Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഴിഞ്ഞ ദിവസം ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാതശിശു മരണപ്പെട്ടുവെന്ന വാർത്ത വന്നത്. റൊണാൾഡോയും പങ്കാളിയായ ജോർജിനോയും ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിലെ ആൺകുട്ടി മരിച്ചുവെന്ന് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിതെന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനുമാണ് റൊണാൾഡോയുടെ പങ്കാളി ജോർജിന റൊഡ്രിഗസ് ജന്മം നൽകിയത്. ഇതിൽ ആൺകുഞ്ഞാണ് മരണപ്പെട്ടത്. പെൺകുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തിൽ ജീവിക്കാനുള്ള ശക്തി നൽകുന്നതെന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.

കൃത്യമായ പരിചരണവും കരുതലും നൽകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആൺകുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങൾ സ്നേഹത്തോടെ ഓർക്കുമെന്നും റൊണോൾഡോ കുറിച്ചു. അതേസമയം, ദുഖകരമായ ഒരു സമയത്തിലൂടെ കടന്നു പോകുന്ന റൊണാൾഡോ ഇന്ന് ലിവർപൂളുമായി നടക്കുന്ന പ്രിമീയർ ലീഗ് മത്സരത്തിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ പ്രിയപ്പെട്ടവർക്ക് താരം പിന്തുണ നൽകേണ്ട സമയമാണിതെന്നതു കൊണ്ട് മത്സരത്തിൽ റൊണാൾഡോ കളിക്കില്ലെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ക്ലബ്‌ അറിയിച്ചു.

മകന്റെ മരണത്തിൽ തകർന്നിരിക്കുന്ന റൊണാൾഡോയ്ക്ക് പിന്തുണ അറിയിക്കാൻ ലിവർപൂൾ ആരാധകരും ഒരുങ്ങുകയാണ്. റൊണാൾഡോ ഏഴാം നമ്പർ ജേഴ്‌സി അണിയുന്നതു കണക്കിലെടുത്ത് മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തങ്ങളുടെ പിന്തുണ അറിയിക്കാനും താരത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനുമാണ് ലിവർപൂൾ ആരാധകർ ഒരുങ്ങുന്നതെന്ന് വിവിധ ട്വീറ്റുകൾ വ്യക്തമാക്കുന്നു. റൊണാൾഡോയുടെ മകന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലേക്ക് പുറപ്പെടുന്നു. ഏപ്രിൽ 21ന് അദ്ദേഹം അഹമ്മദാബാദിലെത്തും. ഗുജറാത്തിലെ പരിപാടികൾക്കു ശേഷം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുകയാണ് ജോൺസൺ-മോദി കൂടിക്കാഴ്ച ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാര കരാറും ചർച്ചയാകും. ഗുജറാത്തിൽ ബ്രിട്ടൻ വലിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ബ്രിട്ടനിലും ഇന്ത്യയിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ വ്യാപാര കരാറിലൂടെ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ബോറിസ് ജോൺസനെ ഇന്ത്യ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്ര ഒഴിവാക്കി.

“ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വലിയ സാമ്പത്തികശക്തിയുമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതുണ്ട്.” – ജോൺസൻ പറഞ്ഞു. ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ആദ്യമായാണ് ഗുജറാത്ത്‌ സന്ദർശിക്കുന്നത്. റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്താനും വ്യാപാരം, പ്രതിരോധം, ഊർജം, ഭക്ഷ്യസുരക്ഷ എന്നിവയിൽ കൂടുതൽ അടുത്ത് സഹകരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. ഫെബ്രുവരി 24 ന് യുക്രൈൻ ആക്രമിച്ചതിനുശേഷം ഇന്ത്യ റഷ്യയെ നേരിട്ട് വിമർശിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജ്ഞിയോടൊപ്പം ചേരുവാനുള്ള ക്ഷണനം ഹാരി രാജകുമാരനും ഭാര്യ മേഗനും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ഈ നീക്കത്തെ ഇരുവുടെയും രാജകുടുംബവുമായുള്ള തകർന്ന ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരവധി പേർ വിലയിരുത്തുന്നത്. 2020 ലാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും രാജ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുവാൻ തീരുമാനിച്ചത്. ഇതിനു ശേഷം ഇരുവരും തങ്ങളുടെ ഭൂരിഭാഗം സമയവും കാലിഫോർണിയയിൽ കുട്ടികളോടൊപ്പം ആയിരുന്നു ചിലവിട്ടത്. എന്നാൽ അടുത്ത സമയങ്ങളിൽ ദമ്പതികളും രാജകുടുംബവും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ നിരവധി ലക്ഷണങ്ങൾ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ദമ്പതികൾ രാജ്ഞിയെയും ചാൾസ് രാജകുമാരനെയും നെതെർലൻഡിലേക്കുള്ള യാത്രയ്ക്കിടെ രഹസ്യമായി സന്ദർശനം നടത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനു ശേഷമാണ് ഇപ്പോൾ ജൂൺ രണ്ടിന് ഹാരി രാജകുമാരനെയും ഭാര്യയെയും രാജ്ഞിയോടൊപ്പം പരമ്പരാഗതമായുള്ള ബാൽക്കണി സന്ദർശനത്തിന് ക്ഷണിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു. ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ സ്വന്തം പിതാവിനെകുറിച്ച് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളെ തുടർന്നാണ് ഹാരി രാജകുമാരനും രാജകുടുംബവുമായുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

എലിസബത്ത് രാഞ്ജി പദവിയിലെത്തിയതിന്റെ എഴുപതാമത്തെ വർഷത്തിന്റെ ആഘോഷങ്ങളാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. എന്നാൽ ഔദ്യോഗിക പരിപാടികളിൽ ഒന്നുംതന്നെ ഹാരിക്കും ഭാര്യയ്ക്കും പങ്കാളിത്തം ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ രാജ്ഞിയുടെ ആരോഗ്യനില മോശം ആയതുകൊണ്ട് കൂടുതൽ പരിപാടികളിൽ പങ്കെടുക്കുകയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പരമ്പരാഗതമായ ഈസ്റ്റർ കുർബാനയ്ക്ക് പോലും ആരോഗ്യസ്ഥിതി മോശമായത് മൂലം രാജ്ഞി പങ്കെടുത്തിരുന്നില്ല. എന്നാൽ ക്ഷണനം ലഭിച്ചെങ്കിലും ഹാരി രാജകുമാരനും ഭാര്യയും ആഘോഷങ്ങളിൽ പങ്കെടുക്കുമോ എന്നുള്ളത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ ധാരണയില്ല. ഫിലിപ്പ് രാജകുമാരന്റെ സ്മരണാർത്ഥം കഴിഞ്ഞ മാസം നടത്തിയ മെമ്മോറിയൽ ചടങ്ങിലും ഇരുവരും പങ്കെടുത്തിരുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വർദ്ധിച്ചുവരുന്ന ജീവിത ചെലവ് മൂലം കുടുംബങ്ങൾ തങ്ങളുടെ സ്ട്രീമിങ് സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 1.51 ദശലക്ഷം സേവനങ്ങളാണ് നിർത്തലാക്കിയിരിക്കുന്നത് എന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കാന്താർ പറയുന്നു. ഇവയിൽ അര ദശലക്ഷത്തിലധികം റദ്ദാക്കലുകൾ “പണം ലാഭിക്കുന്നതിന്” വേണ്ടിയാണ്. വീട്ടിലെ ഏകദേശം 58 ശതമാനം വീടുകളിൽ ഇപ്പോൾ കുറഞ്ഞത് ഒരു സ്ട്രീമിംഗ് സേവനം എങ്കിലും ഉണ്ട്. കോറോണവൈറസ് മഹാമാരിയുടെയും ലോക്ഡൗണിൻെറയും ഈ ഉയർന്ന കാലഘട്ടത്തിൽ നെറ്റ്ഫ്ലിക്സ്, ഡിസ്നി +, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ് ഫോമുകൾക്കുള്ള സബ്സ്ക്രിപ്ഷനുകളിൽ കുതിച്ചുയർന്നിരുന്നു. പണം ലാഭിക്കാനായി സബ്സ്ക്രിപ്ഷനുകൾ നിർത്തുന്നത് 2021-ലെ അവസാന മൂന്ന് മാസങ്ങളിൽ 29% ഉപഭോക്താക്കൾ ആയിരുന്നെങ്കിൽ 2023-ൽ ഇത് 35 ശതമാനമായി ഉയർന്നതായാണ് ഗവേഷകർ പറയുന്നത്.

