Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 എന്ന പുതിയ കോവിഡ് വകഭേദം ലോകരാജ്യങ്ങളെ വീണ്ടും സമ്മർദ്ദത്തിലാക്കി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോൾ അന്താരാഷ്ട്ര ആശങ്കയായി മാറിയിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ബോത്സ്വാന, എസ്വാറ്റിനി, സിംബാബ് വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടൻ വിലക്ക് ഏര്‍പ്പെടുത്തി. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്നും നിലവിലെ കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയും ഇതേ ആശങ്കയാണ് പങ്കുവെച്ചത്.

ബ്രിട്ടനില്‍ ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ പൗരന്മാരോട് പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നും ബോട്‌സ്വാനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ബി.1.1.529 വകഭേദം ഇതിനകം തന്നെ വ്യാപിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ജാവിദ് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. വളരെ വേഗം മ്യൂട്ടേഷൻ സംഭവിക്കുന്ന ഇവയെ ചെറുക്കാൻ ഇപ്പോഴുള്ള വാക്സിൻ പര്യാപ്തമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബ്രിട്ടൻ ശൈത്യകാലത്തേയ്ക്ക് നീങ്ങുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജാവിദ് മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളിൽ ഇതുവരെ 59 കേസുകളാണ് സ്ഥിരീകരിച്ചത്. ജൊഹന്നാസ്ബർഗിലടക്കം സ്ഥിതി ഗുരുതരമാണ്. ലോകം ദക്ഷിണാഫ്രിക്കയ്ക്കും ആഫ്രിക്കയ്ക്കും പിന്തുണ നൽകണമെന്നും വിവേചനം കാണിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും ശാസ്ത്രജ്ഞൻ പ്രൊഫ തുലിയോ ഡി ഒലിവേര പറഞ്ഞു. പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാന്‍ ലോകാരോഗ്യ സംഘടനയും തീരുമാനിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബുധനാഴ്ച ഇംഗ്ലീഷ് ചാനലിൽ നടന്ന ദുരന്തത്തിൽ മരണമടഞ്ഞവരിൽ ഒരാളെ തിരിച്ചറിഞ്ഞു. തന്റെ ഭാവി ഭർത്താവിനെ അന്വേഷിച്ച് ബ്രിട്ടനിലേക്ക് തിരിച്ച ഇരുപത്തിനാലുകാരിയായ കുർദിഷ് വനിത, മറിയം നൂരി മുഹമ്മദ് ആമീനിനെയാണ് ആദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം ബ്രിട്ടണിലേയ്ക്ക് എത്തുവാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ, 27 പേർ മരണപ്പെട്ടിരുന്നു. തന്നെ വിവാഹം ചെയ്യുവാൻ നിശ്ചയിച്ചിരുന്ന കർസാനിനൊപ്പമെത്താനാണ് മറിയം ശ്രമിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇറാഖിൽ നിന്നും ജർമനിയിലെത്തി, അവിടെനിന്നും ഫ്രാൻസിൽ എത്തിയശേഷമാണ് യുകെയിലേയ്ക്കുള്ള യാത്രയ്ക്ക് മറിയം ശ്രമിച്ചത്. മറിയത്തിന്റെ വേർപാട് കുടുംബാംഗങ്ങളെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. മറിയത്തിനെ വിവാഹം ചെയ്യാനിരുന്ന കർസാൻ നിലവിൽ ബ്രിട്ടനിലാണ്. മറിയവുമായി തുടർച്ചയായി താൻ സംസാരിച്ചിരുന്നുവെന്നും, സമുദ്രത്തിലെ മധ്യത്തിൽ എത്തിയപ്പോഴാണ് തനിക്ക് കണക്ഷൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് യാത്ര നടത്തിപ്പുകാരുമായി ബന്ധപ്പെട്ടെങ്കിലും ഒരു വിവരങ്ങളും ലഭിക്കുവാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ 17 പുരുഷന്മാരും, ഗർഭിണി ഉൾപ്പെടെ ഏഴ് സ്ത്രീകളുമാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആളുകളെ കണ്ടെത്തുവാൻ ശ്രമിച്ച കുറ്റത്തിന് അഞ്ചുപേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവർ കൂടുതൽപേരും ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സോമാലിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ മാത്രം രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. അടുത്തയിടെ നടന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായാണ് ഈ അപകടം വിലയിരുത്തപ്പെട്ടിരിക്കുന്നത്. സംഭവത്തെതുടർന്ന് ഫ്രാൻസും ബ്രിട്ടനും തമ്മിൽ ചെറിയതോതിൽ വാദപ്രതിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. 2020 ൽ 8417 പേർ മാത്രമാണ് ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടണിൽ എത്താൻ ശ്രമിച്ചിരുന്നതെങ്കിൽ, ഈ വർഷം 2500 -ൽ അധികം പേരാണ് ഇത്തരത്തിൽ ബ്രിട്ടണിലെത്തിച്ചേർന്നത്. ഇത്തരത്തിൽ അഭയാർഥികളുടെ ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കടന്നുവരവ് അവസാനിപ്പിക്കുവാൻ കൂടുതൽ ട്രൂപ്പുകളെ ഉപയോഗിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന്റെ ആശങ്കകൾ സാമ്പത്തിക വിപണിയിലും പ്രതിഫലിച്ചു. ആഗോള വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രമുഖ ബ്ലൂ ചിപ് കമ്പനികളുടെ കൂട്ടായ്മയായ എഫ് ടി എസ്‌ ഇ 100 ഇൻഡെകസ് 3.7 ശതമാനം കുറവ് രേഖപ്പെടുത്തി. ജർമ്മനി, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലും വിപണികൾ തകർച്ചയിലാണ് അവസാനിച്ചത്. എയർലൈൻ, ട്രാവൽ ഫേമുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ആറു വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾക്ക് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ചുള്ള ആശങ്കകൾ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പങ്കുവെച്ചിരുന്നു. വാക്സിനുകളുടെ ഫലപ്രാപ്തിയെ പോലും ഗണ്യമായി കുറയ്ക്കാൻ സാധ്യതയുള്ള വകഭേദമാണ് പുതിയതായി കണ്ടെത്തിയിട്ടുള്ളത് എന്ന ആശങ്കയാണ് ലോകം മുഴുവനുള്ള ഓഹരി വിപണികളുടെ തകർച്ചയ്ക്കും കാരണം.


