ന്യൂസ് ഡെസ്ക് മലയാളം യുകെ
തൻറെ കസിനും മറ്റൊരാളും തമ്മിലുള്ള തർക്കം ശമിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 20 വയസ്സുകാരനായ ഡീൻ കൊല്ലപ്പെട്ടത്. കൊലയാളി 25 വയസുകാരനായ ബ്രാൻഡൻ സൈലൻസ് ആയിരുന്നു. ഡീനിൻെറ കൊലപാതകത്തിൻെറ അവസാന നിമിഷത്തിൻെറ വീഡിയോ ഫൂട്ടേജ് ഓൺലൈനിൽ പങ്കുവെച്ചിരിക്കുകയാണ് ഡീനിന്റെ അമ്മ ബെക്കി വൈറ്റ് .
പെട്ടെന്നുള്ള പ്രകോപനം ആക്രമണത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിക്കുന്ന സംഭവങ്ങൾ ഏറിവരികയാണ്. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്ന് ഡീനിന്റെ അമ്മ പറഞ്ഞു.
കൊലയാളിയായ ബ്രാൻഡൻ ലൂക്ക് സൈലൻസിനെ 10 വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ദൃശ്യങ്ങളിൽ ബ്രാൻഡൻ ഡീനിനെ പുറകിലൂടെ വന്ന് തലയ്ക്കടിച്ചു കൊല്ലുന്ന ദൃശ്യങ്ങളാണുള്ളത് . ഇങ്ങനെയുള്ള കൊലപാതകികൾക്ക് കഠിനമായ ശിക്ഷ നടപ്പിലാക്കണമെന്നുള്ള അഭിപ്രായ രൂപീകരണത്തിനായുള്ള ശ്രമത്തിലാണ് ഡീനിൻെറ കുടുംബം ഇപ്പോൾ. ഇതിനോട് അനുബന്ധിച്ചുള്ള നിവേദനത്തിൽ 18000 -ത്തിലധികം പേരാണ് ഒപ്പിട്ടിരിക്കുന്നത് .
ലണ്ടൻ : റിക്രൂട്ട്മെന്റും പലിശയിടപാടും ധനസമ്പാദനത്തിനുള്ള മാർഗമാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഫിലിപ്പിനോ നേഴ്സുമാർ ജയിലിലേക്ക്. കഴിഞ്ഞ 18 വര്‍ഷമായി അനധികൃത റിക്രൂട്‌മെന്റും പലിശയിടപാടും നടത്തിവന്ന ടൂറ്റിംഗ് എന്‍എച്ച്എസ് ഹോസ്പിറ്റലിലലെ മേട്രണും നേഴ്സുമാണ് പോലീസ് പിടിയിലായത്. മേട്രണ്‍ ആയ ലൂസ് വിര വില്ലാറ (65), നേഴ്‌സായ ലെറ്റീഷ്യ മണിപോല്‍ (69) എന്നിവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ വന്‍തുക കണ്ടെത്തിയതോടെ ഇരുവരും അറസ്റ്റിലായി. ഇരുവരും ചേർന്ന് നാല് മില്യൺ പൗണ്ടാണ് അനധികൃതമായി സമ്പാദിച്ചത്. പണം കൈമാറ്റം ചെയ്തതിന്റെ കണക്കുകള്‍ അടങ്ങിയ ലെഡ്ജറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കിങ്സ്റ്റന്‍ ക്രൗണ്‍ കോടതി വിധി പ്രകാരം വില്ലാറ 18 മാസവും മണിപോല്‍ 16 മാസവും ജയിൽശിക്ഷ അനുഭവിക്കണം.
ഫേസ്ബുക്ക് , വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകൾ ഇവർ തട്ടിപ്പിനായി ഉപയോഗിച്ചു. സമീപ നഗരങ്ങളില്‍ ഉള്ള നൂറുകണക്കിന് ഫിലിപ്പിനോ കുടുംബങ്ങള്‍ ഇവരുടെ തട്ടിപ്പിനിരയായി. പലിശയിടപാടിൽ മലയാളികളും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നു. 2003 ജൂലൈ മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ വില്ലാറ 2,741,865 പൗണ്ട് ലോണ്‍ ആയി നല്‍കിയെന്ന് കണ്ടെത്തി. പലിശയടക്കമുള്ള തുകയായി 2,841,233 പൗണ്ട് പലരില്‍ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് എത്തി.
