ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച് എസിൽ ക്യാൻസർ പ്രതിരോധത്തിനായി രോഗികളെ വളരെയേറെ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ക്രോസ്-പാർട്ടി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുന്നറിയിപ്പ് നൽകി. നിലവിൽ ചികിത്സയ്ക്കായുള്ള വെയ്റ്റിംഗ് ലിസ്റ്റ് 6.1 ദശലക്ഷം ആയിരിക്കുന്നത് വരും വർഷങ്ങളിൽ വീണ്ടും കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകുകയില്ല. ഡിപ്പാർട്ട്മെൻറ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെതിരെ കടുത്ത വിമർശനങ്ങളാണ് പിഎസി ഉന്നയിച്ചിരിക്കുന്നത് .

കാത്തിരിപ്പ് പട്ടികയിലുള്ള പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. പ്രത്യേകിച്ച് ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ കാത്തിരിപ്പ് പട്ടിക നീളുന്നതിൽ കടുത്ത ആശങ്കയാണ് പിഎസി രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിൽ ഹിപ്, കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ചികിത്സകൾക്ക് നിശ്ചയിച്ചിരിക്കുന്ന 18 ആഴ്ചത്തെ ലക്ഷ്യം നേടാൻ എൻഎച്ച്എസിന് ആയിട്ടില്ല. വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്കിടയിൽ ക്യാൻസർ പോലുള്ള രോഗങ്ങൾ നിർണ്ണയിക്കപ്പെടാൻ താമസിക്കുന്നത് മൂലം കൂടുതൽ ആളുകൾ മരിക്കാനോ ഗുരുതരമായ രോഗാവസ്ഥയിലാകാനോ ഉള്ള സാധ്യതയിലേയ്ക്ക് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടിയിരുന്നു.

രാജ്യമൊട്ടാകെ കോവിഡ് പടർന്നുപിടിച്ചത് എൻഎച്ച്എസിൻെറ കാത്തിരിപ്പ് പട്ടിക വളരെ കൂടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് രോഗികളുടെ പരിചരണം എൻഎച്ച്എസിൻെറ മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത് . എന്നിരുന്നാലും 2014 മുതൽ ക്യാൻസർ രോഗി പരിചരണത്തിനായുള്ള 8 പ്രധാന മാനദണ്ഡങ്ങൾ പാലിക്കാൻ എൻഎച്ച്എസിന് ആയിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് ക്യാൻസർ സംശയിക്കുന്ന വ്യക്തികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സ്പെഷ്യലിസ്റ്റിന് സന്ദർശിക്കണം എന്ന മാനദണ്ഡം പോലും പലപ്പോഴും സാധിക്കാറില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫ് തിരികെ യുകെയിലേക്ക് എത്തുന്നു. കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്ന നസാനിന് ഈ ആഴ്ച യുകെ പാസ്പോർട്ട് തിരികെ ലഭിച്ചു. ഇനി, ലണ്ടനിലെ ഹാംപ്‌സ്റ്റെഡിൽ കഴിയുന്ന ഭർത്താവിന്റെയും മകളുടെയും അടുത്തേക്ക്. നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്.

അതിനിടെ, നസാനിൻ ഉൾപ്പെടെ രണ്ട് ബ്രിട്ടീഷ്-ഇറാൻ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.

നസാനിനൊപ്പം ജയിലിലായിരുന്ന അനൂഷെ അഷൂരിയെയും വിട്ടയച്ചതായി ഇറാൻ ജുഡീഷ്യറി വക്താവ് പറഞ്ഞു. 2016ൽ കുടുംബത്തെ കാണാൻ ഇളയ മകളോടൊപ്പം ഇറാനിലെത്തിയ നസാനിനെ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. 2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും ബി.ബി.സി പേർഷ്യന് അഭിമുഖം നൽകിയതും രാജ്യത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ അറസ്റ്റ്.
സ്കോട്ട്ലൻഡ് : കറുത്ത വർഗ്ഗക്കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനം. പെൺകുട്ടിയുടെ കൈവശം കഞ്ചാവുണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെൺകുട്ടിയുടെ ആർത്തവസമയത്ത് പോലീസ് നടത്തിയ പരിശോധന ന്യായീകരിക്കാൻ കഴിയാത്തതാണെന് സേഫ്ഗാർഡിംഗ് റിപ്പോർട്ട് പറയുന്നു. പരിശോധന നേരിടേണ്ടി വന്ന കുട്ടി മാനസികമായി തകർന്ന അവസ്ഥയിലാണ്. പോലീസ്, സന്തോഷവതിയായ പെൺകുട്ടിയെ ഭീരുവാക്കിതീർത്ത് ഏകാന്തതയിലേക്ക് തള്ളിവിട്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

പെൺകുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് ഉണ്ടെന്ന സംശയിച്ച അധ്യാപകർ പോലീസിനെ വിളിക്കുകയായിരുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി. ആർത്തവമാണെന്ന് അറിഞ്ഞിട്ടും സാനിറ്ററി ടവൽ അഴിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, പരിശോധനയിൽ യാതൊന്നും ലഭിക്കാത്തതിനാൽ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതൊരു വംശീയ അതിക്രമം ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. “അവൾ കറുത്തവളല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.” അവർ പറഞ്ഞു.
2020 അവസാനമാണ് ഇത് നടന്നതെന്ന് ലോക്കൽ ചൈൽഡ് സേഫ്ഗാർഡിംഗ് പ്രാക്ടീസ് റിവ്യൂവിൽ പറയുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സ്കോട്ട്ലൻഡ് യാർഡ് രംഗത്തെത്തി. പരിശോധന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു.
ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കേസാണിതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഇന്നലെ വ്യക്തമാക്കി. ‘ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഞാൻ അങ്ങേയറ്റം ആശങ്കാകുലനാണ്- ഒരു കുട്ടിക്കും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരരുത്.’ അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്ന ആളാണോ നിങ്ങള്‍? മുറിക്കുള്ളില്‍ ഒരു ചെറുവെളിച്ചം എങ്കിലും ഇല്ലെങ്കില്‍ ഉറക്കം വരുന്നില്ലെന്ന് പരാതി പറയാറുണ്ടോ? മിക്ക ആളുകള്‍ക്കും ഈ പ്രശ്നമുണ്ട്. എന്നാൽ ലൈറ്റ് ഓൺ ചെയ്ത് ഉറങ്ങുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകുമെന്ന് പറയുകയാണ് നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. രാത്രിയിൽ ലൈറ്റ് ഓൺ ചെയ്ത് ഉറങ്ങുമ്പോൾ ഹൃദയമിടിപ്പ് ഉയരുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. അടുത്ത ദിവസം രാവിലെ ഇൻസുലിനോട് ശരീരം പ്രതികരിക്കുന്നതിനെയും ഇത് ബാധിച്ചേക്കാം.

ഈ രണ്ട് ഘടകങ്ങളും ഹൃദ്രോഗ, പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചെറിയ അളവിലുള്ള പ്രകാശത്തിന് ശരീരത്തെ ‘അലർട്ട് സ്റ്റേറ്റിലേക്ക്’ എത്തിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. 20 പേരിലാണ് പരീക്ഷണം നടത്തിയത്. ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ആളുകൾ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ ശ്രമിക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ അഭയാർത്ഥികൾക്കായി ബ്രിട്ടൻ ഏർപ്പെടുത്തിയ ഹോം ഫോർ ഉക്രൈൻ പദ്ധതികൾക്കായുള്ള വെബ്സൈറ്റ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഈ പദ്ധതിയുടെ ഭാഗമാകാൻ ഒരുലക്ഷത്തിലധികം ബ്രിട്ടീഷുകാരാണ് മുന്നോട്ടുവന്നത്. മറ്റുള്ളവർക്ക് ദുരിതം അനുഭവിക്കുന്ന സമയത്ത് ഏറ്റവും നന്നായി പിന്തുണ കൊടുത്ത ചരിത്രമാണ് യുകെയ്ക്ക് ഉള്ളതെന്ന് ഹൗസിംഗ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു.

വിവിധ സ്പോൺസർഷിപ്പ് സ്കീമിന്റെ കീഴിൽ എത്ര ഉക്രൈൻകാർക്ക് പ്രവേശിക്കാം എന്ന കാര്യത്തിൽ പരിധിയില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അഭയാർത്ഥികൾക്ക് അഭയം നൽകുന്ന കുടുംബങ്ങൾക്ക് 350 പൗണ്ട് ധനസഹായം നൽകുമെന്ന് ഗവൺമെൻറ് വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തിലധികം ആളുകളും സംഘടനകളും ഉക്രേനിയൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ മുന്നോട്ടുവന്നത് സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു . സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡും ലോക്ക്ഡൗണും ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ മാനസികാരോഗ്യ സേവനങ്ങളിലേക്ക് 43 ലക്ഷം റഫറലുകളാണ് ഉണ്ടായത്. ഏറ്റവും വലിയ മാനസികാരോഗ്യ പ്രശ്നമാണ് ഇംഗ്ലണ്ട് ഇപ്പോൾ നേരിടുന്നതെന്ന് എൻഎച്ച്എസ് ഡാറ്റ വിശകലനം ചെയ്ത റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് പറഞ്ഞു. ആരോഗ്യ സേവനത്തിനുമേലുള്ള സമ്മർദം വർദ്ധിക്കുന്നതായി അവർ മുന്നറിയിപ്പ് നൽകി. ഒപ്പം പ്രതിസന്ധി നേരിടാനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം, സ്പെഷ്യലിസ്റ്റ് അഡൽറ്റ് മെന്റൽ ഹെൽത്ത് സർവീസുകളിലേക്ക് 33 ലക്ഷം റഫറലുകൾ ഉണ്ടായിരുന്നു. 18 വയസ്സിന് താഴെയുള്ളവരുടെ 10.3 ലക്ഷം റഫറലുകളും കഴിഞ്ഞ വർഷം ഉണ്ടായിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ചില രോഗികളെ ഒന്നിലധികം സേവനങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
14 ലക്ഷം പേർ ഇപ്പോഴും ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. 2023/24 ഓടെ പ്രതിവർഷം 2.3 ബില്യൺ പൗണ്ട് അധികമായി മാനസികാരോഗ്യ സേവനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്കിടയിൽ മാനസിക പ്രശ്നങ്ങൾ വർധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുദ്ധം തകർത്ത യുക്രൈനിൽ നിന്നും പലായനം ചെയ്ത് എത്തുന്നവർക്ക് വാസസ്ഥലമൊരുക്കാൻ യുകെ. സർക്കാരിന്റെ ‘ഹോംസ് ഫോർ യുക്രൈൻ’ പദ്ധതി ആരംഭിച്ചു. യുക്രൈൻ അഭയാർത്ഥികൾക്ക് പരിരക്ഷ ഒരുക്കുന്ന ഈ പദ്ധതി ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാവുകയാണ്. അഭയാർത്ഥിക്ക് താമസസൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും സ്വന്തം വീട്ടിലോ സുരക്ഷിതമായ മറ്റൊരിടത്തോ അവർക്ക് താമസമൊരുക്കാൻ കഴിയണം. ചാരിറ്റികൾ, ബിസിനസ്സ്, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവർക്കും അപേക്ഷിക്കാം.

ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തെത്തുന്ന യുക്രൈൻകാരുടെ എണ്ണത്തിൽ പരിധിയില്ലെന്ന് സർക്കാർ അറിയിച്ചു. ഒരു അഭയാര്‍ത്ഥിയെ പാര്‍പ്പിക്കുന്ന ഓരോ കുടുംബത്തിനും പ്രതിമാസം 350 പൗണ്ട് നികുതിയില്ലാതെ നല്‍കും. വെള്ളിയാഴ്ച മുതല്‍ യുക്രൈന്‍ പൗരന്റെ വിസ വ്യക്തിഗതമായി സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, സഹായിക്കാൻ ആഗ്രഹിക്കുന്ന യുക്രൈൻ പൗരന്റെ പേര് അറിയണം. യുക്രൈൻ പൗരനുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ എല്ലാ വിശദാംശങ്ങളും അപേക്ഷന്റെ വിശദാംശങ്ങളും സഹിതം ഒരു വിസ അപേക്ഷ പൂരിപ്പിക്കാനും സർക്കാർ ഉപദേശിക്കുന്നു.

പദ്ധതിക്ക് കീഴിൽ വിസ അനുവദിക്കുന്നവർക്ക് മൂന്ന് വർഷത്തേക്ക് യുകെയിൽ ജോലി ചെയ്യാനും ആനുകൂല്യങ്ങൾ സ്വീകരിക്കാനും പൊതു സേവനങ്ങൾ ഉപയോഗിക്കാനും അർഹതയുണ്ട്. യുക്രൈൻ അഭയാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് സെയിൻസ്ബറി, മാർക്ക്സ് & സ്പെൻസർ, മോറിസൺസ് എന്നിവർ രംഗത്തെത്തി. വളർത്തുമൃഗങ്ങളുമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുക്രൈൻ പൗരന്മാർക്ക് അതിനുള്ള അവസരവും ഒരുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കിടെ നോർത്ത് നോട്ടിങ്ഹാംഷെയറിലെ സെമിത്തേരിയിൽ വച്ച് 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് അധികൃതർ. 2019 ഡിസംബർ 12 വ്യാഴാഴ്ച വൈകിട്ട് ഏകദേശം 3:40 തോടെയാണ് റെറ്റ് ഫോർഡിലെ സെമിത്തേരിയിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സമീപം എത്തിയ അക്രമി കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. വർഷങ്ങളായി ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും അക്രമിയെ സംബന്ധിച്ച് യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. ഇതേതുടർന്നാണ് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തീരുമാനത്തിലേക്ക് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.

പെൺകുട്ടി ആക്രമിക്കപ്പെട്ട സമയത്തിനോട് അനുബന്ധിച്ച് ഒരു മനുഷ്യന്റെ സിസിടിവി ഫൂട്ടേജ് ലഭിച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായി ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം പോലീസിന് ഉടൻതന്നെ കൈമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര ചെറിയ വിവരം ആണെങ്കിൽ പോലും അത് അന്വേഷണത്തിൽ വളരെയധികം സഹായിക്കുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
25 വയസ്സിന് താഴെയുള്ളവർ സിഗരറ്റ് വാങ്ങുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതി ഉടൻ. ബ്രിട്ടീഷുകാരുടെ പുകവലി എങ്ങനെ നിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അവലോകനത്തിൽ നേതൃത്വം നൽകുന്ന പുകവലി വിരുദ്ധ സംഘടനയാണ് ന്യൂസിലൻഡിൽ ഇതിനോടകം അവതരിപ്പിച്ച സമാനമായ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ പരിഗണിക്കുന്നതായി പറഞ്ഞത്. ആത്യന്തികമായി പുകവലി നിർത്താനുള്ള ശ്രമത്തിൻെറ ഫലമായി ഭാവിതലമുറയ്ക്ക് അവിടുത്തെ നിയമ നിർമ്മാതാക്കൾ സിഗരറ്റ് നിരോധിച്ചിരുന്നു. ഇതിൻപ്രകാരം 2008നു ശേഷം ജനിച്ച ആർക്കും അവരുടെ ജീവിതകാലത്ത് സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ചിൽഡ്രൻസ് ചാരിറ്റി ബെർനാഡോയുടെ മുൻ സിഇഒ ആയ ജാവേദ് ഖാൻ ആണ് സ്വതന്ത്ര അവലോകനത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അടുത്തമാസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് റിപ്പോർട്ട് ചെയ്യും. എത്ര പ്രായപരിധി വരെ ഉള്ളവർക്ക് പുകയില ഉത്പ്പന്നങ്ങൾ വാങ്ങാൻ സാധിക്കും എന്നതിനെപ്പറ്റി താൻ ഗൗരവമായി ചിന്തിക്കുകയാണ് എന്ന് മിസ്റ്റർ ഖാൻ പറഞ്ഞു.

ന്യൂസിലാൻഡിലെ മാതൃക ശരിയാണോ എന്നും 25നു പകരമായി പ്രായപരിധി 19, 20, 21 ആക്കുന്നതിനെ പറ്റി ഉള്ള വാദം ഉയരുന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായുള്ള രാജ്യത്തുടനീളമുള്ള പുകവലി നിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. കൂടാതെ സിഗരറ്റ് ഉപയോഗം 2019-ൽ 15.8 ശതമാനം ആയിരുന്നെങ്കിൽ അത് 2020-ൽ 14.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2030 തോടുകൂടി പുകവലി രഹിതമാക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിൽ ഇപ്പോഴും ആറ് ദശലക്ഷത്തോളം പുകവലിക്കാർ ഉണ്ട്. നമുക്ക് തടയാൻ സാധിക്കുന്ന മരണത്തിൻെറ ഏറ്റവും വലിയ കാരണം പുകയിലയാണ്. 2019-ൽ മാത്രം പുകയിലയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 64,000 പേരാണ് മരണപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സംഘർഷം രൂക്ഷമായ യുക്രൈനിൽ നിന്നും 21 കുട്ടികൾ ക്യാൻസർ ചികിത്സയ്ക്കായി യുകെയിൽ എത്തിയെന്നു ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. പോളിഷ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ ക്രമീകരിച്ച അടിയന്തര വിമാനത്തിലാണ് കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയത്. എൻഎച്ച്എസിലേക്ക് അയക്കുന്നതിന് മുമ്പ് കുട്ടികളെ ഡോക്ടർമാർ പരിശോധിക്കും. സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട യുക്രൈനിയൻ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നതിൽ യുകെ അഭിമാനിക്കുന്നെന്ന് ജാവിദ് അറിയിച്ചു.

“എൻഎച്ച്എസിലെ ജീവനക്കാർ കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് എനിക്കുറപ്പാണ്.” ജാവിദ് കൂട്ടിച്ചേർത്തു. സതാംപ്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒൻപത് ഡോക്ടർമാരാണ് കുട്ടികളെ എത്തിക്കാൻ പോളണ്ടിലേക്ക് പോയത്. റഷ്യൻ സൈനിക ആക്രമണം പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിച്ചതോടെ യുക്രൈനിൽ സ്ഥിതി ആശങ്കാജനകമാണ്.

യുദ്ധത്തെ തുടർന്ന് നിരവധി യുക്രൈൻ പൗരന്മാർ ചികിത്സ കിട്ടാതെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചികിത്സ ആവശ്യമുള്ള നിരവധി കുട്ടികളെ പോളണ്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിലാണ് എത്തുന്നത്. ഇതുവരെ 650,000-ത്തിലധികം മെഡിക്കൽ ഉപകരണങ്ങൾ യുക്രൈനിലേക്ക് അയച്ചിട്ടുണ്ടെന്ന് സാജിദ് ജാവിദ് വെളിപ്പെടുത്തി. എട്ടു വിമാനങ്ങളിലായി തീവ്രപരിചരണത്തിനുള്ള ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ യുക്രൈനിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.