Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആൽബർട്ട് ഐൻസ്റ്റീനെക്കാൾ ഉയർന്ന ഐക്യു നേടി പന്ത്രണ്ടു വയസ്സുള്ള ബ്രിട്ടീഷ് ആൺകുട്ടി. ക്രിസ്‌തുമസിന് ലഭിച്ചമെൻക ടെസ്റ്റിനുശേഷം ആണ് ബാർണബി സ്വിൻബേൺ തൻെറ ഐക്യു 162 ആണെന്ന് മനസ്സിലാക്കിയത്. ഇത് 18 വയസ്സിനു താഴെയുള്ളവരിൽ കാണാവുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ഏകദേശം 160 സ്കോർ വരും എന്ന് കരുതിയ ഐൻസ്റ്റീനെ മറികടന്നാണ് ബാർണബി സ്വിൻബേണിൻെറ സ്കോർ. ഉയർന്ന സ്കോർ ലഭിച്ചതിനെത്തുടർന്ന് ബ്രിസ്റ്റോൾ സ്കൂൾ വിദ്യാർത്ഥിയായ സ്വിൻബേണിനെ ഹൈ ഐക്യു സൊസൈറ്റിയിലേക്ക് സ്വീകരിച്ചു. ഗണിതവും രസതന്ത്രവും അവന് ഏറെ പ്രിയപ്പെട്ടതാണെന്നും തൻെറ മകൻ മിടുക്കനാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അവൻ അത് കൂടുതൽ മനസ്സിലാക്കാൻ തീരുമാനിച്ചതാണ് ഇതിലേക്ക് നയിച്ചതെന്നും കുട്ടിയുടെ അമ്മ tഗിസ്ലെയ്ൻ പറഞ്ഞു.


മെൻസയിൽ രണ്ടുതരം ടെസ്റ്റുകളാണുള്ളത് ആദ്യത്തേത് ചിത്രങ്ങളും സീക്വൻസുകളും അടങ്ങുന്നവയായിരിക്കും, രണ്ടാമത്തേത് ഭാഷാ സംബന്ധമായിരിക്കും. രണ്ട് ടെസ്റ്റുകൾക്ക് ശേഷം ഉയർന്ന സ്കോർ ലഭിക്കുന്നതായിരിക്കും ആ വ്യക്തിയുടെ സ്കോർ ആയി തീരുമാനിക്കുക. ഇവിടെ ഒരു കുട്ടിക്ക് സാധ്യമായ ഏറ്റവും ഉയർന്ന സ്കോറാണ് ബാർണബി സ്വിൻബേൺ നേടിയത്.ഒരു പ്രോഗ്രാമർ ആകാനാണ് ആണ് സ്വിൻബേണിൻെറ ആഗ്രഹം ഇതിനോടകം തന്നെ അവൻ യൂണിവേഴ്സിറ്റി കോഴ്സുകൾ നോക്കുന്നുണ്ടെന്നും ഓക്സ്ഫോർഡിൽ ചേരാനാണ് അവൻറെ ആഗ്രഹം എന്നും ഗിസ്ലെയ്ൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൈ ഐക്യു സൊസൈറ്റിയാണ് “മെൻസ” .ഐക്യു ഉള്ള 98 പെർസെൻടൈൽ മുതൽ ഉള്ള ആളുകളെ ഇവിടെ സ്വീകരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗിക രോഗമായ ഗൊണോറിയയുടെ അപൂർവ രൂപം യുകെയിൽ പടരുന്നതായി മുന്നറിയിപ്പ്. ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഈ സ്‌ട്രെയിൻ, കഴിഞ്ഞ മാസം ഒരു വ്യക്തിയിൽ കണ്ടെത്തിയിരുന്നു. അതിനാൽ പുതിയ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ഡോക്ടർമാർ കർശനമായ മുന്നറിയിപ്പ് നൽകി.Neisseria gonorrhoeae എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിൻ Ceftriaxone എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കും. ഗൊണോറിയയുടെ ഈ രൂപം ഏഷ്യ-പസഫിക് മേഖലയിൽ സാധാരണമാണെങ്കിലും, യുകെയിൽ അപൂർവമാണ്.

ഗൊണോറിയയുടെ ഈ സ്ട്രെയിൻ യുകെയിൽ കണ്ടെത്തുന്നത് ഒരു പ്രതിസന്ധിയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) ഡോ കാറ്റി സിങ്ക പറഞ്ഞു. സ്ഥിര പങ്കാലയില്ലാത്തവർ ഗൊണോറിയയുടെയും മറ്റ് ലൈംഗിക രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നതിന്, കോണ്ടം ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, മലാശയ വേദന, അസ്വസ്ഥത, യോനിയിൽ നിന്നോ ലിംഗത്തിൽ നിന്നോ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലെ സ്രവം എന്നിവയാണ് ഗൊണോറിയയുടെ സാധാരണ ലക്ഷണങ്ങൾ.

എന്നിരുന്നാലും, രോഗബാധിതരായ പലരും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഗൊണോറിയ ഗുരുതരമായ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ നേരത്തെയുള്ള ചികിത്സ നിർണായകമാണ്. ലൈംഗികരോഗബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ പരിശോധന നടത്താമെന്നും ആരോഗ്യ വിദഗ്ധർ അറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലത്ത് ഒമിക്രോണിൻെറ വ്യാപനം കുറയ്ക്കാനായി സർക്കാർ നീക്കങ്ങൾ നടത്തിയിട്ടും യുകെയിൽ കോവിഡിൻെറ ഒരു വലിയ തരംഗം ഉണ്ടാകാൻ പോകുന്നുവെന്നും ആശുപത്രികളിൽ രോഗബാധിതരായവരുടെ എണ്ണം കുത്തനെ ഉയരുമെന്നും സേജിൻറെ മുന്നറിയിപ്പ്. ഡിസംബർ 23ന് നടന്ന മീറ്റിംഗിൻെറ മിനിറ്റ്സ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മുൻ കാലങ്ങളിലെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം കൂടുതലായിരിക്കും എന്ന് ഗവൺമെൻറിൻറെ സയൻറിഫിക് അഡ്വൈസറി ഗ്രൂപ്പായ സേജ് മുന്നറിയിപ്പ് നൽകി.

ഇംപീരിയൽ കോളേജ് നടത്തിയ പഠനമനുസരിച്ച് ഒമിക്രോൺ വേരിയെന്റ പിടിപെടുന്ന ആളുകൾ ഡെൽറ്റ വേരിയേന്റ് പിടിപെടുന്നവരെക്കാൾ 20% ത്തോളം ആശുപത്രിയിൽ തങ്ങാനുള്ള സാധ്യത കുറവാണ്. പുതിയ കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ വർഷം നമ്മൾ കണ്ടത് പോലെ ആയിരിക്കുകയില്ല ഈ വർഷത്തെ തരംഗമെന്നും ഐസിയുവുകളിൽ രോഗികൾ നിറഞ്ഞു കവിയുന്ന അവസ്ഥ ഉണ്ടാകുമെന്നും “പ്രൊഫസർ ലോക്ക് ഡൗൺ” എന്നറിയപ്പെടുന്ന നീൽ ഫെർഗൂസൻ പോലും പറഞ്ഞു. ക്രിസ്തുമസിനു ശേഷം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ഈ ശൈത്യകാലത്ത് ധാരാളം പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ നടത്തിയ പുതിയ മോഡലിംഗ് സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ തരത്തിലുള്ള നടപടികൾ കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകണമെങ്കിൽ ഡിസംബർ 28-ന് എങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. മാർച്ച് അവസാനം വരെ അതായത് മൂന്ന് മാസം നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളാണ് പരിഗണിച്ച മോഡലുകളിൽ ഒന്ന്.

