ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടൻ ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 2021 വരെ ആതിഥേയത്വം വഹിക്കുന്ന ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫ്രൻസ്( COP 26 )ൻെറ മുന്നൊരുക്കങ്ങൾക്കായി മന്ത്രി അലോക് ശർമ മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചതായി റിപ്പോർട്ട് പുറത്തുവന്നു . മന്ത്രി സന്ദർശിച്ച ആറോളം രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത് . ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഒരിക്കൽപോലും മന്ത്രി ഏതെങ്കിലും രീതിയിലുള്ള ഒറ്റപ്പെടലിന് വിധേയമായിട്ടില്ല എന്ന് വിമർശനം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിയാണെന്ന പരിഗണനയിൽ ഇത്തരം യാത്രകൾക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബംഗ്ലാദേശിലെ സന്ദർശനത്തിന് ശേഷം മന്ത്രി മാസ്ക് ധരിക്കാതെ ചാൾസ് രാജകുമാരനെ സന്ദർശിച്ചിരുന്നു . അതിനുശേഷം അദ്ദേഹം ഒരു പ്രൈമറി സ്കൂളും സന്ദർശിച്ചു . COP 26 -ൻെറ പ്രസിഡന്റും മന്ത്രിയുമായ അലോക് ശർമ നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. ഇതിനകം തന്നെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബൊളീവിയയിലും ബ്രസീലിലും അദ്ദേഹംപര്യടനം നടത്തിയിരുന്നു.
യുകെ ആതിഥേയത്വം വഹിക്കുന്ന ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫ്രൻസ് ഒക്ടോബറിൽ ഗ്ലാസ്ഗോയിലാണ് നടത്തപ്പെടുന്നത് . സമ്മേളനത്തിൻെറ വിജയത്തിനുവേണ്ടി ആളുകളെ നേരിട്ട് കണ്ടുമുട്ടുന്നത് നല്ലതാണെങ്കിലും മഹാമാരിയുടെ സമയത്ത് ഇത്രയധികം രാജ്യങ്ങളിൽ യാത്ര ചെയ്യുന്നത് അമിതമാണെന്ന് ഗ്രീൻ പാർട്ടിയിലെ ബാരോണസ് ജോൺസ് അഭിപ്രായപ്പെട്ടു. മന്ത്രി പദവിയുടെ ബലത്തിൽ അലോക് ശർമ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ സാധാരണ ജനങ്ങൾ നിയന്ത്രണങ്ങളുടെ പേരിൽ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള പുനഃസമാഗമം നിഷേധിക്കപ്പെടുന്നതായുള്ള ആക്ഷേപമാണ് ഒട്ടുമിക്കവരും ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മൂന്ന് വയസ്സുകാരിയായ കെയ്‌ലീ ജയ് ഡിനെ കൊന്ന കുറ്റത്തിന് അമ്മയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് അമ്മയായ നിക്കോള പ്രീസ്റ്റിനും കാമുകനായ ക്യാലം റെഡ്ഫെണിനുമെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി വളരെ നാളായി ശാരീരികമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി. 2020 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് സോലിഹള്ളിലെ ഫ്ലാറ്റിൽ കുട്ടിയെ മരണപ്പെട്ട രീതിയിൽ കണ്ടെത്തിയത്. നെഞ്ചിലും വയറ്റിലുമുള്ള സാരമായ പരിക്കുകൾ മൂലമാണ് കെയ് ലീ മരണപ്പെട്ടത്.
