Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ മാലിന്യസംസ്കരണം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഡ്രൈവർമാരുടെ ക്ഷാമം മൂലം യഥാസമയം മാലിന്യ ബിന്നുകൾ നീക്കം ചെയ്യുന്നത് തടസപ്പെട്ടു തുടങ്ങി. ബിൻ നീക്കത്തിൽ ഏർപ്പെട്ടിരുന്ന ഒട്ടേറെ ഡ്രൈവർമാർ ഒറ്റപ്പെടൽ നിർദ്ദേശത്തിന് വിധേയമായതാണ് ഡ്രൈവർ ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം ഹെവി ഗുഡ്സ് വെഹിക്കിൾ ഓടിക്കുന്ന ഡ്രൈവർമാരുടെ അഭാവവും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.

പ്രശ്നം രൂക്ഷമായാൽ ബ്രിട്ടനിലെ തെരുവുകളിൽ മാലിന്യ കൂമ്പാരം നിറയുമെന്നുള്ള ആശങ്ക ശക്തമാണ്. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്സ് വെഹിക്കിൾ ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് യുകെയിൽ വരുന്നതിന് താത്കാലിക വിസ അനുവദിക്കണമെന്ന് വിവിധ കൗൺസിലുകൾ ആഭ്യന്തരമന്ത്രി പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടു. കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മടങ്ങി പോയതിന് ശേഷം രാജ്യത്ത് ഏകദേശം 100,000 എച്ച്ജിവി ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍, ജനങ്ങള്‍ക്ക് നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ പ്രധാന മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായി അരങ്ങേറിയ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം യുകെ ന്യൂസ് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ പകര്‍ത്തിയ വീഡിയോ അഞ്ച് ദിവസിത്തിനുള്ളില്‍ കണ്ടത് 2.2K ആള്‍ക്കാരാണ്.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ നല്‍കിയ ഇളവുകള്‍ യുകെ മലയാളികള്‍ക്കാശ്വാസമായി. കോവിഡിനെ തുടര്‍ന്ന് 2019 ഡിസംബറിലെ കിസ്തുമസ്സ് പുതുവത്സരാഘോഷത്തോടെ യുകെ മലയാളികളുടെ ആഘോഷങ്ങള്‍ അവസാനിച്ചിരുന്നു. 20 മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും യുകെയിലെ ചുരുക്കം ചില അസ്സോസിയേഷനുകള്‍ മാത്രമേ ആഘോഷങ്ങളുമായി മുന്നോട്ട് വന്നുള്ളൂ. സമയ പരിമിതിയായിരുന്നു പ്രധാന കാരണം. എക്കാലത്തും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ ഗവണ്‍മെന്റ് അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍, സെക്രട്ടി ആന്റോ പത്രോസ് എന്നിവര്‍ നേതൃത്വം കൊടുത്ത് ഓഗസ്റ്റ് 28 ശനിയാഴ്ച്ച കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ഓണാഘോഷം നടന്നു. പരിമിതമായ സൗകര്യങ്ങളില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ അസ്സോസിയേഷനിലെ ഭൂരിഭാഗം പേരും പങ്കെടുത്തു. സ്‌കൂള്‍ അവധികാലമായതുകൊണ്ട് ചുരുക്കം ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയവരുടെ സ്‌നേഹപ്രകടനങ്ങള്‍ ശ്രദ്ധേയമായി. ആഘോഷങ്ങള്‍ക്കൊടുവില്‍ നടന്ന ഗാനമേളയില്‍ നൃത്തച്ചൊവുടുകള്‍ വെച്ച് കാഴ്ചക്കാരായിരുന്ന സ്ത്രീകള്‍ എണീറ്റ് ഗാനത്തിനൊത്ത് നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നയതങ്ങൊട്ടരാവേശമായി മാറി. 20 മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആവേശം. പ്രാക്ടീസ് ചെയ്‌തെത്തിയതിലും ഗംഭീരമായി അസ്സോസിയേഷനിലെ ഗായകരായ ആന്റോ പത്രോസും ഡോ. അഞ്ചു വര്‍ഗ്ഗീസും ആലപിച്ച ഗാനത്തോടൊപ്പം അവര്‍ നൃത്തം ചെയ്തു. ആ നൃത്തത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 2.2k ആള്‍ക്കാരാണ്.