ഏറ്റവും പുതിയ എൻഎച്ച്എസിനെ കണക്കുകൾ പ്രകാരം ഡിസംബർ 22-ന് 386 പുതിയ കോവിഡ് ഹോസ്പിറ്റൽ അഡ്മിഷനുകളാണ് ഉണ്ടായിരിക്കുന്നത് . രണ്ടാം തരംഗത്തിൻെറ കാലയളവിൽ ജനുവരിയിൽ ഉണ്ടായ 850 അഡ്മിഷനുകളിൽ നിന്ന് ഇത് വളരെയധികം കുറവ് ആണെങ്കിലും കഴിഞ്ഞ ആഴ്ചയിലെ കണക്കിനേക്കാൾ 92 ശതമാനത്തോളം വർദ്ധനവ് ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് . നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് ഫലപ്രദം ആകാനുള്ള സാധ്യത കൂടുതലാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെയും ഡൗണിംഗ് സ്ട്രീറ്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസിന്റെയും അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ സേജ് പറഞ്ഞു.

ഗീവർഗീസ് മാർ അപ്രേം

ശാന്തിയുടെയും സമാധാനത്തിൻറെയും സന്ദേശമാണ് ക്രിസ്തുമസ് ലോകജനതയ്ക്ക് നൽകുന്നത്. ദൈവം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ , തന്റെ പുത്രനെ നമുക്ക് നൽകിയ ദിനമാണ് ക്രിസ്തുമസ് . അതുകൊണ്ടാണ് അത് ദൈവ സ്നേഹത്തിൻറെ ആഘോഷമായി മാറുന്നത്.

പരസ്പര സൗഹാർദം പുതുക്കുന്നതും സ്നേഹത്തിൻറെ ഒത്തുചേരലുകളും ക്രിസ്തുമസ് കാലത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ നമുക്ക് അറിയാവുന്നതുപോലെ ലോകമെങ്ങുമുള്ള ജനങ്ങൾ ഒരു മഹാമാരിയുടെ ആശങ്കയിലാണ്. പ്രത്യേകിച്ച് പ്രവാസികൾ . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈ ക്രിസ്മസ് കാലത്ത് തങ്ങളുടെ ഉറ്റവരുടെയും ബന്ധു ജനങ്ങളുടെയും അടുത്തേയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിട്ടും എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ വേദന കടുത്തതാണ് . അതുപോലെതന്നെ കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തങ്ങളുടെയൊപ്പം ഉണ്ടായിരിക്കുകയും മഹാമാരിയുടെ സമയത്ത് ജീവൻ കവർന്നെടുക്കപ്പെടുകയും ചെയ്ത ബന്ധുമിത്രാദികളുടെ വേദനയും പേറി ഒട്ടേറെപ്പേർ നമ്മുടെയിടയിലുണ്ട്. മഹാമാരി വിതച്ച അശാന്തിയുടെ കരിനിഴൽ പേറുന്ന ലോകത്തിന് സമാധാനവും ശാന്തിയും പകർന്നു നൽകാൻ ഈ ക്രിസ്തുമസ് കാലത്തിനാകട്ടെ .

ക്രിസ്തുമസ് സന്ദേശം ഉൾക്കൊണ്ട് കോവിഡ് കാലത്ത് ദുരിതം പേറുന്ന ജോലി നഷ്ടപ്പെട്ട സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ നമ്മൾക്കാകണം. ഈ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിൻറെ കരുണയുടെ ആഘോഷമായി നമുക്ക് മാറ്റാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷവും ആശംസിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഭയാർഥികളെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരോടുള്ള പിന്തുണ അറിയിച്ചുള്ള സന്ദേശം നൽകി കാന്റർബറി ആർച്ച് ബിഷപ്പിൻെറ ക്രിസ്‌തുമസ്‌ പ്രസംഗം. രാവിലെ 11 മണിക്കാണ് കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന ക്രിസ്‌തുമസ്‌ ദിന ദിവ്യബലിയിൽ അഭിവന്ദ്യ ജസ്റ്റിൻ വെൽബി പ്രസംഗിക്കുക. സത്രത്തിൽ അഭയം തേടുന്ന കന്യക മാതാവിൻെറയും ജോസഫിൻെറയും ക്രിസ്തുമസ് കഥ സർവ്വം അപകടത്തിലാക്കി, തങ്ങൾക്ക് ഉള്ളതെല്ലാം ഉപേക്ഷിച്ച് കടൽത്തീരങ്ങളിൽ എത്തിച്ചേരുന്നവരോട് അനുകമ്പയോടെ പെരുമാറേണ്ടതിൻറെ ആവശ്യകത പ്രകടമാകുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

‘ദയ’ കാണിക്കാനുള്ള മനുഷ്യൻറെ കഴിവിൽ തനിക്ക് സംശയമില്ലെന്നും കാന്റർബറി കത്തീഡ്രലിന് സമീപമുള്ള ബീച്ചുകളിൽ എത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാനായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, തന്നെ അത്ഭുതപ്പെടുത്തുന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റർ വെൽബി തൻറെ പ്രസംഗത്തിൽ ആർഎൻഎൽഐയുടെ ജോലിക്കാരെയും രക്ഷാ പ്രവർത്തകരെയും പ്രശംസിക്കും. ഉത്സവ കാലയളവിൽ ഫുഡ് ബാങ്കുകളിൽ സന്നദ്ധസേവനം നടത്തിയവരെ അദ്ദേഹം ആദരിക്കും. പകർച്ചവ്യാധി നൽകിയ അനുഭവം മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങളെ അവരുടെ ദുർബലതയെ അഭിമുഖീകരിക്കാൻ പ്രേരിപ്പിച്ച രീതിയെ പറ്റിയും മിസ്റ്റർ വെൽബി പരാമർശിക്കും. കാന്റർബറി കത്തീഡ്രലിന്റെ വെബ്‌സൈറ്റിൽ നിന്ന് തത്സമയ സ്ട്രീം വഴി പ്രഭാഷണം ലഭിക്കും.

മിസ്റ്റർ വെൽബി അടുത്തിടെ ജനങ്ങൾ വാക്സിൻ സ്വീകരിക്കുന്നത് രോഗം പടരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. വാക്സിൻ സ്വീകരിക്കുന്നത് എന്നെയും തിരഞ്ഞെടുക്കാനുള്ള എൻറെ അവകാശത്തെയും കുറിച്ചല്ല മറിച്ച് ഞാനെൻറെ അയൽക്കാരനെ സ്നേഹിക്കുന്നു എന്നതിനെക്കുറിച്ച് ആണെന്ന് എന്ന് അദ്ദേഹം തൻെറ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ മാസം അവസാനത്തോടെ ഓരോ മുതിർന്നവർക്കും ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ശ്രമം തുടരുന്നതിനാൽ ഇംഗ്ലണ്ടിലെ കോവിഡ് വാക്സിൻ സൈറ്റുകളിൽ സന്നദ്ധപ്രവർത്തകർ ഇന്നും പ്രവർത്തിക്കും. കൊറോണ വൈറസിൻെറ ഒമിക്രോൺ വേരിയന്റിൻെറ പകർച്ചാ ഭീക്ഷണിയെ തുടർന്ന് ക്രിസ്‌തുമസ്‌ ദിനത്തിലും ആയിരക്കണക്കിന് ഫസ്റ്റ്, സെക്കൻഡ്, ബൂസ്റ്റർ ഡോസുകൾ നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, സ്വിൻഡൻ, ഈസ്റ്റ്ബോൺ എന്നിവയുൾപ്പെടെ എട്ട് സ്‌ഥലങ്ങളിൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്. യുകെയിൽ കഴിഞ്ഞ വെള്ളിയാഴ്ച 122,186 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്.

യുകെയിലെ ഏകദേശം 60% മുതിർന്നവരും ഇപ്പോൾ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് തലത്തിൽ വാക്സിനേഷൻ നൽകാൻ എൻഎച്ച്എസിന് കഴിഞ്ഞു. ഇതുവരെ 32 ദശലക്ഷത്തിലധികം ബൂസ്റ്റർ വാക്‌സിനുകളും മൂന്നാം ഡോസ് വാക്സിനുകളും നൽകിക്കഴിഞ്ഞു. ഒമിക്രോണിൻെറ ആഘാതം കുറയ്ക്കുന്നതിനായി യോഗ്യരായ എല്ലാ ആളുകളും എത്രയുംവേഗം അവരുടെ വാക്സിനേഷൻ സ്വീകരിക്കാനായി മുന്നോട്ടു വരേണ്ടതാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും വെയിൽസിലും ഡിസംബർ 25 നും 26 നും വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഴിഞ്ഞ വർഷം ബ്രിട്ടീഷുകാർ കുടിച്ചു തീർത്തത് 1 ബില്യൺ കുപ്പി വൈൻ. കഴിഞ്ഞ വർഷം ഇതേ സമയം രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നു. പ്രീ-മിക്‌സ് ഡ് ക്യാനുകളുടെ വിൽപ്പന 20 ശതമാനം ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ദി വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷന്റെ (WSTA) മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് 2020 ൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഷോപ്പുകളിൽ നിന്നും 1 ബില്യൺ കുപ്പി വൈൻ വിറ്റുപോയിട്ടുണ്ട്. 113 മില്യൺ റോസ് വൈൻ, ഏകദേശം 508 മില്യൺ വൈറ്റ് വൈൻ, 434 മില്യൺ റെഡ് വൈൻ എന്നിങ്ങനെയാണ് കണക്കുകൾ. പകർച്ചവ്യാധിയിലുടനീളം എല്ലാത്തരം മദ്യത്തിന്റെയും വില്പന സൂപ്പർമാർക്കറ്റുകളിൽ കുതിച്ചുയർന്നു. അതേസമയം പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടതോടെ അവിടുത്തെ മദ്യ വില്പന കുത്തനെ ഇടിഞ്ഞു.

ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ബിയറാണ്. ബിയറിന്റെ വില്പന 25 ശതമാനം വർദ്ധിച്ചു. ലോക്ക്ഡൗണിനിടയിൽ ജനങ്ങൾ പ്രീ-മിക്‌സ് ഡ് റെഡി ടു ഡ്രിങ്ക് (RTD) ക്യാനുകൾ തേടിയെത്തിയതോടെ വില്പന 20 ശതമാനം ഉയർന്നു. ലോക്ക്ഡൗണിൽ അർജന്റീനിയൻ വൈനിന്റെ വിൽപ്പന 43 ശതമാനമാണ് വർദ്ധിച്ചത്. 50 മില്യണിലധികം കുപ്പി അർജന്റീനിയൻ വൈനാണ് ബ്രിട്ടീഷുകാർ വാങ്ങിക്കൂട്ടിയത്.

2016-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊണ്ണൂറ്റിയൊന്ന് മില്യൺ കുപ്പി വൈൻ കൂടുതൽ വിറ്റഴിക്കപ്പെട്ടു. സമീപ വർഷങ്ങളിൽ ‘വീട്ടിലിരുന്നുള്ള മദ്യപാനം’ കൂടുതൽ പ്രചാരം നേടിയതാണ് ഈ വൻ വില്പനയുടെ കാരണം. കോവിഡിനെ തുടർന്ന് പബ്ബുകൾ അടച്ചതിനുശേഷം ബ്രിട്ടീഷുകാർ വ്യത്യസ്തമായ ലഹരി പാനീയങ്ങൾ പരീക്ഷിച്ചതായി വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മൈൽസ് ബീൽ പറഞ്ഞു. അർജന്റീനിയൻ വൈൻ നിർമ്മാതാക്കൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോങ്കോങ് : ടിയാനൻമെൻ കൂട്ടക്കൊലയുടെ സ്മാരകമായി ഹോങ്കോങ് സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന പ്രതിമ നീക്കം ചെയ്തു. ബുധനാഴ്ച രാത്രിയാണ് പ്രതിമ നീക്കം ചെയ്തത്. ‘അപമാനത്തിന്റെ സ്തംഭം’ എന്ന് അറിയപ്പെടുന്ന പ്രതിമ നീക്കം ചെയ്യാൻ സർവകലാശാല നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിപ്പിക്കുന്ന ഏതാനും പൊതു സ്മാരകങ്ങൾ മാത്രമാണ് ഹോങ്കോങ്ങിൽ ഇനി അവശേഷിക്കുന്നത്. ഹോങ്കോങ്ങിലെ രാഷ്ട്രീയ വിയോജിപ്പുകളെ ചൈന കൂടുതലായി അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം ചെയ്യൽ.

സർവ്വകലാശാല അധികൃതർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടി തിരിച്ചതിന് ശേഷമാണ് പ്രതിമ നീക്കം ചെയ്തത്. 26 അടി ഉയരമുള്ള ചെമ്പ് പ്രതിമ 24 വർഷമായി സർവ്വകലാശാല ക്യാമ്പസിൽ ഉണ്ടായിരുന്നു. 2020-ൽ, കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി, 30 വർഷത്തിനിടെ ആദ്യമായി ടിയാനൻമെൻ വാർഷിക അനുസ്മരണം ഹോങ്കോംഗ് അധികൃതർ നിരോധിച്ചിരുന്നു.

ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിന്റെ ഹൃദയഭാഗത്തുള്ള ഒരു ചത്വരമാണ് ടിയാനൻമെൻ സ്ക്വയർ. 1989-ൽ, ജനാധിപത്യം വരണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ വിദ്യാർഥികളെ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണം മാറണമെന്നതായിരുന്നു അവരുടെ ആവശ്യം. ചൈനീസ് ഗവൺമെന്റിലെ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായി ഇത് മാറി. ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധാർഹം തടിച്ചു കൂടിയിരുന്ന ആയിരക്കണക്കിന് കോളേജ് വിദ്യാർഥികളെ പട്ടാളം വെടിവെച്ചു കൊന്നു. വിദ്യാർഥികളുടെ ശരീരത്തിലൂടെ സൈനികർ പീരങ്കികൾ കയറ്റിയിറക്കി. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെയാണ് ടിയാനൻമെൻ കൂട്ടക്കൊല എന്ന് വിളിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടീഷ് ഗവൺമെൻറിന് പാളിച്ച ഉണ്ടായതായുള്ള പൊതുജനങ്ങളുടെ അഭിപ്രായം മൂലം ബോറിസ് ജോൺസൻെറ ജനപ്രീതി ദിനംപ്രതി കുറഞ്ഞുവരികയാണ്. ഇത് കൂടാതെ ഒമിക്രോൺ വേരിയന്റിൻെറ പകർച്ചാഭീതിയെ തുടർന്ന് ഏർപ്പെടുത്തിയ പ്ലാൻ ബി നിയന്ത്രണങ്ങളുടെ പേരിൽ ബോറിസ് ജോൺസൺ ഗവൺമെന്റിന് സ്വന്തം പാർട്ടിയിൽ നിന്നും എംപിമാരിൽനിന്നും ജനങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് ഉണ്ടായ സർവ്വേ പ്രകാരം ബോറിസ് ജോൺസൻെറ ജനപ്രീതി വളരെയധികം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അസുഖമുണ്ടെങ്കിൽ ജോലിയിൽ നിന്ന് അവധിയെടുക്കാം എന്ന തീരുമാനം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

തുടർച്ചയായി 28 ദിവസത്തിൽ കൂടുതൽ അസുഖം ബാധിച്ചതിനെ തുടർന്ന് സിക്ക് ലീവ് എടുത്തിട്ടുണ്ടെങ്കിൽ ജീവനക്കാർ അവരുടെ തൊഴിലുടമയ്ക്ക് ഡോക്ടറുടെ പക്കൽനിന്നും സിക്ക് നോട്ട് നൽകണം. വാരാന്ത്യങ്ങളിലും ബാങ്ക് അവധിദിനങ്ങൾ പോലുള്ള പ്രവൃത്തിയില്ലാത്ത ദിവസങ്ങളും ഇതിലുൾപ്പെടുന്നു. 2021 ഡിസംബർ 10ന് മുമ്പ് 7 ദിവസത്തിൽ കൂടുതൽ ജോലിയിൽ നിന്ന് വിട്ടു നിന്നിട്ടുള്ളവർ തങ്ങളുടെ സിക്ക് ലീവിനുള്ള തെളിവ് നൽകണം. കൊറോണ വൈറസ് മൂലം ജീവനക്കാർക്ക് സ്വയം ഒറ്റപ്പെടുകയോ ജോലി ചെയ്യാൻ കഴിയാതെ ഇരിക്കുകയോ ചെയ്യേണ്ട സാഹചര്യം വന്നാൽ അവർക്ക് എൻഎച്ച്എസിൻെറ 111ൽ നിന്ന് ഓൺലൈനായി ഒരു ഐസൊലേഷൻ നോട്ട് ലഭിക്കും. ഇവർക്ക് ജിപിയുടെ അടുക്കലേയ് ക്കോ ആശുപത്രിയിലേയ് ക്കോ പോകേണ്ടതില്ല. മറ്റേതെങ്കിലും തരത്തിലുള്ള അസുഖം മൂലമാണ് ലീവെടുക്കുന്നതെങ്കിൽ ഇവർക്ക് ജി പിയിൽ നിന്നോ ആശുപത്രി ഡോക്ടർമാരിൽ നിന്നോ നോട്ട് ലഭിക്കും. സിക്ക് നോട്ടുകൾ സൗജന്യമാണ്, എന്നാൽ സിക്ക് നോട്ടുകൾ നേരത്തെ ആവശ്യപ്പെട്ടാൽ ഡോക്ടർ ചാർജ് ഈടാക്കിയേക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കുന്നുവെന്നതിൻെറ തെളിവുകളിലേക്ക് ബഹിരാകാശ ഏജൻസികൾ അടുക്കുമ്പോൾ അന്യഗ്രഹജീവികളുടെ കണ്ടെത്തലിനെ അംഗീകരിക്കാൻ മതവിശ്വാസികളെ സഹായിക്കാനായി ബ്രിട്ടീഷ് പുരോഹിതനെ തങ്ങളുടെ ദൗത്യത്തിൽ ചേർത്തു നാസ. ഓക്സ്ഫോർഡിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഡോക്ടർ ആൻഡ്രൂ ഡേവിഡ്സൺ ആണ് യുഎസിലെ പ്രിൻസ്റ്റണിലുള്ള സെൻറർ ഫോർ തിയോളജിക്കൽ എൻക്വയറിയിൽ നാസ സ്പോൺസേർഡ് പ്രോഗ്രാമിൽ പങ്കെടുത്ത 24 ദൈവശാസ്ത്രജ്ഞരിൽ ഒരാൾ. വാസ്തവത്തിൽ മനുഷ്യൻ മാത്രമല്ല ബഹിരാകാശത്തിലെ ജീവരൂപങ്ങൾ എന്നും അന്യഗ്രഹ ജീവികൾ ഉണ്ടെന്ന വാർത്തയോട് ലോകത്തിലെ വിവിധ മതങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് വിലയിരുത്തുകയെന്നതാണ് ഇവരുടെ ദൗത്യം.

നാസയുടെ 7.45 ബില്യൺ പൗണ്ടിൻെറ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ക്രിസ്മസ് ദിനത്തിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നീക്കം. ഈ ഇൻഫ്രാറെഡ് ദൂരദർശിനി പ്രപഞ്ചത്തിലെ ഉത്ഭവവും അതിൽ മനുഷ്യനുള്ള സ്ഥാനവും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് പ്രധാന പങ്കു വഹിക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. 2016 സെപ്റ്റംബറിനും 2017 ജൂണിനും ഇടയിലുള്ള കാലയളവിൽ ഡോ. ഡേവിസൺ ദി സോഷ്യറ്റൽ ഇംപ്ലിക്കേഷൻസ് ഓഫ് ആസ്‌ട്രോബയോളജി പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. ഭൂമിക്കപ്പുറം ജീവൻ വ്യാപിക്കുന്നു എന്ന ചോദ്യത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർ മധ്യകാലഘട്ടം മുതലേ ചിന്തിച്ചിരുന്നുവെന്ന് ഡോ. ഡേവിസൺ പറഞ്ഞു. ഏകദേശം 25 വർഷമായി നാസയുടെ ആസ്ട്രോബയോളജി വിഭാഗം ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ്.

RECENT POSTS
Copyright © . All rights reserved