ്കെടുത്തതിന് പിന്നാലെ ചെൽസി ഫുട്ബോൾ ഉടമയും പുടിന്റെ അനുയായിയുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. മാർച്ച് മൂന്നിന് യുക്രൈൻ – ബെലാറസ് അതിർത്തിയിലാണ് സമാധാന ചർച്ച നടന്നത്. അബ്രമോവിച്ചിനെ കൂടാതെ യുക്രെയ് നിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായും പറയുന്നു. രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി പത്തു മണി വരെ മൂവരും ചർച്ചകളിൽ പങ്കെടുത്തു.
തുടർന്ന് ഹോട്ടൽ മുറികളിലേക്ക് പോയ ഇവർക്ക് രാവിലെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു. മുഖത്തെയും കൈകളിലെയും തൊലിയിളകുന്ന ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അബ്രമോവിച്ച് സുഖം പ്രാപിച്ചുവെന്നും യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും ബിബിസി വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത അനുയായിയാണ് അബ്രമോവിച്ച്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു. സമാധാന ചർച്ചയ്‌ക്ക് മുന്നിട്ടിറങ്ങിയ അബ്രമോവിച്ചിനെ കീവിൽ അപായപ്പെടുത്താൻ ശ്രമം നടന്നതായും റിപ്പോർട്ടുണ്ട്. അതേസമയം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചർച്ച ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ ഇസ്താംബൂളിൽ എത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് -19 ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ഗവൺമെന്റ് അധികൃതർ പാർട്ടികൾ നടത്തിയ വിവാദത്തിൽ അന്വേഷണത്തെ തുടർന്ന് പിഴ ഈടാക്കുവാൻ മെട്രോപൊളിറ്റൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. പതിനഞ്ചോളം പെനാൽറ്റി ഫൈനുകൾ പോലീസ് അധികൃതർ ചൊവ്വാഴ്ച മുതൽ തന്നെ ഈടാക്കും എന്നാണ് വെസ്റ്റ്മിനിസ്റ്റർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ജനുവരി മുതലാണ് ഏകദേശം 12 ഇവന്റുകളെ സംബന്ധിക്കുന്ന അന്വേഷണം മെട്രോപൊളിറ്റൻ പോലീസ് ആരംഭിച്ചത്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും മെട്രോപൊളിറ്റൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബോറിസ് ജോൺസനെതിരെയും അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെയും ഈ വിവാദത്തിൽ വൻ വിമർശനങ്ങൾ ഉണ്ടായിരുന്നു. ചില കൺസർവേറ്റീവ് എംപിമാർ തന്നെ ബോറിസ് ജോൺസന്റെ രാജിക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു.
അടുത്തിടെ യുക്രൈൻ യുദ്ധമാരംഭിച്ചതിനുശേഷമാണ് ഈ വിഷയത്തിൽ നിന്നും ശ്രദ്ധ വ്യതിചലിക്കപ്പെട്ടത്. സീനിയർ സിവിൽ സർവെന്റ് ആയിരുന്ന സ്യു ഗ്രെയുടെ സ്വതന്ത്ര അന്വേഷണത്തിന് ശേഷമാണ് മെട്രോപൊളിറ്റൻ പോലീസ് കേസ് ഏറ്റെടുത്തത്. പോലീസ് അന്വേഷണം പൂർത്തിയായ ശേഷം ഗ്രെയുടെ റിപ്പോർട്ട് പൂർണമായ തോതിൽ പ്രസിദ്ധീകരിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയത്. ഓപ്പറേഷൻ ഹിൽമാൻ എന്ന് പേരിട്ടിരിക്കുന്ന പോലീസ് അന്വേഷണത്തിൽ 12 പാർട്ടികളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രധാനമായുള്ള ചോദ്യം. ഇതിൽ മൂന്ന് പാർട്ടികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നിരുന്നാൽ തന്നെയും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് ഈ വിവാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലം. മാത്യു ചേട്ടൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് മാത്യു മാളിയേക്കല്‍ മരണത്തിന് കീഴടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി ആശുപത്രിയിൽ പോയി മടങ്ങി വരവേ ബസില്‍ നിന്നും തെന്നി വീണു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളായി. ജീവന്‍ രക്ഷ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ പിടിച്ചുനിർത്തിയത്. എന്നാൽ മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കാതായതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന മാത്യു ചേട്ടൻ യുകെ മലയാളികൾക്ക് പരിചിതനാണ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഭാര്യ റിനിയെയും മക്കളായ ഇഷയെയും ജെറോമിനെയും തനിച്ചാക്കി മാത്യു യാത്രയായത് സുഹൃത്തുക്കള്‍ക്കും തീരാവേദനയായി. കോട്ടയം സ്വദേശിയായ മാത്യു, ലണ്ടന്‍ ക്‌നാനായ മിഷന്‍ അംഗമാണ്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.
സ്റ്റഡി ഡേയുടെ ഭാഗമായി ജോലി സ്ഥലത്തെ ക്ലാസിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇടുപ്പെലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂഹാം ഹോസ്പിറ്റലിലെ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പരിശോധനകള്‍ക്കു വിധേയനായി. എന്നാൽ അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നേഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്തു വരികയായിരുന്നു മാത്യു. ന്യൂഹാം ഹോസ്പിറ്റലിലെ നേഴ്സാണ് ഭാര്യ റിനി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്വാഭാവിക പ്രസവങ്ങൾ പ്രോത്സാഹിപ്പിച്ച എൻഎച്ച്എസ് ട്രസ്റ്റ് മരണത്തിലേക്ക് തള്ളിവിട്ടത് മുന്നൂറോളം കുഞ്ഞുങ്ങളെ. ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റലിനെതിരായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമ്മയ്ക്കും കുഞ്ഞിനും വേണ്ടത്ര പരിചരണം നൽകാതെ സ്വാഭാവിക പ്രസവത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ മുന്നൂറോളം നവജാത ശിശുക്കൾ മരിക്കുകയും നിരവധി പേർക്ക് മസ്തിഷ്ക ക്ഷതം ഉണ്ടായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ബുധനാഴ്ച പൂർണമായി പ്രസിദ്ധീകരിക്കും. സിസേറിയൻ നിരസിച്ചതിലൂടെ അമ്മമാരെയും കുഞ്ഞുങ്ങളെയും ട്രസ്റ്റ് അപകടത്തിലാക്കുകയായിരുന്നു.
സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകിയത് മുൻ മിഡ്‌വൈഫായ ഡോണ ഒക്കെൻഡൻ ആണ്. ഹോസ്പിറ്റൽ ട്രസ്റ്റിനെതിരെ 1,800-ലധികം പരാതികൾ ഉയർന്നതിനെ തുടർന്ന് 2017ൽ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 12 അമ്മമാർ പ്രസവസമയത്ത് മരിച്ചതെങ്ങനെയെന്നും അന്വേഷണ റിപ്പോർട്ടിൽ വിശദീകരിക്കും. അഞ്ച് വർഷത്തെ അന്വേഷണത്തിൽ 90 വിദഗ്‌ദ്ധ മിഡ്‌വൈഫുമാരും ഡോക്ടർമാരും ഉൾപ്പെടുന്നു.
ആദ്യത്തെ 250 കേസുകളുടെ ഇടക്കാല റിപ്പോർട്ട് 15 മാസം മുമ്പ് പ്രസിദ്ധീകരിച്ചു. ആശുപത്രി ജീവനക്കാർ, കുഞ്ഞുങ്ങളുടെ മരണത്തിൽ അമ്മമാരെ കുറ്റപ്പെടുത്തിയതായി അന്ന് കണ്ടെത്തിയിരുന്നു. പരാജയങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അത് ഉണ്ടാക്കിയ ദുരിതത്തിനും വേദനയ്ക്കും മാപ്പ് ചോദിക്കുന്നതായും ട്രസ്റ്റ് പറഞ്ഞു. 2000 മുതൽ 115-ലധികം പരാതികളിൽ ക്ലിനിക്കൽ നെഗ്‌ലിജൻസിനും മറ്റ് ചെലവുകൾക്കുമായി ട്രസ്റ്റ് 58 മില്യണിലധികം പൗണ്ട് അടച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഉപയോക്താക്കൾക്ക് അധികഭാരമായി വൈദ്യുതി ബില്ലിലെ പ്രാദേശിക വർധനവ്. വൈദ്യുതി ബില്ലുകളിലെ സ്റ്റാൻഡിംഗ് ചാർജുകൾ കുത്തനെ ഉയരും. സൗത്ത് സ്‌കോട്ട്‌ലൻഡ്, മെഴ്‌സിസൈഡ്, നോർത്ത് വെയിൽസ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏപ്രിൽ മുതൽ പ്രതിദിന പേയ്‌മെന്റുകൾ ഇരട്ടിയാകും. ലണ്ടനിലും കിഴക്കൻ ഇംഗ്ലണ്ടിലും ഉള്ളവർക്ക് 60% ൽ താഴെയാണ് വർധനവ്. വിതരണ ചെലവുകളും മറ്റ് ലെവികളും ഉൾക്കൊള്ളുന്ന ഒരു നിശ്ചിത പ്രതിദിന പേയ്‌മെന്റാണ് സ്റ്റാൻഡിങ് ചാർജ്.
സ്റ്റാൻഡിംഗ് ചാർജുകൾ ഒരു എനർജി ബില്ലിന്റെ ഏറ്റവും വലിയ ഭാഗമല്ലെങ്കിലും ഏപ്രിൽ മുതൽ അവ പ്രതിവർഷം ശരാശരി £71-ലധികം വർദ്ധിക്കും. അതേസമയം, എനർജി ബില്ലുകൾ കുതിച്ചുയരുന്ന സമയത്ത് പ്രാദേശിക വ്യത്യാസങ്ങൾ അന്യായമാണെന്ന അഭിപ്രായം പലയിടത്തുനിന്നും ഉയരുന്നുണ്ട്.
ലണ്ടനിൽ 38% വർധനവാണ് ഉണ്ടാകുന്നത്. നോർത്ത് വെസ്റ്റിൽ 73% വർദ്ധനയും യോർക്ക്ഷയറിൽ 81% വർദ്ധനയും സൗത്ത് വെയിൽസിൽ 94% വർദ്ധനയും ഉണ്ടാകും. ഊർജ്ജ വിതരണക്കാരുടെ തകർച്ചയുമായി ബന്ധപ്പെട്ട ചിലവുകൾ അടയ്ക്കുന്നതിന് ബില്ലുകളിൽ കൂട്ടിച്ചേർത്ത ലെവി രാജ്യത്തുടനീളം തുല്യമായി വ്യാപിപ്പിച്ചുവെന്ന് ഓഫ്ഗം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠന നിലവാരം ഉയർത്താൻ പദ്ധതികളുമായി സർക്കാർ. 2030 ൽ പ്രൈമറി സ്‌കൂൾ വിടുന്ന 90% കുട്ടികളും വായനയിലും എഴുത്തിലും കണക്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നു. 2019ൽ ഇത് 65 ശതമാനമായിരുന്നു. ജിസിഎസ്ഇ തലത്തിൽ, എല്ലാ ഗ്രേഡുകളുടെയും നാഷണൽ മീൻ ആവറേജ് 4.5 ൽ നിന്ന് 5 ആയി ഉയരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിൽ പദ്ധതികൾ പരാജയപ്പെടുമെന്ന് യൂണിയനുകളും ചാരിറ്റികളും പറഞ്ഞു.
കണക്കിലോ ഇംഗ്ലീഷിലോ പിന്നാക്കം നിൽക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സഹായം ലഭിക്കുമെന്ന് യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. അടിസ്ഥാനം ശരിയായി ലഭിച്ചില്ലെങ്കിൽ, സെക്കൻഡറി സ്കൂളിൽ പഠനം കൂടുതൽ കഠിനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് കുട്ടികളുടെ മേൽ കൂടുതൽ സമ്മർദം ഏർപ്പെടുത്താനുള്ള പദ്ധതിയല്ല, അവരെ പിന്തുണയ്ക്കാനുള്ള പദ്ധതിയാണ്.” നാദിം സഹാവി വ്യക്തമാക്കി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി പഠനം തടസപ്പെട്ട സ്ഥിതിയിലായിരുന്നു.
എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) ഗവൺമെന്റിനായി നടത്തിയ ഗവേഷണത്തിൽ, കോവിഡ് കാരണം പ്രൈമറി വിദ്യാർഥികളുടെ ഇംഗ്ലീഷ്, കണക്ക് നിലവാരം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാൽ സർക്കാരിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ സാധ്യതയില്ലെന്ന് ഇപിഐ ചീഫ് എക്സിക്യൂട്ടീവ് നതാലി പെരേര പറഞ്ഞു. ഫണ്ടിങ് ആണ് പ്രധാന വെല്ലുവിളിയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിജു സ്റ്റീഫന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഒരു മാസമാണ് യുകെയിൽ കഴിഞ്ഞതെങ്കിലും ബിജുവിനെ യാത്രയാക്കാൻ വൻ ജനാവലിയാണ് വെള്ളിയാഴ്ച (18/03/2022) സ്റ്റാഫോര്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍ എത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയില്‍ വെള്ളിയാഴ്ച്ച (25/03/2022) സംസ്കരിച്ചു. ബിജുവിന്റെ അപ്രതീക്ഷിത മരണം യുകെ മലയാളികൾക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മരണ ദിവസം മുതല്‍ ബിജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സ്റ്റാഫോര്‍ഡ് മലയാളി സമൂഹവും പ്രവാസി സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നത് വലിയ ആശ്വാസമായി. മാതൃ ഇടവകയായ റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഇവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഒടുവിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി മണ്ണിലേക്ക് മടക്കം.
സംസ്കാര ശുശ്രൂഷയിൽ ഫാ. കുര്യാക്കോസ്, ഇടവക വികാരി ഫാ. ജെയ്ന്‍, ഫാ. രാജന്‍ കുളമട, ഫാ. സക്കറിയ മധുരംകോട്ട്, ഫാ. ജിജു പുത്തന്‍പുരയ്ക്കല്‍, ഫാ. എബി മുട്ടയ്ക്കല്‍ എന്നിവർ സഹകാര്‍മികരായിരുന്നു. ബിജുവിന് ആദരാഞ്ജലി അർപ്പിക്കാൻ റാന്നി എംഎല്‍എ പ്രമോദ് നാരായണനും എത്തി. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാനും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്‌സ്, പഞ്ചായത്ത് അംഗം ഷൈനി രാജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
വലിയ പ്രതീക്ഷകളുമായി ആഴ്ചകള്‍ക്ക് മുന്‍പ് യുകെയിൽ എത്തിയ കുടുംബം ബിജുവിന്റെ ആകസ്മിക മരണത്തിൽ തകർന്നു പോയിരുന്നു. എന്നാൽ, കുടുംബത്തെ കൈവിടാതെ ചേര്‍ത്ത് നിർത്തിയ യുകെ മലയാളികളുടെ നന്മയെ ഏവരും പ്രശംസിച്ചു. ബിജുവിന്റെ ഭാര്യ ബിനുവിന്റെയും മക്കളായ ബിന്നിയുടെയും ബിയയുടെയും കണ്ണീരിൽ നാട് സങ്കടകടലായി. വിങ്ങിപൊട്ടിനിന്ന മകനെ ബന്ധു കൂടിയായ ഫാ. കുര്യാക്കോസ് ആശ്വസിപ്പിക്കുന്ന രംഗം ചുറ്റും കൂടിനിന്നവർക്ക് വേദനയുളവാക്കുന്നതായിരുന്നു.
ഉത്തരവാദിത്തതോടെ പ്രവർത്തിച്ച സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിലെ അംഗങ്ങളോട് കുടുംബവും ബന്ധുക്കളും നന്ദി പറഞ്ഞു. രണ്ടാഴ്ച കൊണ്ട് 6000 പൗണ്ടാണ് സ്റ്റാഫോര്‍ഡ് മലയാളി സമൂഹം സമാഹരിച്ചത്. യുകെയിലെ വിവിധ ക്‌നാനായ യാക്കോബായ സമൂഹങ്ങളുടെ പിന്തുണയോടെ സമാഹരിച്ച 7000 പൗണ്ടോളം വരുന്ന തുകയും ഫാ.ജോമോന്റെ ശ്രമഫലമായി കുടുംബത്തിന് ലഭ്യമായി. ഇതൊക്കെയും ബിജുവിന്റെ കുടുംബത്തിന് വലിയ ആശ്വാസം നൽകാൻ കാരണമാകും. ഈ ഒരുമയും പിന്തുണയുമാണ് ബ്രിട്ടീഷ് മലയാളികളെ ഏതു പ്രതിസന്ധി ഘട്ടത്തിലും ചേർത്തുനിർത്തുന്നത്.