വീഡിയോയുടെ പൂര്‍ണ്ണരുപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ല്ക് ചെയ്യുക.

https://www.facebook.com/shibu.mathew.758737/videos/308669741031229/

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലെ പ്രധാന മതവിഭാഗങ്ങൾ ബാല ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഞെട്ടിക്കുന്ന വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്‌. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില മതസംഘടനകൾ ബാല പീഡനങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിൽ വീഴ്ച വരുത്തിയെന്ന് ഇൻഡിപെൻഡന്റ് ഇൻക്വയറി ഇന്റു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐഐസിഎസ്എ) നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞു. ക്രിസ്തുമതം, ഓർത്തഡോക്സ് ജൂതമതം, ഇസ്ലാം എന്നിവ ഉൾപ്പെടെ 38 വിഭാഗങ്ങളിൽ നിന്നുള്ള തെളിവുകൾ പരിശോധിച്ചിരുന്നു. പ്രശസ്തി സംരക്ഷിക്കാനായി ലൈംഗിക ചൂഷണം റിപ്പോർട്ട്‌ ചെയ്യാൻ മതനേതാക്കൾ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മതനേതാക്കൾ ഇരകളെ കുറ്റപ്പെടുത്തിയെന്നും ആരോപണങ്ങളോട് പ്രതികരിക്കുമ്പോൾ മതപരമായ സിദ്ധാന്തത്തെ ആശ്രയിച്ചിരുന്നുവെന്നും അതിൽ പറയുന്നു.

പല മതവിഭാഗങ്ങളും കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. മതനേതാക്കളുടെ അധികാര ദുർവിനിയോഗം, പുരുഷാധിപത്യം, ലൈംഗികതയുടെ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നില്ല, ഇരയെ കുറ്റപ്പെടുത്തൽ തുടങ്ങിയവ സംഭവിക്കുന്നുണ്ട്. മറ്റേതൊരു വിഭാഗത്തേക്കാളും ഇംഗ്ലണ്ടിലും വെയിൽസിലും 131,700 അംഗങ്ങളുള്ള ‘യഹോവ സാക്ഷികളെ’ക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. സംഘടന ബാലപീഡനം മറച്ചുവച്ചതായി ആരോപിക്കപ്പെട്ടു. 10 വർഷത്തിനുള്ളിൽ ബ്രാഞ്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്തത് 67 കേസുകൾ മാത്രമാണ്.

എല്ലാ ആരോപണങ്ങളും പോലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന നയങ്ങൾ ഈ മതവിഭാഗത്തിനുണ്ടെങ്കിലും യാഥാർഥ്യം അറിയിക്കുന്നതിൽ അവർ പരാജയപ്പെട്ടതായി ഐഐസിഎസ്എ പറഞ്ഞു. മതസംഘടനകൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അഭിഭാഷകൻ റിച്ചാർഡ് സ്കോറർ പറഞ്ഞു. മതവിഭാഗങ്ങൾ ഇപ്പോഴും നീതിക്കുവേണ്ടി നിലകൊള്ളുന്നില്ലെന്നും റിപ്പോർട്ടിൽ നിന്നുള്ള ആദ്യ സൂചനകളിൽ ഇത് വ്യക്തമാണെന്നും മെത്തഡിസ്റ്റ് ചർച്ച് കോൺഫറൻസ് സെക്രട്ടറി റവ.ഡോ.ജോനാഥൻ ഹസ്റ്റ്ലർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലേക്ക് വരാൻ അർഹരായ എത്ര പേർ അഫ് ഗാനിസ്ഥാനിൽ ഉണ്ടെന്ന് സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 15,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്ന് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. കാബൂളിന്റെ പെട്ടെന്നുള്ള പതനം യുകെയെ ബാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ആഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ, ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിദേശകാര്യ സെക്രട്ടറി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ജോലി ചെയ്യുന്ന അഫ് ഗാൻകാരെയും യുകെയിലേക്ക് വരാൻ അർഹതയുള്ളവരിൽ ഭൂരിഭാഗം ആളുകളെയും ഒഴിപ്പിച്ചതായി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ ഇപ്പോഴും കൃത്യമായ കണക്കുകൾ നൽകാൻ കഴിയില്ലെന്ന് റാബ് പറഞ്ഞു.