ഇരുവർക്കുമെതിരെ കൊലപാതകകുറ്റത്തിനു പകരം,മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തപ്പെട്ടിരിക്കുന്നത്. അപകടം നടന്നതിന് ശേഷം കുട്ടിയുടെ അമ്മ എമർജൻസി നമ്പർ വിളിച്ചിരുന്നുവെങ്കിലും, അതിനുമുൻപ് തന്നെ കെയ് ലീയുടെ മരണം നടന്നിരുന്നു. പിന്നീട് പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹത്തിൽ, കുട്ടിയുടെ റിബ് കേജ് പൊട്ടിയിരുന്നതായും, കാലിനും മറ്റും പൊട്ടലുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണസമയത്ത് കാമുകനും അമ്മയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
നിക്കോള പലപ്പോഴും കുട്ടിയെ വഴക്കുപറയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുള്ളതായി അയൽക്കാർ വ്യക്തമാക്കിയിരുന്നു. കുട്ടി മരണപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് കാമുകന് അയച്ച മെസ്സേജ് കുട്ടിയെ കൊണ്ട് തനിക്ക് മടുത്തുവെന്നും, താൻ അവളെ കൊല്ലുമെന്നും നിക്കോള പറഞ്ഞിരുന്നു. നിക്കോളയുടെ അശ്രദ്ധ മൂലമാണ് കുട്ടിയുടെ മരണം ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഫ്ലാറ്റിലെ ലിഫ്റ്റ് കയറുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഇരുവർക്കും എതിരെയുള്ള വിധി ഉണ്ടാകും. കെയ് ലീയെ ശരിയായ സംരക്ഷിക്കാത്തത് മൂലമാണ് കുട്ടിക്ക് അപകടമുണ്ടായതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആദം ജോബ് സൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്ത്. പതിനൊന്നു രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എൻഎച്ച്എസിന് വലിയ തിരിച്ചടിയായി. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെ പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടിൽ ഈ വേനൽക്കാലത്ത് 51 ലക്ഷം കടന്നു.
എൻഎച്ച്‌എസിലെ അധിക സമ്മർദ്ദങ്ങൾ ഇംഗ്ലണ്ടിലുടനീളമുള്ള രോഗികളുടെ പരിചരണത്തെ ബാധിക്കുന്നതായി കഴിഞ്ഞ മാസം കെയർ വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്കുള്ള യുകെയുടെ വീഴ്ച രാജ്യത്തിന്റെ ആരോഗ്യരംഗത്തെ പ്രകടനം അടിസ്ഥാനമാക്കിയിരിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിചരണം, പരിചരണ പ്രക്രിയ, ഭരണപരമായ കാര്യക്ഷമത തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. നോർവേയും ജർമ്മനിയും പരിചരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
നോർവേ, നെതർലാന്റ്സ്, ഓസ്‌ട്രേലിയ എന്നിവയേക്കാൾ ആഭ്യന്തര ഉൽപാദനത്തിന്റെ കൂടുതൽ പങ്കും ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിച്ചിട്ടും അമേരിക്ക പട്ടികയിൽ പിന്നിലായി. “പകർച്ചവ്യാധിയുടെ ആഘാതത്തിന്റെ പരിണിതഫലമെന്ന നിലയിൽ ഇത് തള്ളിക്കളയാൻ കഴിയില്ല. ലോകത്ത് മികച്ചു നിന്ന നമ്മുടെ ആരോഗ്യ സേവനം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രധാനമായും വർദ്ധിച്ചുവരുന്ന കാലതാമസം കാരണം പരിചരണം മന്ദഗതിയിലാകും.” യുകെ ഹെൽത്ത് തിങ്ക് ടാങ്കായ കിംഗ്സ് ഫണ്ടിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്തെ പുതിയ യാത്ര ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടൻ. ഫ്രാൻസിൽ നിന്നുവരുന്ന രണ്ട് ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല എന്നാണ് പുതുക്കിയ നിയമങ്ങൾ വ്യക്തമാക്കുന്നത്. ബീറ്റ വേരിയന്റ് കേസുകളുടെ എണ്ണം ഫ്രാൻസിൽ കുറഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി. യുഎസ്, യു കെ, യൂറോപ്പ് എന്നിവിടങ്ങളിൽ അംഗീകൃതമായ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തശേഷം യാത്ര ചെയ്യുന്നവർക്ക്, യുകെയിലെത്തിയ ശേഷം ക്വാറന്റീൻ ആവശ്യമില്ല. ഇതോടൊപ്പംതന്നെ ഓസ്ട്രിയ, ജർമ്മനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാറ്റ് വിയ, റൊമാനിയ, നോർവേ എന്നീ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യ, ബഹറിൻ, ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ആംബർ ലിസ്റ്റിലേക്ക് മാറ്റി. ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാലാണ് ഈ തീരുമാനം.
