എഡ്മണ്ടൻ:- കോട്ടയം മേരിലാൻ്റ് കാര്യാങ്കൽ ജോസഫിൻ്റെ മകൻ സണ്ണി ജോസഫ് ഒക്ടോബർ 9 വൈകുന്നേരം നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തിന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ റീനാ സണ്ണി നോർത്ത് മിഡിൽസെക്സ് എൻ.എച്ച്.എസ് ഹോസ്പിറ്റൽ എ & ഇ നേഴ്സാണ്. മക്കൾ : അലൻ സണ്ണി (18) മെഡിസിൻ വിദ്യാർത്ഥി, യു സി എൽ ലണ്ടൻ, നയന സണ്ണി (14) ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി. പരേതൻ്റെ കുടുംബം ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ നോർത്ത് ലണ്ടൻ എഡ്മമണ്ടൻ മലയാളി അസോസിയേഷനിലെ അംഗമാണ് .
മൃതസംസ്കാര ശുശ്രൂഷകൾ പതിനൊന്നാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മേരിലാൻ് സെൻ്റ്. മേരീസ് പള്ളിയിൽ വച്ച് നടന്നു .
സണ്ണി ജോസഫിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലിലിബറ്റിന്റെ ജ്ഞാനസ്നാന ചടങ്ങ് യുകെയിൽ വെച്ചുണ്ടാവില്ലെന്ന് അറിയിച്ച് കൊട്ടാരം. ഹാരിക്കും മേഗനും ഈ വർഷം ജൂൺ 4നാണ് കുഞ്ഞ് പിറന്നത്. മകൾ ലിലിബെറ്റുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും അവിടെ വച്ച് ജ്ഞാനസ്നാന ചടങ്ങ് നടത്തുമെന്നും മുമ്പ് അറിയിച്ചിരുന്നു. എന്നാൽ അതുണ്ടാവില്ലെന്നും കാലിഫോർണിയയിൽ വച്ചു തന്നെ ചടങ്ങ് നടത്തപ്പെടുമെന്നും രാജകീയ വൃത്തങ്ങൾ അറിയിച്ചു. രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരാണ് കുഞ്ഞിന് ഇപ്പോൾ നൽകിയിരിക്കുന്നത്. വിൻഡ് സർ കൊട്ടാരത്തിൽ രാജ്ഞിയുടെ മുമ്പാകെ ചടങ്ങ് നടത്താനാണ് മുമ്പ് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റം ഉണ്ടാവുകയായിരുന്നു.

യുകെയിൽ ഈ ചടങ്ങ് നടക്കാൻ സാധ്യത ഇല്ലെന്നും ദമ്പതികൾ യുഎസിലെ എപ്പിസ്കോപ്പൽ ദേവാലയത്തിൽ മകൾക്ക് നാമകരണം ചെയ്യുമെന്നും സ്രോതസ്സുകൾ വെളിപ്പെടുത്തി. പേരക്കുട്ടിയെ നേരിൽ കാണാൻ രാജ്ഞി ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത ആഴ്ച ബ്രിട്ടനിൽ തന്റെ സഹോദരൻ വില്യം രാജകുമാരനോടൊപ്പം ഹാരി പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം ഉണ്ടാവുന്നത്. യുഎസിൽ ചടങ്ങ് നടത്തുന്നതിനാൽ ലിലിബെറ്റിനെ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു അംഗമായി പരിഗണിക്കില്ല. എന്നിരുന്നാലും, യുകെയിൽ വന്നാൽ പള്ളിയിൽ പേര് ചേർക്കാൻ സാധിക്കും.

2019 ൽ വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ വച്ചാണ് ലിലിബറ്റിന്റെ സഹോദരൻ ആർച്ചിയുടെ ജ്ഞാനസ്നാന ചടങ്ങ് നടന്നത്. 25 പേർ മാത്രം ഉൾപ്പെട്ട ചടങ്ങ് വളരെ സ്വകാര്യമായാണ് നടന്നത്. ദമ്പതികൾ ഇതുവരെയും മകളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞ ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പം ക്രിസ്മസ് ഡിന്നർ കഴിച്ചത് മൂലം നട്സ് അലർജി ഉണ്ടായി മരണപ്പെട്ട പന്ത്രണ്ടുവയസ്സുകാരൻ കേസൺ ഹാൾവുഡിന്റെ മരണത്തിൽ അന്വേഷണം പൂർത്തിയായി. വിൻസ്ഫോർഡിൽ നിന്നുള്ള കേസൺ കഴിഞ്ഞ ക്രിസ്മസ് കാലത്ത് കൂട്ടുകാരോടൊപ്പം വാർട്ടൻ റിക്രിയേഷൻ പാർക്കിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഖമില്ലാതായത്. ആസ്മയും, നട്സ് അലർജിയുമുള്ള കുട്ടി ക്രിസ്മസ് ഡിന്നർ കഴിച്ച ശേഷമാണ് സുഖമില്ലാതായത്. കുട്ടിയുടെ മുത്തശ്ശൻ ആൽബർട്ട് കുട്ടിയുടെ അലർജി ഓർമ്മിക്കാതെ, ഭക്ഷണത്തിൽ നട്ട്സ് ഉൾപ്പെടുത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ വിചാരണയിൽ ആൽബർട്ട് തനിക്ക് സംഭവിച്ച മറവി ഏറ്റുപറഞ്ഞു. പാർക്കിൽ കുഴഞ്ഞുവീണ കുട്ടിയുടെ അടുത്തേക്ക് ഉടൻതന്നെ പാരാമെഡിക്കൽ സംഘമെത്തിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.

സീനിയർ പോലീസ് ഓഫീസർ ചെഷ്യർ അലൻ മൂറിനു കുട്ടിയുടെ മാതാവ് ലൂയിസ് നൽകിയ വിവരണത്തിൽ, 2.25ന് ആണ് ഏകദേശം തങ്ങൾ ഭക്ഷണം കഴിക്കുവാൻ ഇരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം കൂട്ടുകാരോടൊപ്പം കളിക്കാനായി കേസൺ പോവുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇരുപതു മിനിറ്റിനു ശേഷം കേസണിനു സുഖം ഇല്ലാതായി എന്ന ഫോൺ കോൾ തനിക്ക് വന്നതായും അവർ പറഞ്ഞു. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കേസണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് വന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് അധികൃതർക്ക് നൽകിയ റിട്ടൻ സ്റ്റേറ്റ് മെന്റിൽ തന്റെ മകളായ ലൂയിസിനെയും കൊച്ചുമക്കളെയും ക്രിസ്മസ് കാലത്ത് താനാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്ന് ആൽബർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആഹാരം ഉണ്ടാക്കിയപ്പോൾ കേസണിനു നട്സ് അലർജി ഉണ്ടെന്ന് ഓർമിക്കാതെ, ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അനാഫൈലാറ്റിക് ആസ്തമ മൂലമാണ് കേസൺ മരണപ്പെട്ടത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിൽ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് ദിവസമായി അക്രമികളെ പിടികൂടാനായിട്ടില്ല. വെടിയേറ്റതിനു പുറകെ കഠാര ആക്രമണത്തിനും ഇരയായ മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷണം ഊർജിതമായി നടത്തുന്നതായാണ് പോലീസിനോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ മലയാളി യുവാവിനെ കൂടാതെ മറ്റു രണ്ടു പേരും ആക്രമണത്തിന് ഇരയായിരുന്നു. ഭീകരാക്രമണം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും സംഭവത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമികൾ ഉപയോഗിച്ചു എന്ന് കരുതുന്ന ഒരു ബ്ലാക്ക് ഓഡി എ 7 കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

യുകെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹത്തിന് കടുത്ത ഞെട്ടലും ആശങ്കയുമാണ് മലയാളി യുവാവിനേറ്റ ദാരുണ സംഭവത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നിലുള്ള കാരണം വംശീയ വിദ്വേഷമാണോ എന്ന സംശയവും ശക്തമായിട്ടുണ്ട്. നേരത്തെ യുകെയിലെ മലയാളിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച പട്ടാളക്കാരന് കോടതി കഠിന ശിക്ഷ വിധിച്ചിരുന്നു. യുകെയിലെ പ്രമുഖ ഷെഫും യൂട്യൂബറുമായ നോർത്ത് യോർക്ക് ഷെയറിലെ നോർത്ത് അലർറ്റൻ സ്വദേശി നോബി ജെയിംസിനെ ആക്രമിച്ച സംഭവം മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. അന്ന് ബ്രിട്ടീഷ് പൗരനും, മുൻ ആർമി ഓഫീസറുമായ സ്റ്റെഫാൻ വിൽസണെ 10 വർഷത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ അഞ്ചിലൊന്ന് ഗർഭിണികളാണെന്ന വെളിപ്പെടുത്തലുമായി എൻ എച്ച് എസ് ഇംഗ്ലണ്ട്. അതിലേറെ പേരും ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. ജൂലൈ 1 നും സെപ്റ്റംബർ 30 നും ഇടയിൽ ബൈപാസ് മെഷീനിലൂടെ ചികിത്സ ലഭിച്ച രോഗികളിൽ 17% ഗർഭിണികളും കുത്തിവയ്പ് എടുക്കാത്തവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗർഭിണികളെയും അവരുടെ കുഞ്ഞിനെയും സുരക്ഷിതരാക്കാൻ കോവിഡ് വാക്സിന് ശക്തിയുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മിഡ്‌വൈഫ് ജാക്വിലിൻ ഡങ്ക്ലി-ബെന്റ് പറഞ്ഞു. ഗർഭിണികൾക്ക് മുൻഗണന നൽകാതിരുന്നതുകൊണ്ടാണ് കണക്കുകൾ ഇത്രയധികം മോശമായതെന്ന് നാഷണൽ ചൈൽഡ് ബെർത്ത് ട്രസ്റ്റ് പ്രതികരിച്ചു.

23 വയസ്സുള്ള കെൽസി റൗട്ട്സിന് ഓഗസ്റ്റിലാണ് കോവിഡ് പിടിപെട്ടത്. 29 ആഴ്ച ഗർഭിണിയായിരുന്ന കെൽസി വാക്സിൻ എടുത്തിരുന്നില്ല. ആരോഗ്യനില വഷളായതോടെ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിൽ ഖേദിക്കുന്നുവെന്ന് കെൽസി പറയുകയുണ്ടായി. 81,000 ത്തിലധികം ഗർഭിണികൾക്ക് കോവിഡ് വാക്സിൻ ആദ്യ ഡോസ് ലഭിച്ചു, ഏകദേശം 65,000 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.

2021 ഏപ്രിൽ പകുതി മുതൽ, ഗർഭിണികൾക്ക് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകളാണ് വാഗ്ദാനം ചെയ്തത്. യുഎസിൽ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു. കോവിഡ് വാക്സിൻ കുഞ്ഞുങ്ങളെ മോശമായി ബാധിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിൻ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) വൈസ് പ്രസിഡന്റ് ഡോ. ജോ മൗണ്ട്ഫീൽഡ് പറഞ്ഞു. ഗർഭിണികൾ കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ധനക്ഷാമം രൂക്ഷമായി തുടരുമ്പോൾ തന്നെ ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളും കാലിയാകുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി നിരവധി ആളുകളാണ് കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിന് പുറത്ത് ട്രോളിയുമായി കാത്തുനിന്നത്. ഭക്ഷ്യക്ഷാമം കാരണം ഈ വർഷം ടെസ്കോ, സെയ്ൻസ്ബറി, അസ്ഡ, മോറിസൺസ് എന്നിവരുടെ വില്പനയിൽ 2 ബില്യൺ പൗണ്ടിന്റെ ഇടിവാണ് ഉണ്ടായത്. ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന പരിഭ്രാന്തിയിൽ ടോയ്‌ലറ്റ് റോൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ സൂപ്പർമാർക്കറ്റുകളും കാലിയാകുന്ന സ്ഥിതിയിലെത്തി. രാവിലെ 11 മണിക്ക് തുറന്ന യുഎസ് റീട്ടെയിൽ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം, 17 ശതമാനം ആളുകൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭിച്ചില്ല. ക്രിസ്മസ് കാലം വരാനിരിക്കെ മൂന്നിലൊന്ന് പേരും ഭക്ഷണപാനീയങ്ങളുടെ ലഭ്യതക്കുറവിൽ ആശങ്കാകുലരാണെന്ന് റീട്ടെയ്ൽ മാഗസിനായ ദി ഗ്രോസറിന്റെ സർവ്വേയിൽ തെളിഞ്ഞു. അതുകൊണ്ട് സാധനങ്ങൾ എത്രയും വേഗം വാങ്ങി ശേഖരിക്കാനാണ് ജനങ്ങൾ ശ്രമിക്കുന്നത്. അതേസമയം, തക്കാളി സോസ്, ബേക്ക് ബീൻസ് എന്നിവയ്ക്ക് പല രാജ്യങ്ങളിലും വില ഉയരുമെന്ന മുന്നറിയിപ്പും ഉണ്ടായി.

എച്ച്ജിവി ഡ്രൈവർ ക്ഷാമം മൂലമുണ്ടാകുന്ന വിതരണ ശൃംഖലയിലെ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന ഗ്യാസ് വില, ലണ്ടനിലെയും സൗത്ത് ഈസ്റ്റ് മേഖലകളിലെ ഇന്ധനക്ഷാമം, നികുതി വർദ്ധനവ് തുടങ്ങി ഒന്നിലധികം പ്രതിസന്ധികളാണ് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. എച്ച്ജിവി ഡ്രൈവർമാരായി 5,000 പേരെ പരിശീലിപ്പിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് പദ്ധതി വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. എന്നാൽ അടുത്ത മാസം വരെ സൗജന്യ കോഴ്സുകൾ ആരംഭിക്കാത്തതിനാൽ, ഈ ക്രിസ്മസിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാൻ സർക്കാരിന് കഴിയുന്നില്ല. ഭക്ഷ്യക്ഷാമവും ശൂന്യമായ ഷെൽഫുകളും വരും ദിനങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസിലെ ജനങ്ങൾക്ക് തിങ്കളാഴ്ച മുതൽ പൊതു പരിപാടികളിലും നൈറ്റ്ക്ലബുകളിലും പങ്കെടുക്കാൻ എൻഎച്ച്എസ് കോവിഡ് പാസ് നിർബന്ധമാക്കി. പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇത് ബാധകമാണ്. കൂടാതെ കോവിഡിൻെറ പ്രതിരോധ കുത്തിത്തിവയ്പുകൾ പൂർണ്ണമായി എടുത്തവരോ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റിൽ നെഗറ്റീവ് ആയവരോ ആയിരിക്കണം. ഒക്ടോബർ 30 ന് ന്യൂസിലാൻഡിനെതിരായ വെയിൽസിന്റെ റഗ്ബി ഗെയിമായിരിക്കും കോവിഡ് പാസുകൾ ആവശ്യമുള്ള ആദ്യ പരിപാടികളിലൊന്ന്. ചില നൈറ്റ്ക്ലബ് ഉടമകൾക്ക് പുതിയ നടപടി തങ്ങളെ ഒറ്റപെടുത്തുന്നതായി തോന്നിയെങ്കിലും ഈ നടപടിക്ക് ജനങ്ങളിൽ ഭൂരിപക്ഷത്തിൽനിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ളൊരു നീക്കം വൈറസിൻെറ പകർച്ചയെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുമെന്ന് വെൽഷ് വിദ്യാഭ്യാസ മന്ത്രി ജെറമി മൈൽസ് പറഞ്ഞു. വെയിൽസിലോ ഇംഗ്ലണ്ടിലോ പതിനാറു വയസ്സിനു മുകളിൽ പ്രായമുള്ള പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവർക്കും അല്ലെങ്കിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ലാറ്ററൽ ഫ്ലോ ടെസ്റ്റ് ഫലം ലഭിച്ചവർക്കും പാസ് ലഭിക്കും. നെഗറ്റീവ് ടെസ്റ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുകയാണ്, എന്നാൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്കെതിരെ നിയമവിരുദ്ധമായി നടപടി എടുക്കാനും വെൽഷ് സർക്കാർ പദ്ധതിയിടുന്നുണ്ട്.

എൻഎച്ച്എസിൻെറ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്താൽ എൻഎച്ച്എസ് കോവിഡ് പാസ് ഡിജിറ്റലായി ലഭ്യമാകും. ഇതിനായി നിങ്ങളുടെ ഐഡിയുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഇത് പാസ്പോർട്ടിലെയോ, യുകെ ഡ്രൈവിംഗ് ലൈസൻസിൻെറയോ പൂർണ്ണ യൂറോപ്യൻ ഡ്രൈവിംഗ് ലൈസൻസിൻെറയോ ആകാം. ഇതുവഴി സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി കോവിഡ് പാസ് നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഈ സംവിധാനം ഇംഗ്ലണ്ടിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇത്തരമൊരു പാസ് അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രങ്ങളിൽ ഒന്നല്ല വെയിൽസ്, ഫ്രാൻസിൽ പൂർണ്ണ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത എല്ലാവരും ഓഗസ്റ്റ് മുതൽ “ഹെൽത്ത് പാസ്” ഉപയോഗിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കാറുകളിൽ ഒന്നിൽ കൂടുതൽ പേർ ഉള്ളപ്പോൾ ഉള്ള പുകവലി നിരോധിക്കുവാനുള്ള നിയമം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി നോർത്തേൺ അയർലണ്ട് ആരോഗ്യ മന്ത്രി റോബിൻ സ്വാൻ. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവർക്ക് , പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമം പാലിക്കാതിരിക്കുന്നവർക്ക് 50 പൗണ്ട് തുക വീതം പിഴയും ഉണ്ടാകും. ഇതോടൊപ്പം തന്നെ, നിക്കോട്ടിൻ അടങ്ങിയ ഇ- സിഗരറ്റുകളും മറ്റും 18 വയസ്സിൽ താഴെയുള്ളവർക്ക് നൽകുന്നത് നിരോധിക്കാനുള്ള തീരുമാനവും ഉടനുണ്ടാകും. നോർത്തേൺ അയർലൻഡിലെ ഭൂരിഭാഗമുള്ള അകാല മരണങ്ങൾക്കും കാരണം പുകവലിയും, മറ്റ് നിക്കോട്ടിൻ ഉൽപന്നങ്ങളുടെ ഉപയോഗവും ആണ്. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവരിൽ, ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് കുട്ടികൾക്കും ചെറുപ്പക്കാർക്കും ആണ്. ഇവർ മുതിർന്നവരേക്കാൾ കൂടുതൽ അളവ് മാലിന്യങ്ങൾ ശ്വസിക്കുന്നതിനാലാണ് ഇതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പുതിയ നിയമങ്ങൾ നോർത്തേൺ അയർലൻഡ് അസംബ്ലി അംഗങ്ങൾ കൂടി അംഗീകരിച്ചാൽ, 2022 ഓടെ നിലവിൽ വരും. നിലവിൽ തന്നെ പൊതു വാഹനങ്ങളിൽ പുകവലിക്കുന്നത് നോർത്തേൺ അയർലൻഡിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതു പ്രൈവറ്റ് കാറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. നിക്കോട്ടിൻ വളരെയധികം ആസക്തി ഉളവാക്കുന്ന ഒന്നാണ്. അതിനാൽ ചെറുപ്പം മുതൽ തന്നെയുള്ള ഇത്തരം വസ്തുക്കളുടെ ഉപോയോഗം തലച്ചൊറിന്റെ വികാസത്തെ സാരമായി ബാധിക്കും. ഇതോടൊപ്പം തന്നെ ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം ശീലങ്ങൾ ഇടയാക്കും. അതിനാൽ തന്നെ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന നിയമം എത്രയും പെട്ടെന്ന് നിലവിൽ വരേണ്ടത് അത്യന്താപേഷിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരെയും ലിംഗ വിവേചനത്തിനെതിരെയും പൊതു ധാരണകൾ ഒട്ടുമിക്ക പരിഷ്കൃത സമൂഹങ്ങളിലും രൂപപ്പെട്ടു കഴിഞ്ഞു. ഈ ലോകം സ്ത്രീക്കും പുരുഷനും മാത്രമല്ല ട്രാൻസ്ജെൻഡറിനു കൂടി അവകാശപ്പെട്ടതാണെന്നുള്ളത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ബ്രിട്ടീഷ് എയർവെയ്‌സും മാറ്റങ്ങളെ ഉൾക്കൊള്ളുകയാണ് . വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതിനായി യാത്രക്കാരെ ഇനി ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും നിർദ്ദേശം നൽകി ബ്രിട്ടീഷ് എയർവെയ്സ് . ബ്രിട്ടനിലെ മുൻനിര വിമാന കമ്പനിയായ ബ്രിട്ടീഷ് എയർവെയ്സ് വിശാലമായ സാമൂഹിക മാനദണ്ഡങ്ങളെ ബഹുമാനിക്കുന്നതിൻെറ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ലുഫ്താൻസ, ഈസിജെറ്റ്, എയർ കാനഡ എന്നിങ്ങനെയുള്ള മറ്റ് പ്രമുഖ എയർലൈനുകൾ ഇതിനോടകം തന്നെ ലിംഗ-നിഷ്പക്ഷ ഭാഷ സ്വീകരിച്ചിരുന്നു.

ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നതിനുമായി ജപ്പാൻ എയർലൈൻസ് കഴിഞ്ഞ വർഷം മുതൽ ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഓസ്ട്രേലിയൻ എയർലൈൻസായ ക്വാണ്ടാസ് ജീവനക്കാർ ലിംഗ-നിഷ്പക്ഷ നിബന്ധനകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കാനായി 2018- ലാണ് ‘സ്പിരിറ്റ് ഓഫ് ഇൻക്ലൂഷൻ’ എന്ന ആശയത്തിന് തുടക്കമിട്ടത്. തങ്ങളുടെ യാത്രക്കാർക്ക് എന്നും സുഖപ്രദവും സന്തോഷകരവുമായ യാത്രാനുഭവം നൽകാൻ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിട്ടീഷ് എയർവെയ്സിൻെറ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം : 2020 ന്റെ ആരംഭം മുതൽ ബർമിംഗ്ഹാമിൽ 32,000 മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബർമിംഗ്ഹാമിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടന്നിട്ടുള്ള ആദ്യ പത്ത് പ്രദേശങ്ങൾ വെളിപ്പെടുത്തി. ബർമിംഗ്ഹാം ലൈവിന്റെ അഭ്യർത്ഥനയിലൂടെ ലഭിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 114,600 മോഷണങ്ങൾ ബർമിംഗ്ഹാമിലുടനീളം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വെളിപ്പെടുത്തി. ബർമിംഗ്ഹാമിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്ന സ്ഥലം സെല്ലി ഓക്ക് ആണ്. കഴിഞ്ഞ വർഷാരംഭം മുതൽ അവിടെ 704 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് നിന്ന് ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മോഷ്ടിക്കപ്പെടുന്നു.

ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്ന മറ്റൊരിടമാണ് കിംഗ്സ് നോർട്ടൺ. 2020 ജനുവരി 1 മുതൽ നഗരം 642 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോംഗ്ബ്രിഡ്ജിൽ കഴിഞ്ഞ വർഷം തുടക്കം മുതൽ 506 മോഷണക്കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ചിൽ, മുൻ മിനിസ്റ്റർ യൂണിവേഴ്സ് ലീ അറ്റ്‌ലസിന്റെയും ഭാര്യ കാമിന്റെയും വീട് കൊള്ളയടിക്കപ്പെട്ടിരുന്നു. എഡ്ബാസ്റ്റണിൽ 456 മോഷണങ്ങൾ കഴിഞ്ഞ വർഷാരംഭം മുതൽ നടന്നു. സ്റ്റോക്ക്‌ലാൻഡ് ഗ്രീനിൽ 452 മോഷണങ്ങൾ നടന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 205 മോഷണങ്ങൾ നടന്നിട്ടുണ്ട്. പ്രദേശത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്ന് നിവാസികൾ മുന്നറിയിപ്പ് നൽകി.

ഈ വർഷം ഇതുവരെ ലോസെൽസിലും ഈസ്റ്റ് ഹാൻഡ്സ്വർത്തിലും 207 മോഷണങ്ങൾ നടന്നിട്ടുണ്ട്. ബർട്ടിംഗ് ഗ്രീനിലും മോഷണങ്ങൾക്ക് കുറവില്ല. 446 കേസുകൾ 2020 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഷ്ടാക്കളെ ക്യാമറയിൽ കണ്ടതിനെ തുടർന്ന് ഒരു ബേസ്ബോൾ ബാറ്റുമായാണ് ഉറങ്ങുന്നതെന്ന് വീട്ടമ്മ വെളിപ്പടുത്തിയിരുന്നു. മോസ്ലി & കിംഗ്സ് ഹീത്ത്, ഹാർബൺ, ഷാർഡ് എൻഡ് എന്നിവിടങ്ങളിലും വർഷം തോറും ധാരാളം മോഷണങ്ങൾ നടക്കുന്നുണ്ട്. മോഷണങ്ങൾക്ക് തടയിടാൻ പോലീസും അധികാരികളും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്.