ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പതിനൊന്നുകാരിയായ പെൺകുട്ടി അമ്മയായി. കുഞ്ഞിന് ജന്മം നൽകിയത് ഈ മാസം ആദ്യമാണ്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ് ഇതെന്ന് കരുതപ്പെടുന്നു. പത്തു വയസുള്ളപ്പോഴാണ് പെൺകുട്ടി ഗർഭിണിയായതെന്നും പ്രസവശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ സംഭവത്തെപ്പറ്റി യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. സാമൂഹിക സേവനങ്ങളും കൗൺസിൽ മേധാവികളും അന്വേഷണം നടത്തിവരികയാണ്. ഇത് വലിയൊരു ഞെട്ടൽ ഉണ്ടാക്കിയെന്ന് കുടുംബാംഗം പറഞ്ഞു. “അവൾ ഇപ്പോൾ വിദഗ്ദ്ധരുടെ സംരക്ഷണത്തിലാണ്. പ്രധാന കാര്യം ഇരുവരും സുഖമായിരിക്കുന്നുവെന്നാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ ഇതിനുമുമ്പ് ഏറ്റവും പ്രായം കുറഞ്ഞ അമ്മ ട്രെസ മിഡിൽടൺ ആയിരുന്നു. ട്രെസ 2006 ൽ പ്രസവിക്കുമ്പോൾ 12 വയസ്സായിരുന്നു പ്രായം. “ഒരു പെൺകുട്ടി പ്രായപൂർത്തിയാകാൻ തുടങ്ങുന്ന ശരാശരി പ്രായം 11 ആണ്. 8 വയസ്സിനും 14 വയസ്സിനും ഇടയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ശരീരഭാരം ഹോർമോണുകളെ ബാധിക്കുന്നുണ്ട്. പെൺകുട്ടിക്ക് ശരീരഭാരം കൂടുതലാണെങ്കിൽ പ്രതീക്ഷിക്കുന്നതിലും നേരത്തെ പ്രായപൂർത്തി ആയേക്കാൻ സാധ്യതയുണ്ട്.” ഡോക്ടർ കരോൾ കൂപ്പർ പറഞ്ഞു. ശൈശവത്തിൽ ഗർഭധാരണം നടന്നാൽ ശിശുവിന്റെ ഭാരം കുറയുക, അകാല പ്രസവം, നിരവധി അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കൂട്ടിച്ചേർത്തു.
2014-ൽ, പന്ത്രണ്ട് വയസുള്ള പെൺകുട്ടിക്കും പതിമൂന്നുകാരനും ഒരു കുഞ്ഞ് ജനിച്ചിരുന്നു. 2017 ൽ, 11 വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രാജിവെച്ചു. സാമൂഹ്യ അകലം പാലിക്കുന്നത് കർശനമായി നിഷ്കർഷിച്ചിരുന്ന സമയത്ത് തൻെറ സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങൾ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. ജീന കൊളാഞ്ചലോയുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ മാറ്റ് ഹാൻകോക്ക് തൻറെ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിയുന്നതിനെക്കുറിച്ച് സംസാരിച്ചതായിട്ടുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
കഴിഞ്ഞ ദിവസങ്ങളിലാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻകോക്കിന്റെ ചുംബനം സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലം മുതൽ സുഹൃത്തായ എംഎസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻകോക്ക് നിയമിച്ചത് .
