ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്തനാർബുദം ഉണ്ടോ എന്നറിയുന്നതിനായുള്ള മാമ്മോഗ്രാം ടെസ്റ്റ് ചെയ്യാനായി ക്ഷണിക്കപ്പെട്ട സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്ക് ഈ ടെസ്റ്റിന്റെ ആവശ്യകതയില്ലെന്നും, ഇവർ ലോ റിസ് ക് കാറ്റഗറിയിലാണ് ഉൾപ്പെടുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ബ്രെസ്റ്റ് ക്യാൻസർ വിദഗ്ധ. ഭൂരിഭാഗം സ്ത്രീകളിലും ഈ രോഗം വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വസ്തുത തെറ്റാണെന്നും, നിരവധി സ്ത്രീകൾക്ക് ഈ രോഗം വരാനുള്ള സാധ്യത തീരെ കുറവാണെന്നും അതിനാൽ തന്നെ ഇത്തരം ആളുകൾ ലോ റിസ് ക് കാറ്റഗറിയിലാണ് ഉൾപ്പെടുന്നതെന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസർ ഫിയോന ഗിൽബർട്ട് വ്യക്തമാക്കി. നിലവിലെ ബ്രെസ്‌റ്റ് സ്ക്രീനിംഗ് ഗൈഡ്‌ലൈനുകൾക്ക് ഒരു മാറ്റം ആവശ്യമാണെന്നും യൂറോപ്യൻ സൊസൈറ്റി ഓഫ് ബ്രസ്റ്റ് ഇമേജിങ് പ്രസിഡന്റ് ആയിരിക്കുന്ന പ്രൊഫസർ ഗിൽബർട്ട് പറഞ്ഞു. നിലവിൽ 50 മുതൽ 70 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് എല്ലാം മൂന്നു വർഷം കൂടുന്തോറുമാണ് മാമ്മോഗ്രാം ചെയ്യാനുള്ള ക്ഷണം ലഭിക്കുന്നത്. എന്നാൽ കുടുംബത്തിൽ തന്നെ ബ്രെസ്റ്റ് ക്യാൻസർ ഹിസ്റ്ററി ഉള്ളവർക്ക് ഈ ഇടവേളയുടെ സമയം കുറയും. എന്നാൽ ഈ തീരുമാനം പുനഃ പരിഷ്കരിക്കണമെന്നും, ലോ റിസ് ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് മാമ്മോഗ്രാമിന്റെ ആവശ്യമില്ലാതാക്കണമെന്നുമാണ് പ്രൊഫസർ ഗിൽബർട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സ്ത്രീകളുടെ പ്രായം, ജീവിത രീതി, സ്വാബ് വഴിയുള്ള ജനറ്റിക് പരിശോധന എന്നിവയിലൂടെ ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവരെ തിരിച്ചറിയാൻ പറ്റും. ബ്രെസ്റ്റ് സ്ക്രീനിങ്ങിനെത്തിയതിൽ ഏകദേശം നാല് ലക്ഷത്തോളം സ്ത്രീകൾ ഇത്തരത്തിൽ ലോ റിസ്ക് കാറ്റഗറിയിലാണ് ഉൾപ്പെടുന്നതെന്നും പ്രൊഫസർ ഗിൽബർട്ട് പറഞ്ഞു. ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് ആവശ്യമില്ലാതെ മാമ്മോഗ്രാം ടെസ്റ്റിന്റെ ആശങ്കകളിലൂടെ കടന്നു പോകേണ്ടതായി വരുന്നുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. ബ്രെസ്റ്റ് കാൻസർ സ്ക്രീനിങ് വളരെ അത്യന്താപേക്ഷിതമാണ്. യു കെയിൽ ഒരു വർഷം ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിലൂടെ ആയിരത്തി മുന്നൂറോളം ജീവനുകളാണ് രക്ഷപ്പെടുന്നത്. എന്നാൽ ഈ വസ്തുത നിലനിൽക്കുമ്പോഴും, എല്ലാ സ്ത്രീകളും വളരെ ആശങ്കയോടു കൂടി ടെസ്റ്റിനെ സമീപിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് പ്രൊഫസർ ഗിൽബർട്ട് അഭിപ്രായപ്പെട്ടു. ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് മാമ്മോഗ്രാം ഒഴിവാക്കണമെന്ന ഈ മാറ്റം യുകെ നാഷണൽ സ്ക്രീനിങ് കമ്മിറ്റി അംഗീകരിക്കാൻ ഇനിയും കൂടുതൽ സമയമെടുക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏപ്രിൽ 1 മുതൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ 2 ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കാൻ ഇംഗ്ലണ്ടിൽ തീരുമാനമായിരുന്നു . നിയമത്തെ മറികടക്കാൻ വാക്‌സിൻ എടുക്കുന്നതിനെ എതിർക്കുന്ന ജീവനക്കാർ വെയിൽസിലേയ്ക്ക് തങ്ങളുടെ ജോലി സ്ഥലം മാറാനുള്ള ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത് . രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നുള്ള നിയമം കർശനമായി നടപ്പിലാക്കാനാണ് ഇംഗ്ലണ്ടിൽ തീരുമാനമായിരിക്കുന്നത്. വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്ത മേഖലകളിലേയ്ക്ക് മാറ്റം നല്കാനും തീരുമാനം ആയിരുന്നു. വാക്‌സിനേഷൻ എടുക്കാതിരിക്കുകയും പുതിയ റോളിലേക്ക് മാറാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മുൻ നിര ജീവനക്കാർ ഏപ്രിൽ 1 -ന് മുമ്പ് രണ്ട് ഡോസ് വാക്സിൻ എടുക്കണമെങ്കിൽ ഫെബ്രുവരി 3 -ന് എങ്കിലും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടതായി വരും. എങ്കിലെ നിശ്ചിത ഇടവേളകളോടെ 2 ഡോസ് വാക്‌സിൻ ഏപ്രിൽ 1 -ന് മുമ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. നിർബന്ധിത വാക്സിനേഷൻ നിയമം നിലവിൽ വെയിൽസിൽ നടപ്പിലാക്കിയിട്ടില്ല . ഇംഗ്ലണ്ടിലെ നിർബന്ധിത വാക്സിനേഷൻ നയം കാരണം ജോലി ഉപേക്ഷിക്കേണ്ടി വരുന്ന ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെ തള്ളിക്കളയില്ലെന്ന് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ലോകത്തുതന്നെ മുൻ നിര ആരോഗ്യ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൽ ഏറ്റവും വിജയം കണ്ട രാജ്യമായിരുന്നു യുകെ . എന്നിരുന്നാലും എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരിൽ ഒരു വിഭാഗം വാക്‌സിനേഷനോട് പുറംതിരിഞ്ഞ് നിന്നത് കടുത്ത വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാഷണൽ ഇൻഷുറൻസ് വർധനയുമായി മുന്നോട്ട് പോകാനുറച്ച് പ്രധാനമന്ത്രിയും ചാൻസലറും. എതിർപ്പുകൾക്കിടയിലും തീരുമാനം നടപ്പിലാക്കാനാണ് ബോറിസ് ജോൺസനും റിഷി സുനകും ശ്രമിക്കുന്നത്. സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൂടെ, ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് നാഷണൽ ഇൻഷുറൻസിനായി പൗണ്ടിൽ 1.25 പെൻസ് അധികം നൽകേണ്ടി വരും. നാഷണൽ ഇൻഷുറൻസിലെ വർധന പ്രകാരം ഒരു വർഷം 20,000 പൗണ്ട് സമ്പാദിക്കുന്ന വ്യക്തി 89 പൗണ്ട് അധിക നികുതിയായി അടയ്ക്കണം. 50,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾ 464 പൗണ്ട് കൂടി നൽകണം. പ്രതിവർഷം 9,880 പൗണ്ട് അല്ലെങ്കിൽ പ്രതിമാസം 823 പൗണ്ടിന് താഴെ വരുമാനമുള്ള ആളുകൾക്ക് ഈ വർധന ബാധകമല്ല.
നാഷണൽ ഇൻഷുറൻസ് വർധനയിലൂടെ എൻഎച്ച്എസ്, സോഷ്യൽ കെയർ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നികുതി വർധന പിൻവലിക്കണമെന്ന ആവശ്യവുമായി ചില ടോറി എംപിമാരും പ്രതിപക്ഷ എംപിമാരും രംഗത്തെത്തി. 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഇത് വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
നികുതി വർധയിലൂടെ പ്രതിവർഷം 12 ബില്യൺ പൗണ്ട് സമാഹരിക്കുമെന്ന് ചാൻസലർ വ്യക്തമാക്കി. എന്നാൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ പ്രധാനമന്ത്രിയും ചാൻസലറും അവഗണിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ ആരോപിച്ചു. ഇപ്പോൾ കൂടുതൽ നികുതി താങ്ങാൻ ജീവനക്കാർക്ക് കഴിയില്ലെന്ന് ലേബർ, ലിബ് ഡെംസ് എംപിമാർ അഭിപ്രായപ്പെട്ടു. ചില ടോറി എംപിമാരും വർധനയ് ക്കെതിരെ രംഗത്തുണ്ട്. ഊർജ്ജ വില, ഭക്ഷണ വില എന്നിവ ഉയരുന്നതിനാൽ ഈ നികുതി വർധന കുടുംബങ്ങളെ അമിത സമ്മർദ്ദത്തിലാകുമെന്ന് അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിൽ ആഞ്ഞടിച്ച മാലിക് ചുഴലിക്കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു രണ്ടുപേർ മരിച്ചു. ഒൻപത് വയസ്സുള്ള കുട്ടിയും , 60 വയസ്സുകാരിയായ സ്ത്രീയുമാണ് അപകടത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്റ്റാഫോഡ്ഷെയറിലെ വിനോത്ഡേയിലിൽ മരം ഒടിഞ്ഞു വീണാണ് ഒൻപതു വയസ്സുകാരൻ മരണപ്പെട്ടത്. അബർദീനിൽ വച്ചുണ്ടായ അപകടത്തിലാണ് അറുപതു വയസ്സുകാരി മരണമടഞ്ഞത്. ചുഴലിക്കാറ്റിനെ തുടർന്ന് ഇംഗ്ലണ്ടിലും, സ്കോട്ട്ലൻഡിലും നിരവധി വീടുകളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്. സ്കോട്ട്ലാൻഡ്, നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ കോറി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ ഉള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അപകടസ്ഥലത്തു നിന്നും 9 വയസ്സുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പോലീസ് അധികൃതർ അറിയിച്ചത്. കുട്ടിയോടൊപ്പം തന്നെ പരിക്കേറ്റ മറ്റൊരാൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഗ്ലാസ്ഗോയിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന ഭീതിയിൽ അവിടുത്തെ താമസക്കാരെ എല്ലാംതന്നെ അധികൃതർ ഒഴിപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും റെയിൽവേ ഗതാഗതവും താറുമാറായിട്ടുണ്ട്. തുടർന്നും ചുഴലികാറ്റുകളും മറ്റും ഉണ്ടാകുമെന്നും ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശവും ആണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സൈക്കിൾ യാത്രക്കാർ റോഡുകൾ കൈയടക്കിയ ദിവസമായിരുന്നു ഇന്നലെ. പുതിയ ഹൈവേ കോഡ് നിലവിൽ വന്നതോടെ സൈക്കിൾ യാത്രക്കാർ റോഡിന്റെ മധ്യഭാഗത്തു കൂടി യാത്ര ചെയ്യാൻ തുടങ്ങി. സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സംരക്ഷണമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 50 പുതിയ നിയമങ്ങളോടെ ഹൈവേ കോഡ് നവീകരിച്ചത്. പതുക്കെ പോകുന്ന ട്രാഫിക്കിലും തിരക്കില്ലാത്ത റോഡുകളിലും അപ്രോച്ച് ജംഗ്ഷനുകളിലും റോഡ് വീതി കുറയുന്നിടത്തും സൈക്കിൾ യാത്രക്കാർ പാതയുടെ മദ്ധ്യത്തിലൂടെ ഓടിക്കണമെന്നാണ് പുതിയ നിയമം. എന്നാൽ ഈ നിയമം മറ്റ് വാഹനയാത്രക്കാർക്ക് വലിയ വെല്ലുവിളി ഉയർത്തി.
നിയമ മാറ്റം അറിയാത്ത ഡ്രൈവർമാരാണ് ഇന്നലെ റോഡിൽ കുടുങ്ങിപോയത്. സൈക്കിൾ യാത്രക്കാർ റോഡിന്റെ മധ്യഭാഗത്ത് മനഃപൂർവം നിൽക്കുകയും പിന്നിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തതായി ഡ്രൈവർമാർ പരാതിപ്പെട്ടു. ഒരു കൂട്ടം സൈക്കിൾ യാത്രക്കാർ, കാർ കടന്നുപോകാൻ സമ്മതിക്കാതെ എട്ടു മൈൽ ദൂരം സഞ്ചരിച്ചുവെന്ന് ഡോർചെസ്റ്റർ ചേംബർ ഓഫ് ബിസിനസ് വൈസ് പ്രസിഡന്റ് സ്റ്റീവ് ബുള്ളെ ട്വിറ്ററിൽ കുറിച്ചു. അവർ പിന്നോട്ട് നോക്കി കളിയാക്കി ചിരിച്ചുകൊണ്ടാണ് സഞ്ചരിച്ചതെന്നും അദ്ദേഹം കുറിച്ചു.
സംഘം ചേര്‍ന്ന് സൈക്കിള്‍ സവാരി നടത്തുമ്പോള്‍ മറ്റ് യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് രണ്ടുപേര്‍ മാത്രം ഒരു നിരയില്‍ സൈക്കിള്‍ ഓടിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പുറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് മറികടക്കാനുള്ള സൗകര്യം നല്‍കുകയും വേണം. കാല്‍നടക്കാരെയും ശ്രദ്ധിക്കണം. ഇതുപോലെ കാർ ഓടിക്കുന്നവരും ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ വരെ സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ മറികടക്കുമ്പോള്‍ കുറഞ്ഞത് 1.5 മീറ്റര്‍ അകലം പാലിക്കണം. 10 മൈല്‍ വേഗതയില്‍ കുതിര സവാരി നടത്തുന്നവരെയും കുതിരവണ്ടിയേയും മറികടക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കണം. കാല്‍നടയാത്രക്കാരെ മറികടക്കുമ്പോഴും രണ്ട് മീറ്റർ അകലം പാലിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ അവരെ മറികടക്കാതിരിക്കുന്നതാണ് ഉചിതം. റോഡ് ഉപയോക്താക്കൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ലണ്ടനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാൻ സഹായിക്കുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായിരുന്നു വർക്ക് ഫ്രം ഹോം. വിദ്യാഭ്യാസം ഉൾപ്പെടെ മിക്ക മേഖലകളിലും വർക്ക് ഫ്രം ഹോം വൻ വിജയമായിരുന്നു. വർക്ക് ഫ്രം ഹോം നടപ്പിലാക്കിയതോടെ പല ഐടി കമ്പനികളുടെയും ലാഭംകുതിച്ചുയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല സ്ഥാപനങ്ങൾക്കും വാടക, ഇലക്ട്രിസിറ്റി പോലുള്ള ചിലവുകളിൽ ഗണ്യമായ കുറവ് ഉണ്ടാവുകയും ചെയ്തു.
ബ്രിട്ടനിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ വർക്ക് ഫ്രം ഹോം പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത് . കൂട്ടായ പ്രവർത്തനം വേണ്ട പലകാര്യങ്ങളിലും വർക്ക് ഫ്രം ഹോം മെല്ലെ പോക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുന്നതായാണ് പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ബ്രിട്ടനിൽ അഞ്ചിൽ രണ്ടുപേർ ഇനി ജോലിക്കായി ഒരിക്കലും ഓഫീസിലേയ്ക്ക് പോകില്ലന്ന അഭിപ്രായക്കാരാണ് . 71 ശതമാനം ആൾക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. സർവേയിൽ പങ്കെടുത്ത 58 ശതമാനം ആൾക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ തങ്ങളുടെ ഉല്പാദനക്ഷമത കൂടുന്നു എന്നാണ് വിശ്വസിക്കുന്നത്.
കഴിഞ്ഞ ആഴ്ച വർക്ക് ഫ്രം ഹോമിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാർ മാറ്റിയതിനുശേഷം വെറും ഒൻപത് ശതമാനം തൊഴിലാളികൾ മാത്രമാണ് ഓഫീസുകളിലേക്ക് തിരിച്ചെത്തിയത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഉടനെ ഓഫീസിലേക്ക് മടങ്ങാനുള്ള സാധ്യത വിരളമാണെന്ന് മനഃശാസ്ത്ര വിദഗ്ധനായ സർ കാരി കൂപ്പർ പറഞ്ഞു. വീട്ടിലിരിക്കുമ്പോൾ കുടുംബജീവിതവും കുട്ടികളുടെ പരിപാലനവും മറ്റും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സുജിത് തോമസ്
നെയ്‌ച്ചോർ
ചേരുവകൾ
കൈമ അരി /ജീരകശാല :2 കപ്പ്
നെയ്യ് :2 ടേബിൾ സ്പൂൺ
സവോള 1, നീളത്തിൽ കനം കുറച്ചു അരിഞ്ഞത്
കാരറ്റ് :1/4 കപ്പ്, ചെറുതായി അരിഞ്ഞത്
അണ്ടിപ്പരിപ്പ് വറുത്തത് :ആവശ്യത്തിന്
തിളച്ച വെള്ളം – 4 കപ്പ്
നാരങ്ങാ നീര് -1 1/2 ടീസ്പൂൺ
ഏലക്ക :3
ഗ്രാമ്പു :3
പട്ട 1: ചെറിയ കക്ഷണം
ഉപ്പ് : ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
1. ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാവുമ്പോൾ സവാള ഇട്ട് ഫ്രൈ ചെയ്ത് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ കോരി മാറ്റുക. അണ്ടിപരിപ്പും വറുത്തു മാറ്റുക.
2.ബാക്കിയുള്ള നെയ്യിൽ പട്ട, ഗ്രാമ്പു, ഏലക്ക മൂപ്പിച്ച ശേഷം കാരറ്റ് നുറുക്കിയത് എന്നിവ ചേർത്തു ഇളക്കി ചെറുതായി ഒന്നു വഴറ്റുക .
3.ഇനി ഇതിലേക്ക് തിളച്ച വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും, നാരങ്ങാനീരും ചേർത്തു അരി ഇട്ട് ഇളക്കി കൊടുക്കാം.
4.അരി തിള വരുന്നിടം വരെ കൂടിയ തീയിൽ പാത്രം തുറന്നു വെച്ചും, തിള വന്ന ശേഷം ചെറിയ തീയിൽ അടച്ചു വെച്ചും വേവിക്കുക . 6-7 മിനിറ്റ് ശേഷം തീയ് ഓഫ് ചെയ്തു 10 മിനിട്ടിനു ശേഷം അടപ്പു തുറന്ന് വറുത്ത സവോളയും അണ്ടിപ്പരിപ്പും ചേർത്ത് അലങ്കരിച്ച് നെയ്‌ച്ചോർ ചൂടോടെ വിളമ്പാവുന്നതാണ്.
സുജിത് തോമസ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിറ്റ അസ്ഡാ സ്റ്റോറിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഈസ്റ്റ് ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ നടന്ന റെയ് ഡിലാണ് കാലാവധി കഴിഞ്ഞ ചിക്കൻ, മീറ്റ്ബോൾ, സ്റ്റീക്ക് എന്നിവ കണ്ടെത്തിയത്. ഇതിനെതുടർന്ന് സ്റ്റോർ നവീകരിക്കണമെന്ന് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. 500 ഗ്രാം സ്റ്റീക്ക് പിസ ടോപ്പിംഗുകളുടെ പതിനൊന്ന് പായ്ക്കുകൾ, 400 ഗ്രാം പ്ലെയിൻ ചിക്കൻ അഞ്ചെണ്ണം, ആറ് 750 ഗ്രാം മീറ്റ്ബോൾ എന്നിവയുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 15-ന് നടത്തിയ പരിശോധനയെത്തുടർന്ന് വാൾതം ഫോറസ്റ്റ് കൗൺസിൽ സ്റ്റോറിന് അഞ്ചിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി.
ഇതേ കുറ്റത്തിന് ബർമിംഗ്ഹാമിലെ മൂന്ന് ടെസ്‌കോ സ്റ്റോറുകൾക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടി സ്വീകരിച്ചിരുന്നു. മൂന്ന് ബിർമിംഗ്ഹാം സ്റ്റോറുകളിൽ പഴകിയ ഭക്ഷണം വിറ്റതിന് 7.56 മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. കാലാവധി കഴിഞ്ഞതൊന്നും സൂപ്പർമാർക്കറ്റുകളിൽ വിൽക്കാൻ പാടില്ലെന്ന് വാൽതാം ഫോറസ്റ്റ് കൗൺസിൽ ഡെപ്യൂട്ടി ലീഡർ ക്ലെർ ക്ലൈഡ് ലോക് സ് പറഞ്ഞു. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാവുന്ന അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിടങ്ങളുടെ വൃത്തിയും സൗകര്യങ്ങളും പൊതുവെ തൃപ്തികരമാണെന്ന് കണ്ടെത്തിയപ്പോൾ ശുചിത്വപരമായ ഭക്ഷണം വിൽക്കുന്നതിൽ മെച്ചപ്പെടുത്തൽ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വാങ്ങാൻ പ്രദർശിപ്പിച്ചിട്ടില്ലെന്ന് അസ് ഡയുടെ വക്താവ് പറഞ്ഞു. അത് പിസ്സ നിർമ്മാണ സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാലിക് കൊടുങ്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 80 മൈൽ വേഗതയിൽ വരെ കാറ്റ് വീശും. ഇത് മൂലം വാരാന്ത്യത്തിൽ യുകെയുടെ വടക്കൻ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന മാലിക്, കിഴക്കോട്ട് നീങ്ങുമ്പോൾ വേഗത കുറയും. അതേസമയം ശൈത്യം കഠിനമായാൽ യൂറോപ്പിലാകെ കടുത്ത ഊർജ്ജക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. താപനില ഇനിയും കുറഞ്ഞാൽ ഇന്ധനചെലവ് വർധിക്കും. ഇത് മൂലം ഇലക്ട്രിസിറ്റി ബ്ലാക്ക്ഔട്ടുകള്‍ ഉണ്ടാകുമെന്നും ഊർജ്ജ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
വടക്ക് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ വർധിപ്പിച്ചാൽ വില ഉയരും. എന്നാൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം പ്രതിദിനം ശക്തമാകുന്നതിനാൽ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെയും പെട്രോളിന്റെയും ഒഴുക്ക് നിയന്ത്രിക്കാൻ റഷ്യ തീരുമാനിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ലോകമാകമാനം ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസിന്റെ ഉത് പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ആഹ്വാനം ചെയ്തത്.
യുകെയുടെ വാതകത്തിന്റെ 3% മാത്രമാണ് റഷ്യയിൽ നിന്ന് വിതരണം ചെയ്യുന്നതെങ്കിലും, യൂറോപ്പിന് മൊത്തത്തിൽ ലഭിക്കുന്ന 35% വുമായി താരതമ്യം ചെയ്യുമ്പോൾ, കുടുംബങ്ങൾക്ക് അതിന്റെ ആഘാതം അനുഭവിക്കേണ്ടി വരും. ഫെബ്രുവരിയിൽ തണുപ്പ് റെക്കോർഡ് നിലയിലെത്തുമെന്ന് ലാഡ്‌ബ്രോക്ക്‌സ് ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പകർച്ചവ്യാധി കാലത്തെ ലോക്ക് ഡൗൺ സമയത്ത് അഞ്ചുവയസ്സുകാരിയായ സ്വന്തം മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മയ്ക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. വെസ്റ്റ് ലണ്ടനിലെ ഈലിംങ്ങിലുള്ള വീട്ടിൽ കഴിഞ്ഞ സെപ്റ്റംബർ പതിനാലിനാണ് അഞ്ചു വയസ്സുകാരി ആലിയാ തോമസിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്മ മാർട്ടിന മദറോവയാണ് ആലിയയുടെ മരണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. നാല്പത്തൊന്നു വയസ്സുള്ള ഇവർക്ക് മാനസികവിഭ്രാന്തി ഉണ്ടായിരുന്നതായും, ലോക്ക് ഡൗൺ സമയത്ത് ഇവർ അമിതമായി മദ്യത്തെ ആശ്രയിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഇവർക്ക് പലതരത്തിലുള്ള ഡിപ്രഷൻ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങളും പറഞ്ഞു.
തന്റെ വരുമാനം കുറഞ്ഞത് സംബന്ധിച്ചും, ആലിയയെ സ്കൂളിൽ ചേർക്കാൻ താമസിച്ചിരുന്നത് സംബന്ധിച്ചുമുള്ള ആശങ്കകൾ മദറോവയെ അലട്ടിയിരുന്നു. ഇതേ സമയം തന്നെ ഇവർക്ക് കോവിഡ് ബാധിച്ചതായും, തുടർന്ന് മദ്യത്തെ ആശ്രയിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. തന്റെ ഭാര്യ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നതായി ഭർത്താവ് ഡേവിഡ് തോമസും കോടതിയിൽ പറഞ്ഞു. മകൾ മരിച്ച ദിവസം താൻ ജോലിക്ക് പോയിരുന്നതായും, മകളുടെ മരണവാർത്ത ഫോണിലൂടെയാണ് അറിഞ്ഞതെന്നും ഡേവിഡ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം സ്വന്തമായി ആത്മഹത്യ ചെയ്യാനായിരുന്നു താൻ തീരുമാനിച്ചിരുന്നതെന്ന് മദറോവ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ സംഭവത്തിന് മുൻപ് ഒരിക്കലും മദറോവയുടെ ഭാഗത്തുനിന്നും മകളോട് ഒരുതരത്തിലുമുള്ള ക്രൂരതയും ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഇതേ തുടർന്ന് ശിക്ഷ അഞ്ചുവർഷമായി കോടതി നിജപ്പെടുത്തിയത്. എന്നാൽ വൈദ്യ സഹായം തേടാനുള്ള സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ പലതവണ ഇവർ അവഗണിച്ചതായും കോടതി വിലയിരുത്തി.