പതിനൊന്നു വര്‍ഷമായി മണിപോൽ നടത്തിയ പണമിടപാടുകളില്‍ 1,462,502 പൗണ്ട് പലര്‍ക്കായി നല്‍കിയതായും 1,613,267 പൗണ്ട് തിരികെ ഇവരുടെ അക്കൗണ്ടുകളില്‍ എത്തിയതായും പോലീസ് കണ്ടെത്തി. മണിപോലിനെ ഗാട്വിക് എയര്‍പോര്‍ട്ടില്‍ വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
റിക്രൂട്ട്മെന്റ് തട്ടിപ്പുകളും പലിശ ഇടപാടുകളും മലയാളികളുടെ ഇടയിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കേസ് മലയാളി സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഒരു രാജ്യത്ത് കഴിയുമ്പോൾ അവിടുത്തെ നിയമം അനുസരിച്ച് ജീവിക്കേണ്ടതാണ്. പണം തട്ടിപ്പും പലിശയിടപാടുകളിലൂടെ ധനം സമ്പാദിക്കുന്നതും ഈ രാജ്യത്ത് ഗുരുതരമായ സാമ്പത്തിക കുറ്റമായാണ് കണക്കാക്കുന്നത്. നിയമസംവിധാനത്തിന്റെ കുരുക്കിൽ പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആദായ നികുതി റീഫണ്ടിലൂടെ ലഭിക്കേണ്ട തുകകളെപ്പറ്റി പല ജീവനക്കാർക്കും അറിവില്ലെന്ന് റിഫ്റ്റ് ടാക്സ് റീഫണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ യഥാര്‍ത്ഥ നികുതി ബാധ്യതയേക്കാള്‍ കൂടുതല്‍ നികുതി നിങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആദായനികുതി റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. നിർമ്മാണം, സുരക്ഷ, ഓഫ്‌ഷോർ ഓയിൽ, ഗ്യാസ്, സായുധ സേന തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ടാക്സ് റീഫണ്ടിന് അർഹതയുണ്ട്. റിഫ്റ്റ് ടാക്സ് റീഫണ്ടുകളിൽ നിന്നുള്ള ഡാറ്റാ പ്രകാരം, ഒരു പ്രാരംഭ നാല് വർഷ ക്ലെയിമിൽ അപേക്ഷകന് 2,500 പൗണ്ട് വരെ റീഫണ്ട് ആയി ലഭിക്കാം. അതിനുശേഷം പ്രതിവർഷം 929 പൗണ്ട് ക്ലെയിം ചെയ്യാം. നിർമ്മാണ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 1,698 പൗണ്ട് ശരാശരി റീഫണ്ടിന് അർഹതയുണ്ട്.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മാത്രമല്ല റീഫണ്ട് ലഭിക്കുക. നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് റീഫണ്ട് തുകയായി 1,244 പൗണ്ട് ലഭിക്കുമെന്ന് റിഫ്റ്റ് പറയുന്നു. സായുധ സേനയിൽ ജോലി ചെയ്യുന്നവർക്ക് 1,095 പൗണ്ട് നികുതി റീഫണ്ടിന് അർഹതയുണ്ട്. ഓഫ്‌ഷോർ ഓയിൽ, ഗ്യാസ് തൊഴിലാളികൾക്കും (£ 1,122), സെക്യൂരിറ്റിയിൽ ജോലി ചെയ്യുന്നവർക്കും (£ 959) നികുതി റീഫണ്ട് ലഭിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ട യൂനിസ് കൊടുങ്കാറ്റ് നാളെ യുകെയിൽ ആഞ്ഞടിക്കും. മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ ഈ വാരാന്ത്യത്തിൽ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ ആളുകൾക്ക് നിർദേശം നൽകി. വെള്ളിയാഴ്ച ശക്തമായ കാറ്റ് വീശിയടിക്കുന്നമെന്നതിനാൽ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നൽകിക്കഴിഞ്ഞു. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ഒപ്പം മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്.
നാളെ രാവിലെ ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അതിശക്തമായ കാറ്റ് വീശും. പിന്നീട് ഇത് വടക്ക് കിഴക്ക് പ്രദേശങ്ങളിലേക്ക് നീങ്ങും. കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ മിഡ്‌ലാൻഡ്‌സിലും വടക്കൻ വെയിൽസിലും മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതേസമയം ഇന്നും കൂടി വടക്കൻ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലൻഡ് , സ്കോട്ടിഷ് അതിർത്തി എന്നിവിടങ്ങളിൽ ഡഡ്‌ലി കൊടുങ്കാറ്റ് 90 മൈൽ വേഗതയിൽ ആഞ്ഞടിക്കും. ഇന്ന് രാവിലെ 9 മണി വരെയാണ് ഡഡ്‌ലി കൊടുങ്കാറ്റിനെക്കുറിച്ചുള്ള ആംബർ അലേർട്ട് വടക്കന്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലും നൽകിയിട്ടുള്ളത്.
