ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫാമിലി ഡോക്ടറുമായി അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ സാധിക്കാത്ത നിരവധി രോഗികൾ സ്വകാര്യ ജീപികളുടെ സേവനങ്ങളിലേക്ക് തിരിയുന്നതായുള്ള റിപ്പോർട്ട് പുറത്ത്. എൻഎച്ച്എസ് ഡോക്ടറുമായി മുഖാമുഖം ഉള്ള സ്ലോട്ടുകളുടെ അഭാവം വർധിച്ചുവരുതിനിടയിലാണ് 1.6 ദശലക്ഷം ആളുകൾ ജി പിയെ കാണുവാനായി പണം നൽകിയിരിക്കുന്നത്. 7% ബ്രിട്ടീഷുകാർ കഴിഞ്ഞ രണ്ടു വർഷമായി സ്വകാര്യമായ രീതിയിലോ അഥവാ നേരിട്ടോ ജിപിയുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്ന് yougov നടത്തിയ വോട്ടെടുപ്പിൽ കണ്ടെത്തി. മൊത്തത്തിൽ 3.7 ലക്ഷം ആളുകളാണ് ഇത്തരത്തിൽ സേവനം സ്വീകരിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ നിന്ന് ആവശ്യമായ പരിചരണം സ്വീകരിക്കാൻ കഴിയാതെ നിരാശരായ രോഗികൾ ആണെന്ന് വിശ്വസിക്കുന്നു.

ജിപിയുമായുള്ള 80 ശതമാനം അപ്പോയിന്റ്‌മെന്റുകളും കോവിഡ് പകർച്ചവ്യാധിക്ക് മുമ്പ് മുഖാമുഖം ആണ് നടത്തിയിരുന്നത്. എന്നാൽ 2020 ഏപ്രിലിൽ ഇത് 47 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 60 ശതമാനം മാത്രമാണ്. ജിപി സേവനങ്ങളിൽ എന്നത്തേക്കാളും അസംതൃപ്തരാണ് ജനങ്ങൾ. കഴിഞ്ഞ വർഷത്തെ സോഷ്യൽ ആറ്റിട്യൂഡ് സർവ്വേയിൽ 38 ശതമാനം പേർ മാത്രമാണ് കുടുംബ ഡോക്ടർമാരിൽ സന്തുഷ്ടരാണെന്ന് പറഞ്ഞത്. 1983 പോളിംഗ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. തങ്ങൾക്കുവേണ്ടി എപ്പോഴുമുണ്ടായിരുന്നു വിശ്വസ്തമായ എൻഎച്ച്എസ് പഴയതുപോലെ പ്രവർത്തിക്കുന്നില്ലെന്നും സ്വകാര്യ ജീപി യുടെ സഹായം തേടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നും പൊതുജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ പലർക്കും സ്വകാര്യമായി പോകാനും മുഖാമുഖം ഉള്ള അപ്പോയിന്റ്‌മെന്റ് നേടാനും കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.