Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസ് ലോകത്ത് പടർന്നുപിടിച്ച് ഒരുവർഷം തികഞ്ഞപ്പോൾ തന്നെ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സാധിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. കൊവിഡ് വാക്സിൻ ഒരു ഡോസ് കുത്തിവെയ്പ്പ് ലഭിച്ചതു മൂലം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിരോധകുത്തിവെയ്പ്പുകൾ കാരണം 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഗുരുതര രോഗസാധ്യത 80 ശതമാനമായി കുറഞ്ഞതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ അവലോകനത്തിൽ കണ്ടെത്തി. ഒരു ഡോസ് കൊണ്ടുതന്നെ പ്രതിരോധശേഷി ശരീരത്തിന് ലഭ്യമാകുമെങ്കിലും മികച്ച സംരക്ഷണത്തിന് രണ്ടു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ലോകത്ത് തന്നെ ആദ്യം പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം നടത്തിയ രാജ്യമാണ് യുകെ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകിയും രോഗവ്യാപനതോതും മരണനിരക്കും പിടിച്ചുനിർത്താൻ രാജ്യത്തിനായി. എല്ലാ ദുഷ്പ്രചാരണങ്ങളുടെയും മുനയൊടിച്ചു കൊണ്ട് 20 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഇതുവരെ പ്രതിരോധകുത്തിവെയ്പ്പ് രാജ്യത്തിന് നൽകാനായി. ഇന്നലെ കൊറോണ വൈറസ് ബാധിച്ച് 104 പേരാണ് യുകെയിൽ മരണമടഞ്ഞത്. 5455 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എഡിൻബർഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരൻ മൂന്ന് ആഴ്ചയായി ആശുപത്രിയിൽ ആണെന്നത് വിൻസർ കൊട്ടാരത്തെ കനത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് 99 കാരനായ രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റേതോ അവയവത്തെ ബാധിച്ച ഇൻഫെക്ഷൻ ഹൃദയത്തെ കൂടി സാരമായി ബാധിക്കുകയായിരുന്നു എന്നാണ് വിവരം. ആറ് ആഴ്ചയോളം ചികിത്സ വേണ്ടിവന്നേക്കാം.

സെൻട്രൽ ലണ്ടനിലെ പ്രൈവറ്റ് കിംഗ് എഡ്വാർഡ് 7 ഹോസ്പിറ്റലിൽ നിന്ന് രാവിലെ 11 മണിയോടെ സെന്റ് പോൾ കത്തീഡ്രലിന് അടുത്തുള്ള ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ആശുപത്രിയായ സെന്റ് ബാർത്തലോമിവി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ട്രെച്ചറിൽ കയറ്റി ആംബുലൻസിലേക്ക് കടത്തുമ്പോൾ പ്രഭുവിന്റെ സ്വകാര്യത മാനിച്ച് ഉദ്യോഗസ്ഥർ മുകൾ വശത്തായി കുട നിവർത്തി പിടിച്ചിരുന്നു.

പ്രഭുവിന്റെ കുടുംബവും ഉദ്യോഗസ്ഥ വൃന്ദവും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്ന് രാജകൊട്ടാരത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണ മഹാമാരി തുടങ്ങി 11 മാസത്തിന് ശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന പ്രഭു പൊതുവേ ആരോഗ്യവാനാണ്. ഒരു ദിവസത്തിനുള്ളിൽ തിരികെ വീട്ടിൽ എത്താം എന്നായിരുന്നു പ്രതീക്ഷ എങ്കിലും നാല് മുതൽ ആറ് ആഴ്ച വരെ ചികിത്സയ്ക്ക് വേണ്ടി വന്നേക്കാം. “അദ്ദേഹം ഉടൻ സുഖം പ്രാപിക്കും എന്നാണ് പ്രതീക്ഷ” പ്രഭുവിന്റെ ചുമതലയുള്ള ഡോക്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിൻ മറ്റു പല രോഗങ്ങൾക്കും ഉപകാരപ്രദമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. കാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രീയയ്ക്ക് ശേഷം ഗുരുതരമായ അണുബാധ നേരിട്ട ജോവാൻ വേക്ക്ഫീൽഡിന് അസ്ട്രസെനെക്കയുടെ വാക്സിൻ ലഭിച്ച ശേഷം തൻെറ വേദനയുടെ കാഠിന്യം കുറഞ്ഞതായി സാക്ഷ്യപ്പെടുത്തി . ഒരു വൈറസിനെ പ്രതിരോധിക്കാൻ രൂപകല്പന ചെയ്ത വാക്സിൻ മറ്റു രോഗാവസ്ഥകൾക്ക് പരിഹാരമാണെന്ന് പറയുന്നത് പരിഹാസ്യമായി തോന്നിയേക്കാം. എന്നാൽ ജോവാൻ വേക്ക്ഫീൽഡിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായി മറ്റു പല രോഗാവസ്ഥകൾക്കും സാരമായ കുറവ് കോവിഡ് വാക്സിൻ എടുത്തതിന് ശേഷം ഉണ്ടായി എന്ന റിപ്പോർട്ടുകൾ പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്.

എന്നാൽ ഇത് കോവിഡ് വാക്സിന്റെ മാത്രം പ്രത്യേകതയല്ല എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. 1970-ൽ റഷ്യൻ ശാസ്ത്രജ്ഞർ പോളിയോയ്ക്കെതിരായ വാക്‌സിൻ നടത്തിയത് ഫ്ലൂ, മറ്റ് അണുബാധ എന്നിവയിൽ നിന്നുള്ള മരണത്തെ 80% വരെ കുറച്ചതായി കണ്ടെത്തിയിരുന്നു. ബി.സി.ജി വാക്സിൻ മുത്രാശയ ക്യാൻസർ ചികിത്സയ്ക്ക് രോഗ പ്രതിരോധ സംവിധാനത്തെ സഹായിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ രീതിയിൽ ചികിത്സ സ്വീകരിക്കുന്ന ക്യാൻസർ രോഗികൾക്ക് അൽഷിമേഷ്യസ് വരാനുള്ള സാധ്യത കുറവാണെന്ന് അടുത്തിടെ ഇസ്രായേലിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു.വാക്സിനേഷന് പൊതുവേ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്.

പ്ലീമൗത്ത്: യുകെ മലയാളികളെ ഇതുവരെ തേടിയെത്തിയത് കോവിഡ് മൂലമുള്ള മരണങ്ങൾ ആയിരുന്നു എങ്കിൽ ഇന്നലെ നടന്നത് ഏവരെയും ദുഃഖത്തിലാക്കിയ ഒരു അപകടമരണമാണ്. ഇന്നലെ പ്ലീമൗത്തില്‍ കടല്‍ തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന കുടുംബാംഗത്തെ.  കടലിൽ നീന്താൻ ഇറങ്ങിയ രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ പെട്ട് മരിച്ചത്.  പ്ലീമൗത്ത് NHS ആശുപത്രിയിലെ മെഡിക്കൽ ഇമേജിങ് ടെക്നോളോജിസ്റ് ആയി ജോലി ചെയ്യുന്ന രാകേഷ് ഗള്‍ഫില്‍ നിന്നും ആണ് യുകെയിൽ എത്തിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞു  1:35 ന് ആണ് സംഭവം ഉണ്ടാകുന്നത്. അത്യഹിത വിഭാഗത്തിൽ (999)  ലഭിച്ച ഫോണിനെ തുടർന്ന് മറൈൻ യൂണിറ്റ്, സൗത്ത് വെസ്റ്റ് ആബുലൻസ് സർവീസ്, പ്ലീമൗത്ത് കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ സഹായത്തിനായി സംഭവസ്ഥലത്തു എത്തി. ഏത്‌ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലൈഫ് ബോട്ടുകൾ മിൽബേ മറിന വില്ലേജിൽ  നിന്നും പുറപ്പെടുകയും രാകേഷിനെ കണ്ടെത്തുകയും ആയിരുന്നു. എങ്കിലും രാകേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ രാകേഷിനെ കണ്ടെത്താൻ എത്ര സമയം വേണ്ടിവന്നു എന്ന കാര്യം വ്യക്തമല്ല. പ്ലീമൗത്ത് കോസ്റ്റ് ഗാർഡിലെ പന്ത്രണ്ടോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

നാട്ടില്‍ നിന്നും ബ്രിസ്റ്റോളില്‍ ഉള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് പ്ലീമൗത്തിലെ മലയാളികൾ വിവരം അറിയുന്നത്. ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലില്‍ അടക്കം രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷ്.

ഇന്നലത്തെ നല്ല കാലാവസ്ഥയിൽ പുറത്തിങ്ങിയ രാഗേഷിന് അപകടം സംഭവിച്ചതോടെ കടൽ തീരത്തു പോകുന്നവർക്കായി മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും തീരദേശ സേന ഓർമ്മപ്പെടുത്തുന്നു. തണുപ്പുള്ള വെള്ളത്തിലെ നീന്തൽ ത്രില്ലിംഗ് ആണെങ്കിലും അപകടമുക്തമല്ല എന്ന് അവർ ഓർമ്മിപ്പിക്കുന്നു. അതുപോലെ എപ്പോഴും കൂട്ടുകാർ അടുത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. കടലിലെ തണുത്ത വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് വേണ്ട ഉപദേശം സ്വീകരിക്കേണ്ട ആവശ്യകതയും അവർ സൂചിപ്പിക്കുന്നു. ഇതിനെല്ലാം ഉള്ള സംവിധാനങ്ങൾ യുകെയിൽ ഉണ്ട് നാം അറിയുകയും കൂട്ടുകാർക്കായി പങ്കുവെക്കുകയും ചെയ്യുക. ഒരുപാടു മലയാളികൾ ഇപ്പോൾ യുകെയിൽ എത്തുന്നതുകൊണ്ട് എല്ലാവരും വേണ്ട മുൻകരുതലുകൾ എടുക്കുക.

അകാലത്തിൽ രാകേഷിനുണ്ടായ മരണത്തിൽ ദുഃഖാർത്ഥരായ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച ബ്രസീലിയൻ കൊറോണ വൈറസിന്റെ ആറ് കേസുകൾ ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും കണ്ടെത്തി. ബ്രസീലിൽ നിന്ന് പാരീസ്, ലണ്ടൻ വഴി ആബർ‌ഡീനിലേക്ക് യാത്ര ചെയ്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ഒരു വീട്ടിൽ നിന്നാണ് ഇംഗ്ലണ്ടിലെ രണ്ട് കേസുകൾ കണ്ടെത്തിയതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ രോഗം പിടിപെട്ട ആറാമത്തെ വ്യക്തിയെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്ത് എവിടെയും ആയിരിക്കാമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ സമ്മതിച്ചു. വടക്കൻ ബ്രസീലിലെ ആമസോണസിലെ മനാസിൽ നിന്നുള്ള വകഭേദം യുകെയിലും പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കെന്റിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഉയർന്ന രോഗവ്യാപന സാധ്യതയുള്ള വൈറസിന് സമാനമായ സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷനാണ് P.1 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിനുമുള്ളത്.

വൈറസ് കൂടുതൽ അപകടകരമാണെന്ന് തോന്നുന്നില്ലെങ്കിലും, വേഗത്തിൽ പടരാനും കൂടുതൽ കേസുകൾ ഉണ്ടാക്കാനുമുള്ള സാധ്യത ഉയർന്ന മരണനിരക്കിന് കാരണമാകും. രോഗം ബാധിച്ച വ്യക്തി ആരാണെന്നോ എവിടെയാണ് പരിശോധന നടത്തിയതെന്നോ തങ്ങൾക്ക് അറിയില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രി സമ്മതിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയത്. ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സീനുകൾക്ക് സാധിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ഫെബ്രുവരി 10 ന് ബ്രസീലിൽ നിന്ന് മടങ്ങി ലണ്ടനിലെത്തിയ ഒരു വ്യക്തിയിൽ നിന്നാണ് ഗ്ലൗസെസ്റ്റർഷയർ ക്ലസ്റ്റർ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി 12 അല്ലെങ്കിൽ 13 തീയതികളിൽ പരിശോധന നടത്തിയവരോ ഫലം ലഭിക്കാത്തവരോ അപൂർണ്ണമായ ടെസ്റ്റ് രജിസ്ട്രേഷൻ കാർഡുള്ളവരോ ഉടനടി മുന്നോട്ട് വരാൻ ആവശ്യപ്പെട്ട് ആരോഗ്യ ഉദ്യോഗസ്ഥർ ഒരു അപ്പീൽ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പു കൊണ്ടുതന്നെ കൊറോണ വൈറസിൽ നിന്ന് 90 ശതമാനം സംരക്ഷണം ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ലഭിച്ച ആൾക്കാരെയും ഇതുവരെ വാക്‌സിൻ ലഭിക്കാത്ത സമാനമായ പ്രായത്തിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത് . ഇതോടൊപ്പം തന്നെ വൈറസ് ബാധിക്കുന്നത് തടയുന്നതിൽ ഫൈസർ വാക്സിനേക്കാൾ ഫലപ്രദമാണ് ഓക്സ്ഫോർഡ് വാക്സിൻ എന്നാണ് പഠനത്തിലെ കണ്ടെത്തൽ.

യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 20 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകി കഴിഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 20,089,551 പേർക്കാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചത്. രണ്ടാമത്തെ ഡോസ് ലഭിച്ചവരുടെ എണ്ണം 796,132 ആണ് . ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കോട്ടിഷ് ലേബർ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് അനസ് സർവർ ചുമതലയേറ്റു. ആദ്യമായാണ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 57.6 ശതമാനം വോട്ടാണ് അനസിനു ലഭിച്ചത്. എതിരാളിയായിരുന്ന മോണിക്ക ലെന്നോനു 42.4 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. ജനുവരിയിൽ റിച്ചാർഡ് ലിയോനർഡ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിലേക്കു പാർട്ടിയെ ഉയർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുകെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ അനസിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയും അദ്ദേഹം അറിയിച്ചു. തുല്യതയുള്ള യജ്ഞത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാൾ നേതാവായിരിക്കുന്നത് വളരെയധികം പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ഫസ്റ്റ് മിനിസ്റ്റർ നിക്കൊള സ്റ്റാർജിയോണും ആശംസകൾ അറിയിച്ചു. സ്കോട്ടിഷ് ലേബർ പാർട്ടിയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം ആണെന്ന് ഷാഡോ ഫോറിൻ സെക്രട്ടറി ലിസ നാണ്ടി അറിയിച്ചു.

സ്വന്തം ലേഖകൻ

രാജ്യത്തെ തന്നെ ഏറ്റവും ആരോഗ്യകരമായ സ്ഥലമായി വോക്കിംഗ്ഹാമിനെയും ഏറ്റവും അനാരോഗ്യകരമായ സ്ഥലമായി ബ്ലാക്ക്പൂളിനെയും തെരഞ്ഞെടുത്ത് ആദ്യ ഔദ്യോഗിക ഹെൽത്ത് ഇൻഡക്സ് പ്രസിദ്ധപ്പെടുത്തി. വോക്കിംഗ്ഹാം ഉൾപ്പെടുന്ന ബെർക്ക്‌ഷെയർ ടൗൺ 110 സ്കോറോടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചപ്പോൾ വെറും 86 സ്കോർ മാത്രമാണ് ബ്ലാക്ക്പൂൾ നേടിയത്.

ഡിമൻഷ്യ, ക്യാൻസർ, മദ്യ ദുരുപയോഗം, അമിതവണ്ണം എന്നീ ആരോഗ്യ ഘടകങ്ങൾ കണക്കിലെടുത്താണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ ലെയ്ൻ ക്ലാർക്ക് & പീകോക്കും സ്കോറുകൾ ഓരോ സ്ഥലങ്ങൾക്കും നൽകിയത്. ഇത് ലോകത്തിലെ തന്നെ ഈ രീതിയിലുള്ള ആദ്യ ആരോഗ്യ ഇൻഡക്സ് ആണ്.

കണക്കുകളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളിൽ ആരോഗ്യകരമായ സ്കോറുകൾ ഉള്ളത് ജനങ്ങളുടെ ജീവിതശൈലി കൊണ്ടാണെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാൽ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിൽ ആളുകളിൽ കായികക്ഷമതയ്ക്കും ആരോഗ്യകരമായ ഭക്ഷണത്തിനും മോശമായ നിരക്കാണ് കണ്ടെത്തിയതെങ്കിലും ഇവിടുള്ളവരിൽ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ ഡിപ്രഷൻ ആൻഡ് ഡിമൻഷ്യ നിരക്കാണ് ഉള്ളത്. ഇതുപോലെതന്നെ ഈസ്റ്റ് യോർക്ക്ഷെയറിൽ ഉയർന്ന ക്യാൻസർ, ബ്ലഡ് പ്രഷർ നിരക്കുകൾ ഉണ്ടെങ്കിലും വ്യക്തിഗത മനസികാരോഗ്യത്തിന് ഉയർന്ന സ്കോറാണ് ലഭിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് രോഗം പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന, 2021 ലെ ബജറ്റ് മാർച്ച് മൂന്നിന് ചാൻസലർ റിഷി സുനക് അവതരിപ്പിക്കും. നിരവധി ചർച്ചകളാണ് ബജറ്റിനെ സംബന്ധിച്ച് പൊതു മാധ്യമങ്ങളിലും മറ്റും നടക്കുന്നത്. പ്രതിസന്ധിയിൽ ആയിരിക്കുന്ന രാജ്യത്തെ കരകയറ്റാൻ ഉതകുന്ന പല പദ്ധതികളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ചെറിയതോതിൽ ഡിപ്പോസിറ്റുകൾ ഉള്ളവർക്കും ഭവനങ്ങൾ വാങ്ങിക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യമായി ഭവനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതി വളരെയധികം സഹായം ചെയ്യും. 5 ശതമാനം മോർട്ട്ഗേജ് വിഹിതത്തിൽ  വീട് വാങ്ങാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മുതൽ ഈ പദ്ധതി നിർത്തലാക്കിയിരുന്നു . ഗവൺമെന്റും ഇത്തരത്തിലുള്ള കൂടുതൽ ലോണുകൾ ജനങ്ങൾക്ക് നൽകും. ആറ് ലക്ഷം പൗണ്ട് വരെയുള്ള ഭവനങ്ങളും മറ്റും വാങ്ങുന്നതിനാണ് ഈ പദ്ധതി ലഭ്യമാകുന്നത്.

കൊറോണ പ്രതിസന്ധിയിൽ നടപ്പിലാക്കിയ പദ്ധതികളെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത്തരം പദ്ധതികൾ തൊഴിലില്ലായ്മ അനുഭവിച്ച നിരവധി പേർക്ക് സഹായം ആകുകയാണ് ചെയ്തത്. എന്നാൽ ചുരുക്കം ചിലർ ഇതിനെ ടാക്സിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു മാർഗമായും ഉപയോഗിച്ചു. ഇവർക്കെതിരെ കർശന നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനിഷിപ്പ് പ്രോഗ്രാമുകൾക്കായി 126 മില്യൻ പൗണ്ടോളം അനുവദിക്കുമെന്ന് റിഷി സുനക് നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടനിലെ കമ്പനികളിലേയ്ക്ക് പുറത്തുനിന്നുള്ള ഹൈലി സ്കിൽഡ് ആയ ജോലിക്കാരെ ആകർഷിക്കുന്നതിനായി ഫാസ്ട്രാക്ക് വിസകൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവും ബജറ്റിൽ ഉണ്ടാകും. ഇത്തരത്തിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ബജറ്റ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളുമെല്ലാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രതിദിന രോഗവ്യാപന നിരക്ക് അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ 7434 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒക്ടോബർ 2 -ന് രേഖപ്പെടുത്തിയ 6968 കേസുകൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപനമാണ് ഇന്നലത്തേത്. എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 2ന് ശേഷം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത കോവിഡ് രോഗികളുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ്.

ഇതിനിടെ മാർച്ച് 8 -ന് സ്കൂളുകൾ തുറക്കാനിരിക്കെ സ്കൂൾ കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ആഴ്ചയിൽ രണ്ട് പ്രാവശ്യം കോവിഡ് -19 ടെസ്റ്റ് നടത്താനുള്ള സുപ്രധാനമായ തീരുമാനം ഗവൺമെൻറ് എടുത്തുകഴിഞ്ഞു. കുട്ടികൾ സ്കൂളുകളിലേയ്ക്ക് മടങ്ങി എത്തുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗവ്യാപനത്തെ നിയന്ത്രിക്കാൻ ഈ നടപടിക്ക് സാധ്യമാകും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇന്നലെ മാത്രം 290 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതുൾപ്പെടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 122705 ആയി.

RECENT POSTS
Copyright © . All rights reserved