യൂനിസ് കൊടുങ്കാറ്റ് തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും. കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടാവാനും മേൽക്കൂരകൾ പറന്നു പോകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടേക്കാം. തുടരെ തുടരെ ഉണ്ടാകുന്ന വലിയ കൊടുങ്കാറ്റുകൾ ബ്രിട്ടനിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സീസണിൽ ബ്രിട്ടനിൽ ആഞ്ഞടിക്കുന്ന നാലാമത്തെ കൊടുങ്കാറ്റാണ് യൂനിസ്. ജനുവരി അവസാനം മാലിക്, കോറി കൊടുങ്കാറ്റുകൾ രാജ്യത്ത് ആഞ്ഞടിച്ചിരുന്നു. ഈ കൊടുങ്കാറ്റുകളില്‍ സ്റ്റഫോര്‍ഡ്ഷയറിലും അബ്രിഡീനിലും മരം വീണ് രണ്ടുപേര്‍ മരിച്ചു. 2020-ൽ, സിയാറ കൊടുങ്കാറ്റ് സ്കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാണ് കടന്നുപോയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ 5 വയസ്സു മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ തീരുമാനമായി. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കുറഞ്ഞ ഡോസുള്ള വാക്സിൻ ആയിരിക്കും നൽകുന്നത്. കോവിഡ് ബാധിച്ച് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും ആ രീതിയിലുള്ള അപകടത്തേയും ഒഴിവാക്കുന്നതിന് പുതിയ തീരുമാനം സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്.
5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് മാതാപിതാക്കളുടെ താല്പര്യം അനുസരിച്ച് തീരുമാനിക്കാം എന്നുള്ള നയമായിരിക്കും ഗവൺമെൻറ് സ്വീകരിക്കുക എന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അതുപോലെതന്നെ കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പ് അടിയന്തര പ്രാധാന്യമില്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റു പ്രായക്കാരെ അപേക്ഷിച്ച് കോവിഡ് ബാധിച്ച് കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ അവർക്ക് വാക്സിൻ നൽകുന്നതിൻെറ ആവശ്യകത മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പല കുട്ടികളും ഇതിനോടകം തന്നെ വൈറസ് ബാധിച്ചുള്ള ആർജ്ജിത പ്രതിരോധശേഷി നേടിയിട്ടുണ്ടാകും. സ്കൂൾ അവധി ദിവസങ്ങളിലായിരിക്കും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുക. വാക്‌സിൻ സ്വീകരിക്കുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതിരിക്കാനാണ് ഈ നടപടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മലയാളി കൂടി വിടവാങ്ങി. ലണ്ടനിലെ ഹാംപ്ടൺ റോഡ് ഫോറസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ശിവപ്രസാദ് ശങ്കരൻ (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരണപ്പെട്ടത്. എറണാകുളം കോതമംഗലം സ്വദേശിയായ ശിവപ്രസാദ്, മൂത്തമകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ മകനും ഒപ്പമുണ്ടായിരുന്നു. തളർന്നു വീണ ഉടനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്താളിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സജിത്ത് കുമാറിന്റെ മരണം ഫെബ്രുവരി ആദ്യ വാരമായിരുന്നു. അടുത്തടുത്ത് ഉണ്ടായ മരണങ്ങളുടെ ഞെട്ടലിലാണ് മലയാളി സമൂഹം.
കോതമംഗലം പിടവൂർ പല്ലാരിമംഗലം പുൽപ്രപുത്രൻ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് ശിവപ്രസാദ്. ഭാര്യ സജിത, വാരപ്പെട്ടി എൻഎസ്എസ്എസ് ഹൈസ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്. 20 വയസ്സുള്ള മകൻ കാർത്തിക് ലണ്ടനിലെ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ്.
കോവിഡിനെ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ശിവപ്രസാദ്, ന്യൂഹാം ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു.
ശിവപ്രസാദ് ശങ്കരൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തന്റെ പേരിലുള്ള ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കി ആൻഡ്രൂ രാജകുമാരൻ. യുഎസ് കോടതിയിൽ ആൻഡ്രൂ രാജകുമാരനെതിരെ വിർജീനിയ ജിയുഫ്രെ കൊണ്ടുവന്ന ലൈംഗികാതിക്രമ കേസ് തീർപ്പാക്കിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇന്നലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കത്തിൽ ആൻഡ്രൂവും ജിയുഫ്രെയും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതായി പറയുന്നു. കേസ് പിൻവലിക്കാനായി ആൻഡ്രൂ രാജകുമാരൻ 12 മില്യൺ പൗണ്ട് നൽകും. യുഎസ് ജഡ് ജി ലൂയിസ് എ കപ്ലാന് അയച്ച കത്തിൽ, ജിയുഫ്രെയുടെ അഭിഭാഷകൻ ഡേവിഡ് ബോയ് സ് ആൻഡ്രൂ രാജകുമാരന്റെ അഭിഭാഷകരുമായി ഒത്തുതീർപ്പിലെത്തിയതായി അറിയിച്ചു.
ജിയുഫ്രെയ്ക്കും അവരുടെ ചാരിറ്റിക്കുമായി 12 മില്യൺ പൗണ്ട് നൽകുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ കരാറിൽ ആൻഡ്രൂവിന് നിയമപരമായ ബാധ്യത ഉണ്ടാവില്ല. എന്നാൽ വിർജീനിയ ജിയുഫ്രെ ഇരയായിരുന്നുവെന്ന് ആൻഡ്രൂ സമ്മതിക്കും. ഒപ്പം എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പശ്ചാത്താപം രേഖപ്പെടുത്തും. അതേസമയം, തന്റെ പേരിലുള്ള ലൈംഗികാതിക്രമ ആരോപണം ആൻഡ്രൂ വീണ്ടും നിഷേധിച്ചു.
തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വിർജീനിയ ജിയുഫ്രെ കോടതിയെ സമീപിച്ചിരുന്നു. വിർജീനിയയുടെ സിവിൽ സ്യുട്ടിനു ന്യൂയോർക്ക് കോടതി അനുമതി നൽകിയതിന് തൊട്ടു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങൾ കൊട്ടാരം നീക്കം ചെയ്തത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു സാധാരണ പൗരനെന്ന നിലയിൽ കേസ് വാദിക്കാമെന്നായിരുന്നെങ്കിലും ഇനി അത് വേണ്ടിവരില്ല. ഒപ്പം ജയിൽവാസം കൂടിയാണ് ഒഴിവാകുന്നത്.
യുഎസ് ഫിനാന്‍സറായ എപ്‌സ്റ്റൈൻ ഉള്‍പ്പെട്ട ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതോടെയാണ് ആന്‍ഡ്രൂ രാജകുമാരന്‍ പ്രതിരോധത്തിലായത്. രാജകുമാരന്‍റെ അടുത്ത സുഹൃത്താണ് എപ്‌സ്റ്റൈൻ. പതിനേഴ് വയസുള്ളപ്പോൾ എപ്‌സ്റ്റൈൻ തന്നെ രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കിയെന്ന വിർജീനിയയുടെ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായി. ലണ്ടനിലെ ഗിസ്‌ലെയ്‌ൻ മാക്‌സ്‌വെല്ലിന്റെ വീട്ടിലും ന്യൂയോർക്കിലെ എപ്‌സ്റ്റൈന്റെ മാളികയിലും യു.എസ് വിർജിൻ ഐലൻഡിലെ എപ്‌സ്റ്റൈന്റെ സ്വകാര്യ ദ്വീപിലും വെച്ച് ആൻഡ്രൂ രാജകുമാരൻ തന്നെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചതായി ജിയുഫ്രെ വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് രാജ്ഞിയെയും കൊട്ടാരത്തെയും സമ്മർദ്ദത്തിലാക്കിയ ഒരു കേസാണ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ഉക്രൈനിനുമേൽ റഷ്യയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അത്തരം ഒരു നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, നിർണായകമായ തീരുമാനങ്ങൾ യു എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിൽ അതിർത്തിയിൽ ഇപ്പോൾതന്നെ 150,000 ത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കുറച്ചധികം സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ നീക്കം സ്ഥിരീകരിക്കാനാവില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അത്തരത്തിൽ പിൻമാറ്റം ഉണ്ടെങ്കിൽ അത് സന്തോഷകരമായ വാർത്തയാണെന്നും, എന്നാൽ സൈനികർ പിന്മാറിയതായി സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക റഷ്യയുമായി നേരിട്ട് ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഉക്രൈനിന് ആവശ്യമെങ്കിൽ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു. എന്തു സാഹചര്യം ഉണ്ടായാലും നേരിടുവാൻ യുഎസും നാറ്റോ രാജ്യങ്ങളും സന്നദ്ധമാണെന്നും ബൈഡൻ തന്റെ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇനിയൊരു യുദ്ധം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന സൂചനയാണ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നൽകിയത്.
