ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : കോവിഡിന് ശേഷം ആദ്യമായ് ഒരു ബില്യണ്‍ ഡോളര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമായി ‘സ്‌പൈഡർമാൻ : നോ വേ ഹോം’. 2019ല്‍ റിലീസായ സ്റ്റാര്‍ വാര്‍സ് ദി റെയ്‌സ് ഓഫ് സ്‌കൈവോക്കറാണ് ഇതിനു മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ നേടിയ ചിത്രം. 2021-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും നോ വേ ഹോമിന് സ്വന്തം. ചൈനയില്‍ റിലീസ് ചെയ്യാതെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ചൈനീസ് നിർമ്മിത കൊറിയൻ യുദ്ധ ഇതിഹാസ ചിത്രമായ ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍ (905 മില്യണ്‍), ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ (774 മില്യണ്‍ ഡോളര്‍)എന്നിവയാണ് കളക്ഷനില്‍ സ്‌പൈഡര്‍മാന് പിന്നില്‍.

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ഈ ചിത്രം അമേരിക്കയില്‍ നിന്ന് മാത്രം 405.5 മില്യണ്‍ ഡോളറാണ് നേടിയത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനും എന്‍ഡ് ഗെയിമിനും ശേഷം ഏറ്റവും വേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടുന്ന ചിത്രവും സ്‌പൈഡര്‍മാന്‍ നോ വേ ഹോമാണ്.

ടോം ഹോളണ്ട് നായകനായി എത്തിയ മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും സംവിധാനം ചെയ്തത്.
2019ൽ പുറത്തിറങ്ങിയ ‘സ്പൈഡർ മാൻ: ഫാർ ഫ്രം ഹോം’ ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളർ നേടിയ ആദ്യത്തെ സ്‌പൈഡർമാൻ ചിത്രമാണ്. ഫ്രാഞ്ചൈസിയിൽ നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ഫാർ ഫ്രം ഹോം. ആഗോളതലത്തിൽ 1.132 ബില്യൺ ഡോളറാണ് ചിത്രം വാരിക്കൂട്ടിയത്. കോവിഡ് ആശങ്കകൾക്കിടയിൽ റിലീസ് ചെയ്തെങ്കിലും അതിവേഗം ഒരു ബില്യൺ ഡോളർ നേടിയ ‘നോ വേ ഹോം’, ഫ്രാഞ്ചൈസിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ നഗരമായ ബെനിയിലെ റെസ്റ്റോറന്റിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ ആറ് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടക വസ്തുക്കളുമായി വന്ന ആളെ കെട്ടിടത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് തടഞ്ഞു. എന്നാൽ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളും മറ്റ് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന തീവ്രവാദ സമൂഹമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന് സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം അധികൃതർ ഉന്നയിച്ചു. ഇതുവരെയും ഒരു ഭീകരവാദ സംഘടനയും അക്രമണത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
റസ്റ്റോറന്റിൽ ഏകദേശം 30 ലധികം ആളുകൾ ക്രിസ്‌തുമസ് ആഘോഷിക്കുന്നതിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത് എന്ന് രണ്ട് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയം കുട്ടികളും പ്രാദേശിക ഉദ്യോഗസ്ഥരും റസ്റ്റോറന്റിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിലായി സൈന്യവും ഇസ്ലാമിസ്റ്റുകളും തമ്മിൽ ബെനിയിൽ പതിവായി ഏറ്റുമുട്ടലുകൾ നടന്നിരുന്നു. നവംബറിൽ ആക്രമണപരമ്പര അവസാനിപ്പിക്കുന്നതിനായി കോംഗോ, ഉഗാണ്ടൻ സേനകൾ എഡിഎഫിനെതിരെ സംയുക്ത പ്രവർത്തനം ആരംഭിച്ചിരുന്നു. തലസ്ഥാനമായ കമ്പാലയിൽ ഉൾപ്പെടെ രാജ്യത്ത് അടുത്തിടെ നിരവധി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുപിന്നിൽ ഇസ്ലാമിസ്റ്റ് സംഘംഗങ്ങൾക്ക് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

1990-കളിൽ മുസ്ലീങ്ങളോടുള്ള ഉഗാണ്ടൻ സർക്കാരിൻറെ പെരുമാറ്റത്തോട് അതൃപ്തരായവരാണ് തീവ്രവാദി സംഘടന രൂപീകരിച്ചത്. എന്നാൽ ഇത് പിന്നീട് പടിഞ്ഞാറൻ ഉഗാണ്ടയിൽ നിന്ന് തുരത്തപ്പെടുകയും അതിൻറെ ശേഷിപ്പുകൾ അതിർത്തികടന്ന് ഡി ആർ കോംഗോയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. ഇത് കിഴക്കൻ ഡിആർ കോംഗോയിൽ നിലയുറപ്പിക്കുകയും ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് സിവിലിയൻ കൊലപാതകങ്ങൾക്ക് കാരണമാവുകയും ചെയ്തു. മാർച്ചിൽ അമേരിക്ക എഡിഎഫിനെ ഐഎസ്(IS )മായി ബന്ധമുള്ള ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ബേസിൽ ജോസഫ്
ഹണി ബട്ടർ ഫ്രൈഡ് ചിക്കൻ
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
പ്ലെയിൻ ഫ്ലോർ -75 ഗ്രാം
കോൺഫ്ലോർ – 50 ഗ്രാം
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 എണ്ണം
ഓയിൽ – ചിക്കൻ വറക്കുവാനാവശ്യമുള്ളത്
ഹണി ബട്ടർ സോസിനു വേണ്ട ചേരുവകൾ
ബട്ടർ -50 ഗ്രാം
വെളുത്തുള്ളി – 2 കുടം (ചെറുതായി അരിഞ്ഞത് )
ബ്രൗൺ ഷുഗർ (Demerara sugar)- 1 ടേബിൾ സ്‌പൂൺ
സോയ സോസ് -1/ 2 ടേബിൾ സ്‌പൂൺ
ഹണി – 1 ടേബിൾ സ്‌പൂൺ

പാചകം ചെയ്യുന്ന വിധം
ഒരു മിക്സിങ് ബൗൾ എടുത്ത് പ്ലെയിൻ ഫ്ലോർ ,കോൺഫ്ലോർ, കുരുമുളക് പൊടി , ബേക്കിംഗ് പൗഡർ , ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചെറിയ ക്യൂബ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന ചിക്കൻ , മുട്ട എന്നിവ ചേർത്തു യോജിപ്പിച്ചെടുത്തു അര മണിക്കൂർ വയ്ക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറത്തെടുക്കുക . സോസുണ്ടാക്കനായി ഒരു പാനിൽ ബട്ടർ ഉരുക്കി അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് ഒരു 3 -4 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് സോയ സോസ് ബ്രൗൺ ഷുഗർ എന്നിവ ചേർത്തിളക്കുക ഷുഗർ നന്നായി ഉരുകി തിളച്ചുതുടങ്ങുമ്പോൾ ഹണി ചേർത്ത് തീ കുറയ്ക്കുക .ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ടോസ് ചെയ്തു എടുക്കക. എല്ലാ ചിക്കൻ പീസിലും ഈ സോസ് നന്നായി ചേർന്നു കഴിയുമ്പോൾ ഒരു സെർവിങ് ഡിഷിലേയ്ക്ക് മാറ്റി സെസ്മെ സീഡോ , പംകിൻ സീഡോ അല്ലെങ്കിൽ സ്പ്രിങ് ഒണിയനോ കൊണ്ട് ഗാർണിഷ് ചെയ്തു ചൂടോടെ വിളമ്പുക.

ബേസിൽ ജോസഫ്

ലണ്ടൻ : കോവിഡ് വാക്സീൻ എടുക്കാത്ത ആളുകളുടെ വീട്ടിലേക്ക് ഇനി വാക്സീനുമായി പ്രത്യേക സംഘമെത്തും. ഡോർ ടു ഡോർ വാക്സീൻ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് മന്ത്രിമാരുടെ തീരുമാനം. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് നടത്താൻ ആരോഗ്യ വകുപ്പും എൻഎച്ച്എസ് ഇംഗ്ലണ്ടും നമ്പർ 10-ഉം തമ്മിൽ ചർച്ച ചെയ്തു. വാക്സിനേഷൻ സെന്ററിൽ എത്താൻ കഴിയാത്തവർക്ക് ഈ തീരുമാനം ഗുണകരമാകും. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 90 ശതമാനം കൊവിഡ് രോഗികളും വാക്സിൻ എടുക്കാത്തവരാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായതിലും വലിയ കോവിഡ് തരംഗമായിരിക്കും രാജ്യത്ത് വരാൻ പോകുന്നതെന്ന് ശാസ്‌ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകി. ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരും. എന്നാൽ പുതുവർഷത്തിന് മുമ്പ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരരുതെന്ന് എംപിമാരും ഹോസ്പിറ്റാലിറ്റി മേധാവികളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കടുത്ത നിയന്ത്രണങ്ങൾ ബിസിനസ്സുകൾക്ക് ഗുരുതര ഭീഷണിയായി മാറുമെന്ന് അവർ വിശദമാക്കി.
വെള്ളിയാഴ്ച 122,186 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും ഇംഗ്ലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങളൊന്നും ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 18 മുതല്‍ 24 വരെയുള്ള ആഴ്ചയിൽ 7,07,306 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സെൽഫ് ഐസൊലേഷനിൽ പോകേണ്ടി വരും.

ഏകദേശം 7.5 ലക്ഷം പേര്‍ ഇത്തരത്തില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ ആവിഷ്കരിച്ച് ആശുപത്രി പ്രവേശനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന് മുൻപിലുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഭർത്താവായ ഫിലിപ്പ് രാജകുമാരൻെറ മരണത്തിനു ശേഷമുള്ള ആദ്യ ക്രിസ്‌തുമസ് സന്ദേശത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രാജ്ഞിയുടെ ക്രിസ്‌തുമസ് സന്ദേശം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ക്രിസ്‌തുമസ് ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്നത് എന്തുകൊണ്ടാണെന്ന് താൻ ഈ വർഷം മനസ്സിലാക്കുന്നുവെന്ന് അവർ തൻെറ സന്ദേശത്തിൽ പറഞ്ഞു. ഉത്സവ കാലയളവിൽ അദ്ദേഹത്തിൻറെ സാന്നിധ്യം താൻ അനുഭവിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഫിലിപ്പ് രാജകുമാരനോടൊപ്പമുള്ള ഫോട്ടോയ്ക്ക് അരികിൽ ഇരുന്നാണ് രാജ്ഞി തൻെറ ഭർത്താവായ എഡിൻബർഗിലെ ഡ്യൂക്ക് ആയിരുന്ന ഡ്യൂക്കിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

ജീവിതത്തിൽ ആദ്യ കണ്ടുമുട്ടലുകൾ പോലെ തന്നെ അവസാനമായുള്ള വേർപിരിയലുകളും ഉണ്ടാകുമെന്ന് അവർ തൻെറ സന്ദേശത്തിൽ പറഞ്ഞു. താനും കുടുംബവും അദ്ദേഹത്തെ ഓർക്കുന്നത് പോലെ തന്നെ അദ്ദേഹം തങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്കറിയാമെന്ന് അവർ കൂട്ടിച്ചേർത്തു. 2007-ൽ രാജ്ഞിയുടെ ഡയമണ്ട് വിവാഹ വാർഷിക വേളയിൽ എടുത്ത ഫോട്ടോഗ്രാഫ് ആയിരുന്നു പ്രക്ഷേപണ സമയം കാണാൻ സാധിച്ചത്. ഈ ഫോട്ടോയിൽ കാണുന്ന അതേ നീലക്കൽ ബ്രൂച്ച് ആയിരുന്നു സന്ദേശം നൽകാനായി രാജ്ഞി ധരിച്ചിരുന്നത്. 1947-ലെ ഹണിമൂൺ ദിനത്തിലും അവർ ഇതേ ബ്രൂച്ച് ആയിരുന്നു അണിഞ്ഞിരുന്നത്. പുതിയ തലമുറയ്ക്ക് അധികാരത്തിൻെറ ബാറ്റൺ കൈമാറുന്നതിൻെറ പ്രാധാന്യത്തെപ്പറ്റിയും 95 വയസ്സുകാരിയായ രാജ്ഞി തൻെറ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വിൻഡ്‌സർ കാസ്റ്റിലിൽ റെക്കോർഡ് ചെയ്ത ഈ ക്രിസ്‌തുമസ് സംപ്രേഷണം ശരത്കാലത്തെ ചടങ്ങുകളിൽ നിന്ന് രാജ്ഞി പിന്മാറിയതിനുശേഷമുള്ള ഏറ്റവും വിപുലമായ ഒന്നാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആൽബർട്ട് ഐൻസ്റ്റീനെക്കാൾ ഉയർന്ന ഐക്യു നേടി പന്ത്രണ്ടു വയസ്സുള്ള ബ്രിട്ടീഷ് ആൺകുട്ടി. ക്രിസ്‌തുമസിന് ലഭിച്ചമെൻക ടെസ്റ്റിനുശേഷം ആണ് ബാർണബി സ്വിൻബേൺ തൻെറ ഐക്യു 162 ആണെന്ന് മനസ്സിലാക്കിയത്. ഇത് 18 വയസ്സിനു താഴെയുള്ളവരിൽ കാണാവുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ഏകദേശം 160 സ്കോർ വരും എന്ന് കരുതിയ ഐൻസ്റ്റീനെ മറികടന്നാണ് ബാർണബി സ്വിൻബേണിൻെറ സ്കോർ. ഉയർന്ന സ്കോർ ലഭിച്ചതിനെത്തുടർന്ന് ബ്രിസ്റ്റോൾ സ്കൂൾ വിദ്യാർത്ഥിയായ സ്വിൻബേണിനെ ഹൈ ഐക്യു സൊസൈറ്റിയിലേക്ക് സ്വീകരിച്ചു. ഗണിതവും രസതന്ത്രവും അവന് ഏറെ പ്രിയപ്പെട്ടതാണെന്നും തൻെറ മകൻ മിടുക്കനാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അവൻ അത് കൂടുതൽ മനസ്സിലാക്കാൻ തീരുമാനിച്ചതാണ് ഇതിലേക്ക് നയിച്ചതെന്നും കുട്ടിയുടെ അമ്മ tഗിസ്ലെയ്ൻ പറഞ്ഞു.

മെൻസയിൽ രണ്ടുതരം ടെസ്റ്റുകളാണുള്ളത് ആദ്യത്തേത് ചിത്രങ്ങളും സീക്വൻസുകളും അടങ്ങുന്നവയായിരിക്കും, രണ്ടാമത്തേത് ഭാഷാ സംബന്ധമായിരിക്കും. രണ്ട് ടെസ്റ്റുകൾക്ക് ശേഷം ഉയർന്ന സ്കോർ ലഭിക്കുന്നതായിരിക്കും ആ വ്യക്തിയുടെ സ്കോർ ആയി തീരുമാനിക്കുക. ഇവിടെ ഒരു കുട്ടിക്ക് സാധ്യമായ ഏറ്റവും ഉയർന്ന സ്കോറാണ് ബാർണബി സ്വിൻബേൺ നേടിയത്.ഒരു പ്രോഗ്രാമർ ആകാനാണ് ആണ് സ്വിൻബേണിൻെറ ആഗ്രഹം ഇതിനോടകം തന്നെ അവൻ യൂണിവേഴ്സിറ്റി കോഴ്സുകൾ നോക്കുന്നുണ്ടെന്നും ഓക്സ്ഫോർഡിൽ ചേരാനാണ് അവൻറെ ആഗ്രഹം എന്നും ഗിസ്ലെയ്ൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൈ ഐക്യു സൊസൈറ്റിയാണ് “മെൻസ” .ഐക്യു ഉള്ള 98 പെർസെൻടൈൽ മുതൽ ഉള്ള ആളുകളെ ഇവിടെ സ്വീകരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലൈംഗിക രോഗമായ ഗൊണോറിയയുടെ അപൂർവ രൂപം യുകെയിൽ പടരുന്നതായി മുന്നറിയിപ്പ്. ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഈ സ്‌ട്രെയിൻ, കഴിഞ്ഞ മാസം ഒരു വ്യക്തിയിൽ കണ്ടെത്തിയിരുന്നു. അതിനാൽ പുതിയ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ഡോക്ടർമാർ കർശനമായ മുന്നറിയിപ്പ് നൽകി.Neisseria gonorrhoeae എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിൻ Ceftriaxone എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കും. ഗൊണോറിയയുടെ ഈ രൂപം ഏഷ്യ-പസഫിക് മേഖലയിൽ സാധാരണമാണെങ്കിലും, യുകെയിൽ അപൂർവമാണ്.

ഗൊണോറിയയുടെ ഈ സ്ട്രെയിൻ യുകെയിൽ കണ്ടെത്തുന്നത് ഒരു പ്രതിസന്ധിയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) ഡോ കാറ്റി സിങ്ക പറഞ്ഞു. സ്ഥിര പങ്കാലയില്ലാത്തവർ ഗൊണോറിയയുടെയും മറ്റ് ലൈംഗിക രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നതിന്, കോണ്ടം ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, മലാശയ വേദന, അസ്വസ്ഥത, യോനിയിൽ നിന്നോ ലിംഗത്തിൽ നിന്നോ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലെ സ്രവം എന്നിവയാണ് ഗൊണോറിയയുടെ സാധാരണ ലക്ഷണങ്ങൾ.

എന്നിരുന്നാലും, രോഗബാധിതരായ പലരും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഗൊണോറിയ ഗുരുതരമായ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ നേരത്തെയുള്ള ചികിത്സ നിർണായകമാണ്. ലൈംഗികരോഗബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ പരിശോധന നടത്താമെന്നും ആരോഗ്യ വിദഗ്ധർ അറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലത്ത് ഒമിക്രോണിൻെറ വ്യാപനം കുറയ്ക്കാനായി സർക്കാർ നീക്കങ്ങൾ നടത്തിയിട്ടും യുകെയിൽ കോവിഡിൻെറ ഒരു വലിയ തരംഗം ഉണ്ടാകാൻ പോകുന്നുവെന്നും ആശുപത്രികളിൽ രോഗബാധിതരായവരുടെ എണ്ണം കുത്തനെ ഉയരുമെന്നും സേജിൻറെ മുന്നറിയിപ്പ്. ഡിസംബർ 23ന് നടന്ന മീറ്റിംഗിൻെറ മിനിറ്റ്സ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മുൻ കാലങ്ങളിലെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം കൂടുതലായിരിക്കും എന്ന് ഗവൺമെൻറിൻറെ സയൻറിഫിക് അഡ്വൈസറി ഗ്രൂപ്പായ സേജ് മുന്നറിയിപ്പ് നൽകി.

ഇംപീരിയൽ കോളേജ് നടത്തിയ പഠനമനുസരിച്ച് ഒമിക്രോൺ വേരിയെന്റ പിടിപെടുന്ന ആളുകൾ ഡെൽറ്റ വേരിയേന്റ് പിടിപെടുന്നവരെക്കാൾ 20% ത്തോളം ആശുപത്രിയിൽ തങ്ങാനുള്ള സാധ്യത കുറവാണ്. പുതിയ കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ വർഷം നമ്മൾ കണ്ടത് പോലെ ആയിരിക്കുകയില്ല ഈ വർഷത്തെ തരംഗമെന്നും ഐസിയുവുകളിൽ രോഗികൾ നിറഞ്ഞു കവിയുന്ന അവസ്ഥ ഉണ്ടാകുമെന്നും “പ്രൊഫസർ ലോക്ക് ഡൗൺ” എന്നറിയപ്പെടുന്ന നീൽ ഫെർഗൂസൻ പോലും പറഞ്ഞു. ക്രിസ്തുമസിനു ശേഷം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ഈ ശൈത്യകാലത്ത് ധാരാളം പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ നടത്തിയ പുതിയ മോഡലിംഗ് സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ തരത്തിലുള്ള നടപടികൾ കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകണമെങ്കിൽ ഡിസംബർ 28-ന് എങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. മാർച്ച് അവസാനം വരെ അതായത് മൂന്ന് മാസം നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളാണ് പരിഗണിച്ച മോഡലുകളിൽ ഒന്ന്.

ഏറ്റവും പുതിയ എൻഎച്ച്എസിനെ കണക്കുകൾ പ്രകാരം ഡിസംബർ 22-ന് 386 പുതിയ കോവിഡ് ഹോസ്പിറ്റൽ അഡ്മിഷനുകളാണ് ഉണ്ടായിരിക്കുന്നത് . രണ്ടാം തരംഗത്തിൻെറ കാലയളവിൽ ജനുവരിയിൽ ഉണ്ടായ 850 അഡ്മിഷനുകളിൽ നിന്ന് ഇത് വളരെയധികം കുറവ് ആണെങ്കിലും കഴിഞ്ഞ ആഴ്ചയിലെ കണക്കിനേക്കാൾ 92 ശതമാനത്തോളം വർദ്ധനവ് ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് . നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് ഫലപ്രദം ആകാനുള്ള സാധ്യത കൂടുതലാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെയും ഡൗണിംഗ് സ്ട്രീറ്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസിന്റെയും അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ സേജ് പറഞ്ഞു.
ഗീവർഗീസ് മാർ അപ്രേം
ശാന്തിയുടെയും സമാധാനത്തിൻറെയും സന്ദേശമാണ് ക്രിസ്തുമസ് ലോകജനതയ്ക്ക് നൽകുന്നത്. ദൈവം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ , തന്റെ പുത്രനെ നമുക്ക് നൽകിയ ദിനമാണ് ക്രിസ്തുമസ് . അതുകൊണ്ടാണ് അത് ദൈവ സ്നേഹത്തിൻറെ ആഘോഷമായി മാറുന്നത്.
പരസ്പര സൗഹാർദം പുതുക്കുന്നതും സ്നേഹത്തിൻറെ ഒത്തുചേരലുകളും ക്രിസ്തുമസ് കാലത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ നമുക്ക് അറിയാവുന്നതുപോലെ ലോകമെങ്ങുമുള്ള ജനങ്ങൾ ഒരു മഹാമാരിയുടെ ആശങ്കയിലാണ്. പ്രത്യേകിച്ച് പ്രവാസികൾ . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈ ക്രിസ്മസ് കാലത്ത് തങ്ങളുടെ ഉറ്റവരുടെയും ബന്ധു ജനങ്ങളുടെയും അടുത്തേയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിട്ടും എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ വേദന കടുത്തതാണ് . അതുപോലെതന്നെ കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തങ്ങളുടെയൊപ്പം ഉണ്ടായിരിക്കുകയും മഹാമാരിയുടെ സമയത്ത് ജീവൻ കവർന്നെടുക്കപ്പെടുകയും ചെയ്ത ബന്ധുമിത്രാദികളുടെ വേദനയും പേറി ഒട്ടേറെപ്പേർ നമ്മുടെയിടയിലുണ്ട്. മഹാമാരി വിതച്ച അശാന്തിയുടെ കരിനിഴൽ പേറുന്ന ലോകത്തിന് സമാധാനവും ശാന്തിയും പകർന്നു നൽകാൻ ഈ ക്രിസ്തുമസ് കാലത്തിനാകട്ടെ .
ക്രിസ്തുമസ് സന്ദേശം ഉൾക്കൊണ്ട് കോവിഡ് കാലത്ത് ദുരിതം പേറുന്ന ജോലി നഷ്ടപ്പെട്ട സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ നമ്മൾക്കാകണം. ഈ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിൻറെ കരുണയുടെ ആഘോഷമായി നമുക്ക് മാറ്റാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷവും ആശംസിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അഭയാർഥികളെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരോടുള്ള പിന്തുണ അറിയിച്ചുള്ള സന്ദേശം നൽകി കാന്റർബറി ആർച്ച് ബിഷപ്പിൻെറ ക്രിസ്‌തുമസ് പ്രസംഗം. രാവിലെ 11 മണിക്കാണ് കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന ക്രിസ്‌തുമസ് ദിന ദിവ്യബലിയിൽ അഭിവന്ദ്യ ജസ്റ്റിൻ വെൽബി പ്രസംഗിക്കുക. സത്രത്തിൽ അഭയം തേടുന്ന കന്യക മാതാവിൻെറയും ജോസഫിൻെറയും ക്രിസ്തുമസ് കഥ സർവ്വം അപകടത്തിലാക്കി, തങ്ങൾക്ക് ഉള്ളതെല്ലാം ഉപേക്ഷിച്ച് കടൽത്തീരങ്ങളിൽ എത്തിച്ചേരുന്നവരോട് അനുകമ്പയോടെ പെരുമാറേണ്ടതിൻറെ ആവശ്യകത പ്രകടമാകുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

‘ദയ’ കാണിക്കാനുള്ള മനുഷ്യൻറെ കഴിവിൽ തനിക്ക് സംശയമില്ലെന്നും കാന്റർബറി കത്തീഡ്രലിന് സമീപമുള്ള ബീച്ചുകളിൽ എത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാനായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, തന്നെ അത്ഭുതപ്പെടുത്തുന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റർ വെൽബി തൻറെ പ്രസംഗത്തിൽ ആർഎൻഎൽഐയുടെ ജോലിക്കാരെയും രക്ഷാ പ്രവർത്തകരെയും പ്രശംസിക്കും. ഉത്സവ കാലയളവിൽ ഫുഡ് ബാങ്കുകളിൽ സന്നദ്ധസേവനം നടത്തിയവരെ അദ്ദേഹം ആദരിക്കും. പകർച്ചവ്യാധി നൽകിയ അനുഭവം മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങളെ അവരുടെ ദുർബലതയെ അഭിമുഖീകരിക്കാൻ പ്രേരിപ്പിച്ച രീതിയെ പറ്റിയും മിസ്റ്റർ വെൽബി പരാമർശിക്കും. കാന്റർബറി കത്തീഡ്രലിന്റെ വെബ്‌സൈറ്റിൽ നിന്ന് തത്സമയ സ്ട്രീം വഴി പ്രഭാഷണം ലഭിക്കും.

മിസ്റ്റർ വെൽബി അടുത്തിടെ ജനങ്ങൾ വാക്സിൻ സ്വീകരിക്കുന്നത് രോഗം പടരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. വാക്സിൻ സ്വീകരിക്കുന്നത് എന്നെയും തിരഞ്ഞെടുക്കാനുള്ള എൻറെ അവകാശത്തെയും കുറിച്ചല്ല മറിച്ച് ഞാനെൻറെ അയൽക്കാരനെ സ്നേഹിക്കുന്നു എന്നതിനെക്കുറിച്ച് ആണെന്ന് എന്ന് അദ്ദേഹം തൻെറ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തിരുന്നു.