Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിട്ടെയിൽ വിതരണക്കാർ. എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെന്നും, ഡെലിവറികൾ സുഗമമാക്കാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അവർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ്‌ ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്. തെക്കൻ പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ആർമിയിൽ നിന്നുള്ള നിരവധി പേരെ ഇന്ധന വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റ് ചെയ്യുന്ന അടിയന്തര നടപടികൾക്ക് വളരെയധികം നന്ദിയുണ്ടെന്നും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. 65 ഓളം ഡ്രൈവർമാരെയും പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കെല്ലാം തന്നെ റിഫ്രഷർ ട്രെയിനിങും നൽകി കഴിഞ്ഞതായി ഗവൺമെന്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ട്രെയിനിങ് കഴിഞ്ഞവരെ ഇന്ധന ലഭ്യത കുറഞ്ഞ ഇടങ്ങളിലേയ്ക്ക് നിയോഗിക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.


പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ്‌ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി പറയുന്നുണ്ട്. കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിക്കുവാൻ ഗവൺമെന്റ് വളരെ നന്നായി പരിശ്രമിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് , ഫേസ്ബുക്ക് മെസഞ്ചറും തിങ്കളാഴ്ച ഏതാണ്ട് ഏഴ് മണിക്കൂറോളം പണിമുടക്കി. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏകദേശം 160 മില്യൺ ഡോളർ (117 മില്യൺ പൗണ്ട് ) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൻ്റെ ഓഹരി മൂല്യത്തിൽ 5 ശതമാനം കുറവാണ് ഉണ്ടായത്. തകരാറിൻ്റെ യഥാർത്ഥകാരണം ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല . എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്ച ഇന്ത്യൻ സമയം 9 മണി മുതൽ സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്പും, ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമിൻ്റെയും ഉപഭോക്താക്കൾക്ക് കാളരാത്രിയായിരുന്നു. സ്വകാര്യ നിമിഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്നവരും ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉൾപ്പെടെ ഉപയോഗിക്കുന്നവരും തകരാറിൻെറ തുടക്കത്തിൽ കാര്യമറിയാതെ പരിഭ്രാന്തരായി . വാട്സാപ്പ് മെസ്സേജ് അയക്കാൻ സാധിക്കാത്തവരിൽ ഭൂരിപക്ഷത്തിനും ആദ്യം കാരണം വ്യക്തമായില്ല. മിക്കവരും തന്നെ തങ്ങളുടെ ഇൻറർനെറ്റ് പ്രശ്നങ്ങൾമൂലമോ ഫോണിൻറെ തകരാർ മൂലമോ ആണ് സന്ദേശങ്ങൾ അയക്കാൻ പറ്റാത്തതെന്നാണ് കരുതിയത്. പലരും ഒന്നിലേറെ തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു . പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഫോൺ കോളിലൂടെയും തകരാർ തങ്ങളുടെ ഇൻറർനെറ്റിൻെറയോ ഫോണിൻെറയോ അല്ല എന്നറിഞ്ഞതിൽ സന്തോഷിച്ചെങ്കിലും പരിഹാരം എന്നുണ്ടാകുമെന്നുള്ള കാര്യത്തിൽ ആശങ്കയിലായിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം ആശ്വാസത്തോടെ ഉള്ള പോസ്റ്റുകളും പരിഹാസ ട്രോളുകളും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് രാത്രിയും നാളെ രാവിലെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ വെള്ളിയാഴ്ചയോടെ ചൂട് ഉയരുമെന്നും ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങളെക്കാൾ കൂടുതൽ ചൂട് യുകെയിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെറ്റ് ഓഫീസ് ഇന്നും നാളെയും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ ഉണ്ടാവുമെന്നാണ് പ്രവചനം. നാളെ നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും. വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് ചീഫ് മെട്രോളജിസ്റ്റ് ആൻഡി പേജ് പറഞ്ഞു.

അറ്റ്ലാന്റിക്കിന് കുറുകെ സഞ്ചരിക്കുന്ന സാം ചുഴലിക്കാറ്റ് യുകെയിൽ ഉയർന്ന സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന്റെ ഫലമായി വെള്ളിയാഴ്ചയോടെ 70F (21°C) വരെ ചൂട് ഉയരും. താപനില ഉയരുന്നതോടെ ഇന്ത്യൻ സമ്മർ എത്തുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ നിരീക്ഷകർ. ഇത് മാസത്തിന്റെ പകുതി വരെ നീണ്ടുനിൽക്കും. സ്കോട്ട്ലാൻഡിലും ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിലുമാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. തീരദേശ ചുഴലിക്കാറ്റ് ഇംഗ്ലണ്ടിനെയും വെയിൽസിനെയും ബാധിക്കുമെങ്കിലും ബുധനാഴ്ച മുതൽ നോർത്ത് വെസ്റ്റിൽ കാലാവസ്ഥ കൂടുതൽ ഊഷ്‌മളമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകനേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് പാൻഡോറ പേപ്പേഴ്‌സ്. പാന്‍ഡോറ പേപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യക്കാരായ 300 പേരും ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോർദാൻ രാജാവ് യുകെ, യുഎസ് രാജ്യങ്ങളിൽ രഹസ്യമായി 70 മില്യൺ സ്വത്ത് സമ്പാദിച്ചതായി പറയുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യയും ലണ്ടൻ ഓഫീസ് വാങ്ങിയപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 312,000 പൗണ്ട് തട്ടിച്ചുവെന്നും പേപ്പർ വെളിപ്പെടുത്തുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മൊണാക്കോയിലെ രഹസ്യ സ്വത്തുക്കൾ, ഫ്രാൻസിൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിസ് സ്വന്തമാക്കിയ 12 മില്യൺ പൗണ്ടിന്റെ വില്ലകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും പുറത്തുവന്നു. ഫിൻസെൻ ഫയലുകൾ, പാരഡൈസ് പേപ്പറുകൾ, പനാമ പേപ്പറുകൾ, ലക്സ് ലീക്സ് എന്നിവയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പാന്‍ഡോറ പേപ്പേഴ്‌സ് എത്തുന്നത്. ഈ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.

ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, പനാമ, ബെലിസ്, സൈപ്രസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 14 സാമ്പത്തിക സേവന കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളും ഫയലുകളും സംയുക്ത അന്വേഷണത്തിലൂടെ ബിബിസി, ഗാർഡിയൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. യുകെയിൽ രഹസ്യമായി വസ്തു വാങ്ങാൻ പ്രമുഖരും സമ്പന്നരും നിയമപരമായി കമ്പനികൾ സ്ഥാപിക്കുന്നുവെന്ന് പേപ്പർ വെളിപ്പെടുത്തി. വാങ്ങലുകൾക്ക് പിന്നിലുള്ള 95,000 ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ ഉടമകളുടെ വിവരങ്ങളും ഇതിലുണ്ട്. ജോർദാൻ രാജാവ് രഹസ്യമായി മാലിബുവിലും വാഷിംഗ്ടൺ ഡിസിയിലും ആഡംബര വീടുകളും ലണ്ടനിലും സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിലും എട്ട് വസ്തുവകകളും സ്വന്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി അഴിമതി ആരോപണങ്ങൾ നേരിടുന്ന അസർബൈജാനിലെ ഭരണകക്ഷിയായ അലിയേവ് കുടുംബം, ഓഫ്‌ഷോർ നെറ്റ്‌വർക്ക് നിർമിച്ചിട്ടുണ്ട്. 400 മില്യൺ പൗണ്ടിലധികം വരുന്ന ബ്രിട്ടനിലെ വസ്തു ഇടപാടുകളിൽ അലിയേവ് കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ യുകെ സർക്കാരിനും വരും ദിവസങ്ങളിൽ വലിയ തലവേദന സൃഷ്ടിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസ് 7 ബില്യൺ പൗണ്ട് മുടക്കി ഏറ്റെടുക്കാനൊരുങ്ങുയാണ് യു എസ്‌ ഗ്രൂപ്പായ ക്ലെയ്ടൺ, ഡബ്ലിയർ & റൈസ് ( സി ഡി & ആർ ). യു കെ മാർക്കറ്റിലേക്ക് ടെസ്കോയുടെ മുൻ ചീഫ് എക് സിക്യൂട്ടീവായ ടെറി ലേഹിയുടെ തിരിച്ചു വരവ് കൂടിയാണ് ഇത്. നിലവിൽ സി ഡി & ആറിന്റെ പ്രമുഖ ഉപദേഷ്ടാവാണ് ടെറി. ജൂൺ മുതൽ തന്നെ മോറിസൺസ് ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, മറ്റു രണ്ട് യു എസ്‌ കമ്പനികളിൽ നിന്നുള്ള മത്സരം കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു. ശനിയാഴ്ചയാണ് മോറിസൺസ് ഷെയറുകൾ വാങ്ങാനുള്ള തീരുമാനം സി ഡി & ആർ പുറത്ത് വിട്ടത് . മോറിസൺസിന്റെ സ്റ്റോക്ക് മാർക്കറ്റിലെ ഒരു ഷെയറിന് 287 പൗണ്ടാണ് സി ഡി & ആർ മുന്നോട്ടു വെച്ചത്. മറ്റൊരു യു എസ്‌ കമ്പനിയായ ഫോർട്ടസ് 286 പൗണ്ട് തുക ഒരു ഷെയറിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


ജൂലൈയിൽ സി ഡി & ആർ മുന്നോട്ടുവെച്ച 5.5 ബില്യൺ പൗണ്ടിന്റെ ഓഫർ മോറിസൺസ് നിരസിച്ചിരുന്നു.
സി ഡി & ആറിന്റെ ഈ ഓഫർ നെറ്റ് ഷെയർ ഹോൾഡർമാർ കൂടെ അംഗീകരിച്ചാൽ നവംബറോടുകൂടി ഏറ്റെടുക്കൽ നടപടി പൂർത്തിയാകും.


1899 ലാണ് മോറിസൺസ് ഗ്രൂപ്പ്‌ നിലവിൽ വന്നത്. ഏകദേശം അഞ്ഞൂറോളം ഷോപ്പുകളും, 110,000 ത്തോളം ജീവനക്കാരും നിലവിൽ മോറിസൺസിനുണ്ട്. മോറിസൺസ് പോലെ നിരവധി യു കെ ബിസിനസ് ഫേമുകൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് വിദേശ നിക്ഷേപകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നുമുതൽ സൈന്യത്തിൻറെ സേവനം ഇന്ധന വിതരണ പ്രതിസന്ധിയെ മറികടക്കാൻ ഉപയോഗിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനികർ ഇന്ധന വിതരണത്തിൻ്റെ ഭാഗമാകുന്നതിനായിട്ടുള്ള പരിശീലനം നൽകുന്നതിൻ്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ന്യൂ ഫോറസ്റ്റ് ഹാംഷെയറിലെ ടാങ്കറിൽ നിന്ന് പമ്പിലേയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഇന്ധന പ്രതിസന്ധിയിൽനിന്ന് സൈനികർ സജീവമായി രംഗത്ത് വരുന്നതോടെ മോചനം ആകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ​​ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം മൂലമാണ് പ്രതിസന്ധി ഉടലെടുത്തത് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവല്ല ചാത്തങ്കരി മണക്ക് ഹോസ്പിറ്റലിൻെറ സ്ഥാപകനും പ്രമുഖ യൂറോളജിസ്റ്റുമായ ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ ജോസഫ് (അച്ചു-39) സി‍ഡ്നിയിലെ ന്യൂകാസിലിൽ മരണമടഞ്ഞു. ഭർത്താവ് ഡോ.വിവിൻ മാത്യുവിനൊപ്പം വർഷങ്ങളായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമായിരുന്നു . മക്കൾ: ഹന്നാ, ജോനാ, മീഖ.

സംസ്കാരം പിന്നീട് സിഡ്നി ന്യൂകാസിലിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . കാറപകടത്തിൽപ്പെട്ട അച്ചാമ്മ ജോസഫ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആൻഡ്രൂ രാജകുമാരന്റെ പേരിൽ നിലനിൽക്കുന്ന ലൈംഗികാതിക്രമ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്താൻ ലക്ഷങ്ങൾ ചിലവഴിക്കാനൊരുങ്ങി എലിസബത്ത് രാജ്ഞി. ബാലപീഡകനായ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദച്ചുഴിയിൽപെട്ട വ്യക്തിയാണ് ആൻഡ്രൂ രാജകുമാരൻ. 1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ വിർജിനീയ റോബർട്സ് ജിയുഫ്രെ തന്നെ പീഡിപ്പിച്ച ആൻഡ്രൂവിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ആൻഡ്രൂ മൂന്നു തവണ തന്നെ പീഡിപ്പിച്ചെന്നാണ് വിർജിനീയയുടെ പരാതി. അതിൽ രണ്ടു തവണ പ്രായപൂർത്തിയാകുന്നതിനു മുൻപാണെന്നും അവർ പറഞ്ഞു. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലും എപ്സ്റ്റീന്റെ കരീബിയൻ ദ്വീപിലെ വസതിയിൽ വച്ചുമാണ് ആൻഡ്രൂ തന്നെ പീഡിപ്പിച്ചതെന്ന് വിർജീനിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം 61 കാരനായ ആൻഡ്രൂ നിഷേധിക്കുകയാണ് ഉണ്ടായത്. ബിബിസി സംപ്രേഷണം ചെയ്ത അഭിമുഖം ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞയാഴ്ച അമേരിക്കൻ അഭിഭാഷകനായ ആൻഡ്രൂ ബ്രെറ്റ്‌ലറിനൊപ്പം മെലിസ ലെർനറെ ഉൾപ്പെടുത്തി തന്റെ നിയമസംഘം ഡ്യൂക്ക് വിപുലീകരിച്ചു. ഒരു മണിക്കൂറിൽ 1,476 പൗണ്ടാണ് ബ്രെറ്റ്‌ലർ ഈടാക്കുന്നത്. ലങ്കാസ്റ്റർ എസ്റ്റേറ്റിൽ നിന്ന് പണം സ്വരൂപിക്കാനാണ് രാജ്ഞി പദ്ധതിയിടുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ആൻഡ്രൂവിനെതിരായ സിവിൽ കേസ് നീണ്ടുനിൽക്കുന്നതിനാൽ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവാക്കേണ്ടി വരുമെന്ന് രാജകുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നു.

തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചുവെന്നു വിർജീനിയ ആരോപണം ഉയർത്തിയിരുന്നു. 2001 ലും 2002ലും മൂന്നുതവണ എപ്സ്റ്റീന്റെ നിർബന്ധത്തിനു വഴങ്ങി രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു വിർജീനിയ റോബർട്‌സിന്റെ വെളിപ്പെടുത്തൽ. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്കു ഖേദമില്ലെന്നു ബിബിസി അഭിമുഖത്തിൽ പറഞ്ഞതോടെയാണ് രാജകുമാരൻ വിവാദത്തിൽ പെടുന്നത്. അതാണ് ഇപ്പോഴും ആളികത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് പിടിപെടുന്ന രോഗികളിൽ പല രീതിയിലായിരുന്നു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിലർക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ലാതെയും വൈറസ് ബാധിച്ചിരുന്നു. എന്നാൽ നല്ലൊരു ശതമാനം രോഗികളിൽ കണ്ടുവരുന്ന പൊതുവായ രോഗലക്ഷണമായിരുന്നു ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. മൂക്കിനുള്ളിലെ കോശങ്ങൾ വൈറസിൻ്റെ ആക്രമണം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്നതാണ് കോവിഡ് രോഗികൾക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. ഒട്ടുമിക്ക രോഗികളും രോഗം വിമുക്തമായതിനുശേഷം ഈ പ്രശ്നങ്ങളിൽ നിന്ന് വിമുക്തരാകാറുള്ളതാണ് . എന്നാൽ പത്തിൽ ഒരു കോവിഡ് രോഗിക്ക് ഈ പ്രശ്നം ഒരു മാസമോ അതിലധികമോ നീണ്ടുനിൽക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മണം തിരിച്ചറിയാനുള്ള കഴിവ് തിരിച്ചു കിട്ടാത്ത ഈ അവസ്ഥയെ അനോസ്മിയ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.

മൂക്കിനുള്ളിലെ നിർജ്ജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ചീസ് ,മുട്ട, മത്സ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവ മൂക്കിൽ ഒഴിക്കുന്ന തുള്ളി മരുന്നുകളിൽ ചേർത്ത് നൽകിയാണ് പരീക്ഷണം പുരോഗമിക്കുന്നത്. അതുപോലെതന്നെ വിറ്റാമിൻ എ അനോസ്മിയയിൽ നിന്ന് വിമുക്കി നേടുന്നതിന് സഹായിക്കുമെന്നും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട് . ലോകത്തിൽ വിവിധഭാഗങ്ങളിൽ അനോസ്മിയയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങളെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

ചെമ്മീൻ വൃത്തിയാക്കിയത് – 250ഗ്രാം

ഇഞ്ചി+വെളുത്തുള്ളി അരച്ചത് -1 1/2 ടേബിൾ സ്പൂൺ

മുളക് പൊടി – 3 ടീ സ്പൂൺ(പകുതി കാശ്മീരിയും പകുതി എരിവുള്ള മുളകുപൊടിയും )

ഗരം മസാല -1/2 ടീ സ്പൂൺ

കുരുമുളക് പൊടി -1/4 ടീ സ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

വെളുത്തുള്ളി -12 അല്ലി

സവോള – 2 എണ്ണം

തക്കാളി പഴുത്തത് -1 എണ്ണം

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1. ചെമ്മീൻ കഴുകി വൃത്തിയാക്കി മാറ്റി വെക്കുക

2.ഇഞ്ചി വെളുത്തുള്ളി അരച്ചത്, കാശ്മീരി മുളകുപൊടി (1 1/2 ടീ സ്പൂൺ ), മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് ചേർത്ത് പേസ്റ്റ് ആക്കി വെക്കുക. (കുരുമുളക് പൊടി ഒന്നുകിൽ വറക്കാനുള്ള അരപ്പിലോ അല്ലെങ്കിൽ റോസ്റ്റിനുള്ള മസാലയിലോ ചേർക്കാം )

3.ചെമ്മീനിൽ ഈ മിശ്രിതം പുരട്ടി, ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക

4.സവോള കനം കുറച്ചു നീളത്തിൽ അരിഞ്ഞും, വെളുത്തുള്ളി കൊത്തിയരിഞ്ഞും, തക്കാളി ചെറുതായി അരിഞ്ഞും വെക്കുക

5.ഒരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, അതിൽ മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീൻ ഇരുവശവും ഏകദേശം നാലു മിനിറ്റ് വീതം ചെറിയ തീയിൽ മൊരിച്ചെടുക്കുക.

6.ബാക്കിയുള്ള എണ്ണയിൽ(1 ടേബിൾ സ്പൂൺ )വെളുത്തുള്ളി, സവോള ഇവ നന്നായി വഴറ്റി എടുക്കുക.

7.ചെറിയ തീയിൽ മുളക് പൊടി, ഗരം മസാല പൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും ചേർത്ത്, അടച്ചു വെച്ച് തക്കാളി നന്നായി കുക്ക് ആകുന്നവരെ വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം.

8.ഇനി വറുത്തു മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഇളക്കി യോജിപ്പിച്ച്, മൂന്നു മിനിറ്റ് വീണ്ടും ചെറിയ തീയിൽ കുക്ക് ചെയ്യുക. തയാറായ ചെമ്മീൻ റോസ്റ്റ് അടുപ്പിൽ നിന്നും മാറ്റി ചൂടോടെ വിളമ്പുക

സുജിത് തോമസ്

 

RECENT POSTS
Copyright © . All rights reserved