ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വിറ്റ്സർലൻഡിലെ യൂറോപ്പ്യൻ സൊസൈറ്റി ഓഫ് പ്രിസിഷൻ എൻജിനീയറിങ് ആന്റ് നാനോ ടെക്നോളജിയുടെ അവാർഡിന് യുകെ മലയാളി വിദ്യാർത്ഥി അർഹനായി. ഈ വർഷമാദ്യം നടന്ന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ തുടർന്നാണ് ഹഡേഴ്സ് ഫീൽഡ് സർവ്വകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥിയായ കെവിൻ ജോണിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.

ലോകമെങ്ങുമുള്ള പ്രഗൽഭരായ ശാസ്ത്രജ്ഞന്മാരുമായും ഗവേഷകന്മാരുമായും സംവേദിക്കാനും ഗവേഷണം നടത്താനുമുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ കെവിന് കൈവന്നിരിക്കുന്നത്. 2018 ലാണ് ബിരുദാനന്തര ബിരുദത്തിനായി കെവിൻ യുകെയിലെത്തിയത്. അതിനുശേഷം രണ്ടു വർഷത്തോളം ജോലിക്കായി ഇന്ത്യയിൽ എത്തിയ കെവിൻ പി എച്ച് ഡി പഠനത്തിനായാണ് യുകെയിൽ തിരിച്ചെത്തിയത്. കെവിൻ 2018 -ൽ ബിരുദാനന്തര ബിരുദം ചെയ്യാനായി യുകെയിലെത്തിയത് പ്രശസ്തമായ കോമൺവെൽത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കിയാണ്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഇരവിമംഗലത്ത് വീട്ടിൽ ഇ ജെ ജോണിന്റെയും മേരി ജോണിന്റെയും മകനാണ് കെവിൻ. നിലവിൽ കെവിൻ ഹഡേഴ്സ് ഫീൽഡ് സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ പി എച്ച് ഡി ചെയ്യുകയാണ്.