എന്നാൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ലിസ്റ്റിൽ രാജ്യങ്ങളിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്
എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന് ഗവൺമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മെക്സിക്കോ, ജോർജിയ, മായോട്ട്, ലാ റിയൂണിയൻ എന്നിവയെ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തി.ഹൈ റിസ്ക് വേരിയന്റുകൾ ഉള്ളതിനെ തുടർന്നാണ് ഈ രാജ്യങ്ങളെ റോഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓഗസ്റ്റ് 8 ഞായറാഴ്ച മുതൽ ഈ നിയമങ്ങളെല്ലാം തന്നെ പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര യാത്രകൾ പതിയെ ആരംഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും ജനങ്ങളെല്ലാവരും കർശനമായ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വാക്സിനേഷനുകൾ വൈറസിനെ തടയുന്നത് കൂടുതൽ ഫലപ്രദമാകുന്ന ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൂടുതൽ ഇളവുകൾ നൽകുന്നത്. ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 12 വയസ്സിനു മുകളിലുള്ള അപകടസാധ്യതയുള്ള കുട്ടികൾക്കോ, അപകട സാധ്യതയുള്ളവരോടൊത്ത് കഴിയുന്ന കുട്ടികൾക്കോ മാത്രം വാക്സീൻ നൽകിയാൽ മതിയെന്ന് ആഴ്ചകൾക്ക് മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ 16 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം ജെസിവിഐ കൈകൊണ്ടിട്ടുണ്ട്. കോവിഡ് കാരണം കുട്ടികൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെങ്കിലും ന്യൂറോ ഡിസബിലിറ്റികൾ, ഡൗൺസ് സിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് കോവിഡ് പിടിപ്പെട്ടാൽ അത് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു സർവ്വേയിൽ, ഇംഗ്ലണ്ടിലെ 90% രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കുമെന്ന് കണ്ടെത്തിയിരുന്നു.
ദുർബലരായ കുട്ടികളിൽ കോവിഡിൽ നിന്നുള്ള ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത്, ജൂലൈ പകുതിയോടെ അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ജെസിവിഐ ശുപാർശ ചെയ്തിരുന്നെങ്കിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. യുഎസ്, ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെല്ലാം 12 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. യുകെയിലെ മെഡിസിൻസ് ഏജൻസിയായ എംഎച്ച്ആർഎ, ജൂൺ ആദ്യം 12 വയസ്സിൽ കൂടുതലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സീൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഈ വാക്സീൻ സ്വീകരിച്ചവർക്ക് കോശജ്വലന ഹൃദ്രോഗം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നുവെന്ന വാർത്ത വന്നതോടെ ജെസിവിഐ മുൻകരുതലുകൾ സ്വീകരിച്ചു.
സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് 12 മുതൽ 17 വയസ്സുവരെയുള്ള ഇംഗ്ലണ്ടിലെ 39 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് കോവിഡിന്റെ അപകടസാധ്യത കണക്കിലെടുത്താൽ നിർണായകമാണെന്ന് ലാൻസെറ്റ് ജേണലിൽ പറയുന്നു. ഇപ്പോൾ, 12 വയസ്സിന് മുകളിലുള്ള ദുർബലരായ കുട്ടികൾക്കും അപകടസാധ്യതയുള്ള മുതിർന്നവർക്കൊപ്പം താമസിക്കുന്നവർക്കും വാക്സിൻ നൽകുന്നു. ഏറ്റവും പുതിയ ജെസിവിഐ ശുപാർശ പ്രകാരം ആരോഗ്യമുള്ള 16- നും 17-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ആദ്യ ഡോസ് നൽകാറുണ്ട്. എന്നാൽ രണ്ടാമത്തെ ഡോസ് എപ്പോൾ നൽകണമെന്ന കാര്യം കമ്മിറ്റിയുടെ തീരുമാനത്തിന് കീഴിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ :- കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ വച്ച് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അമ്മയുടെയും രണ്ടു മക്കളുടെയും ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ 11:30 ന് ഹിൽക്രെസ്റ്റിലെ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വച്ച് നടത്തപ്പെടുമെന്ന് ഇടവകവികാരി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ബിബിനും