ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിയിൽ നിന്ന് വിരമിച്ച അധ്യാപകരോട് സേവനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഗവൺമെൻറ് . ഒമിക്രോൺ വ്യാപനം മൂലം ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ സ്കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി ഈ നടപടി സഹായിക്കും എന്നാണ് കരുതുന്നത് . ഓഫ്‌ലൈൻ ക്ലാസുകൾ സുഗമമായി നടത്തുന്നതിനു വേണ്ടി സഹായിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി ആണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യപ്പെട്ടത്. കോവിഡ് മൂലമോ സമ്പർക്ക പട്ടികയിൽ വന്നതിനാലോ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വരുന്ന അധ്യാപകർക്ക് തുടർന്ന് ക്ലാസ്സുകൾ എടുക്കാൻ സാധിക്കാത്ത സാഹചര്യം മുന്നിൽ കണ്ടാണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യ സർവീസായി ഉപയോഗപ്പെടുത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഇന്ന് മുതൽ വിരമിച്ച അധ്യാപകർക്കും ഈ സംരംഭത്തിൽ ചേർന്ന് തുടങ്ങാമെന്നാണ് കരുതപ്പെടുന്നത്. ആഴ്ചയിൽ ഒരു ദിവസം എങ്കിലും വിരമിച്ച അധ്യാപകരുടെ സേവനം ലഭ്യമാകുകയാണെങ്കിൽ വളരെ സഹായകമാണെന്നാണ് ഗവൺമെൻ്റിൻ്റെ അഭിപ്രായം.                     ഗെറ്റ് ഇൻറ്റു ടീച്ചിങ് വെബ്സൈറ്റ് ലിങ്ക് വഴി താല്പര്യമുള്ള വിരമിച്ചതോ അതോ നേ രത്തെ അധ്യാപക വൃത്തിയിൽ ഏർപ്പെടുകയോ ചെയ്തവർക്ക് രജിസ്റ്റർ ചെയ്യാം .

ഒമിക്രോൺ വ്യാപനം ഗുരുതരമാകുകയാണെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ നടത്തി കൊണ്ട് പോകുന്നതിന് സ്കൂളുകൾ വൻ പ്രതിസന്ധിയെ നേരിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കൂടുതൽ അധ്യാപകരെ ലഭ്യമാക്കുന്നത് സഹായകരമാണെങ്കിലും ഇപ്പോൾതന്നെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയെ ആണ് നേരിടുന്നതെന്ന് എൻഎ എച്ച് റ്റി യൂണിയൻ തലവൻ പോൾ വൈറ്റ്മാൻ പറഞ്ഞു.