ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയ രോഗികളിൽ ഗാങ്റിനും, അതോടൊപ്പം തന്നെ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഇന്ത്യൻ ഡോക്ടർമാർ. മുൻപ് കണ്ടെത്തിയ കോവിഡ് വൈറസ് വേരിയന്റ് ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ തീവ്രത ഉള്ളതാണ് ഡെൽറ്റാ വേരിയന്റ്. സാധാരണയായുള്ള കോവിഡ് ലക്ഷണങ്ങളോടൊപ്പം തന്നെ, ഈ വേരിയന്റ് കണ്ടെത്തുന്ന രോഗികളിൽ ചിലരിൽ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും, രക്തയോട്ടം ഇല്ലാതെ ശരീരത്തിലെ ചില ഭാഗങ്ങളിൽ ഗാങ്റിനുകൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ ഈ വേരിയന്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ഇടയ്ക്ക് കണ്ട ക്രമാതീതമായ രോഗ വർദ്ധനവിന് ഈ വേരിയന്റാണ് കാരണം. എന്നാൽ ഈ വേരിയന്റ് കണ്ടെത്തിയ ബ്രിട്ടണിലെ രോഗികളിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിൽ ലോക്ഡൗൺ ജൂൺ 21 ന് ശേഷം വീണ്ടും നീട്ടേണ്ടി വരുമെന്ന ആലോചനയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൂടുതൽ പരീക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ വേരിയന്റിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ അബ് ദുൽ ഗഫൂർ വ്യക്തമാക്കി. ചില ആളുകളിൽ രക്തയോട്ടം ഇല്ലാതെ കാലിന്റെ ചില ഭാഗങ്ങളും മറ്റു മുറിച്ചു മാറ്റേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഈ വേരിയന്റ് ജനങ്ങളിൽ മാത്രമല്ല ആരോഗ്യ വിദഗ്ധരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കൂൾ സെർവറിൽ കടന്നുകയറി ഹാക്കർമാർ വിവരങ്ങൾ ചോർത്തുകയും വിദ്യാർത്ഥികളുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് കെന്റിൽ രണ്ട് സ്കൂളുകൾ അടച്ചു . എന്തൊക്കെ വിവരങ്ങളാണ് ഹാക്കർമാർ കൈക്കലാക്കിയതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് കെന്റ് അക്കാദമിയിലെയും സ്‌കിന്നേഴ്‌സ് കെന്റ് പ്രൈമറി സ്‌കൂളിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനിടെ ടൺബ്രിഡ്ജ് വെൽസ് സ്കൂളുകൾ മാതാപിതാക്കളോട് അത്യാവശ്യമായി തങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയെങ്കിൽ സാമ്പത്തിക തട്ടിപ്പിന് വഴിവെച്ചേക്കാം എന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് സ്കൂളിലെയും സെർവറിലെ മുഴുവൻ വിവരങ്ങളും ഹാക്കർമാർ എൻക്രിപ്റ്റ് ചെയ്തതിനാൽ രണ്ട് സ്കൂളുകളിലെയും കുട്ടികളെ കുറിച്ച് ഒരു വിവരവും അധികാരികൾക്ക് നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എൻഎച്ച്‌എസും സോഷ്യൽ കെയർ സ്റ്റാഫുകളും നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ അഭാവവും ജോലിഭാരവും ആരോഗ്യ സേവനത്തിന്റെ ഭാവി അപകടത്തിലാക്കുമെന്ന് എംപിമാർ മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ കുറവ് കാരണം ഇപ്പോൾ ജോലി ചെയ്യുന്ന സ്റ്റാഫുകൾ പ്രതിസന്ധിയിലാണെന്ന് വിമർശനാത്മകമായ ഒരു റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പ്രതിസന്ധി ഈ സമ്മർദ്ദം വഷളാക്കിയിട്ടുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുമ്പ് തന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടർമാരും നഴ്സിംഗ് യൂണിയനുകളും റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. ഇത് ഉദ്യോഗസ്ഥർ നേരിടുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഉയർത്തിക്കാട്ടുന്നുവെന്ന് അവർ പ്രതികരിച്ചു. എൻഎച്ച്‌എസിന് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് ഇതിനകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ആരോഗ്യ-സാമൂഹിക പരിപാലന സമിതി എൻ എച്ച് എസ് ജീവനക്കാരുടെ അവസ്ഥ എത്രത്തോളം കഠിനമാണെന്ന് അന്വേഷിക്കുകയുണ്ടായി.
അടുത്ത അഞ്ച് മുതൽ 10 വർഷത്തേക്ക് എൻഎച്ച്എസിന് എത്ര ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനെ “വർക്ക്ഫോഴ്സ് പ്ലാനിംഗ്” എന്ന് വിളിക്കുന്നു. “അടുത്ത 5 , 10, 20 വർഷങ്ങളിൽ എൻഎച്ച്എസിന് എത്ര ജീവനക്കാർ ആവശ്യമാണെന്ന് വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത് എങ്ങനെയാണെന്ന് എൻ എച്ച് എസ് സ്റ്റാഫുകൾ അറിയേണ്ടതുണ്ട്.” റിപ്പോർട്ടിൽ വിവരിക്കുന്നു. ജോലിയിൽ നിന്ന് നിരവധി നേഴ്സുമാർ പിരിഞ്ഞുപോകുന്നുണ്ടെന്ന് തീവ്രപരിചരണ നേഴ്‌സായ ലിസ് സ്റ്റാവാക്രെ വെളിപ്പെടുത്തി. “ഇത് വളരെ പ്രയാസകരമായ വർഷമാണ്. ഞങ്ങൾ വളരെ ക്ഷീണിതരാണ് – ശാരീരികമായും മാനസികമായും.” അവർ കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഡോ. റോസ്മേരി ലിയോനാർഡ് അഭിപ്രായപ്പെട്ടു. പ്രൈമറി കെയറിലുള്ള എല്ലാവരും തുടർച്ചയായ ദിവസങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ വലിയ സമ്മർദ്ദത്തിലാണെന്നും അവർ പറഞ്ഞു. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ്, എൻഎച്ച്എസിന് 12 സ്റ്റാഫുകളിൽ ഒരാളുടെ കുറവ് നേരിടേണ്ടി വന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ 50,000 നേഴ്സിംഗ് തസ്തികകളിൽ നിയമനം നടന്നിട്ടില്ല. അതേസമയം, അടൾട്ട് സോഷ്യൽ കെയറിൽ 2019-20 സാമ്പത്തിക വർഷത്തിൽ 7.3 ശതമാനത്തിന്റെ ഒഴിവുണ്ടായിരുന്നു. ഇത് 112,000 ഒഴിവുകൾക്ക് തുല്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ലെ എൻഎച്ച്‌എസ് സ്റ്റാഫ് സർവേ പ്രകാരം, 44% ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ ജോലി സംബന്ധമായ സമ്മർദ്ദത്തിന്റെ ഫലമായി രോഗം ഉണ്ടായതായി റിപ്പോർട്ടു ചെയ്‌തു. ആരോഗ്യ സേവനരംഗം നേരിടുന്ന ഈ കടുത്ത പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ഉയരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ ഭവന വില കുതിച്ചുയരുന്നു. മെയ് മാസത്തിൽ വില റെക്കോർഡ് ഉയരത്തിലെത്തിയിട്ടും വീടിന്റെ വില ഇനിയും ഉയരുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് വായ് പക്കാരിൽ ഒരാൾ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി സമയപരിധി അടുക്കുമ്പോൾ മെയ് മാസത്തിൽ ശരാശരി വിൽപ്പന വില ഏകദേശം 22,000 പൗണ്ട് ഉയർന്നതായി ഹാലിഫാക് സ് പറഞ്ഞു. ഹാലിഫാക് സിൽ നിന്നുള്ള പ്രോപ്പർട്ടി മാർക്കറ്റിന്റെ പ്രതിമാസ വിവരണത്തിൽ, മെയ് മാസത്തിൽ ഒരു വീടിന്റെ വില 1.3% ഉയർന്നതായി കാണുന്നു. 2020 മെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ആദ്യമായി ലഘൂകരിച്ചതിന് ശേഷം ഭവന വിപണി വീണ്ടും സജീവമായിരുന്നു. ശരാശരി ഭവന വിലയിൽ ഏകദേശം 22,000 പൗണ്ട് ചേർത്തിട്ടുണ്ടെന്ന് ഹാലിഫാക്സ് ചൂണ്ടിക്കാട്ടി. ഇത് 9.5% വാർഷിക വർദ്ധനവ് അടയാളപ്പെടുത്തുന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണിത്.
കഴിഞ്ഞയാഴ്ച നാഷണൽവൈഡ് നടത്തിയ ഒരു സർവേയിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായത്. വിലയിൽ വർഷം തോറും 10.9 ശതമാനം ഉയരുന്നുവെന്നും 2014 ഓഗസ്റ്റിനുശേഷം ഏറ്റവും വേഗതയേറിയ നിരക്കാണെന്നും അവർ അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് ചില ബ്രിട്ടീഷുകാർ പല രീതിയിൽ സമ്പാദ്യം സൃഷ്ടിച്ചതിനാൽ ജൂൺ അവസാനത്തോടെ വിലകൾ ഇനിയും ഉയരുമെന്ന് ഹാലിഫാക്സ് മാനേജിംഗ് ഡയറക്ടർ റസ്സൽ ഗാലി പറഞ്ഞു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വാങ്ങുന്ന വീടുകളുടെ ഘടനയും മാറിക്കഴിഞ്ഞു. നഗരങ്ങൾക്ക് പുറത്ത് പൂന്തോട്ടങ്ങളുള്ള വലിയ വീടുകളിൽ താൽപ്പര്യം തോന്നി എത്തുന്നവരുടെ എണ്ണവും ഉയർന്നു.
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് തുടരുകയാണെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ വേഗത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം, വരാനിരിക്കുന്ന കുറച്ചു കാലത്തേയ്ക്ക് വീടിന്റെ വില ഉയരുന്നതിന് കാരണമാകുമെന്ന് ഗാലി കൂട്ടിച്ചേർത്തു. ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയത് വെയിൽസിലാണ്. കഴിഞ്ഞ വർഷം വീടുകളുടെ വില 11.9 ശതമാനം വർദ്ധിച്ച് ശരാശരി 190,345 പൗണ്ടിലെത്തി. 2005 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ വർധന. “ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലണ്ടൻ പ്രോപ്പർട്ടി വില ഇതിനകം തന്നെ വളരെ ചെലവേറിയതാണെന്ന കാര്യം വിസ്മരിക്കരുത്. ” ഗാലി വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ സൈക്കിൾ ലെയ് നുകളും മറ്റും കാര്യക്ഷമമായി ഉപയോഗിക്കുവാൻ ലോക്കൽ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകി പുതിയ ബിൽ. സൈക്കിൾ ലെയ് നുകളിൽ അനധികൃതമായി കാറുകളും മറ്റും പാർക്ക് ചെയ്യുന്നവരെ സിസിടിവി യിലൂടെ കണ്ടെത്തി ഇവർക്ക് തക്കതായ പിഴ ഈടാക്കാൻ ഉള്ള അധികാരവും മറ്റും ലോക്കൽ കൗൺസിലർക്ക് നൽകുന്നതാണ് ഈ ബില്ല്. സൈക്കിൾ ലെയ് നുകളിൽ പാർക്ക് ചെയ്യുന്ന കാറുകൾ സൈക്കിൾ യാത്രക്കാർക്ക് വളരെയധികം അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇനിമുതൽ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കാൻ ഉള്ള അധികാരം ലോക്കൽ കൗൺസിലുകൾക്കു ലഭിച്ചിരിക്കുകയാണ്. പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള ട്രാൻസ്പോർട്ട് സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സൈക്ലിങ് മിനിസ്റ്റർ ക്രിസ് ഹിട്ടൻ ഹാരിസ് ആണ് ഈ പ്രധാനപ്പെട്ട പ്രസ്താവനകൾ എല്ലാം തന്നെ പുറപ്പെടുവിച്ചത്.