ഒഴിവാക്കാൻ ആവുന്ന ചിലവുകൾ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി കുടുംബങ്ങൾ ഗൗരവമായി ചിന്തിക്കുന്നവെന്ന് കാന്തർ പറയുന്നു. ഏറ്റവും പുതിയ ഗവേഷണത്തിൻെറ കണക്കുകൾ വ്യവസായത്തിന് ആശ്വാസകരം ആകുമെന്ന് കാന്താറിന്റെ വേൾഡ് പാനൽ ഡിവിഷനിലെ ആഗോള ഇൻസൈറ്റ് ഡയറക്ടർ ഡൊമിനിക് സുന്നബോ കൂട്ടിച്ചേർത്തു. അനാവശ്യ ചിലവുകളിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കാൻ ഉള്ള വഴികൾ ബ്രിട്ടീഷ് കുടുംബങ്ങൾ ഇപ്പോൾ തിരയുകയാണെന്ന് കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആമസോൺ പ്രൈമർ ത്രില്ലർ സീരീസ് റീച്ചറാണ് 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് . ഓസാർക്കും ഇൻവെന്റിങ് അന്നയും ആണ് നെറ്റ്ഫ്ലിക്സിൽ ആളുകൾ കണ്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : മരിയുപോളിലെ ആക്രമണത്തിനിടെ റഷ്യൻ സൈന്യം തടവിലാക്കിയ ബ്രിട്ടീഷ് സൈനികന്റെ മോചനം കാത്ത് കുടുംബം. മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ ഷോൺ പിന്നർ (48) ആണ് പിടിയിലായത്. ഇദ്ദേഹത്തെയും മറ്റൊരു ബ്രിട്ടീഷുകാരനെയും കഴിഞ്ഞ ദിവസം റഷ്യൻ സ്റ്റേറ്റ് ടിവിയിൽ പ്രദർശിപ്പിച്ചിരുന്നു. യുക്രൈൻ സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന വ്യക്തിയാണ് ഷോൺ എന്ന് റിപ്പോർട്ടുകൾ പറയുന്നു. താൻ ബ്രിട്ടീഷ് പൗരനാണെന്നും മരിയുപോളിൽ വെച്ച് തടവുകാരനാക്കപ്പെട്ടെന്നും ഷോൺ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇരുവരും സംസാരിച്ചത്.

തടവുകാരോട് മാനുഷികമായി പെരുമാറണമെന്ന് വിദേശകാര്യ ഓഫീസ് ആവശ്യപ്പെട്ടു. ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഷോണിന്റെ കുടുംബം പറഞ്ഞു. 36-ാം ബ്രിഗേഡിന്റെ ഭാഗമായിരുന്ന താൻ മരിയുപോളിൽ അഞ്ചാഴ്ചയിലേറെ യുദ്ധം ചെയ്തുവെന്നും ഇപ്പോൾ ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലാണെന്നും പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി യുക്രൈനിൽ താമസിക്കുന്ന വ്യക്തിയാണ് ഷോൺ.