ലോട് സിയും മൂന്ന് മക്കളും സിഡ് നിയിലെ ഓറഞ്ചിൽ നിന്നും ബ്രിസ്‌ബെനിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്ക് മധ്യേ ഇവരുടെ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോട് സിയും ഇളയ മകൾ കെയ്‌തിലിനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മൂത്തമകൻ ക്രിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവക ഒന്നായി പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രിസിന്റെ മരണവാർത്ത കുടുംബത്തെ മാത്രമല്ല, ഓസ്ട്രേലിയയിൽ ഉള്ള മലയാളി സമൂഹത്തെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസിന്റെ മരണം സംഭവിച്ച ഉടൻതന്നെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതം കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ക്രിസിന്റെ ഓർമ്മ മറ്റുള്ളവരിലൂടെ നിലനിൽക്കും എന്ന പ്രതീക്ഷയിലാണ് പിതാവ് ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങൾ. ശവസംസ്കാര ശുശ്രൂഷയിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ഇടവകവികാരി അറിയിച്ചിട്ടുണ്ട്. എല്ലാവരും ബിബിന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം, മൃതദേഹങ്ങൾ മൗണ്ട് ഗ്രാവറ്റ് സെമിത്തേരിയിൽ ആയിരിക്കും സംസ്കരിക്കുക. ബിബിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് നിരവധി മലയാളി സുഹൃത്തുക്കൾ എത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. നേഴ്സായി ജോലി ചെയ്യുന്ന ടോണി പാർക്കറിനെ കബളിപ്പിച്ച് 2500 പൗണ്ടാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. അവരുടെ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കൽ നാടകം അരങ്ങേറിയത് . തൻെറ ഫോൺ ടോയ്‌ലറ്റിൽ വച്ച് നഷ്ടപ്പെട്ടെന്നും അതുകൊണ്ട് പുതിയ നമ്പർ ആണ് ഉപയോഗിക്കുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത് . വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങളിൽ അവർ വിശ്വസിച്ചിരുന്നത് തൻെറ മകനുമായി സംസാരിക്കുകയാണെന്നാണ് . വളരെ വിശ്വസനീയമായ രീതിയിൽ അവരെ പറഞ്ഞു പറ്റിക്കാൻ തട്ടിപ്പുകാർക്കായി . മകൻറെ ബില്ലുകൾ അടയ്ക്കാനായി പണം അയക്കുന്നു എന്നാണ് അവർ കരുതിയത് .
ആദ്യം സാധാരണ നിലയിൽ ചാറ്റുകൾ നടത്തി വിശ്വാസം ആർജ്ജിച്ചതിനുശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തൻെറ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ തനിക്ക് ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ പറ്റില്ലെന്നാണ് ടോണിയുടെ മകനെന്ന രീതിയിൽ മെസേജുകൾ അയച്ച ആൾ പറഞ്ഞത് . ഞാൻ എന്റെ കുട്ടികളെ സ്നേഹിക്കുന്നു അതുകൊണ്ടുതന്നെ എൻെറ മകനാണെന്ന രീതിയിൽ അവനെ സഹായിക്കാൻ താൻ വളരെ പെട്ടെന്ന് പണം കൈമാറിയതെന്ന് ടോണി പാർക്കർ പറഞ്ഞു.
സമാന രീതിയിലുള്ള തട്ടിപ്പുകൾ പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിശ്വസനീയമായ രീതിയിൽ മെസേജ് അയയ്ക്കാനും ഇരയുടെ വിശ്വാസം നേടിയെടുക്കാനും പല മാർഗങ്ങളാണ് ഇവർ പയറ്റുന്നത്. മുതിർന്നവരെയും സ്ത്രീകളെയുമാണ് ഇവർ കൂടുതലും ലക്ഷ്യമിടുന്നത്. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട ഉടനെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈ മലർത്തിയതായി ടോണി പാർക്കർ പറഞ്ഞു. പണം കൈമാറ്റം ചെയ് ത അക്കൗണ്ട് മിനിറ്റുകൾക്കകം ശൂന്യമായതിനാൽ പേയ്‌മെന്റ് റിവേഴ്സ് ചെയ്യാനാവില്ലെന്നാണ് ബാങ്കുകാർ പറഞ്ഞത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ നഷ്ടങ്ങളുടെ കണക്കുകൾക്ക് ഒരു അറുതിയായി എന്ന് കരുതിയിരിക്കെ വീണ്ടും ആശുപത്രി കാർ പാർക്കിൽ സാമൂഹ്യ വിരുദ്ധരുടെ നെറിവുകേടിൽ പെട്ടുപോയത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി കുടുംബത്തിന്റെ കാർ. റോയൽ സ്റ്റോക്ക് ആശുപത്രിയിൽ സീനിയർ കെയർ ആയി ജോലി ചെയ്യുന്ന ഫിലിപ്പ് മാത്യുവിന്റെ കാർ ആണ് തച്ചുടച്ചത്. ഇതേ ആശുപത്രിയിലെ തന്നെ നഴ്‌സായിട്ടാണ് ഫിലിപ്പിന്റെ ഭാര്യയും ജോലി ചെയ്യുന്നത്.. സ്റ്റോക്കിലെ ആദ്യ കാല മലയാളികളിൽ പെട്ടവരാണ് ഫിലിപ്പും കുടുംബവും.
സംഭവം ഇങ്ങനെ… ആഗസ്ത് ഒന്നാം തിയതി ആണ് സംഭവം ഉണ്ടായിരിക്കുന്നത്. പതിവുപോലെ രാവിലെ 7:30 AM ന് ആശപത്രി കാർ പാർക്കിൽ ഇട്ടശേഷം ഫിലിപ്പും ഭാര്യയും ജോലിക്കു കയറിയത്. പന്ത്രണ്ട് മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞു പുറത്തുവന്നപ്പോൾ ആണ് തങ്ങളുടെ കാറിന്റെ അവസ്ഥ കാണുന്നതും അറിയുന്നതും. കൊറോണയുടെ ആക്രമണത്തെ ചെറുത്തുനിൽക്കുമ്പോഴും ഒരുപിടി കൊറോണ രോഗികൾ ഇപ്പോഴും ചികിസ്തയിൽ ഉണ്ട്. മൂന്നാം തരംഗം ഉണ്ടാകും എന്ന വിവരം ഉള്ളതിനാൽ ആശുപത്രിലെ ജോലി ഇപ്പോഴും നടക്കുന്നത് എല്ലാ മുന്കരുതലോടും കൂടിയാണ്.
ഇത്രയും കഠിനമായ സാഹചര്യത്തിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്തു പുറത്തുവരുമ്പോൾ ഇത്തരം കാഴ്ചകൾ ഹൃദയഭേദകം എന്നാണ് ഫിലിപ്പ് പ്രതികരിച്ചത്. ഫിലിപ്പ് ഉപയോഗിച്ചിരുന്ന നിസാൻ ക്വാഷ്‌കെയി കാറിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചിരിക്കുന്നു. അതും പട്ടാപ്പകൽ ആണ് ഇത് നടന്നിരിക്കുന്നതും, സി സി ടി വി കവറേജ് ഉള്ള ആശുപത്രി കാർപാർക്കിൽ ആണ് ഈ സംഭവങ്ങൾ ഉണ്ടായതും എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
കാറിന്റെ ഗ്ലാസ് പൊട്ടിച്ചു എങ്കിലും കാറിനുള്ളിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലാത്തതിനാൽ ഒരു മോഷണശ്രമമായി ഇതിനെ കരുതുന്നില്ല എന്നാണ് ഫിലിപ്പ് പറഞ്ഞത്. പോലീസിൽ റിപ്പോർട് ചെയ്തതനുസരിച്ചു കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവുമായി എന്തെങ്കിലും വിവരം ഉള്ളവർ പോലീസിനെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊറോണയുടെ ഭീതിയാകന്നിട്ടില്ലാത്ത ഈ സമയത്തും ഇത്തരം സംവങ്ങൾ ഉണ്ടാകുന്നത് വളരെയധികം പ്രതിഷേധം ഉയർന്നു വരുന്നുവെങ്കിലും അധികാരികളിൽ നിന്നും കാര്യക്ഷമമായ നടപടികൾ ഇല്ലാത്തത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് വളം വച്ചുകൊടുക്കുകയാണ് എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. വളരെ തിരക്കേറിയ പ്രവാസ ജീവിതത്തിൽ അതും യുകെയിൽ താമസിക്കുമ്പോൾ ഇത്തരം സംവങ്ങൾ ഏതൊരു കുടുംബത്തിന്റെയും താളം തെറ്റിക്കും എന്നതിൽ ആർക്കും തർക്കമില്ല. പോലീസ് കുറ്റവാളികളെ പിടികൂടും എന്ന് തന്നെയാണ് ഫിലിപ്പ് വിശ്വസിക്കുന്നത്.
2020 ഏപ്രിൽ മാസം വരെ അഞ്ചോളം വണ്ടികളാണ് മോഷണത്തിന് ഇരയായത്. കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തും എന്ന് അധികാരികളിൽ നിന്നും ലഭിച്ച ഉറപ്പുകൾക്ക് ശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ സംഭവം.
കഴിഞ്ഞ വർഷം നടന്ന മോഷണ പരമ്പരകൾ താഴെ..
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫ്രാൻസിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ ഗവൺമെൻറിൻറെ മേൽ സമ്മർദം ഏറുന്നു. എന്നാൽ കൂടുതൽ രാജ്യങ്ങൾ റെഡ് ലിസ്റ്റിലേയ്ക്ക് വന്നു. തായ്‌ലൻഡ് ,ജോർജിയ ഇറാൻ എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ .സ്ഥാനം പിടിക്കാൻ സാധ്യതയുള്ളതിനാൽ ബ്രിട്ടീഷുകാർ ഈ രാജ്യങ്ങളിലേയ്ക്ക് യാത്രയ്ക്കായുള്ള പദ്ധതി തയ്യാറാക്കരുതെന്ന് ഡേറ്റാ അനലിസ്റ്റ് ടിം വൈറ്റ് പറഞ്ഞു. നിലവിൽ ആംബർ ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ അവിടേയ്ക്ക് നേരത്തെ യാത്ര പദ്ധതി തയ്യാറാക്കുന്നതിൽ ബുദ്ധിമുട്ടിലാവുന്ന സാഹചര്യവും നിലവിലുണ്ട്. യാത്രാ നിയമങ്ങളെക്കുറിച്ച് സർക്കാരിൻറെ തീരുമാനങ്ങൾക്ക് പിന്നിലുള്ള ഡേറ്റ് പുറത്തുവിടുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൺ ആവശ്യപ്പെട്ടു.
എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നത് കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നതു മൂലം പല സ്ഥാപനങ്ങളും അടച്ചിടൽ ഭീക്ഷണിയെ നേരിടുന്നതിന് ഒരു പരിധിവരെ പരിഹാരം ആകും എന്നാണ് കരുതുന്നത്. പരിഷ്കരിച്ച എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ ഒറ്റപ്പെടൽ നിർദ്ദേശം നേരത്തെ ഉള്ളതിനേക്കാൾ കുറവ് നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കോവിഡ് പോസിറ്റീവ് ആയവരുടെ 5 ദിവസം മുൻപു വരെയുള്ള സമ്പർക്ക പട്ടിക കണ്ടെത്തി ഒറ്റപ്പെടൽ നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത് രണ്ടുദിവസമാക്കി ചുരുക്കിയാണ് എൻഎച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന ഒറ്റപ്പെടൽ നിർദ്ദേശം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സ്ഥിതി മറികടക്കാൻ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലും അഞ്ചിരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ, കഴിഞ്ഞ വർഷം മാത്രം 4561 മരണങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എം ഡി എം എ മൂലമുള്ള മരണങ്ങൾ പത്തുവർഷംകൊണ്ട് പത്ത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. കൊക്കെയ്ൻ പോലെയുള്ള മയക്കുമരുന്നുകൾ ഇന്ന് സർവ്വസാധാരണയായി ആളുകളിലെത്തുന്നുണ്ട്. ഗവൺമെന്റ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്നും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.
പുറത്തുവന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ഗവൺമെന്റ് നാലൊക്സൺ എന്ന് മരുന്നിന്റെ പ്രചരണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പിയം പോലുള്ള മയക്കുമരുന്നുകളുടെ ഓവർഡോസ് ഇഫക്ടുകൾ കുറയ്ക്കുന്നതിനു സഹായകരമാണ് നലോക്സോൺ. പുറത്തുവന്നിരിക്കുന്ന കണക്കുകൾ ആശങ്കാജനകമാണെന്നും, മയക്കു മരുന്നുകളുടെ ലഭ്യത കുറയ്ക്കണമെന്നും യൂണിവേഴ്സിറ്റി ഓഫ് യോർക്ക് അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് സീനിയർ ലക്ചറർ ഇയാൻ ഹാമിൽട്ടൻ വ്യക്തമാക്കി. ജനങ്ങൾക്ക് ലഭിക്കുന്ന കൊക്കെയ്നിനും മറ്റും ക്വാളിറ്റി ടെസ്റ്റുകൾ ഒന്നും തന്നെ ഇല്ല. അത് മൂലം ജനങ്ങൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ഓവർഡോസ് ആകാനുള്ള സാധ്യത ഏറെയാണ്. 45 മുതൽ 49 വയസ്സുള്ളവരിലാണ് മയക്കുമരുന്നിന്റെ അമിതഉപയോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പ്രായമുള്ളവരിലും, കുട്ടികളിലും ഈ കണക്കുകൾ ഏകദേശം തുല്യം തന്നെയാണ്. ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.