ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്വാഭാവിക പ്രസവങ്ങൾ പ്രോത്സാഹിപ്പിച്ച എൻഎച്ച്എസ് ട്രസ്റ്റ് മരണത്തിലേക്ക് തള്ളിവിട്ടത് മുന്നൂറോളം കുഞ്ഞുങ്ങളെ. ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റലിനെതിരായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമ്മയ്ക്കും കുഞ്ഞിനും വേണ്ടത്ര പരിചരണം നൽകാതെ സ്വാഭാവിക പ്രസവത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ മുന്നൂറോളം നവജാത ശിശുക്കൾ മരിക്കുകയും നിരവധി പേർക്ക് മസ്തിഷ്ക ക്ഷതം ഉണ്ടായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ബുധനാഴ്ച പൂർണമായി പ്രസിദ്ധീകരിക്കും. സിസേറിയൻ നിരസിച്ചതിലൂടെ അമ്മമാരെയും കുഞ്ഞുങ്ങളെയും ട്രസ്റ്റ് അപകടത്തിലാക്കുകയായിരുന്നു.

സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകിയത് മുൻ മിഡ്‌വൈഫായ ഡോണ ഒക്കെൻഡൻ ആണ്. ഹോസ്പിറ്റൽ ട്രസ്റ്റിനെതിരെ 1,800-ലധികം പരാതികൾ ഉയർന്നതിനെ തുടർന്ന് 2017ൽ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 12 അമ്മമാർ പ്രസവസമയത്ത് മരിച്ചതെങ്ങനെയെന്നും അന്വേഷണ റിപ്പോർട്ടിൽ വിശദീകരിക്കും. അഞ്ച് വർഷത്തെ അന്വേഷണത്തിൽ 90 വിദഗ്‌ദ്ധ മിഡ്‌വൈഫുമാരും ഡോക്ടർമാരും ഉൾപ്പെടുന്നു.

ആദ്യത്തെ 250 കേസുകളുടെ ഇടക്കാല റിപ്പോർട്ട് 15 മാസം മുമ്പ് പ്രസിദ്ധീകരിച്ചു. ആശുപത്രി ജീവനക്കാർ, കുഞ്ഞുങ്ങളുടെ മരണത്തിൽ അമ്മമാരെ കുറ്റപ്പെടുത്തിയതായി അന്ന് കണ്ടെത്തിയിരുന്നു. പരാജയങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അത് ഉണ്ടാക്കിയ ദുരിതത്തിനും വേദനയ്ക്കും മാപ്പ് ചോദിക്കുന്നതായും ട്രസ്റ്റ് പറഞ്ഞു. 2000 മുതൽ 115-ലധികം പരാതികളിൽ ക്ലിനിക്കൽ നെഗ്‌ലിജൻസിനും മറ്റ് ചെലവുകൾക്കുമായി ട്രസ്റ്റ് 58 മില്യണിലധികം പൗണ്ട് അടച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഉപയോക്താക്കൾക്ക് അധികഭാരമായി വൈദ്യുതി ബില്ലിലെ പ്രാദേശിക വർധനവ്. വൈദ്യുതി ബില്ലുകളിലെ സ്റ്റാൻഡിംഗ് ചാർജുകൾ കുത്തനെ ഉയരും. സൗത്ത് സ്‌കോട്ട്‌ലൻഡ്, മെഴ്‌സിസൈഡ്, നോർത്ത് വെയിൽസ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏപ്രിൽ മുതൽ പ്രതിദിന പേയ്‌മെന്റുകൾ ഇരട്ടിയാകും. ലണ്ടനിലും കിഴക്കൻ ഇംഗ്ലണ്ടിലും ഉള്ളവർക്ക് 60% ൽ താഴെയാണ് വർധനവ്. വിതരണ ചെലവുകളും മറ്റ് ലെവികളും ഉൾക്കൊള്ളുന്ന ഒരു നിശ്ചിത പ്രതിദിന പേയ്‌മെന്റാണ് സ്റ്റാൻഡിങ് ചാർജ്.

സ്റ്റാൻഡിംഗ് ചാർജുകൾ ഒരു എനർജി ബില്ലിന്റെ ഏറ്റവും വലിയ ഭാഗമല്ലെങ്കിലും ഏപ്രിൽ മുതൽ അവ പ്രതിവർഷം ശരാശരി £71-ലധികം വർദ്ധിക്കും. അതേസമയം, എനർജി ബില്ലുകൾ കുതിച്ചുയരുന്ന സമയത്ത് പ്രാദേശിക വ്യത്യാസങ്ങൾ അന്യായമാണെന്ന അഭിപ്രായം പലയിടത്തുനിന്നും ഉയരുന്നുണ്ട്.
ലണ്ടനിൽ 38% വർധനവാണ് ഉണ്ടാകുന്നത്. നോർത്ത് വെസ്റ്റിൽ 73% വർദ്ധനയും യോർക്ക്ഷയറിൽ 81% വർദ്ധനയും സൗത്ത് വെയിൽസിൽ 94% വർദ്ധനയും ഉണ്ടാകും. ഊർജ്ജ വിതരണക്കാരുടെ തകർച്ചയുമായി ബന്ധപ്പെട്ട ചിലവുകൾ അടയ്ക്കുന്നതിന് ബില്ലുകളിൽ കൂട്ടിച്ചേർത്ത ലെവി രാജ്യത്തുടനീളം തുല്യമായി വ്യാപിപ്പിച്ചുവെന്ന് ഓഫ്ഗം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠന നിലവാരം ഉയർത്താൻ പദ്ധതികളുമായി സർക്കാർ. 2030 ൽ പ്രൈമറി സ്‌കൂൾ വിടുന്ന 90% കുട്ടികളും വായനയിലും എഴുത്തിലും കണക്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നു. 2019ൽ ഇത് 65 ശതമാനമായിരുന്നു. ജിസിഎസ്ഇ തലത്തിൽ, എല്ലാ ഗ്രേഡുകളുടെയും നാഷണൽ മീൻ ആവറേജ് 4.5 ൽ നിന്ന് 5 ആയി ഉയരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിൽ പദ്ധതികൾ പരാജയപ്പെടുമെന്ന് യൂണിയനുകളും ചാരിറ്റികളും പറഞ്ഞു.

കണക്കിലോ ഇംഗ്ലീഷിലോ പിന്നാക്കം നിൽക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സഹായം ലഭിക്കുമെന്ന് യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. അടിസ്ഥാനം ശരിയായി ലഭിച്ചില്ലെങ്കിൽ, സെക്കൻഡറി സ്കൂളിൽ പഠനം കൂടുതൽ കഠിനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് കുട്ടികളുടെ മേൽ കൂടുതൽ സമ്മർദം ഏർപ്പെടുത്താനുള്ള പദ്ധതിയല്ല, അവരെ പിന്തുണയ്ക്കാനുള്ള പദ്ധതിയാണ്.” നാദിം സഹാവി വ്യക്തമാക്കി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി പഠനം തടസപ്പെട്ട സ്ഥിതിയിലായിരുന്നു.
എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) ഗവൺമെന്റിനായി നടത്തിയ ഗവേഷണത്തിൽ, കോവിഡ് കാരണം പ്രൈമറി വിദ്യാർഥികളുടെ ഇംഗ്ലീഷ്, കണക്ക് നിലവാരം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാൽ സർക്കാരിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ സാധ്യതയില്ലെന്ന് ഇപിഐ ചീഫ് എക്സിക്യൂട്ടീവ് നതാലി പെരേര പറഞ്ഞു. ഫണ്ടിങ് ആണ് പ്രധാന വെല്ലുവിളിയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിജു സ്റ്റീഫന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഒരു മാസമാണ് യുകെയിൽ കഴിഞ്ഞതെങ്കിലും ബിജുവിനെ യാത്രയാക്കാൻ വൻ ജനാവലിയാണ് വെള്ളിയാഴ്ച (18/03/2022) സ്റ്റാഫോര്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍ എത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയില്‍ വെള്ളിയാഴ്ച്ച (25/03/2022) സംസ്കരിച്ചു. ബിജുവിന്റെ അപ്രതീക്ഷിത മരണം യുകെ മലയാളികൾക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മരണ ദിവസം മുതല്‍ ബിജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സ്റ്റാഫോര്‍ഡ് മലയാളി സമൂഹവും പ്രവാസി സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നത് വലിയ ആശ്വാസമായി. മാതൃ ഇടവകയായ റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഇവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഒടുവിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി മണ്ണിലേക്ക് മടക്കം.

സംസ്കാര ശുശ്രൂഷയിൽ ഫാ. കുര്യാക്കോസ്, ഇടവക വികാരി ഫാ. ജെയ്ന്‍, ഫാ. രാജന്‍ കുളമട, ഫാ. സക്കറിയ മധുരംകോട്ട്, ഫാ. ജിജു പുത്തന്‍പുരയ്ക്കല്‍, ഫാ. എബി മുട്ടയ്ക്കല്‍ എന്നിവർ സഹകാര്‍മികരായിരുന്നു. ബിജുവിന് ആദരാഞ്ജലി അർപ്പിക്കാൻ റാന്നി എംഎല്‍എ പ്രമോദ് നാരായണനും എത്തി. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാനും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്‌സ്, പഞ്ചായത്ത് അംഗം ഷൈനി രാജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

വലിയ പ്രതീക്ഷകളുമായി ആഴ്ചകള്‍ക്ക് മുന്‍പ് യുകെയിൽ എത്തിയ കുടുംബം ബിജുവിന്റെ ആകസ്മിക മരണത്തിൽ തകർന്നു പോയിരുന്നു. എന്നാൽ, കുടുംബത്തെ കൈവിടാതെ ചേര്‍ത്ത് നിർത്തിയ യുകെ മലയാളികളുടെ നന്മയെ ഏവരും പ്രശംസിച്ചു. ബിജുവിന്റെ ഭാര്യ ബിനുവിന്റെയും മക്കളായ ബിന്നിയുടെയും ബിയയുടെയും കണ്ണീരിൽ നാട് സങ്കടകടലായി. വിങ്ങിപൊട്ടിനിന്ന മകനെ ബന്ധു കൂടിയായ ഫാ. കുര്യാക്കോസ് ആശ്വസിപ്പിക്കുന്ന രംഗം ചുറ്റും കൂടിനിന്നവർക്ക് വേദനയുളവാക്കുന്നതായിരുന്നു.
ഉത്തരവാദിത്തതോടെ പ്രവർത്തിച്ച സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിലെ അംഗങ്ങളോട് കുടുംബവും ബന്ധുക്കളും നന്ദി പറഞ്ഞു. രണ്ടാഴ്ച കൊണ്ട് 6000 പൗണ്ടാണ് സ്റ്റാഫോര്‍ഡ് മലയാളി സമൂഹം സമാഹരിച്ചത്. യുകെയിലെ വിവിധ ക്‌നാനായ യാക്കോബായ സമൂഹങ്ങളുടെ പിന്തുണയോടെ സമാഹരിച്ച 7000 പൗണ്ടോളം വരുന്ന തുകയും ഫാ.ജോമോന്റെ ശ്രമഫലമായി കുടുംബത്തിന് ലഭ്യമായി. ഇതൊക്കെയും ബിജുവിന്റെ കുടുംബത്തിന് വലിയ ആശ്വാസം നൽകാൻ കാരണമാകും. ഈ ഒരുമയും പിന്തുണയുമാണ് ബ്രിട്ടീഷ് മലയാളികളെ ഏതു പ്രതിസന്ധി ഘട്ടത്തിലും ചേർത്തുനിർത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യക്കെതിരെയുള്ള നടപടികളിൽ ശക്തമായ നിലപാടുമായി ബ്രിട്ടൻ. റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് യുദ്ധം അവസാനിപ്പിച്ചതിന് ശേഷമേ പരിഗണിക്കുകയുള്ളു എന്ന് യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു.

യുകെ , യുഎസ് , യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇതുവരെ 1000 -ത്തിലധികം റഷ്യൻ വ്യക്തികൾക്കും കമ്പനികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യ നടത്തുന്ന സമാധാന ചർച്ചകൾ തുറന്ന മനസ്സോടെയല്ലന്നും പുകമറ സൃഷ്ടിക്കാനുള്ള നടപടികൾ മാത്രമാണെന്നും വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി.

ഇതിനിടെ മരിയുപോളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നഗരങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരാണ് ശേഷിക്കുന്നത്. മരിയുപോൾ തുറമുഖം പൂർണമായി തകർക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈൻ പ്രസിഡൻറ് ആരോപിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം തന്നെ ആനുപാതികമായി മരണനിരക്കും ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് തരംഗങ്ങൾ രാജ്യത്തെ കീഴ്പെടുത്തിയപ്പോൾ ശക്തമായി പോരാടാൻ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു . പൂർണ്ണമായും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ സാഹചര്യത്തിൽ രോഗവ്യാപനത്തേ കുറിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡിൻെറ പുതിയ ജനിതക വകഭേദങ്ങളുടെ ആവിർഭാവത്തിന് ഇടയാക്കിയേക്കാം എന്നുള്ള കടുത്ത ആശങ്കയാണ് ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്. വാക്സിനുകൾക്ക് പ്രതിരോധിക്കാനാകാത്ത പുതിയ പുതിയ വകഭേദങ്ങളുടെ ആവിർഭാവം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇൻഡിപെൻഡന്റ് സേജിലെ അംഗമായ പ്രൊഫസർ സൂസൻ മിച്ചി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഒമിക്രോണിൻെറ പുതിയ വകഭേദമായ BA .2 പടർന്നു പിടിക്കുകയാണ് . ഇംഗ്ലണ്ടിലെ 16 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പി സി ആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് വരും ദിവസങ്ങളിൽ രോഗവ്യാപനതോത് ഉയർത്തുമെന്ന വിമർശനം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാൽസാൾ : 1.5 മില്യൺ പൗണ്ട് വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ വാൽസാലിൽ പിടികൂടി. ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് സൂചന ലഭിച്ചതിനെത്തുടർന്ന് ബറോയുടെ തെക്ക് ഭാഗത്തുള്ള സെൽഫ് സ്റ്റോറേജ് ഫെസിലിറ്റിയിൽ നടത്തിയ റെയ്ഡിലാണ് വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും ഉൾപ്പടെയുള്ള 7,500-ലധികം ഉത്പന്നങ്ങൾ പിടികൂടിയത്. അഞ്ച് ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാരും നാഷണൽ മാർക്കറ്റ് ഗ്രൂപ്പിലെ അഞ്ച് ഓഫീസർമാരും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിലെ നാല് ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ പങ്കെടുത്തു.

പിടിച്ചെടുത്ത വസ്ത്രങ്ങൾ വ്യാജമാണെന്നും ഇത് വിപണിയിൽ എത്തിയാൽ യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഞങ്ങളുടെ പ്രാദേശിക ബിസിനസുകളെ ബാധിക്കുമെന്നും വാൽസാൽ കൗൺസിലിലെ കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് തലവൻ ഡേവിഡ് എൽറിംഗ്ടൺ പറഞ്ഞു.
വാൽസാലിൽ ഇത് ആവർത്തിക്കരുതെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ നിരീക്ഷണം ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുകെയിലുടനീളമുള്ള കടകളിലേക്കും മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും എത്തുന്ന വ്യാജ ഉൽപ്പന്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ഫ്ലാഷ് പ്രവർത്തിക്കുന്നത്.
സുജിത് തോമസ്
പാൽ പായസം
ചേരുവകൾ
• ഉണക്കലരി – 6 ടേബിൾ സ്പൂൺ
• പാൽ – 4 കപ്പ്
• വെള്ളം – 2 കപ്പ്
• പഞ്ചസാര -1 കപ്പ് (മധുരം ആവശ്യം അനുസരിച്ച് )
• ഉരുക്കിയ നെയ്യ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം
അരി നന്നായി കഴുകി, കുറച്ചു കുതിർത്തു വച്ച ശേഷം വെള്ളം വാർത്തെടുക്കുക
• ഒരു പ്രഷർ കുക്കറിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ എടുത്ത് വച്ചിരിക്കുന്ന പാലും അരിയും ചേർത്ത് കൊടുക്കുക.
• ശേഷം കുക്കർ അടച്ച് ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക.
• ഏകദേശം 40 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം.
• ആവി പുറത്ത് പോയി കഴിഞ്ഞതിനു ശേഷം അടപ്പ് തുറക്കുക
• ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക.
• ശേഷം പ്രഷർ കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20 മിനിറ്റ് പാകം ചെയ്യുക. ആവി എല്ലാം പോയശേഷം കുക്കർ തുറക്കാം.
• നെയ്യ് ചേർത്തിളക്കി യോജിപ്പിക്കുക
• ചെറുതീയിൽ ഇളക്കി ഇളം പിങ്ക് നിറത്തിൽ കുറുകി വരുന്നതാണ് ഈ പായസത്തിന്റ ശരിയായ പരുവം.

സുജിത് തോമസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈസ്റ്റ് ഹാം : ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിനുള്ളില്‍ മലയാളി യുവതിക്ക് കുത്തേറ്റതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് സംഭവം. ഹൈദരാബാദ് വാല എന്ന റെസ്റ്റോറന്റിലെ ജീവനക്കാരിയാണ് യുവതി. ഇവിടെ വെച്ചുതന്നെയാണ് ആക്രമണം ഉണ്ടായത്. ബാര്‍ക്കിംഗ് റോഡിലെ മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയത്. കേരളത്തില്‍ നിന്നുള്ള ഒരു മലയാളി വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായതെന്ന് ചില സംഘടനാ നേതാക്കൾ വ്യക്തമാക്കി.

ബാര്‍ക്കിംഗ് റോഡിലെ ഇ6ല്‍ കത്തിക്കുത്ത് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് രണ്ട് ആംബുലന്‍സ് ജീവനക്കാരെയും ഡോക്ടറെയും ഒരു ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ഓഫീസറെയും ഉടന്‍ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. യുവതിയെ ഉടന്‍ തന്നെ ട്രോമ സെന്ററിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സിസിടിവിയിൽ നിന്ന് ലഭിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന ഒരാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് പോയ യുവതിയുടെ കൈകള്‍ ചുറ്റിപ്പിടിച്ച് കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു. നിലത്തു വീഴുന്നതിന് മുമ്പ് യുവതിയുടെ കഴുത്തിലും ശരീരത്തിലും മുറിവേല്പിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന മറ്റാളുകൾ അക്രമിയെ കീഴ് പ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തറയിൽ കിടന്ന യുവതിയെ വീണ്ടും മുറിവേല്പിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് : ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവ്. 2021 ജൂലൈ 20 -ന് കാർഡിഫിലെ ബ്യൂട്ട് പാർക്കിൽ വെച്ചാണ് മൂവർ സംഘം സൈക്യാട്രിസ്റ്റ് ഡോ. ഗാരി ജെങ്കിൻസ് (54) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം 16 ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ മരിച്ചു. പ്രതികളായ ജേസൺ എഡ്‌വേർഡ്‌സും (25) ലീ വില്യം സ്‌ട്രിക്‌ലാൻഡും (36) 32 വർഷം ജയിലിൽ കഴിയണം. പതിനേഴുകാരിയായ ഡയോൺ ടിംസ്-വില്യംസിന് 17 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.

ഡോക്ടറെ പ്രതികൾ പാർക്കിൽ വെച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് മരിച്ചു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് അവർ ആക്രമണം നടത്തിയതെന്ന് ശിക്ഷ വിധിച്ച ജഡ്ജി ഡാനിയൽ വില്യംസ് പറഞ്ഞു. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യത കുറവായിരിക്കും എന്നതാണ് കാരണം. സിസിടിവിയിൽ പതിഞ്ഞ ആക്രമണ ശബ്ദത്തിന്റെ ദൈർഘ്യം 28 മിനിറ്റാണ്. ഡോ. ജെങ്കിൻസ് “എന്നെ വെറുതെ വിടൂ”, “എന്നെ വിടൂ” എന്ന് ആവർത്തിച്ച് പറയുന്നത് കേൾക്കാം.

ജെങ്കിൻസിന്റെ മരണം കുടുംബത്തെ വല്ലാതെ ബാധിച്ചുവെന്ന് ഭാര്യ പറഞ്ഞു. രണ്ട് പെൺ മക്കളും പിതാവിന്റെ മരണത്തോടെ തകർന്നുപോയി. ദയയും കരുണയുമുള്ള മനുഷ്യനായിരുന്നു ഡോ. ജെങ്കിൻസ് എന്ന് കോടതി പറഞ്ഞു. കവർച്ചാ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നും കോടതി വ്യക്തമാക്കി.