ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ടര വർഷത്തെ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തും മുൻ ഭാര്യയായ ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് വിവാഹമോചന നഷ്ടപരിഹാരമായി 500 മില്യൺ പൗണ്ടിലധികം കൈമാറും. യുകെയിലെ എക്കാലത്തെയും വലിയ വിവാഹമോചന നഷ്ടപരിഹാര തുകയാണിത്. മക്കളായ ജലീല (14), സായിദ് (9) എന്നിവർക്ക് ഓരോ വർഷവും 5.6 മില്യൺ പൗണ്ട് നൽകണമെന്നും ഉത്തരവിലുണ്ട്. മുൻഭാര്യയുടെയും മക്കളുടെയും സുരക്ഷയ്ക്കായി വലിയ തുക നൽകേണ്ടി വരും.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യ മകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.

മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. നിയമനടപടികൾക്കിടെ ഹയ രാജകുമാരിയുടെയും അഭിഭാഷകരുടെയും സുരക്ഷാ സംഘത്തിന്റെയും ഫോണുകൾ ഹാക്ക് ചെയ്യാനുള്ള ഗൂഢാലോചനയിൽ ഷെയ്ഖ് ഉൾപ്പെട്ടിരുന്നതായി തെളിഞ്ഞു. ഷെയ്ഖ് മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തിയത് കഴിഞ്ഞ വർഷമാണ്.

ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്‍കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ് ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമാണ് ഹയ.