ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്കൂളിൽനിന്ന് അധ്യാപകരും മറ്റും ഏഴാമത്തെ വയസ്സിൽ തള്ളിക്കളഞ്ഞ ഡിസ്ലെക് സിയ ബാധിച്ച 12 വയസ്സുകാരൻ ഒമാറി മക്ക് വീൻ ഇന്ന് വിജയകരമായി ഒരു റസ്റ്റോറന്റ് നടത്തുകയാണ്. അതോടൊപ്പം തന്നെ സ്വന്തമായി ടിവിയിൽ ഒരു കുക്കിംഗ് ഷോയും നടത്തി ഒമാറി മറ്റുള്ളവർക്ക് ഒരു അത്ഭുതമായി മാറുകയാണ്. ഈ പ്രായത്തിനിടയിൽ സ്വന്തമായി ഒരു ബുക്കും ഒമാറി പ്രസിദ്ധപ്പെടുത്തി. സ്വന്തം ഹീറോയായ ഗോർഡൻ റാംസെയെ കാണണം എന്നുള്ളതാണ് ഒമാറിയുടെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം തന്നെ ഈ വർഷം അവസാനം രണ്ടാമത്തെ ബുക്കും പ്രസിദ്ധപ്പെടുത്താൻ ഈ 12 വയസ്സുകാരൻ പ്രയത്നിക്കുകയാണ്.
സ്കൂളിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ തനിക്ക് വിഷമം ഉണ്ടായിരുന്നതായും, എന്നാൽ പിന്നീട് കുക്കിംങ്ങി ലേയ്ക്ക് മാറുകയായിരുവെന്നും ഒമാറി പറഞ്ഞു. ഇതോടൊപ്പംതന്നെ ബ്ലാക്ക് പാന്തർ സിനിമയിലെ ചാഡ് വിക്ക് ബോസ് മാനും തന്നെ ഏറെ സ്വാധീനിച്ചതായി ഒമാറി പറഞ്ഞു. തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഒമാറി ലണ്ടൻ ഫുഡ് ഹാൾ സി ഇ ഒ റോജർ വെയ് ഡിനോട് താൻ മുതിർന്നതാകുമ്പോൾ ബോക് സ് പാർക്കിൽ തനിക്കൊരു റസ്റ്റോറന്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ തന്നെ ഫ്രീ ആയി എടുത്തു കൊള്ളുവാൻ ആണ് അദ്ദേഹം മറുപടി നൽകിയത്.
ഒമാറി തന്റെ കുടുംബത്തോടൊപ്പ ലണ്ടനിലെ പെക്ഹാമിലാണ് താമസിക്കുന്നത്. മാതാവ് ലിയയും, പിതാവ് ജെർമെയിനും ഒമാറിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇതോടൊപ്പംതന്നെ ഒമാറി വിജയകരമായി തന്റെ സി ബി ബി സിയിലെ ടിവി ഷോയും നടത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മിഡ് ലാൻഡിൽ നായ്ക്കളുടെ ആക്രമണത്തിൽ 80 വയസ്സുള്ള വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞാണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത്. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങൾ നല്കിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ അവർ മരിച്ചതായി വെസ്റ്റ് മിഡ്ലാൻഡ് പോലീസ് പറഞ്ഞു.
നായ്ക്കളുടെ ഉടമ പോലീസ് കസ്റ്റഡിയിലാണ്. രണ്ടു നായ്ക്കളെയും പിടികൂടിയിട്ടുണ്ട്. തൻറെ വീടിൻറെ പൂന്തോട്ടത്തിൽ വച്ചാണ് മരണമടഞ്ഞ സ്ത്രീക്ക് നായ്ക്കളുടെ ആക്രമണമേറ്റത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണ കാരണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് വെളിപ്പെടുത്തി.
ദുഃഖവെള്ളിയാഴ്‌ച അക്ഷരാർദ്ധത്തിൽ യുകെയിൽ മലയാളികൾക്ക് വേദനയുടേതായി. യുകെയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇന്ന് വെളുപ്പിനെ A14 വച്ചുണ്ടായ അപകടത്തിൽ പെട്ട് തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദ് (24) മരണമടഞ്ഞു. ഇന്ന് പുലർച്ചെ 4.50 നാണ് അപകടം നടന്നത് . A14 ജംഗ്ഷൻ 51 നും 50 യ്ക്കുമിടയിൽ കോഡെൻഹാമിലാണ് അപകടം സംഭവിച്ചത്.
നിഷാൻ, ആകാശ് എന്നിവരാണ് അമലിൻെറ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ. ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യുകെയിലെത്തിയത്. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.
നോർവിച്ചിലെ യുകെ മലയാളികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
അമൽ പ്രസാദിൻെറ അകാല വിയോഗത്തിൽ മലയാളം യുകെന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അഞ്ഞൂറോളം പേർ വരുന്ന യാത്രക്കാരുമായി തായ്‌വാനിലെ ഒരു തുരങ്കത്തിലാണ് ട്രെയിൻ പാളം തെറ്റിയത്. 48 ഓളം പേർ മരണപ്പെട്ടെന്നാണ് പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന 200 ഓളം പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ തായ്‌പേയിൽ നിന്ന് ടൈറ്റുങിലേക്കുള്ള യാത്രയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.
ട്രെയിൻ തിങ്ങിനിറഞ്ഞ് ആൾക്കാർ ഉണ്ടായിരുന്നതിനാൽ പലരും നിൽക്കുകയായിരുന്നു ഇത് അപകടത്തിൻെറ വ്യാപ്തി കൂടാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. തായ്‌വാനിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഇന്ന് നടന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രസിഡന്റ് സായ് ഇംഗ്-വെൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ തായ്‌വാനിൽ നടന്ന ട്രെയിനപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും യുകെയുടെ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അടുത്ത മാസം മുതൽ തന്നെ വാക്സിൻ പാസ്പോർട്ട് സംവിധാനം നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ. തുടക്കത്തിൽ തിയേറ്ററുകളിലും സ്റ്റേഡിയങ്ങളിലും ആയിരിക്കും ഈ സംവിധാനം നടപ്പിലാക്കുക. പിന്നീട് ഇതു പബ്ബുകളിലേക്കും, റസ്റ്റോറന്റ്, നൈറ്റ് ക്ലബ് മുതലായ സ്ഥലങ്ങളിലും നടപ്പിലാക്കും. ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് വിരൽത്തുമ്പിൽ ലഭിക്കുക എന്നതാണ് വാക്സിൻ പാസ്പോർട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും, അതോടൊപ്പം തന്നെ സ്റ്റേഡിയങ്ങൾ, റസ്റ്റോറന്റുകൾ മുതലായവയിലേക്കുള്ള എൻട്രിക്കും സഹായകമാകും. എന്നാൽ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായിരിക്കുന്നത്. എഴുപത്തിരണ്ടോളം എംപിമാരാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ജനങ്ങളിൽ വിവേചനത്തിന് ഇടയാക്കുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഇതോടൊപ്പംതന്നെ ജൂൺ 21 മുതൽ നിയന്ത്രണങ്ങൾ എല്ലാം അവസാനിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും, വാക്സിൻ പാസ്പോർട്ട് സ്കീമിനെ അനുസരിച്ചായിരിക്കും എന്നുള്ളത് വിവാദങ്ങൾക്ക് വീണ്ടും വഴിവയ്ക്കുന്നു.
വാക്സിൻ പാസ്പോർട്ട് സംവിധാനം ബിസിനസ് ചെയ്യുന്നവർക്കും, കസ്റ്റമേഴ്സിനും കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ യാത്രകൾക്ക് വാക്സിൻ പാസ്പോർട്ടുകൾ ഇനിമുതൽ നിർബന്ധമാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 50 വയസ്സിന് മുകളിലുള്ളവരിൽ 93 ശതമാനത്തോളം വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ ഈസ്റ്റർ കാലത്ത് ജനങ്ങൾ ജാഗ്രത കൂടുതൽ പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുന്നുണ്ട്.
പുതിയ സ്കീമിലൂടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് ഫോണിലൂടെ അറിയാൻ സാധിക്കും. ഇതിനായി എൻഎച്ച്എസ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുകയാണ്. എല്ലാവരും ഇത് അംഗീകരിക്കണമെന്നും, ഇനിയുള്ള വിദേശ യാത്രകൾക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സഹപ്രവർത്തകരെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തുകയോ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് വർഷത്തിലേറെയായി വാദങ്ങൾ നടന്നുവരികയാണ്. സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും കൃത്യമായ നിയമം നടപ്പിലായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡന ആരോപണങ്ങളെല്ലാം ഗൗരവമായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പ് ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കും പ്രതിയുമായി ബന്ധം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അവർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നു.
അതോടെ ഇരുവരും ചേർന്ന് 2017 ൽ ശാരീരികവും ലൈംഗികവുമായ ആക്രമണ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഉദ്യോഗസ്ഥൻ ഇത് നിരസിച്ചു. എസെക്സ് പോലീസിന്റെ അന്വേഷണത്തിന് ശേഷം, ക്രൗൺ പ്രോസിക്യൂഷൻ സർവീസ് 2019 ൽ കേസ് വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞു. എസെക്സ് പോലീസ് തന്റെ എല്ലാ ആരോപണങ്ങളും ഏറ്റെടുത്തില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്ത്രീകളിലൊരാൾ വെളിപ്പെടുത്തി. വളരെ നീണ്ട അന്വേഷണം നടത്തിയെങ്കിലും അതിൽ മെച്ചപ്പെടേണ്ട പല മേഖലകളുമുണ്ടായിരുന്നുവെന്ന് എസെക്സ് പോലീസ് പറഞ്ഞു.
ആരോപണങ്ങളുടെ സ്വഭാവവും സ്ത്രീകളും ഉദ്യോഗസ്ഥനും തമ്മിലുള്ള വളരെ കുറച്ചു നാളത്തെ ബന്ധവും കണക്കിലെടുത്താണ് പുരുഷ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ 2020 ൽ ക്രിമിനൽ ഇൻജുറി കോമ്പൻസേഷൻ അതോറിറ്റി (സിഐസിഎ) സ്ത്രീകളിൽ ഒരാൾക്ക് 17,100 പൗണ്ടും മറ്റേയാൾക്ക് 11,600 പൗണ്ടും നൽകി. ഇരുവരും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നെന്ന് പോലീസ് തെളിവുകൾ സൂചിപ്പിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ബലാൽസംഗക്കേസിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ വിചാരണ നേരിടേണ്ടിവരുമെന്ന് സി.ഐ.സി.എയുടെ കണ്ടെത്തലിന് ഒരു വർഷത്തിനുശേഷം മെറ്റ് പോലീസ് പറഞ്ഞു. ഗാർഹിക പീഡന ആരോപണങ്ങളെല്ലാം ഞങ്ങൾ വളരെ ഗൗരവമായി കാണുന്നുവെന്നും ഈ കേസിന്റെ മുഴുവൻ സാഹചര്യങ്ങളും ഒരു ഹിയറിംഗിൽ പരിഗണിക്കേണ്ടത് ആവശ്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പൊതുജന അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മെറ്റ് പോലീസ് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്ലിൻ സ്റ്റില്ലോർഗനിലെ ടെസ്‌കോ ഷോപ്പിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ ആൾക്ക് മലയാളി നേഴ്സ് റീനാ വർഗീസിൻെറ സമയോചിത ഇടപെടൽ രക്ഷയായി. ടെസ്‌കോയിൽ കുഴഞ്ഞു വീണ 60 – കാരനെ സഹായിക്കാൻ റീനയും ഒപ്പം ഐറിഷ്‌കാരിയായ നഴ്‌സും ചേർന്നു പരിശോധിച്ചു വേണ്ട പരിചരണം നൽകി . തുടർന്ന് കുഴഞ്ഞു വീണ രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു ശരീരം നീലനിറം ആയതിനെ തുടർന്ന് രണ്ടു നഴ്സുമാർ ചേർന്ന് 4 മിനിറ്റിലധികം സി.പി.ആർ കൊടുക്കുകയും, രോഗിയുടെ ഓക്സിജൻ അളവ് കൂട്ടാനും സ്വയം ശ്വാസം എടുക്കുന്ന അവസ്ഥയിലും എത്തിച്ചു. പിന്നീട് ആംബുലൻസ് എത്തി രോഗിയെ കൊണ്ട് പോയി.
ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്യുന്ന റീനയുടെ വിവരങ്ങൾ അന്വേഷിച്ചു ഇമെയിലിലൂടെ ആശുപത്രി അധികൃതർ അഭിനന്ദനം അറിയിച്ചു.
അയർലണ്ടിൽ വരുന്നതിന് മുമ്പ് ബഹ്‌റൈനിൽ ഹെൽത്ത് മിനിസ്ട്രിയിൽ 16 വർഷത്തോളം ജോലി ചെയ്തിരുന്ന റീന രണ്ടു തവണ വിമാനത്തിൽ ഗുരുതരമായ രോഗിയ്ക്ക് പരിചരണം കൊടുത്ത് ജീവൻ രക്ഷിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്റ്റില്ലോർഗനിൽ താമസിക്കുന്ന റീനാ വർഗീസ് , പത്തനംതിട്ട ചെങ്ങറ സ്വദേശിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയെ ചെറുത്തുനിൽക്കാൻ മുൻനിര ഡോക്ടർമാരിൽ ഒരാളായി പ്രവേശിച്ച നിത്യയെന്ന ഡോക്ടറുടെ കഥ അല്പം വ്യത്യസ്തമാണ്. അയർലൻഡിൽ പഠിച്ചിട്ടില്ല എന്ന കാരണം കൊണ്ട് പലയിടത്തും പിന്നോട്ടടിക്കപ്പെട്ടതിന്റെ വേദന അവളുടെ വാക്കുകളിൽ സ്ഫുരിക്കുന്നു.
2017 ൽ കോ സ്ലിഗോയിൽ ആദ്യമായി വന്നിറങ്ങിയപ്പോൾ ഫിലിപ്പീൻകാരിയാണോ എന്ന ചോദ്യമാണ് ആദ്യം വരവേറ്റത്. ഇന്ത്യയിൽ നിന്ന് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യാനാണ് താൻ എത്തിയിരിക്കുന്നത് എന്നറിഞ്ഞപ്പോൾ കേട്ടവരെല്ലാം അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് യുകെയിലേക്കും അയർലൻഡിലേയ്ക്കുമുള്ള വർക്ക് പെർമിറ്റ് സംഘടിപ്പിച്ചത്. ആദ്യം വന്ന പരീക്ഷ ഐറിഷ് ആയതുകൊണ്ട് താൻ ഇവിടെ എത്തി എന്ന് നിത്യ വിശ്വസിക്കുന്നു. നിത്യ ജനിച്ചത് തമിഴ്നാട്ടിലാണ്. വൈദ്യ പഠനത്തിനു ശേഷം ആറ് ദിവസം എങ്കിലും ജോലി ചെയ്യണമായിരുന്നു. അതും ആഴ്ചയിൽ രണ്ട് ദിവസം നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ. പിന്നീട് മെഡിക്കൽ ജനറ്റിക്സിൽ ഉപരിപഠനം നടത്താൻ ആയി ഗ്ലാസ്ഗോയിലെത്തി. സ്കോട്ട്‌ലൻഡിലെത്തി കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ലിനിക്കൽ ജോലിയിലേക്ക് തന്നെ തിരിയുന്നതാണ് എന്ന് മനസ്സിലാക്കിയ നിത്യ തിരിച്ചു ചെന്നൈയിലെത്തി രണ്ടര വർഷം പ്രാക്ടീസ് തുടർന്നു.
എന്നാൽ താൻ ചെന്നൈയിൽ നടത്തിയ ഇന്റേൺഷിപ് അയർലൻഡിൽ ജോലിയിൽ പ്രവേശിക്കാൻ തടസ്സമാകുമെന്ന് നിത്യ അറിഞ്ഞിരുന്നില്ല. ഒടുവിൽ വെസ്റ്റ് അയർലൻഡ് സ്റ്റാമ്പ് ഫോർ വിസയ്ക്ക് ബ്യൂമൗണ്ട് ആശുപത്രിയിൽ ജോലിക്ക് കയറി. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവിടുത്തെ പ്രവർത്തനരീതികൾ. പക്ഷേ ആ ജോലിയാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നിത്യ കരുതുന്നുണ്ട്. 9 മാസത്തെ ജോലിക്ക് ശേഷം ടല്ലാട്ട് ആശുപത്രിയിൽ രജിസ്ട്രാർ ആയി ജോലിക്ക് കയറി. ബസിലും മറ്റുമായി ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ദിവസവും ജോലി സ്ഥലത്തെത്തിയിരുന്നത്. വിചാരിച്ചതിനേക്കാൾ കടുപ്പം ആയിരുന്നു ജോലി. എല്ലാവരും കരുതിയത് താൻ നിർത്തി പോകുമെന്നാണ്. എന്നാൽ ആറുമാസം കാലാവധി പൂർത്തിയാക്കിയതോടെ അത് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലിക്ക് കയറാൻ കഴിഞ്ഞു. ആ സമയത്താണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ രോഗം പടരുന്നതായി അറിഞ്ഞു. ഏകദേശം അതേ സമയം തന്നെയാണ് അമ്മയും അനന്തരവനും തനിക്കൊപ്പം സമയം ചെലവഴിക്കാൻ ഇന്ത്യയിൽനിന്ന് എത്തിയത്. ഒരു വർഷത്തോളം ഇരുവരും തനിക്കൊപ്പം കുടുങ്ങിപ്പോയി. ഓരോ തവണയും ആശുപത്രിയിൽനിന്ന് തിരിച്ചെത്തുമ്പോൾ ഒരു വയസ്സുള്ള കുഞ്ഞിനും 60 വയസ്സുള്ള അമ്മയ്ക്കും രോഗം താൻ പകർന്നു നൽകുമോ എന്ന ചിന്തയിലായിരുന്നു. ഓരോ വട്ടം ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തുമ്പോഴും അമ്മ തന്നെ അണുനശീകരണം ചെയ്തു. കോവിഡ് അവാർഡുകളിൽ തുടർച്ചയായി മണിക്കൂറുകൾ ജോലി ചെയ്തു. ഒരു പരിഭവവും ഉണ്ടായിരുന്നില്ല. എന്നാൽ, പ്രോട്ടോകോൾ പ്രകാരം താൻ എല്ലാ സഹപ്രവർത്തകരേക്കാളും താഴെ ആണെന്ന് മനസ്സിലായി. എന്തിന് അപേക്ഷിച്ചാലും ഏറ്റവുമൊടുവിൽ ആവും പരിഗണിക്കപ്പെടുക.
ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് തനിക്ക് ഒരു വിവേചനവും നേരിടേണ്ടിവന്നിട്ടില്ല നിത്യ പറയുന്നു. പക്ഷേ നിയമം സ്വദേശികൾക്കും, രാജ്യത്ത് നിന്നും നിയമം പഠിച്ചവർക്കും, സ്വദേശികളെ വിവാഹം കഴിച്ചവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ഒടുവിൽ എല്ലാം മതിയാക്കി തിരിച്ചു പോകാൻ നിത്യ തീരുമാനിച്ചു. 32 വയസ്സുണ്ട് എന്താണ് നേടിയത് എന്ന ചോദ്യത്തിന് ചിലനേരം ഉത്തരമില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെക്കാളെല്ലാം ബ്രിട്ടനിൽ കോവിഡ് കേസുകളിൽ വൻകുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചയിൽ തന്നെ 28 % കുറവാണ് കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ രീതിയിലുള്ള വാക്സിൻ വിതരണമാണ് ബ്രിട്ടന്റെ ഈ വിജയത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഫ്രാൻസിൽ ആഴ്ചയിൽ ഉള്ള കേസുകളുടെ എണ്ണം ബ്രിട്ടനെക്കാളും എട്ട് ഇരട്ടിയാണ്. ജർമ്മനിയിൽ മാർച്ച് മുപ്പതാം തീയതി മാത്രം 23,681 കേസുകളാണ് രേഖപ്പെടുത്തിയത്.
ബ്രിട്ടനിൽ ഇനിയും വാക്സിൻ സ്വീകരിക്കാനുള്ള യുവാക്കളും, 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഉടൻതന്നെ സ്വീകരിക്കണമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് അറിയിച്ചു. ഏകദേശം 4.1 മില്യൻ ആളുകളാണ് ഇതുവരെ യുകെയിൽ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞത്. ആളുകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന കർശനനിർദേശം ആരോഗ്യവകുപ്പ് നൽകുന്നു. ബ്രിട്ടനിൽ ഇന്നലെ 4052 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ ബ്രിട്ടനിൽ കൂടുതൽ ഇളവുകൾക്കായുള്ള ആവശ്യങ്ങൾ ശക്തമാണ്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ ഗവൺമെന്റ് ഒരു തീരുമാനം അറിയിച്ചിട്ടില്ല. ഇതിനിടയിൽ ജർമ്മനി അസ്ട്രസെനേക്കയുടെ വാക്സിൻ നിരോധിച്ചതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമായി നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. എന്നാൽ ബ്രിട്ടണിൽ ഫലപ്രദമായ വാക്സിൻ വിതരണം കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ വേനൽക്കാലത്തെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയോഗിച്ച ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ റേസ് ആൻഡ് എത്‌നിക് ഡിസ്പെരിറ്റീസ്, ബ്രിട്ടനിലെ അസമത്വത്തെക്കുറിച്ച് 264 പേജുള്ള റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ദൈർഘ്യമേറിയ സ്കൂൾ ദിവസങ്ങൾ, ബ്ലാക്ക്,ഏഷ്യൻ, ന്യൂനപക്ഷ വംശജർ തുടങ്ങിയവ റിപ്പോർട്ടിന്റെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു. വംശീയ അസമത്വം കുറയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം എന്ന് അവർ വിലയിരുത്തി. വംശത്തിനും വർഗ്ഗീയതയ്ക്കും ചുറ്റുമുള്ള പ്രശ്‌നങ്ങൾക്ക് പ്രാധാന്യം കുറയുന്നുവെന്നും ചില സന്ദർഭങ്ങളിൽ, അസമത്വം വിശദീകരിക്കുന്നതിൽ അവ ഒരു പ്രധാന ഘടകമല്ലയെന്നും പറയുന്നു. പല വംശീയ സമുദായങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസത്തിൽ തദ്ദേശീയരായ വിദ്യാർത്ഥികളേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഇവരുടെ ഈ ഉയർന്ന നേട്ടം കൂടുതൽ മികച്ചതും വ്യത്യസ്തവുമായ ജോലിയിടങ്ങൾ സൃഷ്ടിക്കുകയാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈയിൽ ജോർജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വ്യാപകമായ പ്രകടനങ്ങളെത്തുടർന്നാണ് ഒരു കമ്മീഷൻ രൂപീകരിക്കാൻ ജോൺസൻ തീരുമാനിച്ചത്. കമ്മീഷനിലെ 10 അംഗങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, നീതിന്യായ വ്യവസ്ഥ, ആരോഗ്യം എന്നിവയിലെ വംശീയ അസമത്വം പരിശോധിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി സംസാരിച്ച കമ്മീഷൻ ചെയർ ടോണി സെവെൽ, “സ്ഥാപനപരമായ വംശീയത” യ്ക്ക് ബ്രിട്ടനിൽ തെളിവുകളൊന്നുമില്ലെങ്കിലും പല മുൻവിധികളും നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി. “വംശീയത നിലവിലില്ലെന്ന് ആരും പറയുന്നില്ല. അത് നിലനിൽക്കുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ റിപ്പോർട്ടിൽ പുരോഗതിയുടെ ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും എന്നാൽ നടപടി ആവശ്യമുള്ള ചില “അസ്വസ്ഥജനകമായ ഇടങ്ങൾ” എടുത്തുകാണിക്കുന്നുവെന്നും വോയ്‌സ് 4 ചേഞ്ച് ഇംഗ്ലണ്ടിന്റെ ഡയറക്ടറും കമ്മീഷന്റെ സഹ-അംഗവുമായ കുൻലെ ഒലുലോഡ് പറഞ്ഞു. “പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് മുമ്പ് ആളുകൾ മുഴുവൻ റിപ്പോർട്ടും വായിക്കേണ്ടതുണ്ട്.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വംശീയ ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ ഈ രാജ്യത്ത് ഗുരുതരമായ അസമത്വങ്ങൾ നിലനിൽക്കുന്നുവെന്ന് ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു.