യു കെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം നിര്യാതനായ ജോസ് കണ്ണങ്കരയുടെ പൊതുദർശന ചടങ്ങ് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെയും ഇന്നും ആയാണ് ജോസ് പൊതുദർശനം ക്രമീകരിച്ചിരുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്രമീകരിച്ച പൊതുദർശനത്തിൽ ജോസ് കണ്ണങ്കരയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് കാത്തിരുന്നത്. മുൻകൂട്ടിയുള്ള അനുമതിയോടെ ക്രമീകരിച്ച പൊതുദർശനം നിർത്തിവയ്പ്പിക്കുവാൻ പോലീസിനെ പ്രേരിപ്പിച്ചത് യുകെയിലെ വിവിധ ഭാഗങ്ങളിൽ പുതിയതായി പ്രത്യക്ഷപ്പെട്ട ജനിതക മാറ്റം സംഭവിച്ച വിവിധതരം കൊറോണ വൈറസിൻെറ ഭീഷണിയും, യുകെയുടെ പല പ്രദേശങ്ങളിൽ നിന്നും ജോസ് കണ്ണങ്കരയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ മലയാളികൾ വരാനുള്ള സാധ്യതയും ആണ്.
തങ്ങളുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി ,അന്ത്യയാത്രാമൊഴി ചൊല്ലുവാനായി കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഏറെ ആണെങ്കിലും,ഇതിനോടകം അഞ്ഞൂറിൽ പരം പേരാണ് തങ്ങളുടെ മുന്നിൽ എന്നും വിടർന്ന ചിരിയും സൗഹൃദവും സമ്മാനിച്ച ആ ആത്മമിത്രത്തെ അവസാനമായി ഒരുനോക്ക് കാണുവാനായി ഓൺലൈൻ ബുക്കിങ്ങിലൂടെ പേര് രജിസ്റ്റർ ചെയ്തത്.
പൊതുദർശനത്തിന് ഒരു ദിവസം തികച്ചും പര്യാപ്തമല്ലെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് അടുത്ത രണ്ടു ദിവസങ്ങളിലായി അന്ത്യോപചാരം അർപ്പിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുണ്ടായിരുന്നത്. ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഇന്നലെയും ഇന്നുമായി
(ചൊവ്വാ,ബുധൻ ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4മണി വരെയാണ് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരം പൊതു ദർശനത്തിനായി വയ്ക്കുക. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച്, ഒരേ സമയം 6 പേർ വീതം മാത്രമായിരിക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹാളിലേയ്ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞിരുന്നു.
പോലീസ് നിർദേശത്തെ തുടർന്ന് 12 മണിയോടു കൂടിയാണ് പൊതുദർശനം നിർത്തിവച്ചത്. കൊറോണ വൈറസിൻെറ ഏറ്റവും ഭീകരരൂപമായ ആഫ്രിക്കന്റ് വേരിയന്റിൻെറ സാന്നിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ലിവർപൂൾ മേഖലയായതും പോലീസ് ഇടപെടലിന് കാരണമായി. അടുത്ത ബന്ധുക്കൾക്ക് മാത്രമേ ഇനിയും മൃതശരീരം കാണുവാനുള്ള അനുവാദമുള്ളൂ.
ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5ന് വെള്ളിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ, ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്, ലിവർപൂളിലെ ഏറ്റവും പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ ജോസിനെ സംസ്കരിക്കുന്നതുമായിരിക്കും . എന്നാൽ യുകെയിലെ നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ദേവാലയത്തിലും സെമിത്തേരിയിലുമായി ജോസിന്റെ കുടുംബാംഗങ്ങൾ അടക്കം 30 പേർക്ക് മാത്രമേ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി വീഡിയോ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
അടൂർ നെല്ലിമുകൾ കാഞ്ഞിരങ്ങാട്ട് കുടുംബാംഗമാണ് ജോസ്. പരേതരായ കെ.എം ഇടിക്കുളയുടെയും, ഏലിക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. ജോർജ്കുട്ടി,(മസ്കറ്റ് )ലീലാമ്മ ,ബാബു,
രാജൻ, തോമസ്, കുഞ്ഞമ്മ, ലിസ്സി (അടൂർ)റെജി (കോലഞ്ചേരി) എന്നിവരാണ് സോദരങ്ങൾ. കൊറ്റനല്ലൂർ ,
മണക്കാല മർത്തശ് മൂനി ഇടവക അംഗമാണ് പരേതൻ. ഭാര്യ സൂസൻ കല്ലൂർക്കാട്, കളമ്പുകാട്ട് പരേതനായ
കുര്യൻ ജോസഫിന്റെയും, അന്നക്കുട്ടിയുടെയും മകളാണ്. സൂസന്റെ ഇളയ സഹോദരി സാലിയും കുടുംബവും ലിവർപൂളിൽ തന്നെയുണ്ട്. ഏക മകൾ രേഷ്മ മാഞ്ചസറ്ററിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എഡ്യുക്കേഷൻ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നു. ഭാര്യ സൂസനും ഏകമകൾ രേഷ്മയുമൊത്തുള്ള നീണ്ട 12 വർഷക്കാലത്തെ മസ്കറ്റിലെ പ്രവാസ ജീവിതത്തിന് ശേഷം, 2006ലാണ് ലിവർപൂൾ മണ്ണിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇവിടെ വന്ന കാലം മുതൽ ഏതൊരു വ്യക്തിയെയും തന്റെ സ്വസിദ്ധമായ വിടർന്ന ചിരി സമ്മാനിച്ചുകൊണ്ട് അങ്ങോട്ടു കയറി പരിചയപ്പെടുകയും എറെ വാചാലനാവുകയും ചെയ്തിരുന്ന ജോസ് കണ്ണങ്കര എന്ന പച്ചയായ മനുഷ്യൻ ലിവർപൂളിലെ ഓരോ കുടുംബത്തെയും വ്യക്തിപരമായിഅറിഞ്ഞിരുന്നു. അതിലൂടെ ഒരു പരസഹായിയായി മാറുകയായിരുന്നു ഈ ജനകീയൻ.
എവിടെയൊക്കെ ജോസ് ജോലിചെയ്തിട്ടുണ്ടോ,അവിടെയെല്ലാം നല്ലൊരു സുഹൃത്ത് ബന്ധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് മലയാളികളുടെ ഇടയിൽ മാത്രമായിരുന്നില്ല. ലിവർപൂളിൽ അധിവസിക്കുന്ന അന്യസംസ്ഥാനക്കാരും, ശ്രീലങ്കൻസുമൊക്കെ തങ്ങളുടെ ജോസ് ബായിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്.ഇനി ജോസ് കണ്ണങ്കര ഇല്ലാത്ത ഒരു ലിവർപൂൾ മലയാളി സമൂഹം.. അതിലൊരു ശൂന്യത അലയടിക്കുന്നതുപോലെ ….
കോവിഡ് മഹാമാരി ലോകമാകെ പിടിച്ചുകുലുക്കിയിരിക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ച് യുകെയിലെ ജനജീവിതത്തെ സ്തംഭിപ്പിക്കുകയും, മരണം ഒരു ലക്ഷം കടക്കുകയും ചെയ്തുവെങ്കിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും വാർത്തകളാണ് ഇംഗ്ലണ്ടിൻെറ നോർത്തിലുള്ള സ്കൻന്തോർപ്പിൽ നിന്ന് കേൾക്കുന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന പൂർണഗർഭിണിയായ മലയാളി യുവതി കുഞ്ഞിനെ ജന്മം നൽകുകയും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വാർത്തകൾ യുകെ മലയാളികൾ വളരെ ആശ്വാസത്തോടെയാണ് ശ്രവിച്ചത്.
കാരണം പൂർണ്ണ ഗർഭിണിയായ റോസ് ജിമ്മിച്ചൻ കോവിഡ് ബാധിതയായി അത്യാസന്ന നിലയിലായ വിവരം പ്രാർത്ഥനാ ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിഞ്ഞ യുകെ മലയാളികൾ വളരെയധികം ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ റോസും റോസ് ജന്മം നൽകിയ കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്ത മലയാളി സമൂഹത്തിന് വളരെ ആശ്വാസമായി.
യുകെയിലെ ഹള്ളിനടുത്തുള്ള സ്കൻന്തോർപ്പിലാണ് ജിമ്മി റോസ് ദമ്പതികൾ താമസിക്കുന്നത്. റോസിന് 29 ആഴ്ച ഗർഭിണിയായിരിക്കെയാണ് ഡിസംബർ ആദ്യവാരം കോവിഡ് ബാധിതയായി സ്കൻന്തോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ റോസിൻറെ ആരോഗ്യസ്ഥിതി പൊടുന്നനെ ഗുരുതരമായതിനാൽ റോസിനെ പെട്ടെന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കുഞ്ഞിനെ പുറത്തെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് മുന്നിലില്ലായിരുന്നു.
ഡിസംബർ ഒമ്പതാം തീയതി അതായത് പതിനൊന്ന് ആഴ്ച്ച മുൻപേ റോസ് കൊച്ചു കാതറീന് ജന്മം നൽകിയപ്പോൾ 1.2kg മാത്രമാണ് തൂക്കമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ റോസും, കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
തൻറെ കുഞ്ഞ് ജീവിച്ചിരിക്കുമെന്നോ തനിക്ക് കുടുംബാംഗങ്ങളെ വീണ്ടും കാണാൻ സാധിക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും റോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇനി എനിക്ക് ശ്വസിക്കണ്ട’…. “ഞാൻ ഉറങ്ങട്ടെ…” കൊറോണ പിടിപെട്ട് വേദനയിൽ പുളഞ്ഞ ഗർഭിണിയായ യുകെ മലയാളി നഴ്‌സ് സഹപ്രവർത്തകരായ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞതായി ഓർമ്മിച്ചെടുത്തു. അത്രയധികം വേദനയിൽകൂടിയാണ് ആ ദിവസങ്ങൾ കടന്നുപോയത്.
താൻ ജോലി ചെയ്യുന്ന എൻഎച്ച്എസിനോടും അവിടുത്തെ സഹപ്രവർത്തകരോടും ഒത്തിരി നന്ദി ഉണ്ടെന്ന് റോസ് പറഞ്ഞു. എന്തായാലും റോസിൻെറയും കുഞ്ഞു കാതറീൻെറയും അതിജീവനത്തിൻെറ കഥ ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ കോവിഡ് കാലത്തും ഉണ്ടാക്കിയത് പ്രതീക്ഷയുടെയും, പ്രത്യാശയുടെയും കാഴ്ചകളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഈ വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ ഡ്രൈവിംഗ് നിയമങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഡ്രൈവർമാരെ ബാധിക്കും. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ഇനി കനത്ത പിഴ ഈടാക്കുന്നതാണ്. ചില സന്ദർഭങ്ങളിൽ കാർ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് കരാർ റദ്ദാക്കാൻ വരെ കഴിയും. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട ഏഴ് പുതിയ നിയമങ്ങൾ ഇവയാണ്.
1. എംഒടി സർട്ടിഫിക്കറ്റ് വിപുലീകരണം അവസാനിപ്പിച്ചു.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ എംഒടി സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റ് കാലാവധി അറിഞ്ഞിരുന്ന് കൃത്യ സമയത്തത് പുതുക്കേണ്ടതുണ്ട്. സാധുവായ എംഒടി സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ലോക്ക്ഡൗൺ മൂലം ഗാരേജുകൾ അടച്ചിട്ടതിനാൽ എംഒടി സർട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടിയിരുന്നു. മാർച്ച് 31നും ജൂലൈ 31നും ഇടയിൽ സർട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നവർക്ക് ഈ ജനുവരി 31 വരെ പുതുക്കുന്നതിനുള്ള അവസരം നൽകിയിരുന്നു.
2. ബ്രെക്സിറ്റ് മാറ്റങ്ങൾ
യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ അർത്ഥമാക്കുന്നത് ബ്രിട്ടീഷ് ഡ്രൈവർമാർക്ക് വിദേശ യാത്ര ചെയ്യുമ്പോൾ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമില്ലെന്നാണ്. എന്നാൽ ചില രേഖകൾ ഇപ്പോഴും ആവശ്യമാണ്. നിങ്ങൾക്ക് സാധുവായ ഒരു പോളിസി ഉണ്ടെന്നതിന്റെ തെളിവായി കാർ ഇൻഷുറൻസ് ഗ്രീൻ കാർഡ് കയ്യിൽ കരുതേണ്ടതുണ്ട്.
3. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം
ഡ്രൈവിംഗ് സമയത്ത് ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. പുതിയ നിയമങ്ങൾ അനുസരിച്ച്, ഏത് സാഹചര്യത്തിലും ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവർക്ക് 200 പൗണ്ട് പിഴയും ആറ് പെനാൽറ്റി പോയിന്റുകളും നൽകാം.
4. ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സാങ്കേതികവിദ്യ
2021 സ്പ്രിംഗ് മുതൽ യുകെയിലെ പുതിയ കാറുകളിൽ ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സാങ്കേതികവിദ്യ ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കാറിന്റെ ചലനങ്ങളെ നിയന്ത്രിച്ച് റോഡിൽ സുരക്ഷിതമാക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഇത്.
5. പുതിയ ക്ലീൻ എയർ സോണുകൾ
ലണ്ടനിലെ ചെലവേറിയ യുലെസ് (അൾട്രാ-ലോ എമിഷൻ സോൺ) സംവിധാനം ഒക്ടോബർ മുതൽ ബാത്ത്, ബർമിംഗ്ഹാം നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതോടെ മലിനീകരണ വാഹനങ്ങൾ നിരത്തിലിറക്കുന്നവരിൽ നിന്ന് പ്രതിദിനം 8 പൗണ്ട് വരെ ഈടാക്കും.
6. ഗ്രീൻ നമ്പർ പ്ലേറ്റ്
ഇലക്ട്രിക്, സീറോ-എമിഷൻ വാഹനങ്ങളുടെ ഉടമകൾക്ക് ഇപ്പോൾ പുതിയ ഗ്രീൻ നമ്പർ പ്ലേറ്റുകൾ വാങ്ങാം. സമ്പൂർണ്ണ-ഇലക്ട്രിക് മോഡലുകളുടെ ഉടമകൾക്ക് വിലകുറഞ്ഞ പാർക്കിംഗ്, പ്രത്യേക സീറോ-എമിഷൻ സോണുകൾ തുടങ്ങിയ അനുകൂല്യങ്ങൾ സർക്കാർ നൽകിയേക്കും.
7. ഭാവിയിൽ നിയമമാറ്റം
2022 മുതൽ എല്ലാ പുതിയ കാറുകളിലും ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് ഉപകരണങ്ങൾ നിർബന്ധിതമാകും. ഈ പുതിയ സാങ്കേതികവിദ്യ ഡ്രൈവർമാർ വളരെ വേഗത്തിൽ പോകുകയാണെങ്കിൽ അവർക്ക് മുന്നറിയിപ്പ് നൽകും. കൂടാതെ വേഗപരിധി മറികടന്നു ഡ്രൈവ് ചെയ്യുന്നത് തുടരുകയാണെങ്കിൽ ഇടപെടുകയും ചെയ്യും. അതോടൊപ്പം നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഇനിമുതൽ 70 പൗണ്ട് പിഴ ഈടാക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡിനെതിരെ ഉള്ള വാക്‌സിൻ വിതരണത്തെ രാജ്യത്തെ എല്ലാ ജനങ്ങളും ഒരു പോലെയല്ല നോക്കി കാണുന്നത് എന്ന് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നു. യു കെയിലെ 72 ശതമാനത്തോളം വരുന്ന കറുത്തവർഗ്ഗക്കാരുടെ സമൂഹം വാക്സിൻ എടുക്കുന്നതിൽ വിമുഖത കാട്ടുന്നതായി അടുത്തിടെ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ 42 ശതമാനത്തോളം വരുന്ന ഏഷ്യൻ സമൂഹവും വാക്‌സിൻ വിതരണത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഇംഗ്ലണ്ടിലെ ലങ്കഷെയറിലുള്ള ബ്ലാക്ക്ബെൺ കത്തീഡ്രലിൽ വച്ച് നടന്ന വാക്സിൻ വിതരണത്തിൽ, എട്ടു മണിക്കൂറിനുള്ളിൽ 250 പേർ പങ്കെടുത്തതിൽ അഞ്ചുപേർ മാത്രമാണ് ഏഷ്യക്കാരായി ഉണ്ടായിരുന്നത്. കഴിഞ്ഞാഴ്ച എൻ എച്ച് എസ് ഇംഗ്ലണ്ട് നടത്തിയ പ്രസ്താവനയിൽ ബ്ലാക്ക്, ഏഷ്യൻ & മൈനൊരിറ്റി കമ്മ്യൂണിറ്റികൾക്കിടിയിൽ വിതരണത്തിനായി 23 മില്യൺ ഡോസുകൾ ലോക്കൽ കൗൺസിലുകൾക്ക് നൽകിയതായി വ്യക്തമാക്കിയിരുന്നു. ബർമിങ്ഹാം നഗരത്തിൽ 50 ശതമാനത്തോളം ഇത്തരം കമ്മ്യൂണിറ്റികളാണെന്നും ഇവരാരും തന്നെ വാക്സിൻ എടുക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും, പബ്ലിക് ഹെൽത്ത് ഡയറക്ടർ ജസ്റ്റിൻ വാർണേ അറിയിച്ചു.
ബ്രിട്ടീഷുകാർ അല്ലാത്ത ഇത്തരം ആളുകളുടെ നിസ്സഹകരണം രോഗം വർദ്ധിക്കുന്നതിന് കാരണമാകും എന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുന്നു. കറുത്ത വർഗ്ഗക്കാരായ ചില ഡോക്ടർമാരും നഴ്സുമാരും പോലും വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. വാക്സിൻ വിതരണത്തെ ഊർജ്ജപ്പെടുത്തുന്നതിനായി, നിരവധി പ്രശസ്തരായ ആളുകൾ വീഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ആണ് ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ആളുകളുടെ ഭയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അവർക്ക് മുൻപ് ഉണ്ടായിരിക്കുന്ന അനുഭവങ്ങളാണ് ഇത്തരം പ്രതികരണങ്ങളിലേക്ക് അവരെ നയിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകർ രേഖപ്പെടുത്തുന്നു. എന്നാൽ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ പെട്ട ആളുകളിലേയ്ക്കും വാക്സിൻ വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിനെതിരെ മുൻകരുതൽ ശക്തമാക്കിയതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ വൈറസ് യുകെയിൽ കണ്ടെത്തുകയും രോഗബാധിതർ യാത്രയുമായി ഒരു ബന്ധവും ഇല്ലാത്തതിനാൽ ഇതിനെ വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. ഉടൻതന്നെ 80000 -ത്തോളം ആളുകൾക്ക് ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്താനുള്ള തീരുമാനം ആണ് എടുത്തിരിക്കുന്നത്.
സറി,ലണ്ടൻ, കെന്റ്, ഹെർട്ട്‌ഫോർഡ്ഷയർ, സൗത്ത്പോർട്ട്, വെയിൽസ് എന്നിവിടങ്ങളിലെ 16 വയസ്സിനു മുകളിൽ പ്രായമുള്ളവരെ രോഗലക്ഷണങ്ങൾ കണക്കിലാക്കാതെ പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ വൈറസ് കൂടുതൽ അപകടകാരിയാണ് എന്നതിന് തെളിവുകൾ ഒന്നുമില്ലെങ്കിലും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാകും എന്ന് മാറ്റ് ഹാൻകോക്ക് ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു . യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ വിതരണം ചെയ്യുന്ന വാക്‌സിൻ ജനിതക മാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിനെതിരെ ഫലപ്രദമാണോ എന്ന കാര്യത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തപ്പെടേണ്ടതായി ഉണ്ട് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ അങ്കമാലി സ്വദേശി സംഗീത ജോർജ് പാലാട്ടി(42) നിര്യാതയായി. അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി ജോർജിന്റെ ഭാര്യയാണ്. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഇന്ന് വൈകിട്ട് 8 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പാസായത്തിനുശേഷം യുകെയിൽ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിയാണ്. ഏകമകൻ നിവേദ് (16).
