Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലായിരുന്ന സമയത്തെ അപേക്ഷിച്ച് ഇപ്പോൾ കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 40,000 ആയി ഉയർന്നു. വാക്സിൻ വിതരണം കാരണം രോഗം ഗുരുതരമാകുന്നില്ലയെന്നത് ആശ്വാസത്തിന് ഇട നൽകുന്നുണ്ട്. ജൂലൈ മുതൽ തിരക്കേറിയ ഇൻഡോർ പബ്ലിക് ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യുകെയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. തുടർന്ന് തിരക്കേറിയ സൂപ്പർമാർക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്‌കില്ലാതെയാണ് ആളുകളെത്തുന്നത്. രോഗ വ്യാപനം ഉയരുമ്പോഴും മാസ്‌ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. പൊതുജനങ്ങൾക്ക് ഇടയിൽ വൈറസ് പകരുന്നത് തടയാൻ ഫെയ്സ് മാസ്കുകൾ സഹായിക്കുമെന്ന് പഠനം തെളിയിച്ചുണ്ട്.

അതേസമയം ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു സർവേ പ്രകാരം സ്വീഡനിലും നെതർലാൻഡിലുമുള്ള ആളുകൾ യുകെയിലെ ജനങ്ങളുടെ അത്രപോലും മാസ്ക് ധരിക്കുന്നില്ലെങ്കിലും അവിടെ കേസുകൾ ഉയരുന്നില്ല. അതിനാൽ രാജ്യത്ത് പ്രതിദിനം കേസുകൾ വർധിക്കുന്നതിന്റെ കാരണം മാസ്ക് ധരിക്കാത്തത് മാത്രമാണെന്ന് പറയാൻ കഴിയില്ല. സ്കോട്ട്ലൻഡ് സർക്കാർ ഇപ്പോഴും വീടിനകത്ത് മാസ്കുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിൽ അത് നിർബന്ധമില്ല.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്നപ്പോൾ പൊതുജന സമ്പർക്കം കൂടി. പടിഞ്ഞാറൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെ പല നിയന്ത്രണങ്ങളും ഇളവ് ചെയ്തു. രാത്രി ക്ലബ്ബുകളിൽ പോകാനും പരിധിയില്ലാത്ത ഒത്തുചേരലുകളിൽ പങ്കെടുക്കാനും വളരെ നേരത്തെ തന്നെ അനുവാദം നൽകിയിരുന്നു. വ്യക്തിപരമായി ജോലിക്ക് പോകുന്ന ജീവനക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

വാക്സിൻ പുറത്തിറക്കുന്നതിലും വിതരണം ചെയ്യുന്നതിലും യുകെ മുന്നിട്ടു നിന്നു. എന്നാൽ അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം വാക്സിൻ സംരക്ഷണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുകെയിലെ പ്രായമായ ആളുകൾക്ക് ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ നൽകുന്നുണ്ട്. ഒക്ടോബർ 17 ഓടെ 37 ലക്ഷം ഡോസുകൾ ഇംഗ്ലണ്ടിൽ നൽകിയിരുന്നു. യുകെയുടെ വാക്സിൻ റോൾഔട്ട് ഇക്കഴിഞ്ഞ മാസങ്ങളിൽ ഇഴഞ്ഞാണ് നീങ്ങിയത്. കേസുകൾ, ആശുപത്രിവാസം, മരണം എന്നിവ തടയാൻ വാക്സിനേഷൻ പ്രോഗ്രാം സഹായിച്ചിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. ശീതകാലത്തോട് അടുക്കുമ്പോൾ അധിക സുരക്ഷ ഉറപ്പാക്കാനായി ബൂസ്റ്റർ ഡോസിന് അർഹരായവർ മുന്നോട്ട് വരണമെന്ന് സർക്കാർ അറിയിച്ചു. യുകെയിൽ 12-15 വയസ്സുള്ള കുട്ടികൾക്കുള്ള കുത്തിവയ്പ്പ് സെപ്റ്റംബർ 20 ന് ആരംഭിച്ചു. ഇതുവരെ, ഇംഗ്ലണ്ടിലെ 12-15 വയസ് പ്രായമുള്ളവരിൽ 15% പേർക്ക് ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. ശീതകാലം എത്തുമ്പോൾ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ കൂടുതൽ പ്രതിരോധ മാർഗങ്ങൾ മുന്നിൽ കണ്ട് സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗാർഹിക പാർട്ടികളിലെ മദ്യപാനം അതിരുവിടുന്നത് പോലീസിന് പണിയാകുന്നു. പാർട്ടികളിൽ മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ പാനീയത്തിൽ ലഹരിമരുന്നോ മറ്റ് വസ്തുക്കളോ കലർത്തുന്ന പ്രവണത ഏറിവരികയാണെന്നു പോലീസ് പറഞ്ഞു. ഇതിന് ഡ്രിങ്ക് സ്പൈക്കിംഗ് എന്നാണ് പറയുന്നത്. സിസിടിവിയോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്ത സ്ഥലങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ട്. ഓരോ വർഷവും യുകെയിൽ, നൂറുകണക്കിനാളുകൾ ഡ്രിങ്ക് സ്പൈക്കിംഗിന്റെ (Drink Spiking) ഇരകളാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഉത്സവങ്ങളിൽ ഡ്രിങ്ക് സ്പൈക്കിംഗ് കൂടുതൽ സാധാരണമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ലണ്ടനിൽ നടക്കുന്ന സമ്മർ സോഷ്യൽ ഫെസ്റ്റിവലിൽ താൻ ഇത്തരം അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്ന് താര ബെർവിൻ എന്ന പെൺകുട്ടി തുറന്ന് പറഞ്ഞു. നൃത്തം ചെയ്തത് മാത്രം ഓർമ ഉണ്ടെന്നും പിന്നീട് തനിക്ക് എന്തൊക്കെയോ സംഭവിച്ചുവെന്നും താര പറഞ്ഞു. ഒരു അപരിചിതനോടൊപ്പം താൻ ഒരു വാനിനുള്ളിൽ അകപ്പെട്ടുപോയെന്ന് സുഹൃത്തുക്കൾ പറയുമ്പോഴാണ് അവൾ അറിയുന്നത്.

ഇത്തരം പ്രവർത്തികളിൽ ഇരയാകാതിരിക്കാൻ 11 മുതൽ 25 വയസ്സുവരെയുള്ള കുട്ടികളിൽ ആൽക്കഹോൾ എജ്യുക്കേഷൻ ട്രസ്റ്റ് ബോധവൽക്കരണം നടത്തുന്നുണ്ട്. സിസിടിവിയോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്ത സ്ഥലങ്ങളിൽ ഡ്രിങ്ക് സ്പൈക്കിംഗ് വർദ്ധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ചാരിറ്റി എല്ലാ വർഷവും 25,000 -ത്തിലധികം യുവാക്കളോട് സംസാരിക്കുന്നുണ്ട്. ബാറുകളിലും ക്ലബ്ബുകളിലും ഇത്തരം പ്രവർത്തികൾ നടക്കാൻ സാധ്യത കുറവാണ്. വീടുകളിലെ പാർട്ടികളിലും ആഘോഷങ്ങളിലും ഇത് കൂടുതലായി നടന്നുവരുന്നു. പലപ്പോഴും അടുത്തറിയാവുന്ന ആളുകളാണ് കെണിയിൽ പെടുത്തുന്നത്. ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായ വ്യക്തിയെ സഹായിക്കുന്നതും പ്രാധാനമാണ്. അത് ഉത്തരവാദിത്തത്തോടെ ആയിരിക്കണമെന്ന് മാത്രം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് എത്തുന്ന സാഹചര്യത്തിൽ രാജ്യത്ത് ഈ ആഴ്ച തന്നെ മഞ്ഞു വീഴ്‌ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ആർട്ടിക് എയർ അനുഭവപ്പെടുമെന്നും കാലാവസ്ഥ നീരിക്ഷകർ പറഞ്ഞു. വ്യാഴാഴ്ച തന്നെ മഞ്ഞു വീണ് തുടങ്ങുമെന്നാണ് കാലാവസ്‌ഥാ നീരിക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന സൂചന.


സ്ട്രാറ്റോസ്ഫിയറിൽ മിതമായ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും ഇത് പോളാർ വോർട്ടെക്സിനെ ദുർബലപ്പെടുത്തി അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ ഇല്ലാതാവുകയും ചെയ്യുമെന്ന് മുൻ ബിബിസി കാലാവസ്ഥാ നിരീക്ഷകനായ ജോൺ ഹാമണ്ട് മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയിൽ സ്‌കോട്ട്‌ലൻഡിലെ മലമുകളിലാണ് പ്രധാനമായും മഞ്ഞു വീഴ്‌ച ഉണ്ടാവുന്നതെന്നാണ് പ്രതീക്ഷ. റൂറൽ ഫ്രോസ്റ്റിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞിട്ടുണ്ട് . എന്നാൽ ബർമിംഗ്ഹാമിലും വെസ്റ്റ് മിഡ്‌ലാൻഡിലും ഇതുണ്ടാകില്ലെന്ന് കാലാവസ്ഥ വിദഗ്ധർ സ്ഥിരീകരിച്ചു.

കാലാവസ്ഥ വകുപ്പിൻെറ ഏകദേശ നിഗമനം വച്ച് ഈ ആഴ്ച വ്യാഴം വരെ പ്രത്യേകിച്ച് വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കുന്നില്ല. വ്യാഴാഴ്ചയോടെ തണുപ്പും കാറ്റും പ്രതീക്ഷിക്കാമെന്നും അതിനു മുൻപ് വരെയുള്ള ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്ത കാലത്ത് വൻ ജനപ്രീതിയാണ് ഇലക്ട്രിക്ക് കാറുകൾക്ക് ലഭിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഉളവാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള അവബോധം ഇതിൽ വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്. എന്നാൽ നമ്മളിൽ പലർക്കും ഇപ്പോഴും ഇലക്ട്രിക്ക് കാറുകളെ കുറിച്ച് പല സംശയങ്ങളും ഉണ്ട്. ഉദാഹരണത്തിന് എത്ര ദൂരം വരെ ഇവയ്ക്കു റീചാർജ് ചെയ്യുന്നതിന് മുൻപ് സഞ്ചരിക്കുവാൻ സാധിക്കും?