നേരത്തെ, എയ്ഡൻ അസ്‌ളീൻ (28) എന്ന ബ്രിട്ടീഷ് പൗരനെ യുദ്ധതടവുകാരനായി റഷ്യ പിടികൂടിയിരുന്നു. രണ്ട് ബ്രിട്ടീഷ് പൗരന്മാരെ തടവിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചുവെന്നും ഇരുവരുടെയും കുടുംബങ്ങളെ ബന്ധപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനിടെ, മരിയുപോൾ പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി. പ്രധാനപ്പെട്ട മേഖലകളെല്ലാം നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പോരാട്ടം തുടരുകയാണെന്നും കീഴടങ്ങില്ലെന്നും യുക്രൈൻ പ്രധാനമന്ത്രി ഡെന്നിസ് ഷ്മിഹാൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തൻെറ ഈസ്റ്റർ സന്ദേശത്തിൻെറ ഒരു ഭാഗം യുക്രേനിയൻ ഭാഷയിൽ നൽകിയ ബോറിസ് ജോൺസൺ തിന്മയുടെ മേൽ നന്മയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചു. ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ അധിനിവേശത്തിൽ നാശനഷ്ടമുണ്ടായവരെ പ്രധാനമന്ത്രി തൻെറ സന്ദേശത്തിൽ പ്രത്യേകമായി പരാമർശിച്ചു. അന്ധകാരത്തിനപ്പുറം വെളിച്ചമുണ്ടെന്നും കഷ്ടപ്പാടുകൾക്കപ്പുറം വീണ്ടെടുപ്പ് ഉണ്ടെന്നും നമ്മോട് പറയുന്ന ഈ ഈസ്റ്റർ വേളയിൽ ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും ഈസ്റ്റർ ആശംസകൾ നേരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ യുക്രേനിയൻ ഭാഷയിൽ “കർത്താവിൽ ആശ്രയിക്കുന്നവരെ നിങ്ങളുടെ ഹൃദയത്തിൽ ധൈര്യവും ശക്തിയും ഉണ്ടാകുമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.”

കാന്റർബറിയിലെ ആർച്ച് ബിഷപ്പും ഈസ്റ്റർ പ്രസംഗത്തിൽ ഉക്രെയ്നിലെ യുദ്ധം പരാമർശിച്ചിരുന്നു. യുദ്ധത്തിൻറെ ആരവങ്ങളും ഭീകരതയുടെ ദയനീയമായ യാഥാർത്ഥ്യങ്ങളും ഉക്രേനിയക്കാരെ ഉണർത്തിയിരിക്കുന്നു എന്നും ജസ്റ്റിൻ വെൽബി പറഞ്ഞു. ഇത് റഷ്യൻ വെടിനിർത്തലിന്റെയും പിൻവലിക്കലിന്റെയും ചർച്ചകളോടുള്ള പ്രതിബദ്ധതയുടെയും സമയമാകട്ടെ. സമാധാനത്തിൻെറ വഴികൾ പുനഃസ്ഥാപിക്കാനുള്ള സമയമാണിതെന്നും യുദ്ധത്തിന്റെ അന്ധകാരം അകലട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അഭയം തേടുന്നവരെ റുവാണ്ടയിലേക്ക് തിരിച്ചയക്കാനുള്ള യുകെ സർക്കാരിൻറെ നിലപാടിനെയും വെൽബി തൻെറ സന്ദേശത്തിൽ വിമർശിച്ചു. ബോറിസ് ജോൺസന്റെ ഭരണം നമ്മുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നമ്മെ അകറ്റുന്നു എന്നും സർക്കാരിൻെറ ഈ പദ്ധതി ദൈവത്തിൻറെ വിധിയ്ക്ക് എതിരാണെന്നും മിസ്റ്റർ വെൽബി കുറ്റപ്പെടുത്തി. ക്രിസ്ത്യൻ മൂല്യങ്ങളിൽ രൂപപ്പെട്ട ഒരു രാജ്യം എന്ന നിലയിൽ നമ്മുടെ ദേശീയ ഉത്തരവാദിത്ത ഭാരം വഹിക്കാൻ ഈ നിലപാടിനു കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുംബവുമായി ഈസ്റ്റർ ആഘോഷിക്കാനായി പിക്‌നിക്കിൽ പോയ പെൺകുട്ടിയെ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർമിംഗ്ഹാമിലുള്ള തന്റെ വീടിനരികിൽ പിക്നിക്കിനു നിൽക്കുമ്പോൾ കുട്ടി പാമ്പിനെ കണ്ട് അതിനു നേരെ കൈനീട്ടുകയായിരുന്നു. ഇതേ തുടർന്ന് കടിക്കുകയായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ കൈ വീർക്കാൻ തുടങ്ങിയിരുന്നു അതിനാൽ കൂടുതൽ അപകടങ്ങൾ തടയാൻ വേണ്ടി രണ്ട് ഐവി ആൻറിവെനം സെറം ഡോക്ടർമാർ കുട്ടിക്ക് നൽകിയിട്ടുണ്ട്.

ദേശീയ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മിഡ്‌ലാൻഡ്‌സിലെ പ്രശസ്തമായ കിൻവറിലാണ് കുടുംബം ഈസ്റ്റർ ആഘോഷത്തിനായി എത്തിയത്. പാർട്ടിയിൽ ഉണ്ടായിരുന്ന ഒരാൾ പ്രദേശത്തെ പാമ്പിൻെറ സാന്നിധ്യത്തെക്കുറിച്ച് കുടുംബത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കുട്ടിക്ക് ജന്തുക്കളെ ഇഷ്ടമുള്ളതിനാൽ പാമ്പിനെ തിരയുകയായിരുന്നു.

പാമ്പു കടിയേറ്റ കുട്ടിയുടെ അലർച്ച കേട്ട പിതാവ് പ്രഥമശുശ്രൂഷകൾ ഉടനെതന്നെ നൽകിയെങ്കിലും കയ്യിൽ വേദന അനുഭവപ്പെടുകയും കൈ വീർക്കാൻ തുടങ്ങുകയും ചെയ്‌തതിനാൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിയുടെ കൈ മുഴുവനായി വീർത്ത് തുടങ്ങിയിരുന്നു. ഈ സമയമത്രയും കുട്ടി ധീരയായി പെരുമാറിയെന്നും ആൻറി-വെനം സെറത്തിന്റെ ഇൻട്രാവണസ് ഇൻഫ്യൂഷൻ ലഭിക്കുന്നതുവരെ അവൾ നല്ല മാനസികാവസ്ഥയിലായിരുന്നുവെന്നും പിതാവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമാനതകളില്ലാത്ത ഒരു വഞ്ചനയുടെ കഥ പ്രവാസി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുഎസിൽ നേഴ്സായ ഭാര്യ രാപകലില്ലാതെ ജോലി ചെയ്ത് സമ്പാദിച്ച പണം ഭർത്താവും കാമുകിയും കൂടിയാണ് തട്ടിയെടുത്തത്. ദമ്പതികളുടെ ജോയിൻറ് അക്കൗണ്ടിൽ നിന്നുള്ള 1.2 കോടി രൂപയാണ് ഭാര്യ അറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സംഭവത്തിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസും (52), കാമുകി കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്കയും (30) അറസ്റ്റിലായി.

സിജുവിന്റെ ഭാര്യ വർഷങ്ങളായി യുഎസിൽ നേഴ്സായി ജോലി ചെയ്യുകയാണ് . ഈ രീതിയിൽ സമ്പാദിച്ച പണമാണ് സിജുവും പ്രിയങ്കയും കൂടി തട്ടിയെടുത്തത്. ഭാര്യയുടെയും ഭർത്താവിൻെറയും പേരിലുള്ള ജോയിൻറ് അക്കൗണ്ടിൽ നിന്ന് 1,20,45,000 രൂപയാണ് സിജു പ്രിയങ്കയുടെ കായംകുളത്തുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.

കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ നേപ്പാളിലേയ്ക്ക് മുങ്ങിയിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് തുടർന്ന് കഴിഞ്ഞ ദിവസം രണ്ടു പേരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഈസ്റ്റർ സന്ദേശത്തിൽ, ബ്രിട്ടീഷ് സർക്കാരിന്റെ റുവാണ്ട പദ്ധതിയെ അപലപിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. ഇത്തരം പദ്ധതികൾ ദൈവ സ്വഭാവത്തിന് എതിരാണെന്ന് പറഞ്ഞ അദ്ദേഹം, ഈസ്റ്റർ അനുതാപത്തിനും നവീകരണത്തിനുമുള്ള അവസരമാണെന്ന് ഓർമിപ്പിച്ചു. റഷ്യ – യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം ജീവിതച്ചെലവ് പ്രതിസന്ധിയിൽ മല്ലിടുന്ന കുടുംബങ്ങളെക്കുറിച്ചും കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെക്കുറിച്ചുമുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

“ഇത് സമാധാനം പുനഃസ്ഥാപിക്കാനുള്ള സമയമാണ്. യുദ്ധത്തിന്റെ അന്ധകാരം നീങ്ങിപോകണം.” ആർച്ച് ബിഷപ്പ് പറഞ്ഞു. അഭയം തേടിയെത്തുന്നവരെ മറ്റൊരു രാജ്യത്തേക്ക് അയക്കുന്ന നടപടിയെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഈ പദ്ധതി നിരാശാജനകമായ ഒന്നാണെന്നു യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെലും അഭിപ്രായപ്പെട്ടു.

ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാന്‍ഡയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ പദ്ധതി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമെന്ന് യുഎൻ അഭയാർത്ഥി ഏജൻസി വ്യക്തമാക്കിയിരുന്നു. £120 മില്യൺ പൈലറ്റ് സ്കീമിന് കീഴിൽ, ജനുവരി 1 മുതൽ യുകെയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്ന ആളുകളെ റുവാണ്ടയിലേക്ക് അയക്കും. ഇതിലൂടെ, ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ, 160-ലധികം ചാരിറ്റികളും പ്രചാരണ ഗ്രൂപ്പുകളും പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഫാ. ഹാപ്പി ജേക്കബ്

വി. ലൂക്കോസ് 24: 5 നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഗോഗുൽത്തായിൽ നിന്നും ശവക്കല്ലറയിലേക്കും ഇന്ന് ആ അവസ്ഥയിൽ നിന്ന് മഹത്വത്തിലേക്കും അവൻ കടന്നിരിക്കുന്നു. കർത്താവ് എഴുന്നേറ്റിരിക്കുന്നു . നിശ്ചയമായും അവൻ ഉയിർത്തെഴുന്നേറ്റു . ഇതാകട്ടെ നമ്മുടെ ചിന്തയും സംസാരവും . ഇപ്പോൾ മരിച്ചവനായല്ല ; ജീവനുള്ളവനായിട്ടത്രേ അവൻ നമുക്കുള്ളത്. ഇത് അത്ഭുതമാണ്, മഹത്വമാണ്, ഉൾക്കൊള്ളുവാൻ പ്രയാസവുമാണ്. മരണം അന്ത്യമല്ല എന്ന് നമ്മുടെ കർത്താവ് നമുക്ക് കാണിച്ചു തന്നു .

സുഗന്ധം പൂശുവാൻ കല്ലറയ്ക്ക് പോയവർ കല്ല് മാറ്റപ്പെട്ടതും അവൻ അവിടെ ഇല്ല എന്നും വ്യക്തമാക്കുന്നു. ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു എന്ന് ഇക്കാലത്ത് തന്നെ പഠിപ്പിച്ചു.

ഇന്നും നാം അവനെ കല്ലറയിൽ മരിച്ചവരുടെ ഇടയിൽ ആണ് എന്ന് കരുതുന്നവരാണ്. എന്നാൽ ജീവനുള്ളവനായി ജീവൻ നൽകുന്നവനായി അവൻ കൂടെ ഉണ്ട് . അവൻ പുനരുത്ഥാനം ചെയ്തതുപോലെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് മോചനം നൽകി , ജീവൻ അല്ല നിത്യ ജീവൻ നൽകി നമ്മെ അനുഗ്രഹിച്ചു.

ഈ ദാനം പ്രകാശം, സത്യം , നീതി, ജീവൻ , സമാധാനം, സ്നേഹം ഇവയെല്ലാം പകർന്നു നൽകുന്ന ദിനം ആണ് . ഈ ഗുണങ്ങൾ എല്ലാം ദൈവത്തിൻറെ പര്യായങ്ങൾ ആണ് . ഇവയെല്ലാം ദൈവത്തിന് മാത്രം അവകാശപ്പെട്ടതുമാണ്. ഉയിർപ്പ് മൂലം നമ്മെയും ഇതിനെ അവകാശപ്പെടുത്തി. ഉയിർപ്പിന്റെ സന്ദേശമായിരിക്കണം നമ്മുടെ ജീവിതം . സകല തിന്മകളെയും അതിജീവിച്ച് ക്രൈസ്തവ ദർശനങ്ങൾ പകരുവാൻ ഉയിർപ്പെട്ടവനായ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു.

ഉയിർപ്പ് സത്യവും രൂപാന്തരവുമാണ് എന്ന് നാം ലോകത്തിന് കാട്ടിക്കൊടുക്കണം .എന്ത് കൊണ്ട് ഇന്ന് ഇക്കാലത്തും ഈ ചിന്ത ആവശ്യമായിരിക്കുന്നു. ഒന്നുകിൽ നമ്മിൽ പലരും ഈ സത്യം അറിഞ്ഞ് കാണില്ല . അല്ലെങ്കിൽ നമ്മിൽ പലരും ഇത് വിശ്വസിച്ചിട്ടില്ല. ഇതുവരേയും കർത്താവിൻറെ ഉയിർപ്പ് കാലങ്ങളെ വിഭാഗിച്ചു. ചിതറിപ്പോയവരെ കൂട്ടി വരുത്തി. ജീവിതാന്ധകാരത്തെ നീക്കി. ജാതികളും , ജനതകളും , പ്രകൃതിയും ഇത് ഉൾക്കൊണ്ടു . എങ്കിലും അവനെ പിൻപറ്റുന്നവർ എന്ന് അവകാശപ്പെടുന്ന നാം ഇന്നും അവനെ അന്വേഷിക്കുന്നത് മരിച്ചവനായി കല്ലറയിൽ ഉള്ളവനായിട്ടാണ്.

കല്ലറയിൽ ശൂന്യത അനേക ഹൃദയങ്ങളിലെ നിറമായി തീർന്നു. ഉയിർപ്പിലൂടെ സർവ്വവ്യാപി ആയി . എല്ലാറ്റിനേയും എല്ലാവരെയും അവൻ പുതുക്കി. ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നത്. ഗലാസുർ 2 : 20. ഈ ഉയിർപ്പ് പെരുന്നാൾ നൽകുന്ന സന്ദേശവും ഇത് തന്നെയാണ്. ഉയിർക്കപ്പെട്ട് ക്രിസ്തു നമ്മിലൂടെ ജീവിച്ച് ലോകത്തിന് പുതു ജീവനും, സ്നേഹവും , ചൈതന്യവും നൽകണം. കഴിഞ്ഞ നാളിൽ നമ്മെ ഒരുക്കിയ നോമ്പും ഉപവാസവും ധ്യാനവും ഒക്കെ അതിന് വേണ്ട ശക്തി നമുക്ക് നൽകും .

ഏവർക്കും പുതുജീവൻറെ നിത്യ സമാധാനത്തിന്റെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ .

ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.

Copyright © . All rights reserved