സംഗീത ജോർജിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കൊറോണ വൈറസിനെതിരായ വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. രാജ്യത്തിൻെറയും എൻഎച്ച്എസിൻെറയും ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എൻഎച്ച്എസ് കൈവരിച്ച ഒരു നേട്ടമാണ് ഇപ്പോൾ രാജ്യത്തിന് അഭിമാനകരമായിരിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ കെയർഹോം അന്തേവാസികൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി എൻഎച്ച്എസ് അറിയിച്ചു. എൻഎച്ച്എസിൻെറ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയർ ഹോം ജീവനക്കാർക്കും പരിചരണക്കാർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് ഫെബ്രുവരി 15 നുള്ളിൽ തീർക്കാനാണ് യുകെ ലക്ഷ്യമിട്ടിരുന്നത്.
ശനിയാഴ്ച യുകെയിൽ വിതരണം ചെയ്തത് 598389 ഡോസ് വാക്സിനാണ്. ഇതുകൂടി കണക്കാക്കി 9 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വാക്സിൻെറ ആദ്യഡോസ് ലഭിച്ചത്. 490,000 പേർക്ക് വാക്സിൻെറ രണ്ടാം ഡോസ് ലഭിച്ചതായി കണക്കുകൾ വ്യക്തമാകുന്നു. ഈ മഹാമാരിയിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ രോഗബാധിതരുടെയും ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഗുരുതരമായ സ്ഥിതിവിശേഷം തുടർന്നേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജോജി തോമസ്
നരേന്ദ്രമോദി ഗവൺമെൻറിനെ പോലെ ഇത്രയധികം ജനവികാരത്തെ മാനിക്കാത്തതും, ജനദ്രോഹപരമായ നടപടികൾക്ക് യാതൊരു ഉളുപ്പുമില്ലാതെ നടപ്പിലാക്കുന്നതുമായ ഒരു ഭരണം സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലെന്നുള്ളതിന് യാതൊരു സംശയവുമില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ കാര്യത്തിലായാലും സാധാരണ ജനജീവിതത്തെ എല്ലാവിധത്തിലും ദുസ്സഹമാക്കുന്ന ഇന്ധന വിലവർദ്ധനവിന്റെ കാര്യത്തിലാണെങ്കിലും ജനവികാരം നരേന്ദ്രമോദിയെന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേഛാധിപതിയ്ക്കും, ഭരണകക്ഷിക്കും പുല്ലുവിലയാണ്. അമിതമായ ദേശീയതയും, വർഗ്ഗീയ ചിന്താഗതിയും കൊണ്ട് എങ്ങനെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ആധുനിക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ലോകമാകെ ഇന്ധനവില കൂപ്പുകുത്തിയപ്പോൾ അതിൻറെ പ്രയോജനം അല്പം പോലും ലഭിക്കാത്ത ഒരു ജനത ഇന്ത്യയിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇന്ധനവില തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കിയത് സർക്കാരും കോർപ്പറേറ്റുകളും മാത്രമാണ്. 30 രൂപയിൽ താഴെ മാത്രം ഉൽപാദന വിതരണ ചിലവുള്ള ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ അധികം താമസിയാതെ 100 രൂപയിൽ എത്താൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ക്രൂഡോയിൽ വില താഴ്ന്നപ്പോൾ അതിൻറെ പ്രയോജനം ജനങ്ങൾക്ക് നൽകാതിരുന്ന എണ്ണകമ്പനികൾ, വാക്സിൻ ലോകവിപണിയിൽ ഉണ്ടാക്കിയ സാമ്പത്തിക ഉണർവിന് തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പെട്രോൾ ഡീസൽ വിലകളിലൂടെ ജനങ്ങളെ കൊള്ളയടിച്ച കോർപ്പറേറ്റുകളും സർക്കാരും കാർഷിക നയത്തിലൂടെ ചൂഷണത്തിനുള്ള പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനുള്ള അത്യാഗ്രഹത്തിലാണ്. കർഷകർക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ വേണ്ടെന്ന നിലപാട് കർഷകർ തന്നെ എടുത്തിട്ടും, നടപ്പാക്കിയേ തീരൂ എന്ന വാശി കാട്ടുന്നത് ആർക്കുവേണ്ടിയെന്നെന്ന ചോദ്യം അവശേഷിക്കുന്നു. ഞങ്ങളെ ഒത്തിരി സ്നേഹിച്ച് കൊല്ലരുതേ എന്നാണ് കർഷകർക്ക് കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്.
ഇന്ത്യയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി ഒരു സേച്ഛാധിപതി നടത്തുന്നതായി തീർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാർഷിക ബില്ല് ഒരു ചർച്ച പോലും ഇല്ലാതെ പാർലമെൻറ് പാസാക്കിയത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പാർലമെൻറിൻെറ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയുണ്ടായി. ആ പ്രണാമത്തിൻെറ സമയത്ത് മോദിയുടെ മനസ്സിൽ ഇന്ത്യൻ ജനാധിപത്യവും, ജനതയും അല്ലായിരുന്നു മറിച്ച് അംബാനിയും അദാനിയും മാത്രമായിരുന്നു എന്നാണ് കാലം തെളിയിക്കുന്നത്.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വൈറസ് ബാധിതനായ ക്യാപ്റ്റൻ സർ ടോം മൂറിനെ ബെഡ്ഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്നാണ് മൂറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം മൂറിന്റെ മകളാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വീട്ടിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും ഇപ്പോൾ ശ്വസനത്തിന് അധിക സഹായം ആവശ്യമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. എങ്കിലും രോഗബാധിതനായ മൂറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടില്ല.
കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസിനായി 1,000 ഡോളർ സമാഹരിക്കാനാണ് യോർക്ക്ഷെയറിലെ കീഗ്ലിയിൽ നിന്നുള്ള 99 കാരൻ ആദ്യം ഉദ്ദേശിച്ചിറങ്ങിത്തിരിച്ചത്. എന്നാൽ തന്റെ ഉദ്യമം പൂർത്തിയാക്കിയപ്പോൾ എൻഎച്ച്എസിനായി സമാഹരിച്ചത് 17 മില്യൺ പൗണ്ട് ആണ്. കോവിഡ് -19 കാലഘട്ടത്തിൽ എൻഎച്ച്എസിനായി പണം സ്വരൂപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിദൂരത്തുള്ള ആളുകളെ വരെ ഏറെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ കേണൽ പദവി നൽകുകയും ചെയ്തിരുന്നു. ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും ലഭിക്കുകയുണ്ടായി.
അതേസമയം ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോമുകൾക്കും കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു. കെയർ ഹോമിൽ കഴിയുന്നവർക്ക് അധികം വൈകാതെ തന്നെ വാക്സീൻ ലഭിക്കും. 90 ലക്ഷം ആളുകൾക്ക് ഇതിനകം വാക്സിൻ ആദ്യ ഡോസ് ലഭിച്ചു. 490,000 പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി വാക്സീനാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഓരോ രണ്ടു മിനിറ്റിലും പുതിയ കൊറോണ വൈറസ് രോഗികൾ എത്തുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യ മേഖലയിലെ മുൻനിര പ്രവർത്തകർ. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് ചുരുങ്ങിയത് ഏഴ് ആംബുലൻസുകൾ എങ്കിലും രോഗികളുമായി ആശുപത്രിയിൽ എത്തും. ആശുപത്രിയിലെ ഡൊമസ്റ്റിക് ക്ലീനർ ലാരിസ അറ്റനസോവ സഹപ്രവർത്തകരുടെ ഭാഷയിൽ ‘ പയറുമണി പോലെ’ ഓടി നടന്ന് ജോലി ചെയ്തു കൊണ്ടിരുന്നതാണ്. ഇത്തവണ അവർ ഒച്ചിനെ പോലെ ഇഴയുന്നത് പോലെ തോന്നി. ശരിയാണ് ഓരോ രണ്ടു മിനിറ്റിലും പുതിയ രോഗി വരും, അവർക്കുവേണ്ടി ഒരു മുറിയിലെ കട്ടിൽ, ഫ്രെയിമുകൾ, പ്രതലങ്ങൾ, തറ, ബാത്റൂം എല്ലാം തുടച്ചു വൃത്തിയാക്കണം. ഒരു ക്ലോക്ക് കറങ്ങുന്നതുപോലെ നിലക്കാതെ പണിയെടുത്തു കൊണ്ടേയിരിക്കണം.
52 കാരനായ രോഗി, കാഴ്ചയിൽ ആരോഗ്യ ദൃഢഗാത്രനാണ്. “താൻ അങ്ങേയറ്റം ക്ഷീണിതനാണ്. കണ്ണു തുറക്കാൻ പോലും ആവുന്നില്ല. എപ്പോഴും ഉറങ്ങാൻ തോന്നും. ” എപ്പോഴാണ് ഇനി പഴയതുപോലെ എന്നറിയില്ല, അദ്ദേഹം വിതുമ്പുന്നു.
63 വയസ്സുള്ള മറ്റൊരു രോഗി ശ്വസന സഹായികളുടെ സഹായം കൊണ്ടു മാത്രം ജീവിക്കുന്നു. തൊണ്ടയിലൂടെയും മറ്റും കുത്തിയിറക്കിയ ട്യൂബുകൾ അനങ്ങിയാൽ വേദന ഉണ്ടാക്കുന്നവയാണ്. നിശ്ചലമായി കിടന്നു ജീവൻ പിടിച്ചു നിർത്തുക മാത്രമാണ് ഇപ്പോൾ ഏക പോംവഴി. അദ്ദേഹത്തിൻെറ 40 വയസ്സുകാരനായ മകൻ മുകൾനിലയിൽ വെന്റിലേറ്ററിൽ ഉണ്ട്. കുടുംബത്തിലെ മറ്റ് പലരും ചികിത്സ നേടി മടങ്ങിയിരിക്കുന്നു. കോവിഡ് ഇങ്ങനെയാണ് കുടുംബങ്ങളെ പിച്ചിച്ചീന്തുന്നത്. അവരെ ചികിത്സിക്കുന്ന രണ്ട് നഴ്സുമാരും രോഗം ഭേദമായി എത്തിയതേയുള്ളൂ.
നേഴ്സ് മക്കാർത്തി പറയുന്നു, ഞങ്ങൾ അങ്ങേയറ്റം ക്ഷീണിതരാണ്. എപ്പോഴാണ് തളർന്നു വീഴുന്നത് എന്ന് പറയാനാവില്ല. പക്ഷേ കോവിഡ് ആദ്യ ആക്രമണത്തിൽ മരിച്ചുവീണത് വയോധികരായിരുന്നു. അന്ന് എന്റെ അമ്മയ്ക്കോ ആന്റിക്കോ രോഗം വരുമോ എന്നായിരുന്നു ഭയം. എന്നാൽ ഇന്നോ, മുപ്പതും നാൽപ്പതും വയസ്സുള്ളവർ ചുറ്റും മരണം കാത്തു കിടക്കുമ്പോൾ, അടുത്തത് ഞാൻ ആണോ എന്റെ സഹോദരൻ ആണോ, എന്റെ പങ്കാളി ആണോ രോഗഗ്രസ്തരാവുക എന്ന ചിന്തയാണ് സമാധാനം കളയുന്നത്. കാര്യങ്ങൾ അത്രമാത്രം കൈവിട്ടുപോയി കഴിഞ്ഞു.
നിങ്ങൾ സൂക്ഷിക്കണം. രോഗം വന്നു പൊയ്ക്കോളും എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ആരോഗ്യത്തിന്റെ നല്ലൊരുഭാഗം എന്നെന്നേക്കുമായി കവർന്നെടുത്തു കൊണ്ടാവും കോവിഡ് പോവുക. ഒരുപക്ഷേ നിങ്ങളുടെ ജീവനും.