ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയതോടെ വിദേശ അവധിദിനങ്ങളിലേക്കുള്ള ബ്രിട്ടീഷുകാരുടെ താല്പര്യം വർധിച്ചുവരികയാണ്. അതിനാൽ ഏതു രാജ്യമാണ് ചെലവേറിയ കോവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ വിദേശികളെ അനുവദിക്കുക എന്ന് അറിഞ്ഞിരിക്കാം. എൻട്രി ടെസ്റ്റുകൾ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ ഒരു കോവിഡ് ടെസ്റ്റുകൾ പോലും ആവശ്യമില്ലാതെ രാജ്യം മുഴുവൻ നിങ്ങൾക്ക് യാത്ര ചെയ്യാനാവും. വാക്സിനേഷൻ സ്വീകരിച്ചവരിൽ നിന്ന് അധിക പരിശോധനകൾ ആവശ്യമില്ലാത്ത രാജ്യങ്ങൾ ഉണ്ട്. നിങ്ങൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്ത വ്യക്തി ആണെങ്കിൽ ബുദ്ധിമുട്ടില്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും.
ക്രൊയേഷ്യ
ക്രൊയേഷ്യയിൽ യാത്ര ചെയ്യാനായി ബ്രിട്ടീഷുകാർ ഒരു വർഷത്തിൽ താഴെയുള്ള കാലയളവിൽ വാക്സിൻ സ്വീകരിച്ചിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ കുട്ടികളെ നിയമത്തിൽ നിന്ന് ഒഴിവാക്കും.
ചെക്ക് റിപ്പബ്ലിക്ക്
രണ്ടു ഡോസ് വാക്സിനുകളും ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ടെങ്കിലും യാതൊരു പരിശോധനകളും ഇല്ലാതെ ചെക്ക് റിപ്പബ്ലിക്കിൽ ബ്രിട്ടീഷുകാർക്ക് പ്രവേശിക്കാനാകും. ഇനി നിങ്ങൾ ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കാത്ത ഒരാൾ ആണെങ്കിൽ രാജ്യത്ത് യാത്ര ചെയ്യുന്നതിന് മുൻപുള്ള നെഗറ്റീവ് പ്രീ-ഡിപാർച്ചർ ടെസ്റ്റ് ആവശ്യമുണ്ട്.
ഈജിപ്ത്
ഈജിപ്ത് എന്നും ബ്രിട്ടീഷുകാരുടെ ജനപ്രിയ വിനോദ നാടുകളിലൊന്നാണ്. ഈജിപ്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്ക് അധിക പരിശോധനകളൊന്നും നടത്തേണ്ടതില്ല. പരിശോധനകൾ നിന്ന് ആറു വയസ്സിന് താഴെയുള്ള കുട്ടികളെയും ഒഴിവാക്കിയിട്ടുണ്ട്.
ജർമ്മനി
രാജ്യത്തെ യുകെ യാത്ര നിരോധനം ജനുവരി നാലിന് ജർമനി നീക്കിയിരുന്നു. ഇപ്പോൾ ആറ് വയസ്സും അതിനുമുകളിൽ പ്രായമുള്ള വ്യക്തികൾക്കും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ജർമനിയിൽ പ്രവേശിക്കാം. രണ്ടാം ഡോസ് സ്വീകരിച്ചിട്ട് 14 ദിവസത്തിൽ കൂടുതൽ സമയം ആയിരിക്കണം.
ഹംഗറി
വാക്സിനേഷൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്ക് നെഗറ്റീവ് പരിശോധനകൾ ആവശ്യമില്ലാതെ ഹംഗറിയിൽ പ്രവേശിക്കാം. വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ വാക്സിനേഷൻ സ്വീകരിച്ച മുതിർന്നവരോടൊപ്പം ആണ് യാത്ര ചെയ്യുന്നതെങ്കിൽ രാജ്യത്ത് പ്രവേശിക്കാം.
ലിത്വാനിയ
വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്ക് രാജ്യത്ത് പ്രവേശിക്കാൻ കോവിഡ് പരിശോധനയിൽ നെഗറ്റീവായതിൻെറ തെളിവ് നൽകേണ്ടതില്ല. എന്നാൽ വാക്സിനേഷൻ സ്വീകരിക്കാത്ത ബ്രിട്ടീഷുകാർ നെഗറ്റീവ് ടെസ്റ്റ് കാണിക്കുകയും എത്തിച്ചേർന്ന് 10 ദിവസത്തേക്ക് സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.
മാൾട്ട
മാൾട്ട സന്ദർശിക്കുന്ന ഒട്ടുമിക്ക ബ്രിട്ടീഷുകാരും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ പരിശോധനകൾ നടത്തേണ്ടതില്ല. എന്നാൽ വാക്സിനേഷൻ സ്വീകരിക്കാത്ത 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്സിനേഷൻ സ്വീകരിച്ച മുതിർന്നവരോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിലും രാജ്യത്ത് പ്രവേശിക്കാൻ കോവിഡ് പരിശോധന നിർബന്ധമാണ്.
ഇത് കൂടാതെ താഴെ പറയുന്ന രാജ്യങ്ങളിലേയ്ക്കും ബ്രിട്ടീഷുകാർക്ക് കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാം .
സ്ലോവേനിയ, സ്പെയിൻ, ടർക്കി, അൽബേനിയ, അൻഡോറ, അർമേനിയ, ബെലാറസ്, ബോസ്നിയ, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന് റിപ്പബ്ലിക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫറോ ദ്വീപുകൾ, ജോർജിയ, ഹോണ്ടുറാസ, കൊസോവോ, ലക്സംബർഗ്, മൗറീഷ്യനിയ, നോർത്ത് മാസിഡോണിയ, പനാമ, പെറു, സാൻ മറിനോ, സെനഗൽ, സിന്റ് മാർട്ടൻ, ഉക്രെയ്ൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പാർട്ടിയിൽ ഗൂഢാലോചന നടത്തുന്നവരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് ബോറിസ് ജോൺസൻ. ടോറി എംപിയും സെലക്ട് കമ്മിറ്റി ചെയര്‍മാനുമായ വില്യം വ്രാഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. മോശം പ്രചാരണവും ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലും ഉൾപ്പെടെയുള്ള ഭീഷണികളാണ് പാർട്ടിയിലെ സഹ എംപിമാർക്ക് നേരെ ഉണ്ടായതെന്ന് വില്യം വ്രാഗ് വെളിപ്പെടുത്തിയിരുന്നു. ഭീഷണി നേരിടുന്ന സഹപ്രവർത്തകരോട് പോലീസിൽ പരാതിപ്പെടാൻ അദ്ദേഹം ഉപദേശിച്ചു. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നത് തടയാനാണ് ഈ ഭീഷണിയെന്ന് വ്രാഗ് പറഞ്ഞു. എന്നാൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും താൻ കണ്ടിട്ടില്ലെന്ന് ബോറിസ് ജോൺസൺ മാധ്യമങ്ങളോട് അറിയിച്ചു.
അതേസമയം, ലേബർ പാർട്ടിയിലേക്ക് മാറിയ ഒരു മുൻ ടോറി എംപി ക്രിസ്റ്റ്യൻ വേക്ക്ഫോർഡും സർക്കാരിനെതിരെ രംഗത്തെത്തി. ഒരു പ്രത്യേക രീതിയിൽ വോട്ട് ചെയ്തില്ലെങ്കിൽ തന്റെ മണ്ഡലത്തിൽ ഹൈസ്കൂൾ ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി വേക്ക്ഫോർഡ് പറഞ്ഞു. 20 വർഷമായി കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്ന വേക്ക്ഫോർഡ് ബുധനാഴ്ചയാണ് പാർട്ടി വിട്ടത്. വില്യം വ്രാഗിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ആംഗല റെയ്‌നർ പറഞ്ഞു. പ്രധാനമന്ത്രി ഒരു മാഫിയ തലവനെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ലിബ് ഡെം നേതാവ് സർ എഡ് ഡേവി ആരോപിച്ചു.
2020 മെയിലെ പാര്‍ട്ടിയെ ചൊല്ലി ബോറിസിനെതിരെ സ്വന്തം എംപിമാർ കലാപമുയര്‍ത്തിക്കഴിഞ്ഞു. 54 പേര്‍ 1922 ലെ കമ്മിറ്റിക്ക് കത്തുകള്‍ അയച്ചാല്‍ – ടോറി നേതൃത്വ മത്സരങ്ങള്‍ക്കായി ബാക്ക്ബെഞ്ച് ഗ്രൂപ്പ് വെല്ലുവിളി ഉയര്‍ത്തും. പാര്‍ട്ടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി രാജിവെക്കണമെന്നു വില്യം വ്രാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വൈറ്റ്ഹാളില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് മുതിര്‍ന്ന ഒഫീഷ്യല്‍ സ്യൂ ഗ്രേ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഫലം അടുത്താഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെർക്ക്‌ഷെയർ : വിദ്യാർത്ഥികളുടെ മാതാപിതാക്കളെ പരിഹസിക്കുകയും സഹപ്രവർത്തകരെ അപമാനിക്കുകയും ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ട നടപടി ഉചിതമെന്ന് എംപ്ലോയ്മെന്റ് ട്രിബ്യൂണൽ. ബെർക്ക്‌ഷെയറിലെ റീഡിംഗിലുള്ള ന്യൂ ക്രൈസ്റ്റ് ചർച്ച് പ്രൈമറി സ്‌കൂൾ അധ്യാപികയായ ഇഖ്ബാൽ ഖാനെം വംശീയാധിക്ഷേപം നടത്തിയെന്നാണ് പരാതി. സഹപ്രവർത്തകരെ ‘ബ്ലഡി ലെസ്ബിയൻസ്’ എന്ന് വിളിച്ചു. കൂടാതെ ക്ലാസ്സിലെ മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് ഒരു വിദ്യാർത്ഥിയോട് വസ്ത്രം മാറാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഖാനെം അച്ചടക്ക നടപടിക്ക് വിധേയയായിരുന്നു.
അഞ്ചുവയസ്സുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയിൽ നിന്നാണ് ഇത്തരം പെരുമാറ്റം ഉണ്ടായത്. സഹപ്രവർത്തകരോടുള്ള തന്റെ ഭാഷ വെറും പരിഹാസം മാത്രമാണെന്നാണ് അധ്യാപികയുടെ വാദം. എന്നാൽ 2019 മെയ് മാസത്തിൽ മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഖാനെമിനെ സ്കൂൾ പിരിച്ചുവിട്ടു. തനിക്ക് 50 വയസ്സിനു മുകളിലുള്ളതിനാലും ഉയർന്ന ശമ്പളം ഉള്ളതിനാലും സ്കൂൾ അധികാരികൾ തന്നെ ലക്ഷ്യം വെച്ചുവെന്നാരോപിച്ച് ഖാനെം സ്‌കൂളിനെതിരെ കേസെടുക്കാൻ ശ്രമിച്ചു. എന്നാൽ റീഡിംഗിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ കേസ് തള്ളിക്കളയുകയും അവരുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു.
2014 ഫെബ്രുവരി മുതൽ 2019 മെയ് മാസത്തിൽ പിരിച്ചുവിടുന്നത് വരെ ഖാനം സ്‌കൂളിൽ ജോലി ചെയ്തിരുന്നതായി ട്രിബ്യൂണൽ പറഞ്ഞു. മാതാപിതാക്കളുടെ ഏഷ്യൻ ഉച്ചാരണങ്ങളെ അനുകരിച്ച് വിദ്യാർത്ഥികളെ പരിഹസിച്ചതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നു. ഇത് അസ്വീകാര്യമായ പെരുമാറ്റമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ‘അച്ചടക്ക നടപടിയിൽ ശേഖരിച്ച തെളിവുകളാണ് പിരിച്ചുവിടലിന്റെ യഥാർത്ഥ കാരണം. പ്രായത്തിന് അതുമായി ഒരു ബന്ധവുമില്ല. തന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്ന് അധ്യാപിക തിരിച്ചറിയണം’ – ട്രിബ്യൂണൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നെതെർലൻഡ്സ് :- 2.5 മില്യൺ പൗണ്ട് വിലവരുന്ന ഫെറാരി കാർ ഡീലറിനു കൈമാറാൻ പോകുന്ന വഴിയിൽ മരത്തിലിടിച്ച് തകർന്നു. നെതർലൻഡ്സിലെ അംസ്റ്റർഡാമിലാണ് ഫെറാരി ആരാധകർക്ക് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്നത് മെക്കാനിക്കാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചിരുന്നയാൾ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടതായും, ഇയാളെ പ്രാഥമിക പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ലോക്കൽ ചാനലുകൾ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥ മോശമായിരുന്നുവെന്നും, ചിലപ്പോൾ അതാകാം അപകടകാരണമെന്നും ദൃക്സാക്ഷികളിൽ ഒരാൾ വ്യക്തമാക്കി.
റോഡിന് അരികിൽ ഉണ്ടായിരുന്ന ഒരു മരക്കുറ്റിയിൽ ഇടിച്ചാണ് കാറിന് അപകടമുണ്ടായത്. അപകടത്തിൽ വാഹനം ഭൂരിഭാഗവും തകർന്നതായാണ് റിപ്പോർട്ട്. കാറിന്റെ രണ്ട് വീലുകൾ വേർപെട്ടതായാണ് സംഭവസ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അപകടം നടന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ലോക്കൽ ഡീലർ ഉള്ളതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡിനെതിരെ പടപൊരുതിയ ആരോഗ്യപ്രവർത്തകരാണ് രോഗഭീതിയുടെ നാളുകളിൽ രാജ്യത്തെ താങ്ങിനിർത്തിയത്. അതിൽ നേഴ്സുമാരുടെ പങ്ക് വളരെ വലുതാണ്. നേഴ്സുമാരുടെ പ്രയത്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അനേകം കൗമാരക്കാർ നേഴ്‌സിംഗ് മേഖലയിലേക്ക് തിരിയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുകാസ് ആൻഡ് ഹെൽത്ത് എഡ്യൂക്കേഷൻ ഡേറ്റാ പ്രകാരം, 2019 മുതൽ നേഴ്‌സിംഗ് പഠിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കോവിഡ് സമയത്തെ നേഴ്സുമാരുടെ പ്രവർത്തനമാണ് ഇതിന് പ്രേരണയായതെന്ന് പത്തിൽ ഏഴു പേരും സമ്മതിച്ചു. 2021-ൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിച്ചവരിൽ 28,815 പേർ അവരുടെ പ്രഥമ വിഷയമായി നേഴ്സിംഗ് കോഴ്സ് തിരഞ്ഞെടുത്തു.
2021ലെ നേഴ്സിംഗ് അപേക്ഷകരിൽ 69% പേരും കോവിഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്ത 99% പേരും നേഴ്സിംഗിലേക്ക് നീങ്ങാനുള്ള തങ്ങളുടെ തീരുമാനം ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കണക്കുകളിലെ വർധന പ്രോത്സാഹജനകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ) പറഞ്ഞു. അതേസമയം ജീവനക്കാരുടെ ക്ഷാമം ഇപ്പോഴുമുണ്ടെന്ന് അവർ വെളിപ്പെടുത്തി.
യുകെയിലെ നേഴ്സിംഗ് മേഖലയിൽ അനേകം മലയാളികളാണ് ജോലി ചെയ്യുന്നത്. ബ്രിട്ടീഷ് വിദ്യാർത്ഥികൾ കൂടുതലായി നേഴ്സിംഗിലേക്ക് കടന്നുവരുന്നത് മലയാളികളുടെ തൊഴിലവസരത്തെ ബാധിക്കുമെന്ന ഭയമുണ്ട്. എങ്കിലും അനേകം ജീവനക്കാരുടെ ഒഴിവുണ്ടെന്ന് എൻ എച്ച് എസ് തുറന്ന് സമ്മതിക്കുന്നു. ഇത്രയും അധികം കൗമാരക്കാർ നേഴ്സിംഗ് പഠിക്കാൻ അപേക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് ഹെൽത്ത് & സോഷ്യൽ കെയർ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. “ഈ പാർലമെന്റിന്റെ അവസാനത്തോടെ 50,000 നഴ്‌സുമാരെ കൂടി റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. യോഗ്യരായ എല്ലാ നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പ്രതിവർഷം 5,000 പൗണ്ടെങ്കിലും പരിശീലന ഗ്രാന്റ് നൽകും.” ജാവിദ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് തീവ്രവ്യാപന സമയത്ത് അവതരിപ്പിച്ച പ്ലാൻ ബി നിയന്ത്രണങ്ങൾ അടുത്ത വ്യാഴാഴ്ച പിൻവലിക്കുമെന്ന് പ്രധാനമന്ത്രി. കോവിഡ് പാസ്പോർട്ടും വർക്ക് ഫ്രം ഹോം നിർദേശവും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച ബോറിസ് ജോൺസൻ, പൊതു സ്ഥലങ്ങളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിർദേശവും പിൻവലിക്കുമെന്ന് വ്യക്തമാക്കി. ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസ്താവനയിലാണ് ജോൺസൻ ഇക്കാര്യം വ്യക്തമാക്കിയത്. “ബൂസ്റ്റർ ഡോസുകളിലൂടെ ഇംഗ്ലണ്ട് ‘പ്ലാൻ എ’യിലേക്ക് മടങ്ങുകയാണ്. 60 വയസ്സിനു മുകളിലുള്ളവരിൽ 90% ത്തിലധികം പേർക്കും ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്” – ജോൺസൻ എംപിമാരോട് പറഞ്ഞു.
ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ;
• വർക്ക് ഫ്രം ഹോം നിർദേശം ഇന്ന് പിൻവലിക്കും. ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നതിനെപറ്റി ഉടമകളുമായി ചർച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി.
• കെയർ ഹോമുകളിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കും
• ജനുവരി 27 മുതൽ നിശാക്ലബുകളിലും മറ്റ് വലിയ വേദികളും പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ് നിർബന്ധമല്ല.
• നാളെ മുതൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ മാസ്ക് ധരിക്കേണ്ടതില്ല. ജനുവരി 27 മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലോ അപരിചിതരെ കാണുമ്പോഴോ മാസ്ക് ധരിക്കുന്നതാണ് ഉചിതം.
അതേസമയം, കോവിഡ് പോസിറ്റീവ് ആയാൽ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമം ഉടൻ പിൻവലിക്കില്ല. കൊറോണ വൈറസിനൊപ്പം ജീവിക്കുന്നതിനുള്ള ദീർഘകാല നടപടികൾ സർക്കാർ ആവിഷ്കരിക്കുമെന്നും ഭാവിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുതിച്ചുയരുന്ന ഭക്ഷ്യവിലയും എനർജി ബിൽ പ്രതിസന്ധിയും കാരണം പണപെരുപ്പ നിരക്ക് കഴിഞ്ഞ വർഷം 5.4 ശതമാനമായി ഉയർന്നു. മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി മാറി. ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് ഇനിയും ഉയരുമെന്നതിനാൽ പണപെരുപ്പം ഈ വർഷം വർധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയത് 1992 മാർച്ചിൽ ആയിരുന്നു. 7.1% ആയിരുന്നു പണപ്പെരുപ്പ നിരക്ക്. ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന നികുതി വർധന കൂടിയാവുമ്പോൾ സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലാവും.
ഫെബ്രുവരി ആദ്യം എനർജി റെഗുലേറ്റർ പുതിയ എനർജി പ്രൈസ് ക്യാപ് പ്രഖ്യാപിക്കും. ഏപ്രിലിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഗ്യാസ് വില 50% വരെ ഉയരുമെന്നാണ് സൂചന. ഫുഡ് ബാങ്കുകളുടെ ഉപയോഗത്തിൽ വർധന കാണുന്നുവെന്ന് സൂപ്പർമാർക്കറ്റ് ശൃംഖലയായ ഐസ്‌ലാൻഡിന്റെ മേധാവി റിച്ചാർഡ് വാക്കർ വെളിപ്പെടുത്തി. “പലരും ആഴ്ചയിൽ 25 പൗണ്ട് മാത്രമാണ് ഭക്ഷണത്തിനായി ചെലവാക്കുന്നത്. അവർ ഇതിനകം തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷണം, വസ്ത്രങ്ങൾ, ഫർണിച്ചർ എന്നിവയുടെ വിലയിലുണ്ടായ വർധനയും ഡിസംബറിലെ ജീവിതച്ചെലവ് വർധിക്കാൻ കാരണമായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങൾ തനിക്ക് മനസ്സിലായെന്ന് ചാൻസലർ ഋഷി സുനക് പറയുന്നെങ്കിലും ഉചിതമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഇത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും ഭാര്യ ക്യാരിയുടെയും ആറാഴ്ച മാത്രം പ്രായമുള്ള മകൾ റോമിക്കും കോവിഡ് ബാധിച്ചതായുള്ള വാർത്തകൾ മെയിൽ പത്രം പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഡൗണിങ് സ്ട്രീറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുടുംബത്തിലെ ഒരാൾ പോസിറ്റീവ് ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതാരാണെന്ന് ഈ വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നില്ല. എന്നാൽ മെയിൽ പത്രം പുറത്തുവിട്ട വാർത്തയിലാണ് ബോറിസ് ജോൺസന്റെ ആറാഴ്ച മാത്രം പ്രായമുള്ള മകൾക്കാണ് കോവിഡ് ബാധയെന്ന് വ്യക്തമാക്കുന്നത്. രോഗം കുഞ്ഞിനെ സാരമായ തോതിൽ ബാധിച്ചിരുന്നതായും, എന്നാൽ ഇപ്പോൾ കുട്ടി സുഖം പ്രാപിച്ചു വരുന്നതായും പത്രം റിപ്പോർട്ട് ചെയ്തു.
ഡൗണിങ് സ്ട്രീറ്റ് വാർത്തകുറിപ്പ് പുറത്തിറക്കിയതിന് ശേഷം ബോറിസ് ജോൺസൻ പൊതുജനമധ്യത്തിൽ എത്തിയിരുന്നില്ല. ചൊവ്വാഴ്ചയാണ് പിന്നീട് അദ്ദേഹം സ്‌കൈന്യൂസിന് അഭിമുഖം നൽകിയത്. ഇതിനിടയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ഡൗണിങ് സ്ട്രീറ്റിലും മറ്റും വൻ തോതിലുള്ള പാർട്ടികൾ നടന്നതായുള്ള റിപ്പോർട്ടുകൾ ബോറിസ് ജോൺസനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ യാതൊരു തരത്തിലുള്ള പ്രതിസന്ധിയുമില്ലെന്നും, കാര്യങ്ങൾ സുഗമമായാണ് നടക്കുന്നതെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി.
ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി ഡിസംബർ 9 -ന് ലണ്ടനിലെ യൂണിവേഴ്സസിറ്റി കോളേജ് ഹോസ്പിറ്റലിൽ വെച്ചാണ് മകൾ റോമിക്ക് ജന്മം നൽകിയത്. ദമ്പതികളുടെ മൂത്തമകൻ വിൽഫ്രഡും ഇവരോടൊപ്പമുണ്ട്. പ്രധാനമന്ത്രി പ്രധാനപ്പെട്ട എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കുമെന്നും, കൂടുതലും ഓൺലൈനായി ആയിരിക്കും നടത്തുക എന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തൻെറ സഹോദരിയെ തേടിയിറങ്ങിയ യുവാവിനെ കൊലപ്പെടുത്തിയതിന് ഡ്രൈവർക്ക് ജയിൽ ശിക്ഷ . പെൺകുട്ടിയുടെ സഹോദരനെ ഹാൽഫോർഡ് സ് കാർ പാർക്കിൽ വച്ച് വാഹനം ഇടിച്ചാണ് കൊലപ്പെടുത്തിയത് . മറ്റ് ബന്ധുക്കളോടൊപ്പം സഹോദരിയെ അന്വേഷിക്കാനിറങ്ങിയ 20 കാരനായ ഹംസ സാബിറിന്റെ ശരീരത്തിലൂടെ രണ്ട് തവണയാണ് മുഹമ്മദ് ഖുബൈബ് വാഹനം ഓടിച്ചത്.
