Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയിൽ ഉടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധന വില കുറയ്ക്കുവാൻ പ്രമുഖ കമ്പനിയായ അസ് ഡാ തീരുമാനിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 5 പെൻസും, ഡീസലിന് 3 പെൻസുമാണ് കുറയ്ക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ഒരു ലിറ്റർ അൺലെഡഡ് പെട്രോളിന് 1.74 പൗണ്ടും, ഡീസലിന് 1.85 പൗണ്ടും വീതമാകും ജനങ്ങൾ നൽകേണ്ടി വരിക. അസ് ഡയുടെ 323 ഓളം വരുന്ന പെട്രോൾ സ്റ്റേഷനുകളിൽ ആകും ഈ കുറവ് നിലവിൽ വരിക. ബ്രിട്ടനിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.


ക്രമാതീതമായി ഉയരുന്ന വിലകൾ കുറയ്ക്കാത്തതിൽ പ്രമുഖ നാല് കമ്പനികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നിരുന്നു. അസ് ഡയുടെ പ്രസ്താവന വന്നതിന് പിന്നാലെ, സെയിൻസ്ബറിയും ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസ് ഡായുടെ നീക്കത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. അസ് ഡായുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന നീക്കം മറ്റു കമ്പനികൾക്കും മാതൃകയാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോസ്റ്റൺ : ലിലിയ വാല്യൂട്ടൈറ്റ് കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. മുമ്പ് അറസ്റ്റിലായ രണ്ട് പേരെ കുറ്റം ചുമത്താതെ വിട്ടയച്ചതിന് ശേഷം 22 കാരനെ ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തതായി ലിങ്കൺഷയർ പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. ബോസ്റ്റൺ സെൻട്രൽ പാർക്ക് ഏരിയയിൽ വെച്ച് ഇന്നലെ ഉച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെയും രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് വിശദമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും അവർ പറഞ്ഞു. നഗരത്തിൽ ഇപ്പോഴും പോലീസ് സാന്നിധ്യം ഉണ്ട്. ലിലിയയുടെ സ്മരണയ്ക്കായി ഫൗണ്ടൻ ലെയ്‌ന്റെയും ഫൗണ്ടൻ പ്ലേസിന്റെയും അടുത്ത് നിരവധി പേർ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലികൾ നേർന്നു.

അഞ്ചുവയസ്സുള്ള അനുജത്തിയുമായി വീടിനു മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് കത്തിയാക്രമണത്തിന് ഇരയായത്. തൊട്ടടുത്തുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന അമ്മ ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. ലിലിയയുടെ വേർപാട് കുടുംബത്തിനും നാടിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഒപ്പം തീരാവേദനയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ സമരപരമ്പരകൾ പൊതുജനങ്ങൾക്ക് കനത്ത പ്രഹരമാകുന്നു. ശമ്പളത്തിന്റെ പേരിൽ ഏഴ് ട്രെയിൻ ഓപ്പറേറ്റർമാർ സമരത്തിലേക്ക് കടന്നത് യാത്രാ തടസ്സത്തിന് കാരണമായി. അസ്ലെഫ് യൂണിയൻ അംഗങ്ങളുടെ 24 മണിക്കൂർ പണിമുടക്ക് സൗത്ത് ഈസ്റ്റേൺ, വെസ്റ്റ് മിഡ്‌ലാൻഡ് ട്രെയിനുകളെ ബാധിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സീസണിലെ ആദ്യ മത്സരങ്ങൾക്കും ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനും യാത്ര ചെയ്യുന്നവരാണ് കടുത്ത പ്രതിസന്ധിയിലായത്.

 

ഏകദേശം 5,000 അസ്ലെഫ് അംഗങ്ങൾ ഉൾപ്പെടുന്ന സമരം അറൈവ റെയിൽ ലണ്ടനെയും ബാധിക്കുന്നു. തെക്ക് കിഴക്കൻ ഭാഗത്തു നിന്ന് ട്രെയിനുകൾ ഒന്നും ഓടുന്നില്ല. ജീവിതച്ചെലവിലെ വർധനയ്ക്ക് അനുസൃതമായ ശമ്പള വർധന മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അസ്‌ലെഫിന്റെ ജനറൽ സെക്രട്ടറി മിക്ക് വീലൻ പറഞ്ഞു. “കുതിച്ചുയരുന്ന പണപ്പെരുപ്പം ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ കുറ്റമല്ല. സർക്കാരിന്റെ കുറ്റമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വർഷമായി തങ്ങളുടെ അംഗങ്ങൾക്ക് ശമ്പള വർധന ഇല്ലെന്ന് യൂണിയൻ പറയുന്നു. ശമ്പളം, ജോലി വ്യവസ്ഥകൾ എന്നീ വിഷയങ്ങൾ ഉയർത്തി അസ്ലെഫും ആർഎംടി യൂണിയനും ഓഗസ്റ്റിൽ കൂടുതൽ പണിമുടക്കുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, നഗരത്തിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആയിരങ്ങൾ പങ്കെടുക്കുന്നതിനാൽ ബർമിംഗ്ഹാം ന്യൂ സ്ട്രീറ്റിനും ബർമിംഗ്ഹാം ഇന്റർനാഷണലിനും ഇടയിൽ ‘സ്പെഷ്യൽ ഷട്ടിൽ’ ഉണ്ടാകുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ട്രെയിൻസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ റോഡ് നിയമങ്ങൾ അറിഞ്ഞാൽ രണ്ടുണ്ട് ഗുണം. ഒന്ന്, സുരക്ഷിതമായി വാഹനമോടിക്കാം. രണ്ട്, പിഴയിൽ നിന്നും രക്ഷപ്പെടാം. റോഡിലെ മഞ്ഞ വരകൾ സാധാരണയായി കാണാറുണ്ടെങ്കിലും ചുവപ്പ് വരയും ഇരട്ട ചുവപ്പ് വരയും എന്താണ് അർത്ഥമാക്കുന്നതെന്ന് പലർക്കും അറിയില്ല. വളരെ തിരക്കുള്ള റോഡുകളിലും ബസ് ലെയ്നുകളിലും ആണ് ഇത് കൂടുതലായി കാണുക. യാതൊരു കാരണവശാലും ഇവിടെ വാഹനം നിർത്തരുതെന്നാണ് ഇതുകൊണ് അർത്ഥമാക്കുന്നത്.

ചിലപ്പോൾ മഞ്ഞ വരയ്ക്ക് പകരം ചുവപ്പ് വരകൾ കാണാം. ലണ്ടനിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചുവപ്പ് വരകളുള്ള റോഡുകൾ റെഡ് ലെയ്നുകൾ എന്നറിയപ്പെടുന്നു. ഒറ്റ ചുവപ്പ് വരയിൽ നിശ്ചിത സമയങ്ങളിലും ദിവസങ്ങളിലും മാത്രം വാഹനം നിർത്താൻ കഴിയും. എന്നാൽ ഇരട്ട വരകളിൽ ടാക്‌സികളും ബ്ലൂബാഡ്ജ് ഉള്ളവരുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് ഒന്നും തന്നെ നിർത്താൻ അനുവാദമില്ല.

ഇവിടെ നോ സ്റ്റോപ്പിംഗ് നിയമം വര്‍ഷം മുഴുവനും 24 മണിക്കൂറും ബാധകമാണ്. ഇരട്ട ചുവപ്പു വരകളില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ ഇറക്കുന്നതിനും നിരോധനം ഉണ്ട്. ചുവപ്പ് വരയില്‍ വാഹനം നിര്‍ത്തുന്നത് ലണ്ടനു പുറത്ത് 70 പൗണ്ട് വരെയും ലണ്ടനില്‍ 130 പൗണ്ട് വരെയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മഴയിൽ ഉണ്ടായിരിക്കുന്ന കുറവും താപനിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധനയും മൂലം വെള്ളത്തിന് ഉണ്ടായിരിക്കുന്ന ക്ഷാമം തടയുവാനായി ബ്രിട്ടനിലെ ചിലയിടങ്ങളിൽ ഹോസ് പൈപ്പിലൂടെ വെള്ളം ഒഴിക്കുന്നത് നിയന്ത്രിക്കുവാൻ തീരുമാനമായിരിക്കുകയാണ്. ഹാംഷെയറിലും ഐൽ ഓഫ് വൈറ്റിലും ഹൗസ് പൈപ്പിലൂടെ വെള്ളം ഒഴിക്കുന്നവർക്ക് ആയിരം പൗണ്ട് വരെ ഫൈൻ ഈടാക്കുവാൻ സതേൺ വാട്ടേഴ്സ് കമ്പനി തീരുമാനിച്ചിരിക്കുകയാണ്. പൂന്തോട്ടം നനയ്ക്കുന്നതിനും, കാറുകൾ കഴുകുന്നതിനും, കുളങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനും മറ്റും ഇനിമുതൽ ഹോസ് പൈപ്പുകൾ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് പുതിയ നിയമം. മറ്റു കമ്പനികളുടെ ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് ആവശ്യമാണെന്ന് ഗവൺമെന്റ് വക്താവ് പ്രതികരിച്ചു. 1911 നു ശേഷം ഏറ്റവും കൂടുതൽ ചൂട് ഉണ്ടായ മാസമാണ് ജൂലൈയെന്ന് കാലാവസ്ഥ ഓഫീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വെറും മാസങ്ങളിലും ചൂട് കൂടാൻ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ഓഫീസ് എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ തന്നെ ഇത്തരം നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

അടുത്ത സമയത്ത് ഒന്നും തന്നെ യുകെയുടെ തെക്കൻ പ്രദേശങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയില്ലെന്ന് യുകെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജി വിഭാഗത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീവ് ടർണർ വ്യക്തമാക്കി. അതിനാൽ തന്നെ നദികളിലെ ജലനിരപ്പും, ഭൂഗർഭ ജലനിരപ്പും കുറയാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. 2012 നു ശേഷം ഹോസ് പൈപ്പ് ഉപയോഗിക്കുന്നതിന് വരുന്ന ആദ്യത്തെ നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ സഹകരിക്കണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോസ്റ്റൺ : സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ലിത്വാനിയൻ പെൺകുട്ടി കുത്തേറ്റു മരിച്ചു. വിദ്യാർത്ഥിനിയായ ലിലിയ വാല്യൂട്ടൈറ്റ് (9) ആണ് കത്തിയാക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച വൈകുന്നേരം 6.20 ന് ബോസ്റ്റണിലായിരുന്നു സംഭവം. ആക്രമണസമയത്ത് ലിലി അഞ്ചുവയസുകാരിയായ സഹോദരിക്കൊപ്പം കളിക്കുകയായിരുന്നു. അമ്മ ലിന സാവിക്കെ വീട്ടിനുള്ളിൽ ജോലിയിലും. കൊലപാതകിയെ പിടികൂടാനായി എംപി മാറ്റ് വാര്‍മാന്‍ ദേശീയ സഹായത്തിനായി അഭ്യർത്ഥിച്ചു.

“അവൾ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു, ഒമ്പത് വയസ്സുകാരിയോട് ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ കഴിയുമോ?” പ്രദേശവാസിയുടെ പ്രതികരണം ഇങ്ങനെ. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് രാവിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇതൊരു ഒറ്റപെട്ട സംഭവമാണെന്ന് പോലീസ് പറഞ്ഞു. ഫൊറെന്‍സിക് വിദഗ്ദ്ധര്‍ സംഭവ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

ദുര്‍ന്ത വാര്‍ത്തയറിഞ്ഞ പ്രദേശവാസികള്‍ ഇപ്പോഴും ഞെട്ടലിലാണ്. 2015 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച്, കൊലപാതകമോ സമാനമായ കുറ്റകൃത്യങ്ങളോ 1 ലക്ഷം പേരില്‍ 15 എന്ന നിരക്കിലാണ് ബോസ്റ്റണിൽ നടക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കത്തിയാക്രമണം പത്തു ശതമാനം ഉയർന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കോമൺവെൽത്ത് ഗെയിംസിൽ ജിംനാസ്റ്റിക്‌സിൽ തുടർച്ചയായി മൂന്നാം തവണയും സ്വർണം നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ജോ ഫ്രേസറിന്റെ മികവിലാണ് ഇംഗ്ലണ്ട് സ്വർണത്തിലേക്ക് എത്തിയത്. ജെയിംസ് ഹാൾ, ജെയ്ക് ജർമാൻ, ജിയാർന്നി റെജിനി-മോറൻ, കോട്‌നി ടുള്ളോച്ച് എന്നിവരും ഇംഗ്ലണ്ട് നിരയിൽ മികച്ച പ്രകടനം നടത്തി. രണ്ടാഴ്ച മുമ്പ് കണങ്കാലിന് ഉണ്ടായ പരിക്ക് കാരണം കോമൺവെൽത്തിൽ ഓൾറൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ ഫ്രേസറിന് കഴിയില്ല.

എന്നാൽ, 2014ൽ ഗ്ലാസ്‌ഗോയിലും 2018ൽ ഗോൾഡ്‌കോസ്റ്റിലും നേടിയ വിജയത്തിന് ശേഷം ഇംഗ്ലണ്ടിനെ മറ്റൊരു മിന്നും വിജയത്തിലെത്തിക്കാൻ ഫ്രേസർക്കായി. തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഫ്രേസർ പ്രതികരിച്ചു. “ഞാൻ വളരെയധികം പ്രതികൂല സാഹചര്യങ്ങൾ നേരിട്ടു. എന്നാൽ പരിശീലകൻ എന്നെ പൂർണ്ണമായി വിശ്വസിച്ചു”. ഫ്രേസർ കൂട്ടിച്ചേർത്തു.

സ്‌കോട്ട്‌ലൻഡും വെയിൽസും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങൾ നേടി. 2019ൽ വിരമിച്ചെങ്കിലും മൂന്നാം കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ കായികരംഗത്തേക്ക് മടങ്ങിയെത്തിയ സ്കോട്ട്‌ലൻഡിന്റെ ഫ്രാങ്ക് ബെയ്‌ൻസും മികച്ച പ്രകടനം നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗുരുതരമായ ചികിത്സാ പിഴവിന് 400 മില്യൺ പൗണ്ട് എൻഎച്ച്എസ് നഷ്ടപരിഹാരമായി നൽകാൻ വിധി. 1970കളിലും 80കളിലും എൻഎച്ച്എസ് ചികിത്സ സ്വീകരിച്ചതിൻെറ ഭാഗമായി ഹെപ്പറ്റൈറ്റിസ് സി യും എച്ച്ഐവിയും ബാധിച്ച് 2400 മരിക്കുകയും വളരെയേറെ പേർ രോഗബാധിതരാവുകയും ചെയ്ത സംഭവത്തിലാണ് ഈ നടപടി. ചികിത്സാപിഴവിന്റെ ഇരകളായ 4000 -ത്തിലധികം ആളുകൾക്ക് 100,000 പൗണ്ട് വീതം നഷ്ടപരിഹാരം നൽകാനാണ് വിധി. അർഹരായവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം വഹിച്ച സാർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് പ്രസ്തുത സംഭവം വിലയിരുത്തപ്പെടുന്നത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിയായതോടെ ദുരന്തത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്വത്തിൽ നിന്ന് എൻഎച്ച്എസിന് പുറകോട്ട് പോകാൻ ആവില്ലെന്ന് ചികിത്സാപിഴവിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നവർ പറഞ്ഞു.

യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത ചില മരുന്നുകളിൽ തടവുകാർ ഉൾപ്പെടെയുള്ള അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ നിന്ന് ശേഖരിച്ച ബ്ലഡിലെ പ്ലാസ്മ ഉപയോഗിച്ചതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരൊറ്റ രക്തദാതാവിനെങ്കിലും എച്ച്ഐവി പോലുള്ള രക്തത്തിലൂടെ പകരുന്ന വൈറസ് ഉണ്ടെങ്കിൽ മരുന്നു മുഴുവൻ മലിനമാകാനുള്ള സാധ്യതയാണ് അപകടത്തിന് വഴിവച്ചത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വർദ്ധിച്ചു വരുന്ന എനർജി ബില്ലുകളിൽ ജനങ്ങൾക്ക് ആശ്വാസമായി പുതിയ ഗവൺമെന്റ് തീരുമാനം. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും എനർജി ബില്ലുകളിൽ 400 പൗണ്ട് ഡിസ്‌കൗണ്ട് നൽകുവാൻ തീരുമാനമായിരിക്കുകയാണ്. എനർജി ബിൽ സപ്പോർട്ട് സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന ഈ തുക ആറ് ഇൻസ്റ്റാൾമെന്റുകളായാണ് കുടുംബങ്ങൾക്ക് ലഭിക്കുക. ഒക്ടോബർ, നവംബർ മാസങ്ങളിൽ 66 പൗണ്ട് വീതം ഡിസ്കൗണ്ടും, ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ 67 പൗണ്ട് വീതം ഡിസ്കൗണ്ടും ജനങ്ങൾക്ക് ലഭിക്കും. ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി മീറ്റർ പോയിന്റുള്ള, മാസം തോറുമോ, മൂന്നുമാസങ്ങൾ തോറുമോ ബില്ലുകൾ പണമായോ, കാർഡുകൾ ഉപയോഗിച്ചോ അടയ്ക്കുന്ന എല്ലാവർക്കും ബില്ലുകളിൽ ഓട്ടോമാറ്റിക് റിഡക്ഷൻ ലഭിക്കും.

സ്മാർട്ട്‌ പ്രിപേയ്‌മെന്റ് ഡിവൈസുകൾ ഉള്ളവർക്ക് ഓരോ മാസവും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഈ തുക ലഭിക്കും. എന്നാൽ നോൺ സ്മാർട്ട് പ്രീ പെയ്മെന്റ് ഡിവൈസുകൾ ഉള്ളവർക്ക് ഈ തുക നേരിട്ട് ലഭിക്കില്ല. പകരം ഓരോ മാസവും ഡിസ്കൗണ്ട് വൗച്ചറുകളായി ഇമെയിലിലോ, പോസ്റ്റിലോ ലഭിക്കും. ഈ വൗച്ചറുകൾ ലോക്കൽ പോസ്റ്റ് ഓഫീസികളിലൂടെയും മറ്റും ജനങ്ങൾക്ക് ലഭിക്കും. ആഗോള വിലകൾ നിയന്ത്രിക്കുവാൻ ഗവൺമെന്റിന് സാധിക്കില്ലെങ്കിലും, ഇപ്പോൾ നൽകുന്ന 400 പൗണ്ട് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർടെങ് അറിയിച്ചു. ഈ സ്കീം നോർത്തേൺ അയർലണ്ടിലെ കുടുംബങ്ങൾക്കും ലഭ്യമാക്കുവാൻ ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാറാ എവറാർഡ് കൊലയാളിയുമായി ലൈംഗിക സന്ദേശങ്ങൾ പങ്കുവെച്ച് മൂന്നു പോലീസ് ഉദ്യോഗസ്ഥർ. ഒരു പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പടുത്തുന്നത് എങ്ങനെയെന്ന് മെറ്റ് പോലീസ് ഓഫീസർമാരിൽ ഒരാൾ വെയ്ൻ കൗസൻസിന് സന്ദേശമയച്ചു. വില്യം നെവിൽ (34), ജോനാഥൻ കോബ്ബൻ (35), മുൻ പിസി ജോയൽ ബോർഡേഴ്‌സ് (45) എന്നിവരാണ് മോശമായ ഭാഷയിൽ ബലാത്സംഗ കഥകൾ ഉൾപ്പെടെ പങ്കുവെച്ചത്. മൂവരും ആരോപണങ്ങൾ നിഷേധിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൗസൻസ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കൊലപാതകത്തിന് രണ്ട് വർഷം മുമ്പ് പ്രതി ഗ്രൂപ്പിൽ അയച്ചതായി ആരോപിക്കപ്പെടുന്ന മറ്റ് സന്ദേശങ്ങൾ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വായിച്ചു.

ഗാർഹിക പീഡനത്തിന് ഇരയായവരെ അപമാനിച്ചും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 11 ന് മെറ്റിലേക്ക് മാറ്റുന്നതിന് മുമ്പ് മൂന്ന് ഉദ്യോഗസ്ഥരും മുമ്പ് സിവിൽ ന്യൂക്ലിയർ കോൺസ്റ്റബുലറിയിലായിരുന്നു. കോബ്ബനും നെവില്ലും നിലവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടെങ്കിലും പോലീസ് ഓഫീസർമാരായി തുടരുന്നു. കമ്മ്യൂണിക്കേഷൻസ് ആക്റ്റ് 2003, സെക്ഷൻ 127 (1) പ്രകാരമുള്ള കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ തുടരുകയാണ്.

Copyright © . All rights reserved