റഷ്യൻ സൈനികരുടെ പിൻമാറ്റത്തിന്റെ വാർത്തയോട് പ്രതീക്ഷയോടെയാണ് നാറ്റോയും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളോടെയുള്ള വിശദീകരണം ആവശ്യമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാറുന്ന ജീവിത രീതിയുടെയും ഭക്ഷണക്രമത്തിൻെറയും ഭാഗമായി ജീവിതശൈലി രോഗങ്ങൾ ആധുനികകാലത്ത് 50 വയസ്സിനു മുകളിലുള്ളവരുടെ പേടിസ്വപ്നമാണ്. വാർധക്യത്തിലെത്തുന്നവർക്ക് ഹൃദയസംബന്ധമായ ഗുരുതരപ്രശ്നങ്ങൾ സർവ്വ സാധാരണമായി കഴിഞ്ഞു. ജീവിതശൈലി രോഗങ്ങളെ ഭയപ്പെടുന്നവർക്ക് വളരെ ആശ്വാസ പ്രദമായ വാർത്തയാണ് ബ്രിട്ടനിൽ നിന്നുള്ള ഗവേഷകർ പങ്കുവയ്ക്കുന്നത്. 70 വയസിൽ വെറും 20 മിനിറ്റ് പതിവായി വ്യായാമം ചെയ്യുന്നത് ഹൃദ്രോഗസാധ്യത പകുതിയായി കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
70 നും 75 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ സ്ഥിരമായി ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യുന്നത് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 52 ശതമാനം കുറവാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ അപകടസാധ്യതയ്ക്ക് കുറവ് ഉണ്ടെങ്കിലും ഇത് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് അത് 8 ശതമാനം മാത്രമാണ്.
ബ്രിട്ടീഷ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഇതുവരെ വ്യായാമം ചെയ്യാത്ത വാർധക്യത്തിലെത്തിയവർ അതിന് തുടക്കം കുറിക്കാൻ തങ്ങളുടെ ഗവേഷണഫലങ്ങൾ പ്രചോദനം നൽകട്ടെ എന്ന് ഗവേഷകർ പറഞ്ഞു. 50 വയസിന് മുകളിലുള്ള ഏകദേശം 6000 ബ്രിട്ടീഷുകാരിലാണ് പഠനം നടത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലെസ്റ്റർഷെയർ : ലെസ്റ്റർഷെയറിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രമുഖ ടിക്ടോക് താരത്തിനും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. ഹാഷിം എന്നറിയപ്പെടുന്ന മുഹമ്മദ് ഹാഷിം ഇജാസുദ്ദീനും സാഖിബ് ഹുസൈനുമാണ് വെള്ളിയാഴ്ച പുലർച്ചെ 1:30 ന് എ 46-ൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മറ്റു രണ്ട് കാറുകൾ ഉണ്ടായിരുന്നു. അപകടത്തിന് മുമ്പ് കാറുകളെല്ലാം അമിത വേഗത്തില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ലെസ്റ്റർഷയർ പോലീസ് പറഞ്ഞു.
പ്രമുഖ ടിക്ടോക് താരം മഹെക് ബുഖാരി (22), അമ്മ അൻസ്‌രീൻ ബുഖാരി (45), ബിർമിങ്ഹാം സ്വദേശി നതാഷ അക്തർ (21) എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ടിക്ടോക്കിൽ 120,000-ലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 43,000 ഫോളോവേഴ്‌സുമുള്ള മഹെക് ബുഖാരി, ജനപ്രിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നുണ്ട്. മെയ് ബി വ്ലോഗ്‌സ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും സ്വന്തമായുണ്ട്.
സ്റ്റോക്ക്-ഓൺ-ട്രെന്റ് ആസ്ഥാനമായുള്ള സിറ്റി സെക്യൂരിറ്റി പ്ലസ് എന്ന സുരക്ഷാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് അമ്മയായ അൻസ്രീൻ ബുഖാരി. കുറ്റാരോപിതരായ മൂന്ന് സ്ത്രീകളെയും നാളെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും.