Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് -19 ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ഗവൺമെന്റ് അധികൃതർ പാർട്ടികൾ നടത്തിയ വിവാദത്തിൽ അന്വേഷണത്തെ തുടർന്ന് പിഴ ഈടാക്കുവാൻ മെട്രോപൊളിറ്റൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. പതിനഞ്ചോളം പെനാൽറ്റി ഫൈനുകൾ പോലീസ് അധികൃതർ ചൊവ്വാഴ്ച മുതൽ തന്നെ ഈടാക്കും എന്നാണ് വെസ്റ്റ്മിനിസ്റ്റർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ജനുവരി മുതലാണ് ഏകദേശം 12 ഇവന്റുകളെ സംബന്ധിക്കുന്ന അന്വേഷണം മെട്രോപൊളിറ്റൻ പോലീസ് ആരംഭിച്ചത്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും മെട്രോപൊളിറ്റൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബോറിസ് ജോൺസനെതിരെയും അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെയും ഈ വിവാദത്തിൽ വൻ വിമർശനങ്ങൾ ഉണ്ടായിരുന്നു. ചില കൺസർവേറ്റീവ് എംപിമാർ തന്നെ ബോറിസ് ജോൺസന്റെ രാജിക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു.

അടുത്തിടെ യുക്രൈൻ യുദ്ധമാരംഭിച്ചതിനുശേഷമാണ് ഈ വിഷയത്തിൽ നിന്നും ശ്രദ്ധ വ്യതിചലിക്കപ്പെട്ടത്. സീനിയർ സിവിൽ സർവെന്റ് ആയിരുന്ന സ്യു ഗ്രെയുടെ സ്വതന്ത്ര അന്വേഷണത്തിന് ശേഷമാണ് മെട്രോപൊളിറ്റൻ പോലീസ് കേസ് ഏറ്റെടുത്തത്. പോലീസ് അന്വേഷണം പൂർത്തിയായ ശേഷം ഗ്രെയുടെ റിപ്പോർട്ട് പൂർണമായ തോതിൽ പ്രസിദ്ധീകരിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയത്. ഓപ്പറേഷൻ ഹിൽമാൻ എന്ന് പേരിട്ടിരിക്കുന്ന പോലീസ് അന്വേഷണത്തിൽ 12 പാർട്ടികളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രധാനമായുള്ള ചോദ്യം. ഇതിൽ മൂന്ന് പാർട്ടികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നിരുന്നാൽ തന്നെയും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് ഈ വിവാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലം. മാത്യു ചേട്ടൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് മാത്യു മാളിയേക്കല്‍ മരണത്തിന് കീഴടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി ആശുപത്രിയിൽ പോയി മടങ്ങി വരവേ ബസില്‍ നിന്നും തെന്നി വീണു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളായി. ജീവന്‍ രക്ഷ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ പിടിച്ചുനിർത്തിയത്. എന്നാൽ മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കാതായതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന മാത്യു ചേട്ടൻ യുകെ മലയാളികൾക്ക് പരിചിതനാണ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഭാര്യ റിനിയെയും മക്കളായ ഇഷയെയും ജെറോമിനെയും തനിച്ചാക്കി മാത്യു യാത്രയായത് സുഹൃത്തുക്കള്‍ക്കും തീരാവേദനയായി. കോട്ടയം സ്വദേശിയായ മാത്യു, ലണ്ടന്‍ ക്‌നാനായ മിഷന്‍ അംഗമാണ്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.

സ്റ്റഡി ഡേയുടെ ഭാഗമായി ജോലി സ്ഥലത്തെ ക്ലാസിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇടുപ്പെലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂഹാം ഹോസ്പിറ്റലിലെ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പരിശോധനകള്‍ക്കു വിധേയനായി. എന്നാൽ അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നേഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്തു വരികയായിരുന്നു മാത്യു. ന്യൂഹാം ഹോസ്പിറ്റലിലെ നേഴ്സാണ് ഭാര്യ റിനി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്വാഭാവിക പ്രസവങ്ങൾ പ്രോത്സാഹിപ്പിച്ച എൻഎച്ച്എസ് ട്രസ്റ്റ്‌ മരണത്തിലേക്ക് തള്ളിവിട്ടത് മുന്നൂറോളം കുഞ്ഞുങ്ങളെ. ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റലിനെതിരായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമ്മയ്ക്കും കുഞ്ഞിനും വേണ്ടത്ര പരിചരണം നൽകാതെ സ്വാഭാവിക പ്രസവത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ മുന്നൂറോളം നവജാത ശിശുക്കൾ മരിക്കുകയും നിരവധി പേർക്ക് മസ്തിഷ്ക ക്ഷതം ഉണ്ടായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ ബുധനാഴ്ച പൂർണമായി പ്രസിദ്ധീകരിക്കും. സിസേറിയൻ നിരസിച്ചതിലൂടെ അമ്മമാരെയും കുഞ്ഞുങ്ങളെയും ട്രസ്റ്റ്‌ അപകടത്തിലാക്കുകയായിരുന്നു.

സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകിയത് മുൻ മിഡ്‌വൈഫായ ഡോണ ഒക്കെൻഡൻ ആണ്. ഹോസ്പിറ്റൽ ട്രസ്റ്റിനെതിരെ 1,800-ലധികം പരാതികൾ ഉയർന്നതിനെ തുടർന്ന് 2017ൽ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 12 അമ്മമാർ പ്രസവസമയത്ത് മരിച്ചതെങ്ങനെയെന്നും അന്വേഷണ റിപ്പോർട്ടിൽ വിശദീകരിക്കും. അഞ്ച് വർഷത്തെ അന്വേഷണത്തിൽ 90 വിദഗ്‌ദ്ധ മിഡ്‌വൈഫുമാരും ഡോക്ടർമാരും ഉൾപ്പെടുന്നു.

ആദ്യത്തെ 250 കേസുകളുടെ ഇടക്കാല റിപ്പോർട്ട് 15 മാസം മുമ്പ് പ്രസിദ്ധീകരിച്ചു. ആശുപത്രി ജീവനക്കാർ, കുഞ്ഞുങ്ങളുടെ മരണത്തിൽ അമ്മമാരെ കുറ്റപ്പെടുത്തിയതായി അന്ന് കണ്ടെത്തിയിരുന്നു. പരാജയങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അത് ഉണ്ടാക്കിയ ദുരിതത്തിനും വേദനയ്ക്കും മാപ്പ് ചോദിക്കുന്നതായും ട്രസ്റ്റ് പറഞ്ഞു. 2000 മുതൽ 115-ലധികം പരാതികളിൽ ക്ലിനിക്കൽ നെഗ്‌ലിജൻസിനും മറ്റ് ചെലവുകൾക്കുമായി ട്രസ്റ്റ്‌ 58 മില്യണിലധികം പൗണ്ട് അടച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉപയോക്താക്കൾക്ക് അധികഭാരമായി വൈദ്യുതി ബില്ലിലെ പ്രാദേശിക വർധനവ്. വൈദ്യുതി ബില്ലുകളിലെ സ്റ്റാൻഡിംഗ് ചാർജുകൾ കുത്തനെ ഉയരും. സൗത്ത് സ്‌കോട്ട്‌ലൻഡ്, മെഴ്‌സിസൈഡ്, നോർത്ത് വെയിൽസ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏപ്രിൽ മുതൽ പ്രതിദിന പേയ്‌മെന്റുകൾ ഇരട്ടിയാകും. ലണ്ടനിലും കിഴക്കൻ ഇംഗ്ലണ്ടിലും ഉള്ളവർക്ക് 60% ൽ താഴെയാണ് വർധനവ്. വിതരണ ചെലവുകളും മറ്റ് ലെവികളും ഉൾക്കൊള്ളുന്ന ഒരു നിശ്ചിത പ്രതിദിന പേയ്‌മെന്റാണ് സ്റ്റാൻഡിങ് ചാർജ്.

സ്റ്റാൻഡിംഗ് ചാർജുകൾ ഒരു എനർജി ബില്ലിന്റെ ഏറ്റവും വലിയ ഭാഗമല്ലെങ്കിലും ഏപ്രിൽ മുതൽ അവ പ്രതിവർഷം ശരാശരി £71-ലധികം വർദ്ധിക്കും. അതേസമയം, എനർജി ബില്ലുകൾ കുതിച്ചുയരുന്ന സമയത്ത് പ്രാദേശിക വ്യത്യാസങ്ങൾ അന്യായമാണെന്ന അഭിപ്രായം പലയിടത്തുനിന്നും ഉയരുന്നുണ്ട്.

ലണ്ടനിൽ 38% വർധനവാണ് ഉണ്ടാകുന്നത്. നോർത്ത് വെസ്റ്റിൽ 73% വർദ്ധനയും യോർക്ക്ഷയറിൽ 81% വർദ്ധനയും സൗത്ത് വെയിൽസിൽ 94% വർദ്ധനയും ഉണ്ടാകും. ഊർജ്ജ വിതരണക്കാരുടെ തകർച്ചയുമായി ബന്ധപ്പെട്ട ചിലവുകൾ അടയ്ക്കുന്നതിന് ബില്ലുകളിൽ കൂട്ടിച്ചേർത്ത ലെവി രാജ്യത്തുടനീളം തുല്യമായി വ്യാപിപ്പിച്ചുവെന്ന് ഓഫ്ഗം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠന നിലവാരം ഉയർത്താൻ പദ്ധതികളുമായി സർക്കാർ. 2030 ൽ പ്രൈമറി സ്‌കൂൾ വിടുന്ന 90% കുട്ടികളും വായനയിലും എഴുത്തിലും കണക്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നു. 2019ൽ ഇത് 65 ശതമാനമായിരുന്നു. ജിസിഎസ്ഇ തലത്തിൽ, എല്ലാ ഗ്രേഡുകളുടെയും നാഷണൽ മീൻ ആവറേജ് 4.5 ൽ നിന്ന് 5 ആയി ഉയരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിൽ പദ്ധതികൾ പരാജയപ്പെടുമെന്ന് യൂണിയനുകളും ചാരിറ്റികളും പറഞ്ഞു.

കണക്കിലോ ഇംഗ്ലീഷിലോ പിന്നാക്കം നിൽക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സഹായം ലഭിക്കുമെന്ന് യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. അടിസ്ഥാനം ശരിയായി ലഭിച്ചില്ലെങ്കിൽ, സെക്കൻഡറി സ്കൂളിൽ പഠനം കൂടുതൽ കഠിനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് കുട്ടികളുടെ മേൽ കൂടുതൽ സമ്മർദം ഏർപ്പെടുത്താനുള്ള പദ്ധതിയല്ല, അവരെ പിന്തുണയ്ക്കാനുള്ള പദ്ധതിയാണ്.” നാദിം സഹാവി വ്യക്തമാക്കി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി പഠനം തടസപ്പെട്ട സ്ഥിതിയിലായിരുന്നു.

എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) ഗവൺമെന്റിനായി നടത്തിയ ഗവേഷണത്തിൽ, കോവിഡ് കാരണം പ്രൈമറി വിദ്യാർഥികളുടെ ഇംഗ്ലീഷ്, കണക്ക് നിലവാരം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാൽ സർക്കാരിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ സാധ്യതയില്ലെന്ന് ഇപിഐ ചീഫ് എക്സിക്യൂട്ടീവ് നതാലി പെരേര പറഞ്ഞു. ഫണ്ടിങ് ആണ് പ്രധാന വെല്ലുവിളിയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിജു സ്റ്റീഫന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഒരു മാസമാണ് യുകെയിൽ കഴിഞ്ഞതെങ്കിലും ബിജുവിനെ യാത്രയാക്കാൻ വൻ ജനാവലിയാണ് വെള്ളിയാഴ്ച (18/03/2022)  സ്റ്റാഫോര്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍ എത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയില്‍ വെള്ളിയാഴ്ച്ച (25/03/2022) സംസ്കരിച്ചു. ബിജുവിന്റെ അപ്രതീക്ഷിത മരണം യുകെ മലയാളികൾക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മരണ ദിവസം മുതല്‍ ബിജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സ്റ്റാഫോര്‍ഡ് മലയാളി സമൂഹവും പ്രവാസി സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നത് വലിയ ആശ്വാസമായി. മാതൃ ഇടവകയായ റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഇവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഒടുവിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി മണ്ണിലേക്ക് മടക്കം.

സംസ്കാര ശുശ്രൂഷയിൽ ഫാ. കുര്യാക്കോസ്, ഇടവക വികാരി ഫാ. ജെയ്ന്‍, ഫാ. രാജന്‍ കുളമട, ഫാ. സക്കറിയ മധുരംകോട്ട്, ഫാ. ജിജു പുത്തന്‍പുരയ്ക്കല്‍, ഫാ. എബി മുട്ടയ്ക്കല്‍ എന്നിവർ സഹകാര്‍മികരായിരുന്നു. ബിജുവിന് ആദരാഞ്ജലി അർപ്പിക്കാൻ റാന്നി എംഎല്‍എ പ്രമോദ് നാരായണനും എത്തി. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാനും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്‌സ്, പഞ്ചായത്ത് അംഗം ഷൈനി രാജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

 

വലിയ പ്രതീക്ഷകളുമായി ആഴ്ചകള്‍ക്ക് മുന്‍പ് യുകെയിൽ എത്തിയ കുടുംബം ബിജുവിന്റെ ആകസ്മിക മരണത്തിൽ തകർന്നു പോയിരുന്നു. എന്നാൽ, കുടുംബത്തെ കൈവിടാതെ ചേര്‍ത്ത് നിർത്തിയ യുകെ മലയാളികളുടെ നന്മയെ ഏവരും പ്രശംസിച്ചു. ബിജുവിന്റെ ഭാര്യ ബിനുവിന്റെയും മക്കളായ ബിന്നിയുടെയും ബിയയുടെയും കണ്ണീരിൽ നാട് സങ്കടകടലായി. വിങ്ങിപൊട്ടിനിന്ന മകനെ ബന്ധു കൂടിയായ ഫാ. കുര്യാക്കോസ് ആശ്വസിപ്പിക്കുന്ന രംഗം ചുറ്റും കൂടിനിന്നവർക്ക് വേദനയുളവാക്കുന്നതായിരുന്നു.

ഉത്തരവാദിത്തതോടെ പ്രവർത്തിച്ച സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിലെ അംഗങ്ങളോട് കുടുംബവും ബന്ധുക്കളും നന്ദി പറഞ്ഞു. രണ്ടാഴ്ച കൊണ്ട് 6000 പൗണ്ടാണ് സ്റ്റാഫോര്‍ഡ് മലയാളി സമൂഹം സമാഹരിച്ചത്. യുകെയിലെ വിവിധ ക്‌നാനായ യാക്കോബായ സമൂഹങ്ങളുടെ പിന്തുണയോടെ സമാഹരിച്ച 7000 പൗണ്ടോളം വരുന്ന തുകയും ഫാ.ജോമോന്റെ ശ്രമഫലമായി കുടുംബത്തിന് ലഭ്യമായി. ഇതൊക്കെയും ബിജുവിന്റെ കുടുംബത്തിന് വലിയ ആശ്വാസം നൽകാൻ കാരണമാകും. ഈ ഒരുമയും പിന്തുണയുമാണ് ബ്രിട്ടീഷ് മലയാളികളെ ഏതു പ്രതിസന്ധി ഘട്ടത്തിലും ചേർത്തുനിർത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യക്കെതിരെയുള്ള നടപടികളിൽ ശക്തമായ നിലപാടുമായി ബ്രിട്ടൻ. റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് യുദ്ധം അവസാനിപ്പിച്ചതിന് ശേഷമേ പരിഗണിക്കുകയുള്ളു എന്ന് യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു.

യുകെ , യുഎസ് , യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇതുവരെ 1000 -ത്തിലധികം റഷ്യൻ വ്യക്തികൾക്കും കമ്പനികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യ നടത്തുന്ന സമാധാന ചർച്ചകൾ തുറന്ന മനസ്സോടെയല്ലന്നും പുകമറ സൃഷ്ടിക്കാനുള്ള നടപടികൾ മാത്രമാണെന്നും വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി.

ഇതിനിടെ മരിയുപോളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നഗരങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരാണ് ശേഷിക്കുന്നത്. മരിയുപോൾ തുറമുഖം പൂർണമായി തകർക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈൻ പ്രസിഡൻറ് ആരോപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം തന്നെ ആനുപാതികമായി മരണനിരക്കും ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് തരംഗങ്ങൾ രാജ്യത്തെ കീഴ്പെടുത്തിയപ്പോൾ ശക്തമായി പോരാടാൻ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു . പൂർണ്ണമായും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ സാഹചര്യത്തിൽ രോഗവ്യാപനത്തേ കുറിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്.


രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡിൻെറ പുതിയ ജനിതക വകഭേദങ്ങളുടെ ആവിർഭാവത്തിന് ഇടയാക്കിയേക്കാം എന്നുള്ള കടുത്ത ആശങ്കയാണ് ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്. വാക്സിനുകൾക്ക് പ്രതിരോധിക്കാനാകാത്ത പുതിയ പുതിയ വകഭേദങ്ങളുടെ ആവിർഭാവം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇൻഡിപെൻഡന്റ് സേജിലെ അംഗമായ പ്രൊഫസർ സൂസൻ മിച്ചി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഒമിക്രോണിൻെറ പുതിയ വകഭേദമായ BA .2 പടർന്നു പിടിക്കുകയാണ് . ഇംഗ്ലണ്ടിലെ 16 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പി സി ആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് വരും ദിവസങ്ങളിൽ രോഗവ്യാപനതോത് ഉയർത്തുമെന്ന വിമർശനം ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാൽസാൾ : 1.5 മില്യൺ പൗണ്ട് വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ വാൽസാലിൽ പിടികൂടി. ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് സൂചന ലഭിച്ചതിനെത്തുടർന്ന് ബറോയുടെ തെക്ക് ഭാഗത്തുള്ള സെൽഫ് സ്റ്റോറേജ് ഫെസിലിറ്റിയിൽ നടത്തിയ റെയ്ഡിലാണ് വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും ഉൾപ്പടെയുള്ള 7,500-ലധികം ഉത്പന്നങ്ങൾ പിടികൂടിയത്. അഞ്ച് ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാരും നാഷണൽ മാർക്കറ്റ് ഗ്രൂപ്പിലെ അഞ്ച് ഓഫീസർമാരും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിലെ നാല് ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ പങ്കെടുത്തു.

പിടിച്ചെടുത്ത വസ്ത്രങ്ങൾ വ്യാജമാണെന്നും ഇത് വിപണിയിൽ എത്തിയാൽ യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഞങ്ങളുടെ പ്രാദേശിക ബിസിനസുകളെ ബാധിക്കുമെന്നും വാൽസാൽ കൗൺസിലിലെ കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് തലവൻ ഡേവിഡ് എൽറിംഗ്ടൺ പറഞ്ഞു.

വാൽസാലിൽ ഇത് ആവർത്തിക്കരുതെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ നിരീക്ഷണം ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുകെയിലുടനീളമുള്ള കടകളിലേക്കും മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും എത്തുന്ന വ്യാജ ഉൽപ്പന്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ഫ്ലാഷ് പ്രവർത്തിക്കുന്നത്.

സുജിത് തോമസ്

പാൽ പായസം

ചേരുവകൾ

• ഉണക്കലരി – 6 ടേബിൾ സ്പൂൺ
• പാൽ – 4 കപ്പ്
• വെള്ളം – 2 കപ്പ്
• പഞ്ചസാര -1 കപ്പ് (മധുരം ആവശ്യം അനുസരിച്ച് )
• ഉരുക്കിയ നെയ്യ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി, കുറച്ചു കുതിർത്തു വച്ച ശേഷം വെള്ളം വാർത്തെടുക്കുക

• ഒരു പ്രഷർ കുക്കറിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ എടുത്ത് വച്ചിരിക്കുന്ന പാലും അരിയും ചേർത്ത് കൊടുക്കുക.
• ശേഷം കുക്കർ അടച്ച് ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക.
• ഏകദേശം 40 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം.
• ആവി പുറത്ത് പോയി കഴിഞ്ഞതിനു ശേഷം അടപ്പ് തുറക്കുക
• ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക.
• ശേഷം പ്രഷർ കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20 മിനിറ്റ് പാകം ചെയ്യുക. ആവി എല്ലാം പോയശേഷം കുക്കർ തുറക്കാം.
• നെയ്യ് ചേർത്തിളക്കി യോജിപ്പിക്കുക
• ചെറുതീയിൽ ഇളക്കി ഇളം പിങ്ക് നിറത്തിൽ കുറുകി വരുന്നതാണ് ഈ പായസത്തിന്റ ശരിയായ പരുവം.

സുജിത് തോമസ്

 

 

 

 

 

RECENT POSTS
Copyright © . All rights reserved