ഒരു ഇലക്ട്രിക് കാറിന് സഞ്ചരിക്കാൻ സാധിക്കുന്ന ദൂരം കാലാവസ്ഥ, നിങ്ങളുടെ ഡ്രൈവിംഗ് എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഇരിക്കുക. സാധാരണയായി, ചെറിയ ഇലക്ട്രിക് സിറ്റി കാറുകൾക്ക് സിംഗിൾ ചാർജിൽ ഏകദേശം 100 മുതൽ 150 മൈൽ വരെ സഞ്ചരിക്കാൻ സാധിക്കും. മറ്റു ചില മുൻകിട വാഹനങ്ങൾക്ക് ഇതേ സമയം സിംഗിൾ ചാർജിൽ 300 മൈലുകളിലേറെ സഞ്ചരിക്കാൻ സാധിക്കും. ഇനി നിങ്ങളുടെ കാറിൻെറ ചാർജ് കുറഞ്ഞാൽ തന്നെ ചാർജിംഗ് പോയിന്റുകൾ തപ്പി അലയേണ്ടി വരുമെന്ന ഭയം വേണ്ട . യുകെയിൽ വിവിധ സ്ഥലങ്ങളിലായി ഏകദേശം 15,000 ചാർജിംഗ് പോയിന്റുകളാണുള്ളത് . നിങ്ങളുടെ കാറിലെ ചാർജ് തീർന്നാൽ അതിൻെറ പ്രവർത്തനം നിലയ്ക്കും. എന്നാൽ നിങ്ങളുടെ കാറിൻെറ ചാർജ് 20% ആകുമ്പോൾ തന്നെ മുന്നറിയിപ്പ് ലഭിക്കും. ഇതുകൂടാതെ വാഹനത്തിൻെറ ചാർജ് പൂർണമായി തീരുന്നതിനു മുൻപ് അത് ഫേയിൽ സേഫ് മോഡിലേക്ക് എത്തും ഇത് വാഹനത്തെ സുരക്ഷിതമായി റോഡിന്റെ സൈഡിൽ നിർത്തിയിടാൻ നമ്മെ സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു നാടിൻറെ മുഴുവൻ കണ്ണീർ ഏറ്റുവാങ്ങി ഉരുൾപൊട്ടലിൽ ജീവൻ കവർന്നെടുത്ത മാർട്ടിനും കുടുംബത്തിനും രണ്ട് കല്ലറകളിൽ അന്ത്യവിശ്രമം . സമാനതകളില്ലാത്ത ദുരന്തത്തിൽ മരണമടഞ്ഞ ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ (65), മാര്‍ട്ടിന്‍ (48), സിനി മാര്‍ട്ടിന്‍ (45), സ്‌നേഹ മാര്‍ട്ടിന്‍ (14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍ (10) എന്നിവരുടെ സംസ്കാരചടങ്ങുകൾ കാവാലി സെൻ മേരീസ് പള്ളിയിൽ വച്ച് നടന്നു. അന്ത്യയാത്രയ്ക്കായി ഉണ്ടുറങ്ങിയിരുന്ന വീടിൻറെ തരി പോലും ബാക്കി ഇല്ലാത്തതിനാൽ ആറുപേരുടെയും മൃതദേഹങ്ങൾ നേരെ പള്ളിയിലേക്കാണ് എത്തിച്ചത് . പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറ നേതൃത്വത്തിലാണ് സംസ്കാരശുശ്രൂഷകൾ നടന്നത് .

ആറുപേരെയും യാത്ര അയയ്ക്കാൻ ഒരു നാടുമുഴുവൻ പള്ളിയിലേയ്ക്ക് ഒഴുകിയെത്തി. ഊണിലും ഉറക്കത്തിലും ഒന്നിച്ച് കളിച്ചു ചിരിച്ചു നടന്ന മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു. കലിതുള്ളി പെയ്ത പേമാരിയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഭൂലോകത്ത് നിന്നും തുടച്ചു നീക്കിയെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ ആ കുടുംബം ചുടുകണ്ണീരുള്ള ഓർമ്മകളായി ഇനി ജീവിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊല്ലപ്പെട്ട കൺസർവേറ്റീവ് എംപി ഡേവിഡ് അമേസിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും മത്സരിക്കില്ല. സൗത്ത്എൻഡ് വെസ്റ്റ് സീറ്റിലേക്ക് ഒരു യുദ്ധം ഒഴിവാക്കിക്കൊണ്ട് ഡേവിഡിന് ബഹുമാനം നൽകണമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. 1950ൽ മണ്ഡലം രൂപീകൃതമായതു മുതൽ കൺസർവേറ്റീവുകളാണ് ഭരണം നടത്തുന്നത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഡേവിഡ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2016 ൽ ജോ കോക്സിന്റെ കൊലപാതകത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച അതേ നയമാണ് ഇത്തവണയും പിന്തുടരുന്നത്. ലേബർ പാർട്ടി ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു.

വോട്ടെടുപ്പ് തീയതി നിശ്ചയിച്ചാലും പാർട്ടി സീറ്റിനായി പോരാടില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് വക്താവ് സ്ഥിരീകരിച്ചു. ബോറിസ് ജോൺസണും ലേബർ നേതാവ് കെയർ സ്റ്റാർമറും ശനിയാഴ്ച ലീ-ഓൺ-സീയിൽ ഡേവിഡ് കുത്തേറ്റു മരിച്ച സ്ഥലത്തെത്തി പുഷ്പാർച്ചന നടത്തിയിരുന്നു. “ഇത് കൺസർവേറ്റീവ് സീറ്റ് ആണ്. ഇപ്പോൾ അതവർക്ക് നഷ്ടപെട്ടിരിക്കുന്നു. അവർക്ക് അത് തിരികെ ലഭിക്കണം.” മുൻ എംപി ലോർഡ് പെൻഡ്രി അഭിപ്രായപ്പെട്ടു. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ 14,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡേവിഡ് അമേസ് തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനങ്ങളുടെ കൂടെ നിന്ന് അവരിലൊരാളായി അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു കൊല്ലപ്പെട്ട സൗത്ത്ഹെൻഡ് എംപി ഡേവിഡ് അമേസ്.1983 മുതൽ എംപിയായിരുന്ന ഡേവിഡ്, രണ്ടാഴ്ച കൂടുമ്പോൾ തന്റെ മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുകയും വിശദാംശങ്ങൾ തന്റെ പാർലമെന്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്ന വ്യക്തിയാണ്. പരാതികൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ ജനങ്ങളിൽ നിന്ന് ഉൾക്കൊള്ളുന്നതിനുമായിട്ടായിരുന്നു ജനങ്ങളുമായിട്ടുള്ള കൂടിക്കാഴ്‌ച അദ്ദേഹം ഉപയോഗിച്ചിരുന്നത് . തൻെറ മണ്ഡലവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന ഡേവിഡിന് മിസ്റ്റർ സൗത്ത്ഹെൻഡ് എന്നാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വിശേഷിപ്പിച്ചത്.

ഭീകരാക്രമണത്തിൽ എം പി കൊല്ലപ്പെട്ടത് വൻ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എംപിമാരുടെ സുരക്ഷാക്രമീകരണങ്ങൾ ഉടൻ അവലോകനം ചെയ്യാൻ അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പോലീസിനോട് ആവശ്യപ്പെട്ടു . സൗമ്യനും സഹജീവികളോട് കരുണ ഉള്ളവനും ആയ ഒരു നല്ല വ്യക്തിയായിരുന്നു സർ ഡേവിഡ് അമേസ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

ഒക്ടോബർ പതിനഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത് . നിരവധി തവണ കുത്തേറ്റ ഡേവിഡിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും ഗർഭ ചിദ്രത്തിനുമെതിരെ പടപൊരുതിയിരുന്ന സർ ഡേവിഡിന്റെ കൊലപാതകം ഞെട്ടലോടെയാണ് ബ്രിട്ടൻ ശ്രവിച്ചത്.

ഡേവിഡ് അമേസിന്റെ മരണത്തെ തുടർന്ന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പൊതുജനങ്ങൾ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കെയർ സ്റ്റാർമർ, പ്രീതി പട്ടേൽ, സർ ലിൻഡ്‌സെ ഹോയ്ൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എസെക്സിലെ ലീ-ഓൺ-സീയിൽ എത്തിയിരുന്നു. ജനപ്രതിനിധികളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് കേസുകളുടെ എണ്ണംപ്രതിവാരം 30% വർദ്ധിച്ചത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത് . ജൂലൈ മാസത്തിനുശേഷം ആദ്യമായിട്ടാണ് ഇത്രയും കൂടിയ രോഗവ്യാപന നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം കുറയ്ക്കാനായി ബൂസ്റ്റർ ഡോസ് നൽകുന്നതിലേയ്ക്ക് രാജ്യം തുടക്കം കുറിച്ചിരുന്നു. ഒരു മാസം കൊണ്ട് 80 വയസ്സിനുമുകളിലുള്ള പകുതി പേർക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിൻെറ മൂന്നാം ഡോസ് ലാഭിച്ചിട്ടുള്ളൂ എന്നാണ് എൻഎച്ച്എസിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ച 2.2 ദശലക്ഷം ആളുകളിൽ 1.2 ദശലക്ഷത്തിൽ താഴെ ജനങ്ങൾക്കു മാത്രമാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച 85 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം എട്ടു ശതമാനമായും 65 മുതൽ 84 വയസ്സിനിടയിലുള്ളവരുടെ എണ്ണം 19 ശതമാനമായും വർദ്ധിച്ചു. ഇന്നലെ യുകെയിൽ കൊറോണ വൈറസ് കേസുകളുടെ പ്രതിവാര വർദ്ധനവ് 30% ആയി ഉയർന്നിട്ടുണ്ട്, ഇത് ജൂലൈ മാസത്തിന് ശേഷം റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ മരണങ്ങളുടെ എണ്ണം 148-ൽ നിന്ന് 57- ായി കുറഞ്ഞു. സ്കോട്ട്ലൻഡിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

റിയൽ വേൾഡ് ഓഗസ്റ്റിൽ നടത്തിയ പഠനമനുസരിച്ച് ഫൈസർ വാക്സിനുകൾ നൽകുന്ന സംരക്ഷണം അഞ്ചു മാസമാകുമ്പോൾ 88% ത്തിൽനിന്നു 74% ആയി കുറയുന്നതായി കണ്ടെത്തി. കോവിഡിനെതിരായി ബ്രിട്ടൺ സ്വീകരിച്ചിരുന്ന ആസ്ട്രാസെനെക്ക വാക്സിനുകൾ നൽകുന്ന സംരക്ഷണം നാലു മാസത്തിനുള്ളിൽ 77 ശതമാനത്തിൽ നിന്ന് 67 ശതമാനമായി കുറഞ്ഞതായി ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ടോറി എംപി ഡേവിഡ് അമേസിനെ കുത്തികൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് സുരക്ഷാ വൃത്തങ്ങൾ. 25കാരനായ കൊലയാളി ഒരാഴ്ച മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സൊമാലിയൻ വംശജനായ ബ്രിട്ടീഷ് മുസ്ലിം യുവാവ് നേരത്തെ തന്നെ എം പിയെ കാണാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക്‌ ചെയ്തിരുന്നു. എസ്സെക്‌സിലെ ലേ-ഓണ്‍-സീയിലുള്ള പള്ളിയിൽ പൊതുജന സമ്പർക്ക പരിപാടിയിൽ ഡേവിഡ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കത്തിയുമായി എത്തിയ യുവാവ് ഡേവിഡിന്റെ ശരീരത്തിൽ 17 തവണ കുത്തുകയുണ്ടായി. മാരകമായി മുറിവേറ്റ എംപിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ അലി ഹാർബി അലി ആണ് കൊലയാളിയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നേരത്തെ, ഡേവിഡിന്റെ മണ്ഡലമായ സൗത്ത്എൻഡ് വെസ്റ്റിലായിരുന്നു അലി താമസിച്ചിരുന്നത്. തുടർന്ന് ലണ്ടൻ നഗരത്തിലേക്ക് മാറി. അലി താമസിച്ച മൂന്നു സ്ഥലങ്ങളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അലിയെ വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഈ കേസിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. 1983 മുതൽ എംപിയായിരുന്ന ഡേവിഡ്, രണ്ടാഴ്ച കൂടുമ്പോൾ തന്റെ മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുകയും വിശദാംശങ്ങൾ തന്റെ പാർലമെന്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്ന വ്യക്തിയാണ്. കോവിഡിൽ നിന്ന് കരകയറിവരുന്ന ഈ സമയത്ത് സർക്കാർ ഭീകരാക്രമണങ്ങളെ നേരിടേണ്ടി വരുമെന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് ഡേവിഡ് ഒരു പത്രത്തോട് പറഞ്ഞിരുന്നു. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് കൊലയ്ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .  1998 മുതൽ അദ്ദേഹം കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്രായേലിന്റെ ഓണററി സെക്രട്ടറിയായിരുന്നു. ഡേവിഡിന്റെ മരണത്തിന് തൊട്ടു പിന്നാലെയാണ് ചൗധരി വിവാദ പരാമർശം നടത്തിയത്.

ഡേവിഡ് അമേസിന്റെ മരണത്തെ തുടർന്ന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പൊതുജനങ്ങൾ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കെയർ സ്റ്റാർമർ, പ്രീതി പട്ടേൽ, സർ ലിൻഡ്‌സെ ഹോയ്ൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എസെക്സിലെ ലീ-ഓൺ-സീയിൽ ഇന്നലെ എത്തിയിരുന്നു. ജനപ്രതിനിധികളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാർ മോഷണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന യുകെയിലെ പട്ടണങ്ങളും വ്യാപകമായി മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ മോഡലുകളും വിശദമാക്കി ഡിവിഎൽഎ. കാർ മോഷണം ഏറ്റവും കൂടുതൽ നടക്കുന്ന പത്തു പോസ്റ്റ് കോഡുകൾ ഡിവിഎൽഎയുടെ പഠനത്തിൽ ഉൾപ്പെടുന്നു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് നഗരത്തിന്റെ ഒരു ഭാഗം മാത്രം ഉൾക്കൊള്ളുന്ന എൽഇ2 പോസ്റ്റ്‌കോഡിൽ കഴിഞ്ഞ വർഷം 342 മോഷണങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ലോയിലുള്ള എസ്‌എൽ 1 പോസ്റ്റ്‌കോഡ് ആണ് രണ്ടാം സ്ഥാനത്ത്. ഏറ്റവുമധികം മോഷ്ടിക്കപ്പെടുന്ന കാർ ഫോർഡ് ഫിയസ്റ്റയാണ്. ഫോക്സ് വാഗൺ ഗോൾഫ്, ഫോർഡ് ഫോക്കസ്, വോക്സ്ഹാൾ കോർസ എന്നീ മോഡലുകളും മോഷ്ടിക്കപ്പെടുന്നു.

ലണ്ടനിലാണ് ഏറ്റവുമധികം വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 75,000 ത്തോളം വാഹന മോഷണങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് നടന്നത്. ഓരോ ഏഴു മിനിറ്റിലും ഒരു വാഹനം വീതം മോഷ്ടിക്കപ്പെട്ടുവെന്ന് അർത്ഥം. ഡാർലിംഗ്ടൺ, മിൽട്ടൺ കെയ്ൻസ്, സ്റ്റോക്ക്പോർട്ട് എന്നിവയാണ് ആദ്യ പത്തിൽ ഉള്ള മറ്റ് പ്രധാന പോസ്റ്റ് കോഡുകൾ. സമ്പന്നർക്ക് വേണ്ടി മേഴ്‌സിഡസും ഓഡികളും ഉൾപ്പെടെയുള്ള വിലയേറിയ കാറുകൾ മോഷ്ടിക്കുന്ന സംഘങ്ങളും നിലവിലുണ്ട്. റിമോട്ട് കൺട്രോൾ ജാമിംഗ് ടെക്നോളജി ഉപയോഗിച്ചാണ് മോഷണം എളുപ്പത്തിലാക്കുന്നത്.

ഇത്തരം മോഷണങ്ങൾ തടയാൻ സിസിടിവി ക്യാമറകൾ ഉള്ള സ്ഥലത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് പോലീസും മോട്ടോർ അസോസിയേഷനുകളും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം യുകെ പോസ്റ്റ്‌കോഡ് ഏരിയയുടെ അടിസ്ഥാനത്തിൽ ഡിവിഎൽഎ റെക്കോർഡിൽ നൽകിയിരുന്നു.

പോസ്റ്റ്‌ കോഡ്, സ്ഥലം, മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.

1. Le 2 (ലെസാസ്റ്റർ) 342

2. SL1 (സ്ലോ) 285

3. sn5 (സ്വിൻഡൺ) 268

4. ഗു 1 (ആൽഡ്ഷോട്ട്) 263

5. B25 (ബർമിംഗ്ഹാം) 256

6. mk14 (മിൽട്ടൺ കീൻസ്) 252

7. SK3 (സ്റ്റോക്ക്പോർട്ട്) 233

8. ഡിഎൽ 1 (ഡാർലിംഗ്ടൺ) 225

9. SL3 (സ്ലോ) 192

10. എൽ 39 (ഓർംസ്കിർക്ക്) 177

RECENT POSTS
Copyright © . All rights reserved