Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ, ഉക്രൈന്‍ ഏത് നിമിഷവും ആക്രമിക്കാമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉക്രൈനിലുള്ള ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ച് കഴിഞ്ഞു. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും ബ്രിട്ടൻ അറിയിച്ചു. യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ല. ബ്രിട്ടീഷ് പൗരന്മാർ അടുത്ത 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ വിടണമെന്ന് സായുധ സേനാ മന്ത്രി ജെയിംസ് ഹീപ്പി ആവശ്യപ്പെട്ടു.

എന്നാല്‍ മാസങ്ങളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ഒരു ലക്ഷത്തോളം സൈനികര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. ബ്രിട്ടന് സമാനമായ മുന്നറിയിപ്പ് അമേരിക്കയും നൽകി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനും തങ്ങളുടെ ഉക്രൈനിലുള്ള എംബസിയില്‍ നിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരോട് ഉക്രൈന്‍ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജപ്പാന്‍, ലാത്വിയ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളൂം ഉക്രെയിനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉക്രൈനിൽ പരിശീലനത്തിന് സഹായിക്കുന്ന ബ്രിട്ടീഷ് സൈനികരും വാരാന്ത്യത്തിൽ രാജ്യം വിടുമെന്ന് സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : നിഷ്കളങ്കമായ ആ പുഞ്ചിരി ഇനിയില്ല. മധുരമേറിയ ഓർമ്മകൾ സമ്മാനിച്ച കുഞ്ഞുമാലാഖയ്ക്ക് നാടിന്റെ യാത്രമൊഴി. ഇനി അലെർട്ടെൻ സെമിത്തേരിയിൽ നിത്യവിശ്രമം. ഹൃദയം നുറുങ്ങുന്ന വേദനയിലും അമല മോളുടെ ഓർമകളെ നെഞ്ചോടു ചേർത്തു വെക്കുകയാണ് യുകെ മലയാളികൾ. ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റെയും ഏക മകൾ അമല മേരി ആശിഷ് (5), ഫെബ്രുവരി 4 വെള്ളിയാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ഇന്നലെ ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. തുടർന്ന് അലെർട്ടൺ സെമിത്തേരിയിൽ സംസ്കാരം.

രണ്ട് വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അമല മോളുടെ മരണവാർത്ത ഞെട്ടലോടെയാണ് യുകെ മലയാളികൾ കേട്ടത്. അമലയെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും നിരവധി പേർ ഇന്നലെ ഭവനത്തിലും പള്ളിയിലുമായി എത്തി. രാവിലെ പത്തുമണിക്ക് അവളുടെ ചലനമറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം വീട്ടിലേക്കെത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണു നിറഞ്ഞു. ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 11 മണിയോടെ മൃതദേഹം ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചു. തുടർന്ന് പത്തോളം വൈദികരുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷ നടന്നു.

പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 2 മണിക്ക് അലെർട്ടൺ സെമിത്തേരിയിലേക്ക് യാത്രയായി. 2:40ന് എല്ലാവരെയും കണ്ണീരിലാഴ്ത്തി അവൾ മണ്ണിലേക്ക് മടങ്ങി.

പിറവം പാഴൂർ പരിയാരത്ത് മേരിലാൻഡ് കുടുംബാംഗമാണ് ആശിഷ്. മരണദിനം മുതൽ എല്ലാദിവസവും വൈകുന്നേരം അമലയുടെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ഇത്രയും നാൾ ഓടി കളിച്ച വീട്ടിൽ ഇനി അമലയില്ല. എന്നാൽ ആ പിഞ്ചോമനയുടെ ഓർമ്മകൾ അവിടെ സുഗന്ധം പരത്തും. അമലയുടെ പുഞ്ചിരി മായുന്നില്ല; അതിന് മരണമില്ല. അമല മോൾക്ക് മലയാളം യുകെയുടെ കണ്ണീർ പൂക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ കമ്മീഷണർ പോലീസിൻറെ നഷ്ടപ്പെട്ട ജനകീയമുഖം തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ലണ്ടനിലെ പോലീസിൽ ജനങ്ങൾക്ക് ഉള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ലണ്ടൻ മേയർ സാദിഖ് ഖാനിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് മെറ്റ് പോലീസ് മേധാവി ക്രെസിഡ ഡിക്കിന് രാജിവയ് ക്കേണ്ടി വന്നിരുന്നു. പോലീസ് സേനയെ നയിച്ച ആദ്യ വനിതയാണ് ഡാം ക്രെസിഡ. എന്നാൽ പോലീസ് സേനയിലെ തന്നെ ഒരംഗം സാറ എവറാർഡിനെ കൊലപ്പെടുത്തിയ സംഭവത്തിലും മറ്റ് നിരവധി അഴിമതികളുടെ പേരിലും അവർ അടുത്തകാലത്തായി കടുത്ത വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലണ്ടനിലെ ക്രമസമാധാനപാലനത്തിന് പുറമെ ദേശീയതലത്തിൽ തീവ്രവാദ സ്വഭാവമുള്ള കേസുകളും കൈകാര്യം ചെയ്യുന്നത് മെറ്റ് പോലീസാണ്.

നിലവിൽ അസിസ്റ്റൻറ് മെറ്റ് കമ്മീഷണർമാരായ മാറ്റ് ജൂക്‌സും നീൽ ബസുവും ഉൾപ്പെടെയുള്ളവർ പരിഗണനയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണം മെറ്റ് പോലീസിൻെറ കീഴിൽ ആയതിനാൽ പുതിയ കമ്മീഷണർ ആരാണെന്നതിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തട്ടിക്കൊണ്ടുപോകലിനും മതപരിവർത്തനത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായ പാകിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹബാസിന് ബ്രിട്ടൻ അഭയം നൽകണമെന്ന ആവശ്യം ശക്തം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) തയ്യാറാക്കി 12,000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനം ഫിയോണ ബ്രൂസ് എം പി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് കൈമാറി. തട്ടികൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട മരിയ ഇപ്പോൾ രഹസ്യമായാണ് കഴിയുന്നത്. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തയാള്‍ മരിയയെയും കുടുംബത്തെയും ഒന്നര വർഷം മുറിയിൽ പൂട്ടിയിട്ടിരുന്നു.

തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്ന ക്രിസ്ത്യൻ പെൺകുട്ടികളെപറ്റി എ.സി.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത് മരിയയാണ്. റിപ്പോര്‍ട്ട് വായിച്ച താന്‍ കരഞ്ഞുപോയെന്നു പറഞ്ഞ ഫിയോണ, പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കുറിച്ചും വിവരിച്ചു.

2020 ഏപ്രിൽ മാസത്തിലാണ് പതിനാലുകാരിയായ മരിയയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. പര്‍വേശ് മസിഹ്, യൂനസ് മാസിഹ്, നയീം മാസിഹ് എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവര്‍, ആകാശത്തേക്ക് നിരവധി വട്ടം വെടിയുതിര്‍ത്തതായും ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട്, തട്ടിക്കൊണ്ടു പോയ വ്യക്തി പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്തു. മകളുടെ നീതിക്ക് വേണ്ടി മരിയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ലാഹോർ ഹൈക്കോടതിയുടെ വിധി ഞെട്ടിക്കുന്നതായിരുന്നു. മതപരിവര്‍ത്തനം പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടന്നതാണെന്നും തട്ടിക്കൊണ്ടു പോയ വ്യക്തി അവരെ വിവാഹം കഴിക്കണമെന്നും കോടതി ഉത്തരവിട്ടു.

മരിയ ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും സ്കൂള്‍ രേഖകളും സമർപ്പിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. കോടതി വിധി പ്രതികൂലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രതിഷേധങ്ങൾ ഉയര്‍ന്നു. ഇത്തരത്തിലുള്ള ആയിരത്തിലധികം കേസുകളാണ് ഓരോ വർഷവും പാകിസ്ഥാനിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങൾ തുടർക്കഥയാവുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യമന്ത്രി ചാൻസിലർ ഋഷി സുനാകിൻെറ നടപടികൾ ഫലം കണ്ടു . ലോകരാജ്യങ്ങളിൽ പലതിൻെറയും സമ്പദ് വ്യവസ്ഥ കോവിഡ് കാരണം താറുമാറായെങ്കിലും ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ കഴിഞ്ഞവർഷം വൻ കുതിച്ചു കയറ്റമാണ് നടത്തിയത്. 7.5 ശതമാനം വളർച്ചയാണ് ബ്രിട്ടൻെറ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞവർഷം നേടിയത് .1941 -ലെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നത്.


2020 -ൽ കോവിഡ് മൂലം സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായ 9.4 ശതമാനം തകർച്ചയിൽ നിന്നാണ് ബ്രിട്ടൻ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത് . ഡിസംബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളെ ബാധിച്ചതിനാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 0.24 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ടുവർഷത്തെ മഹാമാരിയിലും തകരാതെ തിരിച്ചുവരവ് നടത്തിയ യുകെയുടെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ചാൻസിലർ ഋഷി സുനാക് അഭിമാനത്തോടെ പറഞ്ഞു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2021 -ലെ അവസാന മൂന്ന് മാസത്തെ വളർച്ച ഒരു ശതമാനം ആയിരുന്നു. G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ യുകെയുടേതാണെന്ന് ഒ എൻ എസ് എക്കണോമിക്സ് സ്റ്റാറ്റസ്റ്റിക്സ്‌ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വാഹന ഉടമകൾ തങ്ങൾ ഓരോ വർഷവും ഉപയോഗിക്കുന്ന മൈലുകൾക്കനുസരിച്ച് ടാക്സ് നൽകേണ്ടി വരാൻ സാധ്യത. ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടേതാണ് പുതിയ നിർദ്ദേശം. സർക്കാരിൻറെ ഒരു പ്രധാന വരുമാനമാണ് പെട്രോളും , ഡീസലുമുൾപ്പെടെയുള്ള ഇന്ധനത്തിൽ മേൽ നികത്തുന്ന നികുതി .

2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചതിനാലും , ഇലക്ട്രിക് കാറുകൾ ഇതിനോടകം നിരത്തുകൾ കീഴടക്കാൻ ആരംഭിച്ചതിനാലും ഇന്ധന നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് പുതിയ നിർദേശം.

2040 ഓടുകൂടി ഇന്ധന നികുതിയായി ഖജനാവിലേയ്ക്ക് ഒന്നുംതന്നെ ലഭിക്കാൻ സാധ്യതയില്ലന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി നിലയ്ക്കുന്നതോടെ സർക്കാരിന് വരുമാനത്തിൽ 35 ബില്യൺ പൗണ്ടിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ വെസ്റ്റ് മിഡ്‌ലാൻഡ് റീജിയനുകളിൽ ഭവനങ്ങളുടെ വില ഒരു വർഷത്തിനുള്ളിൽ 50 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന ഈ വർദ്ധനവ്, ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് വീടുകളുടെ ലഭ്യത കുറഞ്ഞതിനാലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾപ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ് റീജിയനിലെ സ്ഥലങ്ങളായ ബിർമിങ്ഹാം, ബ്ലാക്ക് കൺട്രി, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വില വർധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ ബിർമിങ്ഹാം സബ്അർബൻ സ്ഥലമായ എഡ് ഗ്ബാസ്റ്റണിലാണ് ഏറ്റവും കൂടുതൽ ഭവനങ്ങൾക്ക് വില കൂടിയിരിക്കുന്നത്. 2020 ജൂണിൽ ഇവിടുത്തെ ശരാശരി ഭവന നിരക്ക് 235,000 പൗണ്ട് ആയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് 50 ശതമാനം വർദ്ധിച്ചു ഇപ്പോൾ 352,500 പൗണ്ട് എന്ന നിലയിലാണ് എത്തിനിൽക്കുന്നത്.


തൊട്ടടുത്ത സ്ഥലങ്ങളായ നോർത്ത് എഡ് ഗ്ബാസ്റ്റണിൽ 50 ശതമാനവും, മോസ്ലിയിൽ 33 ശതമാനവും, സട്ടൺ കോൾഡ് ഫീൽഡിൽ 32 ശതമാനവും, മാൽവേൺ ഹിൽസിൽ 47 ശതമാനവും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്ലാക്ക് കൺട്രിയിൽ വാൾസളിലെ സ്ട്രീറ്റിലിയിലാണ് ഏറ്റവും കൂടുതൽ ഭവന വിലവർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വീടിന്റെയും സ്ഥലത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് വിലകളിൽ വ്യത്യാസങ്ങളുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ചാൾസ് രാജകുമാരൻ കോവിഡ് പോസിറ്റീവ് ആകുന്നത് . 2020 മാർച്ചിൽ അദ്ദേഹത്തിന് കോവിഡ് പിടിപെട്ടിരുന്നെങ്കിലും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതിനിടെ രാജകുമാരൻ രണ്ടു ദിവസം മുൻപ് വിൻഡ്‌സറിൽ എലിസബത്ത് രാജ്ഞിയെ കണ്ടിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ബ്രിട്ടീഷ് മ്യൂസിയത്തിലെ സ്വീകരണത്തിൻ്റെ സമയത്ത് രാജകുമാരൻ ചാൻസലർ ഋഷി സുനാക് മുതലായവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു . ചാൾസ് രാജകുമാരനുമായി സമ്പർക്ക പട്ടികയിലുള്ള എലിസബത്ത് രാജ്ഞി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ബുക്കിംഗ് കൊട്ടാരം സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ച ചാൾസ് രാജകുമാരന് കോവിഡ് സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളിയുടെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുമടക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്ത് മണിക്കൂറുകൾക്കകം ക്യാൻസൽ ചെയ്തെങ്കിലും പണം തിരിച്ചു നൽകാത്തതിനെതിരെ യുകെ മലയാളിയായ ഡെന്നീസ് മാത്യുവാണ് എയർഇന്ത്യയ്ക്ക് എതിരെ നിയമ യുദ്ധം നടത്തിയത്. ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ മുഴുവൻ പണവും തിരിച്ചുനൽകുമെന്നുള്ള എയർഇന്ത്യയുടെ വാഗ്ദാനം നടപ്പിലാകാതെ വന്നതോടെയാണ് ഡെന്നീസിന് കോടതി കയറേണ്ടതായി വന്നത്.

നഷ്ടപരിഹാരമായി എയർ ഇന്ത്യയുടെ ബ്രെന്റ് വൂഡ് ഓഫീസ് ജപ്തി ചെയ്യാനാണ് ബ്രിട്ടനിലെ കൗണ്ടി കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതി ചിലവുകൾ സഹിതം നൽകുന്നതിനാണ് ജപ്തി നടപടികൾ എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ബിസിനസ് നടത്തുന്ന ഡെന്നീസിൻെറ സ്വദേശം കേരളത്തിൽ കണ്ണൂരാണ് . കണ്ണൂർ ജില്ലാ കോടതിയിൽ ഏഴ് വർഷത്തോളം അഭിഭാഷകനായി സേവനം അനുഷ്ഠിച്ചപ്പോഴും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ ഡെന്നീസ് എന്നും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ 13 വർഷമായി യുകെയിലുള്ള ഡെന്നീസ് സഹോദരങ്ങളോടൊപ്പംചെല്‍റ്റനാമില്‍ ഗ്രോസറി ഷോപ്പും നടത്തുന്നുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ്ഹാളിലെയും ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 50-ലധികം ആളുകൾക്ക് ഇമെയിൽ അയക്കാൻ മെട്രോപൊളിറ്റൻ പോലീസ്. 2020 മെയ്ക്കും 2021 ഏപ്രിലിനും ഇടയിൽ നടന്ന പന്ത്രണ്ട് പാർട്ടികളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്കാണ് ഇമെയിൽ അയക്കുക. പോലീസിന്റെ ചോദ്യങ്ങൾ അടങ്ങിയ മെയിലിന് ഇവർ ഉത്തരം നൽകണം. ഇമെയിൽ ലഭിച്ചവർ സത്യസന്ധമായി ഉത്തരം നൽകണമെന്ന് പോലീസ് പറഞ്ഞു. ഇമെയിൽ അയച്ചവരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയും ഉണ്ടെന്നാണ് വിവരം.

ഏഴ് ദിവസത്തിനുള്ളിൽ ഇമെയിലിന് മറുപടി നൽകണമെന്ന് മെറ്റ് പോലീസ് അറിയിച്ചു. എട്ടു തീയതികളിലാണ് പന്ത്രണ്ടു പാർട്ടികൾ നടന്നത്. പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ ഹിൽമാൻ എന്നറിയപ്പെടുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ കണ്ടെത്തലുകളാണ് പോലീസ് അന്വേഷണത്തിന് വഴിയൊരുക്കിയത്. മാപ്പ് പറഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും ടോറി വിമതരും മുറവിളി കൂട്ടുകയാണ്. 2020 ഡിസംബർ 15ന് നടന്ന ക്രിസ്മസ് ക്വിസിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഡെയിലി മിറർ പുറത്തുവിട്ടിരുന്നു. ഇത് അന്വേഷിക്കേണ്ടതില്ലെന്ന് മെറ്റ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഡൗണിങ് സ്ട്രീറ്റിൽ നടന്ന ക്രിസ്മസ് ക്വിസ് അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved