ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നോർഫോക്കിലെ സാൻഡ്രിൻങ്ഹാമിലെ ക്രിസ്മസ് ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞി. രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ തന്നെ തുടരുമെന്നും, മറ്റ് രാജകുടുംബാംഗങ്ങൾ രാജ്ഞിയോടൊപ്പം ചേരുമെന്നും അധികൃതർ വ്യക്തമാക്കി. തികച്ചും സ്വകാര്യമായ ഒരു തീരുമാനമാണ് ഇതെന്നും, കോവിഡ് മുൻകരുതലിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നും കൊട്ടാരം അധികൃതർ വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് സാൻഡ്രിൻങ്ഹാമലുള്ള ക്രിസ്മസ് ആഘോഷം കോവിഡ് മൂലം മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ആഴ്ച കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസിന് മുന്നേയുള്ള വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് രാജ്ഞി അറിയിച്ചിരുന്നു. കുടുംബാംഗങ്ങൾ ആരൊക്കെ വിൻഡ്സർ കാസ്റ്റിലിൽ എത്തുമെന്ന് വ്യക്തമല്ലെങ്കിലും, കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്ന് രാജകുടുംബ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


രാജ്ഞിയുടെ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി രാജ്ഞിയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാത്രമാണെന്ന് രാജകുടുംബാംഗങ്ങൾ വ്യക്തമാക്കി.