Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക് ഓൺ ട്രെന്റ് : ഒരു കുടുംബത്തിൻ്റെ എല്ലാ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിയകറ്റി മരണം മുന്നിൽ വന്നു നിൽക്കുന്നത് കണ്ട് കണ്ണീർ വാർക്കുകയാണ് സ്റ്റാഫോഡിലെ മലയാളി സമൂഹം. ഏതാനും ആഴ്ചകൾക്ക് മുൻപ് കുടുംബവുമായി യുകെയിൽ എത്തിയ ബിജു സ്റ്റീഫൻ്റെ (47) അപ്രതീക്ഷിത വിയോഗം ബ്രിട്ടീഷ് മലയാളികളെയാകെ ഞെട്ടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ് ബിജു. ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെൻ്റ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മുന്‍പ് ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണ് ബിജു.

മലയാളി ഏജൻ്റ് വഴി വന്‍തുക മുടക്കിയാണ് സീനിയര്‍ കെയര്‍ വിസയില്‍ ബിജുവും കുടുംബവും യുകെയിൽ എത്തിയത്. ബിജുവിന്റെ മരണ വിവരം ജോലി സ്ഥലത്തായ ഭാര്യയെ അറിയിക്കാന്‍ പോലും പ്രയാസം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുതിര്‍ന്ന രണ്ടു കുട്ടികളുമായി എത്തിയ കുടുംബം സ്റ്റാഫോഡിലെ മലയാളി നല്‍കിയ വീട്ടിലാണ് താമസിച്ചിരുന്നത്. സ്റ്റാഫോഡ് ഹോസ്പിറ്റലില്‍ ആദ്യം പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം.

കവന്‍ട്രിയില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചത് രണ്ടാഴ്ച മുൻപായിരുന്നു. ആ മരണവാർത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് മറ്റൊരു ദാരുണ സംഭവം. ബിജുവിന്റെ മരണത്തില്‍ ദുരിതത്തിലായിരിക്കുന്ന കുടുംബത്തിന്റെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉക്രൈനിലേയ്ക്കുള്ള സൈനിക അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സർക്കാരിനെതിരെയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെയും യുഎസും യൂറോപ്യൻ സഖ്യ രാജ്യങ്ങളും നിരവധി വിലക്കുകളാണ് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. പുടിന്റെ സ്വകാര്യ ആസ്തികൾക്ക് മേലും പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. എന്നാൽ ഈ വിലക്കുകളും ഉപരോധങ്ങളും യഥാർത്ഥത്തിൽ പുടിനെ ബാധിക്കുമോ എന്നതാണ് ചോദ്യം. പുടിന്റെ സ്വത്ത് വിവരങ്ങളെ പറ്റി പുറം ലോകത്തിന് വലിയ ധാരണയില്ലെന്നതാണ് സത്യം. ലോകത്തെ അതിസമ്പന്നരിൽ ഒരാളാണ് പുടിനെങ്കിലും ഇദ്ദേഹത്തിന്റെ ആസ്തി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. പുടിന്റെ വിശ്വസ്തരു‌ടെ സങ്കീർണമായ സാമ്പത്തിക പദ്ധതികൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് ഇവയെല്ലാം.

2016 ൽ പുറത്തു വന്ന പനാമ പേപ്പർ റിപ്പോർട്ട് പ്രകാരം, പുടിന്റെ സ്വകാര്യ സ്വത്തുക്കളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ്. മുൻപ് റഷ്യയിൽ നിക്ഷേപം നടത്തിയ അമേരിക്കക്കാരനായ ബിൽ ബൗഡർ, പുടിനെതിരെ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. പുടിന് 200 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് 2017 ൽ യുഎസ് സെനറ്റിൽ ബിൽ പറഞ്ഞത്. ലോകത്ത് ഏറ്റവും അതിസമ്പന്നനായ ഇലോൺ മസ്കിന് പോലും ഇതിന്റെ പാതിയോളം മാത്രമാണ് ആസ്തി.

പുടിന്റെ വാർഷിക വരുമാനം 1.40 ലക്ഷം ഡോളർ ആണെന്ന് റഷ്യയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 800 ചതുരശ്ര അടി വലിപ്പമുള്ള ഒരു വീടും സോവിയറ്റ് കാലത്തെ രണ്ട് കാറുകളും ഒരു ഓഫ് റോഡ് ട്രക്കും കാർ ട്രെയ്ലറും ഇദ്ദേഹത്തിനുണ്ടെന്നാണ് ക്രെംലിൻ ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ ഈ ഔദ്യോഗിക രേഖകൾ ആരും വിശ്വസിക്കുന്നില്ല. റഷ്യയിൽ തടവിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വെളിപ്പെടുത്തൽ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിലാണ് പുടിന്റെ നിക്ഷേപമുള്ളത്.

265 അടിയുള്ള ആഡംബര നൗകയായ ‘ഗ്രേസ്ഫുൾ’ ജർമ്മനിയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയിൽ മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ കപ്പൽ പുടിന്റെതാണെന്ന് പറയുന്നു. ലോകത്തിലെ ധനികരുടെ ആസ്തി കണക്കാക്കി പട്ടിക പുറത്തു വി‌ടുന്ന ഫോബ്സ് മാ​ഗസിൻ ഇരുപത് വർഷമായി പുടിന്റെ പുറകെ നടന്നിട്ടും ഫലമുണ്ടായില്ല. പു‌ടിന്റെ സ്വത്ത് വിവരങ്ങൾ കണ്ടെത്തുകയെന്നത് ഏറ്റവും അവ്യക്തമായ കടങ്കഥയാണെന്നാണ് ഫോബ്സ് മാ​ഗസിൻ പറഞ്ഞത്. പുടിന്റെ സ്വത്ത് വിവരങ്ങൾ കണ്ടെത്തുക അസാധ്യമാണെന്ന് ചുരുക്കം. അതിനാൽ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവർ പുടിനുമായി ബന്ധമുള്ള ഉന്നതരുടെ പട്ടിക വിപുലീകരിച്ച്, ഇവർക്കുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ:- ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീഫി ഹെയിലിൽ വീടിനു മുമ്പിൽ പാർക്കു ചെയ്തിരുന്ന കാറിൽ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്തി. കാറ് മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി കാറുടമ വ്യക്തമാക്കി. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് എത്തിയ കാറുടമ ഷാർലറ്റ് ഗ്രന്റി നമ്പർ പ്ലേറ്റിൽ വ്യത്യസ്ത കളർ ശ്രദ്ധിച്ചതിനെത്തുടർന്നാണ് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയത്. കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാകാം ഇത്തരത്തിൽ താൻ ഇത് ശ്രദ്ധിച്ചതെന്ന് അവർ വ്യക്തമാക്കി.

കാറിൽ സ്ഥാപിച്ച പുതിയ നമ്പർ പ്ലേറ്റ് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസ് ഏജൻസിയുടെ അംഗീകൃത പ്ലേറ്റ് അല്ലെന്നും, അതിനാൽ തന്നെ ക്യാമറകളിൽ ഒന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ കാർ കടത്തുവാൻ സഹായകരമാകുമെന്നും അധികൃതർ വിലയിരുത്തി. ഇതിനുമുൻപും തന്നെ വാഹനം മോഷ്ടിക്കപ്പെട്ടിട്ടുള്ളതായി ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ സംബന്ധിച്ച് ഉടൻതന്നെ പോലീസിനെ വിവരം കൈമാറണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് അഭയം കൊടുക്കുന്ന പദ്ധതി ബ്രിട്ടൻ നടപ്പിലാക്കി . ഇതിനായി വിസാ നിയമങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നു. ഇതുവരെ 50 ഉക്രേനിയൻ അഭയാർത്ഥികൾക്കാണ് ബ്രിട്ടൻ വിസാ അനുവദിച്ചത്. യുകെയിൽ കുടുംബബന്ധമുള്ള അഭയാർഥികൾക്കാണ് വിസാ നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത് . വിസാ നിയമങ്ങളിൽ ഇളവ് വരുത്തി 48 മണിക്കൂറുകൾ അപേക്ഷിച്ച 5535 പേരിൽ നിന്നാണ് 50 പേർക്ക് രാജ്യം അഭയം നൽകിയത്. ഇത് മൊത്തം അപേക്ഷയുടെ ഒരു ശതമാനം മാത്രമാണ്.

അർഹരായ അഭയാർഥികൾക്ക് യാത്രാനുമതി നൽകുന്നത് വേഗത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. യുകെയിലെ ഉക്രേനിയൻ അംബാസഡർ യുകെയുടെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും പരമാവധി ആളുകൾക്ക് അഭയം നൽകണമെന്ന് അഭ്യർത്ഥിച്ചു.

ഇതിനിടെ യുകെയുടെ ഉക്രേനിയൻ അഭയാർഥികളോടുള്ള സമീപനം ഉദാരമല്ലന്ന വിമർശനം ശക്തമാണ്. വിസയില്ലാത്തതിൻെറ പേരിൽ 150 അഭയാർഥികളെ കലൈസിൽ തിരിച്ചയച്ചിരുന്നു. മനുഷ്യത്വമില്ലായ്മ എന്നാണ് യുകെയുടെ ഈ നടപടിയെ ഫ്രാൻസ് വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിലെ ജനവാസമേഖലകളെ റഷ്യ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ്. ഹാർകിവ്, ചെർനിഹിവ്, മരിയുപോൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനവാസമേഖലകളെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണമെന്നും ഇന്റലിജൻസ് അറിയിച്ചു. മുമ്പ് 1999-ല്‍ ചെച്നിയയിലും 2016-ല്‍ സിറിയയിലും റഷ്യ സമാനമായ ആക്രമണ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ, യുക്രൈൻ പ്രതിരോധത്തിന്റെ അളവും ശക്തിയും റഷ്യയെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

വലിയ നാശനഷ്ടം വിതയ്ക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് റഷ്യ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതെന്ന് ഇന്റലിജൻസ് ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ എല്ലാം റഷ്യ തള്ളി. ജലവാസമേഖലകള്‍ ലക്ഷ്യമിടുന്നുവെന്ന വാദം റഷ്യ നിഷേധിച്ചു.

ബ്രിട്ടീഷുകാർ യുദ്ധം ചെയ്യാനായി യുക്രൈനിലേക്ക് പോകരുതെന്ന് ബ്രിട്ടീഷ് സായുധ സേനാ മേധാവി സർ ടോണി റഡാകിൻ പറഞ്ഞു. യുകെയിൽ നിന്ന് കഴിയുന്ന രീതിയിൽ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശം ഇപ്പോൾ ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും അവരുടെ ശക്തി കുറഞ്ഞു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കാൻ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്‌. റഷ്യയുടെ യുക്രൈൻ അധിനിവേശം പത്താം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനുള്ള യുക്രൈന്റെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് ഇതുവരെ പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ പോളണ്ട്, മോൾഡോവ, റൊമാനിയ, സ്ലൊവാക്യ, ഹംഗറി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് എഴുപത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടാകാമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതരും ഐക്യരാഷ്ട്രസഭയും ഭയപ്പെടുന്നു. മനുഷ്യക്കടത്തിൽ അസ്വസ്ഥജനകമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അവർ ആശങ്കപ്പെടുന്നു.

പലായനം ചെയ്യുന്നവരിൽ ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ അടിമകളോ ലൈംഗിക തൊഴിലാളികളോ ആയി മാറുമെന്ന് ഡെയിലിമെയിൽ റിപ്പോർട്ട്‌ ചെയ്തു. സ്ത്രീകൾക്ക് അയൽരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സംഘങ്ങളെ പറ്റി ഇതിനകം റിപ്പോർട്ട്‌ വന്നിട്ടുണ്ട്. “വാർസോയിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ ഒരാളുടെ കൂടെയാണ് എന്റെ സുഹൃത്ത് പോയത്. എന്നാൽ അവൾ അവിടെ എത്തിയപ്പോൾ അയാൾ പണം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്ത് കടം വീട്ടണമെന്ന് പറഞ്ഞു.” – 27 കാരിയായ യുക്രൈൻ സ്ത്രീയുടെ വെളിപ്പെടുത്തൽ.

യുക്രൈനിലെ യുദ്ധം മനുഷ്യക്കടത്ത് വർധിപ്പിക്കുമെന്ന് ചാരിറ്റി കെയറിന്റെ ഹ്യൂമൻ ട്രാഫിക്കിങ് പോളിസി വിദഗ്ധനായ ലോറൻ ആഗ്ന്യൂ പറഞ്ഞു. അഭയാർത്ഥികൾ ചൂഷണത്തിനിരയാകാനുള്ള സാധ്യത വലുതാണ്. അഭയാർത്ഥികൾ പലായനം ചെയ്യുന്ന രാജ്യങ്ങൾ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമാണ്. അവർ അതിലൂടെ ലാഭമുണ്ടാക്കുന്നു. പലായനം ചെയ്തെത്തുന്ന ആളുകളെ യൂറോപ്പിലേക്കും യുകെയിലേക്കും എത്തിക്കാനുമുള്ള ഒരു ബിസിനസ് അവസരമായാണ് അവർ യുദ്ധത്തെ കാണുന്നത് – ആഗ്ന്യൂ വ്യക്തമാക്കി.

അതേസമയം, മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും യുക്രൈൻ സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സാറാ എവറാർഡിനെതിരെ തെരുവിൽ വെച്ച് നടന്ന അക്രമത്തിനു ശേഷം, പിന്നീടുള്ള മാസങ്ങളിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ അൻപത് ശതമാനം വർദ്ധിച്ചതായുള്ള പോലീസ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 2021 ന്റെ അവസാന മൂന്ന് മാസങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇളച്ചു നൽകിയപ്പോഴാണ് ഇത്തരം അതിക്രമങ്ങൾ വർധിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇത്തരത്തിൽ ഏകദേശം 250,000 ത്തോളം അതിക്രമങ്ങളാണ് നടന്നത്. ഇതിൽ ഭൂരിഭാഗവും നടന്നത് വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ ആണ്. ഇത്തരം ആക്രമണങ്ങൾ നടന്നത് 80 ശതമാനവും സ്ത്രീകൾക്കെതിരെയുമാണ്. ഈ റിപ്പോർട്ട് വന്നതോടെ ഇംഗ്ലണ്ടിലെ തെരുവുകൾ കൂടുതൽ സുരക്ഷിതം ആക്കണമെന്ന ശക്തമായ സമ്മർദ്ദം ഗവൺമെനന്റിനുമേൽ വന്നിരിക്കുകയാണ്. ഒരു വർഷം മുൻപേ പല വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതിനനുസരിച്ചുള്ള നടപടികളൊന്നും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വനിത കൂട്ടായ്മയുടെ പ്രവർത്തക കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചിലാണ് മുപ്പത്തിമൂന്നുകാരിയായ സാറാ എവറാർഡിനെ സൗത്ത് ലണ്ടനിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപായപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇത്തരത്തിൽ 16,645 ആക്രമണങ്ങളാണ് നടന്നത്.


സ്ത്രീകൾ ഇംഗ്ലണ്ടിലെ നിരത്തുകളിൽ സുരക്ഷിതരല്ലെന്നും, ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും വിവിധ സ്ത്രീ സംഘടനകൾ ആവശ്യപ്പെട്ടു. പോലീസ് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ അസുരക്ഷിതമായ നഗരങ്ങളും സ്ഥലങ്ങളുമെല്ലാം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് പാർക്കിംഗ് ഏരിയകളിലാണ്. അതിനുശേഷം സ്പോർട്സ്, റിക്രിയേഷൻ സെന്ററുകളാണ് അതിക്രമങ്ങൾ നടക്കുന്നതിൽ രണ്ടാമത് നിൽക്കുന്നത്. ലീഡ്‌സ്, ലിവർപൂൾ, ഡോൺകാസ്റ്റർ എന്നീ സ്ഥലങ്ങളാണ് അതിക്രമങ്ങൾ നടക്കുന്നതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ ഉടനുണ്ടാകുമെന്നാണ് അധികൃതർ ഉറപ്പു നൽകുന്നത്.

റഷ്യയ് ക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രിയും ഉക്രേനിയൻ അംബാസഡർ വാഡിം പ്രിസ്റ്റൈക്കോയുമായി നടത്തിയ ചർച്ചകളെ തുടർന്നാണിത്. നാറ്റോ രാജ്യങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള 6 കർമപരിപാടികളാണ് ഇതിൽ ഉൾപ്പെടുന്നത്.

എന്നാൽ റഷ്യയ് ക്കെതിരെയുള്ള ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ എടുക്കുന്നതിൽ ബ്രിട്ടൻ കാലതാമസം വരുത്തി എന്ന് ലേബർ പാർട്ടി ആരോപിച്ചു. റഷ്യൻ പ്രസിഡൻറ് ഗ്വ്ളാഡിമിർ പുടിൻെറ ഉക്രൈൻ അധിനിവേശം തടയാൻ യോജിച്ച ശ്രമം നടത്തുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക നേതാക്കളുടെ യോഗം വിളിക്കാനുള്ള ശ്രമത്തിലാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

ഇതിനിടെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഉക്രൈനിൽ ശക്തമായ ആക്രമണവുമായി റഷ്യ മുന്നോട്ടു പോകുകയാണ്. ഉക്രൈൻ സൈനികരുടെ ചെറുത്തുനിൽപ്പ് തുടരുന്ന മരിയുപോളിൽ റഷ്യ 4 ലക്ഷം പേരെ ബന്ധികളാക്കിയെന്ന് മരിയുപോള്‍ മേയര്‍ ആരോപിച്ചു .

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബട്ടർസ്കോച്ച് സേമിയപായസം

ചേരുവകൾ

▢ 1 lലിറ്റർ ഫുൾ ഫാറ്റ് പാൽ
▢ 3/4 കപ്പ് വറുത്ത സേമിയ (വെർമെസെല്ലി)
▢ 3/4 കപ്പ് പഞ്ചസാര
▢ 2 ടേബിൾ സ്പൂൺ വെണ്ണ
▢ 3 തുള്ളി വാനില / ബട്ടർസ്കോച്ച് എസ്സെൻസ്‌
▢ ഒരു നുള്ള് ഉപ്പ്

ഉണ്ടാക്കുന്ന രീതി

1 . അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ 3/4 കപ്പ് പഞ്ചസാര ചേർക്കുക. ഇതിലേക്ക് 1.5 tbsp വെള്ളം ചേർത്ത് കാരമലൈസ് ചെയ്യുക.
പഞ്ചസാര കാരമലൈസ് ചെയ്ത് ആമ്പർ ഷേഡിൽ എത്തിയാൽ 2 tbsp വെണ്ണ ചേർത്ത് നന്നായി ഇളക്കുക

2 . ഇതിലേക്ക് 1/2 ലിറ്റർ പാൽ ചേർക്കുക, നന്നായി ഇളക്കുക, ബാക്കിയുള്ള പാലും ചേർത്തിളക്കി തിളപ്പിക്കുക

3 . പാൽ തിളച്ചു തുടങ്ങിയാൽ സേമിയ ചേർത്ത് നന്നായി ഇളക്കുക.

4 . സേമിയ ഏകദേശം പാകമായി കഴിഞ്ഞാൽ ഒരു നുള്ള് ഉപ്പ് ചേർത്തിളക്കുക.

5 . അതിനുശേഷം 3 തുള്ളി വാനില /ബട്ടർസ്കോച്ച് എസ്സെൻസ് ചേർത്തിളക്കി ഗ്യാസ് ഓഫ് ചെയ്യുക. പായസം 10 മിനിറ്റ് മൂടി വെക്കുക .

6 . ഇനി പായസം സെർവിങ് ബൗളിലേക്കു മാറ്റാം
( നിങ്ങൾക്ക് വേണമെങ്കിൽ കാരാമലൈസ് ചെയ്ത നട്ട്സ്സ് കൊണ്ട് അലങ്കരിക്കാം )

7 . റൂം ടെമ്പറേച്ചറിലോ, തണുപ്പിച്ചോ നിങ്ങൾക്ക് ബട്ടർസ്കോച്ച് സേമിയപായസം ആസ്വദിക്കാം .

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യയിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുകെയിലേക്കോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കോ നേരിട്ട് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മിഡിൽ ഈസ്റ്റ് വഴിയോ തുർക്കി വഴിയോ യാത്ര സാധ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ള യുകെ പൗരന്മാർ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. “റഷ്യയിൽ നിങ്ങൾക്ക് അടിയന്തര ആവശ്യമില്ലെങ്കിൽ രാജ്യത്ത് നിന്ന് പുറത്തുപോകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. റഷ്യക്ക് പുറത്തുള്ളവർ രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്നായിരുന്നു മുൻപ് നൽകിയ നിർദ്ദേശം.

യുകെയിലേക്ക് മടങ്ങാനുള്ള വിമാനങ്ങളുടെ അഭാവവും റഷ്യൻ സമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടവും കാരണം റഷ്യയിലേക്കുള്ള യാത്രയ്‌ക്കെതിരെ സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പരിഷ്കരിച്ചത്. വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനങ്ങൾ ഉപയോഗിക്കുന്ന എയർലൈനുകൾ മാർച്ച് 6 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് റഷ്യയുടെ സ്റ്റേറ്റ് ഏവിയേഷൻ ഏജൻസി അറിയിച്ചു. കൂടാതെ, റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ മാർച്ച് 8 മുതൽ നിർത്തിവയ്ക്കാൻ ഏജൻസി ശുപാർശ ചെയ്യുന്നു.

അതേസമയം, യുഎസും യൂറോപ്യൻ യൂണിയനും മറ്റും ഏർപ്പെടുത്തിയ കടുത്ത ഉപരോധം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തി. റൂബിളിന്റെ വില റെക്കോർഡ് നിലവാരത്തിലേക്കാണു താഴ്ന്നത്. എന്നാൽ ഇത് ലോക സമ്പദ്‌വ്യവസ്ഥയെ ആകെത്തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. അസംസ്കൃത എണ്ണയുടെ വിതരണത്തിലുണ്ടാകുന്ന ഇടിവ് വിലവർധനയ്ക്ക് ഇടയാക്കും. എണ്ണവില വർധനയാകട്ടെ ലോകമാകെ പണപ്പെരുപ്പത്തിനു വഴിവയ്ക്കും.

RECENT POSTS
Copyright © . All rights reserved