Main News

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് നിന്നെത്തുന്ന ഐഡൻ കൊടുങ്കാറ്റ് രാജ്യത്താകമാനം ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അയർലണ്ടിനും ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരത്തും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലും വെയിൽസിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം, യാത്രാ തടസ്സം എന്നിവ ഉണ്ടായേക്കാം. മോശം കാലാവസ്ഥ വാരാന്ത്യത്തിന്റെ ഭൂരിഭാഗവും നീണ്ടുനിൽക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ചില പ്രദേശങ്ങളിൽ വെള്ളപൊക്കം ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ചീഫ് മാർട്ടിൻ യംഗ് പറഞ്ഞു. വെയിൽസിലും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് വെയിൽസിന്റെ ഡ്യൂട്ടി ടാക്ടിക്കൽ മാനേജർ ഗാരി വൈറ്റ് പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും ഇതിനകം സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായി. ഞായറാഴ്ച ഉച്ച മുതൽ രാത്രി വരെ നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ വളരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

ബെർലിൻ :- നിരവധി വർഷങ്ങൾ നീണ്ടുനിന്ന നിർമാണപ്രവർത്തനങ്ങൾക്ക് ശേഷം ബർലിനിലെ ബ്രാൻഡൻബർഗ് വില്ലി ബ്രാൻറ്റ് എയർപോർട്ട് ശനിയാഴ്ച പ്രവർത്തനമാരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി ആക്ടിവിസ്റ്റുകളാണ് രംഗത്തെത്തിയത്. നിരവധിപേർ പ്ലക്കാർഡുകളുമായി ടെർമിനലുകളിലും മറ്റും പ്രതിഷേധിച്ചു. മറ്റുചിലർ പെൻഗ്വിൻ പക്ഷിയുടെ വസ്ത്രം ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. 2006ലാണ് എയർപോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആദ്യമായി ആരംഭിച്ചത്. 2011 ൽ എയർപോർട്ട് തുറക്കാനാണ് തീരുമാനിച്ചതെങ്കിലും, ടെക്നിക്കൽ പരമായും, കൺസ്ട്രക്ഷൻ പരമായും നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതാണ് തുടക്കം നീണ്ടു പോകുവാനുള്ള കാരണം. എയർപോർട്ടിന്റെ നിർമാണപ്രവർത്തനങ്ങൾ നീളുന്നത് ജർമ്മനിയുടെ കാര്യക്ഷമതയെ തന്നെ ബാധിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കെല്ലാം തന്നെയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.

എയർപോർട്ടിൽ ആദ്യമായി ലാൻഡ് ചെയ്തത് ഒരു ഈസി ജറ്റ് ഫ്ലൈറ്റ് ആണ്. ജർമനിയുടെ പ്രധാന വിമാനത്താവളമായ ടെഗെൽ എയർപോർട്ടിൽ നിന്നുമുള്ള ഒരു സ്പെഷ്യൽ സർവീസ് ആയിരുന്നു ഇത്. അതിനുശേഷം ഒരു ലുഫ്താൻസയുടെ ഫ്ലൈറ്റും ഉടൻ തന്നെ ലാൻഡ് ചെയ്തു. കൊറോണ മൂലം ഉള്ള പ്രശ്നങ്ങൾ എയർപോർട്ട് ഇൻഡസ്ട്രിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ലുഫ്താൻസ സി ഇ ഒ കാർസ്റ്റൻ സ്ഫോർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ എയർപോർട്ട് തുറന്നത് ഈ മേഖലയ്ക്ക് പുതിയ ഉത്തേജനം പകരും എന്നും അദ്ദേഹം പറഞ്ഞു.

എയർപോർട്ട് മൂലമുണ്ടാകുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്കെതിരെ ആണ് നിരവധി ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയത്. കൊറോണ ബാധ വളരെ സാരമായി തന്നെ സാമ്പത്തിക മേഖലയെ എല്ലാം തന്നെ ബാധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ജർമനിയിലെ പുതിയ എയർപോർട്ടിൻെറ ആരംഭം.

ഡോ. ഐഷ വി

കപ്പലിൽ വന്ന സാധനങ്ങൾ രാജ്യാന്തര നിയമമനുസരിച്ച് കപ്പലിൽ നിന്നും കരയിലിറക്കുന്നതിനായി കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തു വച്ചു തന്നെ കപ്പൽ എല്ലാ സാമഗ്രികളോടും കൂടി സാധനങ്ങൾ ഇറക്കേണ്ട രാജ്യത്തെ കപ്പിത്താന്മാർക്ക് കൈമാറിയതോടെ ആ കപ്പലിലെ കപ്പിത്താന്മാരും ജീവനക്കാരും രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് സ്വതന്ത്രരാകാറുണ്ട്. ചിലർ കര കാണാനും സാധനങ്ങൾ വാങ്ങാനും മറ്റുവിനോദങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാറുണ്ട്. ലോജിസ്റ്റിക്കിലെ ശ്രീ ജോയി ജോൺ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ചരക്ക് കപ്പലിൽ വന്ന നാവികർക്ക് ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അപ്പോഴാണ് സുഹൃത്ത് ജോയി ജോണിനെ അറിയിച്ചത്. കുടുംബം നാട്ടിലായതിനാൽ തിരക്കിട്ട് താമസ സ്ഥലത്തേയ്ക്ക് പോയിട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല. എന്നാൽ പിന്നെ ഈ നാവികർക്കൊപ്പം കുറേ സമയം ചിലവാക്കാമെന്ന് ജോയി ജോൺ തീരുമാനിച്ചു.

ജോയി ഒന്നു ഫ്രഷായി വന്നപ്പോഴേക്കും പ്ലാസ്റ്റിക് കുട്ടകൾ നിറച്ച് സാമാന്യം വലിയ മീനും കൊഞ്ചുമായി നാവിക സംഘം തയ്യാർ. ഇത്രയും മത്സ്യങ്ങൾ ഇവർക്ക് കടലിൽ വച്ച് പാചകം ചെയ്ത് ഭക്ഷിക്കാനായിരിക്കുമെന്ന് ജോയി ഊഹിച്ചു. ആഥിതേയ രാജ്യത്തിന്റെ കപ്പലിൽ അവർ ഉൾക്കടലിലേയ്ക്ക് ഒരു യാത്ര പോയി. ഇവരുടെ പക്കൽ മത്സ്യബന്ധനത്തിനുള്ള സാമഗ്രികളും ഉണ്ടായിരുന്നു. കരയിൽ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലെത്തിയപ്പോൾ നാവികർ കൂടെ കൊണ്ടു വന്ന ഉണങ്ങിയ പഴങ്ങളും മറ്റും ഭക്ഷിച്ച ശേഷം എല്ലാവരും ഒന്നു ഉഷാറായി. കരയിൽ രാജാക്കന്മാർ വനാന്തരങ്ങളിൽ നായാട്ടിന് പോകുന്ന പ്രതീതിയാണ് ജോയിക്ക് ഈ യാത്രയെ പറ്റി തോന്നിയത്. വനത്തിനും നിഗൂഢതകളുണ്ട്. കടലിനും. വനത്തിന് വന്യതയുണ്ട്. കടലിന് അതിന്റേതായ ഘോരതയും ശാന്തതയും ആ യാത്രയിൽ അവർക്ക് അനുഭവപ്പെട്ടിരുന്നു.

എല്ലാവരും ഉഷാറായപ്പോൾ നാവികരിൽ ചിലർ നേരത്തേ കരുതിയിരുന്ന നല്ല മുഴുത്ത ചെമ്മീനുകളെ കടലിൽ എറിയാൻ തുടങ്ങി. ഇത്രയും കഷ്ടപ്പെട്ട് പിടിച്ച് കരയിലെത്തിച്ച ചെമ്മീനുകളെ എത്ര നിസ്സാരമായാണ് ഇവർ കടലിൽ എറിഞ്ഞു കളയുന്നതെന്ന് ജോയി ചിന്തിച്ചു. ഒരു ഘട്ടത്തിൽ തന്റെ സന്ദേഹം പങ്കു വച്ച ജോയിയോട് അവരിൽ ഒരാൾ പറഞ്ഞു. നിങ്ങളുടെ മതം അനുശാസിക്കുന്നില്ലേ ചെതുമ്പലും ചിറകുമുള്ള കടൽ ജീവികളെയാണ് ഭക്ഷിക്കേണ്ടതെന്ന് . അതുപോലെ ഞങ്ങളുടെ മതവും അനുശാസിക്കുന്നുണ്ട് ഇത്തരം ജീവികളെ ഭക്ഷിക്കരുതെന്ന്. ജോയിക്ക് ആ വാക്കുകൾ ഒരു ഓർമ്മപെടുത്തൽ ആയിരുന്നു. ഒപ്പം തിരിച്ചറിവും. ചെമ്മീനുകൾ കപ്പലിന് സമീപമെത്തിയ കടൽ ജീവികൾക്ക് ഭക്ഷണമായി തീർന്നു കഴിഞ്ഞപ്പോൾ കപ്പലിൽ കരുതിയിരുന്ന മറ്റു മത്സ്യങ്ങളുടെ ഊഴമായി. നാവികരിൽ ഒരാൾ ആ വലിയ മത്സ്യങ്ങളെ വെട്ടി നുറുക്കി കടലിലേയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു. അതിലേയ്ക്ക് ആകൃഷ്ടരായി എത്തിയ ചില വലിയ മീനുകളെ മറ്റൊരു നാവികൻ ചെറിയൊരു വലയിട്ട് പിടിച്ച് കപ്പലിലാക്കി. പഴയവയെ കളഞ്ഞിട്ട് പുതിയ മത്സ്യത്തെ ഭക്ഷിക്കാനായിരിക്കും ഒരുക്കമെന്ന് ജോയി ചിന്തിച്ചു. എന്നാൽ അപ്പോഴും തെറ്റി. ജോയിയെ അമ്പരപ്പിച്ചു കൊണ്ട് നാവികർ അവയെയും വെട്ടി നുറുക്കി കടലിൽ എറിഞ്ഞു. അപ്പോൾ കപ്പലിന് ചുറ്റും ജലത്തിൽ ചുവപ്പ് നിറം പടരാൻ തുടങ്ങിയിരുന്നു.

കപ്പലിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ഒരു തിരയിളക്കം. ദൂരദർശിനിയിലൂടെ നോക്കിയ കപ്പിത്താൻ അതൊരു വമ്പൻ സ്രാവാണെന്ന് ഉറപ്പിച്ചു. മൂന്ന് കിലോമീറ്റർ അകലെ വച്ചു തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. പിന്നെ വൈകിയില്ല. ആ തിരയിളക്കും കപ്പിലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. കിട്ടിയ അവസരത്തിൽ ഒരു വടത്തിലൂടെ കപ്പലിന്റെ വശത്തിലൂടെ പുറത്തേയ്ക്കിറങ്ങയ നാവികൻ പാഞ്ഞടുത്ത സ്രാവിന്റെ ദേഹത്തേയ്ക്ക് നല്ല മൂർച്ചയ്യുള്ള കണ്ടി കൊണ്ട് ഒരൊറ്റ വെട്ട്. മനുഷ്യന്റേതു പോലെ ഒരു നിലവിളി കേട്ട് പുറത്തേക്ക് നോക്കിയ ജോയി കാണുന്നത് കടലിലെ ശോണിമയാണ്. കൂടെ സ്രാവിന്റെ ദീനരോദനവും നിമിഷങ്ങൾ കൊണ്ട് അകലേയ്ക്ക് നീങ്ങിയ സ്രാവ് കലി പൂണ്ട് കപ്പലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. അണയാൻ പോകുന്ന ദീപം ആളിക്കത്തും പോലെ. അപ്പോഴേയ്ക്കും നാവികർ തയ്യാറായിരുന്നു. അവരിട്ട വൻ വലയിൽ സ്രാവ് കുടുങ്ങിയിരുന്നു. രക്ഷപെടാനുള്ള അവസാനശ്രമമെന്നോണം അത് വലയോട് കൂടി കപ്പലിനെ വലം വയ്ക്കാൻ തുടങ്ങി. അവസാന നിമിഷംവരേയും പോരാടി നിൽക്കുക എന്നത് വിജയിക്കാൻ അതി തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരാളുടേയും ശ്രമമാണ്. സ്രാവിനെ വലിച്ചെടുക്കാൻ നാവികർ നന്നേ പാടുപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിൽ അധികമെടുത്തു ആ സ്രാവിനെ പിടിച്ച് കപ്പലിൽ ഇടാൻ. സ്രാവ് കപ്പലിനകത്തായി കഴിഞ്ഞപ്പോൾ കപ്പിത്താന്മാരും കൂട്ടരും കൂടി സ്രാവിന്റെ ചിറകുകൾ വാലുകൾ എന്നിവ മാത്രം അരിഞ്ഞെടുത്തു. പിന്നീട് സ്രാവിനെ പിടിച്ചതിനെക്കാൾ കഷ്ടപ്പെട്ട് അവർ അതിനെ കടലിലേയ്ക്ക് തള്ളി.

കുറച്ചു കഴിഞ്ഞപ്പോൾ ജീവനറ്റ സ്രാവിന്റെ ശരീരത്തെ ചെറു മീനുകൾ ആഹരിയ്ക്കാൻ തുടങ്ങി. നിയതിയുടെ നിയമം അങ്ങിനെയാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു. ഇവിടെ കുഞ്ഞു മീനുകളെ ഭക്ഷിച്ച് സ്ഥൂലശരീരിയായ വമ്പൻ സ്രാവിനെ ചെറു മീനുകൾ ആഹരിയ്ക്കുന്നു. കുറച്ചുനേരം ഇതൊക്കെ നോക്കി നിന്ന ജോയിക്ക് ഒരു സംശയം ഇത്രയും കഷ്ടപ്പെട്ട് പിടിച്ചെടുത്ത സ്രാവിന്റെ മാംസളമായ യാതൊരു ഭാഗവും ഉപയോഗിക്കാതെ അതിന്റെ ഒട്ടും മാംസളമല്ലാ വാലും ചിറകും ഭദ്രമായി പൊതിഞ്ഞ് ഫ്രീസറിൽ വച്ചതെന്തേ? സംശയ നിവാരണത്തിന് ജോയി കപ്പിത്താനെ തന്നെ സമീപിച്ചു. അദ്ദേഹം പറഞ്ഞു ഇതിന്റെ ചിറകിനും വാലിനും വല്യ വിലയാണ്. അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞ് ചേർന്ന് ശരീരത്തിന്റെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയതാണ് സ്രാവിന്റെ ഈ ഭാഗങ്ങളെന്ന്.

കപ്പൽ തിരിച്ച്‌ കരയോടടുക്കുമ്പോൾ കുഞ്ഞ് മീനുകൾക്ക് ആഹാരമുകുന്ന വമ്പൻ സ്രാവിനെ കുറിച്ചായിരുന്നു ജോയിക്ക് ചിന്ത

(ഇത് ഞങ്ങളുടെ കോളേജിലെ പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോൺ പറഞ്ഞു തന്ന സംഭവ കഥയാണ്.)

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

ഷിബു മാത്യൂ.
സത്യം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.
മാർപ്പാപ്പ പറഞ്ഞതെന്ത്? ഇഷ്ടപ്പെട്ട മാധ്യമം പറയുന്നത് വിശ്വസിക്കുന്നതിനപ്പുറം എന്താണ് ഉള്ളത്?? ഇതല്ല സഭയുടെ വിശ്വാസ സത്യം. തെറ്റിധാരണകൾ മാറ്റേണ്ടതുണ്ട്. പാപ്പ പറഞ്ഞതിൻ്റെ അർത്ഥം മലയാളത്തിൽ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. അതുകൂടി കാണണം. മുൻ വിധിയാണ് എന്തിനും കാരണം. സഭയുടെ സത്യങ്ങളിൽ കൂട്ടിച്ചേർക്കേണ്ടപ്പെടേണ്ട ആവശ്യങ്ങളില്ല. മീഡിയയിൽ വന്ന കാര്യങ്ങൾ സഭയുടെ പ്രവർത്തനങ്ങളെ ഒരിക്കലും ബാധിക്കില്ല.

മാനുഷീകമായ പരിഗണന കൊടുക്കണം എന്നാണ് പാപ്പാ ആഗ്രഹിച്ചത്.
പരിശുദ്ധ പാപ്പ പറഞ്ഞതിനെ ലോകം വളച്ചൊടിച്ചപ്പോൾ വ്യക്തമായ നിർവജനം കൊടുക്കുകയാണ് ഫാ. ബിനോയ് ആലപ്പാട്ട്.
ഫാ. ബിനോയ് പറഞ്ഞത് കേൾക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബഹാമസ് : ജയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച സ്കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി (90) അന്തരിച്ചു. അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ കോണറിയുടെ വിടവാങ്ങൽ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ബഹമാസിൽ വച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷോൺ കോണറിയാണ്. ഡോക്ടർ നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങൾ. ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇൻഡ്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1988 ൽ ‘ദി അൺടച്ചബിൾസ്’ എന്ന ചിത്രത്തിൽ ഐറിഷ് പോലീസുകാരനായി വേഷമിട്ട ഷോൺ ആ വർഷത്തെ ഓസ്കാർ അവാർഡ് കരസ്ഥമാക്കിയിരുന്നു. ഓസ്‌കാറിന് പുറമെ ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഷോൺ കോണറി ജനിച്ചത്. തോമസ് ഷോൺ കോണറി എന്നാണ് മുഴുവൻ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തിൽ സർ പദവി അദ്ദേഹത്തിന് സമ്മാനിച്ചു. 1986-ൽ ഇറ്റാലിയൻ നോവലിസ്റ്റായ ഉംബർട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാൻസിസ്കൻ സന്യാസിയുടെ വേഷത്തിൽ തിളങ്ങിയ കോണറി, ‘ദ റോക്ക്’ എന്ന ചിത്രത്തിൽ 13 വർഷത്തിനു ശേഷവും അതേ ഭാവപ്രകടനത്തോടെ സ്ക്രീനിൽ നിറഞ്ഞുനിന്നു. ഒട്ടേറെ ആനിമേഷൻ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും കോണറി ലോകസിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

എഡിൻ‌ബറയിലെ ചേരികളിൽ ദാരിദ്ര്യത്തിനു സമാനമായ സാഹചര്യങ്ങളിലാണ് കോണറി വളർന്നത്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുൻപ് പാൽ വിൽപനക്കാരൻ, ലൈഫ് ഗാർഡ്, ശവപ്പെട്ടിക്കടയിലെ ജീവനക്കാരൻ തുടങ്ങിയ തൊഴിലുകൾ അദ്ദേഹം ചെയ്തു. ബോഡി ബിൽഡിങ് ചെയ്തിരുന്ന അദ്ദേഹത്തിന് അത് സിനിമയിലെത്തുന്നതിന് സഹായകരമായി. 1989 ൽ പീപ്പിൾ മാഗസിൻ അദ്ദേഹത്തെ “ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സി മനുഷ്യൻ” എന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു. 2003 ൽ ഇറങ്ങിയ ദ ലീഗ് ഓഫ് എക്സ്ട്രാഓർഡിനറി ജെന്റിൽമെൻ ആയിരുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രത്തിന്റെ സംവിധായകനുമായുള്ള തർക്കത്തെത്തുടർന്ന് കോണറി സിനിമകളിൽ നിന്ന് വിരമിക്കുകയായിരുന്നു. ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിൽ ആരാധകർ ഇനിയദ്ദേഹത്തെ മനസിലേറ്റും.

ജോജി തോമസ്

ഉടുതുണിക്ക് മറുതുണിയില്ലാത്ത കോടിക്കണക്കിന് ജനങ്ങളുള്ള നാട്ടിൽ, കോവിഡ് മഹാമാരിയിൽപ്പെട്ട് അന്നന്നത്തെ അന്നത്തിനു വേണ്ടി ക്ലേശിക്കുന്ന അസംഘടിത തൊഴിൽ മേഖലയിലുള്ള കോടിക്കണക്കിന് ജനങ്ങളെ മറന്നുകൊണ്ട് കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ ചികിത്സയും നിരവധി ആനുകൂല്യങ്ങളും ഉള്ള സുഖലോലുപതയിൽ വിരാജിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളവർദ്ധനവ് നൽകാനുള്ള തീരുമാനത്തിന്റെ ന്യായ അന്യായങ്ങളിലേയ്ക്കാണ് മാസാന്ത്യത്തിന്റെ ഈ ലക്കം കടന്നുചെല്ലുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പും, ഉപ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് ദീപാവലിയോടനുബന്ധിച്ചെന്ന പേരിൽ കേന്ദ്രസർക്കാർ നൽകിയ 5% DA വർദ്ധനവ് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണ് . 50 ലക്ഷം ജീവനക്കാർക്കും , 65 ലക്ഷം പെൻഷനേഴ്സിനും 2019 , ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമേ സാധാരണക്കാരെ പിഴിഞ്ഞ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കവും ചേർത്ത് വായിക്കേണ്ടതാണ്.എല്ലാ നാലര വർഷവും കൂടുമ്പോൾ ശമ്പള വർദ്ധനവ് നടപ്പാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ശമ്പള വർധനവിനായുള്ള സംസ്ഥാന സർക്കാരിൻറെ നീക്കം ഹൈക്കോടതിയുടെ ഉൾപ്പെടെ വിമർശനത്തിനു കാരണമായിരുന്നു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സാധാരണ ജനത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുകയും, വികസന പ്രവർത്തനത്തിന് പണമില്ലെന്ന് വിലപിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് വൻ സാമ്പത്തിക ബാധ്യത വരുന്ന ശമ്പള വർദ്ധനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടന ശേഷിയും, അതിലൂടെയുള്ള വോട്ട് ബാങ്കുമാണ് വിവിധ സർക്കാരുകളുടെ ലക്ഷ്യം..

ലോകാരോഗ്യസംഘടന അടുത്തയിടെ പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ 30 കോടിയോളം ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ പാകിസ്ഥാനും ,ബംഗ്ലാദേശും പോലും വൻശക്തിയെന്ന് അഭിമാനിക്കുന്ന ഇന്ത്യയെക്കാൾ ഭേദപ്പെട്ട നിലയിലാണ് . സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സർക്കാരുകളും , രാഷ്ട്രീയ പാർട്ടികളും ഇന്ത്യയിൽ അന്നന്നത്തെ അപ്പത്തിനായി അധ്വാനിക്കുന്ന റിക്ഷാതൊഴിലാളികളും ചുമട്ടുതൊഴിലാളികളും കാർഷികതൊഴിലാളികളും ഉൾപ്പെടുന്ന കോവിഡ് മഹാമാരിയിൽ ജീവിതം ഇരുട്ടിലായ കോടിക്കണക്കിന് ജനങ്ങളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നത് നന്നായിരിക്കും.

 

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സ്വന്തം ലേഖകൻ

യു കെ :- ഇംഗ്ലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ദിവസംപ്രതി ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതിൽ നാലിരട്ടി കൂടുതലാളുകളാണ് രോഗബാധിതരാകുന്നതെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിസ് പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. നവംബർ – ഡിസംബർ മാസങ്ങളിൽ രോഗബാധിതർ വർദ്ധിക്കാൻ ഉള്ള സാഹചര്യം ഉണ്ടെന്ന് നേരത്തെ തന്നെ ഗവൺമെന്റ് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ അവർ പറഞ്ഞ കണക്കുകളിൽ നിന്നും വളരെ കൂടുതലാണ് ഇപ്പോൾ രോഗികളാകുന്നവരുടെ എണ്ണം. ഒക്ടോബർ മാസത്തിൽ ഇംഗ്ലണ്ടിൽ മാത്രം 12,000 മുതൽ 13000 പേരാണ് ഓരോ ദിവസവും രോഗബാധിതരായത്.

അടുത്ത ആഴ്ച മുതൽ ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നീങ്ങുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അടുത്തയാഴ്ചയോടു കൂടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ക്യാബിനറ്റ് വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്. എന്നാൽ എത്തരത്തിലുള്ള ലോക്ക് ഡൗൺ നിബന്ധനകൾ ആയിരിക്കും മുന്നോട്ടു വയ്ക്കുക എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തമായ ധാരണയില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ വാർത്താസമ്മേളനം തിങ്കളാഴ്ച ഉണ്ടാകും. ബുധനാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇത്തരത്തിൽ ഒരു ലോക്ക്ഡൗൺ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രിയും സംഘവും. എന്നാൽ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ആരോഗ്യ വിദഗ്ധരും ലോക്ക്ഡൗൺ ആവശ്യമാണെന്ന ശക്തമായ നിലപാടിലാണ്.

ജർമനിയിലും ഫ്രാൻസിലും ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടണും ഇതേ മാർഗം തന്നെ പിന്തുടരും എന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ധർ. തണുപ്പ് കാലത്ത് കോവിഡ് ബാധിച്ചു 85000 ത്തോളം പേർ മരണപ്പെടാൻ സാധ്യതയുണ്ടെന്ന കണക്കുകൾ നേരത്തെ തന്നെ ഗവൺമെന്റ് പുറത്തുവിട്ടിരുന്നു. ആ കണക്കുകളെ ശരിവയ്ക്കുന്നതാണ് നിലവിലെ രാജ്യത്തെ സാഹചര്യം. അതിനാൽ തന്നെ രോഗബാധ നിയന്ത്രിക്കാനുള്ള ശക്തമായ മാർഗ്ഗങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി മൂലം ബ്രിട്ടീഷ് എയർവേയ്‌സിന്റെ മാതൃ കമ്പനിയായ ഐ‌എജിക്ക് 2020ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 5.1 ബില്യൺ പൗണ്ടിന്റെ കനത്ത നഷ്ടം. 2019 ലെ ഇതേ കാലയളവിൽ, എയർലൈൻ ഗ്രൂപ്പ് 1.6 ബില്യൺ പൗണ്ടിന്റെ ലാഭം നേടിയിരുന്നു. ലോകമെങ്ങും പടർന്നുപിടിച്ച മഹാമാരി കാരണമാണ് ഇപ്പോൾ കനത്ത നഷ്ടം ഉണ്ടായതെന്നും നിരന്തരം നിയന്ത്രണങ്ങൾ മാറ്റുന്നതിലൂടെ സർക്കാർ, നഷ്ടം കൂടുതൽ രൂക്ഷമാക്കിയെന്നും ഐ‌എ‌ജി ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ഗാലെഗോ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗ്രൗണ്ട് സ്റ്റാഫും ക്യാബിൻ ക്രൂവും പൈലറ്റുമെല്ലാം ഉൾപ്പെടെ 12000 ജീവനക്കാരെ ബ്രിട്ടീഷ് എയർവേയ്‌സ് ഏപ്രിലിൽ പിരിച്ചുവിട്ടിരുന്നു. കനത്ത സാമ്പത്തിക നഷ്ടം വന്നതോടെ മിക്ക വിമാനങ്ങളും പറത്താനാകാത്ത അവസ്ഥയിലാണ് കമ്പനി. ഇതുപോലെ നിരവധി വിമാനക്കമ്പനികൾ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

2020 ഫെബ്രുവരി മുതൽ ഒരു വീണ്ടെടുക്കൽ സാധ്യമാകാത്തത്ര തകർച്ചയാണ് ഉണ്ടായതെന്ന് ഗാലെഗോ പറഞ്ഞു. കോവിഡ് പ്രതിസന്ധി ഉപയോക്താക്കൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും ബിസിനസ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്തു. ക്വാറന്റീൻ ഒഴിവാക്കുന്നതിനായി വിശ്വസനീയവും താങ്ങാനാവുന്നതുമായ ടെസ്റ്റുകൾ ഉപയോഗിച്ച് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധന (പ്രീ ഡിപ്പാർച്ചർ ടെസ്റ്റിംഗ് ) സ്വീകരിക്കാൻ വിമാനകമ്പനികൾ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് റൂട്ടുകൾ തുറക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ ആളുകളെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. റൂട്ടുകൾ‌ തുറക്കുമ്പോൾ‌, യാത്രയ്‌ക്കുള്ള ആവശ്യകത വർദ്ധിക്കുന്നുമെന്ന് ഗാലഗോ കൂട്ടിച്ചേർത്തു. ആളുകൾക്ക് വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഞായറാഴ്ച രാവിലെ 4 മണി മുതൽ സൈപ്രസ്, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയണമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. നിലവിലെ ക്വാറന്റീൻ സംവിധാനം ടൂറിസത്തിലും ബിസിനസ് യാത്രയിലും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നും പകരം ‘ടെസ്റ്റ്‌ ബിഫോർ ഫ്ലൈയിംഗ്’ സംവിധാനം ഏർപ്പെടുത്തണമെന്നും പുതിയ ബ്രിട്ടീഷ് എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സീൻ ഡോയൽ ആവശ്യപ്പെട്ടു. ആളുകളെ ധൈര്യപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി മരണങ്ങൾ . കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ എബ്രഹാമാണ് (56) അവസാനമായി മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജെയ്സമ്മ കോവിഡ് ബാധിതയായാണ് മരണമടഞ്ഞത്. ജെയ്സമ്മയുടെ നിര്യാണമറിഞ്ഞ് ബർമിങ്ഹാമിലും പരിസരപ്രദേശത്തുമുള്ള മലയാളികൾ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. അഡ്വ. റ്റോമി ലൂക്കോസ് ആണ് ജെയ്സമ്മയുടെ ഭർത്താവ്. അലൻ എബ്രഹാം ഏകമകനാണ് . ജെയ്സമ്മയും റ്റോമിയും സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകരായിരുന്നു. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഇന്നലെ സെന്റ് ബനഡിക് മിഷൻ ബർമിങ്ഹാമിലെ വിശ്വാസസമൂഹം പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ജെയ്സമ്മ സ്റ്റാഫ് നഴ്സായി ആണ് ജോലി ചെയ്തിരുന്നത്.

കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പാണ് (56) ഇന്നലെ വിടപറഞ്ഞ മറ്റൊരു മലയാളി . ജെയിൻ കഴിഞ്ഞ 16 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. മക്കൾ : ജോബിൻ ഫിലിപ്പ് ,ജോയൽ ഫിലിപ്പ് . ജെയിന്റെ സഹോദരൻ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിം ജേക്കബ് ഉൾപ്പെടെ നിരവധി ബന്ധുമിത്രാദികൾ ജെയിന്റെ അന്ത്യ നിമിഷത്തിൽ ഒപ്പമുണ്ടായിരുന്നു. ജെയിൻ തൊടുപുഴ വഴിത്തല മാറിക മ്യാലക്കരപ്പുറത്ത് കുടുംബാംഗമാണ്. ജെയിന്റെ സംസ്കാരചടങ്ങുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെയിൽ തന്നെ നടത്താൻ തീരുമാനിച്ചു .

പരേതരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു  . ക്രിപ്‌റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു

ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ  ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്‌കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ  എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.

യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ  ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.

ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺ‌ലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്‌റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്‌റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .

22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്‌റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .

തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്‌കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്‌കോയിൻ ക്യാഷ് , ഇ‌ഒ‌എസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന്  മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.

നിക്ഷേപ അവസരങ്ങൾ, ബിറ്റ്‌കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ  ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.

ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ്  ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

RECENT POSTS
Copyright © . All rights reserved