287 മാധ്യമപ്രവർത്തകരും 65 വനിതാവകാശ പ്രവർത്തകരും ഒൻപത് ജഡ്ജിമാരും ഉൾപ്പെടെ അപകടസാധ്യതയുള്ള നിരവധി ആളുകളെ യുകെ ഒഴിപ്പിച്ചതായി റാബ് വെളിപ്പെടുത്തി. അഫ് ഗാൻ തൊഴിലാളികളെയും തൊഴിൽ അപേക്ഷകരെയും തിരിച്ചറിയുന്ന രേഖകൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കണ്ടെത്തിയതായി ടൈംസിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ എംബസിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾ അദ്ദേഹം അഭിമുഖീകരിച്ചു. എംബസി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പൂർണ്ണ അവലോകനം നടത്താൻ ഉത്തരവിട്ടതായി റാബ് പറഞ്ഞു. കാബൂൾ ഈ വർഷം വീഴാൻ സാധ്യതയില്ലെന്ന് ഇന്റലിജൻസ് നിർദ്ദേശിച്ചതായി ഡൊമിനിക് റാബ് എംപിമാരോട് പറഞ്ഞു.

അതേസമയം യുഎസ് സൈന്യം പിൻമാറിയതിനുശേഷം പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽത്തന്നെ താലിബാന് വൻ തിരിച്ചടി. പഞ്ച്ശീറിലെ വടക്കൻ സഖ്യവുമായുള്ള പോരാട്ടത്തിനൊടുവിൽ 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഞ്ച്ശീർ മലനിരകൾ പിടിക്കാനുള്ള താലിബാൻ നീക്കത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിനെത്തുടർന്ന് പഞ്ച്ശീറിലെ വടക്കൻ സഖ്യവും താലിബാനും തമ്മിൽ നടത്തിയ ചർച്ചയും പരാജയത്തിൽ അവസാനിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. ഉസ്ബെക്കുകളുടേയും താജിക്കുകളുടേയും സഹായത്തോടെയാണ് പഞ്ച്ശീറിൽ വടക്കൻ സഖ്യം ശക്തമായ പോരാട്ടം നടത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ തൊഴിലാളിക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. കർഷകർ പച്ചക്കറികളും മറ്റും വിളവെടുക്കാൻ തൊഴിലാളികളില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതേതുടർന്ന് തങ്ങളുടെ പച്ചക്കറികളും പഴങ്ങളും നശിച്ചു പോകാതിരിക്കാനായി പലയിടങ്ങളിലും കർഷകർ സൗജന്യമായി ഇവ നൽകുകയാണ്. യോർക്കിലുള്ള ഒരു റാസ്പ്ബെറി കർഷകനായ റിച്ചർഡ് മോറിറ്റ് വിളവെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതിനെ തുടർന്ന്, തന്റെ ഫാം ഗേറ്റ് ജനങ്ങൾക്കായി തുറന്നു നൽകിയതായി വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. മറ്റു കർഷകരും ഇതു തന്നെയാണ് ചെയ്യുന്നതെന്നും, ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും നാഷണൽ ഫാർമേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. രാജ്യത്തിനകത്തു നിന്നു തന്നെ കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് ഗവൺമെന്റ് വക്താവ് അറിയിച്ചു.


മുൻപ് തന്റെ ഫാമിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തിയതെന്ന് റിച്ചാർഡ് മോറിറ്റ് പറഞ്ഞു. തന്റെ കൃഷി ഫലങ്ങൾ നശിച്ചുപോകാതിരിക്കാനാണ് അത് സൗജന്യമായി ജനങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ക്യാബേജ് കർഷകനായ സൈമൺ നെയ് ലർ ഇതേ അവസ്ഥയിൽ കൂടിയാണ് താനും കടന്നു പോകുന്നതെന്ന് വ്യക്തമാക്കി. രാജ്യത്തിനകത്തുള്ള തൊഴിലാളികളെ റൂറൽ ഏരിയകളിലേക്ക് എത്തിക്കുവാൻ വളരെ ബുദ്ധിമുട്ടാണെന്നും, ഇരട്ടി തുക വേതനമായി നൽകുവാൻ ശ്രമിച്ചാലും തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


2020ൽ 11 ശതമാനം പേർ മാത്രമാണ് രാജ്യത്തിനകത്ത് നിന്നുള്ള തൊഴിലാളികളായി ഉണ്ടായിരുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ ബ്രിട്ടനിലേയ്ക്ക് എത്തിക്കുന്നതിനായി, ഗവൺമെന്റ് ഇരുപതിനായിരം അധിക വിസകൾ കൂടി സീസൺ വർക്കർ പൈലറ്റ് വിഭാഗത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രെക്സിറ്റ് മൂലമാണ് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് മറ്റൊരു നാഷണൽ ഫാർമേഴ്സ് യൂണിയൻ വക്താവ് റോബർട്ട്‌ ന്യൂബെറി ആരോപിച്ചു. മുൻപ് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഉടനീളം യാത്രകൾ സുഗമമായിരുന്നെങ്കിൽ, ഇന്ന് ബ്രെക്സിറ്റ് മൂലം യാത്രകൾക്ക് തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നലെ മുതൽ E 10 പെട്രോൾ നിലവിൽ വന്നെങ്കിലും യുകെയിൽ ഏകദേശം 6 ലക്ഷത്തോളം ഉപഭോക്താക്കൾ E 5 -ൽ തന്നെ തുടരേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. തങ്ങളുടെ വാഹനങ്ങൾ E 10 പെട്രോളുമായി പൊരുത്തപ്പെടാത്തതാണ് കാരണം . 2011 നു ശേഷം നിർമ്മിച്ച എല്ലാ കാറുകളിലും 2000 ത്തിനുശേഷം നിർമ്മിച്ച ഭൂരിഭാഗം കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കും . E 5 പെട്രോൾ തുടർന്നും തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെങ്കിലും ഫുൾ ടാങ്ക് പെട്രോളിന് 8 പൗണ്ടോളം അധികം ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആകസ്മികമായി E 5 പെട്രോളിന് പകരം E 10 പെട്രോൾ ഉപയോഗിച്ചാലും സ്ഥിര ഉപയോഗം എൻജിൻ തകരാറിന് കാരണമാകും.

E 10 ഹരിത ഇന്ധനമായതിനാൽ പ്രകൃതി മലിനീകരണം കുറയുമെന്ന് വിദഗ്‌ധാഭിപ്രായം. E 5 ന്റെ 5 ശതമാനം എഥനോളിനെ അപേക്ഷിച്ച് E 10 പെട്രോളിൽ 10 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനം കാർബൺ ഉദ്‌വമനം പ്രതിവർഷം 750,000 ടൺ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350,000 കാറുകൾ നിരത്തിൽ നിന്ന് നീക്കുന്നതിന് തുല്യമാണിത്. എന്നാൽ പുതിയ ഇന്ധനത്തിലേക്കുള്ള പൂർണ്ണമായ മാറ്റം ഉടനടി സാധ്യമാവുകയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്ലാക്ക്പൂളിനെ അപേക്ഷിച്ച് ബെനിഡോമിലെ അവധിക്കാലം സുരക്ഷിതമാണെന്ന് പുതിയ പഠനം. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരേക്കാൾ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് എൻഎച്ച്എസ് വിശകലനത്തിൽ പറയുന്നത്. സിഗ്‌നോപോസ്റ്റിന്റെ ഗവേഷണ പ്രകാരം ബ്ലാക്ക്‌പൂൾ ഉൾപ്പെടുന്ന വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ആളുകൾ 1.56 ശതമാനം നിരക്കിൽ രോഗബാധിതരാവുന്നുണ്ട്. സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാർക്ക് റിപ്പോർട്ട് ചെയ്ത 0.7 ശതമാനത്തിന്റെ ഇരട്ടിയാണിത്. സ്പെയിൻ നിലവിൽ ആമ്പർ ട്രാവൽ ലിസ്റ്റിലാണ്. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സ്പെയിനിലേക്ക് ക്വാറന്റീൻ രഹിത യാത്ര ആസ്വദിക്കാം. ഓഗസ്റ്റ് 11 വരെയുള്ള മൂന്ന് ആഴ്ചകളിൽ ഇംഗ്ലണ്ടിന്റെ മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനമായിരുന്നു. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയ 500,000 യാത്രക്കാരിൽ ഈ നിരക്ക് 1.3 ആയിരുന്നു. ടെസ്റ്റിംഗിൽ യുകെയുടെ കർശനമായ നിയമങ്ങളാണ് ഇതിന് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടി.

ബ്ലാക്ക്പൂൾ അല്ലെങ്കിൽ കോൺ‌വാൾ സന്ദർശിക്കുന്ന ആളുകളോട് ഞങ്ങൾ ചെലവേറിയ പിസിആർ ടെസ്റ്റുകൾ എടുക്കാൻ ആവശ്യപ്പെടുന്നില്ലെന്ന് എയർലൈൻസ് യുകെ ചീഫ് എക്സിക്യൂട്ടീവ് ടിം ആൽഡർസ്‌ലേഡ് പറഞ്ഞു. “നിലവിലെ യാത്രാ നിയന്ത്രണങ്ങൾ യൂറോപ്പിന്റെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെ അവരിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു. യുകെയ്ക്ക് കോടിക്കണക്കിന് വ്യാപാര നഷ്ടം സംഭവിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു. “യുകെയേക്കാൾ കുറഞ്ഞ കോവിഡ് അപകടസാധ്യതയാണ് മറ്റു പല രാജ്യങ്ങളിലും. ഈ വസ്തുത അർത്ഥമാക്കുന്നത് നമുക്ക് കൂടുതൽ പ്രായോഗിക സമീപനം ആവശ്യമാണെന്നതാണ്.” ടോറി എംപി ഹെൻറി സ്മിത്ത് വ്യക്തമാക്കി. ബെനിഡോർമിലേക്കുള്ള ഒരു യാത്ര യുകെയിലെ താമസസ്ഥലത്തേക്കാൾ സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സാധാരണ പെട്രോളിന് പകരമായി ഈ ആഴ്ച മുതൽ പരിസ്ഥിതി സൗഹൃദ ഇ10 ഇന്ധനം. ഇന്ന് മുതൽ ഇ5 പെട്രോളിന് പകരമായി ഇ10 പെട്രോൾ നിലവിൽ വരും. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും കാർബൺ ഉദ്‌വമനം നെറ്റ് -സീറോ ആയി കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പൂർണമായും ഇലക്ട്രിക് കാറുകളിലേയ്ക്കുള്ള മാറ്റത്തിന് വഴിയൊരുക്കുന്നതിന്റെ ആദ്യപടി കൂടിയാണിത്. ഡീസൽ ഇന്ധനം ഇപ്പോഴും ലഭ്യമാണ്. എന്നാൽ സാധാരണ പെട്രോൾ ഉപയോഗിക്കുന്ന ഏകദേശം 600,000 വാഹനങ്ങൾ ഇ10 മായി പെട്ടെന്ന് പൊരുത്തപ്പെടുകയില്ലെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ ഇ5 എന്ന് വിളിക്കപ്പെടുന്ന വിലകൂടിയ സൂപ്പർ അൺലെഡഡ് പെട്രോളിന് പണം നൽകുന്ന ഡ്രൈവർമാരെ ഇത് കൂടുതൽ ബാധിക്കും.

ഇ10 ഇന്ധനത്തിന്റെ വില കൂടുതലായിരിക്കില്ല. ഇ10 ഹരിത ഇന്ധനമായതിനാൽ പ്രകൃതി മലിനീകരണം കുറയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇ5 ന്റെ 5 ശതമാനം എഥനോളിനെ അപേക്ഷിച്ച് ഇ10 പെട്രോളിൽ 10 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനം കാർബൺ ഉദ്‌വമനം പ്രതിവർഷം 750,000 ടൺ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350,000 കാറുകൾ നിരത്തിൽ നിന്ന് നീക്കുന്നതിന് തുല്യമാണിത്. എന്നാൽ പുതിയ ഇന്ധനത്തിലേക്കുള്ള മാറ്റം ഉടനടി സാധ്യമാവുകയില്ല.

ഇന്ന് റോഡിലുള്ള മിക്കവാറും എല്ലാ (95%) പെട്രോൾ പവർ വാഹനങ്ങൾക്കും ഇ10 പെട്രോൾ ഉപയോഗിക്കാനാകുമെന്നും 2011 മുതൽ നിർമ്മിച്ച എല്ലാ കാറുകൾക്കും ഇത് അനുയോജ്യമാണെന്നും സർക്കാർ പറയുന്നു. നിങ്ങളുടെ പെട്രോൾ കാർ ഇ10 ഇന്ധനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, മിക്ക ഫില്ലിംഗ് സ്റ്റേഷനുകളിൽ നിന്നും സൂപ്പർ ഗ്രേഡ് (97+ ഒക്ടേൻ) പെട്രോൾ വാങ്ങിക്കൊണ്ട് ഇപ്പോഴും ഇ5 ഉപയോഗിക്കാൻ കഴിയും. അബദ്ധവശാൽ പൊരുത്തപ്പെടാത്ത പെട്രോൾ എഞ്ചിനിൽ നിങ്ങൾ ഇ10 ഉപയോഗിക്കുകയാണെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ല. പെട്രോൾ കാറിൽ ഡീസൽ അടിക്കുന്നതുപ്പോലെയുള്ള പ്രശ്നം ഇവിടെയില്ല. എന്നിരുന്നാലും, പൊരുത്തപ്പെടാത്ത വാഹനത്തിൽ ഇ10 പെട്രോൾ ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങളുടെ കാറിന്റെ എഞ്ചിൻ തകരാരിലാവുന്നതിന് കാരണമാകും. ഇ10 ഉപയോഗിക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് വേണ്ടി ഇ5 പെട്രോൾ നൽകുന്ന സ്റ്റേഷനുകൾ ഉണ്ടാവും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് കേസുകളുടെഎണ്ണത്തിൽ വർദ്ധനവ്. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,838 ആണ്. തിങ്കളാഴ്ച ഇത് 26476 ആയിരുന്നു. 50 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. തിങ്കളാഴ്ച 48 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6479 പേരാണ് കോവിഡ് മൂലം ഹോസ്പിറ്റലുകളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനം വർദ്ധനവാണ്. നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുപ്രകാരം യുകെയിൽ 156000 പേരാണ് കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത് . രോഗവ്യാപനം തടയുന്നതിനായി ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികളിലേയ്ക്ക് എൻഎച്ച്എസ് കടന്നു . ഗവൺമെന്റിൻെറ ഭാഗത്തുനിന്നും അന്തിമാനുമതി ലഭിച്ചാൽ 50 വയസ്സിന് മുകളിലുള്ളവർക്കും മറ്റ് ദുർബല വിഭാഗത്തിൽ പെട്ടവർക്കും സെപ്റ്റംബർ 6 -മുതൽ ബൂസ്റ്റർ ഡോസ് നൽകാനുള്ള പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ആശുപത്രികളിൽ ഉടനീളം നിലനിൽക്കുന്ന ബ്ലഡ് ട്യൂബുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇറക്കുമതി വർധിപ്പിച്ചിരിക്കുകയാണ് വിതരണ കമ്പനിയായ ബക്ട്ടൻ ഡിക്കിൻസൺ. യുഎസ് പോലുള്ള രാജ്യങ്ങളിൽ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്ന ബ്ലഡ് ട്യൂബുകളുടെ ഇറക്കുമതിക്ക് ബ്രിട്ടീഷ് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചതായി കമ്പനി രേഖപ്പെടുത്തി. ഇതോടൊപ്പംതന്നെ യുകെയിലെ ഉൽപാദനസംവിധാനം 20 ശതമാനമായി വർദ്ധിപ്പിച്ചതായും, അടുത്ത ആഴ്ച കൊണ്ട് തന്നെ 9 മില്യൺ ബ്ലഡ് ട്യൂബുകൾ എൻഎച്ച്എസിലേയ്ക്ക് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രക്തം ശേഖരിക്കുന്ന ട്യൂബുകളുടെ കുറവിനെ തുടർന്ന് സെപ്റ്റംബർ 17 വരെ ആവശ്യമില്ലാത്ത ബ്ലഡ് ടെസ്റ്റുകൾ എല്ലാം തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശം ഡോക്ടർമാർക്ക് നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ ഈ കുറവ് പരിഹരിക്കുമെന്നും, രോഗികളുടെ സുരക്ഷയാണ് മുഖ്യമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് അറിയിച്ചു.


റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്റിന്റെ കണക്കുകൾ പ്രകാരം എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു വർഷം 1.1 ബില്യനോളം ടെസ്റ്റുകളാണ് നടത്തുന്നത്. നിലവിൽ അത്യാവശ്യം അല്ലാത്ത ടെസ്റ്റുകൾ ഒഴിവാക്കാനാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്. സെപ്റ്റംബർ പകുതിയോളം ഈ ക്ഷാമം തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സാഹചര്യം ഡോക്ടർമാരേയും രോഗികളെയും കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ ഡോക്ടർ ഡേവിഡ് റിഗ്ലി വ്യക്തമാക്കി.


നിർമാണസാമഗ്രികൾ മറ്റും എത്തിക്കുന്നതിനുള്ള യാത്രാ തടസ്സങ്ങളാണ് നിലവിലെ ക്ഷാമത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ബക്ട്ടൻ ഡിക്കിൻസൺ ആണ് ബ്ലഡ്‌ ട്യൂബുകളുടെ മുഖ്യ വിതരണക്കാർ. അതിനാൽ തന്നെ ഉടനടി മറ്റ് വിതരണക്കാരെ കണ്ടെത്തുന്നതിനും ഉൾപ്പെടുത്തുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് ഹെൽത്ത് കെയർ സപ്ലൈ അസോസിയേഷൻ ചെയർമാൻ മാർക്ക്‌ റോസ്ക്രോ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായിഎൻ എച്ച് എസ്‌ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved