ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് :- കുട്ടികളെ അടിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ് വെയിൽസ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേയ്ക്കുള്ള ഏറ്റവും ഉറച്ച ചുവടുവെപ്പായാണ് മനുഷ്യാവകാശപ്രവർത്തകർ ഈ തീരുമാനത്തെ വിലയിരുത്തിയത്. ഈ നിയമ പ്രകാരം കുട്ടികളെ ഏതൊരു തരത്തിലുള്ള ശിക്ഷ ഏൽപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടും . കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്ന് വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രയ്ക്ഫോർഡ് വിലയിരുത്തി. സ്കോട്ട്‌ലൻഡിൽ 2020 നവംബറിൽ തന്നെ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റകൃത്യമാക്കുന്ന നിയമം കൊണ്ടുവന്നിരുന്നു.

കുട്ടികൾക്കു നേരെയുള്ള ഏത് ശാരീരിക അതിക്രമവും തടയാനാണ് ഈ നിയമം എന്ന് അധികൃതർ വ്യക്തമാക്കി. മാതാപിതാക്കൾക്കും കുട്ടികളെ സംരക്ഷിക്കുന്നവർക്കും ഒരുപോലെ ഈ നിയമം ബാധകമാകും. മുൻപ് തന്നെ വെയിൽസിൽ കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, ഇത് ഒരു കുറ്റകൃത്യമാണെന്ന് പുതിയ നിയമം കൃത്യമായി വിലയിരുത്തുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ വിവിധ രാജ്യങ്ങളിലായി നടത്തിയ പഠനങ്ങളിൽ 250 മില്യൺ കുട്ടികളോളം ഇത്തരത്തിൽ അതിക്രമങ്ങൾക്കിരയാകുന്നുണ്ടെന്ന് കണ്ടെത്തി. കുട്ടികളെ ശിക്ഷിക്കുന്നത് നന്മയെക്കാൾ ഉപരി ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് എല്ലാവരും ഒരുപോലെ വിലയിരുത്തുന്നത്. വെയിൽസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് വിവിധ മന്ത്രിമാർ വിലയിരുത്തി.
ഒരു യാത്രക്കാരി യുവതി അക്രമാസക്തയായത് മൂലം മാഞ്ചസ്റ്ററിൽ നിന്നും തുർക്കിക്കുള്ള ജെറ്റ് 2 ഫ്ലൈറ്റ് വഴിതിരിച്ചുവിട്ടു . വിമാനം ലക്ഷ്യസ്ഥാനത്തിൽ നിന്ന് 1500 മൈൽ അകലെയുള്ള വിയന്നയിലേക്ക് വഴി തിരിച്ചുവിടാനാണ് പൈലറ്റ് നിർബന്ധിതനായത്. യുവതി നിയന്ത്രണം വിട്ട് മറ്റുള്ള യാത്രക്കാരെ ആക്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം.

തിങ്കളാഴ്ച രാവിലെ 9. 15 ന് മാഞ്ചസ്റ്ററിൽ നിന്ന് തുർക്കിയിലെ അന്റാലിയയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെയും യുവതി ഒരു യാത്രക്കാരനെ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ വിസമ്മതിച്ചു . പ്രശ്നം സൃഷ്ടിച്ച യാത്രക്കാരിയെ വിയന്നയിൽ ഇറക്കിയതിനുശേഷം ഫ്ലൈറ്റ് അന്റാലിയയിലെത്തിയത് ഷെഡ്യൂൾ ചെയ്തതിനേക്കാൾ വളരെയേറെ വൈകിയാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജയിൽവാസത്തിനും വീട്ടുതടങ്കലിനും ശേഷം യുകെയിലേക്ക് മടങ്ങിയെത്തിയ ബ്രിട്ടീഷ് ഇറാനിയൻ സന്നദ്ധപ്രവർത്തക നസാനിൻ സാഘരി-റാറ്റ്ക്ലിഫ് തൻെറ മോചനം നീണ്ടു പോയതിൽ യുകെ സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഇപ്പോൾ സംഭവിച്ചത് 6 വർഷങ്ങൾക്ക് മുമ്പ് സംഭവിക്കേണ്ടതായിരുന്നു എന്നാണ് മോചനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച് അവർ പറഞ്ഞത്. 7 വയസ്സുള്ള തൻറെ മകളുമൊത്തുള്ള ജീവിതം ഇത്രയുംകാലം തനിക്ക് നഷ്ടമായതായി അവർ പറഞ്ഞു. തൻെറ മോചനത്തിനായി പ്രചാരണം നടത്തിയ ഭർത്താവ് റിച്ചാർഡിനും ലണ്ടനിലെ എംപിയായ തുലിപ് സിദ്ദിഖിനുമൊപ്പമാണ് നസാനിൻ മാധ്യമപ്രവർത്തകരെ കണ്ടത്.

നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്. നസാനിൻ ഉൾപ്പെടെ രണ്ട് ബ്രിട്ടീഷ്-ഇറാൻ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.

നസാനിനൊപ്പം ജയിലിലായിരുന്ന അനൂഷെ അഷൂരിയെയും വിട്ടയച്ചതായി ഇറാൻ ജുഡീഷ്യറി വക്താവ് പറഞ്ഞു. 2016ൽ കുടുംബത്തെ കാണാൻ ഇളയ മകളോടൊപ്പം ഇറാനിലെത്തിയ നസാനിനെ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. 2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും ബി.ബി.സി പേർഷ്യന് അഭിമുഖം നൽകിയതും രാജ്യത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ അറസ്റ്റ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പാർട്ടിഗേറ്റ് വിവാദം, ടോറി പാർട്ടിയിലുള്ള തന്റെ വിശ്വാസത്തെ തകർത്തുവെന്ന് ചാൻസലർ റിഷി സുനക്. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടായെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, പാർട്ടിഗേറ്റുമായി ബന്ധപ്പെട്ട് നിശ്ചിത പെനാൽറ്റി നോട്ടീസ് ലഭിച്ചാൽ രാജിവെക്കുമോയെന്ന് പറയാൻ സുനക് തയ്യാറായില്ല. പോലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ ഇടക്കാല സാമ്പത്തിക പ്രഖ്യാപനം ബുധനാഴ്ച നടക്കും. ജീവിതചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ നികുതിയിളവ് പ്രതീക്ഷിച്ചുകൊണ്ടാണ് ജനങ്ങൾ ഇടക്കാല ബജറ്റിലേക്ക് ഉറ്റുനോക്കുന്നത്. ജനപ്രതിനിധി സഭയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുന്ന റിഷി സുനക്, ജീവിതചെലവുകള്‍ ചുരുക്കാൻ മാർഗമൊരുക്കുമെന്ന് പറഞ്ഞു.
പദ്ധതികൾ പൂർണമായി രൂപപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ധന ഡ്യുട്ടിയിലും വരുമാന നികുതിയിലും കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് എണ്ണ വില കുതിച്ചുയർന്നത്. അതിനിടെ, നാഷണൽ ഇൻഷുറൻസിലെ 1.25 ശതമാനം വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി രംഗത്തെത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ടെസ്കോ സൂപ്പർ മാർക്കറ്റിൽ നിന്നും ട്രോളിയിൽ നിറയെ കുക്കിംഗ് ഓയിൽ വാങ്ങി തന്റെ കാറിൽ നിറയ്ക്കുന്ന കസ്റ്റമറുടെ വീഡിയോ ദൃശ്യമാണ് ഇപ്പോൾ ബ്രിട്ടണിൽ വൈറലായിരിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം. സൂപ്പർ മാർക്കറ്റിൽ എത്തിയ മറ്റൊരു കസ്റ്റമറായ മാർക്ക് റെയിൻഫോർഡാണ് ഈ ദൃശ്യം പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇന്ധനവില എവിടെയെത്തി നിൽക്കുന്നു എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. പലപ്പോഴും കാണുമ്പോൾ പരിഹാസകരമായി തോന്നുമെങ്കിലും, ജനങ്ങളുടെ അവസ്ഥ പ്രതിസന്ധിയിലാണെന്ന് പോസ്റ്റ് ചെയ്ത മാർക്ക് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഡീസൽ വില റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഡീസൽ വില നിലവിൽ ഒരു ലിറ്ററിന് 1.76 പൗണ്ടും പെട്രോളിന് 1.64 പൗണ്ടുമാണ് ഉള്ളത്.

ഈ പ്രവർത്തി മൂലം വാഹനത്തിന്റെ എഞ്ചിന് ഉണ്ടാകാവുന്ന തകരാറുകളെ സംബന്ധിച്ചും വീഡിയോയ്ക്ക് പുറകെ ചർച്ചയായിരുന്നു. വെജിറ്റബിൾ ഓയിലിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാൻ സാധ്യമാണെങ്കിലും, നേരിട്ട് കുക്കിംഗ് ഓയിൽ വാഹനത്തിലേക്ക് ഒഴിക്കുന്നത് എഞ്ചിന് തകരാർ ആണെന്നാണ് വാഹന കമ്പനികൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
15 വയസ് മാത്രം പ്രായമുള്ള കറുത്ത വർഗ്ഗക്കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. രോഷാകുലരായ പ്രകടനക്കാർ ഹാക്ക്‌നി ടൗൺ ഹാളിന് പുറത്താണ് തടിച്ചുകൂടിയത് . 1000 ത്തിനും 1500 നും ഇടയിൽ ആളുകൾ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ഫുട്ബോൾ താരം ഇയാൻ റൈറ്റ്, ടിവി താരം റോഷെൽ ഹ്യൂംസ്, ലിറ്റിൽ മിക്‌സിന്റെ ലീ-ആൻ പിനോക്ക് എന്നിവരും സംഭവത്തിൽ വംശീയത ആരോപിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കേസാണിതെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ സംഭവത്തെക്കുറിച്ചു പറഞ്ഞത് .

പെൺകുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് ഉണ്ടെന്ന സംശയിച്ച അധ്യാപകർ പോലീസിനെ വിളിക്കുകയായിരുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി. ആർത്തവമാണെന്ന് അറിഞ്ഞിട്ടും സാനിറ്ററി ടവൽ അഴിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, പരിശോധനയിൽ യാതൊന്നും ലഭിക്കാത്തതിനാൽ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതൊരു വംശീയ അതിക്രമം ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. “അവൾ കറുത്തവളല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.” അവർ പറഞ്ഞു.

2020 അവസാനമാണ് ഇത് നടന്നതെന്ന് ലോക്കൽ ചൈൽഡ് സേഫ്ഗാർഡിംഗ് പ്രാക്ടീസ് റിവ്യൂവിൽ പറയുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സ്കോട്ട്ലൻഡ് യാർഡ് രംഗത്തെത്തി. പരിശോധന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിന്റെ പുതിയ തരംഗത്തെ ചെറുക്കുന്നതിന് ജാഗ്രതയോടെയുള്ള നീക്കം ബ്രിട്ടൻ ആരംഭിച്ചു. നാളെ മുതൽ ഇംഗ്ലണ്ടിലെ പ്രായമായവർക്കും ദുർബലർക്കും സ്പ്രിങ് ബൂസ്റ്റർ ജാബ് കൊടുത്തു തുടങ്ങും. ഏകദേശം 600,000 ആളുകൾക്ക് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

75 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും കെയർ ഹോം അന്തേവാസികൾക്കും 12 വയസിന് മുകളിലുള്ള ഏറ്റവും ദുർബലരായവർക്കും ആണ് സ്പ്രിങ് ബൂസ്റ്റർ ആദ്യഘട്ടത്തിൽ ലഭിക്കുന്നത് . യുകെയിൽ ഉടനീളം രോഗവ്യാപനം വർധിക്കുന്നതിന്റെ കണക്കുകൾ കഴിഞ്ഞ ആഴ്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടിരുന്നു. 20 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചതായുള്ള കണക്കുകൾ കടുത്ത ആശങ്കയാണ് ഉണർത്തിയത്. ബൂസ്റ്റർ ഡോസ് നൽകാനായി എൻഎച്ച്എസ് ബന്ധപ്പെട്ടാൽ മുന്നോട്ടുവരണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്കോട്ലൻഡും വെയിൽസും സ്പ്രിങ് ബൂസ്റ്റർ നൽകുന്ന നടപടി നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. നോർത്തേൺ അയർലൻഡിൽ എന്ന് തൊട്ട് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് വ്യക്തത വന്നിട്ടില്ല . എന്നിരുന്നാലും ഈ വസന്തകാലത്ത് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടി നോർത്തേൺ അയർലൻഡിലും ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്ൻകാരുടെ പോരാട്ടവീര്യത്തെ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ് ത ബ്രിട്ടീഷുകാരുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ താരതമ്യം ചെയ്തത് വൻ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ഉക്രെയ്ൻകാരെ പോലെ ബ്രിട്ടീഷുകാർക്കും സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുള്ള സമാന മനസ്സ് ഉണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിടാനുള്ള യുകെയിലെ ജനങ്ങളുടെ അഭിപ്രായവോട്ടെടുപ്പിന് ഉദാഹരണമാക്കിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

എന്നാൽ പ്രധാനമന്ത്രിയുടെ പരാമർശം യുകെയിലെയും യൂറോപ്പിലെയും രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽനിന്ന് കടുത്ത എതിർപ്പാണ് വിളിച്ചുവരുത്തിയത് . യൂറോപ്യൻ കൗൺസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് പ്രധാനമന്ത്രിയുടെ പരാമർശം കുറ്റകരമാണെന്നാണ് വിശേഷിപ്പിച്ചത് . ബ്രെക്സിറ്റും യുദ്ധത്തിൽ ജീവൻ അപകടത്തിലാകുന്നതുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താനാകുമില്ലന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ ലോർഡ് ബാർവെൽ പറഞ്ഞത് . ശനിയാഴ്ച ബ്ലാക്ക്പൂളിൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്പ്രിംഗ് കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്.

ഉക്രെയ് നിൽ റഷ്യയുടെ ആകണം ശക്തമായി തുടരുകയാണ്. പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്ന മരിയ പോളിൽ സ്ഥിതി കൂടുതൽ വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും മരുന്നുമൊന്നുമില്ലാതെ മൂന്നു ലക്ഷത്തോളം പേരാണ് കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടു കഴിയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്വവർഗ്ഗ ദമ്പതികളായ ഡാനിയേൽ മക്ഡോണലിനെയും ഗൈൽസ് നോർട്ടനെയും ചെൽട്ടൻഹാമിൽ വച്ചുള്ള ബസ് യാത്രയ്ക്കിടെ ഒരുകൂട്ടം കൗമാരക്കാർ അപമാനിച്ചതായി പരാതി. നാലഞ്ചു പേരടങ്ങുന്ന കൗമാരക്കാരാണ് കഴിഞ്ഞ ആഴ്ച രാത്രിയിൽ ബസ് യാത്രയ്ക്കിടെ ദമ്പതികളെ കടുത്ത ഭാഷയിൽ വാക്കുകൾകൊണ്ട് അപമാനിച്ചത്. ഇരുവരുടെയും സാധാരണയിൽ നിന്ന് വ്യത്യസ്തമായുള്ള വസ്ത്രധാരണമാകാം അപമാനത്തിനു ഇരയാകാൻ കാരണമെന്ന് പോലീസ് അധികൃതർ വിലയിരുത്തുന്നു. മാർച്ച് 12 ശനിയാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ബസിലെ ഡ്രൈവർ ഇരുവർക്കും രക്ഷപെടുന്നതിനായി ബസ് നിർത്തി കൊടുത്തതാണ് ദമ്പതികൾക്ക് സഹായകമായത്. അപമാനിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ വെളുത്ത വർഗ്ഗക്കാരായ കൗമാരക്കാരായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയത്. ദമ്പതികളെ അപമാനിക്കുന്ന തരത്തിലുള്ള മോശമായ പല വാക്കുകളും ഇവർ ഉപയോഗിച്ചു.

ഗ്ലോസസ്റ്റർഷെയർ എല്ലാത്തരത്തിലും വളരെ സ്വാഗതാർഹമായ ഒരു പ്രദേശമാണെന്നും, ഇത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും അനുവദിക്കുകയില്ലെന്നും പോലീസ് കമ്മീഷണർ സ്റ്റെഫ് ലോറൻസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദൃക്സാക്ഷികളായിട്ടുള്ളവർ ഉടൻ തന്നെ പോലീസ് അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്ലെർക്കൻവെല്ലിലെ സെബാസ്റ്റ്യൻ സ്ട്രീറ്റിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ താമസിച്ചിരുന്ന 19 വയസ്സുള്ള വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്നുള്ള അന്വേഷണത്തിൽ 22കാരനായ മഹർ മറൂഫിനെ തിരയുന്നതായി പോലീസ് അറിയിച്ചു. ഇയാൾ ലണ്ടനിൽ നിന്ന് കേംബ്രിഡ്ജ്ഷെയറിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. മറൂഫിനെ കണ്ടാൽ അയാളെ സമീപിക്കരുതെന്നും പകരം 999 എന്ന നമ്പറിലേക്ക് വിളിക്കണം എന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 5:10ന് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലമായ ആർബർ ഹൗസിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. യുവതിയുടെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിചരണം ഉടൻ ലഭിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ യുവതി മരിക്കുകയായിരുന്നു.

മരിച്ച യുവതി ലണ്ടൻ യൂണിവേഴ്സിറ്റി സിറ്റിലിൽ പഠിക്കുകയായിരുന്നു എന്ന് ചീഫ് ഇൻസ്‌പെക്ടർ ലിൻഡ ബ്രാഡ്‌ലി പറഞ്ഞു. മിഡിൽ ഈസ്റ്റ് പശ്ചാത്തലത്തിൽ നിന്നുള്ള ഒന്നാംവർഷ വിദേശ വിദ്യാർത്ഥിയാണ് മരണപ്പെട്ടത് എന്ന് മനസ്സിലാക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് മരിച്ച യുവതിക്ക് മറൂഫുമായി ബന്ധമുണ്ടായിരുന്നുവെന്നും അന്ന് വൈകുന്നേരം ഇരുവരും ഒരുമിച്ചായിരുന്നു എന്നുമാണ് അറിയാൻ കഴിഞ്ഞത്. മറൂഫിനെ കണ്ടെത്താനുള്ള അടിയന്തര അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.