ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടിലൂടെ ഇന്നലെ മാത്രം  യുകെയിലെത്തിയത് 1,185 പേർ. ഒരു ദിവസം എത്തിയ കുടിയേറ്റക്കാരുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. നാല് ബോർഡർ ഫോഴ്‌സ് കപ്പലുകൾ തീരത്ത് കണ്ടെത്തിയ ബോട്ടുകളെ തടഞ്ഞ് ഡോവറിലേക്ക് കൊണ്ടുപോയി. കലൈസിനു സമീപം രണ്ട് ബോട്ടുകൾ ഒഴുകി എത്തിയത് കണ്ടെത്തിയെന്നും മൂന്നുപേർ കടലിൽ വീണതായും അധികൃതർ പറഞ്ഞു.  ഈ വർഷം 23,000-ത്തിലധികം ആളുകൾ ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ബോട്ട് വഴി കടന്നത്.  2020 നേക്കാൾ 8440 അഭയാർഥികളാണ് യുകെയിലെത്തിചേർന്നത് . മിക്ക അഭയാർത്ഥികളും വിമാനങ്ങളിലൂടെയും ബോട്ടുകളിലൂടെയുമാണ് എത്തിയത്.

യുകെയിൽ എത്തിയ 1,185 പേരെ ബോർഡർ ഫോഴ്സ് കരക്കെത്തിച്ചു എന്നും ഫ്രഞ്ച് അധികാരികൾ 99 പേരെ യുകെയിൽ എത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഹോം ഓഫീസ് സ്ഥിരീകരിച്ചു.  ഇതിനിടെ യുകെയിലേക്കു കടക്കാൻ  ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചകളിൽ കാണാതായതായി റിപ്പോർട്ട് ചെയ്‌തവരിൽ രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചാനൽ കടന്നുള്ള അഭയാർഥികളുടെ വരവ് നിർത്തണമെന്നും അത് അപകടകരവും അനാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. നവംബർ മൂന്നിന് 853 അഭയാർഥികൾ രാജ്യത്ത് കടന്നതായിരുന്നു ഇതിനുമുൻപ് ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന കണക്ക് .

ഡോവർ ഡോക്കിൽ കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബോർഡർ ഫോഴ്‌സ് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഇമിഗ്രേഷൻ സർവീസ് യൂണിയന്റെ തലവൻ പറഞ്ഞു. ഈ കേന്ദ്രത്തിൽ 490 ലധികം കുടിയേറ്റക്കാർ 24 മണിക്കൂറിൽ അധികം ചെലവഴിച്ചിരുന്നു. എന്നാൽ കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കെട്ടിടത്തിൽ ആകെ രണ്ട് പോർട്ടബിൾ ടോയ്‌ലറ്റുകൾ മാത്രമേയുള്ളൂവെന്നും കുടിയേറ്റക്കാർ കോൺക്രീറ്റ് തറകളിലാണ് ഉറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമല്ലാത്ത മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് അഭയത്തിനുള്ള അവകാശം ഉണ്ടായിരിക്കുകയില്ല. എന്നാൽ യുദ്ധത്തിൽനിന്നും ഭീകരതയിൽ നിന്നും മറ്റും പാലായനം ചെയ്യുന്നവർക്ക്‌ ഇതിൽ ഇളവുകൾ ലഭിക്കും. സുരക്ഷിതവും നിയമപരവുമായ വഴികൾ ഇല്ലാത്തതിനാലാണ് അഭയാർത്ഥികളായ ജനങ്ങൾ ഇത്തരം യാത്രകൾ നടത്തുന്നതെന്ന് ആംനെസ്റ്റി ഇൻറർനാഷണൽ പറഞ്ഞു.