ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ട് :- അയർലൻഡിൽ മരണപ്പെട്ടയാളുടെ മൃതദേഹവുമായി പോസ്റ്റ് ഓഫീസിലെത്തി പെൻഷൻ നേടിയെടുക്കുവാൻ ശ്രമം. രണ്ടു പേർ ചേർന്നാണ് മൃതദേഹം ഓഫീസിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്രായമായ ഒരാളുടെ പെൻഷൻ ആവശ്യപ്പെട്ട് പോസ്റ്റ് ഓഫീസിൽ ഒരാൾ എത്തിയത്. എന്നാൽ പെൻഷൻ ലഭിക്കേണ്ടയാൾ എത്താതെ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയുമായി ഇയാളെ അധികൃതർ മടക്കി അയച്ചു. പിന്നീട് ഇയാൾ മറ്റൊരു സഹായിയോടൊപ്പം ചേർന്ന് അറുപത് വയസ്സോളം പ്രായമുള്ള ഒരാളെ താങ്ങി കൊണ്ടുവരുകയും പെൻഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയാണ് വീണ്ടും അധികൃതർ നൽകിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫീസിലെ സ്റ്റാഫുകളിൽ ഒരാൾ അലാറം അമർത്തിയപ്പോൾ മൃതദേഹം ഉപേക്ഷിച്ച് ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.

കാർലോ പ്രദേശത്ത് നടന്ന ഈ സംഭവം സ്ഥലത്തെ ജനങ്ങളെ ആകെ നടുക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുവാനും തീരുമാനമായിട്ടുണ്ട്. നടുക്കുന്ന സംഭവമാണ് നടന്നതെന്ന് കാർലോ കൗണ്ടി മേയർ പറഞ്ഞു.