ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യ – യുക്രൈൻ സംഘർഷം ഒഴിവാക്കാനായി നയതന്ത്ര വഴികളിലൂടെ ശ്രമം തുടരുമെന്ന് ബോറിസ് ജോൺസും ജോ ബൈഡനും. റഷ്യ, യുക്രൈൻ ആക്രമിക്കുമെന്ന ആശങ്കകൾക്കിടെ ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ ഫോണിൽ സംസാരിച്ചു. 40 മിനിറ്റോളം ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചു. റഷ്യൻ അധിനിവേശ മുന്നറിയിപ്പുകൾക്കിടയിലും ഒരു കരാർ ഇപ്പോഴും സാധ്യമാണെന്ന് ജോ ബൈഡനും ബോറിസ് ജോൺസണും സമ്മതിച്ചു. പ്രതീക്ഷകൾ ഇപ്പോഴുമുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു. എന്നാൽ, പുടിന്റെ സൈന്യം ഏത് നിമിഷവും യുക്രൈനിലേക്ക് ഇരച്ചുകയറുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഒരാക്രമണം തടയാൻ 48 മണിക്കൂറിൽ താഴെ സമയം മാത്രമേ ഉള്ളെന്നും ബോറിസ് ജോൺസൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിൽ റഷ്യൻ ഗ്യാസ് ഇറക്കുമതിയെ ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ജോൺസൻ കുറ്റപ്പെടുത്തി. പ്രകൃതി വാതകത്തിനായി റഷ്യയെ കൂടുതലായി ആശ്രയിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. റഷ്യൻ സൈനിക ശക്തിയുടെ 60 ശതമാനത്തോളം ഇപ്പോഴും യുക്രൈൻ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, കൈവിലെ യുഎസ് എംബസി പൂർണമായും ഒഴിപ്പിച്ച് പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റി സ്ഥാപിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. നാറ്റോ എയർ പട്രോളിംഗിൽ പങ്കെടുക്കാൻ എട്ട് എഫ് -15 യുദ്ധവിമാനങ്ങൾ കൂടി യുഎസ് പോളണ്ടിലേക്ക് അയച്ചു. മേഖലയിൽ നാറ്റോ സൈനിക ശക്തി വർധിപ്പിക്കുന്നതിനായി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 3,000 സൈനികരെ കൂടി പോളണ്ടിലേക്ക് അയക്കുമെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ എല്ലാ ദിവസവും കുറഞ്ഞത് രണ്ട് എൻഎച്ച്എസ് സ്റ്റാഫുകളെങ്കിലും രോഗികളുടെ മെഡിക്കൽ റെക്കോർഡുകൾ ദുരുപയോഗം ചെയ്തതിന് നടപടി നേരിട്ടതായി പുതിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്യൂട്ട് ആൻഡ് മെന്റൽ ഹെൽത്ത് ട്രസ്റ്റുകളിലെ എൻ എച്ച് എസ് സ്റ്റാഫുകൾക്കിടയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 652 തവണയാണ് ഇത്തരത്തിൽ റെക്കോർഡുകൾ ദുരുപയോഗം ചെയ്തതിന് നടപടി ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പംതന്നെ സ്റ്റാഫുകൾ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയൽക്കാരുടെയുമെല്ലാം മെഡിക്കൽ റിപ്പോർട്ടുകൾ അനുവാദമില്ലാതെ പരിശോധിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പല സെലിബ്രിറ്റികളുടെയും മെഡിക്കൽ റിപ്പോർട്ടുകൾ എൻഎച്ച് എസ് സ്റ്റാഫുകൾ പരിശോധിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റലിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ 2017 മുതൽ 2018 വരെയുള്ള കാലഘട്ടത്തിനിടയിൽ 28 സ്റ്റാഫുകൾക്കാണ് നടപടി നേരിട്ടിരിക്കുന്നത്. ഈസ്റ്റ് സഫോക്കിലെയും, നോർത്ത് എസ്സെക്സിലെയും ഫൗണ്ടേഷൻ ട്രസ്റ്റുകളാണ് ഇത്തരം കേസുകളിൽ രണ്ടാമത് നിൽക്കുന്നത്. ഇവിടെ ഇതേ കാലഘട്ടത്തിൽ 19 സ്റ്റാഫുകളാണ് നടപടി നേരിട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രോഗികളുടെ ആരോഗ്യ വിവരങ്ങളും മറ്റും രഹസ്യമായി സൂക്ഷിക്കണം എന്നുള്ളത് എൻ എച്ച് എസിന്റെ കടമയാണെന്നും, ഇതിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശക്തമായ നടപടികളാണ് ഉണ്ടാകുന്നതെന്നും ഈസ്റ്റ് സഫോക് & നോർത്ത് എസെക്‌സ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് മേധാവി ഡോക്ടർ മാർട്ടിൻ മാൻസ് ഫീൽഡ് വ്യക്തമാക്കി. മെയിൽ ഓൺലൈൻ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ എല്ലാം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇത്തരം കേസുകളിൽ 14 ശതമാനം മാത്രമാണ് ഡോക്ടർമാരും ഡെന്റിസ്റ്റുകളും മറ്റും ഉൾപ്പെടുന്നത്. 86 ശതമാനം കേസുകളിലും നോൺ- മെഡിക്കൽ സ്റ്റാഫുകളായ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ, നേഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
നിരവധി സെലിബ്രിറ്റികളുടെ വിവരങ്ങളും ഇത്തരത്തിൽ സ്റ്റാഫുകൾ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ. 2017 ഒക്ടോബറിൽ ഇപ്‌സ്‌വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ എഡ് ഷീരന്റെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയതായാണ് റിപ്പോർട്ട്. ഇതോടൊപ്പംതന്നെ 2018 മെയ് മാസത്തിൽ സാൽഫോഡ് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സർ അലക്സ് ഫെർഗുസന്റെയും വിവരങ്ങൾ എൻഎച്ച്എസ് സ്റ്റാഫുകൾ പരിശോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകൾ ഉണ്ടാകാതെ നോക്കേണ്ടത് എൻ എച്ച് എസിന്റെ ചുമതലയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ പെട്രോളിൻെറയും ഡീസലിൻെറയും വില കുതിച്ചുയർന്നത് യുകെ മലയാളികളുടെ ജീവിത ചിലവ് അനിയന്ത്രിതമായി ഉയരാൻ കാരണമാകും. നിലവിൽ ബ്രിട്ടനിലെ പെട്രോളിൻെറയും ഡീസലിൻെറയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 148.02 പെൻസ് ആയി ഉയർന്നിരുന്നു. ഇതിനു മുമ്പ് 2021 നവംബറിൽ പെട്രോളിൻെറ വില 147.7 2 പെൻസിൽ എത്തിയതായിരുന്നു ഏറ്റവും കൂടിയ വില. ഡീസലിൻെറ വിലവർദ്ധിച്ച് ലിറ്ററിന് 151.57 പെൻസ് ആയത് ചരക്ക് ഗതാഗതത്തിൻെറ ചിലവിൽ വർദ്ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
ഇന്നലെ ക്രൂഡ് ഓയിൽ വില ബാരലിന് 95.4 0 ഡോളറിലേയ്ക്ക് (70 .59 പൗണ്ട്) കുതിച്ചുയർന്നതാണ് ഇന്ധനവില ഉയരാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റഷ്യ ഉക്രയിൻ സംഘർഷമാണ് പ്രധാനമായും ക്രൂഡ് ഓയിൽ വില വർദ്ധനവിലേയ്ക്ക് നയിച്ചത്. റഷ്യ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ്. കോവിഡ് മൂലം എണ്ണയുടെ ഉൽപാദനം പൊതുവിൽ കുറഞ്ഞതും ക്രൂഡോയിൽ വിലവർധനവിന് മറ്റൊരു കാരണമാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആരോഗ്യ സംവിധാനത്തിലുടനീളം വംശീയ അസമത്വം നിലനിൽക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ വർഷങ്ങളായി കറുത്ത വർഗക്കാർക്കും ഏഷ്യൻ, ന്യൂനപക്ഷ വംശജർക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് എൻ എച്ച് എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററിയുടെ അവലോകനത്തിൽ കണ്ടെത്തി. വംശീയത, വംശീയ വിവേചനം, ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിലുള്ള തടസ്സങ്ങൾ എന്നിവ പ്രധാന പ്രശ്നങ്ങളാണ്. വംശീയ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ അസമത്വങ്ങളുടെ തോത് ഇതാദ്യമായാണ് ഒരു പഠനത്തിലൂടെ വ്യക്തമാകുന്നത്. 166 പേജുള്ള പഠന റിപ്പോർട്ട് പൂർണമായി ഈ ആഴ്ച പ്രസിദ്ധീകരിക്കും.
മാനസികാരോഗ്യം മുതൽ പ്രസവ പരിപാലനം വരെയുള്ള മേഖലയിൽ ഈ അസമത്വം പ്രകടമാണ്. ആരോഗ്യസംരക്ഷണ സംവിധാനത്തിലെ വംശീയ അസമത്വത്തിൽ സമൂലമായ നടപടിയെടുക്കാൻ എത്രയും വേഗം തയ്യാറാകണമെന്ന് എൻഎച്ച്എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററി ഡയറക്ടർ ഹബീബ് നഖ് വി പറഞ്ഞു. കോവിഡ് തീവ്ര വ്യാപന ഘട്ടത്തിൽ ഈ അസമത്വം കൂടുതൽ പ്രകടമായി. ന്യൂനപക്ഷ വംശജരോടുള്ള എൻ എച്ച് എസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം, നവജാത ശിശുക്കളുടെയും അമ്മയുടെയും ആരോഗ്യ സംരക്ഷണത്തിലുണ്ടായ വീഴ്ച, ജനിതക പരിശോധനയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, കൃത്യമായ വിവര ശേഖരണത്തിലുള്ള പിഴവ് എന്നിവയും പ്രധാന പ്രശ്നങ്ങളാണ്.
മാനസികാരോഗ്യ സംരക്ഷണത്തിൽ ഏറ്റവും വലിയ അസമത്വം പ്രകടമാണ്. വെളുത്ത വർഗ്ഗക്കാരെ അപേക്ഷിച്ച് സൈക്കോളജിക്കൽ തെറാപ്പിസ് പ്രോഗ്രാമിലേക്ക് റഫർ ചെയ്യപ്പെട്ട വംശീയ ന്യൂനപക്ഷ രോഗികളുടെ എണ്ണം കുറവാണ്. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ്, യൂണിവേഴ്സിറ്റി ഓഫ് സസെക്സ് എന്നിവരുമായി ചേർന്നാണ് പഠനം പൂർത്തിയാക്കിയത്. നിർണായക മാറ്റത്തിനുള്ള സമയമാണിതെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഡോ. ധർമി കപാഡിയ ട്വിറ്ററിൽ കുറിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ കോവിഡ് കാലത്ത് മാമ്മോഗ്രാം പോലുള്ള ടെസ്റ്റുകൾ ചെയ്യുന്നതിന് ഉണ്ടായ കാലതാമസം മൂലം എഴുനൂറോളം പേർ ബ്രെസ്റ്റ് ക്യാൻസർ വന്ന് മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ടെസ്റ്റുകളും മറ്റും ചെയ്യുവാൻ സാധിക്കാതെ രോഗം കണ്ടുപിടിക്കാതെ പോയവരും അനേകരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രമമായുള്ള ചെക്കപ്പുകളും മറ്റും വളരെ മാസങ്ങൾ ഭൂരിഭാഗം രോഗികൾക്കും നീണ്ടുപോയി. ജൂലൈ 2020 മുതൽ 2021 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ യു കെ യിൽ മാത്രം 1.5 മില്യൺ സ്ത്രീകൾക്കാണ് മമ്മോഗ്രാം ടെസ്റ്റ് ഏഴ് മാസം വരെ നീണ്ടു പോയത്. ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി, ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനങ്ങൾ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ രോഗലക്ഷണങ്ങൾ ഉള്ള നിരവധി പേർക്കും ടെസ്റ്റുകൾ നടത്തുവാൻ സാധിച്ചിരുന്നില്ല. ഇത് രോഗം മൂർച്ഛിച്ച ഘട്ടത്തിൽ മാത്രമാണ് ചികിത്സ ലഭ്യമാക്കുന്നതിന് ഇത്തരം രോഗികളെ ഇടയാക്കിയത്.
ഗവൺമെന്റ് ഭാഗത്തുനിന്നും എൻ എച്ച് എസ് സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിൽ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം പ്രമുഖ ക്യാൻസർ ചാരിറ്റി അസോസിയേഷനുകൾ നടത്തിയിട്ടുണ്ട്. പഠനറിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ തികച്ചും വേദനാജനകമാണെന്ന് ” “ബ്രസ്റ്റ് കാൻസർ നൗ ” ചീഫ് എക്സിക്യൂട്ടീവ് ബറോനെസ്സ് മോർഗൻ വ്യക്തമാക്കി. എൻ എച്ച് എസിൽ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുട്ടികളെ പീഡിപ്പിച്ച കേസിൽ എൻഎച്ച്എസ് ഡോക്ടർ അറസ്റ്റിൽ. പീഡനത്തിനിരയായ ഒൻപത് കുട്ടികളെ തിരിച്ചറിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എ ആൻഡ് ഇ ക്ലിനിക്കായി ജോലി ചെയ്യുന്നതിനിടെ 2018 -ലാണ് ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ഇതിനെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അന്വേഷണം ആരംഭിച്ച പോലീസ്, തെളിവുകളുടെ അഭാവത്തിൽ ഡോക്ടറെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ ഡിസംബറിൽ, വെസ്റ്റ് മിഡ്‌സിലെ ഡഡ്‌ലിയിലെ റസ്സൽസ് ഹാൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹം പോലീസ് പിടിയിലായി. ഏഴും പതിനഞ്ചും വയസുള്ള കുട്ടികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിനെ തുടർന്ന് പീഡനത്തിനിരയായ ഒൻപത് കുട്ടികളെ തിരിച്ചറിഞ്ഞ സ്റ്റാഫോർഡ്ഷയർ പോലീസ്, ഓപ്പറേഷൻ അൻസു എന്ന പേരിൽ അന്വേഷണം പുനരാരംഭിച്ചു. 2020 ഓഗസ്റ്റിനും 2021 മാർച്ചിനും ഇടയിൽ രണ്ട് ആശുപത്രികളിലെയും എ&ഇ വിഭാഗങ്ങളിലും റസ്സൽസ് ഹാളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലും ജോലി ചെയ്യുന്നതിനിടയിൽ 800-ലധികം രോഗികളെ ഇദ്ദേഹം പരിശോധിച്ചു. ഇതിൽ 350-ലധികം കുട്ടികളുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ജനറൽ മെഡിക്കൽ കൗൺസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.
