ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്നും നാളെയും രാജ്യത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ്. 70 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇന്നും നാളെയും യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലാണ് ഇന്ന് കാറ്റും മഴയും ശക്തമാകുക. നാളെ ഇത് രാജ്യത്തുടനീളം വ്യാപിക്കും. എന്നാൽ അടുത്ത ആഴ്ച താപനില 18° സെൽഷ്യസ് വരെ ഉയരുമെന്ന വാർത്ത ബ്രിട്ടീഷുകാർക്ക് വലിയ ആശ്വാസം പകരുന്നു.

ശക്തമായ കാറ്റും മഴയും യാത്രാ തടസ്സത്തിന് കാരണമാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. മോശം കാലാവസ്ഥ ബസ്, ട്രെയിൻ സർവീസുകളെ ബാധിച്ചേക്കാമെന്നും കാലതാമസം നേരിട്ടേക്കാമെന്നും അവർ വ്യക്തമാക്കി. വാഹനങ്ങൾക്കും വീടുകൾക്കും മുകളിലേക്ക് മരം വീഴാനുള്ള സാധ്യതയുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെടും.

രാജ്യത്തെ വിറപ്പിച്ചാണ് യൂനിസ് കൊടുങ്കാറ്റ് മടങ്ങിയത്. കനത്ത നാശനഷ്ടമാണ് അന്ന് ഉണ്ടായത്. അതിനുശേഷം കാറ്റും മഴയും ശക്തമാകുമെന്ന വാർത്ത ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തീരപ്രദേശത്ത് കാറ്റ് ശക്തിപ്പെടുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തില്ല. വെസ്റ്റ്മിൻസ്റ്റർ ആബേയിൽ വെച്ച് മാർച്ച് 29 നാണ് ചടങ്ങ് നടക്കുന്നത്. എന്നാൽ ഏപ്രിൽ പകുതിയോടെ ഇൻവിക്റ്റസ് ഗെയിംസിനായി അദ്ദേഹം നെതർലാൻഡ്സിലേക്ക് പോകും. രാജകുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ട വ്യക്തികളും ഉൾപ്പെടുന്ന അനുസ്മരണ ചടങ്ങിൽ ഹാരി പങ്കെടുക്കില്ലെന്ന വാർത്ത കൊട്ടാരത്തിൽ വലിയ അതൃപ്‌തി ഉളവാക്കിയിട്ടുണ്ട്. എന്നാൽ എത്രയും വേഗം ഹാരി രാജ്ഞിയെ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ഇന്നലെ അറിയിച്ചു.

നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിൽ അറ്റ്ലാന്റിക്കിന് കുറുകെ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ഹാരിയുടെ അഭിഭാഷകർ അവകാശപ്പെട്ടു. 2014ൽ മുൻ സൈനികർക്കായി ഹാരി സ്ഥാപിച്ച കായിക ഇനമായ ഇൻവിക്‌റ്റസ് ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ പകുതിയോടെ അദ്ദേഹം നെതർലാൻഡ്സിലേക്ക് യാത്ര ചെയ്യുമെന്ന വാർത്തയും ഇന്നലെ പുറത്തുവന്നു.

ഫിലിപ്പിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സമീപനമാണ് ഹാരിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ജീവചരിത്രകാരി ഏഞ്ചല ലെവിൻ ആക്ഷേപിച്ചു. അദ്ദേഹം രാജ്ഞിയെ ധിക്കരിക്കുകയാണെന്നും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഹാരി ഇതേ കാരണം ഉപയോഗിക്കുമെന്നും ലെവിൻ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെറും 15 ശതമാനം അതിജീവന സാധ്യതയോടെ 23 ആഴ്ചയിൽ ജനിച്ച കുഞ്ഞിന് ഇനി വീട്ടിൽ പോകാം. ഒക്ടോബർ 16 ന് ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലാണ് വെറും 539 ഗ്രാം ഭാരം മാത്രമുള്ള ലൂക്കസ് ജനിച്ചത് . സെപ്‌സിസ്, തകർന്ന ശ്വാസകോശം തുടങ്ങിയ സങ്കീർണതകളുമായി മല്ലിട്ട് ഏകദേശം അഞ്ച് മാസത്തോളം വാർഡിൽ ചെലവഴിച്ചതിന് ശേഷമാണ് വീട്ടിലേക്കുള്ള ലുക്കസിൻെറ വരവ്. “ലിറ്റിൽ മിറക്കിൾ” എന്നാണ് കുട്ടിയുടെ അമ്മ സാറാ ചിയാൽട്ടൺ കുഞ്ഞിനെ അഭിസംബോധന ചെയ്‌തത്. കുട്ടിയുടെ ജീവൻ രക്ഷിച്ചതിന് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫുകളോടുള്ള നന്ദി അവർ അറിയിക്കുകയും ചെയ്തു.

മെർസിസൈഡിലെ ലിതർലാൻഡിൽ നിന്നുള്ള സാറാ ചിയാൽട്ടൺ തന്റെ ഗർഭം സാധാരണ നിലയിലായിരുന്നുവെന്നും എന്നാൽ 23 ആഴ്ച ആയപ്പോൾ അസാധാരണമായ ദ്രാവകം തൻെറ ശരീരത്തിൽ നിന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ട് ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തനിക്കു വേദനയൊന്നും തന്നെ അനുഭവപ്പെട്ടിട്ടില്ലായിരുന്നെങ്കിലും അവർ രണ്ട് സെന്റീമീറ്ററോളം ഡയലേറ്റ് ആയി എന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

കുട്ടിയുടെ അതിജീവനത്തിന് 15 ശതമാനം സാധ്യത മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഒരു ബൈറോ പേനയുടെ അത്ര വലുപ്പം മാത്രമാണ് വെറും 23 ആഴ്ച 4 ദിവസത്തിലും ജനിച്ച ലൂക്കസിന് ഉണ്ടായിരുന്നത്. തുടക്കത്തിൽ കുട്ടിയുടെ അവസ്ഥ മോശമായതിനാൽ തന്നോട് സ്വയം തയ്യാറാകുവാൻ ഡോക്ടർമാർ പറഞ്ഞതായും അമ്മ സാറാ ഓർക്കുന്നു. വ്യത്യസ്ത സങ്കീർണതകളെ നേരിട്ട് 142 ദിവസം ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചതിന് ശേഷം ഇപ്പോൾ ലൂക്കസിന് 3.7 കിലോഗ്രാം ഭാരം ആണ് ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ അഭയാർഥികളോടുള്ള യുകെയുടെ സമീപനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തുവന്നു. പുതിയതായി തുടങ്ങാനിരിക്കുന്ന പദ്ധതിപ്രകാരം ഉക്രൈൻ അഭയാർഥികളെ ബ്രിട്ടീഷുകാർക്ക് തങ്ങളുടെ വീടുകളിൽ കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്നവരോട് യുകെ ഉദാരമായി പെരുമാറുമെന്നും പുതിയ വിസ പദ്ധതിയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടൻ ഉദാരമായ സമീപനം കൈക്കൊള്ളുമ്പോഴും രാജ്യ സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 1000 അഭയാർഥികളെ മാത്രം യുകെയിൽ അഭയം നൽകിയതിൽ പരക്കെ വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് യുകെയുടെ അഭയാർത്ഥി നയത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്.

ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് ഉൾപ്പെടെ സർക്കാരിൻെറ മേൽ ശക്തമായ സമ്മർദ്ദമുണ്ട് . റഷ്യ കൂടുതൽ നഗരങ്ങളിലേയ്ക്ക് യുദ്ധം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിൽ 2.5 ദശലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ നിന്ന് പാലായനം ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1.5 ദശലക്ഷം അഭയാർത്ഥികൾ ആദ്യം പോളണ്ടിലേയ്ക്ക് ആണ് പോയതെങ്കിലും അവരിൽ 40 % പേർ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് പോയതായാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : പാകിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. അബദ്ധത്തിൽ സംഭവിച്ചതാണെന്നും മിസൈൽ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ, ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പാകിസ്ഥാൻ മേഖലയിൽ ഇന്ത്യയിൽ നിന്നുള്ള മിസൈൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴാണ് ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്.

ബുധനാഴ്ച രാത്രിയിലാണ് അതിവേഗത്തിൽ സഞ്ചരിച്ച മിസൈലിനോട് സാദൃശ്യമുള്ള വസ്തു അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലായിരുന്നു ഇത്. ആളൊഴിഞ്ഞ പ്രദേശത്ത് പതിച്ചതിനാൽ അപകടം ഒഴിവായി.

സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം: ബർമിംഗ്ഹാം സിറ്റി സെന്ററിൽ പട്ടാപ്പകൽ കൗമാരക്കാർക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. കോർപ്പറേഷൻ സ്ട്രീറ്റിലും പ്രിയോറി ക്വീൻസ്‌വേയിലും വച്ചാണ് രണ്ട് ആൺകുട്ടികൾക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആൺകുട്ടികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകശ്രമം ആരോപിച്ച് നിരവധി യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ആക്രമണം ഉണ്ടായതെന്നും നഗരം സുരക്ഷിതമല്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

“ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ സിറ്റി സെന്ററിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾക്ക് കുത്തേറ്റു. അതിനെ തുടർന്ന് നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.” – പോലീസ് പ്രസ്താവനയിൽ പറയുന്നു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ പോലീസിൽ ബന്ധപ്പെടണം. യുവാക്കൾ കത്തിയുമായി നഗരമധ്യത്തിലേക്ക് ഇറങ്ങുന്നതും ആക്രമണം നടത്തുന്നതും ആശങ്കാജനകമായ കാര്യമാണെന്ന് പോലീസ് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയിൽ നിന്ന് മനുഷ്യരാശി ഇതുവരെ പൂർണ്ണമായും മോചനം പ്രാപിച്ചിട്ടില്ല . ഇതിനിടയിലാണ് കോവിഡ് മൂലമുള്ള മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ലോകമൊട്ടാകെ ഏകദേശം 18 ദശലക്ഷം ജനങ്ങൾ മഹാമാരി മൂലം മരണത്തിന് കീഴടങ്ങി കാണുമെന്നുള്ള റിപ്പോർട്ട് പുറത്തുവന്നു.

യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 191 രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ലോകാരോഗ്യസംഘടന മഹാമാരി പ്രഖ്യാപിച്ച ദിവസം മുതൽ രണ്ടു വർഷക്കാലയളവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . കോവിഡ് പിടിപെടുന്നത് ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായതോ ആയ രോഗാവസ്ഥയുള്ളവരുടെ ആരോഗ്യസ്ഥിതിയെ വഷളാക്കാം എന്ന വസ്തുതകൂടി റിപ്പോർട്ട് തയ്യാറാക്കാൻ ഗവേഷകർ പരിഗണിച്ചിട്ടുണ്ട്.
ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ താഴെ വരുമാനമുള്ള രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക്. എന്നാൽ ഇറ്റലിയിലും യുഎസിൻെറ ചില ഭാഗങ്ങളിലും ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങളിലും മരണങ്ങൾ വളരെ ഉയർന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിന്റെ ഞെട്ടലിലാണ് ലോകം . റഷ്യ ഉക്രൈൻ യുദ്ധമുഖത്തു നിന്ന് നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുന്ന 4 ദശലക്ഷം ആളുകളെ എങ്ങനെ പുനരധിവസിപ്പിക്കണമെന്ന ആശങ്കയിലാണ് യൂറോപ്പ് . അഭയാർഥി പ്രവാഹത്തിന്റെ ഏറ്റവും കൂടുതൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്.

ഇതിനിടെ അഭയാർത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം കൈക്കൊള്ളണമെന്ന് ബ്രിട്ടൻെറ മേൽ സമ്മർദ്ദം ശക്തമാണ്. ചൊവ്വാഴ്ച മുതൽ യുകെയിലേയ്ക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചിരുന്നു. അഭയാർത്ഥി പ്രവാഹത്തിൽ കൂടുതൽ ഉദാരമായ സമീപനം കൈക്കൊള്ളുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുമോ ആശങ്കയും ശക്തമാണ്. അഭയാർഥികളുടെ മറവിൽ തീവ്രവാദ സ്വഭാവമുള്ളവരുടെ നുഴഞ്ഞു കയറ്റത്തെ കുറിച്ചുള്ള ആശങ്ക ആഭ്യന്തരസെക്രട്ടറി പങ്കുവെച്ചിരുന്നു .

റഷ്യൻ അധിനിവേശത്തിൻെറ ഭാഗമായി അഭയാർത്ഥികളായവരിൽ മോശം കാലാവസ്ഥ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എല്ലാം നഷ്ടപ്പെട്ട് രാജ്യം വിടുന്നവരിൽ പലരും ഗുരുതരമായ മാനസിക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. അഭയാർത്ഥി പ്രവാഹത്തിന്റെ രണ്ടാംഘട്ടത്തിൽ ആദ്യത്തേതിനേക്കാൾ കൂടുതൽ പ്രായമേറിയവരും ദുർബലരുമായിരിക്കും ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. അവർക്ക് ബ്രിട്ടൻ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഹായം ആവശ്യമാണെന്നുള്ള അഭിപ്രായം ശക്തമാണ്.അഭയാർത്ഥികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പാസ്പോർട്ടോ ഐഡി കാർഡോ ഉള്ള ഉക്രേനിയൻ അഭയാർഥികൾക്ക് ചൊവ്വാഴ്ച മുതൽ യുകെ വിസയ്ക്കായി ഓൺലൈനായി അപേക്ഷിക്കാൻ കഴിയും . സുരക്ഷാ വകുപ്പിൻെറ അനുമതിയോടെയാണ് ഈ നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. യുകെയിൽ ബന്ധുക്കൾ ഉള്ള ഉക്രേനിയൻ പൗരന്മാർക്കാണ് പ്രസ്തുത സ്കീമിൻെറ ആനുകൂല്യം ലഭിക്കുന്നത്.

ഉക്രൈൻ അഭയാർത്ഥികളുടെ കാര്യത്തിൽ യുകെ കുറേക്കൂടി മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ് . വിസയില്ലാതെ ഉക്രൈൻ അഭയാർത്ഥികൾക്ക് മൂന്നുവർഷംവരെ അഭയം നൽകാനുള്ള പദ്ധതിക്ക് അനുമതി നൽകണമെന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ആവശ്യം ബ്രിട്ടൻ തള്ളിക്കളഞ്ഞിരുന്നു. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് വിരലടയാളം പോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകാൻ സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

ഉക്രേനിയൻ അഭയാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിന് രണ്ടാമത്തെ മാർഗ്ഗമായ സ്പോൺസർഷിപ്പ് പ്രോഗ്രാം എന്നുമുതൽ നടപ്പിലായി തുടങ്ങുമെന്നോ എങ്ങനെ പ്രവർത്തിക്കുമെന്നതിൻെറയോ വിശദാംശങ്ങൾ സർക്കാർ നൽകിയിട്ടില്ല. അഭയാർത്ഥികൾക്കുള്ള വിസാ നയത്തിൽ കൂടുതൽ ഇളവു വരുത്തുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ഗവൺമെന്റിനുണ്ട്. തീവ്രവാദബന്ധമുള്ള ആളുകൾക്ക് നമ്മുടെ തെരുവുകളിൽ നാശം വിതയ്ക്കാൻ കഴിയുമെന്ന് സുരക്ഷാ പ്രശ്നത്തെ പരാമർശിച്ച ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മോസ്കോ : റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തലാക്കി കൊക്ക കോളയും പെപ്‌സി കോയും. റഷ്യയുടെ മനസ്സാക്ഷിയില്ലാത്ത പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ആളുകൾക്കൊപ്പമാണ് തങ്ങളെന്ന് ഇരു കമ്പനികളും അറിയിച്ചു. റഷ്യയിലെ എല്ലാ സ്ഥാപനങ്ങളും അടയ്ക്കുകയാണെന്ന് സ്റ്റാർബക്സും മക്ഡൊണാൾഡ്സും ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതോടെ, റഷ്യയിലുള്ള 1,000 റെസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ കെഎഫ്‌സിയും സമ്മർദ്ദം നേരിടുകയാണ്.

റഷ്യയിലെ 130 കടകൾ അടയ്ക്കുമെങ്കിലും അവിടെയുള്ള 2,000 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തുടരുമെന്ന് സ്റ്റാർബക്‌സ് സ്ഥിരീകരിച്ചു. അതേസമയം, റഷ്യയിലെ തങ്ങളുടെ 850 കടകൾ അടച്ചുപൂട്ടുമെന്ന് മക്‌ഡൊണാൾഡ്സും വ്യക്തമാക്കി. മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനങ്ങൾ റഷ്യയിൽ താത്കാലികമായി നിർത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് പെപ്‌സി-കോള കമ്പനികളും സമാനമായ തീരുമാനമെടുത്തത്.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി സംരംഭങ്ങൾ റഷ്യയിൽ പ്രവർത്തനം നിർത്തലാക്കിയിരുന്നു. നെറ്റ്ഫ്ളിക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബിബിസി അടക്കമുള്ള വാർത്താ ചാനലുകളുമെല്ലാം റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.