സ്പാർക്കില്ലിലെ വിൽട്ടൺ റോഡ് താമസക്കാരനായ 25 വയസുള്ള ഇയാൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചതാണ് ഹംസ സാബിറിന്റെ മരണത്തിന് ഇടയാക്കിയതെന്ന കുറ്റം സമ്മതിച്ചു. ഇയാൾക്ക് മൂന്ന് വർഷത്തേക്ക് തടവും അഞ്ച് വർഷത്തേക്ക് റോഡിൽ വിലക്കും ഏർപ്പെടുത്തി. സാബിറിന്റെ 18 വയസ്സുള്ള സഹോദരി ഒരു ബന്ധുവിനെ സന്ദർശിച്ചതിനുശേഷം അമ്മയോടും സഹോദരനോടും ഒപ്പം തിരികെ വരുകയായിയുരുന്നു. എന്നാൽ യാത്ര മദ്ധ്യേ അമ്മയുമായി വഴക്കിട്ട പെൺകുട്ടി ഓടിപ്പോയതാണ് സംഭവങ്ങളുടെ തുടക്കം . തുടർന്ന് തൻെറ ബന്ധുക്കളും സുഹൃത്തുക്കളുമായി സഹോദരിയെ തേടിയിറങ്ങിയ ഹംസ സാബിറിനാണ് ദുരന്തം ഏറ്റു വാങ്ങേണ്ടതായി വന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലോസ്റ്റർ : യുകെ മലയാളികൾ അതിവേഗം മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദുരന്തമാണ് ഇന്നലെ ഗ്ലോസ്റ്ററിൽ ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസി മലയാളി സമൂഹം കേട്ടത്. കൊല്ലം ഉളിയക്കോവിൽ സ്വദേശിയും പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂര് പടുതോട് മലയിൽ നിർമൽ രമേശിന്റെ ഭാര്യയുമായ ആർച്ച നിർമൽ (24), മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ രാജൻ പൗലോസിന്റെ മകൻ ബിൻസ് രാജൻ (34) എന്നിവരാണു മരിച്ചത്. ബിൻസിന്റെ ഭാര്യ സൗത്ത് മാറാടി മേപ്പിളിൽ കുടുംബാംഗമായ അനഘ, ഒരു വയസുള്ള റിബേക്ക, നിർമൽ രമേശ് എന്നിവർക്കു പരുക്കേറ്റു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. അനഘയും കുട്ടിയും ഓക്സ്‌ഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരുക്കേറ്റ നിർമലിനെ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
സുഹൃത്തുക്കളായ ബിൻസും നിർമ്മലും കുടുംബസമേതം ബ്രിട്ടനിലെ ല്യൂട്ടനിൽ നിന്ന് ഓക്സ്ഫോർഡിലേക്ക് പോകും വഴി ചെൽസ്റ്റർഹാമിലെ റൗണ്ട് എബൗട്ടിൽ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗ്ലോസ്റ്ററിനു സമീപം എ 436 ല്‍ ആന്‌ഡേവേര്‍സ്ഫോര്‍ഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടിൽ നിന്ന് കൊടുത്തയച്ച മരുന്ന് കൈപ്പറ്റുന്നതിനായി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരിച്ചു.
കഴിഞ്ഞ ആഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യയും കുട്ടിയുമൊത്ത് യുകെയിൽ എത്തിയത്. ല്യൂട്ടൻ യൂണിവേഴ്സിറ്റിയിൽ അനഘയുടെ പഠനാവശ്യത്തിനായിരുന്നു കുടുംബസമേതമുള്ള മാറ്റം. ഖത്തറിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നിർമലും ഭാര്യയും ഉന്നതപഠനത്തിനാണ് യുകെയിലെത്തിയത്.
ബിൻസിന്റെയും ആർച്ചയുടെയും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി യുകെ മലയാളികളുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. വലിയ മോഹങ്ങളും സ്വപ്നങ്ങളുമായി യുകെയിൽ എത്തിയവരാണ് അകാലത്തിൽ മരണമടഞ്ഞത്. തീരാവേദനയിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം മലയാളിസംഘടനകൾ ആരംഭിച്ചു കഴിഞ്ഞു. ഇരുവരുടെയും കുടുംബങ്ങളെ പിന്തുണയ്ക്കാൻ നമുക്കും കൈകോർക്കാം. ബിൻസിനും ആർച്ചയ്ക്കും കണ്ണീരോടെ വിട.
ധനസമാഹരണത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക