Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ടെസ്റ്റ് കിറ്റുകൾ വൈകി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ബൂട്സ് കമ്പനി അധികൃതർ. വൈകിയ റിസൾട്ടുകൾക്ക് പണം തിരിച്ചു നൽകാത്ത കമ്പനികളുടെ പട്ടികയിൽ ബൂട്സിനെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തുടക്കത്തിൽ ബൂട്സുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വൈകി ലഭിക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് പണം മടക്കി നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രീൻ ലിസ്റ്റിലും, ആമ്പർ ലിസ്റ്റിലും ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർ, രാജ്യത്തെത്തി രണ്ടുദിവസത്തിനകം കോവിഡ് ടെസ്റ്റുകൾ നടത്തണമെന്ന നിബന്ധനയുണ്ട്. ഇതോടൊപ്പം തന്നെ ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ എടുക്കാത്ത യാത്രക്കാർ, എട്ടാമത്തെ ദിവസം രണ്ടാമതൊരു ടെസ്റ്റ് കൂടി ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം ടെസ്റ്റുകൾ എല്ലാം തന്നെ യാത്രക്കാർ സ്വന്തം പണം ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ഈ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്നും 2000 പൗണ്ട് വരെ പിഴ ഈടാക്കാമെന്നും ഗവൺമെന്റ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗവൺമെന്റ് തന്നെ ഇത്തരം ടെസ്റ്റുകൾക്കായി തിരഞ്ഞെടുക്കപ്പെട്ട കുറച്ചധികം കമ്പനികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം കമ്പനികളെല്ലാം തന്നെ യാത്രക്കാരെ ചൂഷണം ചെയ്യുന്നെന്ന ആരോപണം കഴിഞ്ഞദിവസങ്ങളിൽ ഉയർന്നിരുന്നു. എൻഎച്ച്എസ് ജീവനക്കാരായ റിച്ചാർഡ് ക്ലോറ്റനും ഭാര്യയും കുടുംബത്തെ സന്ദർശിക്കാനായി സ്പെയിനിലേക്കുള്ള തങ്ങളുടെ യാത്രയ്ക്ക് ശേഷം മടങ്ങിവന്നപ്പോൾ 150 പൗണ്ട് മുടക്കി രണ്ട് ടെസ്റ്റ് കിറ്റുകൾക്കായി ഓർഡർ ചെയ്തിരുന്നു . എന്നാൽ ഇതിൽ ഒരു ടെസ്റ്റ് കിറ്റ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും, ഇത് ആറുദിവസം വൈകിയാൽ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ മോശമായ അവസ്ഥയിലുമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഈ കുടുംബം പരാതിപ്പെട്ടു. എന്നാൽ ഈ കുടുംബത്തിന് റീഫണ്ട് നൽകുവാൻ ബൂട്സ് കമ്പനി വിസമ്മതിച്ചിരുന്നു.

ഇതോടൊപ്പം തന്നെ മറ്റൊരു കമ്പനിയായ ആട്രൂചെക് സ് തങ്ങൾക്കെതിരെ മോശമായ രീതിയിൽ ഫീഡ്ബാക്കുകൾ നൽകുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി ഉയർത്തിയതായുള്ള പരാതികളും വന്നിട്ടുണ്ട്. വളരെ മാന്യമായ തരത്തിൽ കമ്പനിയുടെ മോശം സർവീസിനെതിരെ പ്രതികരിച്ചപ്പോഴും ഭീഷണിയുടെ സ്വരത്തിലുള്ള ഈമെയിലുകൾ ആണ് തനിക്ക് ലഭിച്ചത് എന്ന് മറ്റൊരു കസ്റ്റമർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ കമ്പനികൾക്കെതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ മാസങ്ങളിലായി ഉയർന്നു വന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രൈവറ്റ് കമ്പനികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ഡിപ്പാർട്ട്മെന്റ് ഹെൽത്ത് ആൻഡ് സോഷ്യൽ അധികൃതർ അറിയിച്ചു. ഇതോടൊപ്പംതന്നെ കിറ്റുകൾക്കായി അമിതവില ഈടാക്കുന്ന 19 കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാനും ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണിലെത്തുന്ന യാത്രക്കാരെ ചൂഷണം ചെയ്യുവാൻ ഒരു കമ്പനിയെയും അനുവദിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയതിൽ മുഖ്യ പങ്കാളിത്തം വഹിച്ചത് യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയതാണ്. കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവായതിനാൽ ഇതുവരെ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയിരുന്നില്ല. എന്നാൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് ഉടൻതന്നെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി തുടങ്ങാനുള്ള ശുപാർശ നൽകിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. സ്കൂളുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നതിന് കുട്ടികൾക്കു കൂടി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതാണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ ഇംഗ്ലണ്ടിലെ 12 മുതൽ 15 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു. ഫൈസർ – ബയോടെക് വാക്സിൻ നൽകാനാണ് നിലവിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വാക്സിൻ നൽകുന്നതിന് മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണ് . ചീഫ് മെഡിക്കൽ ഓഫീസറുടെ ശുപാർശ പിന്തുടർന്ന് വാക്‌സിൻ നൽകാനുള്ള തീരുമാനം ഇംഗ്ലണ്ട് കൈക്കൊണ്ടിട്ടുണ്ടെങ്കിലും സ് കോട് ലൻഡും, വെയിൽസും, നോർത്ത് അയർലൻഡും ഈ വിഷയത്തിൽ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

12 വയസ്സു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വൈറസ് ബാധയിൽ നിന്നുള്ള അപകട സാധ്യത വളരെ കുറവാണ് എന്നതാണ് ഒരു കാരണം. അതോടൊപ്പം ഡെൽറ്റാ വേരിയന്റിൻെറ ആവിർഭാവത്തോടെ വാക്സിനുകൾ വൈറസ് ബാധ തടയുന്നതിൽ ആദ്യകാലത്തെ പോലെ ഫലപ്രദമല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം ബാധിച്ചത് മൂലം പകുതിയിലധികവും സെക്കൻഡറി സ്കൂൾ തലത്തിലുള്ള കുട്ടികൾക്ക് ആർജ്ജിത പ്രതിരോധശേഷിയെ നേടിയിട്ടുണ്ട് എന്ന അഭിപ്രായവും ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് ബ്രിട്ടൻ നിർത്താതെ സംസാരിക്കുന്നത് എമ്മയെക്കുറിച്ചാണ്. 1977നു ശേഷം ഒരു ഗ്രാൻസ്ലാം കിരീടവുമായി ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്ന എമ്മ റാഡുകാനു രാജ്യത്തിന്റെ ഓമനപുത്രിയായി മാറിക്കഴിഞ്ഞു. കാനഡയുടെ ലെയ് ല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-4,6-3) കീഴ് പ്പെടുത്തിയാണ് യുഎസ് ഓപ്പണിൽ തന്റെ കന്നി കിരീടം പതിനെട്ടുകാരിയായ എമ്മ സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ട് കളിച്ചെത്തി, തുടരെയുള്ള ഇരുപത് സെറ്റുകൾ വിജയിച്ചുകയറിയാണ് കിരീടം ചൂടിയത്. യുഎസ് ഓപ്പണിനു മുമ്പ് 150 -മത്തെ റാങ്കിൽ ആയിരുന്നെങ്കിൽ ഇന്ന് 23 -മത്തെ റാങ്കിലാണ് എമ്മ. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ പൊരുതി നേടിയ കിരീടം മാറോടടുപിച്ച് എമ്മ പറഞ്ഞത് “ഇതൊരു സ്വപ്നം പോലെ തോന്നുന്നു” എന്നാണ്.

കഴിഞ്ഞ വിമ്പിൾഡണിൽ ഗ്രാൻസ്ലാം അരങ്ങേറ്റം നടത്തിയ എമ്മ പ്രീക്വാർട്ടർ വരെ എത്തിയെങ്കിലും ശ്വാസതടസ്സം കാരണം പിന്മാറേണ്ടി വന്നു. എമ്മയുടെ പിതാവ് ഇയാൻ റാഡുകാനു റുമേനിയക്കാരനും അമ്മ റെനീ ചൈനകാരിയുമാണ്. ഇരുവരും ഒന്നിച്ചു ജോലി ചെയ്ത കാനഡയിൽ വച്ചാണ് 2002 നവംബർ 13ന് എമ്മ ജനിക്കുന്നത്. തുടർന്ന് എമ്മയ്ക്ക് രണ്ട് വയസുള്ളപ്പോൾ അവർ ബ്രിട്ടനിലേക്ക് കുടിയേറി. കനേഡിയൻ, ബ്രിട്ടീഷ് പൗരത്വമുള്ള എമ്മ അഞ്ചാം വയസ്സിൽ തന്നെ ടെന്നിസ് റാക്കറ്റ് കയ്യിലെടുത്തു തുടങ്ങി. പതിനാറാം വയസ്സിൽ പ്രൊഫഷനലായി.

തന്റെ വിജയം നേരിട്ടു കാണാൻ മാതാപിതാക്കൾക്ക് കഴിയാതിരുന്നതിൽ സങ്കടമുണ്ടെങ്കിലും ബ്രിട്ടനിൽ അവർ വലിയ സന്തോഷത്തിലായിരിക്കുമെന്ന് എമ്മ പറഞ്ഞു. “പിതാവിനെ സന്തോഷിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തവണ അദ്ദേഹം തീർച്ചയായും ഒത്തിരി സന്തോഷിക്കും.” എമ്മ പുഞ്ചിരിയോടെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് മാതാപിതാക്കൾക്ക് ന്യൂയോർക്കിൽ എത്താൻ കഴിയാതിരുന്നത്. കളിയോടൊപ്പം പഠനത്തിലും മിടുക്കിയാണ് എമ്മ. എ ലെവൽ പരീക്ഷയിൽ കണക്കിൽ എ ഗ്രേഡ് നേടിയ എമ്മ ഇക്കണോമിക്സിൽ എ സ്റ്റാർ ഗ്രേഡ് ആണ് കരസ്ഥമാക്കിയത്. ഗ്രാൻസ്ലാം സമ്മാനത്തുകയായി 25 ലക്ഷം ഡോളറാണ് എമ്മയ്ക്ക് ലഭിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ സിംബാവേ നേതാവായ റോബർട്ട് മുഗാബേയ്ക്ക് ബ്രിട്ടനിലെ മുൻനിര കമ്പനികൾ കൈക്കൂലി നൽകിയതായി ബിബിസി പാരാനോമ അന്വേഷണത്തിൽ കണ്ടെത്തി. 2013-ൽ ബ്രിട്ടീഷ് അമേരിക്കൻ പുകയില കമ്പനിയായ ബിഎടി ഏകദേശം 500,000 ഡോളറോളം മുഗാബെയുടെ പാർട്ടിയായ മുഗാബേസ് സാനു – പി എഫിന് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ബി എ ടി ദക്ഷിണാഫ്രിക്കയിൽ കൈക്കൂലി നൽകുകയും എതിരാളികളെ നശിപ്പിക്കാനായി അവരെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പ്രസിഡൻറ് മുഗാബെയുടെ 37 വർഷത്തെ ഭരണവും തിരഞ്ഞെടുപ്പും അക്രമവും വഞ്ചനയും നിറഞ്ഞതായിരുന്നു. 2017-ൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 2019 -ൽ മരണപ്പെട്ടു. ഇപ്പോൾ ഭരണകക്ഷിയായ സാനു-പിഎഫ് പുതിയ നേതൃത്വത്തിന് കീഴിൽ ആണ്.


ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസവും യൂണിവേഴ്സിറ്റി ഓഫ് ബാത്തും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ദക്ഷിണാഫ്രിക്കയിലെ ഏകദേശം ഇരുന്നൂറോളം രഹസ്യ വിവരദായകർക്ക് ബി എ ടി പണം നൽകിയതായും കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ സ്വകാര്യ സുരക്ഷാ കമ്പനിയായ ഫോറൻസിക് സെക്യൂരിറ്റി സർവീസസി( എഫ് എസ് എസ് )നാണ് നൽകിയത്. എഫ്എസ്എസ് പ്രധാനമായും കരിഞ്ചന്തയിൽ ഉള്ള സിഗരറ്റ് കച്ചവടത്തിനെതിരെ ആണ് പോരാടുന്നതെങ്കിലും ബി എ ടി യുടെഎതിരാളികളെ അട്ടിമറിക്കാനായി നിയമം ലംഘിച്ചതായി എഫ്എസ്എസിന്റെ മുൻ ജീവനക്കാർ വെളിപ്പെടുത്തി. സിംബവെയിൽ ബി എ ടി യു ടെ എതിരാളികളായ 3 സിഗരറ്റ് ഫാക്ടറികൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം എഫ് എസ് എസ് നൽകിയതായുള്ള വിവരവും പുറത്ത് വന്നു. ബി എ ടി യുടെ കരാറുകാരും സിംബാവേയിലെ ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധവും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതി ബ്രിട്ടനിലേക്ക് എത്തിയത് വ്യാജപേരിൽ. ഓസ്ട്രിയയിൽ വച്ചു 13 വയസ് മാത്രം പ്രായമുള്ള ലിയോണിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് റസൂലി സുബൈദുള്ള. ജൂൺ 26നാണ് മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ ലിയോണിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം വിയന്നയിൽ നിന്നും രക്ഷപെട്ട റസൂലി വ്യാജനാമം ഉപയോഗിച്ച് അഭയാർഥികളുടെ ബോട്ടിൽ ചാനൽ കടന്നാണ് ബ്രിട്ടനിൽ എത്തിയത്. യഥാർത്ഥ വ്യക്തിത്വം പുറത്തുവരുന്നതുവരെ ഏകദേശം രണ്ടാഴ്ചയോളം ഹോട്ടലിൽ കഴിഞ്ഞിരുന്നു. പിന്നീട് ജൂലൈ 29 ന് ഈസ്റ്റ്‌ ലണ്ടനിലെ വൈറ്റ്ചാപ്പലിലുള്ള ഐബിസ് ഹോട്ടലിൽ വച്ച് നാഷണൽ എക്സ്ട്രാഡിഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ സുബൈദുള്ളയെ അറസ്റ്റ് ചെയ്തു. കൈമാറ്റം ചെയ്യാനുള്ള നടപടികൾ നടന്നുവരികയാണ്. ഈ സംഭവത്തോടെ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുകെയിലേക്ക് എത്തുന്ന അഭയാർത്ഥികളിൽ പരിശോധന ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വർഷാരംഭം മുതൽ 14,000 ത്തിലധികം പേരാണ് ചാനൽ മുറിച്ചുകടന്ന് യുകെയിൽ എത്തിയത്. സുബൈദുള്ള ജൂലൈ 18 ന് രാജ്യത്ത് പ്രവേശിച്ചപ്പോൾ കെന്റിലെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് തെറ്റായ പേരും മറ്റ് വ്യാജ വിവരങ്ങളുമാണ് നൽകിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ട പെൺകുട്ടിയെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയാണ് സുബൈദുള്ളയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കൊലയാളികൾ ലിയോണിയുടെ മൃതദേഹം പരവതാനിയിൽ പൊതിഞ്ഞു അപ്പാർട്ട്മെന്റിൽ നിന്ന് 100 മീറ്റർ അകലേക്ക് എറിഞ്ഞതായി പോലീസ് പറയുന്നു.

സെപ്റ്റംബർ 3 ന്, സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സുബൈദുള്ള ഹാജരായി. രാജ്യത്തേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ യഥാർത്ഥ വ്യക്തിത്വം (ഐഡന്റിറ്റി ) പരിശോധിക്കുന്നതിനെക്കുറിച്ച് ഈ കേസ് ആശങ്ക ഉയർത്തി. ഹീത്രോയിലേക്ക് പറക്കുന്ന ചില കുടിയേറ്റക്കാർക്ക് ഐഡി ഇല്ലെന്നും തെറ്റായ പേപ്പറുകൾ നൽകിയിട്ടുണ്ടെന്നും അതിർത്തി സേന ഉദ്യോഗസ്ഥർ സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്ന കുറ്റവാളികളും ഭീകരവാദികളും പഴുതുകൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണെന്ന് തിങ്ക് ടാങ്ക് മൈഗ്രേഷൻ വാച്ച് യുകെയിലെ ആൽപ് മെഹ് മെറ്റ് പറഞ്ഞു. എന്നാൽ കേസിൽ പ്രതികരിക്കാനില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിനാകെ മാതൃകയും ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരവുമാണ് എൻഎച്ച്എസ് . എന്നാൽ രാജ്യത്തെ 5 -ൽ ഒരാൾ എൻഎച്ച്എസിനെ ഒഴിവാക്കി സ്വകാര്യ ചികത്സയ്ക്ക് പോകാൻ നിർബന്ധിതമായിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. യുകെയിലെ 4000 -ത്തിലധികം മുതിർന്നവരിൽ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ. എൻഎച്ച്എസ് ജീവനക്കാർ അമിതമായി തങ്ങളുടെ സന്ദർശന സമയം താമസിപ്പിക്കുന്നതായി സർവേയിൽ പങ്കെടുത്ത 85 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് എൻഎച്ച്എസ് ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് എൻഎച്ച്എസ്. ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.

12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ൽ നടന്നത് വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു . എൻ എച്ച് എസിനായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം 5000-ത്തിലധികം പൗണ്ടാണ് ലഭിച്ചത് . വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ

ഷിബു മാത്യൂ
കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് തിരുന്നാളില്‍ രൂപതാധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായപ്പോള്‍ പിതാവിന് പിന്‍ന്തുണയറിയ്ച്ച് കത്തോലിക്കാ യുവജന സംഘടനകള്‍ രംഗത്ത്. ഞായറാഴ്ച്ച രാവിലെ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനകളായ SMYM, KCYM എന്നിവയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ പൊതുസമ്മേളനവും പ്രകടനവും നടത്തി. പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ നിന്നുമായി നൂറ് കണക്കിന് യുവജനങ്ങളാണ് പൊതുസമ്മേളനത്തിലും പ്രകടനത്തിലും പങ്കെടുത്തത്.

കത്തോലിക്കാ സഭയുടെ യുവജന സംഘടനകളുടെ ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ചക്കാത്ര മുഖ്യ പ്രഭാഷണം നടത്തി. ശക്തമായ ഭാഷയിലാണ് ഫാ. ചക്കാത്ര വിവാദങ്ങളോട് പ്രതികരിച്ചത്. തികച്ചും വ്യക്തിപരമായി തന്റെ ജനത്തോട് കാലഘട്ടത്തിന്റെ ഭീകരതയ്ക്കു മുമ്പില്‍ വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന് ആ ജനത്തിന്റെ ആത്മീയ പിതാവ് ഓര്‍മ്മിപ്പിച്ചപ്പോള്‍ ആര്‍ക്കാണ് ഇത്ര വേദനിച്ചത്.?? നൂറ് കണക്കിന് തെളിവുകള്‍ നിരത്തിയല്ലേ പിതാവ് സംസാരിച്ചത്. സഭയുടെ മക്കളെ ഇല്ലായ്മ ചെയ്യുവാന്‍ മുന്നിട്ടിറങ്ങിയ വര്‍ഗ്ഗീയ ശക്തികള്‍, സാമുദായിക ശക്തികള്‍, രാഷ്ട്രീയശക്തികള്‍ അവര്‍ അവരുടെ നിലപാടെടുക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്ക്കാന്‍ ഇനി കത്തോലിക്കാ സഭയ്ക്ക് പറ്റില്ല. ആ സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനും തലമുറയെ വളര്‍ത്തുവാനുമുള്ള ഉത്തരവാദിത്വം ഞങ്ങളുടെ പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കും സന്യസ്തര്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. ശക്തമായ രീതിയില്‍ പ്രതികരികരിക്കാന്‍ ഞങ്ങള്‍ക്കുമറിയാം. പിതാവ് കുറച്ച് കൂടി വിവേകത്തോടെ സംസാരിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. വിവേകമുള്ള രാഷ്ട്രീയക്കാര്‍ എത്രയുണ്ട്??? ഫാ. ചക്കാത്ര ചോദിച്ചു. വിവേകത്തിന്റെ ഭാഷ ക്രിസ്ത്യാനികളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ ഭാഷ മയക്കുമരുന്നിന്റെ ഭാഷയല്ല. ക്രൈസ്തവന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. ഫാ. ചക്കാത്ര കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത സമ്മേളനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, KCYM സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യൂ ഉടയാടി, പാലാ രൂപത SMYM ഡയറക്ടര്‍ പൈയിലച്ചന്‍, കാഞ്ഞിരപ്പള്ളി SMYM ഡയറക്ടര്‍ കൊച്ചുപുരയ്ക്കലച്ചന്‍, പാലാ കാഞ്ഞിരപ്പിള്ളി ചങ്ങനാശ്ശേരി രൂപതയിലെ SMYM പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്മാരായ സാം സണ്ണി, ജോബിന്‍, ആദര്‍ശ്, പാസ്റ്റര്‍ സെക്രട്ടി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. സഭാ നേതൃത്വത്തിന്റെ ചിന്തകള്‍ക്ക് സഭയുടെ യുവജന സംഘടനകള്‍ സപ്പോര്‍ട്ട് കൊടുക്കുന്നു എന്നത് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ശക്തിയേറുന്നു എന്നതിന് തെളിവാണ്.

ഫാ. ജേക്കബ് ചക്കാത്രയുടെ പ്രസംഗം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

https://fb.watch/7Zv5GavVQo/

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശ യാത്രാ നിയന്ത്രണത്തിനായുള്ള ട്രാഫിക് ലൈറ്റ് സിസ്റ്റം റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഡൗണിംഗ് സ്ട്രീറ്റ് ഈയാഴ്ച അവസാനം പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും. റെഡ് ലിസ്റ്റിൽ നിന്ന് ആമ്പറിലേക്കോ ഗ്രീൻ ലിസ്റ്റിലേക്കോ തുർക്കി ഉയർത്തപ്പെടാനുള്ള സാധ്യതയുണ്ട്. വരാനിരിക്കുന്ന അവലോകനത്തിൽ തുർക്കി റെഡ് ലിസ്റ്റിൽ നിന്നും മാറ്റപ്പെട്ടാൽ ഒട്ടേറെ യാത്രികർക്ക് അതാശ്വാസമാവും. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന യാത്രക്കാർ 10 ദിവസത്തേക്ക് ഹോട്ടലിൽ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം. ഇതുമൂലം ഓരോ യാത്രക്കാരനും ഏകദേശം 2,000 പൗണ്ട് ചിലവ് വരും. മാലിദ്വീപും പാകിസ്ഥാനുമാണ് ആമ്പറിലേക്ക് കയറാൻ സാധ്യതയുള്ള മറ്റു രാജ്യങ്ങൾ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഈ മാസം ആദ്യം പാകിസ്ഥാൻ സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മുന്നിൽകണ്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ജർമ്മനി, ഓസ്‌ട്രേലിയ, ഐസ്‌ലാൻഡ്, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ഉണ്ട്. എന്നാൽ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, സൈപ്രസ്, പോർച്ചുഗൽ തുടങ്ങിയ പ്രധാന യൂറോപ്യൻ രാജ്യങ്ങളെല്ലാം നിലവിൽ ആമ്പർ ലിസ്റ്റിലാണ്. ട്രാഫിക് ലൈറ്റ് സിസ്റ്റം ഏകദേശം മൂന്നാഴ്ച കൂടുമ്പോൾ സർക്കാർ അവലോകനം ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, കാനഡ, ബൾഗേറിയ, ക്രൊയേഷ്യ, ഡെൻമാർക്ക്, ഡൊമിനിക്ക, ഫോക്ലാൻഡ് ദ്വീപുകൾ, ഫിൻലാൻഡ്, ലാത്വിയ, ജറുസലേം, ഇസ്രായേൽ, ജിബ്രാൾട്ടർ, ഗ്രനേഡ, ന്യൂസ്ലൻഡ്, നോർവേ, സിംഗപ്പൂർ, സ്ലോവാക്യ തുടങ്ങിയവയാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു പ്രധാന രാജ്യങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻസ്ലാം നേടിയിരിക്കുകയാണ് ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനു. കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ 6-4, 6-3 എന്നീ സ്കോറുകൾക്ക് തോൽപ്പിച്ചാണ് പതിനെട്ടുകാരിയായ എമ്മ കിരീടം നേടിയത്. ഇതോടൊപ്പംതന്നെ 1977 ൽ വിർജിനിയ വേഡിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ.  2004 മരിയ ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് എമ്മ. ആദ്യമായി ക്വാളിഫൈ ചെയ്തപ്പെട്ടപ്പോൾ തന്നെ കിരീടത്തിലേക്ക് എത്തിയ ആദ്യ വ്യക്തി കൂടിയാണ് എമ്മ. ലോകറാങ്കിങ്ങിൽ നൂറ്റിയൻമ്പതാം സ്ഥാനത്താണ് നിലവിൽ എമ്മ.

കളിക്കിടയിൽ വച്ച് മുട്ടിന് ചെറിയ പരിക്ക് ഉണ്ടായി എമ്മ ഡോക്ടർമാരുടെ സഹായം തേടിയിരുന്നു. അതിനുശേഷം വീണ്ടും വന്നു മത്സരം തുടർന്ന എമ്മ തന്റെ വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. തന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ച ന്യൂയോർക്കിലെ കാണികളോട് എമ്മ നന്ദി പറഞ്ഞു. എമ്മയുടെ വിജയം ബ്രിട്ടന്റെ അഭിമാനനിമിഷം ആണെന്ന് നിരവധിപ്പേർ പ്രശംസിച്ചു. തന്റെ മാതാപിതാക്കളുടെ പ്രചോദനം എമ്മ മത്സരത്തിനുശേഷം നന്ദിയോടെ ഓർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർ ഇനിമുതൽ ബ്രിട്ടനിലേയ്ക്ക് വരുമ്പോൾ പിസിആർ ടെസ്റ്റ് ആവശ്യമില്ല. പുതിയ തീരുമാനം തകർച്ചയിലായ ട്രാവൽ ഇൻഡസ്ട്രിയ്ക്കും ദശലക്ഷക്കണക്കിന് അവധികാല യാത്രക്കാർക്കും വളരെയധികം സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു . ചിലവേറിയ പിസിആർ ടെസ്റ്റ് ഒഴിവാക്കുന്നത് അവധിക്കാല വിനോദയാത്രയുടെ ബഡ്ജറ്റ് ഗണ്യമായി കുറയ്ക്കാൻ വഴിവയ്ക്കും.

പിസിആർ ടെസ്റ്റ് ഒഴിവാക്കുന്ന തീരുമാനം രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് മാത്രമേ ബാധകമാകുകയുള്ളൂവെന്നതിനാൽ കൂടുതൽ ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാൻ മുന്നോട്ടു വരുമെന്ന് വിലയിരുത്തപ്പെടുന്നു . അതോടൊപ്പം ചില പിസിആർ ടെസ്റ്റുകൾ നടത്തുന്ന ലാബുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പരിഹാരിക്കാൻ പുതിയ തീരുമാനം കാരണമാകും.

ഇതോടൊപ്പംതന്നെ രാജ്യത്ത് കോവിഡ് സംബന്ധമായി എന്തൊക്കെ മാറ്റങ്ങൾ വേണമെന്നുള്ളതിനെക്കുറിച്ച് ഗവൺമെന്റിൻെറ ഉന്നത തലത്തിൽ കൂടുതൽ ചർച്ചകൾ നടക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് എന്നിവർ ചേർന്നുള്ള കോർ കമ്മിറ്റി ആണ് പുതിയ നയതീരുമാനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുക. ഈ ചൊവ്വാഴ്ച കോവിഡ് പ്രതിരോധത്തിനായുള്ള വിന്റർ പ്ലാൻ പ്രധാനമന്ത്രി അവതരിപ്പിക്കും. ഇന്നലെ 29547 പേർക്കാണ് പ്രതിദിന രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് . 156 കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത് .

RECENT POSTS
Copyright © . All rights reserved