ഈയിടെയായി സൈക്കിളുകളും മറ്റും ഉപയോഗിക്കുന്നവരുടെയും, കാൽനടയാത്രക്കാരുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള യാത്രക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആരോഗ്യപ്രദമായ, പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലുള്ള യാത്രാ സംവിധാനങ്ങൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം ട്രാൻസ്പോർട്ട് സെക്രട്ടറി 2 ബില്യൺ പൗണ്ടിന്റെ പാക്കേജ് ആണ് ഇത്തരത്തിലുള്ള യാത്രക്കാർക്കായി അനുവദിച്ചത്. സൈക്കിൾ ലെയ്‌നുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ തുക ചിലവാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ 25 -നും 29 -നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്സിൻ നൽകാനുള്ള തീരുമാനത്തിൻെറ ഭാഗമായാണ് ഈ നീക്കം. രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ വാക്സിനുകൾ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു . ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിൻെറ പ്രധാനകാരണം രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക് ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കി മുന്നേറിയ ബ്രിട്ടനെ ആശങ്കയിലാക്കിയത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൻെറ വ്യാപനമാണ് . ഗവൺമെന്റിൻെറ നിർദിഷ്ട പദ്ധതി പ്രകാരം ജൂൺ 21 -നാണ് എല്ലാ ലോക് ഡൗൺ നിയന്ത്രണങ്ങളും പിൻവലിക്കേണ്ടത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് ഇപ്പോഴേ ഉറപ്പു പറയാൻ സാധിക്കില്ല എന്ന അഭിപ്രായമാണ് ആരോഗ്യ സെക്രട്ടറി പ്രകടിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിൽ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. പുതിയ നയം മോദി സർക്കാരിൻറെ ഇതുവരെയുള്ള വാക്സിൻ വിതരണ നയത്തിൽ കാതലായ മാറ്റമാണ്. ഇന്ത്യയിൽ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ ഗവൺമെൻറ് പരാജയമായിരുന്നു എന്ന് പരക്കെ വിമർശനമുയർന്നിരുന്നു. പുതിയ നയത്തിൻറെ ഭാഗമായി വാക്‌സിൻെറ സംഭരണം പൂർണമായും കേന്ദ്രസർക്കാരിന് കീഴിലായിരിക്കും.
75 ശതമാനം വാക്സിൻ നിർമാതാക്കളിൽ നിന്ന് കേന്ദ്രം നേരിട്ട് വാങ്ങും. ഇതാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്‌സിൻ കമ്പനികളിൽ നിന്ന് ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ഒരു ഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ് മാത്രമേ സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂ. കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികം താമസിക്കാതെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ രാജ്യത്ത് രൂക്ഷമായ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഹാരി രാജകുമാരനും മേഗനും ഒരു പെൺകുഞ്ഞ് പിറന്നതിൻെറ സന്തോഷത്തിലാണ് ബക്കിംഗ്ഹാം കൊട്ടാരവും ബ്രിട്ടനും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയോടും ഹാരിയുടെ അമ്മയായ ഡയാന രാജകുമാരിയോടുമുള്ള സ്നേഹ ബഹുമാനാർത്ഥം ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11. 40 ന് കാലിഫോർണിയയിലെ സാന്താ ബാർബറയിലെ ആശുപത്രിയിലായിരുന്നു ലിലിയുടെ ജനനം. എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ് എന്നത്. രണ്ട് വയസുകാരനായ ആർച്ചി രാജകുമാരനാണ് ഹാരിയുടെയും മേഗൻെറയും ആദ്യത്തെ കണ്മണി.
2018 മെയ് 19ന് വിവാഹിതരായ ഹാരിയും മേഗനും ബ്രിട്ടീഷ് രാജ കുടുംബവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് യുഎസിലേയ്ക്ക് താമസം മാറ്റിയിരുന്നു. ഹാരിയും മേഗനും അടുത്തകാലത്ത് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുത്തശ്ശനായ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരി യുകെയിൽ എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൻെറ പ്ലാറ്റിനം ജൂബിലിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്നതിന് കൊട്ടാരത്തിൽ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വാഷിംഗ്‌ടൺ : രാജ്യാന്തര സ്മാർട്ട് ഫോൺ വിപണിയിൽ വൻ നേട്ടവുമായി ഐഫോൺ കുതിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാനം പിടിച്ചെടുത്തത്. എന്നാൽ ഓരോ ഐഫോൺ 12 മോഡലിലും ആപ്പിൾ നിർമ്മിച്ച മാഗ്നറ്റിക് ചാർജിംഗ് സംവിധാനമായ മാഗ് സേഫ് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ഈ ആഴ്ച ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (ജാഹ) പ്രസിദ്ധീകരിച്ചു. ജീവൻ രക്ഷാ തെറാപ്പികളെ തടഞ്ഞുനിർത്താൻ ഐഫോൺ 12 ന് സാധിക്കുമെന്ന നിഗമത്തിലാണ് അവർ എത്തിച്ചേർന്നത്. പേസ്‌മേക്കറുകളും ഡീഫിബ്രില്ലേറ്ററുകളും ഉൾപ്പെടുന്ന കാർഡിയാക് ഇംപ്ലാന്റബിൾ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി (സിഐഇഡി) വൈദ്യുതകാന്തിക ഇടപെടലിന് കാരണമാകുന്ന മാഗ്‌സെഫിന്റെ കഴിവിൽ നിന്നാണ് പ്രശ്‌നം ഉടലെടുക്കുന്നത്.10 ഗൗസ് കാന്തിക വലയത്തിൽ സിഇഡികൾ തടസപ്പെടുമെന്നിരിക്കെ നേരിട്ട് ബന്ധത്തിൽ വരുമ്പോൾ ഐഫോൺ 12 പ്രോ മാക്‌സിന്റെ കാന്തിക വലയ ശക്തി 50 ജിയിൽ കൂടുതലാകാമെന്ന് പഠനത്തിൽ പറയുന്നു.
“ആളുകൾ പലപ്പോഴും സ്മാർട്ട്‌ഫോണുകൾ ബ്രെസ്റ്റ് പോക്കറ്റിലാണ് ഇടുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.” അവർ കൂട്ടിച്ചേർത്തു. ജനുവരിയിൽ ഹാർട്ട് റിഥം ജേണൽ നടത്തിയ ഗവേഷണവുമായി ജാഹയുടെ കണ്ടെത്തലുകൾക്ക് സാമ്യമുണ്ട്. ഐഫോൺ 12 ശ്രേണിയിലെ മാഗ് സേഫ് കാന്തങ്ങൾക്ക് “ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയെ തടയാൻ കഴിയും” എന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഐഫോണും മാഗ് സേഫും സിഐഇഡി ഉപകരണത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് ഉപയോഗിക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.
എല്ലാ ഐഫോൺ 12 മോഡലുകളിലും മുമ്പത്തെ ഐഫോൺ മോഡലുകളേക്കാൾ കൂടുതൽ കാന്തിക ശക്തി അടങ്ങിയിട്ടുണ്ടെങ്കിലും, വൈദ്യശാസ്ത്രത്തിൽ കാന്തിക ഇടപെടലിന് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് കരുതുന്നില്ലെന്ന് ആപ്പിൾ പ്രതികരിച്ചു. ഈ റിപ്പോർട്ട് പൊതുജന അവബോധത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായി ജാഹ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി രോഗികൾ ഒരു ഹാർട്ട് റിഥം സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. ഈ പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ ആപ്പിൾ തങ്ങളുടെ വെബ്‌സൈറ്റിലെ മാഗ് സേഫ് മുന്നറിയിപ്പ് അപ്‌ഡേറ്റ് ചെയ്യുമോ എന്ന് കണ്ടറിയണം. വരാനിരിക്കുന്ന ഐഫോൺ 13 ശ്രേണിയിൽ മാഗ്‌സേഫ് മാഗ്നറ്റുകൾ കൂടുതൽ ശക്തമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്ത്യൻ വേരിയന്റ് വൻ ഭീഷണി സൃഷ്ടിച്ചതിൻെറ പിന്നാലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നു. മെയ് 13, 14 തീയതികളിൽ 600 ഓളം ക്രൂയിസ് കപ്പൽ ജീവനക്കാർ റെഡ് ലിസ്റ്റിൽപ്പെട്ട ഇന്ത്യയിൽനിന്ന് ഹീത്രോ വിമാനത്താവളം വഴി യുകെയിൽ എത്തിച്ചേർന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അത് കൂടാതെ കർശനമായി നടപ്പിലാക്കേണ്ട 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഈ യാത്രക്കാരെ ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കടുത്ത പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ ശ്രദ്ധയിൽ പെടുത്തിയതിന് തുടർന്ന് മെയ് 19 ഓടുകൂടിയാണ് ഇത്തരത്തിലുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തപ്പെട്ടത്. ഷാഡോ ഇമിഗ്രേഷൻ മന്ത്രി പ്രസ്തുത സംഭവങ്ങളെക്കുറിച്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരം സുരക്ഷാ പഴുതുകൾ ഉണ്ടാക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളെ തുടർന്ന് രോഗവ്യാപനം ഉയരുന്നതു മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്ത് നീണ്ടു പോകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽ ചൂണ്ടി.