ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: റോതർഹാം ആശുപത്രിയിൽ അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. യൂസഫ് മഹ്മൂദ് നസീർ(5) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ച ശേഷമാണ് ദാരുണമായ സംഭവം. എന്നാൽ നേരത്തെ രോഗിയെ ചികിത്സിക്കാൻ ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമെന്നാണ് കുടുംബം പറയുന്നത്. തൊണ്ടയിൽ അണുബാധയുമായാണ് കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.

കുഞ്ഞിനെ ഇൻട്രാവണസ് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ റോതർഹാം ഹോസ്പിറ്റലിലെ ജീവനക്കാരോട് പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് കുട്ടിയുടെ ബന്ധു ആരോപിച്ചു. എന്നാൽ കുട്ടികളുടെ വാർഡിൽ കിടക്കയില്ലെന്നും, ഡോക്ടർമാർ സ്ഥലത്തില്ലെന്നും പറഞ്ഞു അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു. ആരോപണത്തിനു പിന്നാലെ ആശുപത്രി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ 13ന് യൂസഫിന് തൊണ്ടവേദന ഉണ്ടായെന്നും തൊട്ടടുത്ത ദിവസം ഡോക്ടറെ കാണുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും ചെയ്തു.

തുടർന്ന് കുട്ടിയുടെ നില വഷളായപ്പോൾ സൗത്ത് യോർക്ക്ഷെയറിലെ റോതർഹാം ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് ശേഷമാണ് യൂസഫിനെ ഒരു ഡോക്ടർ പരിശോധിക്കാൻ എത്തിയത്. പരിശോധനയിൽ ടോൺസിലൈറ്റിസ് സ്ഥിരീകരിക്കുകയും, എന്നാൽ തുടർ ചികിത്സ നിർദേശിച്ചുമില്ലെന്നും കുടുംബം പറയുന്നു. രോഗം മൂർച്ഛിച്ചപ്പോൾ കുട്ടികളുടെ വാർഡിലേക്ക് വിളിച്ചു സഹായത്തിനായി അപേക്ഷിച്ചെന്നും, എന്നാൽ യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസവാർത്ത. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും, വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റും ഇനി ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യാത്രക്കാരോട് ഈ രേഖകൾ ഒന്നും തന്നെ ആവശ്യപ്പെടാത്തതിനെ തുടർന്നാണ് നിർണായക വിവരം പുറത്തുവന്നത്.

അതേസമയം, എയർപോർട്ടിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന നിർദേശങ്ങൾ യാത്രക്കാരെല്ലാം നിർബന്ധമായും പാലിക്കാൻ അധികൃതരോട് സഹകരിക്കണമെന്നാണ് നവംബർ 24 ന് പുറത്തുവന്നു ഔദ്യോദിക വിശദീകരണം. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് സർട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് പറയുമ്പോഴും, യാത്രയ്ക്കിടയിലോ എത്തിച്ചേരുമ്പോഴോ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

ഇന്ത്യയുടെ പ്രവേശന നിബന്ധനകൾക്ക് പ്രഖ്യാപനത്തിൽ ഇളവുകളൊന്നുമില്ല. യാത്ര ചെയ്യുന്നതിന് മുമ്പ് കൈവശം പാസ്‌പോർട്ടും യാത്രാ രേഖകളും ഉണ്ടെന്ന് നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണം. 2016 ൽ, ഒസിഐ കാർഡുകാർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ലെന്ന് ഇന്ത്യൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരം കാർഡുകളിൽ മുൻപ് യൂ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. എന്നാൽ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇനി മുതൽ സ്റ്റിക്കറിന്റെയും ആവശ്യമില്ല. പകരം പാസ്സ്പോർട്ടും ഒസിഐ കാർഡും ഹാജരാക്കിയാൽ മതി.
അതേസമയം മെഷീൻ റീഡബിൾ അല്ലാത്ത പാസ്‌പോർട്ടുമായി ഇന്ത്യൻ തുറമുഖത്ത് എത്തുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വ്യക്തമാക്കി . അതുപോലെ നോൺ-മെഷീൻ റീഡബിൾ പാസ്‌പോർട്ടുകൾ കൈവശം വച്ചുകൊണ്ട് വിദേശ യാത്രക്കാരെ കൊണ്ടുപോകുന്ന കാരിയറുകളിൽ നിന്ന് പിഴ ഈടാക്കും.
ഷൂസ്ബറി: യുകെ മലയാളികളെ ഞെട്ടിച്ചു ഷൂസ്‌ബറിയിൽ മലയാളി മരണം. ഷൂസ്‌ബെറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ആണ് ഇന്ന് വെളുപ്പിന് മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനും ആണ് ഷാജിയുടെ മാതാപിതാക്കൾ . സിനി, സിബു എന്നിവർ സഹോദരി സഹോദരന്മാരാണ്. ഷാജി ഒന്നരവർഷം മുൻപാണ് കുടുംബസമേതം യുകെയിൽ എത്തിയത്. ഏഴും പതിനൊന്നും വയസുള്ള നെവിൻ ഷാജിയും കെവിൻ ഷാജിയുമാണ് ഷാജി ജൂബി ദമ്പതികളുടെ മക്കൾ . ഭാര്യ ജൂബി ഷൂസ്ബറി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.
ഇന്നലെ പതിവുപോലെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ ജോലിക്കെത്തിയതായിരുന്നു നഴ്‌സായ ഷാജി. രാത്രി പന്ത്രണ്ടരയോടെ ഷാജിക്ക് ഉണ്ടായിരുന്ന ബ്രേക്ക് എടുത്തു റസ്റ്റ് റൂമിൽ ഇരിക്കെയാണ് അസ്വസ്ഥത തോന്നിയത്. ഉടനടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഉൾപ്പെടെയുള്ള മലയാളികൾ എത്തുകയും സി പി ർ കൊടുക്കുകയും ചെയ്തു. ആംബുലൻസ് ടീമും സ്ഥലത്തെത്തി. വെറും അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം ഷാജി മാത്യുവിനെ കീഴ്‌പ്പെടുത്തിയിരുന്നു.
സംഘടനയിൽ വളരെ സജീവമായിരുന്നു ഷാജിയും കുടുംബവും. എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു ഷാജിക്ക്. യാക്കോബായ സമുദായ അംഗമാണ് പരേതൻ. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ആയിരുന്നു ഷാജിയും കുടുംബവും എത്തിയിരുന്നത്.
ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തിനെ അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തറിൽ നടന്ന ലോകകപ്പിൽ ഇന്നലെ ഇംഗ്ലണ്ടിനും വെയിൽസിനും നിരാശയുടെ ദിവസം ആയിരുന്നു. ഇരു ടീമുകൾക്കും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ അവസരം ഉണ്ടെങ്കിലും യുഎസ്എയുമായുള്ള സമനിലയ്ക്കു പിന്നാലെ ഇറാനോട് തോൽവിക്ക് വഴങ്ങിയതോടെ വെയിൽസിന്റെ സാധ്യതകൾ കുറഞ്ഞു. യുഎസ്എയ്‌ക്കെതിരെ വിജയച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് അടുത്ത റൗണ്ടിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാമായിരുന്നു. പക്ഷേ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടതായി വന്നു. അതേസമയം ഇറാൻ വെയിൽസിനെ (2 – 0) ആണ് തോൽപ്പിച്ചത്. ഖത്തർ ലോകകപ്പിൽ വീണ്ടും ഏഷ്യൻ ടീമുകളുടെ പടയോട്ടമാണ് ഇന്നലെ കാണാൻ സാധിച്ചത്. വെയിൽസിന്റെ ഗോളി ഹെൻസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിന് വഴിത്തിരിവായത്. ഇഞ്ചുറി ടൈമിൽ റൂസ്ബെ ചെഷ്മി, റമീൻ റസായേൻ എന്നിവരുടെ ഗോളുകളാണ് ഇറാന് രക്ഷയായത്. ഇംഗ്ലണ്ട് തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ഇറാനെ(6 – 2 )ന് തറപറ്റിച്ചിരുന്നു.

ഗോളിയെ അവസാനം നിമിഷം മാറ്റേണ്ടിവന്നത് വെയിൽസ് ടീമിന് വൻ വെല്ലുവിളിയാണ് നൽകിയത്. പതിനഞ്ചാം മിനിറ്റിൽ തന്നെ ഇറാൻ ഗോൾ അടിച്ചെങ്കിലും അത് ഓഫ്സൈഡായി തെളിഞ്ഞതോടെ ഗോൾ അനുവദിച്ചില്ല. തങ്ങൾ മനസ്സിൽ കരുതിയ രീതിയിൽ ഇതുവരെയും കളിക്കാൻ ആയിട്ടില്ലെന്നും ഇംഗ്ലണ്ടിനെതിരെയുള്ള അവസാനം മാച്ചിൽ ഉജ്ജ്വലമായ പ്രകടനം ഉണ്ടാകുമെന്നും വെയിൽസ് മാനേജർ റോബ് പേജ് പറഞ്ഞു.

ഇംഗ്ലണ്ട് – യുഎസ് പോരാട്ടം ഗോൾ രഹിത സമനിലയിൽ എത്തി അവസാനിച്ചതോടെ ബി ഗ്രൂപ്പിലെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. ആദ്യം മത്സരത്തിൽ ഇറാൻ എതിരെ ഉജ്ജ്വല പ്രകടനം കാഴ്ച്ചവച്ച ഇംഗ്ലണ്ടിന് പക്ഷേ യുഎസിനെതിരെ ഗോളടിക്കാനുള്ള അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള യുഎസ്എയുടെ ശ്രമങ്ങളും ഫലം കണ്ടില്ല. യുഎസ്എയ്‌ക്കെതിരെയുള്ള ഈ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത ലഭിക്കുമായിരുന്നു. അതേസമയം യുഎസ്എയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചിരുന്നത്. മധ്യനിര താരമായ വെസ്റ്റൺ മക്കെന്നിക്ക് അനായാസമായ ഒരു ഓപ്പണിങ് നഷ്ടമായി. ആദ്യ മത്സരത്തിൽ വെയിൽസിനോട് സമനിലേക്ക് വഴങ്ങിയ യുഎസിന് നിലവിൽ രണ്ട് പോയിന്റാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇറാനെതിരെ (6 – 2)ന് ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിൻറ് ലഭിച്ച് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഇംഗ്ലണ്ടും വെയിൽസും തമ്മിൽ ഏറ്റുമുട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ അവസാന നാളുകളിൽ ക്യാൻസറിനോട് പോരാടിയിരുന്നതായുള്ള വെളിപ്പെടുത്തലുമായി ഒരു പുസ്തകം രംഗത്ത്. ഗൈൽസ് ബ്രാൻഡ്രെത്ത് എഴുതിയ എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റിലാണ് പരാമർശം. ഇതിന്റെ പ്രയാസങ്ങൾ മരണക്കിടക്കയിലും രാജ്ഞി നേരിട്ടതായാണ് പുസ്തകത്തിൽ പറയുന്നത്.

നാഷണൽ റെക്കോർഡ്സ് ഓഫ് സ്‌കോട്ട്‌ലൻഡ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിൽ സെപ്തംബർ 8 വ്യാഴാഴ്ച 3.10-ന് രാജ്ഞിയുടെ മരണം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ പരാമർശം ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. ക്യാൻസർ മൂലം ക്ഷീണവും ഭാരക്കുറവും രാജ്ഞി നേരിട്ടതായും എഴുത്തുകാരൻ കൂട്ടിച്ചേർക്കുന്നു.

മൈലോമയുടെ ലക്ഷണം അസ്ഥി വേദനയാണ്. പ്രത്യേകിച്ച് പെൽവിസിലും പുറകിലും. മൾട്ടിപ്പിൾ മൈലോമ പലപ്പോഴും പ്രായമായവരെ ബാധിക്കുന്ന ഒരു രോഗമാണ്. നിലവിൽ, അറിയപ്പെടുന്ന ഒരു ചികിത്സാ രീതി അതിനില്ല. എന്നാൽ ചികിത്സ ആരംഭിച്ചു രണ്ട് മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ മാറ്റമുണ്ടാക്കാൻ കഴിയാറുണ്ട്. ലോക് ഡൗണിനു ശേഷം സ്കോട്ട്ലൻഡിലേക്കും സാൻഡ്രിംഗ്ഹാമിലേക്കും അതുപോലെ വിൻഡ്സറിലേക്കും രാജ്ഞി യാത്ര ചെയ്തിരുന്നതായും ഡെയിലി മെയിൽ പറഞ്ഞു. വലിയ പ്രയാസങ്ങൾക്കിടയിലും രാജ്ഞി തന്റെ പ്രിയപ്പെട്ടവരിൽ ആശ്വാസം കണ്ടെത്തിയതായും വാർത്തകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അശ്ലീലം നിറഞ്ഞ വീഡിയോകളും ചിത്രങ്ങളും മോർഫിങ്ങിലൂടെ പങ്കുവെക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ചു ഇംഗ്ലണ്ട്. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ താക്കീതുമായി രംഗത്ത് വന്നിരിക്കുകയാണ് ഭരണകൂടം. അടുപ്പമുള്ള ആളുകളുടെ ചിത്രത്തിൽ തലവെട്ടി കയറ്റി ഓൺലൈനിൽ ഷെയർ ചെയ്യുന്ന രീതിക്ക് ഇതോടെ വിരാമമാകും. ഫേക്ക് ഫോട്ടോകൾ ഉപയോഗിച്ചു പണം തട്ടുന്നതും നിത്യസംഭവമായി മാറിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

അടുത്ത് കാലത്ത് റിപ്പോർട്ട് ചെയ്ത പല കേസുകളും ഇതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നിരവധി കേസുകളിൽ സ്ത്രീകളായിരുന്നു ഇങ്ങനെ ഇരയാക്കപ്പെട്ടിരുന്നത്. അനുവാദമില്ലാതെ ചിത്രങ്ങൾ നിർമിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുതിർന്നവരിൽ 14-ൽ ഒരാൾ ചിത്രങ്ങൾ ഉടമസ്ഥരുടെ അനുവാദമില്ലാതെ പങ്കുവെക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പലപ്പോഴും ഇത് ഭീഷണിപ്പെടുത്തലിന്റെ രൂപത്തിലായിരുന്നു.

വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്ന സംഘങ്ങൾ ഇതിനായി ആശ്രയിക്കുന്നത് സാങ്കേതികവിദ്യയെ തന്നെയാണ്. ഇതിലെ പ്രധാനി എന്ന് കണക്കാക്കുന്ന സൈറ്റ് കഴിഞ്ഞ ഒരു വർഷം തന്നെ 38 ദശലക്ഷത്തിലധികം ആളുകളാണ് സന്ദർശിച്ചത്. ടോറി നേതൃത്വ മത്സരത്തിൽ ഇതുമായി ബന്ധപ്പെട്ട നിർണായക വാഗ്ദാനം പ്രധാനമന്ത്രി ഋഷി സുനക് നൽകിയിരുന്നു. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നത് ക്രിമിനൽ കുറ്റമാക്കുമെന്നായിരുന്നു പ്രഖ്യാപനം. അതാണ് യഥാർത്ഥത്തിൽ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വിവിധ ഇടങ്ങളിൽ നിന്നും യുകെയിലേയ്ക്ക് പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്താൻ ഒരുങ്ങി സർവകലാശാലകൾ. ബ്രിട്ടനിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുവാൻ പ്രധാനമന്ത്രി ഋഷി സുനക് കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമാണിത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ നിർബന്ധമായും ഒരു സർവകലാശാലയിൽ അഡ്മിഷൻ എടുത്തിരിക്കണം. ഇല്ലാത്തപക്ഷമാണ് വിലക്ക് ഏർപ്പെടുത്തുക. ഒരു വർഷത്തിനുള്ളിൽ യുകെയിലേക്ക് എത്തുന്ന ആശ്രിതരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായതിനെ തുടർന്നാണ് നിർണായക നീക്കം.

കഴിഞ്ഞ വർഷം ജൂൺ മാസം വരെ മൊത്തം ഏകദേശം 1.1 ദശലക്ഷം ആളുകളാണ് യുകെ യിൽ എത്തിച്ചേർന്നതെന്നാണ് എമിഗ്രേഷൻ കേന്ദ്രത്തിന്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കഴിഞ്ഞ 12 മാസങ്ങളിലെ കുടിയേറ്റം 173,000 നെറ്റ് മൈഗ്രേഷന്റെ മൂന്നിരട്ടിയാണ്. കൂടാതെ ഈ കണക്ക് 2015 മാർച്ച് വരെയുള്ള വർഷത്തിലെ ബ്രെക്‌സിറ്റിന് മുമ്പുള്ള 336,000 എന്ന റെക്കോർഡിനേക്കാൾ കൂടുതലാണ്.
ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളിൽ ഏറെയും യുകെയിൽ എത്തിയിരിക്കുന്നത്. ഇത്തരമൊരു നിയന്ത്രണം എത്തുന്നതോടെ പ്രധാനമായും ബാധിക്കുക മലയാളികളായ നിരവധി വിദ്യാർത്ഥികളെയാണ്. ജീവിതത്തിൽ നിരവധി സ്വപ്നങ്ങളുമായെത്തിയ വിദ്യാർത്ഥികൾ വാർത്ത പുറത്തു വന്നതിനു പിന്നാലെ സങ്കടത്തിലാണ്.

നിലവാരം കുറഞ്ഞ ഡിഗ്രി കോഴ്സുകൾക്കെതിരെ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ നടപടിയെടുക്കുമെന്ന് നാദിം സഹാവി വാഗ്ദാനം ചെയ്തിരുന്നു. വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്ന യൂണിവേഴ്സിറ്റികൾക്കും, കുറഞ്ഞ ബിരുദ വരുമാനവുമുള്ള സർവ്വകലാശാലകൾക്കും ഇതിന്റെ ഭാഗമായി പിഴ ചുമത്തിയിരുന്നു.
യുക്രൈയ്ൻ, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റമാണ് അധികൃതരെ നടപടിയിലേക്കെത്തിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലസ്റ്ററിൽ മലയാളികുടുംബം നേരിട്ടത് കൊടും ക്രൂരത. മൂന്ന് ദിവസം മുൻപാണ് ഇവർ യുകെയിൽ എത്തിയത്. വീട്ടിൽ അതിക്രമിച്ചെത്തിയ അക്രമി ഭർത്താവിന്റെ മൂക്കിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയെ മാരകമായി ആക്രമിക്കുകയും ചെയ്തു. ഇന്ത്യക്കാരൻ എന്ന വ്യാജേന അടുത്തുകൂടിയ അക്രമിയാണ് കുടുംബത്തെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹായം അഭ്യർത്ഥിച്ച് അടുത്തുകൂടിയ ശേഷം ആക്രമണത്തിന് ഇയാൾ മുതിരുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡെലിവറി ബോയിയെ പോലെ തോന്നുന്ന ഒരാൾ, മാസ്ക് ധരിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുകാർ അയാളെ റൂം മാറിപ്പോയി എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നെയും പല കാര്യങ്ങളും പറഞ്ഞ് ഇയാൾ പിന്നാലെ അടുത്തുകൂടി. തുടർന്ന് മുറികാണിച്ചു തരാൻ ഒപ്പം വരണമെന്ന് ഇയാൾ ആവശ്യപ്പെടുകയും, ഇതനുസരിച്ച് കൂടെ ചെല്ലുകയും ചെയ്തു. താൻ ഇന്ത്യനാണെന്ന് പരിചയപ്പെടുത്തിയ അക്രമി, മൊബൈൽ ഫോൺ തരണമെന്ന് ആവശ്യപ്പെട്ടു.
ആരെയോ വിളിച്ചു എന്ന് തോന്നിപ്പിച്ച ശേഷം പത്തു പൗണ്ടായി ഇയാളുടെ ആവശ്യം. ചേഞ്ച് വേണം എന്ന വ്യാജേനയാണ് ഇയാൾ അക്രമത്തിനു തുടക്കമിട്ടത്. പണം നൽകാനായി പേഴ്സ് എടുത്ത യുവാവിനെ മാരകമായി ആക്രമിക്കുകയും, തല്ലി അവശനാക്കുകയും ചെയ്തു. തടയാൻ ചെന്ന യുവതിയെയും യാതൊരു മര്യാദയുമില്ലാതെ ഇയാൾ ഇടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസും ആംബുലൻസും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളികളുടെ കൈവശം ധാരാളം സ്വർണവും പണവും ഉണ്ടെന്ന് ധാരണ ഇത്തരം അക്രമങ്ങളിൽ ഉണ്ട്. അതുകൊണ്ട് യുകെയിലെ മലയാളികൾ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ ചൈനീസ് നിർമ്മിത സെക്യൂരിറ്റി ക്യാമറകൾക്ക് നിരോധനം. സെൻസിറ്റീവ് സൈറ്റുകളിൽ ഇത്തരം ക്യാമറകൾ സ്ഥാപിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് ഇത്.

രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലുള്ള ഉപകരണങ്ങൾ പൂർണമായും നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ ഡിപ്പാർട്ട്‌മെന്റൽ കോർ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. യു കെയ്ക്ക് എതിരെ ഭീഷണി വർദ്ധിച്ചു വരികയാണ്. ഇത്തരം സിസ്റ്റങ്ങൾ അനുദിനം കൂടുതൽ കരുത്താർജിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ഒലിവർ ഡൗഡൻ പറഞ്ഞു.

ചൈനയുടെ ദേശീയ രഹസ്യാന്വേഷണ നിയമത്തിന് വിധേയമായി കമ്പനികൾ നിർമ്മിക്കുന്ന ഉപകരണങ്ങളാണ് ഇവ. അതിനാൽ ഇത്തരം നിയന്ത്രണം അനിവാര്യമാണ്. രാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ഇവ ഭീഷണിയാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ ഓഫറുകളുമായി റീട്ടെയിൽ കട ഉടമകളും, കമ്പനികളും രംഗത്തെത്തിയിരിക്കുകയാണ് . വീട്ടുപകരണങ്ങളിൽ 50% ഓഫർ വരെയാണ് ചിലയിടങ്ങളിൽ ലഭ്യമാക്കുന്നത്. ബ്രെഡ് മേക്കറുകൾ, സ്‌മാർട്ട് ഹോം ഉപകരണങ്ങൾ, എയർ ഫ്രയറുകൾ, ബ്ലെൻഡറുകൾ, എച്ച്‌ഡി ടെലിവിഷനുകൾ എന്നിവയെല്ലാം തന്നെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് കടയുടമകൾ. ആമസോൺ , ജോൺ ലൂയിസ് , സിംബ , ഷാർക്ക് തുടങ്ങിയ പ്രമുഖ റീട്ടെയിലർമാർ അവരുടെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നേരത്തെ തന്നെ പരസ്യപ്പെടുത്തി കഴിഞ്ഞു. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് പ്രയോജനപ്പെടുത്താനായി ചില ഓഫറുകൾ ഇതാ :-

ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി ഷാർക്ക് കമ്പനിയുടെ പവേർഡ് – ലിഫ്റ്റ് – എവേ അപ്പ്റൈറ്റ് വാക്വം ക്ലീനർ ആമസോണിലൂടെ 161 പൗണ്ട് വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. മറ്റ് മോഡലുകളേക്കാൾ അൽപ്പം ഭാരമുള്ളതാണെങ്കിലും, കൂടുതൽ പവർ ഈ മോഡലിന് ഉണ്ടെന്നുള്ളത് കാർപെറ്റുകൾ മുതൽ ഹാർഡ് ഫ്ലോറുകൾ വരെ ഇവയെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കുന്നു.

ഡൈസൻ എയർറാപ്പ് സ്റ്റൈലർ കംപ്ലീറ്റിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 105 പൗണ്ട് വരെ ലാഭിക്കാവുന്ന തരത്തിലുള്ള ഓഫർ ആണ് വന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ എക്കോ ഡോട്ടിന്റെ അഞ്ചാം ജനറേഷൻ ബ്ലൂടൂത്ത് സ്പീക്കറിൽ 28 പൗണ്ടിന്റെ ലാഭമുണ്ടാക്കാനും ഉപഭോക്താക്കൾക്ക് ഇപ്പോൾ അവസരമുണ്ട്. മോർഫി റീചാർഡ്‌സിന്റെ ബ്രെഡ് മേക്കർ ഈ സമയത്ത് വാങ്ങുന്നവർക്ക് 60 പൗണ്ടിന്റെ ഓഫർ വരെയാണ് കമ്പനി ലഭ്യമാക്കുന്നത്. അതോടൊപ്പം തന്നെ ആമസോൺ സ്മാർട്ട് പ്ലഗിലും 12 പൗണ്ടിന്റെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഡൈസൻ കോർഡ് ലെസ്സ് വാക്വം ക്ലീനറിലും 104 പൗണ്ടിന്റെ ഓഫർ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത്തരത്തിൽ ഈ ക്രിസ്മസ് കാലം ആഘോഷകരം ആക്കുവാനുള്ള എല്ലാവിധ ഓഫറുകളുമായാണ് വിവിധ കമ്പനികൾ ഉപഭോക്താക്കൾക്കായി മുന്നോട്ടുവയ്ക്കുന്നത്.