കുട്ടികളുടെ ക്ലിനിക്കൽ റെക്കോർഡുകൾ പോലീസ് പരിശോധിക്കുകയാണ്. ഡോക്‌ടർ ചികിത്സിച്ച രോഗികളുടെ മെഡിക്കൽ റെക്കോർഡുകളുടെ വിദഗ്ധ പരിശോധനയും നടക്കുന്നു. തന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളും നിരസിക്കുന്നതായി പ്രതി അറിയിച്ചു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾക്ക് ഇന്നു മുതൽ നാട്ടിൽ പോകാൻ പിസിആർ ടെസ്റ്റിൻെറ ആവശ്യമില്ല . യുകെ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്‌റ്റും ക്വാറന്റീനും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗനിർദശങ്ങൾ ഇന്ന് നിലവിൽ വന്നു. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഇളവുകൾ ബാധകമാണ് . . യുഎസ്എ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, സ്പെയിൻ, സിംഗപ്പൂർ, ന്യൂസിലൻഡ്, മെക്സിക്കോ, മാലിദ്വീപ്, മലേഷ്യ, അയർലൻഡ്, ഫിൻലൻഡ്, ഹോങ്ങ്കോങ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടും.
ഇന്ന് മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്. ഇനി മുതൽ 2 ഡോസ് വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം . നേരത്തെ യാത്രയ്ക്ക് 72 മണിക്കൂറിനു മുൻപ് എടുത്ത ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഭക്ഷണ അലർജിയെതുടർന്ന് തന്നെ അമേരിക്കൻ എയർലൈൻസിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് യുവതി. ഇലക്ട്രിക്കൽ എഞ്ചിനീയറായ സോഫി ഡ്രേപ്പറാണ് (26) എയർലൈൻസിനെതിരെ കടുത്ത ആരോപണവുമായി രംഗതെത്തിയത്. ഡിസംബറിൽ ഹീത്രൂവിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ സോഫി, തനിക്ക് നട്ട് അലർജി (Nut Allergy) ഉണ്ടെന്നും അതിനാൽ വിമാനത്തിൽ അത് നൽകരുതെന്നും അഭ്യർത്ഥിച്ചു. എന്നാൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഇത് അംഗീകരിച്ചില്ലെന്നും തന്നെ പരിഹസിച്ചതായും സോഫി വെളിപ്പെടുത്തി. എയർലൈൻസ് ജീവനക്കാർ തന്നോട് വിവേചനം കാണിച്ചെന്നും കാമുകനോടൊപ്പം വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നും അവൾ ആരോപിച്ചു.
ബിസിനസ് ക്ലാസിൽ മിക്സഡ് നട്ട്സ് വിളമ്പാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അമേരിക്കൻ എയർലൈൻസ് ജീവനക്കാർ തന്നോട് പറഞ്ഞതായി ഡർഹാം യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി ഗവേഷക കൂടിയായ സോഫി വെളിപ്പെടുത്തി. ഭക്ഷണ അലർജിയുള്ളവരെ അപകടത്തിലാക്കുന്ന എയർലൈൻ ആണിതെന്ന് സോഫി ട്വിറ്ററിൽ കുറിച്ചു. ഫ്ലൈറ്റിന്റെ ക്യാബിൻ ക്രൂ തലവനോട് സോഫി ആശങ്ക പങ്കുവെച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, സോഫിയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ തങ്ങൾ ക്ഷമ ചോദിക്കുന്നതായി അമേരിക്കൻ എയർലൈൻസിന്റെ വക്താവ് പറഞ്ഞു. അലർജിയുള്ള എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിനു മുമ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കമ്പനി അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ആളുകൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അതുവഴി ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനാകുമെന്നും എൻഎച്ച്എസ്. വിയർപ്പ്, നെഞ്ച് വേദന തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും അവ അനുഭവപ്പെടുകയാണെങ്കിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഇംഗ്ലണ്ടിൽ ഓരോ വർഷവും ഹൃദയാഘാതം മൂലം 80,000-ത്തിലധികം പേരാണ് ആശുപത്രിയിൽ എത്തുന്നത്. ഹൃദയാഘാതമുണ്ടാകുന്ന ആളുകളുടെ അതിജീവന നിരക്ക് 10 ൽ ഏഴാണ്. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ തേടുന്നവരിൽ അതിജീവന നിരക്ക് 10ൽ 9 ആണ്.
2,000 പേരുടെ അഭിപ്രായ വോട്ടെടുപ്പിൽ, 41% പേർ ശരീരം വിയർക്കുന്നത് പ്രാരംഭ ലക്ഷണമാണെന്ന് പറഞ്ഞു. നെഞ്ചിന്റെ ഒത്ത നടുക്ക് ഭാരം കയറ്റിവച്ചതുപോലെയോ അല്ലെങ്കിൽ എന്തോ കെട്ടിനിൽക്കുന്നതുപോലെയോ ഉള്ള അനുഭവം ഉണ്ടാകും. ഈ നെഞ്ചുവേദന നെഞ്ചിന്റെ നടുക്കല്ലാതെ തൊണ്ടയുടെ കുഴിയുടെ ഭാഗത്തേക്കോ പുറത്തേക്കോ ഇടതുകയ്യുടെ വശത്തേക്കോ പടരാം. ഇതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ സുപ്രധാന ലക്ഷണങ്ങൾ ആളുകൾ തിരിച്ചറിഞ്ഞാൽ ആയിരക്കണക്കിന് മരണങ്ങൾ നേരത്തെയുള്ള ചികിത്സയിലൂടെ തടയാനാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു.
നെഞ്ചുവേദനയോടൊപ്പമുള്ള വിയർപ്പ് ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതുകൂടാതെ തളർച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. അമിതമായ ഉത്കണ്ഠ, ചുമ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളാണ്. എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലായ് പ്പോഴും ഉണ്ടാകണമെന്നില്ല. ഹൃദയാഘാതവുമായി ബന്ധപ്പെട്ട് എൻ എച്ച് എസ് നടത്തുന്ന ക്യാമ്പെയ്‌ൻ നാളെ ആരംഭിക്കും. മാർച്ച് 31ന് അവസാനിക്കും. പെട്ടെന്നുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം ഹൃദയസ്തംഭനത്തിന് കാരണമാകാമെന്നതുകൊണ്ട് പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രധാനമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതിന് യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ രാമപുരം സ്വദേശി 24 വയസ്സുകാരനായ വിദ്യാർത്ഥിയാണ് പിടിയിലായത്. ആദ്യ വാർത്തകൾ പാലാ രാമപുരം സ്വദേശി എന്നായിരുന്നു.
കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൻെറ ഭാഗമായി ചൈൽഡ് പ്രൊട്ടക്ഷൻ ഫോഴ്സും പോലീസും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടിച്ചത്. സ്റ്റിങ് ഓപ്പറേഷൻെറ ഭാഗമായി 14 വയസ്സുകാരിയുടെ വ്യാജ പ്രൊഫൈൽ നിർമ്മിച്ചായിരുന്നു യുവാവിനെ കുടുക്കിയത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ വിദ്യാർത്ഥിയെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു .
സ്റ്റുഡന്റ് വിസ നയത്തിൽ ഇളവു വന്നതിനെ തുടർന്ന് ഒട്ടേറെ മലയാളികളാണ് ഉന്നതപഠനത്തിനായി യുകെയിൽ എത്തിച്ചേരുന്നത് . അറസ്റ്റിലായ യുവാവ് നിലവിൽ ഹെർട്ഫോർഡ്ഷെയറിൽ വിദ്യാർത്ഥിയാണ്. ലൂട്ടണിൽ താമസിക്കുന്ന യുവാവ് പെൺകുട്ടിയെ കാണാൻ രണ്ടുമണിക്കൂറോളം ദൂരെയുള്ള ഹെമൽ ഹെംസ്റ്റഡിൽ എത്തി ചേർന്നപ്പോഴാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി ക്ഷമാപണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന് അറസ്റ്റിലാകുകയായിരുന്നു.