ഒരു വർഷത്തിനിടെ എഫ് ടി എസ്‌ ഇ 100 ഇൻഡെക്സിന്റെ ഏറ്റവും ഉയർന്ന തകർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. യു കെ യിലെ പ്രമുഖ ബാങ്കുകളായ ലോയിഡ് സ് ബാങ്ക്, നാറ്റ്വെസ്റ്റ്, ബാർക് ലയ്സ് എന്നിവയുടെ ഷെയറുകൾ 7 ശതമാനം തകർച്ച രേഖപ്പെടുത്തി. എഫ് ടി എസ്‌ ഇ ഇൻഡെക്‌സിൽ ഫുഡ് ഡെലിവറി ഫേം ആയ ഒകാടോ മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഓൺലൈൻ ഫേമുകൾക്ക് സഹായകരമാകും എന്ന പ്രതീക്ഷയാണ് ഇതിന് കാരണം. പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ചുള്ള ആശങ്കകളാണ് ഓഹരിവിപണികളുടെ തകർച്ചയ്ക്ക് കാരണമെന്ന് ചീഫ് മാർക്കറ്റ് അനലിസ്റ്റായ നീൽ വിൽസൺ വ്യക്തമാക്കി. കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായാൽ അത് സാമ്പത്തിക വളർച്ചയെ സാരമായ രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് വിപണികളിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാൾ സ്ട്രീറ്റിലും ഡൗ ജോൺസ് 2.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ക്രൂഡോയിൽ വിലകളിലും ഗണ്യമായ കുറവാണ് ലോകമെമ്പാടും രേഖപ്പെടുത്തിയത്.


ജർമ്മനി, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളും സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യ, സൗത്ത് കൊറിയ, ജപ്പാൻ, ഹോങ്കോങ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഓഹരിവിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ 59 കേസുകൾ മാത്രമാണ് സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നിവിടങ്ങളിലായി രേഖപ്പെടുത്തിയെങ്കിലും, ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേരിയന്റുകൾ ഇതിന് ഉണ്ടാകാമെന്ന ആശങ്കയാണ് ലോകമെമ്പാടുമുള്ള ഭീതിക്ക് കാരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ അനന്തരഫലമായി കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. കോവിഡ് ഭേദമായ എട്ടു വയസ്സുകാരനെ മൂന്നാഴ്ചയ്ക്ക് ശേഷം കോമയിൽ പ്രവേശിപ്പിച്ചതോടെയാണ് കുട്ടികളിൽ കോവിഡിന്റെ അനന്തരഫലമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ ആദ്യം കോവിഡ് സ്ഥിരീകരിച്ച കാമറൂൺ ബ്രൗണിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം വളരെ വേഗം ഭേദമായി. എന്നാൽ മൂന്നാഴ്‌ചകൾക്കുശേഷം, കഴുത്തിൽ ഒരു മുഴയും ശരീരത്തിൽ തടിപ്പും രൂപപ്പെട്ടു. ടിവി കാണുന്നതിനിടയിൽ, തന്റെ കാഴ്ച മങ്ങുന്നതായി ബ്രൗൺ അമ്മയോട് പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്രൗണിന് പീഡിയാട്രിക് ഇൻഫ്ലമേറ്ററി മൾട്ടിസിസ്റ്റം സിൻഡ്രോം (പിംസ്) ഉണ്ടെന്ന് കണ്ടെത്തിയത്. കോവിഡിന്റെ അനന്തരഫലമായി ഉണ്ടായ രോഗമാണിതെന്ന് ഡോക്ടർമാർ വിലയിരുത്തി.

ബ്രൗണിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവനെ കോമയിലാക്കി. വിദഗ്ധ ചികിത്സക്കായി അബർഡീൻ റോയൽ ഇൻഫർമറിയിൽ നിന്ന് ഗ്ലാസ്ഗോയിലെ ക്യൂൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ബ്രൗണിനെ എയർലിഫ്റ്റ് ചെയ്ത് വളരെ സുരക്ഷിതമായാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് ദിവസം ഐസിയുവിലായിരുന്നു. തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രൗൺ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി. കോവിഡ് ഭേദമായ കുട്ടികളെ ഏതാനും ആഴ്ച കൂടി നിരീക്ഷിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തന്റെ മകന് ലഭിച്ച മികച്ച പരിചരണത്തിന് ബ്രൗണിന്റെ അമ്മ ലോറെയ്‌ൻ നന്ദി അറിയിച്ചു. സ്റ്റോൺഹേവൻ സ്വദേശികളായ ജെയിംസ് – ലോറെയ്‌ൻ ദമ്പതികളുടെ ഇളയ മകനാണ് കാമറൂൺ ബ്രൗൺ. ആർച്ചി (12), ബെൻ (13) എന്നിവർ സഹോദരങ്ങളാണ്. പീഡിയാട്രിക് ഇൻഫ്ലമേറ്ററി മൾട്ടിസിസ്റ്റം സിൻഡ്രോം (പിംസ്) അപൂർവ്വമാണെങ്കിലും കോവിഡിന്റെ അനന്തരഫലമായി ഇത് കുട്ടികളിൽ ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ഷിബു മാത്യു

ലീഡ് സിലെ പ്രദേശികരുടെ സ്വന്തമായിരുന്ന സെൻ്റ് വിൽഫ്രിഡ് ചർച്ച് ഇനി മുതൽ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നറിയപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രസ്തുത ദേവാലയം സ്വന്തമാക്കുമ്പോൾ പ്രാദേശീകരും സഹയാത്രികരായി സീറോ മലബാർ രൂപതയോടൊപ്പമുണ്ടാകുന്നു എന്നത് ശ്രദ്ധേയമാകുന്നു. ഇടവക ദേവാലയത്തിൻ്റെ പുതിയ വിളിപേരിൽ അതു വ്യക്തമാണ്. രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ മാതൃകാപരമായ തീരുമാനത്തെ ഇരുകൈകളോടെയാണ് ലീഡ്സ്സ് രൂപത സ്വാഗതം ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ മൂന്നാമത്തെ ഇടവകയായ ലീഡ്സ്സിൻ്റെ പിറവി മറ്റ് ഇടവകകളിൽ നിന്നും വ്യത്യസ്തമാണ്. സെൻ്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയവും ഔവർ ലേഡീഓഫ് ക്വീൻ ഓഫ് പീസ് ലിവർപൂളുമാണ് മറ്റ് രണ്ട് ദേവാലയങ്ങൾ. ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് പൂർണ്ണമായും പണം മുടക്കി വാങ്ങുന്ന ദേവാലയം എന്നത് മറ്റുള്ള രണ്ട് ദേവാലയങ്ങളിൽ നിന്നും ലീഡ് സിനെ വ്യത്യസ്തമാക്കുന്നു. മൂന്ന് ലക്ഷം പൗണ്ടുകൾ മുടക്കിയാണ് ലീഡ് സുകാർ ദേവാലയം സ്വന്തമാക്കിയത്.

ലീഡ്‌സ് മിഷൻ ഇടവകയാകുന്നതിൻ്റെ സന്തോഷത്തിലാണ് ഇടവകക്കാർ. ഇതുമായി ബന്ധപ്പെട്ട് പുതിയ ഇടവകയുടെ നിയുക്ത വികാരി റവ. ഫാ. മാത്യൂ മുളയോലിൽ മലയാളം യുകെ ന്യൂസിന് നൽകിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ..

 

പ്രവർത്തന ശൈലി ഏറെക്കുറെ ഒന്നാണെങ്കിലും മിഷനും ഇടവകയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്?

ഉടമസ്ഥാവകാശമാണ് പ്രധാന വ്യത്യാസം. സ്വന്തം ഇടമസ്ഥതയിൽ ഒരു ദേവാലയവും, ഏകദേശം 20 മൈൽ ചുറ്റളവിൽ നൂറോളം കുടുംബങ്ങളും, സ്വന്തമായി ഒരു വൈദികനും ഒപ്പം ചിലവുകൾ സ്വന്തമായി വഹിക്കാനുള്ള സംവിധാനവുമുണ്ടെങ്കിൽ മിഷനെ ഇടവകയായി പ്രഖ്യാപിക്കാൻ സാധിക്കും. നിശ്ചിത പരിധിക്കകത്തുള്ള പ്രപ്പോസൽ മിഷൻ (പ്രാർത്ഥനാ കൂട്ടായ്മകൾ അല്ലെങ്കിൽ കുർബാന സെൻ്ററുകൾ) കൂടുന്നതാണ് മിഷൻ. കൂടുതൽ കുടുംബങ്ങൾ ചേർന്ന് മിഷനായി നിലകൊള്ളുമ്പോൾ സ്വന്തമായി ദേവാലയം വാങ്ങിയോ അല്ലെങ്കിൽ നിർമ്മിച്ചോ ഇടവകയാകുവാനുള്ള സാധ്യതകളേറെയാണ്. ലീഡ് സ് ഇടവക അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നാൽപ്പതോളം മിഷനുകൾ ഇപ്പോൾ തന്നെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്കുണ്ട്. എഴുപത്തഞ്ചോളം മിഷനുകൾ രൂപീകരിച്ച് കാലക്രമേണ മിഷനുകളെല്ലാം ഇടവകകളാക്കി മാറ്റുകയെന്നുള്ളതാണ് രൂപതയുടെ ലക്ഷ്യം.

2018 ഡിസംബറിൽ ലീഡ് സിനെ മിഷനായി പ്രഖ്യാപിച്ചു. ചുരുങ്ങിയ കാലത്തിനുളളിത്തന്നെ ഇടവകയാക്കി ഉയർത്തുന്നു. എന്തായിരുന്നു പ്രധാന വെല്ലുവിളികൾ.?

സൗകര്യപ്രദമായ ഒരു ദേവാലയം കണ്ടു പിടിച്ച് ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒന്നിച്ചാക്കി ബലിയർപ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ആ വെല്ലുവിളി എനിക്ക് മുമ്പ് ഉണ്ടായിരുന്ന ബഹു. ഫാ. ജോസഫ് പൊന്നേത്ത് നിർവ്വഹിച്ചു കഴിഞ്ഞിരുന്നു. അച്ചൻ്റെ ദീർഘവീക്ഷണത്തെ നന്ദിയോടെ സ്മരിക്കുന്നു. രൂപത രൂപീകൃതമായി വളരെ പെട്ടെന്നു തന്നെ ലീഡ്സ്സിനെ മിഷനായി പ്രഖ്യാപിച്ചു. തുടർന്ന് സ്വന്തമായി ദേവാലയം വാങ്ങുക എന്ന ചിന്തവന്നു. അത് മിഷനിലെ കുടുംബങ്ങളെ അറിയിക്കുകയും പള്ളിക്കമ്മറ്റിയിൽ ചർച്ച ചെയ്യുകയും ചെയ്തു. ഭൂരിപക്ഷത്തിൻ്റെ താല്പര്യമനുസരിച്ച് ദേവാലയം വാങ്ങുക എന്ന തീരുമാനത്തിലെത്തിച്ചേർന്നു. നിലവിൽ കുർബാന അർപ്പിച്ചു കൊണ്ടിരിക്കുന്ന ദേവാലയം വാങ്ങാൻ ലീഡ്സ് രൂപത അവസരം ഒരുക്കിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. സാമ്പത്തികമായിരുന്നു അടുത്ത പ്രശ്നം. മിഷനിലെ കുടുംബങ്ങൾ എല്ലാം ഒരുമിച്ച് നിന്നപ്പോൾ അത് വലിയൊരു പ്രശ്നമായിരുന്നില്ല.

കേരളത്തിലെ ഇടവകയും യുകെയിലെ ഇടവകയും തമ്മിൽ താരതമ്യം ചെയ്താൽ..?

സീറോ മലബാർ സഭയ്ക്കുള്ളിൽ ഇടവക സംവിധാനത്തിന് ഒരേ ചിട്ടവട്ടങ്ങളാണുള്ളത്. രാജ്യം മാറുമ്പോൾ അതിന് മാറ്റങ്ങൾ വരാറില്ല. പക്ഷേ, ഇവിടുത്തേതായ രീതിയിൽ വരുമ്പോൾ ഒരു ഇടവകയുടെ കൺസെപ്റ്റ് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. അകലം വലിയൊരു പ്രശ്‌നമാണ്. ഇവിടുത്തെ സംസ്കാരത്തോടും രീതികളോടും ചേർത്ത് വെച്ച് നടത്തിക്കൊണ്ടു പോവുക മാത്രമേ സാധിക്കൂ. യൂറോപ്പിലേയ്ക്ക് മലയാളികൾ കുടിയേറിയിരിക്കുന്നത് ജോലിയെന്ന ചിന്താഗതിയിലാണ്. അതേ സമയം തന്നെ,ആദ്ധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് താല്പര്യമുള്ള വലിയൊരു സമൂഹവുമുണ്ട്. ഇടവക രൂപീകരണത്തിൽ അതിനുള്ള സാധ്യതകളേറും. ഒരിടവകയാകുമ്പോൾ എല്ലാ ദിവസവും വിശുദ്ധ കുർബാനയും അനുബന്ധ ശുശ്രൂഷകളുമുണ്ടാകും. ഓരോരുത്തരുടെയും ഒഴിവുകൾ അനുസരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്.

ലീഡ്സ്സ് ഇടവകയുടെ പരിധിക്കുള്ളിലുള്ള ആറ് വാർഡുകളിലും ക്രമാതീതമായി കത്തോലിക്കാ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ (ഉദാ. സെൻ്റ് അൽഫോൻസാ വാർഡ് കീത്തിലിയിൽ പുതുതായി എത്തിയത് നൂറിൽപ്പരം കുടുംബങ്ങളാണ് ) മിഷനായി ഉയർത്തി എല്ലാ ഞായറാഴ്ച്ചയും വിശുദ്ധ കുർബാന അർപ്പിക്കാനുള്ള സാധ്യതയുണ്ടാകുമോ?

അതെല്ലാം രൂപതയുടെ പോളിസിയാണ്. ഇപ്പോൾ അങ്ങനെയൊരു ചിന്തയുള്ളതായി അറിവില്ല. പക്ഷേ, സാധ്യതകളെ തള്ളിക്കളയാനാവില്ല. അതിവിടെ മാത്രമല്ല. രൂപത വ്യാപിച്ചുകിടക്കുന്ന എല്ലായിടത്തും റീജിയണുകളുടെയും ഇടവകകളുടെയും എണ്ണത്തിൽ മാറ്റം സംഭവിച്ചേക്കാം. എങ്കിലല്ലേ രൂപതയും വിശ്വാസ സമൂഹവും ഒരുമിച്ച് വളരുകയുള്ളൂ..

പുതുതായി പ്രഖ്യാപിക്കാൻ പോകുന്ന ഇടവകയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ?

രൂപതയിലെ തന്നെ മികച്ച സൺഡേ സ്കൂൾ.

റിസപ്ഷൻ മുതൽ പത്രണ്ട് വരെ ക്ലാസ്സുകളിലായി 200ൽ അധികം കുട്ടികൾ, രണ്ട് പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ പരിചയസമ്പന്നരായ മുപ്പത്തഞ്ചോളം അദ്ധ്യാപകർ. സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷൻ പാഠ്യവിഷമാക്കിയ പുസ്തകങ്ങൾ പഠിപ്പിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ചുള്ള വിശുദ്ധ കുർബാന ഇംഗ്ലീഷിൽ.കൂടാതെ കുട്ടികളുടെ ക്വയർ ഗ്രൂപ്പും നന്നായി പ്രവർത്തിക്കുന്നു. രൂപതാടിസ്ഥാനത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ലീഡ്സ്സിലെ കുട്ടികൾ വാരിക്കൂട്ടുന്ന സമ്മാനങ്ങൾക്ക് കണക്കില്ല.

ചെറുപുഷ്പ മിഷൻ ലീഗ്

അഞ്ചാം സ്റ്റാൻഡേർഡ് മുതലുള്ള എല്ലാ കുട്ടികളും മെമ്പറായിട്ടുള്ള ചെറുപുഷ്പ മിഷൻ ലീഗ് നന്നായി പ്രവർത്തിക്കുന്നു. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള സാവിയോ ഫ്രണ്ട്സിൻ്റെ പ്രവർത്തനം ആരംഭ ദിശയിലാണ്.

വിമൻസ് ഫോറം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) എന്നിവയുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.

പള്ളിക്കമ്മറ്റി

ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന പള്ളിക്കമ്മറ്റിയാണ് ലീഡ് സ് ഒരിടവകയാകുവാൻ കാരണമായത്. സെൻ്റ് അൽഫോൻസാ കീത്തിലി, സെൻ്റ് തോമസ് ഹഡേഴ്സ് ഫീൽഡ്, സെൻ്റ് ചാവറ ലീഡ്സ്, സെൻറ് ജോസഫ് വെയ്ക്ക് ഫീൽഡ് ആൻ്റ് പൊൺണ്ടി ഫ്രാക്ട്, സെൻ്റ് ആൻ്റണി ബ്രാഡ് ഫോർഡ്, സെൻറ് തോമസ്സ് ഹാരോ ഗെറ്റ് തുടങ്ങിയ ആറ് വാർഡുകളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 കൈക്കാരന്മാരും 12 കമ്മറ്റി മെമ്പേഴ്സും ചേർന്ന 24 പേരും കൂടാതെ സൺഡേ സ്കൂൾ മറ്റ് സംഘടകളുടെ പ്രതിനിധികളും ചേർന്ന ഒരു വലിയ ഗ്രൂപ്പ് തന്നെയാണ് നിയുക്ത വികാരി ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പള്ളിക്കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്.

2016 ജൂലൈ 23 നാണ് ഫാ. മാത്യൂ മുളയോലിൽ ലീഡ് സിലെത്തുന്നത്. 5 വർഷം ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഡയറക്ടറായിരുന്ന അദ്ദേഹം തലശ്ശേരി രൂപതയിലെ കല്ല് മുതിരക്കുന്ന് സെൻ്റ് ജൂഡ് ചർച്ച് ഇടവകക്കാരനാണ്. 1999 ഡിസംബർ 30 -തിന് തലശ്ശേരി രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോർജ്ജ് വലിയമറ്റം പിതാവിൽ നിന്ന് പട്ടം സ്വീകരിച്ചു. മുളയോലിൽ കുടുംബത്തിൽ തോമസ് അന്നമ്മ ദമ്പതികളുടെ നാല് ആൺമക്കളിൽ രണ്ടാമനാണ്.

സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ. ദേവാലയം സീറോ മലബാർ സഭയ്ക്ക് നൽകിയപ്പോൾ ലീഡ് സ് ബിഷപ്പ്, ബിഷപ്പ് മാർക്കസ് സ്റ്റോകും ദേവാലയത്തിൽ വിശുദ്ധ കുർബാനയ് ക്കെത്തിക്കൊണ്ടിരുന്ന പ്രാദേശികരും ഒരഭ്യർത്ഥന മുന്നോട്ട് വെച്ചു. നിങ്ങൾ ദേവാലയത്തിന് പുതിയ പേര് നൽകുമ്പോൾ നിലവിലുള്ള പേരും അതിനോടൊപ്പം ചേർക്കാമോ എന്ന്? ഇത്രയും കാലം മധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ച വിശുദ്ധനോടുള്ള അവരുടെ ആദരവ് അവിടെ പ്രകടമായിരുന്നു. വൈകാരികമായ അവരുടെ അഭ്യർത്ഥനയെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന പേര് വന്നത്. ആഗോള കത്തോലിക്കാ വിശ്വാസികൾക്ക് അതൊരു മാതൃകയുമായി.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഡിക്രി വായിച്ച് ഔദ്യോഗികമായി ലീഡ് സിനെ ഇടവകയായി പ്രഖ്യാപിക്കും. വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട്, മാഞ്ചെസ്റ്റർ റീജിയണൽ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോസഫ് മൂലശ്ശേരിൽ വിസി , ഫാ. ജോസഫ് കിഴത്തറക്കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ, ഡോൺകാസ്റ്ററിൽ നിന്നുള്ള സിസ്റ്റേഴ്സ് തുടങ്ങിയവർ തിരുക്കർമ്മത്തിൽ പങ്ക് ചേരും. സ്നേഹവിരുന്നോടെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

തിരുക്കർമ്മങ്ങളിൽ പങ്ക് ചേർന്ന് ലീഡ് സ് ഇടവകയുടെ സന്തോഷത്തിൽ പങ്ക് ചേരാൻ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി ഫാ. മാത്യൂ മുളയോലിൽ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്ലൻഡ് : കരോലിൻ ഗ്ലാച്ചൻ വധക്കേസിലെ പ്രതികൾ 25 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. വെസ്റ്റ് ഡൺബാർട്ടൺഷയറിലെ ബോൺഹിൽ സ്വദേശിനിയായിരുന്ന കരോലിൻ ഗ്ലാച്ചൻ (14), 1996 ഓഗസ്റ്റ് 25 നാണ് കൊല്ലപ്പെട്ടത്. ലെവൻ നദിയുടെ തീരത്ത് നിന്നാണ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കരോലിന്റെ മൃതദേഹം കണ്ടെടുത്തത്. റോബർട്ട് ഒബ്രിയൻ (43) ആൻഡ്രൂ കെല്ലി, ഡോണ ബ്രാൻഡ് (42) എന്നിവരാണ് പ്രതികൾ. കൊലപാതകം നടന്നു 25 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടു.

സ്‌കോട്ട്‌ലൻഡ് പോലീസ്, പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കോടതി കേസ് വിളിച്ചത്. അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്കും കരോളിന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പങ്കുവച്ചവർക്കും പോലീസ് നന്ദി അറിയിച്ചു. കരോലിൻ കൊല്ലപ്പെടുമ്പോൾ ഡംബാർടണിലെ ഔവർ ലേഡി ആൻഡ് സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. അമ്മ മാർഗരറ്റ് മക്കീച്ചിന്റെ 40-ാം ജന്മദിനത്തിലാണ് കരോളിന്റെ മൃതദേഹം കണ്ടെത്തിയത്. കരോളിന്റെ മരണം ബിബിസിയുടെ ക്രൈംവാച്ച് പ്രോഗ്രാമിൽ ഇടം നേടിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഊർജ്ജ ദാതാക്കളെ സംബന്ധിച്ചിടത്തോളം ഇത് തകർച്ചയുടെ വർഷമാണ്. 25 കമ്പനികൾ ഇതിനകം വ്യാപാരം നിർത്തിയിരിക്കുകയും 11 എണ്ണം തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഇന്ധനച്ചെലവ് വർധിച്ചതോടെ, ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്‌ട്രിസിറ്റി മാർക്കറ്റ്‌സ് ദാതാക്കളെ പിടിച്ചുനിർത്തുന്നതിനായി നിരക്ക് വർധിപ്പിച്ചിരുന്നു. യുകെയിലെ വീടുകളിൽ എനർജി ബിൽ £139 നും £1,277 നും ഇടയിൽ ഉയരുമെന്ന് ആശങ്കയുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ഊർജ വിതരണ കമ്പനികളുടെയും തകർച്ചയുടെ പ്രധാന കാരണം ലോകമെമ്പാടുമുള്ള ഇന്ധന വിലക്കയറ്റമാണ്.

റഷ്യയിൽ നിന്നുള്ള വിതരണത്തിലെ കുറവും ഏഷ്യയിലെ ഉയർന്ന ആവശ്യകതയും അറ്റകുറ്റപ്പണികൾക്കായി നിരവധി നോർത്ത് സീ പ്ലാറ്റ്‌ഫോമുകൾ അടച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. കോവിഡ് അനന്തര കാലത്ത് ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചു. ഓയിൽ & ഗ്യാസ് യുകെയുടെ കണക്കനുസരിച്ച് ഗ്യാസ് വിലയിൽ ഓഗസ്റ്റിൽ മാത്രം 70% വർദ്ധനവ് ഉണ്ടായി. വർഷാരംഭം യുകെയിൽ 71 ഊർജ്ജ വിതരണക്കാർ ഉണ്ടായിരുന്നെങ്കിലും, 2021 അവസാനത്തോടെ എണ്ണം പത്തിൽ താഴെയാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ഈ വർഷം ഇതുവരെ തകർന്ന കമ്പനികൾ ഇവയാണ്;

• സിംപ്ലിസിറ്റി എനർജി
• ഗ്രീൻ നെറ്റ്‌വർക്ക് എനർജി
• ഹബ് എനർജി
• പിഎഫ് പി എനർജി
•മണിപ്ലസ് എനർജി
•യൂട്ടീലിറ്റി പോയിന്റ്
•പീപ്പിൾസ്‌ എനർജി
•ഗ്രീൻ
•അവ്റോ എനർജി
•ഇഗ്ലൂ എനർജി
•സിംബയോ എനർജി
•ഇൻസ്‌ട്രോഗ
• പ്യുവർ പ്ലാനറ്റ്
•കൊളോറാഡോ എനർജി
•ഡാലിഗ്യാസ്
•ഗോട്ടോ എനർജി
•ബ്ലൂഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ്
•ഒമ്നി എനർജി ലിമിറ്റഡ്
•എംഎ എനർജി ലിമിറ്റഡ്
•സീബ്ര പവർ ലിമിറ്റഡ്
•ആംപവർയുകെ ലിമിറ്റഡ്
•സിഎൻജി എനർജി
•നിയോൺ എനർജി
•സോഷ്യൽ എനർജി സപ്ലൈ
•ബൾബ്

പ്രതിസന്ധി രൂക്ഷമാണെങ്കിലും ബ്രിട്ടീഷ് ഗ്യാസ്, ഇ.ഒഎൻ, എസ്.എസ്.ഇ, ഇഡിഎഫ് എനർജി, സ്കോട്ടിഷ് പവർ, എൻപവർ എന്നീ കമ്പനികൾ പിടിച്ചുനിൽക്കാനാണ് സാധ്യത.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ മ്യുട്ടന്റ് സ്‌ട്രെയിൻ കോവിഡ് വൈറസ് സംബന്ധിച്ചുള്ള ആശങ്കകൾ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് ജനങ്ങളോട് പങ്കുവെച്ചിരിക്കുകയാണ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ 40 ശതമാനത്തോളം കുറയ്ക്കുന്നതാണ് പുതിയ സ്ട്രെയിൻ എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ഇതു കൂടുതൽ ആശങ്കകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് സൗത്ത് ആഫ്രിക്ക ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ ബ്രിട്ടൻ നിരോധിച്ചു. ‘നു ‘ എന്ന പേരിടാനായി ലോകാരോഗ്യ സംഘടന തീരുമാനിച്ചിരിക്കുന്ന ഈ സ്ട്രെയിൻ നിലവിൽ സൗത്ത് ആഫ്രിക്കയിൽ കേസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളിലും ഈ സ്ട്രെയിൻ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതേതുടർന്നാണ് ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്സ്വാന, എസ്‌വാറ്റിനി, സിംബാബ്‌വെ എന്നിവിടങ്ങളിൽനിന്നുള്ള ഫ്ലൈറ്റുകൾ ബ്രിട്ടൻ നിരോധിക്കുവാൻ തീരുമാനിച്ചത്. അതോടൊപ്പം തന്നെ ആറ് രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്. യുകെയിൽ ഇതുവരെയും ഈ സ്ട്രെയിൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാൽ തന്നെയും സൗത്ത് ആഫ്രിക്കയിൽ നിന്നും കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തിയവർ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


പുതിയ സ്‌ട്രെയിൻ സംബന്ധിച്ച് ശാസ്ത്രജ്ഞർ എല്ലാവരും തന്നെ ആശങ്കരാണെന്നും ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഈ സ്‌ട്രെയിനിന് കൂടുതൽ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും, ജനങ്ങൾ എല്ലാവരുംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്. സൗത്താഫ്രിക്കയിലെ സാഹചര്യങ്ങൾ വിലയിരുത്താനായി ലോകാരോഗ്യസംഘടന അധികൃതർ വെള്ളിയാഴ്ച ആഫ്രിക്കൻ ആരോഗ്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 59 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ആശങ്കകൾ വിട്ടൊഴിയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു കുട്ടികളും ഏഴു സ്ത്രീകളും പതിനേഴു പുരുഷന്മാരും അടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ട് മരിച്ചു. ഇതിൽ ഗർഭിണിയായ സ്ത്രീയും ഉൾപ്പെടുന്നുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാമത് ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 2014-ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഡേറ്റാ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട ഒരു ദുരന്തമാണിത്. ഇരുപത്തേഴ് അഭയാർഥികൾ മരണപ്പെട്ട സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ മനുഷ്യക്കടത്തു നടത്തുവാൻ ശ്രമിക്കുന്നതായി സംശയിക്കുന്ന നാല് പേരെ നേരത്തെ ഡൻകിർക്, ഫ്രാൻസ് – ബെൽജിയൻ ബോർഡറിനു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് അടിയന്തരമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോഗം വിളിച്ചുകൂട്ടി, സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുവാൻ ഫ്രാൻസും അനുവദിക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മനുവേൽ മക്രോൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ അഭയാർഥികളെ അനുവദിക്കുന്ന തരത്തിലുള്ള ബ്രിട്ടന്റെ നയങ്ങളും മാറ്റണം എന്ന് അദ്ദേഹം ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു നേതാക്കളും തമ്മിൽ ചർച്ച ഉണ്ടായതായും, സംഭവത്തിൽ രണ്ട് രാജ്യങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായതായും ടൗണിങ്ങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. അഭയാർഥികളുടെ മറവിൽ നിരവധി പേർ പണമുണ്ടാക്കാൻ ശ്രമിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്ന റിപ്പോർട്ട്‌ നടുക്കമുളവാക്കുന്നതാണ്. സ്കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2020 ജൂണിൽ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. നിലവിലെ വിദ്യാർത്ഥികളും മുൻ വിദ്യാർത്ഥികളുമടക്കം 54,000 -ത്തിലധികം പേരാണ് വെളിപ്പെടുത്തൽ നടത്തിയത്. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും ഇരകളെ പിന്തുണയ്ക്കുന്നതിനുമായി അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. റേപ്പ് കൾച്ചർ വളരുന്നതിന്റെ തെളിവായി സോമ സാറ തന്റെ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു. ആൺകുട്ടികളിൽ നിന്ന് ലൈംഗികചുവയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സാറാ വെളിപ്പെടുത്തി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളിൽ നിന്നാണ് സാറയ്ക്ക് സന്ദേശങ്ങൾ ലഭിച്ചത്. തന്റെ പുതിയ ഡോക്യുമെന്ററിയിൽ , സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാറാ തുറന്ന് പറയുകയുണ്ടായി.

ബലാത്സംഗത്തിനിരയായ വിവരം പങ്കുവെച്ച ഒരു പെൺകുട്ടി, സ്കൂളിലേയ്ക്ക് മടങ്ങാൻ ഭയമാണെന്ന് വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ കുറ്റപ്പെടുത്തുന്ന പ്രവണതയും ഏറിവരികയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആരോപണങ്ങൾക്ക് മറുപടിയായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യാനായി ഹെൽപ്പ് ലൈനും ഉടനടി അവലോകനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമ ഇരകളെ പിന്തുണയ്ക്കുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും ഉപദേശം നൽകുന്നതിനുമായി എൻഎസ് പിസിസി ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നു. ഏതു തരത്തിലുള്ള ലൈംഗികാതിക്രമവും വെറുപ്പുളവാക്കുന്നതാണെന്നും ഈ ആരോപണങ്ങൾ ശരിയായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി.

“എനിക്ക് തിരികെ സ്കൂളിൽ പോകാൻ താൽപ്പര്യമില്ല, അവൻ എന്നെ ബലാത്സംഗം ചെയ്തു.”: മരിക്കുന്നതിന് മുമ്പ് പന്ത്രണ്ടുകാരിയായ സെമിന ഹാലിവെൽ തന്റെ അമ്മ റേച്ചൽ ഹാലിവെല്ലിനോട് പറഞ്ഞ വാക്കുകളാണിത്. 2020 മാർച്ചിൽ, തന്റെ സ്കൂളിലെ ഒരു മുതിർന്ന ആൺകുട്ടിയിൽ നിന്ന് സെമിനയ്ക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി റേച്ചൽ വെളിപ്പെടുത്തി. പിന്നീട് അത് ഭീഷണിയായി. നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നേരിട്ട് കണ്ടപ്പോൾ ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു. ആൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. താൻ സ്‌കൂളിൽ വിവരമറിയിച്ചെങ്കിലും അവർ നടപടിയെടുത്തില്ലെന്ന് റേച്ചൽ പറഞ്ഞു. ദുഃഖം താങ്ങാനാവാതെ 2020 ജൂണിലാണ് സെമിന ആത്മഹത്യ ചെയ്തത്. സെമിനയുടെ മരണശേഷം, സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്ന ആവശ്യം ശക്തമായി. വേറൊരു കുട്ടിയ്ക്കും ഇത് സംഭവിക്കരുതെന്ന് പറഞ്ഞ റേച്ചൽ, ‘ദ സെമിന ഫൗണ്ടേഷൻ’ എന്ന ചാരിറ്റി സ്ഥാപിക്കുകയാണ്. സ്‌കൂളുകളിൽ ബലാത്സംഗത്തിന് ഇരയായവർക്ക് ശരിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്‌കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ചുള്ള ഓഫ്സ്റ്റഡിന്റെ അവലോകന റിപ്പോർട്ട്‌ ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്നത് ഇപ്പോഴും മുൻഗണന വിഷയമായി നിലകൊള്ളുന്നു.

RECENT POSTS
Copyright © . All rights reserved