മാറ്റ് ഹാൻകോക്കിന് പകരമായി മുൻ ചാൻസലറും ആഭ്യന്തര സെക്രട്ടറിയുമായ സാജിദ് ജാവിദിനെ നിയമിച്ചതായി ഡൗണിങ് സ്ട്രീറ്റിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ : – ബ്രെക് സിറ്റ് മൂലവും കോവിഡ് പ്രതിസന്ധി മൂലവും ഉണ്ടായിരിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം ഈ വേനൽക്കാലത്ത് സൂപ്പർ മാർക്കറ്റുകളിലും മറ്റും സാധനങ്ങൾക്ക് കുറവുകൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. ഏകദേശം ഒരു ലക്ഷത്തോളം ഡ്രൈവറുമാരുടെ കുറവുമൂലം, കടകളിലേക്കുള്ള സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിൽ വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് വ്യവസായ ഉടമസ്ഥർ ആരോപിക്കുന്നു. ഇതുമൂലം സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകളും മറ്റും കാലിയായി കിടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് വ്യവസായികളും മറ്റും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജൂൺ 23ന് കത്തയച്ചു. യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ നിന്നും ട്രക്ക് ഡ്രൈവർമാരെ ബ്രിട്ടണിലേക്ക് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി ഗവൺമെന്റ് ടെമ്പററി വർക്ക് വിസകൾ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ബ്രിട്ടന്റെ പുതിയ പോസ്റ്റ് – ബ്രെക്സിറ്റ് ഇമിഗ്രേഷൻ സിസ്റ്റം അനുസരിച്ച്, വ്യവസായികൾ ബ്രിട്ടണിൽ നിന്ന് തന്നെയുള്ള ലോക്കൽ ഡ്രൈവർമാരെ തന്നെ ജോലിക്കായി എടുക്കണമെന്നാണ് ഗവൺമെന്റ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിൽ നിലവിൽ തന്നെ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിനു നേതൃത്വം നൽകിയ റോഡ് ഹോളേജ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ബർനെറ്റ് ആരോപിച്ചു.
എന്നാൽ രാജ്യമെമ്പാടുമുള്ള സൂപ്പർമാർക്കറ്റുകളിലേക്കും, മറ്റു കടകളിലേക്കും സാധനങ്ങൾ എത്തിക്കാൻ ആവാത്തത് മൂലം സാധനങ്ങൾ പാഴായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ബ്രെക്സിറ്റ് മൂലമാണ് ഇത്തരം ലോറി ഡ്രൈവർമാരുടെ ക്ഷാമം ബ്രിട്ടണിൽ ഉണ്ടായിരിക്കുന്നത്. കൊറോണ ബാധ ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. കൊറോണ മൂലം നിലവിലുള്ള ഡ്രൈവർമാരും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോവുകയാണ് ചെയ്തത്. ഗവൺമെന്റ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഐഫോണിൽ നിന്നും വിവരങ്ങൾ മായ്ച്ചു കളയാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മറ്റൊരാളിൽ എത്താതിരിക്കാൻ ഇത് സഹായിക്കും. ഇതിനായി ആപ്പിൾ ഐക് ലൗഡ് അക്കൗണ്ട് ആവശ്യമാണ്. ഒപ്പം രജിസ്റ്റർ ചെയ്‌ത ഉടമയ്ക്ക് മാത്രമേ വിവരങ്ങൾ മായ്ക്കാൻ സാധിക്കൂ. മായ്ച്ചുകഴിഞ്ഞാൽ പിന്നീട് ‘ഫൈൻഡ് മൈ ഐഫോൺ’ ഉപയോഗിക്കാൻ സാധിക്കില്ല. ഒപ്പം ഉപകരണത്തിൽ ആപ്പിൾ പേ സേവനം നിലയ്ക്കുന്നതിനാൽ ആളുകൾക്ക് ഇത് ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും കഴിയില്ല. ഒടുവിൽ നിങ്ങളുടെ ഉപകരണം കണ്ടെത്തുകയാണെങ്കിൽ, ഒരു ബാക്കപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് അതിന്റെ വിവരങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും.
ഐഫോണിലെ വിവരങ്ങൾ മായ്ക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. ആദ്യം iCloud.com ലേക്ക് പോകുക. ‘ഓൾ ഡിവൈസിൽ’ ക്ലിക്ക് ചെയ്യുക. തുടർന്ന് വിവരങ്ങൾ മായ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപകരണം തിരഞ്ഞെടുക്കുക. ‘ഇറേസ് ഐഫോണിൽ’ ക്ലിക്ക് ചെയ്ത ശേഷം ആപ്പിൾ ഐഡിയും പാസ് വേർഡും സമർപ്പിക്കുക. ഉപകരണം നഷ്‌ടപ്പെട്ടതാണെങ്കിൽ, നിങ്ങൾക്ക് ഒരു ഫോൺ നമ്പറോ സന്ദേശമോ നൽകാവുന്നതാണ്. ഇത് ഉപകരണത്തിന്റെ ലോക്ക് ചെയ്ത സ്ക്രീനിൽ ദൃശ്യമാകും.
ഉപകരണം ഓൺലൈനിലാണെങ്കിൽ, റിമോട്ട് ഇറേസ് ഉടനടി ആരംഭിക്കും. മായ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ഉപകരണം കണ്ടെത്തിയാൽ ഈ നടപടി റദ്ദാക്കാൻ കഴിയും. എന്നാൽ ഇത് ഓഫ്‌ലൈനിൽ തുടരുകയാണെങ്കിൽ മാത്രമേ സാധ്യമാകുകയുള്ളൂ.
ഷെഫ് ജോമോൻ കുര്യക്കോസ്
പറങ്കികൾ കഴിച്ചു നെഞ്ചിലേറ്റിയ നമ്മുടെ മീൻ മോളിയെ ഷെഫ് ജോമോൻ ഒന്ന് പരിഷ്കരിച്ചു പ്ലേറ്റിലാക്കിയാൽ എത്രപേർക്ക് ഇഷ്ടമാകും. പണ്ട് പോർച്ചുഗീസുകാർ നാട്ടിൽ വന്നപ്പോൾ ആതിഥ്യ മര്യാദയ്ക്ക് പേര് കേട്ടിരുന്ന കേരളീയർ കൊടുത്ത മീൻകറിയുടെ എരിവ് അവർക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അതുകണ്ട നാട്ടുകാരി ആയ മോളി എന്ന സ്ത്രീ അതിൽ തേങ്ങ പാൽ ഒഴിച്ച് എരിവ് കുറച്ചു. അന്ന് മുതൽ ആണ് ഇത് മീൻ മോളീ എന്ന് അറിയപ്പെട്ട് തുടങ്ങിയത് .
മീൻ മാരിനെറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ
ആവോലി-അര കിലോ അല്ലെങ്കിൽ 2 നല്ല പീസ്
മഞ്ഞൾപൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്‌പൂൺ
നാരങ്ങാ നീര് -1 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
ഫിഷ് മോളി സോസിനു വേണ്ട ചേരുവകൾ
ഇഞ്ചി (അര ഇഞ്ച്) – പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി- 2 അല്ലി പൊടിയായി അരിഞ്ഞത്
സവാള – 1 നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -2 എണ്ണം നടുവേ കീറിയത്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
കുരുമുളക് -1 ടീസ്പൂൺ
ഒന്നാം പാൽ -1 കപ്പ്
രണ്ടാം പാൽ -1 കപ്പ്
കറിവേപ്പില -2 തണ്ട്
നാരങ്ങാ നീര് -1 ടീസ്പൂൺ
ചെറി ടൊമാറ്റോ – 3 എണ്ണം
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീൻ നന്നായി വൃത്തിയാക്കി കഴുകി മുറിച്ചെടുക്കുക. മഞ്ഞൾപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കിയ കൂട്ട് പുരട്ടി മീൻ 20 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. അതിന് ശേഷം ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ ചെറുതീയിൽ രണ്ടു വശവും ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കുക. അതേ പാനിൽ അല്പം കൂടി ഓയിൽ ചേർത്ത് ചൂടാക്കി കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ഒരു മിനിറ്റ് വഴറ്റിയെടുക്കുക. കൂടെ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേർത്ത് വീണ്ടും വഴറ്റുക (സവാള ബ്രൗൺ ആകാതെ നോക്കുക).ഇതിലേയ്ക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി,രണ്ടാം പാൽ എന്നിവ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കുക. എണ്ണ വറ്റിതുടങ്ങുമ്പോൾ തീ കുറച്ചശേഷം നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. വറുത്തു വെച്ചിരിക്കുന്ന മീൻ മൂടുന്ന രൂപത്തിൽ സോസ് യോജിച്ചു ചെറുതീയിൽ ചൂടാക്കുക. മീൻ ചേർത്ത് കഴിഞ്ഞാൽ ഇളക്കരുത്. സോസ് തിളച്ചു വരുമ്പോൾ ഒന്നാംപാലും ചേർത്ത് വളരെ ചെറു തീയിൽ രണ്ടു മിനിറ്റ് കൂടി ചൂടാക്കി ചെറി ടോമാറ്റോയും ചേർത്ത് തീ കെടുത്തുക.
ഷെഫ് ജോമോൻ കുര്യാക്കോസ്
ഡോ. ഐഷ വി
എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീ ലക്ഷ്മി അച്ഛാമ്മയായിരുന്നു. ലക്ഷ്മി അച്ഛാമ്മയ്ക്ക് ഇരുട്ടിനേയോ ദൂരത്തേയോ അപവാദത്തേയോ നിയമവ്യവസ്ഥയേയോ ഒന്നും ഭയമില്ലായിരുന്നു. ഒരു പക്ഷേ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയതു കൊണ്ടാകാം ലക്ഷ്മി അച്ഛാമ്മയക്ക് ഇത്രയും കരുത്ത് വന്നത്. ” തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നാണല്ലോ പ്രമാണം. ഇക്കാലത്ത് സ്ത്രീകൾ നിരന്തരം പീഡിപ്പിയ്ക്കപ്പെടുകയും, ഭർത്തൃ വീട്ടിലോ സമൂഹത്തിലോ അടിച്ചമർത്തപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യുമ്പോൾ അതിജീവനത്തിന്റേയും നിരന്തര പോരാട്ടത്തിന്റേയും മകുടോദാഹരണമായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ജീവിതം. ഓരോ പോരാട്ടത്തിലും ശരിയും തെറ്റുമുണ്ടാകാം നീതിയും നീതികേടുമുണ്ടാകാം, ധാർമ്മികതയും അധാർമ്മികതയുമുണ്ടാകാം എന്നിരുന്നാലും ഈ പെൺകരുത്തിനെ സ്മരിക്കാതെ വയ്യ.
നാട്ടുവാഴി തറവാട്ടിൽ നീലമ്മയുടേയും ഈശ്വരന്റേയും മകളായി 120 വർഷം മുമ്പ് ജനനം. നീലമ്മയുടെ സഹോദരൻ കൊച്ചു പത്മനാഭനായിരുന്നു തറവാട്ടു കാരണവർ. 150 ഏക്കറിലധികം വസ്തുവകകൾ ഉണ്ടായിരുന്ന കാരണവർ അനന്തരവളെ പരവൂരിലുള്ള അതിസമ്പന്നമായ കുടുംബത്തിലെ രാമനുമായി വിവാഹം നടത്തി അയച്ചു. രാമൻ തന്റെ ജ്യേഷ്ഠനുമൊത്ത് പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം( പങ്ക് കച്ചവടം) നടത്തിയിരുന്നു. കച്ചവടത്തിൽ ജ്യേഷ്ഠന്റെ ചതി അനുജൻ മനസ്സിലാക്കിയിരുന്നില്ല. പാർട്ണർഷിപ്പിൽ ലയബിലിറ്റി കൂടുതൽ ആയിരിയ്ക്കും കമ്പനിയാണെങ്കിൽ ലയബിലിറ്റി കുറവായിരിയ്ക്കും എന്നൊക്കെ കോമേഴ്സ് വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യങ്ങൾ രാമനോ ഒരു നൂറ്റാണ്ട് മുമ്പ് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന ലക്ഷ്മി അച്ഛാമ്മയോ ഗ്രഹിച്ചിരുന്നില്ലെന്ന് രത്‌ന ചുരുക്കം. ഫലം , രാമനും ഭാര്യയും ജ്യേഷ്ഠന്റെ ചതിയിൽ പാപ്പരാക്കപ്പെട്ട് കുടുംബത്തിൽ നിന്നും കച്ചവടത്തിൽ നിന്നും പുറത്തേയ്ക്ക്. ഒരർത്ഥത്തിൽ പറഞ്ഞാൽ രാമായണത്തിലെ രാമന് ഭാര്യ സീതയുമൊത്ത് വനവാസത്തിന് പോകേണ്ടി വന്നതു പോലത്തെ അവസ്ഥ.
തറവാട്ടിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോരാൻ ലക്ഷ്മി അച്ഛാമ്മയുടെ ആത്മാഭിമാനം അനുവദിച്ചില്ല. അതിനാൽ തന്നെ പരവൂരിൽ ഒരു ചായക്കട നടത്തി പൂജ്യത്തിൽ നിന്നും ജീവിതം കരുപിടിപ്പിയ്ക്കാനായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ശ്രമം. ആകെ അഞ്ച് മക്കളായിരുന്നു ലക്ഷ്മി അച്ഛാമ്മയക്ക്. മൂന്ന് പെണ്ണും രണ്ടാണും. ഭർത്താവ് രാമന് കടുത്ത പ്രമേഹം ബാധിക്കുക കൂടി ചെയ്തതോടെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാൻ കഴിയാതെയായി. അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് പരവൂരിലെത്തിയ കാരണവർ ലക്ഷ്മി അച്ഛാമ്മയും കുടുംബവും കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണാനിടയായി. കൊച്ച് കഷ്ടപ്പാടിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ കാരണവർ അവരെ ചിറക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോന്നു.
പിന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ലക്ഷ്മി അച്ഛാമ്മയുടെ പോരാട്ട കാലം. അനുഭവമെന്ന ഗുരുവിൽ നിന്നും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടാനായതിന്റെ പതിന്മടങ്ങ് വിവരം അവർ സ്വായത്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് നെൽകൃഷിയുള്ളവർക്ക് സുഭിക്ഷമായി അരിയാഹാരം കഴിക്കാം അല്ലാതുള്ളവർക്ക് അന്നജം ലഭിക്കാൻ മരച്ചീനിയും മാംസ്യം ലഭിക്കാൻ മീനുമായിരുന്നു ആശ്രയം. അരിയാഹാരം കഴിക്കാൻ ആഗ്രഹിച്ച ലക്‌ഷ്മി അച്ചാമ്മ പാർവത്യാരുടെ വീട്ടിൽ രാത്രിയോ കൊച്ചു വെളുപ്പാൻ കാലത്തോ എത്തുന്ന നെല്ല് സഹായികളായ സ്ത്രീകളെയും കൂട്ടിപ്പോയി രാത്രിയോ പകലോ എന്ന് നോക്കാതെ തലച്ചുമടായി കൊണ്ടുവന്നു. പുഴുങ്ങിയുണക്കി ഉരലിൽ ഈച്ചാടി കുത്തി അരിയാക്കി. വിൽക്കാൻ വേണ്ടി ചെയ്താൽ തിന്നാൻ വേണ്ടി കിട്ടും എന്നതായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ സാമ്പത്തിക ശാസ്ത്രം. കൂടാതെ ഏത് ബിസിനസ്സിന്റേയും ലാഭം എത്രയളവിൽ ഉത്പാദിപ്പിക്കുന്നു – എന്നതിനെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന മാനേജ്മെന്റ് തന്ത്രവും അവർ മനസ്സിലാക്കിയിരുന്നു. ജോലിക്കാരെ ഒരിക്കലും പിണക്കാതെ നയത്തിൽ നിർത്തി കാര്യങ്ങൾ നടപ്പിലാക്കുന്ന മനുഷ്യവിഭവശേഷി വിദഗ്ധ കൂരോഹിണിമകളായടിയായിരുന്നു അവർ. ഈ നയം അപ്പച്ചിയ്ക്ക് കൂടി കിട്ടിയിരുന്നു. ഇവർ മനുഷ്യ വിഭവശേഷി കൃത്യമായും വിദഗ്ധമായും മാനേജ് ചെയ്യുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
നെല്ലുകുത്തി വിൽക്കുന്നത് കൂടാതെ ബന്ധുക്കളായ ആലപ്പുഴക്കാരുടേയും തിരുവനന്തപുരത്തുകാരുടേയും വസ്തുവകകൾ കൂടി ലക്ഷ്മി അച്ചാമ്മ നോക്കി നടത്തിയിരുന്നു. അതിനാൽ തന്നെ കുറെ പണിക്കാർ ലക്ഷ്മി അച്ചാമ്മയെ ആശ്രയിച്ച് ജീവിച്ചിരുന്നു. ഇങ്ങനെ വസ്തുവകകൾ നോക്കി നടത്തിയിരുന്നതിനാൽ ഇടയ്ക്കിടെ ആലപ്പുഴ യാത്രയും തിരുവനന്തപുരം യാത്രയും ചെയ്യേണ്ടി വന്നിരുന്നു. യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് കൊച്ചു വെളുപ്പാൻ കാലത്തേ തന്നെ ഓലച്ചൂട്ട് കത്തിച്ചിറങ്ങി കിലോമീറ്ററുകൾ അകലെയുള്ള ബസ് സ്റ്റോപ്പിലെത്തണം. തിരിച്ചും അതുപോലെ രാത്രിയായിരിയ്ക്കും മടക്കം. ലക്ഷ്മി അച്ചാമ്മയുടെ സഹോദരിമാർ ഉൾപ്പടെ സമപ്രായക്കാരായ ആ കാലഘട്ടത്തിലെ സ്ത്രീകൾ പുരുഷന്റെ നിഴലായി വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോഴായിരുന്നു ഇത്തരം യാത്രകൾ. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാരിരുമ്പിന്റെ കരുത്തുള്ള മനക്കരുത്തുള്ള സ്ത്രീയായി മാറുകയായിരുന്നു. ഒരു പൂവാലനും അവരുടെ പിറകെ കൂടിയില്ല. ആരും കമന്റടിച്ചില്ല. ഒരപവാദ പ്രചരണവും നടത്തിയില്ല. പ്രായം ഏറി വന്നപ്പോൾ ” കീഴതിലമ്മയെ”ന്ന് ആളുകൾ ബഹുമാനപുരസരം വിളിച്ചു പോന്നു.
എന്റെ കുട്ടിക്കാലത്ത് ഞാൻ ലക്ഷ്മി അച്ചാമ്മയോട് രാത്രിയുള്ള യാത്രകളിൽ പേടിയാകില്ലേയെന്ന് ഒരിക്കൽ ചോദിച്ചു. അപ്പോഴാണവർ മഴയുള്ള ഒരമാവാസി രാവിലെ യാത്രയെ കുറിച്ച് എന്നോട് പറഞ്ഞത്. വെളിച്ചത്തിന് വേണ്ടി ചൂട്ടും കെട്ടി പോവുകയായിരുന്നല്ലോ പതിവ്. മഴ കാരണം ചൂട്ടണഞ്ഞു പോയി. കുറ്റാകുറ്റിരുട്ട്.. ഒന്നും കാണാൻ വയ്യ. അന്നൊക്കെ പറമ്പുകൾ വൃത്തിയായും കയ്യാലകൾ ആണ്ടോടാണ്ട് കോരി മിനുക്കി ഇടുന്ന പതിവ് ആളുകൾക്കുണ്ടായിരുന്നു. അങ്ങനെ നാട്ടുവഴിയുടെ ഓരം ചേർന്ന് കയ്യാല തപ്പി തപ്പി നടന്ന ലക്ഷ്മി അച്ചാമ്മ ചെന്ന് പെട്ടത് ഒരാനയുടെ അടുത്താണ്. കയ്യാലയെന്ന് കരുതി ആനയെ പിടിച്ചപ്പോൾ അത് അനങ്ങുന്നു. ആന ഉപദ്രവിച്ചില്ല. അങ്ങനെ ലക്ഷ്മി അച്ചാമ്മ രക്ഷപെട്ടു. ഇക്കഥ കേട്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരി മമ്മൂഞ്ഞിനെയാണ് എനിക്കോർമ്മ വന്നത്. മറ്റൊന്ന് കള്ളന്മാർ വന്ന ദിവസം പുറത്തിറങ്ങി നോക്കിയതാണ്. സ്വയരക്ഷയ്ക്കായി കൈയ്യിൽ കരുതുന്ന വടിയുമായി പുറത്തിറങ്ങിയ ലക്ഷ്മി അച്ഛാമ്മ കണ്ടത് വീടിന്റെ ഭിത്തിയിൽ ചേർന്ന് ശ്വാസം പോലും വിടാതെ നിൽക്കുന്ന രണ്ട് കള്ളന്മാരെയാണ്. ലക്ഷ്മി അച്ചാമ്മ അവരെ ഉപദ്രവിക്കാതെ വീടിനകത്തേയ്ക്ക് കയറിപ്പോയി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സാമൂഹിക അകലം പാലിക്കണമെന്ന മാർഗ നിർദേശം ലംഘിച്ച് സെക്രട്ടറിയെ ചുംബിച്ച ആരോഗ്യ സെക്രട്ടറിയുടെ വിവാദ നടപടിയെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും. ജനങ്ങളുടെമേൽ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് സർക്കാരിൻറെ തന്നെ ഭാഗമായ ആരോഗ്യ സെക്രട്ടറി നിയമംലംഘിച്ചതിനുള്ള പ്രതിഷേധം ശക്തമാണ് . തൻറെ സെക്രട്ടറി ഗിന കൊളഡാഞ്ചലോയെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ആരോഗ്യ സെക്രട്ടറി ക്ഷമ ചോദിച്ചിരുന്നു. ടോറി എംപിയായ ഡങ്കൻ ബേക്കർ മാറ്റ് ഹാൻകോക്ക് രാജിവെയ്ക്കണമെന്ന് പരസ്യമായ അഭിപ്രായ പ്രകടനം നടത്തി. പ്രതിപക്ഷ ലേബർ പാർട്ടിയും കോവിഡ്-19 ബ്രേവ്ഡ് ഫാമിലീസ് ഫോർ ജസ്റ്റിസ് ഗ്രൂപ്പും അദ്ദേഹത്തെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാറ്റ് ഹാൻകോക്കിൻെറ ക്ഷമാപണം സ്വീകരിച്ചതായും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയതായും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
ഇന്നലെയാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻകോക്കിന്റെ ചുംബനം സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തപ്പോൾ മുതൽ സുഹൃത്തായ എംഎസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻകോക്ക് നിയമിച്ചത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആമസോണിന്റെ പേരിൽ ഫോൺ വിളികളിലൂടെ തട്ടിപ്പ് വ്യാപകമെന്ന് മുന്നറിയിപ്പ് നൽകി ലോയിഡ് ബാങ്ക്. തുടക്കത്തിൽ മുഖ്യ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ആയിരിക്കും തട്ടിപ്പുകാർ ഉപഭോക്താക്കളെ ബന്ധപ്പെടുക. ഉപഭോക്താവിന് എന്തെങ്കിലും റീഫണ്ട് നൽകാനുണ്ടെന്നോ, അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ പരിഹാരം ചെയ്തു തരാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ വിശ്വാസം പിടിച്ചുപറ്റുന്നത്. എന്നാൽ ഇത്തരത്തിൽ സഹായങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താവിന്റെ ഡിവൈസിന്റെ മുഴുവൻ നിയന്ത്രണവും തങ്ങൾക്ക് വേണമെന്നാണ് അവർ പിന്നീട് ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകൾ കഴിഞ്ഞവർഷം രണ്ടിരട്ടിയായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനുവേണ്ടി സംഘടിതമായ.രീതിയിൽ പ്രവർത്തിച്ചുവരുന്ന തട്ടിപ്പ് സംഘങ്ങൾ ഉണ്ടെന്ന് ലോയ്ഡ് ബാങ്ക് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടർ ഫിലിപ്പ് റോബിൻസൺ വ്യക്തമാക്കി. ഓരോ തവണയും പുതിയ മാർഗ്ഗങ്ങളുപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
ഉപഭോക്താവിന്റെ ഡിവൈസിൽ എന്തെങ്കിലും പുതിയ സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്യണമെന്ന ആവശ്യവുമായി പ്രമുഖ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ഫോൺകോളുകൾ ചെയ്യുന്ന തട്ടിപ്പുകാരുമുണ്ട്. ഉപഭോക്താവിന്റെ ഫോണിന്റെയോ, ടാബ്ലറ്റിന്റെയോ, കമ്പ്യൂട്ടറിന്റെയോ അക്സസ്സ് ഇത്തരം തട്ടിപ്പുകാർക്ക് ലഭിച്ചാൽ എല്ലാവിധ സ്വകാര്യ വിവരങ്ങളും ഇവർക്ക് ലഭിക്കും. ചിലപ്പോൾ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റും ഇവർക്ക് ഇത്തരത്തിൽ ലഭിക്കും. അതിനാൽ തന്നെ ഇമെയിലുകളിലൂടെയോ മെസ്സേജുകളിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ എല്ലാം തന്നെ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇതോടൊപ്പംതന്നെ ലഭിക്കുന്ന ഫോൺകോളുകൾ കൃത്യമായിട്ടുള്ളവ ആണെന്ന് വിലയിരുത്തി മാത്രമേ സ്വകാര്യ വിവരങ്ങളും മറ്റും നൽകാവൂ എന്നും കർശനമായ നിർദ്ദേശമാണ് ബാങ്ക് അധികൃതർ നൽകുന്നത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ആമസോണിന്റെ പേരിൽ നടന്ന തട്ടിപ്പിൽ, കസ്റ്റമർക്ക് റീഫണ്ട് ഉണ്ട് എന്ന രീതിയിലാണ് ഫോൺ കോൾ ലഭിച്ചത്. ഇത് ലഭിക്കുന്നതിനായി അവരുടെ അക്കൗണ്ട് വിവരങ്ങളും മറ്റും ആവശ്യമാണെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് സമൂഹത്തിൽ നടന്നു വരുന്നതെന്ന് ലോയിഡ് ബാങ്ക് വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് നൽകുന്നത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ട്രോബെറി മൂൺ എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ പ്രതിഭാസം രേഖപ്പെടുത്തി. ജൂൺ 24 വ്യാഴാഴ്ചയാണ് ഈ കാഴ്ച ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അനുഭവവേദ്യമായത്. സ്ട്രോബറിയുടെയും മറ്റു പഴങ്ങളുടെയും വിളവെടുപ്പ് ഈ സമയം നടക്കുന്നതിനാലാണ് ഇതിനു സ്ട്രോബറി മൂൺ എന്ന പേര് ലഭിച്ചത്.
ഓരോ മാസവും പൂർണ ചന്ദ്രന് ഓരോ പേരുകൾ ആയിരിക്കും വിവിധ രാജ്യങ്ങളിൽ ഉണ്ടാവുക. ഈ മാസത്തെ പൂർണ്ണചന്ദ്രൻ , സൂപ്പർ മൂൺ കൂടി ആണ് എന്ന പ്രത്യേകതയുമുണ്ട്. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമാകുക. ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ കൂടിയാണ് ജൂൺ 24ന് രേഖപ്പെടുത്തിയത്.
സൂര്യാസ്തമയത്തിനു ശേഷം വടക്ക് പടിഞ്ഞാറൻ ദിശയിലായിരിക്കും ഈ ദൃശ്യം കൂടുതൽ വ്യക്തമാകുക എന്ന് ഗ്രീൻവിച്ച് റോയൽ ഒബ്സർവേറ്ററിയിലെ ആസ്ട്രോണമർ ജയിക് ഫോസ്റ്റർ വ്യക്തമാക്കി. ഇതു കാണുന്നതിനായി പ്രത്യേകതരം ഉപകരണങ്ങളുടെ ഒന്നും തന്നെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യക്കാർക്ക് അഭിമാനത്തിന് വക നൽകുന്ന ദിനമായിരുന്നു ജൂൺ 25. ബ്രിട്ടണിലെ സ്കൂൾ കുട്ടികൾ ദേശഭക്തിഗാനം ഒന്നിച്ചാലപിച്ചപ്പോൾ കാഷ് സിംഗ് എന്ന ഇന്ത്യക്കാരൻ്റെ പ്രയത്നങ്ങൾക്ക് കിട്ടിയ അംഗീകാരമാണത്.
മുൻ പൊലീസ് ഓഫിസറായ കാഷ് സിംഗ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിലാണ് വൺ ബ്രിട്ടൺ വൺ നേഷൻ ക്യാമ്പയിന് തുടക്കമിട്ടത്. വെസ്റ്റ് യോർക്ക് ഷെയർ പോലീസിൽ ഇൻസ്പെക്ടർ റാങ്കിൽ ജോലി ചെയ്തിരുന്ന കാഷ് സിംഗിൻ്റെ സേവനങ്ങൾ സേനയിലായിരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ദശകങ്ങൾക്ക് മുമ്പ് ബ്രിട്ടണിലെ ഏറ്റവും കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെന്ന കുപ്രസിദ്ധി ഉണ്ടായിരുന്ന മാനിംഗ്ഹാം പ്രദേശത്തെ ക്രൈം നിരക്ക് കാഷ് സിംഗിൻ്റെ ശ്രമഫലമായി ബ്രാഡ് ഫോർഡ് ഡിസ്ട്രിക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് താഴുന്നത് ബ്രിട്ടൻ മുഴുവൻ അത്ഭുതത്തോടെയാണ് കണ്ടത് . മാനിംഗ്ഹാം പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയുക്തനായ കാഷ് സിംഗ് 13500ഓളം ആളുകളോടാണ് നേരിട്ട് സംവേദിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ്റെ സ്ഥാപകനായ കാഷ് സിംഗ് നിലവിൽ ഇതിൻ്റെ ചെയർമാനായി സേവനം അനുഷ്ഠിക്കുകയാണ്.